Wednesday, 11 November 2015

പ്രവാചകപത്‌നിമാര്‍

പ്രവാചകപത്‌നിമാര്‍
               അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ്‌ കൊണ്ട്‌ മാത്രം സംസാരിക്കുന്ന
, ലോകര്‍ക്ക്‌ അനുഗ്രഹമായി വന്ന പ്രവാചകന്‍(സ്വ) യെ സംബന്ധിച്ചും അവിടുത്തെ കുടംബത്തെ സംബന്ധിച്ചും അറിയല്‍ മുസ്‌ലിം ലോകത്തിന്‌ അനിവാര്യമാണ്‌. അമ്പിയാ മുര്‍സലുകളുടെ സുന്നത്തില്‍ പെട്ടതാണ്‌ വിവാഹം കഴിക്കല്‍. അവരില്‍ ആദം(അ) നെ പോലെ ഒരു വിവാഹം കഴിച്ചവരും, ഇബ്‌റാഹിം, ദാവൂദ്‌, യഅ്‌ഖൂബ്‌, സുലൈമാന്‍(അ) തുടങ്ങിയവരെ പോലെ ഒന്നിലധികം വിവാഹം കഴിച്ചവരും ഉണ്ട്‌. ഈസാനബി(അ) ഖിയാമത്ത്‌ നാളില്‍ ഇറങ്ങിവരികയും വിവാഹം കഴിക്കുകയും അവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവുമെന്നും നബി(സ്വ) യെ തൊട്ട്‌ ഇബ്‌നുല്‍ ജൗസിയ്യ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതായി കാണാം. നബി(സ്വ)യുടെ ഓരോ വിവാഹവും അല്ലാഹുവിന്റെ കല്‍പന പ്രകാരമായിരുന്നു. മാത്രമല്ല, 53 വയസ്സ്‌ വരെ നബി(സ്വ)യുടെ ജീവിതത്തില്‍ ഭാര്യയായി ഖദീജാ ബീവി(റ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇബ്‌റാഹീം(റ) എന്ന മകനൊഴിച്ച്‌ ബാക്കിയെല്ലാവരും ജനിച്ചതും ഈ ദാമ്പത്യ കാലയളവിലാണ്‌. പിന്നീട്‌ പ്രവാചകന്‍(സ്വ) തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രചാരണാവശ്യാര്‍ത്ഥം അല്ലാഹുവിന്റെ കല്‍പന പ്രകാരം കൂടുതല്‍ വിവാഹം കഴിക്കേണ്ടിവന്നു. ``ഒരാള്‍ക്ക്‌ ഒരേ സമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ ഒരുമിച്ചു കൂട്ടാന്‍ പാടില്ല'' എന്ന സൂക്തം ഇറങ്ങുന്നതിന്‌ മുമ്പായിരുന്നു നബിയുടെ എല്ലാ വിവാഹവും. പ്രബലാഭിപ്രായത്തില്‍ നബി(സ്വ) ക്ക്‌ 11 ഭാര്യമാരും 7 കുട്ടികളുമുണ്ടായിരുന്നു. ഭാര്യമാരില്‍ ആറ്‌ പേര്‍ ഖുറൈശികളും നാല്‌ പേര്‍ ഖുറൈശിയല്ലാത്ത അറബി വനിതകളും. ഒരാള്‍ ബനൂ ഇസ്‌റാഈലില്‍ പെട്ട അറബിയല്ലാത്തവരുമായിരുന്നു. ``ഉമ്മഹാതുല്‍ മുഅ്‌മിനീന്‍(വിശ്വാസികളുടെ മാതാക്കള്‍)'' എന്നാണ്‌ തിരുനബി(സ്വ)യുടെ ഭാര്യമാരെ അല്ലാഹു പരിചയപ്പെടുത്തിയത്‌.
