നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 30 October 2015

നബി (സ്വ) ശൈശവം, ബാല്യം

നബി (സ്വ)

ശൈശവം, ബാല്യം

     പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളിലും അത്ഭുതങ്ങള്‍ക്കപ്പുറം അമാനുഷികത നിറഞ്ഞ്‌ നില്‍ക്കുന്നു. പ്രസവം, ശൈശവം, യുവത്വം എന്ന്‌ വേണ്ട പ്രവാചകജീവിതം കടന്നുപോയ മുഴുവന്‍ ഘട്ടങ്ങളിലും അസാധാരണത്വം നിലനില്‍ക്കുന്നു. ഇന്ന്‌ ചില മുസ്‌ലിം നാമധാരികള്‍ പറയുന്നത്‌ പോലെ നബി (സ്വ) മക്കയിലെ `സാധാരണ അറബി പയ്യന്‍' ആയിരുന്നുവോ? അവിടുത്തെ പ്രസവം മുതല്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ സാധാരണ അറബി പയ്യന്മാരില്‍ സ്വാഭാവികമായി കാണാറുള്ളതായിരുന്നോ? മക്കയില്‍ ജനിക്കുന്ന ഒരു സാധാരണ ബാലനില്‍ നിന്ന്‌ നബി (സ്വ) തങ്ങളിലെ അസാധാരണ ബാലനിലേക്കുള്ള ദൂരം എത്രമാത്രം ദൈര്‍ഘ്യമുള്ളതാണെന്ന്‌ അവിടുത്തെ ജീവിതം മുന്‍വിധിയുടെ കണ്ണട വെക്കാതെ നോക്കുന്നവര്‍ക്ക്‌ നിസ്സംശയം കാണാന്‍ കഴിയും. ഗര്‍ഭസ്ഥ ശിശു ആയിരിക്കെ പിതാവ്‌ മരണപ്പെട്ടതിനാല്‍ യതീമായിട്ടാണ്‌ നബി (സ്വ) തങ്ങള്‍ ജനിച്ചതും വളര്‍ന്നതും. 
     പല സ്‌ത്രീകളില്‍ നിന്നും നബി (സ്വ) മുല കുടിച്ചിട്ടുണ്ട്‌. ആദ്യത്തെ ഏഴ്‌ ദിവസം ഉമ്മയായ ആമിന (റ) യില്‍ നിന്നും പിന്നീട്‌ സുവൈബത്തുല്‍ അസ്‌ലമിയ്യ (പ്രവാചകന്റെ ജനനവിവരം അറിയിച്ച സന്തോഷത്താല്‍ അബൂലഹബ്‌ മോചിപ്പിച്ച അടിമസ്‌ത്രീ) യില്‍ നിന്ന്‌ കുറച്ച്‌ ദിവസവും തിരുമേനി (സ്വ) മുലകുടിച്ചിട്ടുണ്ട്‌ (സുബ്‌ലുല്‍ ഹുദാ 1/375) . നല്ല ആരോഗ്യത്തോടെ വളരുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും സാഹിത്യ സമ്പുഷ്‌ട സംസാരരീതി ശീലമാക്കുന്നതിനും കുട്ടികളെ മുലയൂട്ടുന്നതിന്‌ ഗ്രാമീണ സ്‌ത്രീകളെ ഏല്‍പിക്കുന്ന പതിവ്‌ അറബികള്‍ക്കിടയിലുണ്ടായിരുന്നു. ഒരിക്കല്‍ അബൂബക്കര്‍ (റ) നബി (സ്വ) യോട്‌ പറഞ്ഞു. ``അങ്ങയേക്കാള്‍ സാഹിത്യ സമ്പുഷ്‌ടമായി സംസാരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) പറഞ്ഞു: ഞാന്‍ ഖുറൈശിയാണ്‌. ഞാന്‍ മുല കുടിച്ചത്‌ ബനൂ സഅ്‌ദ്‌ ഗോത്രത്തില്‍ നിന്നുമാണ്‌''. സാഹിത്യത്തിലും മുലയൂട്ടുന്നതിലും അറബികള്‍ക്കിടയില്‍ പേരുകേട്ട ഗോത്രമായിരുന്നു. ബനൂ സഅ്‌ദ്‌. പതിവു പോലെ ആ വര്‍ഷവും പ്രസ്‌തുത ഗോത്രത്തില്‍ നിന്നും മുലയൂട്ടുന്നതിന്‌ കുട്ടികളെ സ്വീകരിക്കാന്‍ ഒരു പറ്റം സ്‌ത്രീകള്‍ മക്കയിലെത്തി. ഹലീമത്തുസ്സഅ്‌ദിയ്യ (റ) പറയുന്നു: ``മുല കൊടുക്കാന്‍ കുട്ടികളെ അന്വേഷിച്ച്‌ ഞാന്‍ എന്റെ ഗോത്രത്തിലെ പത്ത്‌ സ്‌ത്രീകളോടൊപ്പം മക്കയിലേക്ക്‌ പുറപ്പെട്ടു. എന്റെ കൂടെ ഭര്‍ത്താവും (ഹാരിസ്‌ ബ്‌നു അബ്‌ദുല്‍ ഉസ്സ) മുലകുടിക്കുന്ന എന്റെ കുട്ടിയും ഉണ്ട്‌. വളരെ ക്ഷാമം അനുഭവപ്പെട്ട കാലമായതു കൊണ്ട്‌ കുട്ടിയെ തൃപ്‌തികരമായ രീതിയില്‍ കുടിപ്പിക്കാന്‍ എന്റെ സ്‌തനങ്ങളില്‍ പാല്‌ പോലും ഉണ്ടായിരുന്നില്ല. വിശന്ന കുട്ടിയുടെ കരച്ചില്‍ പല രാത്രികളും ഞങ്ങളുടെ ഉറക്കം കെടുത്തി. മക്കയിലെത്തിയ ഞങ്ങള്‍ കുട്ടികളെ അന്വേഷിക്കാന്‍ തുടങ്ങി. പലരും കുട്ടികളെ സ്വീകരിക്കുകയും നാട്ടിലേക്ക്‌ തിരിക്കുകയും ചെയ്‌തു. എന്നാല്‍ ആമിനയുടെ അനാഥനായ മുഹമ്മദിനെ സ്വീകരിക്കാന്‍ അവരാരും തയ്യാറായില്ല. ലാഭേച്ഛ അവരെ പിന്തിരിപ്പിച്ചു കളഞ്ഞു. അബ്‌ദുല്‍ മുത്തലിബ്‌ എന്നെ വിളിച്ച്‌ പേരും നാടും ചോദിച്ചു. ആമിനയുടെ അനാഥ ബാലനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലിരിക്കുന്ന ഭര്‍ത്താവിനോട്‌ കാര്യം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏറ്റെടുക്കുക. ആ കുട്ടിയില്‍ അല്ലാഹു നമുക്ക്‌ ബര്‍ക്കത്ത്‌ ചെയ്‌തേക്കാം''. മുഹമ്മദ്‌ നബി എന്ന ആ അസാധാരണ കുട്ടിയെ ഏറ്റെടുത്തത്‌ മുതല്‍ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. മുല കൊടുക്കാന്‍ കൈയിലെടുത്തപ്പോള്‍ വറ്റിവരണ്ടുപോയ അവരുടെ സ്‌തനങ്ങളില്‍ പാല്‌ നിറഞ്ഞു. ശോഷിച്ചു പോയ അവരുടെ ഒട്ടകം പൂര്‍ണ്ണ ആരോഗ്യത്തോടെ കാണപ്പെട്ടു. മക്കയിലേക്ക്‌ വരുമ്പോള്‍ ഏറ്റവും പിന്നിലായിരുന്ന അവരുടെ വാഹനം തിരിച്ചു പോവുമ്പോള്‍ ഏറ്റവും മുന്നിലായി. വേഗത കണ്ട മറ്റ്‌ സ്‌ത്രീകള്‍ ഹലീമയോട്‌ ചോദിച്ചുവത്രെ. ``നീ പോയ വാഹനത്തില്‍ തന്നെയല്ലേ തിരിച്ചു വരുന്നത്‌?'' 
