Sunday, 11 October 2020
മുജദ്ദിതായ കുന്നത്തേരി തങ്ങൾ(റ) ( Kunnatheri Thangal
Thursday, 8 October 2020
കുന്നത്തേരി തങ്ങൾ (ഖു.സി) Kunnatheri Thangal ( QS)
Tuesday, 18 August 2020
നബി (സ്വ) യുടെ നബിദിന സന്ദേശം
ലോകത്ത് ധാരാളം ജന്മദിനാഘോഷങ്ങളുണ്ട്. പക്ഷേ, എണ്ണപ്പെട്ടത് അധികമില്ല; വളരെ കുറച്ചേയുള്ളൂ. അതില്‍ പ്രമുഖം രണ്ട് നബിമാരുടേതാണ്.
ഒന്ന് നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ റസൂല്‍ കരീം (സ്വ) തങ്ങളുടേത്. മറ്റേത് ഈസാ നബി (അ) എന്ന ശ്രീയേശുവിന്‍റേത്. അവയില്‍ നമ്മുടെ നബി (സ്വ) യുടെ ജന്മദിനാഘോഷമേ നബിദിനം എന്ന് പേര് കേട്ടിട്ടുള്ളൂ. ഈസാ നബി (അ) യുടെ ജന്മദിനാഘോഷമാകട്ടെ ക്രിസ്തുമസ് എന്ന പേരാണ് കേള്‍പ്പിച്ചത്.
നബിദിനം ഒന്ന് മതി, ഒന്നേ ഒന്ന്; അത് സ്വന്തം ഹബീബിന്‍റേതാകട്ടെ എന്നായിരിക്കാം അല്ലാഹുവിന്‍റെ തീരുമാനം. ഇക്കഴിഞ്ഞത് പുന്നാര നബി (സ്വ) യുടെ 1488-ാമത് ജന്മദിനാഘോഷമായിരുന്നു. നമ്മള്‍ എന്തിനീവിധം അവിടുത്തെ ജന്മദിനങ്ങള്‍ എണ്ണുന്നു?
ഉത്തരത്തിന് നമുക്കൊരു ഹദീസിലേക്ക് പോകാം. എന്‍റെ വരവോടെ ഖിയാമത്ത് നാള്‍ അടുത്തു. ഉത്തരം വ്യക്തം; ഖിയാമത്തിന്‍റെ അടുപ്പം അക്കമിട്ട് അറിയാന്‍.
വിപുലമായ നബിദിനാഘോഷങ്ങള്‍ ആരംഭിച്ചത് ഹിജ്റ് 300 ന് ശേഷം ആയിരുന്നു. അവിടുന്നിങ്ങോട്ട് പ്രാദേശിക നബിദിനാഘോഷങ്ങളുടെ നോട്ടീസുകളില്‍ പോലും അത് നമ്മള്‍ ആവേശത്തോടെ എണ്ണിക്കുറിച്ചു. അവരും ഇവരും അവരവരുടെ ആചാര്യന്മാരുടെ ജന്മദിനാഘോഷങ്ങള്‍ എണ്ണിയത് കണ്ടിട്ടല്ല: പിന്നെയോ, ഖിയാമം അടുത്തു എന്ന് നമ്മുടെ നബി (സ്വ) പറഞ്ഞിട്ടാണ്.
യേശുവിന്‍റെ ജന്മദിനം ആഘോഷിച്ചു; നബി (സ്വ) യുടെയും ആഘോഷിച്ചു!? ക്രിസ്തുമസ് എണ്ണി; നബിദിനവും എണ്ണി!?; അല്ല, അങ്ങനെയല്ല. ചിലര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ട്. അബദ്ധ ധാരണയാണത്.
എന്‍റെ വരവോടെ ഖിയാമം അടുത്തു എന്ന നബിവചനത്തില്‍ ഉറപ്പായും ഒരു നബിദിന സ്പര്‍ശമുണ്ട്. ഒന്ന് കടത്തിപ്പറഞ്ഞാല്‍ ഖിയാമ സന്ദേശം എന്നതിന് പുറമേ അതൊരു നബിദിന സന്ദേശം കൂടിയാണ്. നബി (സ്വ) യുടെ വക നബിദിന സന്ദേശം. നബി (സ്വ) യുടെ സ്വന്തം നബിദിന സന്ദേശം. നബിദിനാഘോഷങ്ങള്‍ക്ക് മുമ്പേ പിറന്ന, അല്ല പറന്ന നബിദിന സന്ദേശം.