ഉമ്മുല്‍ മുഅ്‌മിനീന്‍ ഖദീജ (റ)
       പ്രവാചകന്‍(സ്വ) ആദ്യമായി വിവാഹം കഴിച്ചത്‌ ഖുവൈലിദിന്റെയും ഫാത്വിമയുടെയും മകളായ ഖദീജാ ബീവി(റ)യെ ആയിരുന്നു. ജാഹിലിയ്യാ കാലഘട്ടത്തിലും മഹതിയവര്‍കള്‍ ത്വാഹിറ(ശുദ്ധിയുള്ളവള്‍) എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. നബി(സ്വ) ക്ക്‌ മുമ്പ്‌ മഹതിയെ ഉത്തീഖ്‌ ബ്‌നു ആഇദുല്‍ മഖ്‌സൂമി
, അബൂ ഹാലത്ത്‌ മാലിക്കുത്തയ്‌മിയ്യ്‌ എന്നീ രണ്ട്‌ പേര്‍ വിവാഹം ചെയ്‌തിരുന്നു. ആദ്യത്തെ വിവാഹത്തില്‍ `ഹിന്ദ്‌' എന്ന പെണ്‍കുട്ടി ജനിക്കുകയും പിന്നീട്‌ മുസ്‌ലിമാവുകയും ചെയ്‌തു. മാലിക്കുത്തയ്‌മിയുമായുള്ള വിവാഹത്തില്‍ `ഹിന്ദ്‌' `ഹാല'എന്നീ രണ്ട്‌ ആണ്‍കുട്ടികള്‍ ജനിക്കുകയും നബിയുമായുള്ള സഹവാസം ഉണ്ടാക്കുകയും ചെയ്‌തു. ഇതില്‍ ഹാല എന്നവര്‍ ജമല്‍ യുദ്ധ വേളയില്‍ അലി(റ)ന്റെ സൈന്യത്തിലായി കൊല്ലപ്പെട്ടു. ഖുറൈശി വനിതകളുടെ നേതൃത്വത്തിലും തറവാടിത്തത്തിലും ഔന്നത്യത്തിലും സമ്പാദ്യത്തിലും ഭംഗിയിലും മുന്നില്‍ നില്‍ക്കുന്ന ഖദീജാ ബീവി(റ) ഇവരുടെ മരണത്തിന്‌ ശേഷം നബി(സ്വ)യുടെ സത്യസന്ധതയും നബി(സ്വ)യെ കുറിച്ചുള്ള അത്ഭുതവാര്‍ത്തകള്‍ അറിയുകയും ചെയ്‌തപ്പോള്‍ നബി(സ്വ)യുമായി വിവാഹം ആലോചിക്കുകയും ഖദീജാ ബീവി(റ)യുടെ പിതൃവ്യനായ അംറ്‌ ബ്‌നു അസദ്‌ ഹിജ്‌റയുടെ 28 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇരുപത്‌ ഒട്ടകം മഹ്‌റിന്‌ പകരമായി (ഒരഭിപ്രായ പ്രകാരം 480 ദിര്‍ഹം) നബി(സ്വ)ക്ക്‌ വിവാഹം ചെയ്‌തു കൊടുത്തു. ഈ സമയം നബി(സ്വ)ക്ക്‌ 25 വയസ്സും മഹതിക്ക്‌ 40 വയസ്സുമായിരുന്നു പ്രായം. സ്‌ത്രീകളില്‍ നിന്ന്‌ ആദ്യം ഇസ്‌ലാം സ്വീകരിക്കുക, സ്വര്‍ഗ്ഗീയ വനിതകളുടെ നേതാവാകുക, നബി(സ്വ)യുടെ മക്കളുടെ മാതാവാകുക എന്നീ സ്ഥാനങ്ങള്‍ മഹതി അലങ്കരിച്ചു. 
      ഈ ദാമ്പത്യവല്ലരിയില്‍ നബി(സ്വ)ക്ക്‌ ഖാസിം, സൈനബ്‌, റുഖയ്യ, ഫാത്വിമ, ഉമ്മു കുല്‍സൂം, അബ്‌ദുല്ല(റ) എന്നീ ആറ്‌ കുട്ടികള്‍ ഉണ്ടാവുകയും ആണ്‍കുട്ടികള്‍ രണ്ട്‌ പേരും ചെറുപ്പത്തില്‍ തന്നെ വഫാത്താവുകയും ചെയ്‌തു. പെണ്‍കുട്ടികള്‍ എല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും ഹിജ്‌റ പോവുകയും ഫാത്വിമ(റ) ഒഴിച്ച്‌ മറ്റെല്ലാവരും നബി(സ്വ) ക്ക്‌ മുമ്പ ്‌വഫാത്താവുകയും മഹതി നബി(സ്വ) യുടെ വഫാത്തിന്‌ ആറ്‌ മാസത്തിന്‌ ശേഷം ഈ ലോകത്തോട്‌ വിട പറയുകയും ചെയ്‌തു. 
