Monday, 21 September 2015

ജിന്നുകളുടെ ലോകം

ജിന്നുകളുടെ ലോകം

ജിന്നിനെ സ്വപ്‌നം കണ്ടാല്‍
       ജിന്നിനെ ചികിത്സിക്കുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ ചതിയന്മാരോടും വഞ്ചകന്മാരോടും കയര്‍ക്കും എന്നാണ്‌ സൂചന. ജിന്നിന്‌ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ നേതൃത്വവും ഉന്നത പദവിയും ലഭിക്കുമെന്നാണ്‌ സാരം. തന്റെ വീട്ടില്‍ ജിന്ന്‌ കയറുന്നതായി ഒരാള്‍ സ്വപ്‌നം കണ്ടാല്‍ അവന്‍ കള്ളനെ ഭയപ്പെട്ടു കൊള്ളട്ടെ! (ഹയാത്തുല്‍ ഹയവാന്‍).
ചില വിശ്വാസങ്ങള്‍

     കുറുക്കന്മാര്‍ ജിന്നുകളുടെ വാഹനമാണെന്നാണ്‌ ബദവികള്‍ (ഗ്രാമവാസിയായ അറബികള്‍) ധരിച്ചിരുന്നത്‌. കുറുക്കനെ വേട്ടയാടിയാല്‍ ധനനഷ്‌ടമുണ്ടാകുന്നത്‌ കൊണ്ട്‌ അതിനെ വേട്ടയാടല്‍ അവര്‍ ഇഷ്‌ടപ്പെടുന്നില്ല (ഹയാത്തുല്‍ ഹയവാന്‍). ജാഹിള്‌ പറയുന്നു: ജാഹിലിയ്യ കാലഘട്ടത്തില്‍ അറബികള്‍ പറയുമായിരുന്നു: ആരെങ്കിലും മുയലിന്റെ ഞെരിയാണിയെല്ല്‌ തന്റെ ശരീരത്തില്‍ ബന്ധിപ്പിച്ചാല്‍ അവന്‌ ജിന്നുകളുടെ കണ്ണേറുണ്ടാവുകയോ സിഹ്‌റ്‌ ബാധിക്കുകയോ ഇല്ല (ഹയാത്തുല്‍ ഹയവാന്‍).
ശത്രു
    എല്ലാ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും മനുഷ്യ ജിന്ന്‌ വര്‍ഗ്ഗങ്ങളില്‍ നിന്നും ശത്രുവിനെ അല്ലാഹു സൃഷ്‌ടിച്ചിട്ടുണ്ട്‌. ജിന്നുകളിലെ പിശാചുക്കള്‍ മനുഷ്യ പിശാചുകളിലേക്ക്‌ ദുര്‍ബോധനം നടത്തുകയും മനുഷ്യപിശാചുക്കള്‍ സത്യപാത അന്വേഷിച്ച്‌ നടക്കുന്നവരുടെ അടുക്കലെത്തി വഞ്ചനയില്‍ അകപ്പെടുത്തുകയും ചെയ്യും. (ബഹ്‌റുല്‍ മദീദ്‌)
ജിന്നില്‍ നിന്നും സംരക്ഷണം
     ഇബ്‌നു മര്‍ദവൈഹി അബൂ ഉമാമ (റ)യെ തൊട്ട്‌ ഉദ്ധരിക്കുന്നു: ഒരാള്‍ മൂന്ന്‌ പ്രാവശ്യം പിശാചില്‍ നിന്നും കാവല്‍ തേടിയ ശേഷം സൂറത്തുല്‍ ഹശ്‌റിന്റെ അവസാന ഭാഗം ഓതിയാല്‍ അവനിലേക്ക്‌ എഴുപതിനായിരം മലക്കുകളെ നിയോഗിക്കും. അവര്‍ മനുഷ്യ ജിന്നുകളിലെ പിശാചുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഇവനെ #േസംരക്ഷിക്കും. രാത്രിയിലാണെങ്കില്‍ പ്രഭാതം വരെയും പകലിലാണെങ്കില്‍ വൈകുന്നേരം വരെയും ഇത്‌ ഉണ്ടാവും (അദ്ദുര്‍റുല്‍ മന്‍സൂര്‍).