     ഹലീമയുടെ സമൃദ്ധി പ്രവാചക സാന്നിദ്ധ്യം സമൂലമാറ്റമുണ്ടാക്കി. ബനൂസഅദിലെ ഉണങ്ങിപ്പോയ മരങ്ങള്‍ വരെ പച്ചപിടിച്ചു. ഹലീമയുടെ ആടുകള്‍ അത്ഭുതകരമായി ആരോഗ്യത്തോടെ വളര്‍ന്നു. അവിടുത്തെ ആട്ടുടമകള്‍ ഇടയന്മാരോട്‌ ``ഹലീമയുടെ ആടുകളെ മേക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ക്കും ആടുകളെ മേച്ചുകൂടേ'' എന്ന്‌ ശാസിക്കുക പോലും ചെയ്‌തു. എന്നാല്‍ ആടിനെ മേക്കുന്ന സ്ഥലമല്ല, ഹലീമയുടെ വീട്ടിലുള്ള കുട്ടിയുടെ സാന്നിദ്ധ്യമാണ്‌ അവരുടെ വളര്‍ച്ചയുടെ കാരണം എന്ന്‌ അവര്‍ വൈകാതെ മനസ്സിലാക്കി. അവര്‍ക്ക്‌ എന്തെങ്കിലും അസുഖം വന്നാല്‍ ഹലീമയുടെ അത്ഭുതബാലനെ കാണുന്നതിലും അവിടുത്തെ തൃക്കരം വേദന അനുഭവപ്പെട്ട സ്ഥലത്ത്‌ വെക്കുന്നതിലും അവര്‍ ആശ്വാസം കണ്ടെത്തി (സുബ്‌ലുല്‍ ഹുദാ 1/387). 
     ഹലീമ (റ) പറയുന്നു: പ്രവാചകന്‌ 8 മാസം പ്രായമായപ്പോള്‍ മറ്റുള്ളവര്‍ ശബ്‌ദം കേള്‍ക്കുന്ന രൂപത്തില്‍ സംസാരിക്കാനും 9 മാസമായപ്പോള്‍ സാഹിത്യ സമ്പുഷ്‌ടമായി സംസാരിക്കാനും 10 മാസമായപ്പോള്‍ കുട്ടികളോടൊപ്പം അമ്പ്‌ എറിയാനും തുടങ്ങി(സീറത്തുല്‍ ഹലബിയ്യ 1/148). പ്രവാചകന്‌ 2 വയസ്സ്‌ പൂര്‍ത്തിയാവുകയും മുലകുടി നിര്‍ത്തുകയും ചെയ്‌തപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നതിന്‌ വേണ്ടി ഹലീമ(റ) മക്കയിലെത്തി. കുട്ടി കാരണം അവര്‍ക്കുണ്ടായ അളവറ്റ അനുഗ്രഹങ്ങള്‍ കുറച്ച്‌ കാലം കൂടി നബി (സ്വ) യെ അവരോടൊപ്പം താമസിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആമിന (റ) യെ കണ്ട്‌ ഹലീമ (റ) പറഞ്ഞു: ``മക്കയിലെ വ്യാധികള്‍ കുട്ടിക്ക്‌ പിടിപെടാന്‍ സാധ്യതയുള്ളത്‌ കൊണ്ട്‌ കുറച്ച്‌ കാലം കൂടി കുട്ടിയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം''. മാതാവിന്റെ അനുവാദത്തോടെ കുട്ടിയുമായി അവര്‍ നാട്ടിലേക്ക്‌ തിരിച്ചു. ഹലീമയുടെ സ്‌നേഹത്തിലും പരിലാളനയിലും പ്രവാചകജീവിതം നീങ്ങിക്കൊണ്ടിരുന്നു. ഹലീമയുടെ മക്കളോടൊപ്പം ആട്‌ മേയ്‌ക്കാനും മറ്റും പോയി ത്തുടങ്ങി. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: ``ഒരു പ്രവാചകനും ആട്‌ മേക്കാതിരിന്നിട്ടില്ല''. സ്വഹാബികള്‍ ചോദിച്ചു: നബിയേ! അങ്ങയും! നബി (സ്വ) പറഞ്ഞു: ``അതെ, `ഖറാറീബ'്‌ എന്ന സ്ഥലത്ത്‌ ഞാനും ആട്‌ മേക്കാറുണ്ടായിരുന്നു''.
        നോക്കുക ഒരു ദിവസം നബി (സ്വ)യും സഹോദരനും വീടിന്റെ പിറകില്‍ ആട്ടിന്‍ പറ്റത്തോടൊടൊപ്പം നില്‍ക്കുകയായിരുന്നു. വെളുത്ത വസ്‌ത്രം ധരിച്ച രണ്ടാളുകള്‍ (ജിബ്‌രീല്‍, മീകാഈല്‍) പ്രവാചകന്റെ അടുത്ത്‌ വരികയും ബലമായി പിടിച്ച്‌ മണ്ണില്‍ കിടത്തുകയും ചെയ്‌തു. ഒരാള്‍ നെഞ്ച്‌ കീറി ഹൃദയം പുറത്തെടുത്ത്‌ അതില്‍ നിന്ന്‌ ഒരു കറുത്ത കഷണം എടുത്ത്‌ ഒഴിവാക്കി. തണുത്ത വെള്ളം കൊണ്ട്‌ ഹൃദയം കഴുകുകയും അദ്ദേഹത്തിന്റ കൈവിരലില്‍ ഉണ്ടായിരുന്ന വെട്ടിത്തിളങ്ങുന്ന മോതിരം കൊണ്ട്‌ സീല്‍ വെക്കുകയും ചെയ്‌തു. ആ സീല്‌ വെച്ചതിന്റെ തണുപ്പ്‌ കാലങ്ങളോളം നബി (സ്വ) അനുഭവിച്ചിരുന്നു. വന്നവരില്‍ രണ്ടാമത്തെയാള്‍ തന്റെ കൈ കൊണ്ട്‌ കീറിയ ഭാഗം തടവുകയും മുറിവ്‌ കൂടുകയും ചെയ്‌തു. വന്നവര്‍ കൈ പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയും ആലിംഗനം ചെയ്യുകയും തലയിലും രണ്ട്‌ കണ്ണിന്റെ ഇടയിലും ചുംബിക്കുകയും ചെയ്‌തു. ളംറത്തിന്റെ (ഹലീമയുടെ പുത്രന്‍) കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയവര്‍ക്കൊന്നും വന്നവരെ കാണാനോ അവര്‍ മലക്കുകളാണെന്ന്‌ മനസ്സിലാക്കാനോ കഴിഞ്ഞില്ല. അവരില്‍ ആരോ പറയുന്നുണ്ടായിരുന്നു: ``ഇത്‌ പിശാച്‌ ബാധയാണ്‌. കുട്ടിയെ ജോത്സ്യന്മാരെ കാണിക്കുക''. ഹലീമയുടെ ഉള്ളില്‍ ഭീതി പടര്‍ന്നു. അവര്‍ നബി (സ്വ) തങ്ങളെ ജ്യോത്സ്യന്റെ അടുത്ത്‌ കൊണ്ടുപോയി കാര്യങ്ങള്‍ പറഞ്ഞു. ജോത്സ്യന്‍ : നിങ്ങള്‍ മിണ്ടാതിരിക്കൂ. എന്താണ്‌ നടന്നതെന്ന്‌ കുട്ടി പറയട്ടെ. ``നബി (സ്വ) തങ്ങള്‍ സംഭവം വിശദീകരിക്കേണ്ട താമസം ജോത്സ്യന്‍ ചാടി എഴുന്നേറ്റ്‌്‌ അലറി: ``ഓ അറബികളേ! നിങ്ങള്‍ ഈ കുട്ടിയെ വെറുതെ വിട്ടാല്‍ ഇവര്‍ നിങ്ങളുടെ മതത്തെയും ദൈവത്തെയും നിഷേധിക്കും. നിങ്ങള്‍ കാണാത്ത ദൈവത്തിലേക്ക്‌ നിങ്ങളെ ക്ഷണിക്കും''. ഈ സംഭവം ഹലീമയെ വല്ലാതെ ഭയപ്പെടുത്തി. കുട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. മക്കയിലെത്തിയ അവര്‍ ആമിനയോട്‌ തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു. ഹലീമയുടെ സംസാരത്തില്‍ പിശാച്‌ ബാധ സംശയിക്കുന്നതായി മനസ്സിലാക്കിയ ആമിന നബി (സ്വ) തങ്ങളെ ഗര്‍ഭം ചുമന്നപ്പോഴും ശേഷവും തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചിട്ട്‌ പറഞ്ഞു: ``എന്റെ കുട്ടിയുടെ മേല്‍ പിശാചിന്‌ അധികാരമില്ല''.
മാതാവിന്റെ സംരക്ഷണത്തില്‍ പ്രവാചക ജീവിതം നീങ്ങിക്കൊണ്ടിരുന്നു. 6-ാം വയസ്സില്‍ മതാവിനോടൊപ്പം മദീനയിലേക്ക്‌ യാത്ര തിരിച്ചു. പിതാവ്‌ അബ്‌ദുല്ലയുടെ ഖബ്‌റ്‌ സിയാറത്ത്‌ ചെയ്യലും ബനൂ നജ്ജാറിലെ ബന്ധുക്കളെ സന്ദര്‍ശിക്കലുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഒരു മാസം അവിടെ താമസിച്ചു. ഒരിക്കല്‍ നബി (സ്വ) ബനൂ നജജാറിലെ ഒരു കുളത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്നു. ഇത്‌ കണ്ട രണ്ട്‌ യഹൂദികള്‍ പറഞ്ഞു: ``ആ കുട്ടി പ്രവചിത പ്രവാചകനാണ്‌. അദ്ദേഹം നാട്‌ വിട്ട്‌ പലായനം ചെയ്യേണ്ട നാടാണിത്‌. ഒരുപാട്‌ യുദ്ധങ്ങള്‍ ഇവിടെ നടക്കാനുണ്ട്‌''. ഇത്‌ കേട്ട ആമിന (റ) മക്കയിലേക്ക്‌ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. മദീനയില്‍ നിന്ന്‌ തിരിച്ചു വരുമ്പോള്‍ മക്കയുടെയും മദീനയുടെയും ഇടയിലുള്ള `അബവാഅ്‌' എന്ന സ്ഥലത്ത്‌ വെച്ച്‌ ആമിന ബീവി (റ) ക്ക്‌ അസുഖം ബാധിച്ചു. പ്രവാചകനെ കൂടെയുണ്ടായിരുന്ന `ഉമ്മുഐമന്‍' എന്ന അടിമസ്‌ത്രീയെ ഏല്‍പിച്ച്‌ മഹതി ഇഹലോകവാസം വെടിഞ്ഞു.
