നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday, 11 April 2014

അനിവാര്യമാണ്‌ ആദരവ്‌

അനിവാര്യമാണ്‌ ആദരവ്‌


                       ആദരവ്‌ എന്നത്‌ ഒരു മഹത്തായ ഗുണമാണ്‌. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്‌. മതം ഉള്ളവനും ഇല്ലാത്തവനും അത്‌ അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ്‌ എന്നത്‌ മനുഷ്യ ജീവിതത്തിന്‌ ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്‌. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത്‌ പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ്‌ നഷ്‌ടപ്പെട്ട ജഡത്തെ പോലെയാണ്‌. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത്‌ നേടിത്തരുന്നത്‌ മുത്ത്‌ നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്‌നേഹവും ഒന്ന്‌ മാത്രമാണ്‌. 

ആദ്യത്തെ അനാദരവ്‌
                   ആദരവിന്റെയും അനാദരവിന്റെയും ചരിത്രത്തിന്‌ മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്‌. ആദം നബി (അ) നെ സൃഷ്‌ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക്‌ സുജൂദ്‌ ചെയ്യാന്‍ മലക്കുകളോട്‌ കല്‍പിച്ചു. ഇബ്‌ലീസ്‌ (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ്‌ ചെയ്‌തു. സുജൂദ്‌ ചെയ്യാത്ത ഇബ്‌ലീസ്‌ ഇതിന്‌ പറഞ്ഞ ന്യായം : തീ കൊണ്ട്‌ പടക്കപ്പെട്ട ഞാന്‍ മണ്ണ്‌ കൊണ്ട്‌ പടക്കപ്പെട്ട ആദമിന്‌ എന്തിന്‌ സുജൂദ്‌ ചെയ്യണം? എന്നതായിരുന്നു. 
അനാദരവിന്റെ ഉത്ഭവം
                 അനാദരവ്‌ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്‌. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ്‌ അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ്‌ എന്ന മൂഢമായ ധാരണ. ഇബ്‌ലീസിന്‌ പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്‌ലീസിന്റെ അനുയായികള്‍ തന്നെയാണ്‌ എന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്‌. അതുകൊണ്ട്‌ അവരെ ബഹുമാനിക്കേണ്ടതില്ല എന്ന്‌ പറയുന്നവരും മണ്ണ്‌ കൊണ്ട്‌ പടച്ച ആദമിനെ തീ കൊണ്ട്‌ പടച്ച ഞാന്‍ എന്തിന്‌ സുജൂദ്‌ ചെയ്യണം എന്ന്‌ ചോദിക്കുന്ന ഇബ്‌ലീസും തമ്മില്‍ എന്ത്‌ വ്യത്യാസമാണുള്ളത്‌? ഇരുവരും യുക്തിക്ക്‌ പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.
ആരാധനയും ആദരവും
പരിശുദ്ധ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്‌പരം പൂരകങ്ങളാണ്‌. ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്‌. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക്‌ മാത്രം പ്രാധാന്യം കൊടുത്ത്‌ ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ്‌ വന്ന പലരും ആദരവ്‌ ഒന്ന്‌ കൊണ്ട്‌ മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ്‌ ഒന്നിന്റെ കുറവ്‌ കൊണ്ട്‌ മാത്രം നാശത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക്‌ ആണ്ട്‌ പോയ സംഭവവും നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയും. 

                    മൂസാ നബി (അ) ക്ക്‌ അല്ലാഹു കൊടുത്ത മുഅ്‌ജിസത്തിന്റെ വടി മായാജാലമാണെന്ന്‌ ആരോപണം ഉന്നയിച്ച അന്നാട്ടിലെ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന്‌ ക്ഷണിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന്‌ കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന്‌ മുമ്പ്‌ അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട്‌ ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്‌. ``അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത്‌ ഞങ്ങളാവാം'' (സൂറത്ത്‌ ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്‌തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ കൊണ്ട്‌ ബഹു. ശൈഖ്‌ ഇസ്‌മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക്‌ സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ്‌ അവരെ സത്യവിശ്വാസത്തിലേക്ക്‌ അല്ലാഹു നയിച്ചത്‌ എന്ന്‌ ഈ ആയത്തില്‍ സൂചനയുണ്ട്‌ (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട്‌ കാഫിരീങ്ങളായ ജനതയ്‌ക്ക്‌ അല്ലാഹു ഹിദായത്ത്‌ കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ്‌ പോലും നമ്മെ നാശത്തിന്റെ പടുകുഴിയിലേക്ക്‌ നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന്‌ ഈ സംഭവം പഠിപ്പിക്കുന്നു. 
ആബിദീങ്ങളുടെ അനാദരവ്‌
                 നാം മേല്‍പറഞ്ഞ ഇബ്‌ലീസിന്റെ ചരിത്രം തന്നെ വലിയ പാഠമാണ്‌. മലക്കുകളുടെ ഉസ്‌താദും വലിയ ആബിദും ഏഴ്‌ ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്‌ലീസ്‌ ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച്‌ അനാദരവ്‌ എന്ന ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌. പണ്ഡിതനും ആബിദുമായ ഇബ്‌നു സഖായ്‌ക്കും പറ്റിയ പ്രധാന പ്രശ്‌നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്‌. ബല്‍ഗമ്‌ ബ്‌നു ബാഗൂറയ്‌ക്ക്‌ പറ്റിയ അബദ്ധവും അത്‌ തന്നെ.
സ്വഹാബാക്കള്‍ക്ക്‌ കിട്ടിയ ശാസന
                മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത്‌ തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ്‌ (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന്‌ വേണ്ടിയായിരുന്നില്ല. മറിച്ച്‌ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക്‌ വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്‌രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: ``സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്‌. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത്‌ പോലെ നബി (സ്വ) യോട്‌ ഒച്ച വെക്കരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്‌ഫലമായി പോയേക്കും എന്നത്‌ കൊണ്ടാണ്‌''. പിന്നീട്‌ അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത്‌ പോലെയേ നബി (സ്വ) യോട്‌ സംസാരിക്കുമായിരുന്നുള്ളൂ. 
വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ ശബ്‌ദം താഴ്‌ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്‌ഠക്കായി അല്ലാഹു പരീക്ഷിച്ച്‌ പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്‌.
അടിസ്ഥാനം ആദരവ്‌ തന്നെ
                       ഇബ്‌ലീസ്‌, ഇബ്‌നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്റെ പടുകുഴിയിലേക്ക്‌ വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക്‌ സത്യവിശ്വാസത്തിന്റെ കവാടം തുറക്കാനുമുണ്ടായ കാരണം `ആദരവ്‌' എന്ന സത്‌ഗുണം മാത്രമാണ്‌. `അസ്വ്‌ഹാബുല്‍ കഹ്‌ഫ്‌' ചരിത്രത്തിലെ `പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന്‌ പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത്‌ കൊണ്ട്‌ മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന്‌ മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്‌ക്ക്‌ അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ്‌ താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്‌നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത്‌ ``ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത്‌ ഹൃദയത്തിന്റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്‌'' എന്നാണ്‌. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: ``അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്‌മരിക്കല്‍ പാപമോചനവുമാണ്‌''.
തെറ്റായ നിഗമനങ്ങള്‍
                 ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്‌മതയിലും ഇബാദത്ത്‌ ചെയ്‌തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന്‌ തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്‌കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ്‌ ഓതണോ? നിസ്‌കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത്‌ ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന്‌ പരിധി വെച്ച്‌ ``അമിതമായാല്‍ അമൃതും വിഷം'' എന്ന്‌ വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവം ഒന്ന്‌ കണ്ടിരുന്നുവെങ്കില്‍..
                ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത്‌ ബ്‌നു മസ്‌ഊദ്‌ നടത്തിയ ദൃക്‌സാക്ഷി വിവരണം ഒന്ന്‌ കാണുക. ``മുഹമ്മദ്‌ നബി (സ്വ) തുപ്പുന്നത്‌ അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട്‌ വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട്‌ അവരത്‌ നിറവേറ്റുന്നു. അവിടുന്ന്‌ വുളൂ ചെയ്‌താല്‍ ബാക്കിയുള്ള വെള്ളത്തിന്‌ വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട്‌ പറയുന്നു: ഞാന്‍ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റ്‌ പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്‌. എന്നാല്‍ മുഹമ്മദ്‌ നബി (സ്വ) യെ ആദരിക്കുന്നത്‌ പോലെ മറ്റ്‌ ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത്‌ കണ്ടിട്ടില്ല''.
അതുകൊണ്ട്‌ തന്നെ ആദരവ്‌ എന്നത്‌ പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്‌. അത്‌ ഏറ്റുവാങ്ങിയവര്‍ മാത്രമാണ്‌ വിജയിച്ചിട്ടുള്ളതും.                          അനാദരവിന്റെയും അഹങ്കാരത്തിന്റെയും വഴി തേടിയവരെല്ലാം പരാജയത്തിന്റെ പടുകുഴിയിലേക്ക്‌, സ്വയം നാശത്തിന്റെ നിതാന്ത അസ്‌തമയത്തിലേക്ക്‌ ആണ്ട്‌ പോയിട്ടുണ്ട്‌. കാലം അതിന്‌ സാക്ഷിയാണ്‌. ``വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട്‌ കൂടിയിട്ടല്ലാതെ''. അതെ വിജയിച്ചവരോട്‌ കൂടുമ്പോള്‍ അവിടെ ആദരവ്‌ അനിവാര്യമാകുന്നു. 

