നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 18 August 2020

ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

 ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

മറ്റൊരു നിബന്ധനയായ ശുദ്ധീകരണം അതി പ്രാധാന്യമേറിയതാണ്. അല്ലാഹു പറയുന്നു: "നാം നിങ്ങള്‍ക്ക് ശുദ്ധവെള്ളമാണ് ആകാശത്ത് നിന്ന് ഇറക്കിത്തന്നത്".

ഉപ്പുജലം നീരാവിയായി സ്വീകരിച്ച് തണുത്ത മഴത്തുള്ളികളായി പെയ്തിറങ്ങുമ്പോള്‍ കുടിക്കാനും കുളിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന മനുഷ്യരാശി മറ്റൊരു അനുഗ്രഹം ഓര്‍ത്തില്ലായെങ്കില്‍ പോലും ജീവജലത്തെ മറക്കാന്‍ പാടില്ലാത്തതാണ്. കൊടുംവേനലില്‍ വടക്കേ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ നടന്നു പോയപ്പോള്‍ ഒരു ഗ്ലാസ്സ് കുടിവെള്ളത്തിന് പൈസ നല്‍കിയ രംഗം ഇപ്പോഴും വിനീതന്‍റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.

ഇതേ ജലം തന്നെയാണ് ശുദ്ധീകരണ പ്രക്രിയക്കും ഇസ്ലാം അനുശാസിക്കുന്നത്. പരിസര മലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഇസ്ലാം നിര്‍ദ്ദേശിച്ച അംഗസ്നാനം (വുളൂ) പഠിയ്ക്കുമ്പോള്‍ അതിന്‍റെ ശാസ്ത്രീയതയുടെ മുന്നില്‍ നാം പകച്ചു പോകും. 

ശുദ്ധീകരണത്തിലെ ശാസ്ത്രീയത

ഒരു കര്‍മ്മം ആരംഭിക്കുവാന്‍ ശുചിത്വം പൊതുസമ്മതിയായ ഒരു തത്വമാണ്. പക്ഷേ ഇസ്ലാമിന്‍റെ നിര്‍ദ്ദേശങ്ങളും വീക്ഷണങ്ങളും കുറ്റമറ്റതാണ്. ഉദാഹരണമായി ഒരാള്‍ കുറച്ച് നേരം നടന്നു. വിയര്‍പ്പ് ഇറ്റുന്ന ശരീരവുമായി അയാള്‍ കുറച്ച് നേരം മുറിയിലോ പുറത്തോ  വിശ്രമിക്കുമ്പോള്‍ ശരീരമൊന്നാകെ വിയര്‍ക്കുന്നു. ചിലപ്പോള്‍ ആ വിയര്‍പ്പ് തുടച്ച് മാറ്റിയെന്ന് വരാം. 

പക്ഷേ, ഈ രൂപത്തില്‍ അയാള്‍ ഏതെങ്കിലും വിധേന വിയര്‍പ്പൊഴിവാക്കി ശരീരത്തിന് ശുദ്ധത വരുത്തല്‍ ഐച്ഛികമാണ്. നിരന്തരമായ ആലസ്യം കാരണം സ്വതവേ ശരീരം ദുര്‍ഗന്ധപൂരിതമാകുന്നു. പൊതുസദസ്സില്‍ അയാള്‍ക്ക് ഇടകലരാന്‍ അത് തടസ്സം സൃഷ്ടിക്കുന്നു. 

ഇതേ സ്ഥാനത്ത് ഒരു പ്രാവശ്യം ദാമ്പത്യബന്ധം പുലര്‍ത്തിയാല്‍ തന്നെ ഇസ്ലാം കുളി നിര്‍ബന്ധമാക്കിയിരിക്കുന്നു. ശരീരത്തിന്‍റെ സൂക്ഷ്മ നാഡികള്‍ പോലും ചലനത്തിലേര്‍പ്പെടാതെ ഇന്ദ്രിയസ്രവം സാധ്യമാകുന്നില്ലായെന്ന് ശാസ്ത്രം അടുത്തിടെ വിധിയെഴുതി. ആ പ്രവര്‍ത്തനഫലമായി ഇന്ദ്രിയസ്രവം നടക്കുമ്പോള്‍ ശരീരം പുറന്തള്ളുന്നത് ഒരു പ്രത്യേകതരം വിയര്‍പ്പാണ്. അതിന് ഗന്ധവും കൂടും. ആ വിയര്‍പ്പില്‍ വിഷാംശം ഉണ്ട്. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു : "അല്‍ മാഉ മിനല്‍ മാഇ". സംസര്‍ഗ്ഗത്തിന്‍റെ പേരില്‍ കുളി നിര്‍ബന്ധമാണെന്നാണ് ഇതിന്‍റെ സാരം. 

ഇനി നമുക്ക് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടുവന്ന നിസ്കാരത്തിന് മുമ്പുള്ള അംഗസ്നാനത്തിലേക്ക് തന്നെ തിരിച്ചു വരാം. അംഗസ്നാനത്തിന്‍റെ പ്രാരംഭം തന്നെ മനസ്സിന്‍റെ ഏകാഗ്രതയാണ്. 

മനഃകൃതം കൃതം രാമഃ

നഃശരീര കൃതം കൃതം

ഏനേ ആലിംഗനേ കാന്ത

തേനേ ആലിംഗനേ സുതഃ

ഇത് മനസ്സിന്‍റെ ശുദ്ധിയെ പറ്റിയുളള ഉപനിഷത്തിലെ ഒരു കാഴ്ച്ചപ്പാടാണ്. 