പ്രവാചകനും ഉമ്മുഐമനും 5 ദിവസത്തിന്‌ ശേഷം മക്കയിലെത്തി. ഖുറൈശികളുടെ നേതാവും പ്രവാചകന്റെ വല്ല്യുപ്പയുമായ മാന്യനായ അബ്‌ദുല്‍മുത്തലിബ്‌ പ്രവാചകന്റെ സംരക്ഷണം ഏറ്റെടുത്തു. സ്വന്തം മക്കളേക്കാള്‍ അദ്ദേഹം നബിയെ സ്‌നേഹിച്ചു. കഅ്‌ബയുടെ ചാരത്ത്‌ തയ്യാര്‍ ചെയ്യപ്പെട്ട പ്രത്യേക ഇരിപ്പിടത്തില്‍ അദ്ദേഹമല്ലാതെ മക്കളോ മറ്റ്‌ ഖുറൈശി നേതാക്കളോ ഇരിക്കാന്‍ ധൈര്യപ്പെട്ടില്ല. ആരെങ്കിലും അവിടെ ഇരിക്കാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവര്‍ തടയുമായിരുന്നു. നബി (സ്വ) തങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ അബ്‌ദുല്‍ മുത്തലിബ്‌ പറയുമത്രെ: ``മുഹമ്മദിനെ നിങ്ങള്‍ വിട്ടേക്കുക''. പ്രവാചകന്റെ 8 ാം വയസ്സില്‍ അവിടുത്തെ സംരക്ഷണം മകന്‍ അബൂത്വാലിബിനെ ഏല്‍പിച്ചു അബ്‌ദുല്‍മുത്തലിബും യാത്രയായി. അദ്ദേഹം ഊണിലും ഉറക്കിലും നബി (സ്വ) തങ്ങളെ ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരപ്പെട്ടാല്‍ പ്രവാചകന്‌ വേണ്ടി കാത്തിരിക്കും. നബിയെ കൂടാതെ അബൂത്വാലിബിന്റെ മക്കള്‍ ഭക്ഷണം കഴിച്ചാല്‍ അവരുടെ വിശപ്പ്‌ മാറുമായിരുന്നില്ല.
   നബി (സ്വ) ക്ക്‌ 12 വയസ്സ;്‌ അബൂത്വാലിബ്‌ കച്ചവടാവശ്യത്തിനായി ശാമിലേക്ക്‌ പോകുമ്പോള്‍ നബിയെയും കൂടെ കൂട്ടി. യാത്രക്കിടയില്‍ അവര്‍ ബുസ്വ്‌റാ എന്ന സ്ഥലത്ത്‌ എത്തി. വെയിലത്ത്‌ സഞ്ചരിച്ചിരുന്ന തങ്ങള്‍ക്ക്‌ മേഘം തണലിടുന്ന കാര്യം അവരാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ബഹീറാ എന്ന പാതിരി ഇത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ മഠത്തില്‍ നിന്ന്‌ ഇറങ്ങി വന്ന്‌ അവരോട്‌ പറഞ്ഞു:ഓ! ഖുറൈശികളേ! ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു സദ്യ തയ്യാറാക്കിയിട്ടുണ്ട്‌. നിങ്ങളിലെ ചെറിയവരും വലിയവരും അടിമകളും ഉടമകളും പങ്ക്‌ ചേരണം''. ആ സംഘത്തിലെ ഒരാള്‍ പറഞ്ഞു: ``അല്ലയോ ബഹീറാ! ഈ വഴിയിലൂടെ പല പ്രാവശ്യം ഞങ്ങള്‍ പോയിട്ടുണ്ട്‌. അന്നൊന്നും ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു: ശരിയാണ്‌. പക്ഷെ, ഇന്ന്‌ ഞാന്‍ നിങ്ങളെ ആദരിക്കാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും സദ്യക്കിരുന്നു. എന്നാല്‍ ബഹീറ പ്രതീക്ഷിച്ച വിശേഷണങ്ങളൊത്ത ആളെ മാത്രം അതില്‍ കണ്ടില്ല. അദ്ദേഹം