Friday, 10 August 2012

perunnal porul


              
                  പെരുന്നാള്‍ പൊരുള്‍

വിശ്വാസിയുടെ ആഹ്ലാദ വേളയാണ് പെരുന്നാള്‍....., പരിപൂര്‍ണ്ണ ത്യാഗതിലൂടെയും ആത്മസമര്‍പ്പണത്തിന്‍റെ മൂര്‍ദ്ധാവസ്ഥയിലൂടെയും ആത്മീയ ഉന്നതിയുടെ പര്യവേഷത്തിലൂടെയും സ്വര്‍ഗ്ഗാനുഭൂതിയുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയുമെന്ന ശുഭ വാര്‍ത്തയില്‍ ചുറ്റപെട്ട ഒരാഘോഷമാണത്. ഭൗതീകനേട്ടത്തിന്‍റെ കണക്കുകളോ സുഖാനുഭൂതിയുടെ പരിവേഷമോ ഈ പെരുന്നാള്‍ ആഘോഷത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍കൊള്ളുന്നില്ല. മറിച്ച് ആഭാസങ്ങള്‍ക്കിടമില്ലാത്തആത്മഹര്‍ഷമാണ് ഈദ്‌ ആഘോഷത്തിന്‍റെ പൊരുള്‍ ..

                ആത്മധന്യതയുടേയും പാപമോഷത്തിന്‍റെയും വിശുദ്ധ ദിനങ്ങള്‍ക്ക് അടിവരയിട്ട് കൊണ്ട് നന്മയുടെ ഒരായിരം അരിമുല്ല പൂക്കള്‍ വിതറി , വിശുദ്ധിയുടെ സംഗീതവുമായി വന്നെത്തുന്ന സുന്ദരസുദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. പാപങ്ങളില്‍ കൂപ്പുകുത്തിയ മനുഷ്യ മനസുകളെ മുപ്പത്‌ ദിനരാത്രങ്ങളില്‍ ശുദ്ധികലശം നടത്തി ശവ്വാല്‍ പിറയില്‍ ഹൃത്തടങ്ങള്‍ക്ക് സന്തോഷം പകരുമ്പോള്‍ വെറും ഒരു ആഘോഷവേളയല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന പെരുന്നാളിന്‍റെ അന്തസത്ത.
                        തെറിച്ചുവീഴാരായ കുടുംബബന്ധങ്ങളെ സ്നേഹോഷ്മളതയുടെ ശാദ്വല തീരങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാനും വഴിമുട്ടി നില്‍ക്കുന്ന സഹോദരസ്നേഹത്തെ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഊഷ്മളതയിലേക്ക് നവീകരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് അനുകമ്പപുല്‍കാനും അതിലുപരി ആത്മീയോന്നമനത്തിന്‍റെ വിഹായസില്‍ മനുഷ്യ മനസുകളെ കുടിയിരുത്താനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം. എന്നാല്‍ ആധുനീകതയുടെ വൃത്തികെട്ട നാറ്റത്തിലേക്ക് മൂക്കുപൊത്താതേയും അറപ്പില്ലാതേയും കയറിച്ചെല്ലാന്‍ ശീലിച്ച നാം പലപ്പോഴും ഇസ്ലാമീക മാനങ്ങളോടും സല്‍സരണിയോടും പുറം തിരിഞ്ഞുനില്‍ക്കുന്നവരാണ്.

                                നാം ചിന്തിക്കുക!

                നോമ്പിന്‍റെ വിശുദ്ധിയും മൂല്യവും അന്ത:സത്തയും മുഖമുദ്രയായിട്ടുള്ളതാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. അതിതീഷ്ണമായ ത്യാഗത്തിലൂടെ വിശപ്പും ദാഹവും സഹിച്ച് രാപകലുകള്‍ സര്‍വ്വ ഭൗതീക ചിന്തകളും വെടിഞ്ഞ് ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വിശുദ്ധ ഭാവത്തിന്‍റെ പ്രതിഫലനമാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ കാണാന്‍ കഴിയുക. അങ്ങനെയാണെന്ന് വാതിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരുമാസത്തെ ത്യാഗത്തിനു ശേഷം വരുന്ന ആഘോഷവേളയില്‍ നന്മയുടെ തൂക്കം കൂടുക മാത്രമല്ല , നേരിന്‍റെ വാതയനത്തിലൂടെ കടന്ന നമ്മുടെ മനസുകളെ നല്ല  ചിന്തകളും സല്‍പ്രവര്‍ത്തനങ്ങളും കൊണ്ടു നാം നിയന്ത്രിക്കപ്പെടും. അതില്ലെങ്കില്‍ നമ്മുടെ മുപ്പതു ദിവസത്തെ വ്രതം വെറും പട്ടിണിയല്ലാതെ മറ്റെന്താവാന്‍...,.
                നാം നേടിയ പവിത്രതയുടെ തിളക്കം കാണേണ്ടത് പെരുന്നാളിലാണ്. അവിടന്നങ്ങോട്ട് തിളക്കവും മാറ്റും കൂടണം . ആഘോഷങ്ങള്‍ക്ക് ഇസ്ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മാത്രമല്ല , ദീനില്‍ എന്തിനും ഏതിനും അതിന്‍റെതായമാനങ്ങള്‍ നിശ്ചയിക്കപെട്ടിട്ടുണ്ട് . തുപ്പുന്നതിനുപോലും മര്യാദകളും മാനങ്ങളും പഠിപ്പിച്ച മറ്റേതുമതമാണ് ലോകത്തുള്ളത്. അത് വിട്ടുകടക്കാന്‍ പാടുള്ളതല്ല . സന്തോഷമാവാം........ അത് പ്രകടിപ്പിക്കാം...... ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ ബീവി (റ) യുടെ വീട്ടിലേക്ക്അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നു വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ യുദ്ധ ഭൂമിയില്‍ ശഹീദായ ധീര സ്വഹാബത്തിനെ പുകഴ്ത്തി പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. ഇതു കണ്ട അബൂബക്കര്‍ സിദ്ധീഖ് (റ) ദേഷ്യം സഹിക്കവയ്യാതെ ആ അന്‍സാരി പെണ്‍കുട്ടികളോട് ചോദിച്ചു: അല്ല ! റസൂലിന്‍റെ  വീട്ടിലാണോ ഗാനാലാപനം. ഈ ശബ്ദം കേട്ട് പുറത്തേക്കുവന്ന കാര്യദര്‍ശിയായ പ്രവാചകന്‍ (സ ) പ്രതികരിച്ചു. “ ഓരോ സമുദായത്തിനും ഓരോ ആഘോഷമുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണ്. “ മേല്‍ ഉദ്ദരിച്ച സംഭവത്തില്‍ നിന്ന് ആഘോഷങ്ങള്‍ക്ക് ഇസ്ലാം വിലക്ക് കല്പ്പിച്ചിട്ടില്ലെന്നും എന്നാല്‍ മാനങ്ങള്‍ക്കു വിധേയമാണെന്നും നമുക്ക്‌ മനസിലാക്കാം. യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലല്ലാത്ത ഒരു ആഘോഷത്തിനും ഇസ്ലാമില്‍ അനുവാദമില്ല. 

2 comments:

Related Posts Plugin for WordPress, Blogger...