നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 16 May 2021

ഖൂത്വാരി ശൈഖുന (റ) (തൊടുപുഴ ഹസ്റത്ത്) Koothari shaikuna, thodupuzha hazrath

ഖൂത്വാരി ശൈഖുന (റ) 

  (തൊടുപുഴ ഹസ്റത്ത്)

Maqam of thodupuzha Hazrath (qs)

    ഇടുക്കി ജില്ലയിലെ തൊടുപുഴയാറിന്റെ സമീപ പ്രദേശമായ കാരിക്കോട് കേരളത്തിലെ അറിയപ്പെട്ട സ്ഥലമാണ്. പഴമയുടെ പര്യായമായ നൈനാർ മസ്ജിദും, ഹൈന്ദവരുടെ പുണ്യ ഗേഹമായ കാരിക്കോട് ഭഗവതി ക്ഷേത്രവും ഒരു ദിവസമാണ് തറക്കല്ലിട്ടത് എന്നതു തന്നെ കാരിക്കോടിന്റെ മത നിരപേക്ഷതയുടെയും , മത സഹിഷ്ണുതയുടെയും മകുടോദാഹരണമാണ്.

ജനനം

ഹിജ്റ 1317 ദുൽഖഅ്ദ 26 ബുധൻ തമിഴ് നാട് നാഗർകോവിൽ കോട്ടാർ കച്ചപ്രതെരുവിലെ പീർമുഹമ്മദ് സാഹിബിന്റെയും മീരാമ്മാൾ ബീവിയുടെയും മകനായി ശൈഖുന മുഹമ്മദ് സ്വൂഫി ( റ ) ഭൂജാതനായി. തന്റെ മൂന്നാം വയസ്സിൽ പ്രിയ മാതാവ് നഷ്ടമായി.

പഠനം

ഏഴാം വയസ്സിൽ പ്രാഥമിക വിദ്യഭ്യാസം തുടങ്ങുകയും സ്വൂഫി വര്യൻമാരായ മശാഇഖുമാരുടെ ശിക്ഷണത്തിൽ മത പഠനം തുടങ്ങുകയും പതിനെട്ടാമത്തെ വയസ്സിൽ ബിരുദ പഠനത്തിനായി തമിഴ് നാട്ടിലെ പുതുക്കുടിയിലെ പ്രസിദ്ധമായ മദ്റസ അന്നൂറുൽ മുഹമ്മദിയ എന്ന പുണ്യ സ്ഥാപനത്തിൽ ചേരുകയും ചെയ്തു.

മുദർറിസ്

സുപ്രസിദ്ധ സ്വൂഫിവര്യനായ ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകളുടെ മഹനീയ ശിക്ഷണത്തിൽ വിവിധ വിജ്ഞാനങ്ങൾ കരസ്ഥമാക്കി. ഉസ്താദുമാരുടെ കണ്ണിലുണ്ണിയും സഹപാഠികളുടെ പ്രിയ തോഴനുമായി കഴിയവെ ഈരാറ്റുപേട്ടയിലെ മമ്പഉൽ ഖൈറാത്ത് എന്ന മത വിജ്ഞാന കേന്ദ്രത്തിലേക്ക് ഉസ്താദിനെ അന്വോഷിച്ചിച്ച് ദറസിന്റെ കാര്യദർശികൾ ചെന്നപ്പോൾ ഉസ്താദുമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകൾ അവർകൾ തന്റെ അരുമ ശിഷ്യനെ ആശിർവദിച്ച് അവരോടൊപ്പം അയച്ചു. ഈരാറ്റുപേട്ടക്കാർക്ക് ഓർക്കാപുറത്ത് വീണു കിട്ടിയ മുത്തിനെ അവർ ആദരവോടെ സ്വീകരിച്ചു.

ആത്മനിർവൃതിയുടെ ആ നല്ല നാളുകൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു നിയോഗമായി ഭവിച്ചത് ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴയിലേക്കുള്ള ഒരു വിവാഹ യാത്രയായിരുന്നു. കാൽനടയാലും, കാള വണ്ടിയിലും മുന്നോട്ട് നീങ്ങുന്ന യാത്ര സംഘത്തിൽ നമ്മുടെ ശൈഖുന (റ) വും ഭാഗഭാക്കായി . ശൈഖുനായെ കണ്ട തൊടുപുഴക്കാർ ആ സത്തിനെ  മറ്റാർക്കും വിട്ട് കൊടുക്കാൻ തയ്യാറായില്ല. ശൈഖുന (റ) വിന്റെ ആഗമനം തൊടുപുഴ നിവാസികൾക്ക് ഒരനുഗ്രഹം ആയിരുന്നു. അവരുടെ വരവോടെ കാരിക്കോടിന് പുത്തനുണർവ്വുണ്ടായി. തഖ്‌വയിലധിഷ്ഠിത ജീവിതം നയിക്കുന്ന കാരണവൻമാർക്കും നാട്ടുകാർക്കും വീണ് കിട്ടിയയ നിധിയായിരുന്നു ശൈഖുന (റ).

