Tuesday, 7 July 2015

തസ്വവ്വുഫിന്റെ അനിവാര്യത

തസ്വവ്വുഫിന്റെ അനിവാര്യത

            മനുഷ്യന്‌ ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. മൃഗങ്ങളെ പോലെ ഇഷ്‌ടാനുസരണമുള്ള ജീവിതം അവന്‌ പാടില്ല. ഈ നിയന്ത്രണമില്ലാത്ത കാലത്തോളം അവന്‍ തെറ്റ്‌ കുറ്റങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കും. 
          ഉത്‌കൃഷ്‌ട സൃഷ്‌ടികളായ മലക്കുകള്‍ക്കും അമ്പിയാക്കള്‍ക്കും അല്ലാഹുവിന്റെ പരിരക്ഷണമുള്ളത്‌ കൊണ്ട്‌ അവരില്‍ നിന്ന്‌ തെറ്റുകള്‍ സംഭവിക്കുന്നില്ല. ഈ സുരക്ഷിതത്വം സാധാരണ മനുഷ്യന്‌ ഇല്ലാത്തത്‌ കൊണ്ട്‌ അല്ലാഹു നിര്‍ദ്ദേശിച്ച മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി വിജയിക്കേണ്ടതുണ്ട്‌.
            ഈ മാര്‍ഗ്ഗത്തില്‍ ഈ രൂപത്തില്‍ നേടിയ നിയന്ത്രണമനുസരിച്ച്‌ സൂക്ഷ്‌മതയോടെ ജീവിക്കുന്ന മനുഷ്യന്‍ മലക്കുകളേക്കാള്‍ ഉന്നതരായി തീരും. ഈ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗമാണ്‌ തസ്വവ്വുഫ്‌. അഥവാ ആത്മീയ സംസ്‌കരണം.
               ആത്മീയ സംസ്‌കരണം വഴി മാത്രമേ പൂര്‍ണ്ണവിജയം സാദ്ധ്യമാകൂ. ഈ സംസ്‌കരണം നേടിയവര്‍ക്ക്‌ അനാവശ്യ ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തരായി അല്ലാഹുവിന്റെ ചിന്തയില്‍ സത്‌പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ അവര്‍ക്ക്‌ കഴിയും. എല്ലാ ദുര്‍ഗുണങ്ങളില്‍ നിന്നും (അഹങ്കാരം, അസൂയ, കോപം, അത്യാഗ്രഹം...) അവര്‍ മോചിതരായിരിക്കും. ആത്മശുദ്ധി നേടിയ മനസ്സ്‌ നന്മയുടെ വിളനിലമായിരിക്കും. തിന്മകള്‍ കരിഞ്ഞുവീഴുന്ന സ്ഥലവും അത്‌ തന്നെ. ആരിഫീങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ അത്‌ വ്യക്തമാകും. 
പൂര്‍ണ്ണചൈതന്യമുള്ള ആത്മാവ്‌ അവരുടേതാണ്‌. തസ്വവ്വുഫിന്റെ മാര്‍ഗ്ഗമവലംബിക്കാത്ത ഹൃദയങ്ങള്‍ ആരിഫുകളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൃതമാണ്‌. അഹങ്കാരവും പരസ്‌പരം പോരടിക്കാനുള്ള പ്രേരണയുമല്ലാതെ അതില്‍ നിന്ന്‌ ഉടലെടുക്കില്ല. ഐഹീകതയോടുള്ള അത്യാര്‍ത്ഥിയെ അതിജയിക്കാനുമുള്ള ശക്തി അതില്‍ നിന്ന്‌ ലഭിക്കുന്നില്ല. 
             സ്വൂഫികളുടെ ജീവിതം പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പലതും വിഡ്ഡിത്തമായി നമുക്ക്‌ തോന്നാം. അതിന്റെ ആന്തരീകാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനും അതുള്‍ക്കൊള്ളാനും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ കഴിവില്ലാത്തതാണ്‌ കാരണം. അതുകൊണ്ട്‌ തന്നെ നമ്മുടെ തോന്നലുകള്‍ക്കനുസരിച്ച്‌ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും അപകടകരമാണ്‌. 
                ആത്മശുദ്ധി കൈവരിച്ച മഹത്തുക്കള്‍ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കുന്നില്ല. അതുകൊണ്ട്‌ തന്നെ അല്ലാഹുവല്ലാതെ മറ്റൊന്നിനേയും അവര്‍ക്ക്‌ ഭയമില്ല. അല്ലാഹു പറഞ്ഞു: ``അറിയുക, നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക്‌ ഭയമില്ല, അവര്‍ ദുഃഖിതരുമല്ല'' (വി.ഖു.). 
അതേസമയം അവരെ ഭയപ്പെടാത്ത ഒരു വസ്‌തുവുമില്ല. അവരെ ആദരിക്കാത്ത ഒരു ജീവിയുമില്ല. എത്രയോ ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. 
               ഇനി മറുവശമൊന്ന്‌ ചിന്തിക്കുക. തസ്വവ്വുഫ്‌ കണക്കിലെടുക്കാത്ത അജ്ഞരായ സാധാരണക്കാരുടെ കഥ പോകട്ടെ, അറിവുള്ളവരില്‍ തന്നെ തസ്വവ്വുഫിന്‌ മുന്‍ഗണന നല്‍കാത്തവരുടെ അവസ്ഥ എന്താണ്‌? ചിന്തിക്കുക. 
            സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അവര്‍ പരസ്‌പരം ചെളിവാരി എറിയുന്ന ദയനീയ കാഴ്‌ചയാണ്‌ കാണുന്നത്‌. നിലക്കാത്ത ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാം ഐഹീക പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടി. 
            ഇതിന്നപവാദമാവാന്‍ അദ്ധ്യാത്മിക ചിന്തയില്‍ മുഴുകിയ പണ്ഡിതനേ കഴിയൂ. ചുരുക്കത്തില്‍ ആത്മജ്ഞാനമില്ലാതെ പാണ്ഡിത്യം പരി#േപൂര്‍ണ്ണമാകുന്നില്ല. ആത്മശുദ്ധിയില്ലാതെ പണ്ഡിതധര്‍മ്മം പണ്ഡിതധര്‍മ്മം നിര്‍വ്വഹിക്കല്‍ അസാധ്യമാണ്‌.
പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന്‌, സമാധാനമുള്ള ലോകത്തിന്‌ ഇന്നാവശ്യം ആരിഫുകളുടെ പാതയാണ്‌. ആ പാത പിന്‍പറ്റുന്ന സമുദായത്തെ നയിക്കുന്ന പണ്ഡിതര്‍ക്ക്‌ മാത്രമേ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗ്ഗം കാണിക്കാന്‍ കഴിയൂ. 
             അല്ലാഹുവിനെ അറിയുക, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനുള്ള മാര്‍ഗ്ഗം അറിയുക. ഇതാണ്‌ തസ്വവ്വുഫിന്റെ അടിസ്ഥാനം. തഖ്‌വയാകുന്ന തെളിനീര്‍ കൊണ്ട്‌ ദുര്‍ഗ്ഗുണങ്ങളാകുന്ന മാലിന്യങ്ങളെ കഴുകി ശുദ്ധീകരിക്കുന്ന ഭൗതികതയുടെ അറ്റമില്ലാത്ത കടലില്‍ മുങ്ങിത്താഴുന്ന മനുഷ്യന്‍ എന്ന സഞ്ചാരിയെ `വറഅ്‌' ന്റെ കയര്‍ നല്‍കി രക്ഷപ്പെടുത്തുന്ന പ്രക്രിയയാണ്‌ തസ്വവ്വുഫ്‌. ത്വരീഖത്തും തസ്വവ്വുഫും പഠിക്കുക. ആത്മാവിനെ ശുദ്ധീകരിക്കുക. മനസ്സിലെ ദുര്‍ചിന്തകളും ദുര്‍ഗുണങ്ങളും പറിച്ചെറിയുക. എങ്കില്‍ നമുക്ക്‌ വിജയിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ

2 comments:

  1. അല്ലാഹുവിനെ അറിയുക, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനുള്ള മാര്‍ഗ്ഗം അറിയുക. ഇതാണ്‌ തസ്വവ്വുഫിന്റെ അടിസ്ഥാനം. തഖ്‌വയാകുന്ന തെളിനീര്‍ കൊണ്ട്‌ ദുര്‍ഗ്ഗുണങ്ങളാകുന്ന മാലിന്യങ്ങളെ കഴുകി ശുദ്ധീകരിക്കുന്ന ഭൗതികതയുടെ അറ്റമില്ലാത്ത കടലില്‍ മുങ്ങിത്താഴുന്ന മനുഷ്യന്‍ എന്ന സഞ്ചാരിയെ `വറഅ്‌' ന്റെ കയര്‍ നല്‍കി രക്ഷപ്പെടുത്തുന്ന പ്രക്രിയയാണ്‌ തസ്വവ്വുഫ്‌. ത്വരീഖത്തും തസ്വവ്വുഫും പഠിക്കുക. ആത്മാവിനെ ശുദ്ധീകരിക്കുക. മനസ്സിലെ ദുര്‍ചിന്തകളും ദുര്‍ഗുണങ്ങളും പറിച്ചെറിയുക. എങ്കില്‍ നമുക്ക്‌ വിജയിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete