Saturday, 4 January 2014

പറക്കട്ടെ മനതകം മദീനയിലേക്ക്‌..........പറക്കട്ടെ മനതകം മദീനയിലേക്ക്‌..........


المدينة المنورة
എന്നാല്‍ ഈ ലോകത്തെ തന്നെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരില്‍ അതിശ്രേഷ്‌ഠരായ മുത്തുനബി (സ്വ) യുടെ സാമീപ്യവും പരിഗണനയും ശ്രദ്ധയും ഒരു ആശിഖുറസൂലിന്‌ ലഭിക്കുക എന്നത്‌ അവന്റെ മഹാഭാഗ്യമാണ്‌. അതിനുള്ള മാര്‍ഗ്ഗമാണ്‌ സ്വലാത്തിന്റെ വാഹകരാവുക എന്നത്‌. വിശ്വാസിയുടെ മനതകം എപ്പോഴും തന്റ പ്രേമഭാജനമായ പ്രവാചകനിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കും. ഇരതേടി കൂട്ടില്‍ പറന്നുയരുന്ന പക്ഷി തിരികെ തന്റെ കൂട്ടിലെത്താനാണ്‌ ശ്രമിക്കുന്നത്‌. അതിന്റെ കൂട്ടില്‍ എത്തിയാലാണ്‌ അതിന്‌ സാമാധാനവും ശാന്തിയും ലഭിക്കുക. അപ്രകാരമാകണം വിശ്വാസിയുടെ മനതകവും. മദീനാ മലര്‍വാടിയിലേക്ക്‌ തന്റെ മഅ്‌ശൂഖിന്റെ സവിധത്തിലേക്ക്‌ എത്തണമെന്ന അടങ്ങാത്ത ആഗ്രഹം എപ്പോഴും മനസ്സില്‍ ത്രസിച്ചുകൊണ്ടിരിക്കണം. കാലുഷ്യ മണല്‍തരികള്‍ വാരി വിതറപ്പെട്ട മനതകത്തെ ഈ മഹിത സവിധത്തിലേക്ക്‌ നയിക്കാനുള്ള ഊര്‍ജ്ജവും ഉപാസനയുമാണ്‌ സ്വലാത്ത്‌. 
                            നമ്മുടെ മനതകം പ്രവാചകരിലേക്ക്‌ അടുക്കുന്നതനുസരിച്ച്‌ അതിന്‌ പ്രകാശം വര്‍ദ്ധിക്കും. നമ്മുടെ വിളികളും അപേക്ഷകളും പ്രവാചകന്‍ കേള്‍ക്കും. അതിനാണ്‌ സ്വലാത്തുകള്‍ ശീലമാക്കേണ്ടത്‌. നമ്മുടെ പ്രവാചകസ്‌നേഹം പ്രേമവും അനുരാഗവുമായി സ്വലാത്തിന്റെ ചിറകുകളിലേറി പുണ്യ റൗളയിലേക്ക്‌ പറക്കുമ്പോള്‍ നമ്മുടെ ആത്മാര്‍ത്ഥതയുടെ പാശം ചേര്‍ന്ന്‌ മനതകം പ്രകാശിക്കും. സര്‍വ്വചരാചരങ്ങള്‍ക്കും തമ്പുരാന്‍ നല്‍കിയ അനുഗ്രഹമാണ്‌ പ്രവാചകന്‍ (സ്വ) തങ്ങള്‍. ഈ അനുഗ്രത്തെ അംഗീകരിക്കലും അനുസരിക്കലുമാണ്‌ സ്വലാത്ത്‌. മാത്രമല്ല അത്‌ ഒരുവന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്‌. മേല്‍പറഞ്ഞതുപോലെ ഒരുവന്റെ ജീവിത ഗോദയിലെ സംസ്‌കരണത്തിലും ആത്മീയ മേഖലയിലെ ഔന്നിത്യത്തിലുമെല്ലാം സ്വലാത്തിനോടുള്ള താത്‌പര്യത്തിനും വിശ്വാസത്തിനുമനുസരിച്ച്‌ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കും. 