പുരാതനമായ കാരിക്കോട് നൈനാര് മസ്ജിദിന്റെ ഇമാമും മുദർറിസുമായി സേവനം ചെയ്യുന്ന നാളുകളിൽ അവിടുന്ന് പകർന്ന വിജ്ഞാനമുത്തുകൾ വാരിക്കൂട്ടുവാനും ആത്മ നിർവൃതി അടയുവാനും ജനങ്ങളുടെ ആകാംക്ഷ വളരെ വലുതായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സർവ്വം സമർപ്പിച്ച മഹാനവർകൾ അന്നാട്ടുകാരായ സകല മത വിശ്വാസികളുടെയും അഭയ കേന്ദ്രമായിരുന്നു. സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച ആ മഹാ മനീഷിയുടെ പിന്നിൽ അവർ അണിനിരന്നു. തന്നിൽ നിന്ന് ഒരു നോക്ക് കൊണ്ട് പോലും വിഷമമുണ്ടാകരുതെന്ന് ശൈഖുന (റ) വിന് നിർബന്ധമുണ്ടായിരുന്നു.

ശൈഖുന (റ) വിന്റെ വിജ്ഞാനം കാരിക്കോടിന് അനിവാര്യമാണന്ന് നാട്ടുകാർ തീരുമാനിച്ചു. തദ്ദേശവാസികൾ കാരിക്കോടിന് സ്വന്തമായി ഒരു ദീനീ വിജ്ഞാന കേന്ദ്രം പടുത്തുയർത്താൻ തീരുമാനിച്ചു. ഉദാരമതികൾ സ്ഥലം ലഭ്യമാക്കി. ദർസ് നിർമാണത്തിനുള്ള സാധന സാമഗ്രികൾസംഭാവന നൽകി. അങ്ങനെ ആ ആഗ്രഹം പൂവണിഞ്ഞു. അതായിരുന്നുകാരിക്കോട് നൂറുൽ ഇസ് ലാം അറബിക്കോളേജ് . ശൈഖുന (റ) വഫാത്ത് വരെ ദറസ് നടത്തിയത് ഇവിടെയായിരുന്നു. പിന്നീട് അതിന്റെ നാമം മുനവ്വിറുൽ ഇസ്‌ലാം എന്നായി മാറി.

വിവാഹം 

കാരിക്കോട് നൈനാർ മസ്ജിദിന്റെ ഇമാമായും, മുദർരിസായും സേവനമനുഷ്ഠിക്കുന്ന കാലത്ത് കാരിക്കോട് തന്നെ സ്ഥിര താമസം ആരംഭിച്ചു. കാരിക്കോട് ഫക്കീർ ലബ്ബയുടെ മകൾ ഫാത്വിമ ബീവിയെ വിവാഹം ചെയ്തു. ഹിജ്റ 1347 ശവ്വാൽ 7 നായിരുന്നു വിവാഹം

സൂക്ഷ്മത 

മഹാനവർകൾ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടാൻ ഒരുങ്ങുമ്പോൾ അൽപം തുക ഹദ്‌യയായി ചിലർ കൊടുത്തപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുകയും അത് മടക്കിക്കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുറഞ്ഞ ആളുകൾ ശൈഖുന (റ)യുടെ കൈവശം ഒരു തുക കൊടുക്കുകയും അത് വാങ്ങുകയും ചെയ്തു. പൊരുത്തമില്ലാത്ത ഒരു പൈസ പോലും തന്റെ കൈവശം വന്നുചേരുന്നതിനെ അത്രമാത്രം ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്തു.

 ശിഷ്യസ്നേഹം 

ഇന്നത്തെ പോലെ ക്യാന്റീൻ സൗകര്യമില്ലാത്ത കാലത്ത് മുതഅല്ലിമുകൾക്ക് ഭക്ഷണം നൽകിയിരുന്നത് ദീനീ സ്നേഹികളും ഉദാരമതികളുമായ നാട്ടുകാരായിരുന്നു. പതിവുപോലെ ഒരു മുതഅല്ലിം രാത്രി ഭക്ഷണത്തിന് പോയി. കൂടെ പോകാറുണ്ടായിരുന്ന മുതഅല്ലിം അന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് ഒരു നിലക്കും മുന്നോട്ട് നീങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു. ശക്തമായ ഇരുട്ടും വിജനമായ വഴിയും ! പ്രയാസപ്പെട്ട് ഭയത്തോടെ നിൽക്കുമ്പോൾ ഏറെ അകലെയല്ലാതെ ഒരു മനുഷ്യ രൂപം പ്രത്യക്ഷപ്പെടുകയും ആ ധൈര്യത്തിൽ അദ്ദേഹത്തെ പിന്തുടർന്ന് ദറസിലെത്തുകയും ചെയ്തു. ശേഷം ആ മുതഅല്ലിമിന് പനി പിടിപെട്ടു. അൽപം കഴിഞ്ഞ് ആ മുതഅല്ലിമിനെ സമീപിച്ച് ശൈഖുന (റ) പറഞ്ഞു. 

