
പെണ്‍കുഞ്ഞുങ്ങള്‍
``അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന അനുമോദന വാര്‍ത്ത അറിയിച്ചാല്‍ അവന്‍ കോപാകുലനായി അവന്റെ മുഖം കറുത്ത് പോകുന്നതാണ്''. (സൂറത്തുന്നഹ്‌ല്-58)
ഒരു സമൂഹത്തിന്റെ വിശ്വാസപരവും സാമൂഹികവുമായ അധ:പതനത്തിന്റെ ചിത്രമാണ് നാമിവിടെ കാണുന്നത്. ജാഹിലിയ്യ കാലഘട്ടത്തിലെ അറബികള്‍ മലക്കുകളെ അല്ലാഹുവിന്റെ പെണ്‍മക്കളായിട്ടാണ് കരുതിയിരുന്നത്. അല്ലാഹുവിന് പെണ്‍മക്കളുണ്ടാക്കുന്നവര്‍ അവര്‍ക്ക് പെണ്‍മക്കള്‍ ഉണ്ടാകുന്നത് വെറുത്തിരുന്നു. അവര്‍ക്ക് വേണ്ടത് ആണ്‍മക്കളെയായിരുന്നു.
അല്ലാഹു പരിശുദ്ധനാണ്. ഇവരുടെ ആരോപണം ശുദ്ധ അസംബന്ധമാണ്. പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത വാസ്‌തവത്തില്‍ ശുഭവാര്‍ത്തയാണ് `നിങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു' എന്ന സന്തോഷവാര്‍ത്ത ജാഹിലിയ്യാ കാലത്തെ ഒരു അറബിയെ അറിയിച്ചാല്‍ അയാള്‍ ദു:ഖിതനാവുകയാണ് ചെയ്യുന്നത്. മനസ്സില്‍ നിരാശനിറയും. ദു:ഖം കൊണ്ട് മുഖം വാടിപ്പോകും. പെണ്‍കുഞ്ഞിന്റെ ജനനം അപമാനമായിട്ടാണവര്‍ കരുതിയത്. അപമാനം സഹിക്കവയ്യാതെ പിതാവ് ഓടിഒളിക്കും. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീയുടെ അവസ്ഥ ദയനീയം തന്നെ.
അറബികളുടെ പ്രധാനവരുമാനമാര്‍ഗ്ഗം കച്ചവടമായിരുന്നു. കച്ചവടയാത്രകള്‍ നടത്തിയിരുന്നത് പുരുഷന്മാരായിരുന്നു. പൗരസ്‌ത്യ-പാശ്ചാത്യ ലോകങ്ങളെ ബന്ധിപ്പിച്ചിരുന്നത് അറബി വ്യാപാരികളായിരുന്നു. തങ്ങള്‍ക്ക് പുത്രന്മാര്‍ ജനിച്ചാല്‍ അവര്‍ വ്യാപാരികളും കപ്പിത്താന്മാരുമൊക്കെയായിത്തീരുമെന്ന് പിതാക്കന്മാര്‍കരുതി. ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്റെ പ്രതീക്ഷ അതൊക്കെയായിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ ഭര്‍ത്താവ് കുപിതനായിത്തീരും. പിന്നെയെന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ല.ആധുനികലോകം അതേ സംസ്‌കാരത്തിലേക്കാണ് നീങ്ങുന്നത്. പെണ്‍കുഞ്ഞ് ജനിക്കുന്നതിനെ സമൂഹം ഭയപ്പെടുന്നു. മാതാവിന്റെ വയറ്റില്‍ വെച്ചുതന്നെ പെണ്‍ഭ്രൂണം നശിപ്പിക്കപ്പെടുന്നു. ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന് യന്ത്രോപകരണങ്ങളിലൂടെ മനസ്സിലാക്കി അതിനെ കൊന്നുകളയുന്നു. ഇതൊരു വ്യവസായം പോലെ വളര്‍ന്നിട്ടുണ്ട്. അബോര്‍ഷന്‍ സെന്ററുകള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗം!!! ആധുനികരുടെ കാഴ്‌ചപ്പാടും ജാഹിലിയ്യത്തിന്റെ കാഴ്‌ചപ്പാടും തമ്മിലെന്ത് വ്യത്യാസമാണുള്ളത്. ജാഹിലിയ്യത്തിനേക്കാള്‍ അധ:പതിക്കുകയാണ് ആധുനികലോകം.