നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 20 December 2013

പൂരസമാനമായ വിവാഹവേളകള്‍

പൂരസമാനമായ വിവാഹവേളകള്‍ 2

               
                                  പണ്ടൊക്കെ പുതിയാപ്പിള ഇറങ്ങുമ്പോള്‍ ത്വലഅല്‍ ബദ്‌റുവും, ബുര്‍ദ്ദയും മറ്റ്‌ നബി പ്രകീര്‍ത്തനങ്ങളും മുഖരിതമായിരുന്ന വിവാഹ വേളകളില്‍ ഇന്ന്‌ വെസ്റ്റേണ്‍ മ്യൂസിക്കുകളും പുതിയ സിനിമാ ഗാനങ്ങളും ഇടം പിടിച്ചിരിക്കുകയാണ്‌. അകമ്പടിയായി വെടിക്കെട്ടും. എന്നാല്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ ബുര്‍ദ്ദ മജ്‌ലിസുകളും, പുക്കാരോ യാ റസൂലുല്ലായും, അന്നബി സ്വല്ലൂ അലൈഹിയും ആസ്വാദന വിപ്ലവും തീര്‍ക്കുന്നുണ്ടെന്ന്‌ കണ്ടെത്തുമ്പോള്‍ മുസ്‌ലിം ഉമ്മത്തിന്‌ അല്‌പമെങ്കിലും അഭിമാനിക്കാം. ഇതോടൊപ്പം സമൂഹത്തിലെ കാര്യക്കാര്‍ ഈ ആസ്വാദന വിപ്ലവത്തിന്‌ അനൂകല പാതയൊരുക്കുക കൂടി ചെയ്യട്ടെ!
                           നമ്മുടെ വിവാഹവേളകള്‍ ഇന്ന്‌ അന്യമതാചാരങ്ങള്‍ അന്ധമായി അനുകരിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞതു പോലെ അഞ്ച്‌ ഘടകങ്ങള്‍ ഉണ്ടായാല്‍ നിക്കാഹ്‌ ശരിയാവും. ഇതിന്‌ പുറമേ എവിടെ നിന്നോ വലിഞ്ഞ്‌ കയറി വന്ന താലികെട്ടിയാലേ നിക്കാഹ്‌ ശരിയാകൂ എന്ന പ്രവണത പാതകമാണ്‌. നികാഹിനേക്കാള്‍ താലികെട്ടിനാണ്‌ ഇന്ന്‌ പ്രാധാന്യം. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ കൊട്ടും കുരവയും അകമ്പടി സേവിക്കുന്ന മോഡേണ്‍ നികാഹ്‌ നാം ദര്‍ശിക്കേണ്ടി വരും. എന്നാല്‍ വധുവിന്‌ വരന്‍ കൊടുക്കേണ്ട വിവാഹമൂല്യം (മഹ്‌ര്‍) ഇരുവര്‍ക്കും വിവാഹബന്ധം ഹറാമുള്ളവരുടെ സന്നിധിയില്‍ വെച്ച്‌ കൈയ്യില്‍ കൊടുക്കുകയോ കഴുത്തില്‍ കെട്ടിക്കൊടുക്കുകയോ ആവാം. 
                             സ്‌ത്രീ പുരുഷ സമ്മിശ്ര സങ്കലനം ഇന്ന്‌ സര്‍വ്വ സാധാരണയായി. പണ്ടൊക്കെ വിവാഹ പന്തലുകള്‍ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ തിരിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ആ മറകള്‍ വലിച്ചുകീറപ്പെട്ടു. മറയെ അനുകൂലിച്ച പള്ളിയിലെ മുസ്‌ലിയാര്‍ പഴമക്കാരനും അറിവില്ലാത്തവനുമായി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിക്കേണ്ടവനായി മുദ്ര കുത്തപ്പെട്ടു.