"നിനക്ക് വേണ്ടിയല്ലേ ഞാനവിടെ വന്നത് "

ഈ സമയത്തൊക്കെ ശൈഖുന (റ) ദറസിൽ തന്നെയുണ്ടായിരുന്നുവെന്ന് സാക്ഷ്യം. അതോടെ മുതഅല്ലിമിന് പനി മാറി സുഖം പ്രാപിച്ചു

ഹജ്ജ് യാത്ര 

ശൈഖുന (റ)വും മറ്റ് നാല് പേരും (07/05/1951) റജബ് 30 തിന് തിങ്കൾ രാവിലെ 8.00 മണിക്ക് എറണാകുളത്തേക്ക് പുറപ്പെടുകയും അന്ന് 2 : 30 ന് എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് ട്രെയിൻ കയറി. 09/5/1951 ബുധൻ 1:30 ന് മുംബൈയിൽ എത്തുകയും ചെയ്തു.15 ദിവസത്തോളം ബോംബെയിൽ താമസമാക്കി. 25/05/1951 വെള്ളിയാഴ്ച്ച 5:30ന് കപ്പലിൽ ജിദ്ദയിലേക്ക് ...

10 ദിവസത്തോളം കപ്പൽ യാത്ര . 04.06.1951 തിങ്കൾ 9:30 ന് ജിദ്ദയിൽ എത്തി. പരിശുദ്ധ റമളാനിന്റെ രാപകലുകൾ വിശുദ്ധ മക്കയിൽ . 120 ദിവസത്തോളം മക്കയിലും മദീനയിലുമായി താമസം. ഇക്കാലയളവിൽ മക്കയിലേയും മദീനയിലെയും പുണ്യസ്ഥലങ്ങൾ മുഴുവനും സന്ദർശിച്ചു. മഹത്തുക്കളായ സ്വഹാബത്തിന്റെ മഖ്ബറകൾ സിയറത്ത് ചെയ്തു. അന്ന് അവിടെ മുദർരി സായി സേവനമനുഷ്ഠിക്കുന്ന ധാരാളം ആലിമീങ്ങളുമായി കൂടികാഴ്ച്ച നടത്തി. അന്നവിടെ ലഭ്യമായ കുതുബ്ഖാനകൾ, ലൈബ്രറികൾ ഒന്നൊഴിയാതെ സന്ദർശിച്ചു. അന്ന് അവിടെ നിന്ന് ധാരാളം ഗ്രന്ഥങ്ങൾ ശേഖരിച്ചു. ഇന്ന് ലഭ്യമാകാൻ പ്രയാസകരമായ പല ഗ്രന്ഥങ്ങളും മഹാനവർകളുടെ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നു. എന്നത് തന്നെ അവ ശേഖരിക്കുന്നതിലും കണ്ടെത്തുന്നതിലും ശൈഖുന (റ) വിന് ഉണ്ടായിരുന്ന അമിതമായ താത്പര്യവും അത്യുൽസാഹവും എത്രയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. 20/09/1951 (വ്യാഴം) മക്കയിൽ നിന്ന് ജിദ്ദയിലേക്ക്... 24/09/1951 ( തിങ്കൾ ) ജിദ്ദയിൽ നിന്ന് ബോംബെയിലേക്ക് . 03/10/1951 രാവിലെ 10 മണിക്ക് ബോംബെയിൽ എത്തി. 08/10/1951 രാവിലെ ആലുവയിൽ എത്തി. അന്ന് തന്നെ തൊടുപുഴയിലെ വസതിയിലും എത്തി

ഗുരു പരമ്പര 

ഭൗതിക നിമിത്തങ്ങളായ പഞ്ചേന്ദ്രിയങ്ങളാണ് മനുഷ്യന്റെ അറിവിന്റെ സ്രോതസ്സുകൾ .അതിനപ്പുറത്തേക്ക് അവന്റെ ജ്ഞാനം വ്യാപിക്കണമെങ്കിൽ അഭൗതിക സാഹചര്യങ്ങൾ ഉൾക്കൊള്ളാനും അംഗീകരിക്കാനും പ്രാപ്തമാകണം. സ്രഷ്ടാവിനെ കുറിച്ചുള്ള മഅ് രിഫത്ത് ഭൗതിക നിമിത്തങ്ങൾക്കപ്പുറമാണ് അത് ലഭ്യമാകുന്നതിന് മഹാൻമാരുടെ പാത അനുദാവനം ചെയ്യൽ മാത്രമാണ് മാർഗ്ഗം. ഈ മഹത്തുക്കളുടെ പാത ത്വരീഖത്ത് എന്നറിയപ്പെടുന്നു. 