ഉബാദത്ത്‌ ബ്‌നു സാമിത്‌ (റ) പറയുന്നു: നിങ്ങള്‍ രാത്രിയില്‍ നിസ്‌കരിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം ഉറക്കെയാക്കണം. കാരണം അത്‌ മലക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കും. അവന്റെ വീടിന്‌ ചുറ്റുഭാഗത്തെ തെമ്മാടികളായ പിശാചുക്കളെയും ഉപദ്രവകാരികളായ ജിന്നുകളെയും അകറ്റപ്പെടും. 
പിടിച്ച്‌ കെട്ടപ്പെടുന്ന ജിന്ന്‌
    റമളാന്‍; മുസ്‌ലിം ഉമ്മത്തിന്‌ കനിഞ്ഞേകിയ അസുലഭ മുഹൂര്‍ത്തം. നാഥനിലേക്ക്‌ അടുക്കാന്‍ ഉപയുക്തമായ സല്‍കര്‍മ്മങ്ങളെ കൊണ്ട്‌ അതിനെ പുഷ്‌ക്കലമാക്കണം. പതിനൊന്ന്‌ മാസം പിശാചിന്റെ വലയില്‍ കുടുങ്ങിയവര്‍ക്ക്‌ അവന്റെ വല പൊട്ടിച്ചെറിയാന്‍ പറ്റിയ അനുഗൃഹീത രാപകലുകള്‍ പിശാചുക്കളെ നാഥന്‍ തന്നെ പിടിച്ചുകെട്ടി അതിനായി നമുക്ക്‌ അവസരങ്ങള്‍ ഒരുക്കിത്തരുന്നു. 
ഇമാം തുര്‍മുദിയും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``റമളാനിന്റെ ആദ്യരാത്രിയായാല്‍ പിശാചുക്കളെയും പ്രശ്‌നകാരികളായ ജിന്നുകളെയും ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെടും''. 
   റമളാനില്‍ പിശാചുക്കളെ ചങ്ങലക്കിടുമെങ്കിലും റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്‌ നാം കാണാറുണ്ടല്ലോ? എന്ന സംശയം അസ്ഥാനത്തല്ല. ഈ ഹദീസ്‌ പലരീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. ചിലത്‌ മാത്രം കുറിക്കാം. ഇതില്‍ നിന്നും മേല്‍ സംശയത്തിന്‌ മറുപടിയും ലഭ്യമാണ്‌. 
   റമളാനില്‍ പിശാചുക്കളുടെ ശല്യം കുറയും എന്നാണ്‌ ഒരു വ്യാഖ്യാനം. അപ്പോള്‍ റമളാനല്ലാത്ത മാസങ്ങളില്‍ പിശാചിന്റെ ശല്യം ഉണ്ടാവുന്നത്ര റമളാനില്‍ ഉണ്ടാവുകയില്ലെന്ന്‌ ചുരുക്കം.
   ചങ്ങലയ്‌ക്ക്‌ ഇടുമെന്ന പ്രത്യക്ഷാര്‍ത്ഥം തന്നെ ഹദീസ്‌ കൊണ്ട്‌ വിവക്ഷിക്കുന്നു. അപ്പോള്‍ റമളാനില്‍ പിശാചിന്റെ ശല്യം ഉണ്ടാവില്ലെന്നായി സാരം. എന്നാല്‍ റമളാനല്ലാത്ത മാസത്തില്‍ പിശാച്‌ നടത്തിയ അമിതമായ ആധിപത്യത്തിനാല്‍ റമളാനില്‍ ചിലത്‌ പ്രകടമാകുന്നു.