നബിദിനാഘോഷങ്ങള്‍ നിലവില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ നമുക്കിങ്ങനെ ഖിയാമ സാമീപ്യം എണ്ണി അറിയുവാന്‍ ഒക്കുകയില്ലായിരുന്നു. എവിടെ തൊട്ട് അല്ലെങ്കില്‍ എവിടെ നിന്നെണ്ണും?
ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെ നോക്കിയാലും എണ്ണിത്തുടങ്ങുവാന്‍ ഒരു ആധാരശില അഥവാ ഒന്നാം (നാഴിക)കല്ല് ഇല്ല. അതുണ്ടായത് നബി (സ്വ) യുടെ വരവോടെ, നബിദിനത്തോടെ മാത്രം.
ലോകം അവസാനിക്കുന്നത് ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ചയിലായിരിക്കും എന്ന് ലോകത്തിന്‍റെ നേതാവ് നമ്മുടെ നബി (സ്വ) വെളിപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച സംഭവിക്കാനിരിക്കുന്ന സംഭവം ആയിട്ടും ഏതെങ്കിലും ഒരു വെള്ളിയാഴ്ച ആസ്പദമാക്കി ആ സംഭവത്തെ എണ്ണാമെന്ന് വെച്ചാല്‍ സാധ്യമല്ല, പകരം നക്ഷത്രമെണ്ണുകയേയുള്ളൂ. നബിദിനം തൊട്ട് അല്ലാതെ മറ്റൊരു ദിനം തൊട്ടും ഖിയാമം എണ്ണാന്‍ ഒക്കുകയില്ല.
നബി (സ്വ) യും നബിദിനവും നമ്മളെ ഖിയാമം എണ്ണിച്ചു. നബിയ്ക്ക് പുകഴ്. നബിദിനത്തിനും പുകഴ്. നബിദിനാഘോഷ വിരോധികള്‍ക്ക് ജനകോടികളെ കൊണ്ട് ഖിയാമം എണ്ണിയ്ക്കുന്ന നബിദിനാഘോഷ മഹാമഹങ്ങള്‍ എങ്ങനെ വിരോധിക്കുവാന്‍ കഴിയുന്നു?
നബിദിനാഘോഷങ്ങള്‍ ഒരു തസ്ബീഹ് മാലയാണ്. ഖിയാമം എണ്ണാനുള്ള, എണ്ണിക്കഴിയാനുള്ള ഒരു തസ്ബീഹ് മാല; അസാധാരണവും അപൂര്‍വ്വവുമായ ഒരു തസ്ബീഹ് മാല. നബി (സ്വ) യുടെ എണ്ണിയാല്‍ തീരാത്ത പുകഴുകള്‍ എണ്ണുന്നതിന്‍റെ കൂടെ അനന്തമജ്ഞാതമവര്‍ണ്ണനീയമീ പ്രപഞ്ചത്തിന്‍റെ മരണവും എണ്ണിക്കഴിയാന്‍ നമ്മള്‍ അന്ത്യജനതയ്ക്ക് അല്ലാഹു അവന്‍റെ പ്രത്യേക ഔദാര്യമായി തന്ന തസ്ബീഹ് മാല. പൂര്‍വ്വ ജനതകള്‍ക്കൊന്നും കിട്ടാത്ത റബീഅ്-ന്‍റെ മലര്‍മണി മാല.
സാധാരണ തസ്ബീഹ് മാലകള്‍ക്ക് ക്ലിപ്തം തസ്ബീ മണികളായിരിക്കും. ഇതിലെ മണികള്‍ ക്ലിപ്തമല്ല. അതുകൊണ്ട് തന്നെ ഇത് അസാധാരണ മാലയാണ്. വസന്തം (റബീഅ്) വരുന്നു, മണിമുത്ത് തരുന്നു, മുത്തോടൊരു മുത്തുടന്‍ കോര്‍ക്കുന്നു, മറിയ്ക്കുന്നു, തസ്ബീഹ് ചെയ്യുന്നു, വസന്തത്തിന്‍ വത്സപുത്രനെ വാഴ്ത്തുന്നു. നബിദിനാഘോഷങ്ങള്‍അന്ത്യനാളിന്‍റെ അജ്ഞാത സാമീപ്യം സമൂഹത്തിനാകെ ആവാഹിച്ചു തരുന്നു.