നമ്മുടെ ശൈഖുന (റ) മതപഠനത്തിന്റെ പ്രഥമഘട്ടത്തിൽ തന്നെ സ്വൂഫി ചിന്താധാരയിൽ ആകൃഷ്ടനായിരുന്ന വ്യക്തിയായിരുന്നു. ശൈഖ് അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകളുടെ ശിഷ്യത്വം ശൈഖുന (റ)യെ ഒരു സ്വൂഫിയാക്കി മാറ്റിയിരുന്നു. കാരണം ഉസ്താദവർകൾ ഹസ്റത്ത് ബഡേ ഷാഹ് (റ) ചെന്നൈ, സുൽത്വാനുൽ വാഇളീൻ സ്വൂഫി ശാഹ് മുഹമ്മദ് അബ്ദുൽ ഖാദിർ അൽ ഖാദിരി എന്ന ഹൈദരാബാദ് സ്വൂഫി (റ) എന്നിവരുമായി ആത്മീയ ബന്ധമുണ്ടായിരുന്നു.
ഉസ്താദിന് അവരോടുള്ള ബന്ധം ശൈഖുന (റ) വിന് ഹൈദരാബാദ് സ്വൂഫി ( റ ) വുമായി ആത്മീയ ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു.

ഒരു ശൈഖിനെ ഗുരുവായും അയാളുടെ വഴി ത്വരീഖത്തായും അംഗീകരിക്കുന്നതിന് ഇസ് ലാമിക ദൃഷ്ടിയിൽ നിരവധി നിബന്ധനകളുണ്ട്. ആ ശൈഖിന്റെ ഗുരു പരമ്പര സംശയാതീതമായി സയ്യിദുൽ വുജൂദ് മുത്ത്നബി (സ) യിലേക്ക് ചേരുന്നതായിരിക്കുക. ആ പരമ്പരയിൽ വിശ്വാസ വൈകല്യമുള്ളയാളുകളില്ലാതിരിക്കുക. ഈ വസ്തുത മുഖവിലക്കെടുത്ത് വന്ദ്യരായ ശൈഖുന (റ)യെ സ്മരിക്കുമ്പോൾ അവിടുത്തെ ഗുരു പരമ്പര രേഖപ്പെടുത്തുന്നത് ആവശ്യം തന്നെ. ശൈഖ്, ത്വരീഖത്ത് എന്നീ വിഷയങ്ങളിൽ ധാരണപ്പിശക് വച്ച് പുലർത്തുന്ന വർത്തമാന യുഗത്തിൽ വിശേഷിച്ചും ....,

🌹സുൽത്വാനുൽ വാ ഇളീൻ ശാഹ് അബ്ദുൽ ഖാദിർ അസ്സ്വൂഫി (ഖു:സി) 🌹

വന്ദ്യരായ ശൈഖുന (റ) വിന്റെ ആത്‌മീയ ഗുരു പരമ്പരയിലെ പ്രഥമ ഗുരു വര്യരാണിവർ . ഹിജ്‌റ 1280 ജുമാദുൽ ആഖിർ 19 ന് കർണ്ണാടകയിലെ ബൈദർ ശരീഫിലാണ് ജനനം. ഹൈദറാബാദ് സഅ്ദുല്ല നഖ്ശബന്ദി (ഖു:സി) യുടെ ഖലീഫ ഹസ്റത്ത് ഹാജി മീർ ആലം ശാഹ് നഖ്ശബന്ദി അൽ മുജദ്ദിദിയാണ് ശൈഖുന (റ) വിന്റെ പിതാവ്.

അസ്റാറേ ഖുർആനിയ്യ, അദ്ദഖാഇഖു വൽ ഹഖാഇഖ് , റസാഇലേ സുലൂക് എന്നീ പ്രസിദ്ധീകൃതമായ മഹൽ ഗ്രന്ഥങ്ങളുൾപ്പെടെ നിരവധി രചനകൾ മഹാനവർകളുടേതായിട്ടുണ്ട്.