                                       പരിശുദ്ധ ഖുര്‍ആനും വിശുദ്ധ ഹദീസും സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാനും അതിലൂടെ പ്രവാചകന്റെ സ്‌നേഹം കരഗതമാക്കാനും നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``ഓ വിശ്വാസികളെ ഞാനും എന്റെ മലക്കുകളും പ്രവാചകന്റെ മേലില്‍ സ്വലാത്ത്‌ ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും പ്രവാചകന്റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.'' (അഹ്‌സാബ്‌). നിസ്‌കാരത്തെപറ്റി പറഞ്ഞിടത്ത്‌ `നിസ്‌കരിക്കുവിന്‍' നോമ്പിനെ പറ്റി പറഞ്ഞിടത്ത്‌ `നിങ്ങള്‍ നോമ്പനുഷ്‌ടിക്കുവിന്‍' ദാന ധര്‍മ്മങ്ങളെ വിവരിച്ചിടത്ത്‌ `ദാനധര്‍മ്മങ്ങള്‍ ചെയ്യുവിന്‍' എന്നുപറഞ്ഞ ഖുര്‍ആന്‍ പ്രവാചകന്‌ സ്വലാത്ത്‌ ചൊല്ലാന്‍ പറഞ്ഞിടത്ത്‌ ഈയൊരു ശബ്‌ദ സൗകുമാര്യതയല്ല ഉപയോഗിച്ചത്‌. മറിച്ച്‌ ഞാനും എന്റെ ദശലക്ഷകണക്കിന്‌ മാലാഖമാരും സ്വലാത്ത്‌ അര്‍പ്പിക്കുന്നത്‌ കൊണ്ട്‌ നിങ്ങളും നിര്‍വ്വഹിക്കണം, പ്രവര്‍ത്തിക്കണം എന്ന മാസ്‌മരീകവും മഹത്വരവും ആശയസമൃദ്ധവുമായ ഒരു അദ്ധ്യാപനത്തിന്റെ ശൈലിയാണണ്‌ സ്വീകരിച്ചത്‌. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്‌ പ്രവര്‍ത്തിക്കണമെന്ന്‌ പറയുന്നതും ചെയ്‌ത്‌ കാണിച്ച്‌ ചെയ്യാന്‍ പറയുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്‌.ആദ്യ രീതിയേക്കാള്‍ രണ്ടാമത്തെ രീതിയാണ്‌ അനുവര്‍ത്തകര്‍ക്ക്‌ ഉത്തമം. ഈയൊരു രീതിയാണ്‌ `പ്രവാചകന്റെ മേല്‍ സ്വലാത്ത്‌ ചൊല്ലൂ' എന്ന്‌ പറഞ്ഞിടത്ത്‌ ഖുര്‍ആന്‍ സ്വീകരിച്ചതും. 
പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ മേലുള്ള സ്വലാത്ത്‌ എത്ര അധികരിപ്പിക്കാന്‍ കഴിയുമോ അത്രയും അധികരിപ്പിക്കാനാണ്‌ പ്രവാചക അദ്ധ്യാപനം. മറ്റ്‌ ആരാധന കര്‍മ്മങ്ങളെക്കാള്‍ ചിലപ്പോഴൊക്കെ സ്വലാത്തിന്‌ പോരിശനല്‍കപ്പെട്ട സംഭവങ്ങള്‍ പ്രവാചക ജീവിതം പഠിക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയും. 
                              ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാന്‍ കഴിയുന്ന ഒരു സംഭവമുണ്ട്‌. ``സ്വഹാബി പ്രമുഖരായ അലി (റ), അബ്‌ദുല്ലാഹിബ്‌നു അംറുബിനു ആസ്‌ (റ), ഉസ്‌മാന്‍ ബ്‌നു മള്‌ഊന്‍ (റ) എന്നിവര്‍ പ്രവാചക പത്‌നി ആയിശ ബീവി (റ) യുടെ അടുക്കല്‍ എത്തി പ്രവാചക പുംഗവര്‍ (സ്വ) യുടെ ജീവിത ചിട്ടകളെ കുറിച്ചും ആരാധനാ കര്‍മ്മങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. സകലപാപങ്ങളും പൊറുക്കപ്പെട്ട നബി (സ്വ) യുടെ ആരാധനയെ കുറിച്ച്‌ കേട്ടപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നിസ്സാരമായി അവര്‍ക്ക്‌ തോന്നി. ഒരാള്‍ രാത്രി മുഴുവന്‍ നിസ്‌കരിക്കുമെന്നും ഒരാള്‍ എല്ലാ ദിവസവും നോമ്പനുഷ്‌ഠിക്കുമെന്നും മറ്റെയാള്‍ വിവാഹം ഒഴിവാക്കുമെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ റസൂല്‍ (സ്വ) തങ്ങള്‍ അവരോട്‌ പറഞ്ഞു: ഞാന്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സൃഷ്‌ടാവിനെ അറിഞ്ഞവനാണ്‌. ഞാന്‍ രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പ്‌ പിടിക്കുകയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്റെ ചര്യയെ വിട്ട്‌ മറ്റൊന്നിനെ ആഗ്രഹിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല''. നബി (സ്വ) യുടെ ഈ ഉപദേശത്തിലൂടെ വ്യക്തമാകുന്നത്‌ മുഴുവന്‍ സമയവും ആരാധനയുമായി കൂടാതെ തന്റെ ബാധ്യതകളുമായി മുന്നോട്ട്‌ പോകാനാണ്‌. 