                          വിവാഹവേളകള്‍ നമ്മുടെ വീടുകളോട്‌ സലാം പറഞ്ഞ്‌ നഗരമദ്ധ്യത്തിലെ ഹോട്ടലുകളിലും ആഡിറ്റോറിയങ്ങളിലും കുടിയേറിപ്പാര്‍ത്തു. അവിടെയാണെങ്കില്‍ എല്ലാം തുറന്ന അവസ്ഥയും. ഇതിനെ അകമ്പടി സേവിക്കാന്‍ ഇസ്‌ലാമിക ആതിഥ്യമര്യാദകളെ മുഴുവന്‍ നശിപ്പിക്കുന്ന പാശ്ചാത്യനില്‍ നിന്ന്‌ കടമെടുത്ത `ബുഫെ' രീതിയും. ആവശ്യക്കാര്‍ ആവശ്യമുള്ളത്‌ പാത്രത്തില്‍ നിന്ന്‌ വിളമ്പി തിന്നുന്ന നാണം കെട്ട ഏര്‍പ്പാട്‌. വിളിച്ചു വരുത്തി അപമാനിക്കുന്നതിന്‌ തുല്യം. മനസ്സു കൊണ്ട്‌ പാശ്ചാത്യനേയും പുറമേ ഇസ്‌ലാമിനേയും പുണര്‍ന്നവര്‍.
                          നമ്മുടെ ആഘോഷ വേളകള്‍ ഇസ്‌ലാമികമാക്കണം. പ്രത്യേകിച്ച്‌ വിവാഹം. ആവശ്യമില്ലാത്ത മാമൂലുകള്‍ സമൂഹം ഒന്നടങ്കം ഒഴിവാക്കണം. ഭ്രാന്തമായ മാമൂലുകള്‍ വലിച്ചെറിഞ്ഞ്‌ നമ്മുടെ വിവാഹങ്ങള്‍ക്ക്‌ ഇസ്‌ലാമിക മാനം കണ്ടെത്തണം. നമുക്കൊരു ഇസ്‌ലാമിക വിവാഹത്തിന്റെ മാതൃക ദര്‍ശിക്കാം. ``മദീനയിലെ വലിയ സമ്പന്നനും മുതലാളിയുമായ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫ്‌. അദ്ദേഹത്തിന്റെ കച്ചവടച്ചരക്കുകള്‍ മുന്നൂറ്‌ ഒട്ടകങ്ങള്‍ക്ക്‌ ചുമക്കാനുണ്ടാകും. അത്രക്കും വലിയ സമ്പന്നനാണ്‌. ഒരു ദിവസം സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ നബി (സ) തങ്ങള്‍ നോക്കുമ്പോള്‍ അബ്‌ദുറഹ്‌മാനു ബ്‌നു ഔഫിന്റെ കുപ്പായത്തില്‍ അത്തറ്‌ പൂശിയതിന്റെ മഞ്ഞക്കറ കാണപ്പെട്ടു. പ്രവാചകര്‍ അദ്ദേഹത്തോട്‌ ചോദിച്ചു: എന്താണ്‌ വിശേഷിച്ച്‌. അദ്ദേഹം പറഞ്ഞു: വിശേഷിച്ച്‌ ഒന്നുമില്ല. ഞാന്‍ ഇന്നലെയൊരു വിവാഹം കഴിച്ചു. ഉടന്‍ തന്നെ നബി (സ) തങ്ങള്‍ പറഞ്ഞു: ഒരാടിനെയെങ്കിലും അറുത്ത്‌ വലീമത്ത്‌ (വിവാഹസദ്യ) നല്‍കണം. അത്‌ സുന്നത്താണ്‌. മറ്റൊന്നും നബി (സ) തങ്ങള്‍ പറഞ്ഞില്ല. സ്വഹാബത്തിനെ മുഴുവന്‍ സദ്യക്ക്‌ ക്ഷണിക്കാത്തതില്‍ പരിഭവച്ചുമില്ല. ജനസാഗരം സൃഷ്‌ടിച്ച്‌ വിഭവ സമൃദ്ധ സദ്യയില്ലാത്തതില്‍ വികാരം കൊണ്ടില്ല. മറിച്ച്‌ വിവാഹത്തിലെ സുന്നത്ത്‌ ഇന്നതാണെന്ന്‌ പഠിപ്പിക്കുകയായിരുന്നു''.
                             സമൂഹം പങ്കാളികളാകേണ്ടത്‌ വിവാഹ സദ്യയിലാണ്‌. അത്‌ നികാഹിന്‌ ശേഷം എപ്പോള്‍ വേണമെങ്കിലും ആകാം. എന്നാല്‍ വിവാഹ സദ്യയുടെ സുന്നത്ത്‌ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ അത്‌ നിക്കാഹിനും വീട്‌ കൂടലിനും ശേഷമാകണമെന്നാണ്‌ പണ്‌ഡിത ദര്‍ശനം.
മുസ്‌ലിം ചെറുപ്പക്കാര്‍ ഇത്തരം ആഭാസങ്ങള്‍ക്ക്‌ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കണം. സമൂഹം നടപ്പിലാക്കുന്ന സര്‍വ്വ വ്യാജ മാമൂലുകളും വലിച്ചെറിഞ്ഞ്‌ അവര്‍ ഒന്നടങ്കം ഇത്തരം തിന്മകള്‍ക്കെതിരെ ഉരുക്കുകോട്ട തീര്‍ക്കട്ടെ! അന്ന്‌ നമ്മുടെ സമൂഹം രക്ഷ പ്രാപിക്കും.... തീര്‍ച്ച.

ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...