1313-ൽ മഹ്ബൂബ് നഗർ എന്ന ഗ്രാമത്തിൽ മദ്റസത്തുൽ മുഹമ്മദിയ്യ എന്ന മതപാഠശാല സ്ഥാപിച്ച് കൊണ്ട് ഗ്രാമീണ ജനങ്ങളെ മതപഠനവുമായി ബന്ധിപ്പിക്കാൻ മഹാനവർകൾ ചെയ്ത സേവനം വളരെ വിലപ്പെട്ടതാണ്.

 ആത്മീയപ്രഭാഷകൻ 

ആത്മീയതയെ തട്ടിയുണർത്തുന്ന ശൈഖുനയുടെ പ്രസംഗങ്ങൾ ജനലക്ഷങ്ങളെ തന്നിലേക്കാകർഷിച്ചു. അവിടുത്തെ വാചാലതയും ആശയഗാംഭീര്യവും അന്നത്തെ നൈസാം രാജാവിന്റെ ഔദ്യോഗിക ജുമുഅ മസ്ജിദായിരുന്ന ചൗക്കി മസ്ജിദിൽ ഖത്വീബായി നിയമിക്കപ്പെടാൻ കാരണമായിത്തീർന്നു. മാത്രമല്ല തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, കേരളം, തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആന്ധ്രയുടെ ഇതരഭാഗങ്ങളിൽ നിന്നും ശൈഖുന (റ) യുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തടിച്ച് കൂടുമായിരുന്നു. ശൈഖുന (റ) യുടെ പ്രസംഗം നിമിത്തം ധാരാളം പാപികളായ ജനങ്ങൾ പശ്ചാത്തപിച്ച് മടങ്ങിയതായും നിരവധിയാളുകൾ ഇസ്‌ലാമിലേക്ക് കടന്ന് വന്നതായും ചരിത്രം സാക്ഷീകരിക്കുന്നു. "ഔലിയായേ ദക്കൻ " എന്ന ചരിത്ര ഗ്രന്ഥത്തിൽ മഹാനവർകളുടെ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖുന ഹൈദരാബാദ് സ്വൂഫി ( റ ) യുടെ ഖാദിരിയ്യ ത്വരീഖത്തിലെ പ്രധാന ഖലീഫമാരാണ് നമ്മുടെ സ്മരണീയ പുരുഷൻ ശൈഖുനാ അശ്ശൈഖ് മുഹമ്മദ് സ്വൂഫിയ്യുൽ ഖുത്വാരീ (റ) , കായൽ പട്ടണം സ്വൂഫി ഹസ്റത്ത് എന്ന് പ്രസിദ്ധനായ അബ്ദുൽ ഖാദിർ ശാഹ് ഖാദിരീ കൊളംബോ (റ), ശൈഖ് ശാഹ് അബ്ദുശ്ശുകൂർ സ്വൂഫി ഖാദിരീ ഹൈദരാബാദ് (റ) (മകൻ). ബാഖിയാത്തുസ്വാലിഹാത്ത് അറബിക്കോളേജിൽ ദീർഘകാലം ശൈഖു ത്തഫ്സീറും പ്രിൻസിപ്പാളുമായിരുന്ന സയ്യിദ് മുഹമ്മദ് അബ്ദുൽ ജബ്ബാർ ശാഹ് ഖാദിരി കടപ്പ , തുടങ്ങിയ നിരവധി പണ്ഡിതൻമാർ ശൈഖുന (റ) യുടെ മുരീദുമാരിൽ പെട്ടവരാണ്.

ലോകത്തിന്റെ നാനാ ദിക്കുകളിൽ ആത്മീയ പ്രഭ വാരിവിതറിയ ശൈഖുന (റ) 1356 ശവ്വാൽ ശവ്വാൽ 9 ന് ഹൈദരാബാദിലെ മിസ്വ്രീ ഗഞ്ചിലെ സ്വഭവനമായ സ്വൂഫി മൻസിലിൽ വെച്ച് വഫാതായി. (ഹൈദരാബാദ് സ്വൂഫി (റ) യുടെയും ഖൂത്വാരി ശൈഖുന (റ)യുടെയും വഫാത്ത്ഒരേ ദിവസമാണ് ) "മർക്കസെ ബുസ്മെ അൻവാറു സ്വൂഫിയ്യ" എന്ന മദ്റസയുടെ ചാരത്ത് മഹാനവർ അന്ത്യവിശ്രമം കൊള്ളുന്നു ... ഹൈദരാബാദിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ് ഈ സ്വൂഫി മൻസിൽ ..
ഗുരു പരമ്പര (2)