പറഞ്ഞു: ഓ ഖുറൈശികളെ! നിങ്ങളില്‍ ആരും തന്നെ എന്റെ സദ്യയില്‍ നിന്ന്‌ ഒഴിവാകരുത്‌. അവര്‍ പറഞ്ഞു: ഞങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കുട്ടിയല്ലാതെ മറ്റാരും ഒഴിവായിട്ടില്ല. പ്രായം കുറഞ്ഞത്‌ കൊണ്ട്‌ നബിയെ വാഹനത്തില്‍ ഇരുത്തിയാണ്‌ അവര്‍ വന്നത്‌. ബഹീറയുടെ ആവശ്യപ്രകാരം നബി (സ്വ) തങ്ങളെ കൊണ്ടുവരപ്പെട്ടു. നബി (സ്വ) തങ്ങള്‍ വരുമ്പോള്‍ മുകളില്‍ കൂടി തണലിടുന്ന മേഘങ്ങളെ ബഹീറ അവര്‍ക്ക്‌ കാണിച്ചു കൊടുത്തു. ബഹീറ പല ചോദ്യങ്ങളും നബിയോട്‌ ചോദിച്ചു. നബിയുടെ മറുപടി കേട്ട ബഹീറ അബൂത്വാലിബിനോട്‌ പറഞ്ഞു: ഈ കുട്ടിയുടെ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളെ പേടിക്കണം. ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കിയാല്‍ അവര്‍ അപകടപ്പെടുത്തും. എന്റെ പിതാക്കളില്‍ നിന്നും ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യമാണിത്‌. അതുകൊണ്ട്‌ എത്രയും വേഗം നിങ്ങള്‍ തിരിച്ചുപോകണം. അവര്‍ ശാമിലേക്ക്‌ പോകുകയും കച്ചവടം കഴിഞ്ഞ്‌ എത്രയും വേഗം നാട്ടിലേക്ക്‌ മടങ്ങി പോവുകയും ചെയ്‌തു(ഇബ്‌നുകസീര്‍, ഇബ്‌നു ഹിഷാം). 
ചെറുപ്പത്തിലേയുള്ള പ്രവാചകന്റെ മാന്യതയും വിശ്വാസ്യതയും `അല്‍ അമീന്‍' അഥവാ വിശ്വസ്‌തന്‍ എന്ന വിളിപ്പേരിന്‌ അര്‍ഹനാക്കി. ബാല്യത്തിലെ അവിവേകമോ യുവത്വത്തിലെ ചോരത്തിളപ്പോ പ്രവാചകനെ തെറ്റിലേക്ക്‌ നയിച്ചില്ല. ഏതെങ്കിലും നവോത്ഥാന നായകനെ പോലെ സാഹചര്യത്തിന്റെ സന്തതിയായിരുന്നില്ല. പ്രവാചകന്‍ ലോകാവസാനം വരെ വരാനിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കപ്പെടേണ്ട, സൃഷ്‌ടികള്‍ക്ക്‌ സ്രഷ്‌ടാവിനെ അറിയാനുള്ള മാര്‍ഗ്ഗമാകേണ്ടവരായിരുന്നു. പ്രായഭേദമന്യേ പ്രവാചകന്റെ ഓരോ ചലനവും പാപസുരക്ഷിതമായിരുന്നു. അലി (റ) വില്‍ നിന്നും ഉദ്ധരിക്കുന്നു: അങ്ങ്‌ എപ്പോഴെങ്കിലും ബിംബത്തെ ആരാധിച്ചിട്ടുണ്ടോ?നബി (സ്വ) : ഇല്ല. എപ്പോഴെങ്കിലും കള്ള്‌ കുടിച്ചിട്ടുണ്ടോ? നബി (സ്വ) ഇല്ല. ഇരുണ്ടയുഗം എന്ന സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍ കള്ളും പെണ്ണും അഭിമാനമായി കണക്കാക്കിയ ഒരു സമൂഹത്തില്‍ പ്രവാചക യുവത്വം തീര്‍ത്തും പാപരഹിതമായത്‌ യാദൃശ്ചികം എന്ന്‌ വിലയിരുത്തപ്പെട്ട്‌ കൂടാ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...