      നീണ്ട ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ തന്റെ അറുപത്തിയഞ്ചാമത്തെ വയസ്സില്‍ വിശുദ്ധറമളാനില്‍ അബൂത്വാലിബ്‌ മരണപ്പെട്ടു. മൂന്ന്‌ ദിവസത്തിന്‌ ശേഷം മഹതി ഈ ലോകവാസം വെടിഞ്ഞു. ഈ വര്‍ഷം `ആമുല്‍ഹുസ്‌ന്‌' (ദുഃഖ വര്‍ഷം) എന്ന പേരില്‍ അറിയപ്പെടുന്നു. 
ഉമ്മുല്‍ മുഅ്‌മിനീന്‍ സൗദ (റ) 
          ഖുറൈശി ഗോത്രത്തില്‍ പെട്ട സംഅത്തിന്റെയും ഖൈസിന്റെയും മകളായ ശമൂസിന്റെയും പുത്രിയായ മഹതിയെ നബി(സ്വ)ക്ക്‌ മുമ്പ്‌ മഹതിയുടെ പിതൃവ്യ പുത്രനായ സക്‌റാന്‍ (റ) നെ വിവാഹം കഴിക്കുകയും തുടക്കത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും രണ്ടാമത്തെ ഹിജ്‌റയില്‍ ഹബ്‌ശയിലേക്ക്‌ ഹിജ്‌റ പോകുകയും ചെയ്‌തു. ഹിജ്‌റ കഴിഞ്ഞ്‌ മക്കയിലേക്കുള്ള മടക്കവേളയില്‍ സക്‌റാന്‍ (റ) വഫാത്തായി. സക്‌റാന്‍ (റ) മായുള്ള ബന്ധത്തില്‍ അബ്‌ദുല്‍ റഹ്‌മാന്‍ എന്ന കുട്ടി ജനിച്ചു. മഹതിയുടെ `ഇദ്ദ' കഴിഞ്ഞതിന്‌ ശേഷം നുബുവ്വത്തിന്റെ പത്താം വര്‍ഷം റമളാന്‍ മാസത്തില്‍ (ഖദീജ(റ) വഫാത്തായി ദിവസങ്ങള്‍ക്ക്‌ ശേഷം) നബി (സ്വ) നാനൂറ്‌ ദിര്‍ഹം മഹ്‌റ്‌ നല്‍കി മഹതിയെ വിവാഹം ചെയ്‌തു. നീതിപൂര്‍വ്വം ജീവിതം നയിച്ച്‌ മാതൃക കാണിച്ച പ്രവാചകന്‍ (സ്വ) ഭാര്യമാര്‍ക്കിടയിലും ഓരോ ദിവസം നിശ്ചയിച്ചിരുന്നു. പ്രായമായപ്പോള്‍ സൗദാ ബീവി (റ) തന്റെ ദിവസം ആഇശ (റ) ക്ക്‌ ഭര്‍ത്താവായ പ്രവാചകനെ (സ്വ) തൃപ്‌തിപ്പെടുത്താന്‍ നല്‍കി. 
       ഭൗതിക പരിത്യാഗിയായ മഹതി മുശ്‌രിക്കുകളുടെ സ്വകുടുംബത്തിലേക്ക്‌ ചെല്ലുമ്പോള്‍ ഇസ്‌ലാമില്‍ നിന്ന്‌ പിന്മാറാന്‍ നിര്‍ബന്ധിതയാകുമായിരുന്നു. ഇത്‌ ഒഴിവാക്കാന്‍ വേണ്ടിയും നബി(സ്വ)യുടെ കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയും നബി(സ്വ)യുമായുള്ള വിവാഹം നടന്നു. മുആവിയ(റ)യുടെ ഭരണകാലത്ത്‌ ശവ്വാല്‍ മാസം മദീനയില്‍ വെച്ച്‌ മഹതി വഫാത്തായി. 
ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ (റ)
           അബൂബക്കര്‍ (റ) ന്റെയും ഉമ്മുറൂമാനിന്റെയും മകളായ മഹതിയെ നുബുവ്വത്തിന്റെ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രസവിക്കപ്പെട്ടത്‌. നുബുവ്വത്തിന്റെ പത്താമത്തെ വര്‍ഷം ഹിജ്‌റയുടെ മൂന്ന്‌ വര്‍ഷം മുമ്പ്‌ മഹതിയുടെ ആറാമത്തെ വയസ്സില്‍ നബി (സ്വ) വിവാഹം കഴിക്കുകയും ഒമ്പതാമത്തെ വയസ്സില്‍ വീട്‌ കൂടുകയും ചെയ്‌തു. നബി (സ്വ) യുടെ ഭാര്യമാരില്‍ കന്യകയായി ആഇശ ബീവിയും അടിമകളില്‍ മാരിയത്തുല്‍ ഖിബ്‌ത്വിയ്യ(റ)യും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉമ്മുല്‍ മുഅ്‌മിനീന്‍ ഹഫ്‌സ(റ) 
          ഉമര്‍(റ)ന്റെയും സൈനബയുടെയും മകളായി നുബുവ്വത്തിന്റെ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ മഹതി ജനിച്ചത്‌. സ്വഹാബിയായ ഖുനൈസ്‌ ബ്‌നു ഹുദാഫയായിരുന്നു മഹതിയുടെ ഭര്‍ത്താവ്‌. ബദ്‌റ്‌ യുദ്ധത്തില്‍ ഏറ്റ മുറിവ്‌ കാരണം മഹാനവര്‍കള്‍ വഫാത്തായി. ഹിജ്‌റ മൂന്നാം വര്‍ഷം ശഅ്‌ബാനില്‍ 400 ദിര്‍ഹം മഹ്‌റ്‌ നല്‍കി നബി(സ്വ)മഹതിയെ വിവാഹം കഴിച്ചു. 
മഹതിയെ നബി (സ്വ) ഒരു പ്രാവശ്യം ത്വലാഖ്‌ ചൊല്ലുകയും പിന്നീട്‌ ജിബ്‌രീല്‍ (അ) ന്റെ വഹ്‌യ്‌ മുഖേന തിരിച്ചെടുക്കുകയും ചെയ്‌തു. നബി (സ്വ) യില്‍ നിന്ന്‌ അറുപതോളം ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത മഹതി ഹിജ്‌റ നാല്‍പത്തിയഞ്ചാമത്തെ വര്‍ഷം ശഅ്‌ബാനില്‍ മദീനയില്‍ തന്റെ അറുപത്തിമൂന്നാമത്തെ വയസ്സില്‍ വഫാത്തായി. അന്ന്‌ മദീനയിലെ ഗവര്‍ണ്ണറായ മര്‍വാനുബ്‌നുല്‍ഹകം മഹതിയുടെ മേല്‍ മയ്യിത്ത്‌ നിസ്‌കരിച്ചു. 
ഉമ്മുല്‍ മുഅ്‌മിനീന്‍ സൈനബ്‌ ബിന്‍ത്‌ ഖുസൈമ (റ)
         ഖുസൈമ(റ)യുടെ പുത്രിയായി ജനിച്ച മഹതി പ്രവാചകന്‌ മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു ജഹ്‌ശി(റ)ഭാര്യയായിരുന്നു. ഉഹ്‌ദ്‌ യുദ്ധത്തില്‍ മഹാനവര്‍കള്‍ വഫാത്തായപ്പോള്‍ ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാലിന്‌ ശേഷം നബി(സ്വ) മഹതിയെ നിക്കാഹ്‌ ചെയ്‌തു. 
                 മിസ്‌കീന്മാരെ ഭക്ഷിപ്പിക്കുന്ന കാരണത്താല്‍ `ഉമ്മുല്‍ മസാക്കീന്‍(മിസ്‌കീന്‍മാരുടെ മാതാവ്‌)' എന്ന പേരില്‍ അറിയപ്പെടുന്ന മഹതി ഹിജ്‌റ നാലാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ വഫാത്താവുകയും ബഖീഇല്‍ മറമാടപ്പെടുകയും ചെയ്‌തു. നബി (സ്വ) ആയിരുന്നു മഹതിയുടെ ജനാസ നിസ്‌കരിച്ചത്‌. ഖദീജ (റ) യെ കൂടാതെ നബി (സ്വ) യുടെ ജീവിത കാലത്തില്‍ വഫാത്തായ ഭാര്യ സൈനബ്‌ (റ) ആയിരുന്നു. 