🌹അശ്ശൈഖ് ഇസ്മാഈലുസ്സ്വൂഫിയ്യി അൽ ഖാദിരി (ഖു: സി) 🌹

വന്ദ്യരായ ഹൈദരാബാദ് ഹസ്റത്ത് ശാഹ് അബ്ദുൽ ഖാദിർ ഖാദിരി (റ) അവർകളുടെ ആത്മിയ ഗുരു സുൽത്വാനുൽ മജാദീബ് അശ്ശൈഖ് ഇസ്മാഈലുസ്സ്വൂഫി ഖാദിരി (റ) അവർകളാണ്. ഹൈദരാബാദിലെ "കാച്ചി ഗോഡാ " റെയിൽവേസ്റ്റേഷന് അടുത്താണ് മഹാനവർകളുടെ ദർഗ്ഗാ ശരീഫ്. നിരവധി കറാമത്തുകളുടെ ഉടമയും വിലായത്തിന്റെ ഉന്നതമായ പദവികൾ അലങ്കരിക്കുകയും ചെയ്ത ശൈഖുന മുൻശി ഇസ്മാഈൽ സ്വൂഫി ശാഹ് ഖാദിരി (റ) അവർകൾ ഹിജ്റ 1335 മുഹർറം 13 വെള്ളിയാഴ്ച്ച വഫാതായി മഹാനവർകളുടെ പ്രധാന ഖലീഫയാണ് സുൽത്വാനുൽ വാഇളീൻ (റ)


🌹സയ്യിദ് ശാഹ് അബ്ദുൽ ഖാദിർ ഖാദിരി സ്വൂഫി സിക്കന്തരാബാദ് (റ) 🌹

മഹാനവർകൾ ഇറാനിലെ പ്രസിദ്ധമായ ബുഖാറ ഗ്രാമത്തിൽ 1149-ൽ ജനിച്ചു. പിതാവ് ഹസ്റത്ത് സയ്യിദ് ശാഹ് ഫരീദുദ്ദീൻ ബുഖാരി (റ) ആ പ്രദേശത്തെ പ്രസിദ്ധ സ്വൂഫികളിൽ ഒരാളായിരുന്നു. പിതാവ് വഴി സയ്യിദ് വംശമായ ബുഖാരി ഖബീലയും മാതാവ് വഴി ഉമർ ബിൻ ഖത്വാബ്(റ) വിന്റെ സന്താന പരമ്പരയിൽ പെട്ട ശാഹ് വലിയുല്ലാഹിദ്ദഹ് ലവി (റ) യുടെ സന്താന പരമ്പരയിലും സന്ധിക്കുന്ന മഹാനവർകൾ ചെറു പ്രായത്തിൽ തന്നെ ഇൽമിലും ഇർഫാനിലും അവഗാഹം നേടി.
മതാധ്യാപനത്തിന്റെ ബാലപാഠങ്ങൾ പിതാക്കൻമാരിൽ നിന്ന് ബുഖാറയിൽ വെച്ച് അഭ്യസിച്ച മഹാനവർകൾ ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും വഴി കാട്ടിയും ഹദീസ് പണ്ഡിതനും കാലഘട്ടത്തിന്റെ ഖുത്വ് ബു മായിരുന്നു. ഖുർആനിന്റെ അക്ഷരങ്ങൾ മാത്രം മന:പാഠമാക്കിയ ഹാഫിളായിരുന്നില്ല മറിച്ച് അതിന്റെ ബാഹ്യാർത്ഥങ്ങളും ആന്തരീ കാർത്ഥങ്ങളും വേണ്ടുവോളം ഗ്രഹിച്ച ആത്മജ്ഞാനി കൂടിയായിരുന്നു. ആത്മജ്ഞാന ദാഹവുമായി ബുഖാറയിലെ മഹാ പണ്ഡിതരുമായി ബന്ധം സ്ഥാപിച്ചു. ഏറെ കാലത്തെ കഠിന പരിശ്രമത്തിന് ശേഷം പണ്ഡിത പ്രഭുവായ ഹസ്റത്ത് മൗലവി അബ്ദുൽ അലി (റ) യുമായി സന്ധിച്ചു. ആ കൂടികാഴ്ച്ച മഹാനുഭാവന് ആത്‌മ സംതൃപ്തി നൽകിയെങ്കിലും ലക്ഷ്യപ്രാപ്തി കൈവരിച്ചില്ലെന്ന ചിന്തയും ലക്ഷ്യം തേടിയുള്ള യാത്രയും ഡൽഹിയിലെ സുപ്രസിദ്ധ സ്വൂഫി വര്യനായിരുന്ന ശാഹ് അബ്ദുൽ അസീസ് സ്വൂഫി ഖാദിരി (റ) യിൽ കൊണ്ടെത്തിച്ചു. തന്റെ അമ്മാവനായിരുന്ന അബ്ദുൽ അസീസ് മുഹദ്ദിസുദ്ദഹ് ലവി അൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (റ) അവർകളുമായി ഡൽഹിയിൽ ഒരുമിച്ച് കൂടുകയും രിയാള ,മുജാഹദ കളിലായി മഹാനവർകളുടെ ശിക്ഷണത്തിൽ വർഷങ്ങളോളം അവിടെ താമസിക്കുകയും ചെയ്തു. ശൈഖ് അബ്ദുൽ അസീസുദ്ദഹ്‌ലവി (റ) ശാഹ് അബ്ദുൽ ഖാദിർ സ്വൂഫി ഖാദിരി അവർകൾക്ക് ഖാദിരിയ്യ, നഖ്ശബന്ദിയ്യ ത്വരീഖത്തുകളിൽ ഖിലാഫത്ത് നൽകി അനുഗ്രഹിക്കുകയും ഹൈദരാബാദിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങിനെ ഹൈദരാബാദിലെ സിക്കന്തറാബാദിലെത്തുകയും അവിടുത്തെ ഖാളിയായി നിയുക്തനാവുകയും ചെയ്തു. ശൈഖുന ശാഹ് അബ്ദുൽ ഖാദിർ ഖാദിരി (റ) അവർകൾ അവിടെത്തെ ശൈഖിനെ കാണുന്നതിന് ഡൽഹി ലേക്കുള്ള യാത്ര വേളകളിൽ ഗുരുവിനോടുള്ള ആദരവ് നിമിത്തം ചെരിപ്പ് ധരിക്കുമായിരുന്നില്ല.