ഇത് അന്ത്യജനതയായ നമ്മളുടെ മാത്രം സൗഭാഗ്യം. 'അന്തനാള്‍' നാം സൂക്ഷ്മമായി എണ്ണിക്കൊണ്ടിരിക്കണം. കാരണം നമ്മുടെ വിശ്വാസ സംഹിതയിലെ മുഖ്യ പ്രമാണങ്ങളിലൊന്നാണത്.
അന്ത്യദിനത്തിലുള്ള വിശ്വാസത്തിലുള്ള ആഘോഷം കൂടിയാകട്ടെ നബിദിനാഘോഷം.
പി. മുഹമ്മദ് ബഷീര്‍, വണ്ണപ്പുറം
അനിവാര്യമാണ് ആദരവ്
മുഹമ്മദ് സഹല്‍, കാരിക്കോട്
ആദരവ് എന്നത് ഒരു മഹത്തായ ഗുണമാണ്. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്‍റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്. മതം ഉള്ളവനും ഇല്ലാത്തവനും അത് അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ് എന്നത് മനുഷ്യ ജീവിതത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത് പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജഡത്തെ പോലെയാണ്. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത് നേടിത്തരുന്നത് മുത്ത് നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്നേഹവും ഒന്ന് മാത്രമാണ്.
ആദ്യത്തെ അനാദരവ്
ആദരവിന്‍റെയും അനാദരവിന്‍റെയും ചരിത്രത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. ആദം നബി (അ) നെ സൃഷ്ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ചു. ഇബ്ലീസ് (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്തു. സുജൂദ് ചെയ്യാത്ത ഇബ്ലീസ് ഇതിന് പറഞ്ഞ ന്യായം : തീ കൊണ്ട് പടക്കപ്പെട്ട ഞാന്‍ മണ്ണ് കൊണ്ട് പടക്കപ്പെട്ട ആദമിന് എന്തിന് സുജൂദ് ചെയ്യണം? എന്നതായിരുന്നു.
അനാദരവിന്‍റെ ഉത്ഭവം
അനാദരവ് ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ് അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ് എന്ന മൂഢമായ ധാരണ. ഇബ്ലീസിന് പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്ലീസിന്‍റെ അനുയായികള്‍ തന്നെയാണ് എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്‍റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്. അതുകൊണ്ട് അവരെ ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നവരും മണ്ണ് കൊണ്ട് പടച്ച ആദമിനെ തീ കൊണ്ട് പടച്ച ഞാന്‍ എന്തിന് സുജൂദ് ചെയ്യണം എന്ന് ചോദിക്കുന്ന ഇബ്ലീസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇരുവരും യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.
ആരാധനയും ആദരവും
പരിശുദ്ധ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്പരം പൂരകങ്ങളാണ്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണ്. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക് മാത്രം പ്രാധാന്യം കൊടുത്ത് ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ് വന്ന പലരും ആദരവ് ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ് ഒന്നിന്‍റെ കുറവ് കൊണ്ട് മാത്രം നാശത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയ സംഭവവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
കാഫിരീങ്ങളുടെ ആദരവ്
മൂസാ നബി (അ) ക്ക് അല്ലാഹു കൊടുത്ത മുഅ്ജിസത്തിന്‍റെ വടി മായാജാലമാണെന്ന് ആരോപണം ഉന്നയിച്ച അന്നാട്ടിലെ കാഫിരീങ്ങളായ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന് ക്ഷണിച്ചു. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന് മുമ്പ് അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട് ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്‍റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്. "അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത് ഞങ്ങളാവാം" (സൂറത്ത് ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച് കൊണ്ട് ബഹു. ശൈഖ് ഇസ്മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക് സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ് അവരെ സത്യവിശ്വാസത്തിലേക്ക് അല്ലാഹു നയിച്ചത് എന്ന് ഈ ആയത്തില്‍ സൂചനയുണ്ട് (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട് കാഫിരീങ്ങളായ ജനതയ്ക്ക് അല്ലാഹു ഹിദായത്ത് കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ് പോലും നമ്മെ നാശത്തിന്‍റെ പടുകുഴിയിലേക്ക് നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന് ഈ സംഭവം പഠിപ്പിക്കുന്നു.
ആബിദീങ്ങളുടെ അനാദരവ്
നാം മേല്‍പറഞ്ഞ ഇബ്ലീസിന്‍റെ ചരിത്രം തന്നെ വലിയ പാഠമാണ്. മലക്കുകളുടെ ഉസ്താദും വലിയ ആബിദും ഏഴ് ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്ലീസ് ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച് അനാദരവ് എന്ന ഒന്ന് കൊണ്ട് മാത്രമാണ്. പണ്ഡിതനും ആബിദുമായ ഇബ്നു സഖായ്ക്കും പറ്റിയ പ്രധാന പ്രശ്നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്. ബല്‍ഗമ് ബ്നു ബാഗൂറയ്ക്ക് പറ്റിയ അബദ്ധവും അത് തന്നെ.