മുതലിന്റെ കാവല്‍
   പിശാചുക്കളെയും ജിന്നുകളെയും അധീനപ്പെടുത്തി മുതലിന്‌ കാവലേര്‍പ്പെടുത്തുന്ന വിഷയം നാം കേട്ടിട്ടുണ്ട്‌. അതുപോലെ ജിന്നുകള്‍ സ്വമേധയാ കാവലിരുന്നേക്കാം. ഇത്‌ സംബന്ധമായി റൂഹുല്‍ ബയാനില്‍ സൂറത്തുല്‍ ഫീലിന്റെ വിശദീകരണത്തില്‍ ഈ ആശയം കാണാം. ആനപ്പടയുമായി വന്ന അബ്‌റഹത്തിനെയും സൈന്യത്തെയും അല്ലാഹു തുരത്തി. എന്ന്‌ മാത്രമല്ല
, കഅ്‌ബയെ നശിപ്പിച്ചാല്‍ അവര്‍ നിര്‍മ്മിച്ച അവരുടെ ഒരു പള്ളി ജനനിബിഡമാകും എന്ന ലക്ഷ്യവും അല്ലാഹു നടപ്പിലാക്കിയില്ല. പിന്നീട്‌ ആ പള്ളിയുടെ ചുറ്റുഭാഗങ്ങളിലായി പാമ്പുകളും വന്യമൃഗങ്ങളും പ്രശ്‌നക്കാരായ ജിന്നുകളും അവരുടെ താവളമാക്കി. ആ പള്ളിയില്‍ നിന്നും വല്ലതും എടുക്കാന്‍ തുനിഞ്ഞാല്‍ ജിന്ന്‌ ബാധയേല്‍ക്കല്‍ പതിവായിരുന്നു. പിന്നീട്‌ അത്‌ നശിപ്പിക്കപ്പെടുകയും അതില്‍ നിന്നും അമൂല്യമായ പലതും ലഭിക്കുകയും ചെയ്‌തു.
സല്‍കര്‍മ്മങ്ങളിലെ പങ്കാളികള്‍
   ജിന്നുകളില്‍ സദ്‌വൃത്തരും ഉണ്ടല്ലോ? മനുഷ്യരുടെ സല്‍കര്‍മ്മങ്ങളില്‍ പങ്കാളികളാകുകയും അവരുടെ ഇബാദത്തുകളില്‍ സന്തോഷിക്കുകയും ഇബാദത്തിനായി മനുഷ്യരെ വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളായ ജിന്നുകളുമുണ്ട്‌. 
    ഇബ്‌നു അബിദ്ദുന്‍യാ തന്റെ അത്തഹജ്ജുദു വ ഖിയാമുല്ലൈല്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരാള്‍ രാത്രി നിസ്‌കാരത്തിനായി എഴുന്നേല്‍ക്കുമ്പോള്‍ അവന്റെ വീട്ടില്‍ വസിക്കുന്ന മുസ്‌ലിംകളായ ജിന്നുകള്‍ സന്തോഷിക്കുകയും അവന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അവന്റെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറയുകയും ചെയ്യുന്നതാണ്‌''. 
    ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: സ്വഫ്‌വാന്‍ എന്ന മഹാന്‍ തഹജ്ജുദിന്‌ വേണ്ടി എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുന്ന ജിന്നുകളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ്‌ നിസ്‌കരിക്കുകയും അദ്ദേഹത്തിന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമായിരുന്നു. ജിന്നുകളുടെ അനക്കങ്ങള്‍ അദ്ദേഹത്തിന്‌ ആദ്യം ഭയമായിരുന്നു. അപ്പോള്‍ ജിന്നുകള്‍ വിളിച്ചു പറയും: താങ്കള്‍ ഭയപ്പെടേണ്ട! ഞങ്ങള്‍ താങ്കളുടെ സഹോദരന്മാരാണ്‌. ഞങ്ങളും തഹജ്ജുദിനായി എഴുന്നേറ്റതാണ്‌. പിന്നീട്‌ അവരുടെ ചലനം അദ്ദേഹത്തിന്‌ പ്രിയമായി മാറി. 