സൈനബ്‌ ബിന്‍ത്‌ ജഹ്‌ശ്‌ (റ) 
        അബ്‌ദുല്‍മുത്തലിബിന്റെ മകള്‍ ഉമയ്‌മയും റിയാബിന്റെ മകന്‍ ജഹ്‌ശിന്റെയും മകളാണ്‌ മഹതിയവര്‍കള്‍. നബി(സ്വ)യുടെ വളര്‍ത്തുപുത്രന്‍ സൈദ്‌ ബ്‌നു ഹാരിസയുടെ ഭാര്യയായിരുന്നു സൈനബ(റ). പല വിഷയങ്ങളാലും അവരുടെ ദാമ്പത്യജീവിതം അവതാളത്തിലാവുകയും ത്വലാഖില്‍ ചെന്ന്‌ അവസാനിക്കുകയും ചെയ്‌തു. 
      ഹിജ്‌റ അഞ്ചാം വര്‍ഷം അമ്പത്തിയെട്ടാമത്തെ വയസ്സില്‍ നബി(സ്വ) മഹതിയെ വിവാഹം ചെയ്‌തു. ആ സമയത്ത്‌ മഹതിക്ക്‌ മുപ്പത്തിയഞ്ച്‌ വയസ്സുണ്ടായിരുന്നു. മഹതിയെ അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ്‌ മുഖേനയായിരുന്നു നബി(സ്വ) വിവാഹം കഴിച്ചത്‌. ഇക്കാരണത്താല്‍ സൈനബ ബീവി(റ) നബിയുടെ മറ്റുഭാര്യമാരോട്‌ ``നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരാണ്‌ നബി(സ്വ)ക്ക്‌ വിവാഹം കഴിപ്പിച്ചത്‌'' എന്ന്‌ മഹിമ പറയുമായിരുന്നു. 
വളര്‍ത്തു പുത്രന്മാരുടെ ഭാര്യമാരെ വളര്‍ത്തുപിതാവിന്‌ വിവാഹം ചെയ്യാന്‍ പാടില്ലെന്ന തെറ്റായ ധാരണ നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ വിവാഹം. ഈ വിവാഹത്തിലൂടെ ഇസ്‌ലാമിലെ ഒരു നിയമം (വളര്‍ത്തുപുത്രന്മാരുടെ വിധി സ്വന്തം മക്കളെ പോലെയല്ല) നബി(സ്വ) പഠിപ്പിച്ചു. 
ഹിജ്‌റ ഇരുപതാം വര്‍ഷം അമ്പതാമത്തെ വയസ്സില്‍ മഹതി പരലോകം പ്രാപിച്ചു. മഹതിയുടെ മേല്‍ ഉമര്‍(റ) ജനാസ നിസ്‌കരിക്കുകയും ബഖീഇല്‍ മറമാടുകയും ചെയ്‌തു. 
ഉമ്മുല്‍ മുഅ്‌മിനീന്‍ ഉമ്മു സലമ (റ)
      ഹിന്ദ്‌ എന്ന പേരുള്ള ഉമ്മുസലമയുടെ പിതാവ,്‌ ഖുറൈശിയായ അബൂ ഉമയ്യയും മാതാവ്‌ ആതികയുമാണ്‌. ഉമ്മുസലമ(റ)യും ഭര്‍ത്താവ്‌ അബൂ സലമ(റ)യും ആദ്യം മദീനയിലേക്ക്‌ ഹിജ്‌റ പോയവരില്‍ പെട്ടവരാണ്‌. ഈ ദാമ്പത്യജീവിതത്തില്‍ ഇവര്‍ക്ക്‌ സലമ, ഉമര്‍, ദര്‍റ, സൈനബ്‌ എന്നീ നാല്‌ കുസുമങ്ങള്‍ ഉണ്ടായി. ഹിജ്‌റക്ക്‌ ഒരുങ്ങിയപ്പോള്‍ ഉമ്മു സലമ(റ) യെയും ഭര്‍ത്താവിനെയും മകനായ സലമയെയും ശത്രുക്കള്‍ ഒരു വര്‍ഷത്തോളം വേര്‍പിരിച്ചു. 
        ബദ്‌റിലും ഉഹ്‌ദിലും പങ്കെടുത്ത അബൂ സലമ(റ) ഉഹ്‌ദില്‍ ഏറ്റ മുറിവ്‌ കാരണം ഹിജ്‌റ നാലാം വര്‍ഷം ജുമാദുല്‍ ഉഖ്‌റായില്‍ വഫാത്തായി. മുറിവേറ്റ സമയത്ത്‌ ``അല്ലാഹുവേ, ഉമ്മു സലമക്ക്‌ എന്നേക്കാള്‍ നല്ല ഭര്‍ത്താവിനെ നല്‍കേണമേ'' എന്ന്‌ മഹാനവര്‍കള്‍ ദുആ ചെയ്യുകയുണ്ടായി. ആ വര്‍ഷം ശവ്വാലില്‍ നബി(സ്വ) മഹതിയെ വിവാഹം കഴിച്ചു. 