സ്വഹാബാക്കള്‍ക്ക് കിട്ടിയ ശാസന
മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത് തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: "സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത് പോലെ നബി (സ്വ) യോട് ഒച്ച വെക്കരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോയേക്കും എന്നത് കൊണ്ടാണ്". പിന്നീട് അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത് പോലെയേ നബി (സ്വ) യോട് സംസാരിക്കുമായിരുന്നുള്ളൂ.
വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കല്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്ഠക്കായി അല്ലാഹു പരീക്ഷിച്ച് പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
അടിസ്ഥാനം ആദരവ് തന്നെ
ഇബ്ലീസ്, ഇബ്നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്‍റെ പടുകുഴിയിലേക്ക് വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക് സത്യവിശ്വാസത്തിന്‍റെ കവാടം തുറക്കാനുമുണ്ടായ കാരണം 'ആദരവ്' എന്ന സത്ഗുണം മാത്രമാണ്. 'അസ്വ്ഹാബുല്‍ കഹ്ഫ്' ചരിത്രത്തിലെ 'പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന് പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്‍റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത് കൊണ്ട് മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന് മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ് താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത് "ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയത്തിന്‍റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്" എന്നാണ്. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: "അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്മരിക്കല്‍ പാപമോചനവുമാണ്".
തെറ്റായ നിഗമനങ്ങള്‍
ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്മതയിലും ഇബാദത്ത് ചെയ്തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്‍റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന് തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്‍റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ് ഓതണോ? നിസ്കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത് ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന് പരിധി വെച്ച് "അമിതമായാല്‍ അമൃതും വിഷം" എന്ന് വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഒന്ന് കണ്ടിരുന്നുവെങ്കില്‍..
ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത് ബ്നു മസ്ഊദ് നടത്തിയ ദൃക്സാക്ഷി വിവരണം ഒന്ന് കാണുക. "മുഹമ്മദ് നബി (സ്വ) തുപ്പുന്നത് അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട് വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട് അവരത് നിറവേറ്റുന്നു. അവിടുന്ന് വുളൂ ചെയ്താല്‍ ബാക്കിയുള്ള വെള്ളത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട് പറയുന്നു: ഞാന്‍ കിസ്റയുടെയും കൈസറിന്‍റെയും നജ്ജാശിയുടെയും മറ്റ് പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി (സ്വ) യെ ആദരിക്കുന്നത് പോലെ മറ്റ് ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത് കണ്ടിട്ടില്ല".
അതുകൊണ്ട് തന്നെ ആദരവ് എന്നത് പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്. അത് ഏറ്റുവാങ്ങിയവര്‍ മാത്രമാണ് വിജയിച്ചിട്ടുള്ളതും. അനാദരവിന്‍റെയും അഹങ്കാരത്തിന്‍റെയും വഴി തേടിയവരെല്ലാം പരാജയത്തിന്‍റെ പടുകുഴിയിലേക്ക്, സ്വയം നാശത്തിന്‍റെ നിതാന്ത അസ്തമയത്തിലേക്ക് ആണ്ട് പോയിട്ടുണ്ട്. കാലം അതിന് സാക്ഷിയാണ്. "വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട് കൂടിയിട്ടല്ലാതെ". അതെ വിജയിച്ചവരോട് കൂടുമ്പോള്‍ അവിടെ ആദരവ് അനിവാര്യമാകുന്നു. അല്ലാഹു നമ്മെ പൊരുത്തമുള്ള വഴികളിലൂടെ സഞ്ചരിപ്പിക്കട്ടെ. ആമീന്‍.