ഹിജ്റ 1269-ൽ അവിടുത്തെ 120-ാം വയസ്സിൽ സിക്കന്തറാബാദിൽ വഫാത്തായി. റൗളത്തുൽ അസ്വ്ഫിയ എന്നറിയപ്പെടുന്ന മഹാനവർകളുടെ ഖാൻഗാഹ് നിലകൊള്ളുന്ന മഖ്ബറ സിക്കന്തറാബാദിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. ഇവരുടെ പ്രധാന ഖലീഫയാണ് സുൽത്വാനുൽ മജാ ദീബ് ഇസ്മാഈലുസ്സ്വൂഫി (റ)

രചനകൾ 

ഖുത്വാരി ശൈഖുന (റ)യുടെ ആത്മീയ ജീവിതവും അവിടുത്തെ പ്രവർത്തനങ്ങളും വളരെ വലുതായിരുന്നു. കാരിക്കോട് നിന്ന് ആറ് മൈൽ ദൂരമുള്ള കൊന്താല പള്ളിയിൽ അടങ്ങിയ കൊന്താലം, ബാവ (റ) എന്നീ ശുഹദാക്കളെ സിയാറത്ത് ചെയ്യൽ ശൈഖുന (റ) യുടെ പതിവായിരുന്നു. വഴിയിലൂടെ ലവലേശം ഭയമില്ലാതെ രാത്രി സമയങ്ങളിലായിരുന്നു ശൈഖുന പോയിരുന്നത്. ശൈഖുന (റ)യുടെ മനക്കരുത്തും നിർഭയത്വവും അത് വ്യക്തമാക്കുന്നു. അങ്ങനെയുള്ള സിയാറത്തിലൊരിക്കൽ അവരുമായി സംസാരിക്കുകയും അവരുടെ ചരിത്രം മനസ്സിലാക്കുകയും ചെയ്തു. തദടിസ്ഥാനത്തിൽ അവരെ സംബന്ധിച്ച് " ഇസാലത്തുൽ ബൽവാ ഫീ മദ്ഹി കൊന്താലം വ ബാവ " എന്ന പേരിൽ ശൈഖുന (റ) മൗലിദ് രചിച്ചു. അദ്ധ്യാത്‌മിക ജ്ഞാനങ്ങളുടെ ഉറവിടത്തിലേക്കുള്ള വെളിച്ചമായി ശൈഖുന (റ) രചിച്ച 'അറബി തമിഴ് കാവ്യം, - മുനാജാത്തുൽ മഅ് രിഫത്തിൽ ഇൽഹാമിയ്യ "അദ്ധ്യാത്മിക ദാഹികൾക്ക് ഒരു മുതൽ കൂട്ടാണ്. ആത്മജ്ഞാന സംബന്ധമായ വേറേയും രചനകൾ ശൈഖുന (റ) യുടെതായിട്ടുണ്ട്. എല്ലാം അച്ചടിയിലില്ല.