മഹതി നബി(സ്വ)യുടെ ഭാര്യമാരില്‍ പ്രായം കൂടിയവരായിരുന്നു. ഹിജ്‌റ അറുപത്തിയൊന്നാം വര്‍ഷം എണ്‍പത്തിനാലാം വയസ്സില്‍ മഹതി പരലോകം പ്രാപിക്കുകയും ജന്നതുല്‍ബഖീഇല്‍ മറമാടപ്പെടുകയും ചെയ്‌തു. 
ഉമ്മുല്‍ മുഅ്‌മിനീന്‍ ജുവൈരിയ (റ)
ബനൂ മുസ്വ്‌ത്വലിഖ്‌ ഗോത്രക്കാരുടെ നേതാവ്‌ ഹാരിസിന്റെ മകളും മുസാഫിഇന്റെ ഭാര്യയുമായിരുന്നു മഹതി. ഹിജ്‌റ അഞ്ചാം വര്‍ഷം ബനൂ മുസ്വ്‌ത്വലിഖുമായുള്ള യുദ്ധത്തില്‍ മുസാഫിഅ്‌ മരിച്ചപ്പോള്‍ മഹതി യുദ്ധത്തടവുകാരിയായി. യുദ്ധമുതല്‍ ഓഹരി ചെയ്‌തപ്പോള്‍ സാബിത്‌ ബ്‌നു ഖൈസ്‌(റ) ന്‌ മഹതിയെ ലഭിച്ചു. ഇസ്‌ലാം സ്വീകരിച്ച മഹതിയെ സാബിത്‌(റ) മോചനക്കരാര്‍ എഴുതുകയും നബി(സ്വ) മഹതിയെ മോചിപ്പിക്കുകയും നാനൂറ്‌ ദിര്‍ഹം മഹ്‌റ്‌ നല്‍കി വിവാഹം കഴിക്കുകയും ചെയ്‌തു. ആ സമയം മഹതിക്ക്‌ 20 വയസ്സായിരുന്നു. 
ഈ ബന്ധത്തിലൂടെ ബനൂ മുസ്വ്‌ത്വലിഖ്‌ ഗോത്രക്കാരെ സ്വഹാബികള്‍ `നബിയുടെ കുടുംബക്കാര്‍' എന്ന്‌ വിളിച്ചു സന്തോഷം കാണിക്കുകയും അവരില്‍ നിന്ന്‌ പിടിച്ച യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും സമ്പത്ത്‌ തിരിച്ചു നല്‍കുകയും ചെയ്‌തു. ഇതു മൂലം ബനൂ മുസ്വ്‌ത്വലിഖ്‌ ഗോത്രക്കാര്‍ മുഴുവനും ഇസ്‌ലാം മതവിശ്വാസികളാവുകയും ചെയ്‌തു. 
ഹിജ്‌റ അമ്പതാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ മഹതി ഇഹലോകവാസം വെടിഞ്ഞു. മദീനയിലെ ഗവര്‍ണ്ണര്‍ ജനാസ നിസ്‌കരിക്കുകയും മദീനയിലെ ബഖീഇല്‍ മറമാടപ്പെടുകയും ചെയ്‌തു. 
ഉമ്മുല്‍ മുഅ്‌മിനീന്‍ ഉമ്മു ഹബീബ (റംല) (റ)
ഒരു കാലത്ത്‌ ഇസ്‌ലാമിന്റെ ശത്രുപക്ഷത്തായിരുന്ന അബൂ സുഫ്‌യാന്‍ (റ) മഹതിയുടെ പിതാവും സ്വഫിയ്യ മാതാവുമാണ്‌. ഇസ്‌ലാമിലേക്ക്‌ ആദ്യമായി കടന്നുവന്നവരില്‍ പെട്ട ഉമ്മു ഹബീബയും ഭര്‍ത്താവ്‌ ഉബൈദുല്ലയും ഹബ്‌ശയിലേക്ക്‌ ഹിജ്‌റ പോവുകയും അവിടെ വെച്ച്‌ ഉബൈദുല്ല ക്രിസ്‌തുമതം സ്വീകരിച്ചതോടെ ഇസ്‌ലാമില്‍ അടിയുറച്ചു നിന്ന മഹതിയും കുഞ്ഞായ ഹബീബയും തനിച്ചായി. കള്ള്‌കുടിയില്‍ മുഴുകിയ ഉബൈദുല്ല ക്രിസ്‌ത്യാനിയായി തന്നെ മരണപ്പെട്ടു.