അന്ത്യനാളിലെ ഇരുളുകള്‍
"നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യനാളിലെ ഇരുളുകളാണവ. നിങ്ങള്‍ ആര്‍ത്തിയെ സൂക്ഷിക്കുക. നിങ്ങളുടെ പൂര്‍വ്വീകരെ നാശത്തിലാക്കിയത് ആര്‍ത്തിയാണ്. രക്തമൊഴുക്കാനും നിഷിദ്ധ കൃത്യങ്ങള്‍ അനുവദനീയമാക്കി മാറ്റാനും അവരെ പ്രേരിപ്പിച്ചത് അതായിരുന്നു"
ജാബിര്‍ (റ) വില്‍ നിന്നും മുസ്ലിം ഉദ്ധരിച്ച ഹദീസിന്‍റെ താല്‍പര്യമാണിത്. മനുഷ്യന് ഉണ്ടാവേണ്ട ഉത്തമ ഗുണങ്ങള്‍ പാടെ നശിപ്പിച്ച് ക്രൂരനാക്കി തീര്‍ക്കുന്ന രണ്ട് ദൂഷ്യങ്ങളാണ് ആര്‍ത്തിയും അക്രമ മനോഭാവവും. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണത്. ഒരു കാര്യം അസ്ഥാനത്ത് പ്രയോഗിക്കുന്നതിനാണ് അക്രമം എന്ന് മഹാന്മാര്‍ വിവക്ഷ നല്‍കിയിരിക്കുന്നു. മനസ്സാ-വാചാ-കര്‍മ്മണാ വരുത്താന്‍ കഴിയുന്ന കടുത്ത ദ്രോഹമാണ് അക്രമം. ആര്‍ത്തി ചിന്തയുള്ള മനുഷ്യരില്‍ നിന്ന് അക്രമ സ്വഭാവം എളുപ്പം പുറത്ത് ചാടുന്നു. അക്രമത്തെയും ആര്‍ത്തിയെയും ഒരു ഹദീസില്‍ ചേര്‍ത്ത് പറഞ്ഞതില്‍ നിന്ന് തന്നെ അക്കാര്യം മനസ്സിലാകും. ലോകചരിത്രത്തില്‍ ആദ്യമായി കൊലപാതകം എന്ന അക്രമം ആദം സന്തതിയായ ഖാഹീല്‍ നടത്തിയതിന്‍റെ പ്രേരകം ആര്‍ത്തിയായിരുന്നു. അക്രമിക്ക് മുന്നില്‍ സത്യാസത്യ വിവേചനത്തിന് പ്രസക്തി കിട്ടാത്തത് പോലെ ആര്‍ത്തി ബോധം ബാധിക്കുമ്പോള്‍ അധമ മനോഭാവത്തില്‍ നിന്ന് മുക്തി പ്രാപിക്കാനും മനുഷ്യന് കഴിയുകയില്ല.
വിദ്വേഷങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്ന ധ്യൂമ വലയം എല്ലാ രംഗത്തുമെന്ന പോലെ മുസ്ലിം ധാര്‍മ്മിക മണ്ഡലത്തെയും മേഘാവൃതമാക്കി തുടങ്ങിയിരിക്കുന്നു. ഹൃദ്യതയും ചൈതന്യവും നിറഞ്ഞു തുളുമ്പേണ്ട സാംസ്കാരിക വേദികളില്‍ പോലും അവജ്ഞയോ അസൂയയോ നര്‍ത്തനമാടാന്‍ തുടങ്ങിയിട്ടുണ്ട്. സത്യത്തിന്‍റെ തീരത്തണയേണ്ട സാമുദായിക നൗക അസത്യത്തിന്‍റെ താളങ്ങളില്‍ തട്ടി അകലങ്ങളില്‍ ഒഴുകുകയാണ്. കാരണം നമ്മുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഭത്സന മനോഭാവങ്ങള്‍. അക്രമവും ആര്‍ത്തിയും വിളയാടാന്‍ അവസരമുണ്ടാക്കി എന്നത് തന്നെ. കൊലപാതകം, ഭവനഭേദനം ആദിയായ കൃത്യങ്ങള്‍ നടത്തുന്നതിനെ കുറിച്ച് മാത്രം അക്രമം എന്ന് പേര് പറയുകയും രാഷ്ട്രീയ വിമര്‍ശനം, സ്വഭാവഹത്യ തുടങ്ങിയ ചെയ്തികള്‍ക്ക് അനുവദനീയതയുടെ മൂടുപടം ചാര്‍ത്തുകയും ചെയ്തത് മറ്റൊരു കാരണമാണ്. ഒരു സത്യവിശ്വാസിയുടെ ധനമോ മാനമോ ദേഹമോ എന്തപഹരിച്ചാലും അക്രമത്തിന്‍റെ പട്ടികയില്‍ പെടുമെന്ന കാര്യം ബോധപൂര്‍വ്വം മറക്കുന്നു.