                             എന്നാല്‍ പ്രവാചക ചരിത്രത്തില്‍ സ്വലാത്തുമായി ബന്ധിക്കുന്ന സംഭവത്തിലേക്ക്‌ നോക്കാം. മഹാനായ സ്വഹാബി ഉബയ്യ്‌ബ്‌നു കഅബ്‌ (റ) ഒരിക്കല്‍ പ്രവാചകനോട്‌ ചോദിച്ചു. പ്രവാചകരെ, ഞാന്‍ അങ്ങയുടെ പേരില്‍ സ്വലാത്ത്‌ ആഗ്രഹിക്കുന്നു. അതിനായി എത്ര സമയം ഞാന്‍ ചിലവഴിക്കണം. പ്രവാചകന്‍ മറുപടി പറഞ്ഞു: എത്ര സ്വലാത്ത്‌ ചൊല്ലുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: പ്രവാചകരെ എന്റെ ജീവിതത്തിന്റെ പകുതിഭാഗം ഞാന്‍ അങ്ങേയ്‌ക്ക്‌ സ്വലാത്തിനായി മാറ്റിവെയ്‌ക്കുന്നു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ എത്ര വര്‍ദ്ധിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണകരമാണ്‌. ഉടന്‍ കഅബ്‌ (റ) പറഞ്ഞു: എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം ഞാന്‍ സ്വലാത്തിനായി മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചു. ഉടന്‍ പ്രവാചകന്‍ പറഞ്ഞു: എത്ര അധികരിപ്പിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക്‌ ഗുണം. ജീവിതത്തിന്റെ മുഴുവന്‍ സ്വലാത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചു എന്ന്‌ പറഞ്ഞപ്പോഴും പ്രവാചകന്റെ മറുപടി മുമ്പ്‌ പറഞ്ഞത്‌ തന്നെയായിരുന്നു. മാത്രമല്ല. അതിലൂടെ നിങ്ങളുടെ മാനസീക അസ്വാസ്ഥ്യങ്ങള്‍ക്ക്‌ ശമനം ലഭിക്കും. ദോഷങ്ങള്‍ മായ്‌ക്കപ്പെടും. സ്വലാത്തിന്റെ മഹത്വം വിവരിക്കുന്ന ഈ സംഭവം വിരല്‍ ചൂണ്ടുന്നത്‌ മഹിത സ്വലാത്തിന്റെ പ്രാധാന്യത്തിലേക്കാണ്‌. നിസ്‌കാരത്തിന്റെയും നോമ്പിന്റെയും സമയം കൃത്യമായി പറഞ്ഞപ്പോഴും സ്വലാത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നു പ്രവാചക ഉപദേശം.
                       വിശുദ്ധ റബീഇനന്റെ പൊന്നമ്പിളി ദൃശ്യമാകുന്ന ഈ വേളയിലെങ്കിലും പ്രവാചകന്റെ മേല്‍ സ്വലാത്തും അനുഭാവനങ്ങളുമായി മാനവ മനതകങ്ങള്‍ പറക്കട്ടെ പുണ്യമദീനയിലേയ്‌ക്ക്‌ .....

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌... സ്വല്ലല്ലാഹു അലൈഹി വ സല്ലം...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...