      നിരാലംബയും പരാശ്രയയുമായ മഹതിയെ ഹിജ്‌റ ഏഴാം വര്‍ഷം മുഹര്‍റം മാസത്തില്‍ അബൂ സുഫ്‌യാന്റെ പിതൃവ്യന്റെ മകനായ ഖാലിദ്‌ ബ്‌നു സഈദ്‌ 400 ദിര്‍ഹം മഹ്‌റിന്‌ പകരമായി നബി (സ്വ) ക്ക്‌ ഭാര്യയാക്കി. ഹിജ്‌റ നാല്‍പത്തിനാലാം വര്‍ഷം തന്റെ സഹോദരനായ മുആവിയ (റ) ന്റെ ഭരണകാലത്ത്‌ മദീനയില്‍ വെച്ച്‌ മഹതി വഫാത്തായി. 
ഉമ്മുല്‍ മുഅ്‌മിനീന്‍ സ്വഫിയ്യ (റ)
          ഹുയയ്യിന്റെയും ബര്‍റത്തിന്റെയും മകളായ മഹതിയെ ഖൈബര്‍ യുദ്ധ വേളയില്‍ ബന്ധിയാക്കപ്പെട്ടു. നബി(സ്വ)ക്ക്‌ മുമ്പ്‌ സല്ലാം, കിനാന എന്നീ രണ്ട്‌ പേര്‍ മഹതിയെ വിവാഹം ചെയ്‌തിരുന്നു. 
      യുദ്ധമുതല്‍ വിഹിതം ചെയ്യുന്ന സമയത്ത്‌ ദിഹ്‌യത്തുല്‍ കല്‍ബി(റ)ക്ക്‌ മഹതിയെ ലഭിച്ചപ്പോള്‍ അവിടെ ഉണ്ടായ ഒരാള്‍ ``ഗോത്രത്തലവന്റെ മകളായ മഹതി അങ്ങേക്കല്ലേ ഉത്തമം'' എന്ന്‌ നബി(സ്വ)യോട്‌ ചോദിച്ചു. ഈ നിര്‍ദ്ദേശം നബി(സ്വ) അംഗീകരിച്ച്‌ ദിഹ്‌യ(റ) യോട്‌ വേറെ സ്‌ത്രീയെ തിരഞ്ഞെടുക്കാനും പറഞ്ഞു. അപ്പോള്‍ കിനാനയുടെ സഹോദരിയെ തിരഞ്ഞെടുത്തു. സ്വഫിയ്യ(റ)യോട്‌ മുസ്‌ലിമായി നബി(സ്വ)യുടെ കൂടെ ജീവിക്കണോ അതല്ല കുടുംബങ്ങളുടെ കൂടെ ജീവിക്കണോ എന്ന്‌ അന്വേഷിക്കുകയും മഹതി നബി (സ്വ)യെ തിരഞ്ഞെടുക്കുകയും ചെയ്‌തു. 
     മൂസാ നബി (അ) യുടെ സഹോദരനായ ഹാറൂന്‍ (അ) ന്റെ സന്താന പരമ്പരയില്‍ പെട്ട മഹതി മാത്രമേ നബി (സ്വ) യുടെ ഭാര്യമാരില്‍ അനറബിയായിട്ട്‌ ഉണ്ടായിരുന്നുള്ളൂ. ഹിജ്‌റ അമ്പതാം വര്‍ഷം മുആവിയ (റ) യുടെ ഭരണകാലത്ത്‌ മഹതി പരലോകം പ്രാപിച്ചു. ബഖീഇലാണ്‌ മഹതിയെ മറമാടപ്പെട്ടത്‌. 