അക്രമകാരികള്‍ക്ക് അന്ത്യദിനത്തില്‍ നരക പ്രവേശനത്തിന് മുമ്പു തന്നെ നിരവധി പീഡനങ്ങളും ദുരിതാനുഭവങ്ങളും നേരിടേണ്ടിവരും. ഹദീസിലെ 'ഇരുളുകള്‍' എന്ന ബഹുവചന പ്രയോഗത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാമെന്ന് മഹാനായ ഇബ്നുല്‍ജൗസി (റ) പറഞ്ഞു. സമൂഹത്തിനോ തനിക്കോ ഇത്തിരി ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനെ കുറിച്ച് സേവനമെന്ന് വിശേഷിപ്പിക്കുക, അതിന്‍റെ മറവില്‍ അരുതാത്ത വാക്കും വര്‍ത്തമാനവുമൊക്കെ ശരിയുടെയോ നന്മയുടെയോ കണക്ക് പുസ്തകത്തില്‍ വരവ് വെക്കുകയും ചെയ്യുന്നു. നിലവിലുള്ള ഈ ധാരണ ചിലര്‍ക്ക് പറ്റിയ പാളിച്ച തന്നെയാണ്. സര്‍വ്വവിധ വാത രോഗങ്ങള്‍ക്കും ഒരു സിദ്ധ ഔഷധമാണ് കുറുന്തോട്ടി. എന്നാല്‍ കുറുന്തോട്ടിക്ക് വാതം പിടിച്ചാലുള്ള അവസ്ഥയാണിത്. താന്താങ്ങളുടെ അക്രമസ്വഭാവങ്ങള്‍ക്ക് ചൂട് പിടിക്കാനും സിന്ദാബാദ് വിളിച്ച് സമുദായാന്തരീക്ഷം മലീമസമാക്കുന്ന ചിലരെ കാണാം. എല്ലാം തനിക്കാക്കി ബടക്കാക്കുന്ന പ്രവണതയാണിത്. നന്മയുടെ വക്താക്കളായി മാറേണ്ടവര്‍ അന്ത്യനാളിലെ ഇരുളുകളില്‍ ഊളിയിടേണ്ടിവരുമെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.
പി.കെ.എ. ഹമീദ് മൗലവി, ശ്രീമൂലനഗരം
ഇസ്ലാം ശാസ്ത്രീയം സമഗ്രം-2
ഇസ്ലാം ശാസ്ത്രീയം സമഗ്രം-2
മറ്റൊരു നിബന്ധനയായ ശുദ്ധീകരണം അതി പ്രാധാന്യമേറിയതാണ്. അല്ലാഹു പറയുന്നു: "നാം നിങ്ങള്‍ക്ക് ശുദ്ധവെള്ളമാണ് ആകാശത്ത് നിന്ന് ഇറക്കിത്തന്നത്".
ഉപ്പുജലം നീരാവിയായി സ്വീകരിച്ച് തണുത്ത മഴത്തുള്ളികളായി പെയ്തിറങ്ങുമ്പോള്‍ കുടിക്കാനും കുളിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന മനുഷ്യരാശി മറ്റൊരു അനുഗ്രഹം ഓര്‍ത്തില്ലായെങ്കില്‍ പോലും ജീവജലത്തെ മറക്കാന്‍ പാടില്ലാത്തതാണ്. കൊടുംവേനലില്‍ വടക്കേ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ നടന്നു പോയപ്പോള്‍ ഒരു ഗ്ലാസ്സ് കുടിവെള്ളത്തിന് പൈസ നല്‍കിയ രംഗം ഇപ്പോഴും വിനീതന്‍റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.
ഇതേ ജലം തന്നെയാണ് ശുദ്ധീകരണ പ്രക്രിയക്കും ഇസ്ലാം അനുശാസിക്കുന്നത്. പരിസര മലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഇസ്ലാം നിര്‍ദ്ദേശിച്ച അംഗസ്നാനം (വുളൂ) പഠിയ്ക്കുമ്പോള്‍ അതിന്‍റെ ശാസ്ത്രീയതയുടെ മുന്നില്‍ നാം പകച്ചു പോകും.