"മനസ്സിന്‍റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ പ്രവൃത്തി. ശരീരത്തിന്‍റേതല്ല. ഏത് അവയവം കൊണ്ട് കാന്തയെ പുണരുന്നുവോ അത് കൊണ്ട് മക്കളെ പുണരുമ്പോള്‍ മനസ്സിന്‍റെ കാഴ്ചപ്പാടാണ് വ്യത്യാസപ്പെടുന്നത്" ഇതാണ് സാരം. 

ഒരു പടി കൂടി മനസ്സിന്‍റെ ഏകാഗ്രതയെ ഇസ്ലാം മുന്നില്‍ പ്രതിഷ്ഠിച്ചു. "ഏത് കര്‍മ്മങ്ങളും ഹൃദയംഗമമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ" (നബിവചനം). അംഗസ്നാനത്തില്‍  ഒന്നാമതായുള്ള നിര്‍ബന്ധഘടകം നിയ്യത്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന് മുമ്പായി ചില ഐച്ഛിക കര്‍മ്മങ്ങള്‍ കൂടിയുണ്ട്. 

ദന്തശുദ്ധീകരണം

പല്ലുതേയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു ശാസ്ത്രീയ മതമുണ്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പല്ലു തേക്കേണ്ട രീതി പോലും സുവിധിതമാണ്. 

വീതിയില്‍ ('അ'റള്) എന്ന അറബി പദമാണ് ഇന്ന് ദന്തിസ്റ്റുകള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. പല്ല് കേട് വന്ന് നാം അത് ഒഴിവാക്കാനോ കുഴി അടയ്ക്കാനോ റൂട്ട് കനാലിലൂടെ പൂര്‍വ്വോപരി ശക്തപ്പെടുത്താനോ ഒരു ദന്തവൈദ്യനെ സമീപിക്കുമ്പോള്‍ അദ്ദേഹം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഒരു നിര പല്ല് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ബ്രഷ് തൊട്ടിട്ട് മുകളിലോട്ടും താഴോട്ടും ഉരസി കാണിച്ച് പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് ഒഴിവാകുന്ന രീതി മനസ്സിലാക്കിത്തരും. പലരും ദന്ത നിരകളിലൂടെ വെറുതെ രണ്ട് പാര്‍ശ്വങ്ങളിലും ബ്രഷ് ഓടിക്കുമെന്നല്ലാതെ കൃത്യമായ ഒരു ശുചീകരണത്തില്‍ ശ്രദ്ധിക്കാറില്ല. ഇവിടെയാണ് ദിനേനെയുള്ള നമ്മുടെ ശുദ്ധീകരണ വിഷയത്തില്‍ ഇസ്ലാം ശ്രദ്ധിക്കുന്നത്. സമഗ്രതയും കാലികതയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്ത വിധം മുഴു ചലനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അനുവാചകര്‍ അവസരോചിതം അത്തരം പദപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുമെന്ന് തന്നെയാണ് വിനീതന്‍റെ പ്രതീക്ഷ. 

ഉറങ്ങുമ്പോള്‍! ഉണരുമ്പോള്‍

അംഗസ്നാനം വേണ്ടുന്ന രണ്ട് സമയങ്ങളാണിവ. ആ സന്ദര്‍ഭങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം പല്ലു തേക്കാനായി നല്‍കുന്നുണ്ട്. ഉറങ്ങുന്ന അവസരത്തില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പല്ലുകള്‍ക്കിടയില്‍ ഇരുന്നാല്‍ ഒരുതരം ഇന്‍സൈം ഉല്‍പാദിപ്പിക്കപ്പെട്ട് പല്ലിന്‍റെ ബലക്ഷയത്തിന് അത് കാരണമാകുന്നു. ഇത് ശാസ്ത്രീയ വശമാണെങ്കില്‍ മലക്കുകളുടെ സാന്നിദ്ധ്യം ഒരാള്‍ക്ക് ലഭ്യമാകാന്‍ അവന്‍റെ സംശുദ്ധത കൂടി സഹായകമാകുന്നു എന്ന ആത്മീയവശം കൂടി ഇതിന്‍റെ മറുപുറത്തുണ്ട്.

ഉണരുമ്പോള്‍ എല്ലാവരും പൊതുവേ വായ്നാറ്റം വെറുക്കുന്നു. ഒരു ചിന്തകന്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. "ഒരാള്‍ രാവിലെ എഴുന്നേറ്റ് വായിലെ അഴുക്ക് കഴുകാതെ തന്നെ ഒരു പിടി അരിയെടുത്ത് ചവച്ച് കോഴിക്ക് തിന്നാന്‍ കൊടുത്താല്‍ ആ കോഴി ചത്തുപോകും". അത്ര വിഷാംശമാണ് രാവിലെ നമ്മുടെ വായക്ക്. ബഡ്ഡില്‍ നിന്നും തല മാത്രം ഉയര്‍ത്തിപ്പിടിച്ച് വായ വൃത്തിയാക്കാതെ കോഫി ചൂടാറാതെ മൊത്തിക്കുടിക്കുന്ന പശ്ചാത്യ സംസ്കാരം കുടല്‍പ്പുണ്ണ് ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടെയാണ് രാവിലെയുള്ള ദന്തശുദ്ധീകരണത്തിന്‍റെ പ്രാധാന്യത വീണ്ടും നമ്മുടെ ചിന്തയെ ചൂടു പിടിപ്പിക്കുന്നത്. 

മുഹമ്മദ് മുബാറക് ബാഖവി, മെരുവമ്പായി


No comments:

Post a Comment

Related Posts Plugin for WordPress, Blogger...