ഉമ്മുല്‍ മുഅ്‌മിനീന്‍ മൈമൂന (റ) 
        ഹാരിസുബ്‌നു ഹസനിന്റെയും ഹിന്ദിന്റെയും മകളായ മൈമൂന (റ) യെ മസ്‌ഊദ്‌ ബ്‌നു അംറും അബൂ റുഹമ്‌ബ്‌നു അബ്‌ദുല്‍ ഉസ്സായും വിവാഹം ചെയ്‌തിരുന്നു. ഹിജ്‌റ ഏഴാം വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍ വന്ന നബി (സ്വ)ക്ക്‌ അബ്ബാസ്‌(റ) മഹതിയെ വിവാഹം ചെയ്‌തു കൊടുക്കുകയും മക്കയിലെ ``സരിഫ്‌'' എന്ന സ്ഥലത്ത്‌ വീടുകൂടുകയും ചെയ്‌തു. അഞ്ഞൂറ്‌ ദിര്‍ഹമായിരുന്നു മഹ്‌റായി നല്‍കിയത്‌. 
     കുലീനതയില്‍ മുന്നില്‍ നില്‍ക്കുന്ന മൈമൂന ബീവി (റ) ക്ക്‌ നബി (സ്വ) അനുയോജ്യനായ ഭര്‍ത്താവ്‌ എന്നതിലുപരി ഒരു സാധുസ്‌ത്രീയുടെ സംരക്ഷണം ഏറ്റെടുക്കല്‍ കൂടിയായിരുന്നു ഈ വിവാഹം. 
ഹിജ്‌റ അമ്പത്തിയൊന്നാം വര്‍ഷം സരിഫില്‍ വെച്ചു മഹതി വഫാത്താവുകയും മറമാടപ്പെടുകയും ചെയ്‌തു. അബ്ബാസ്‌(റ) ആയിരുന്നു ജനാസ നിസ്‌കരിച്ചത്‌. നബി (സ്വ) യുടെ അവസാനത്തെ ഭാര്യയായിരുന്നു മഹതി. 
നബിയുടെ ഭാര്യമാരായ മൈമൂന(റ), ജഹ്‌ശിന്റെ മകള്‍ സൈനബ്‌(റ), ജുവൈരിയ്യ(റ) എന്നിവരുടെ പേരുകള്‍ വിവാഹം കഴിക്കുന്നതിന്‌ മുമ്പ്‌ `ബര്‍റ' എന്നായിരുന്നു.
നബി (സ്വ)യുടെ അടിമസ്‌ത്രീകള്‍ 
പ്രബലമായ അഭിപ്രായ പ്രകാരം നബി(സ്വ)ക്ക്‌ നാല്‌ അടിമസ്‌ത്രീകളാണുണ്ടായിരുന്നത്‌.
 
മാരിയത്തുല്‍ ഖിബ്‌ത്വിയ്യ (റ)
     ഈജിപ്‌ത്‌ ഭരിച്ചിരുന്ന റോമന്‍ ചക്രവര്‍ത്തി മുഖൗഖിസ്‌ നബി(സ്വ)ക്ക്‌ സമ്മാനമായി നല്‍കിയതാണ്‌ മഹതിയെ. ശംഊന്‍ എന്നാണ്‌ പിതാവിന്റെ പേര്‌. നബി(സ്വ)യുടെ മകനായ ഇബ്രാഹിം(റ)ന്റെ ഉമ്മയാണ്‌ മഹതി. ഹിജ്‌റ പതിനാറാം വര്‍ഷം ഉമര്‍(റ)ന്റെ ഭരണകാലത്ത്‌ മഹതി വഫാത്തായി. ബഖീഇല്‍ മറമാടപ്പെട്ടു. മഹതിയുടെ ജനാസ നിസ്‌കരിച്ചത്‌ ഉമര്‍(റ)ആയിരുന്നു. 
റൈഹാന (റ) 
    നബി(സ്വ)യുടെ ഭാര്യമാരില്‍ പെട്ടതാണെന്നും അഭിപ്രായമുള്ള മഹതി ബനൂ ഖുറൈള ഗോത്രക്കാരിയാണ്‌. ശംഊന്‍ ആണ്‌ പിതാവ്‌. നബി(സ്വ)യുടെ ജീവിത കാലത്ത്‌ തന്നെ മഹതി ഇഹലോകവാസം വെടിഞ്ഞു. ബഖീഇലാണ്‌ മറമാടപ്പെട്ടത്‌. സൈനബ ബീവി(റ) നബി(സ്വ)യെ തൃപ്‌തിപ്പെടുത്താന്‍ നല്‍കിയ അടിമയും യുദ്ധത്തടവുകാരിയായി പിടിക്കപ്പെട്ട വേറെ ഒരു അടിമയും നബി(സ്വ)ക്ക്‌ ഉണ്ടായിരുന്നു. 

2 comments:

Related Posts Plugin for WordPress, Blogger...