ശുദ്ധീകരണത്തിലെ ശാസ്ത്രീയത
ഒരു കര്‍മ്മം ആരംഭിക്കുവാന്‍ ശുചിത്വം പൊതുസമ്മതിയായ ഒരു തത്വമാണ്. പക്ഷേ ഇസ്ലാമിന്‍റെ നിര്‍ദ്ദേശങ്ങളും വീക്ഷണങ്ങളും കുറ്റമറ്റതാണ്. ഉദാഹരണമായി ഒരാള്‍ കുറച്ച് നേരം നടന്നു. വിയര്‍പ്പ് ഇറ്റുന്ന ശരീരവുമായി അയാള്‍ കുറച്ച് നേരം മുറിയിലോ പുറത്തോ വിശ്രമിക്കുമ്പോള്‍ ശരീരമൊന്നാകെ വിയര്‍ക്കുന്നു. ചിലപ്പോള്‍ ആ വിയര്‍പ്പ് തുടച്ച് മാറ്റിയെന്ന് വരാം.
പക്ഷേ, ഈ രൂപത്തില്‍ അയാള്‍ ഏതെങ്കിലും വിധേന വിയര്‍പ്പൊഴിവാക്കി ശരീരത്തിന് ശുദ്ധത വരുത്തല്‍ ഐച്ഛികമാണ്. നിരന്തരമായ ആലസ്യം കാരണം സ്വതവേ ശരീരം ദുര്‍ഗന്ധപൂരിതമാകുന്നു. പൊതുസദസ്സില്‍ അയാള്‍ക്ക് ഇടകലരാന്‍ അത് തടസ്സം സൃഷ്ടിക്കുന്നു.
ഇതേ സ്ഥാനത്ത് ഒരു പ്രാവശ്യം ദാമ്പത്യബന്ധം പുലര്‍ത്തിയാല്‍ തന്നെ ഇസ്ലാം കുളി നിര്‍ബന്ധമാക്കിയിരിക്കുന്നു. ശരീരത്തിന്‍റെ സൂക്ഷ്മ നാഡികള്‍ പോലും ചലനത്തിലേര്‍പ്പെടാതെ ഇന്ദ്രിയസ്രവം സാധ്യമാകുന്നില്ലായെന്ന് ശാസ്ത്രം അടുത്തിടെ വിധിയെഴുതി. ആ പ്രവര്‍ത്തനഫലമായി ഇന്ദ്രിയസ്രവം നടക്കുമ്പോള്‍ ശരീരം പുറന്തള്ളുന്നത് ഒരു പ്രത്യേകതരം വിയര്‍പ്പാണ്. അതിന് ഗന്ധവും കൂടും. ആ വിയര്‍പ്പില്‍ വിഷാംശം ഉണ്ട്. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു : "അല്‍ മാഉ മിനല്‍ മാഇ". സംസര്‍ഗ്ഗത്തിന്‍റെ പേരില്‍ കുളി നിര്‍ബന്ധമാണെന്നാണ് ഇതിന്‍റെ സാരം.
ഇനി നമുക്ക് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടുവന്ന നിസ്കാരത്തിന് മുമ്പുള്ള അംഗസ്നാനത്തിലേക്ക് തന്നെ തിരിച്ചു വരാം. അംഗസ്നാനത്തിന്‍റെ പ്രാരംഭം തന്നെ മനസ്സിന്‍റെ ഏകാഗ്രതയാണ്.
മനഃകൃതം കൃതം രാമഃ
നഃശരീര കൃതം കൃതം
ഏനേ ആലിംഗനേ കാന്ത
തേനേ ആലിംഗനേ സുതഃ
ഇത് മനസ്സിന്‍റെ ശുദ്ധിയെ പറ്റിയുളള ഉപനിഷത്തിലെ ഒരു കാഴ്ച്ചപ്പാടാണ്.
"മനസ്സിന്‍റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ പ്രവൃത്തി. ശരീരത്തിന്‍റേതല്ല. ഏത് അവയവം കൊണ്ട് കാന്തയെ പുണരുന്നുവോ അത് കൊണ്ട് മക്കളെ പുണരുമ്പോള്‍ മനസ്സിന്‍റെ കാഴ്ചപ്പാടാണ് വ്യത്യാസപ്പെടുന്നത്" ഇതാണ് സാരം.
ഒരു പടി കൂടി മനസ്സിന്‍റെ ഏകാഗ്രതയെ ഇസ്ലാം മുന്നില്‍ പ്രതിഷ്ഠിച്ചു. "ഏത് കര്‍മ്മങ്ങളും ഹൃദയംഗമമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ" (നബിവചനം). അംഗസ്നാനത്തില്‍ ഒന്നാമതായുള്ള നിര്‍ബന്ധഘടകം നിയ്യത്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന് മുമ്പായി ചില ഐച്ഛിക കര്‍മ്മങ്ങള്‍ കൂടിയുണ്ട്.