പ്രധാന ഖലീഫ 

സയ്യിദൻമാരും പണ്ഡിതൻമാരും ഉൾപ്പെട്ട ശൈഖുന (റ)യുടെ ആത്മീയ ശിഷ്യഗണങ്ങളിൽ അഗ്രഗണ്യ സ്ഥാനം നേടിയവരാണ് അവിടുത്തെ പ്രധാന ഖലീഫ ആലുവ കുന്നത്തേരി മദ്റസ നൂറുൽ ഇർഫാനിന്റെ സ്ഥാപകൻ ശൈഖുന അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഐദ റോസിയ്യ് അൽ ഖാദിരിയ്യ് അസ്സ്വൂഫിയ്യ് എ.ഐ മുത്ത് കോയ തങ്ങൾ (റ).

ഒരു ശൈഖിനോട് പാലിക്കേണ്ട മര്യാദകളെല്ലാം പാലിച്ച് യഥാർത്ഥ മുരീദായി മുന്നോട്ട് ഗമിച്ച ആലുവ ശൈഖുന (റ) ദ്രുതഗതിയിൽ ലക്ഷ്യം പ്രാപിച്ചു. എല്ലാം തന്റെ ഗുരുവിൽ അർപ്പിച്ച് അവിടുത്തെ തൃപ്തിയിലും ഇഷ്ടത്തിലുമായി ജീവിച്ചപ്പോൾ ലക്ഷ്യപ്രാപ്തി എളുപ്പമായി. അത് കൊണ്ട് തന്നെ പൂർണ്ണത പ്രാപിച്ച ആലുവ ശൈഖുനാ(റ)ക്ക് ഖൂ ത്വാരി ശൈഖുന (റ) ജീവിത കാലത്ത് തന്നെ ഖിലാഫത്തും ബൈഅത്ത് കൊടുക്കാനുമുള്ള അനുവാദം നൽകി. തന്റെ അരുമ ശിഷ്യന് ഗുരു നൽകിയ അംഗീകാരമായിരുന്നു അത്. ഞാൻ അറിയപ്പെടുന്നത് കുന്നത്തേരി തങ്ങളിലൂടെ ആയിരിക്കും ( ആലുവ ശൈഖുന ) എന്ന് ഖൂ ത്വാരി ശൈഖുനാ (റ) അവർകൾ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് അത് ഒരു യാഥാർത്ഥ്യമായി പുലർന്ന് കൊണ്ടിരിക്കുന്നു.
Mahlarathul Qadiruyya karikode


വഫാത്ത് 

ആന്തരിക ബാഹ്യ നിലകൾ സമന്വയിപ്പിച്ച് ശാന്ത സ്വരൂപനായി ജനങ്ങളെ വിശുദ്ധ ദീനിലേക്കും അല്ലാഹുവിലേക്കും ക്ഷണിച്ചു കൊണ്ട് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത . മഹാ വ്യക്തിത്വമാണ് ഖൂത്വാരി ശൈഖുനാ (റ). തൊടുപുഴ ഹസ്റത്ത്, സായി ഉപ്പാപ്പ, തൊടുപുഴ ശൈഖുന (റ) എന്നീ പേരുകളിൽ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് സ്വൂഫിയ്യ് അൽ ഖൂത്വാരി (റ) അവർകൾ നട്ടുവളർത്തിയ ജ്ഞാന വൃക്ഷം പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുകയാണിന്ന്. മഹാനവർകൾക്ക് അല്ലാഹു നൽകിയ സ്ഥാനവും ആദരവുമാണത്. ജീവിത കാലത്തും ശേഷവും നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട് .തദ്ദേശ വാസികളും പുറമെയുള്ളവരുമായ നിരവധിയാളുകൾ അവിടുത്തെ സ്ഥാനവും മഹത്വവും അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അത്യുന്നത സ്ഥാനമാനങ്ങളും ആദരവുകളും ലഭിച്ച മഹാനവർകൾ ഹിജ്റ 1373 ശവ്വാൽ 9 മദ്ധ്യാഹ്‌നത്തിൽ പരലോകയത്രയായി . മഹാനുഭാവന്റെ പാത യഥാവിധി ഉൾകൊണ്ട് വിജയം വരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
Nooru Hafiz Hifzul Quran College, Karikode


വിജ്ഞാന സമ്പാദനവും വിജ്ഞാന വിതരണവും ജീവിത സ്പര്യയാക്കി മൺമറഞ്ഞ് പോയ ശൈഖുന (റ)യുടെ സ്മരണയിൽ അവിടുത്തെ പുണ്യ മഖാമിന്റെ ചാരത്തായി "നൂറുൽ ഹാഫിള് തഹ്ഫീളുൽ ഖുർആൻ കോളേജ് " തലയുയർത്തി നിൽക്കുന്നു ::

No comments:

Post a Comment

Related Posts Plugin for WordPress, Blogger...