വാസ്വില്‍ എന്ന മഹാന്‍ രാത്രി വളരെ കുറച്ച്‌ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. അദ്ദേഹം രാത്രി നിസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്‌തിരുന്നു. ഈ വിവരം അദ്ദേഹത്തിന്റെ അയല്‍വാസിക്ക്‌ അറിയാമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മക്കയിലേക്ക്‌ പോയി. എന്നാലും അദ്ദേഹത്തിന്റെ റൂമില്‍ നിന്നും അദ്ദേഹത്തിന്റെ അതേ ശബ്‌ദത്തില്‍ ഖുര്‍ആന്‍ പാരായണം അയല്‍വാസി കേട്ടിരുന്നു. യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ അദ്ദേഹത്തോട്‌ അയല്‍വാസി നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമ്മുടെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നിസ്‌കരിക്കുകയും വീടുകളില്‍ വസിക്കുകയും ചെയ്യുന്ന ചില ജിന്നുകളാണതെന്ന്‌ മറുപടി പറഞ്ഞു. അവരെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഇല്ല എങ്കിലും അവരുടെ ചലനങ്ങള്‍ എനിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ ചൊല്ലുന്നതായും ഞാന്‍ കേട്ടിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ ഉറങ്ങിപ്പോകുന്ന എന്നെ വിളിച്ചുണര്‍ത്തുന്നത്‌ അവരാണ്‌.
     അബൂ ഇംറാന്‍ എന്ന മഹാന്‍ പറയുന്നു: ഒരു ദിനം പ്രഭാതത്തിന്‌ മുമ്പേ ഞാന്‍ പള്ളിയിലേക്ക്‌ പോയി. പള്ളിയിലെത്തിയപ്പോള്‍ വാതില്‍ അടച്ചിരിക്കുന്നു. പക്ഷേ, പള്ളിയില്‍ ഹസനുല്‍ ജഅ്‌ഫരി ഉണ്ടെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു. അദ്ദേഹം ദുആ ചെയ്യുകയാണ്‌. അപ്പോള്‍ മറ്റാരൊക്കെയോ ആമീന്‍ പറയുന്നത്‌ കേട്ടു. അങ്ങനെ പള്ളിയുടെ വാതില്‍ക്കല്‍ ഞാന്‍ ഇരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ അദ്ദേഹം എഴുന്നേറ്റു. സമയമായപ്പോള്‍ വാങ്ക്‌ കൊടുത്ത്‌ വാതില്‍ തുറന്ന്‌ ഹസനുല്‍ ജഅ്‌ഫരി പുറത്തേക്ക്‌ വന്നു. പക്ഷേ പള്ളിയില്‍ മറ്റാരേയും എനിക്ക്‌ കാണാന്‍ സാധിച്ചില്ല. നിസ്‌കാരം കഴിഞ്ഞ്‌ ഞാന്‍ ഹസനുല്‍ ജഅ്‌ഫരിയോട്‌ പറഞ്ഞു: ഇന്ന്‌ ഒരു അത്ഭുതം എനിക്കനുഭവപ്പെട്ടു. ഹസന്‍ ചോദിച്ചു: എന്താണത്‌? അപ്പോള്‍ അദ്ദേഹം പള്ളിയില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്‌ കേട്ട്‌ ഹസനുല്‍ ജഅ്‌ഫരി പ്രതികരിച്ചു: എല്ലാ ജുമുഅയുടെ രാവിലും എന്റെ ഖുര്‍ആന്‍ ഖത്തമിന്‌ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കുന്ന ചില ജിന്നുകളാണ്‌ അവര്‍. 
ബാത്ത്‌റൂമിലെ സംസാരം
      ബാത്ത്‌റൂമില്‍ കയറിയാല്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്‌. അതാണ്‌ മര്യാദയും. എന്നാല്‍ ധാരാളമായി സംസാരിച്ച്‌ മര്യാദ പാലിക്കാത്തവരെ നാം കാണാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ ജിന്ന്‌ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഹാശിയത്തുല്‍ജമല്‍, ഹാശിയത്തുല്‍ ഇഖ്‌നാഅ്‌, ഇആനത്ത്‌, ബുജൈരിമി തുടങ്ങിയ ഗ്രന്ഥങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...