ദന്തശുദ്ധീകരണം
പല്ലുതേയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു ശാസ്ത്രീയ മതമുണ്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പല്ലു തേക്കേണ്ട രീതി പോലും സുവിധിതമാണ്.
വീതിയില്‍ ('അ'റള്) എന്ന അറബി പദമാണ് ഇന്ന് ദന്തിസ്റ്റുകള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. പല്ല് കേട് വന്ന് നാം അത് ഒഴിവാക്കാനോ കുഴി അടയ്ക്കാനോ റൂട്ട് കനാലിലൂടെ പൂര്‍വ്വോപരി ശക്തപ്പെടുത്താനോ ഒരു ദന്തവൈദ്യനെ സമീപിക്കുമ്പോള്‍ അദ്ദേഹം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഒരു നിര പല്ല് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ബ്രഷ് തൊട്ടിട്ട് മുകളിലോട്ടും താഴോട്ടും ഉരസി കാണിച്ച് പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് ഒഴിവാകുന്ന രീതി മനസ്സിലാക്കിത്തരും. പലരും ദന്ത നിരകളിലൂടെ വെറുതെ രണ്ട് പാര്‍ശ്വങ്ങളിലും ബ്രഷ് ഓടിക്കുമെന്നല്ലാതെ കൃത്യമായ ഒരു ശുചീകരണത്തില്‍ ശ്രദ്ധിക്കാറില്ല. ഇവിടെയാണ് ദിനേനെയുള്ള നമ്മുടെ ശുദ്ധീകരണ വിഷയത്തില്‍ ഇസ്ലാം ശ്രദ്ധിക്കുന്നത്. സമഗ്രതയും കാലികതയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്ത വിധം മുഴു ചലനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അനുവാചകര്‍ അവസരോചിതം അത്തരം പദപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുമെന്ന് തന്നെയാണ് വിനീതന്‍റെ പ്രതീക്ഷ.
ഉറങ്ങുമ്പോള്‍! ഉണരുമ്പോള്‍
അംഗസ്നാനം വേണ്ടുന്ന രണ്ട് സമയങ്ങളാണിവ. ആ സന്ദര്‍ഭങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം പല്ലു തേക്കാനായി നല്‍കുന്നുണ്ട്. ഉറങ്ങുന്ന അവസരത്തില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പല്ലുകള്‍ക്കിടയില്‍ ഇരുന്നാല്‍ ഒരുതരം ഇന്‍സൈം ഉല്‍പാദിപ്പിക്കപ്പെട്ട് പല്ലിന്‍റെ ബലക്ഷയത്തിന് അത് കാരണമാകുന്നു. ഇത് ശാസ്ത്രീയ വശമാണെങ്കില്‍ മലക്കുകളുടെ സാന്നിദ്ധ്യം ഒരാള്‍ക്ക് ലഭ്യമാകാന്‍ അവന്‍റെ സംശുദ്ധത കൂടി സഹായകമാകുന്നു എന്ന ആത്മീയവശം കൂടി ഇതിന്‍റെ മറുപുറത്തുണ്ട്.
ഉണരുമ്പോള്‍ എല്ലാവരും പൊതുവേ വായ്നാറ്റം വെറുക്കുന്നു. ഒരു ചിന്തകന്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. "ഒരാള്‍ രാവിലെ എഴുന്നേറ്റ് വായിലെ അഴുക്ക് കഴുകാതെ തന്നെ ഒരു പിടി അരിയെടുത്ത് ചവച്ച് കോഴിക്ക് തിന്നാന്‍ കൊടുത്താല്‍ ആ കോഴി ചത്തുപോകും". അത്ര വിഷാംശമാണ് രാവിലെ നമ്മുടെ വായക്ക്. ബഡ്ഡില്‍ നിന്നും തല മാത്രം ഉയര്‍ത്തിപ്പിടിച്ച് വായ വൃത്തിയാക്കാതെ കോഫി ചൂടാറാതെ മൊത്തിക്കുടിക്കുന്ന പശ്ചാത്യ സംസ്കാരം കുടല്‍പ്പുണ്ണ് ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടെയാണ് രാവിലെയുള്ള ദന്തശുദ്ധീകരണത്തിന്‍റെ പ്രാധാന്യത വീണ്ടും നമ്മുടെ ചിന്തയെ ചൂടു പിടിപ്പിക്കുന്നത്.
മുഹമ്മദ് മുബാറക് ബാഖവി, മെരുവമ്പായി