Tuesday, 8 April 2014

``ഒരു ജോലി കിട്ടിയിട്ട്‌ വേണം അവധിയെടുക്കാന്‍''

അവധിയിലെ വ്യാധികള്‍

                    മാര്‍ച്ച്‌ 31-ാടെ നമ്മുടെ വിദ്യാലയങ്ങള്‍ വേനലവധിക്ക്‌ പൂട്ടി. നമ്മുടെ മക്കള്‍ ഇപ്പോള്‍ ആസന്നമായ അവധിക്കാലമോര്‍ത്ത്‌ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഈ അവധിയോര്‍ത്ത്‌ ആദി പിടിക്കുന്നവരുമുണ്ട്‌. മറ്റാരുമല്ല, ചില മാതാപിതാക്കള്‍!
                 അവധിക്കാലം മുഴുവന്‍ കുട്ടികളെ എന്ത്‌ ചെയ്യണം? എന്തിന്‌ വിടണം? വീട്ടിലിരുന്ന്‌ കലപിലയുണ്ടാക്കും, നാട്ടിലെ പറമ്പുകളിലും പാടങ്ങളിലും ഓരോ കളിയുടെ പേരില്‍ കറങ്ങി നടക്കും. നെറ്റ്‌ കഫേകളില്‍ പോയി സമയം കൊല്ലും. ഇങ്ങനെ നീണ്ടു പോകും വിചാരങ്ങള്‍.
                    അണുകുടുംബങ്ങള്‍ അധികരിച്ച ആധുനിക യുഗ മാതാപിതാക്കള്‍ ഇങ്ങനെ വിഷമിക്കേണ്ടതുണ്ടോ? അവധിക്കാലത്തിന്‌ മുമ്പ്‌ മക്കളെ നേരെ ചൊവ്വേ പരിപാലിക്കുന്നവരാണ്‌ മാതാപിതാക്കള്‍ എങ്കില്‍ അവധിക്കാല ആദിക്ക്‌ പ്രസക്തിയില്ലല്ലോ? പ്രശ്‌നത്തിന്റെ തുടക്കം മക്കളിലല്ല, രക്ഷകര്‍ത്താക്കളിലാണെന്ന്‌ മനസ്സിലാക്കാന്‍ അധികചിന്തയുടെ ആവശ്യമില്ല.
അവധിക്കാലത്ത്‌ കുട്ടികളെ വിരുന്നിന്‌ വിടുന്നവരും ടൂറിനും മറ്റ്‌ പലതിനും വിടുന്നവരുണ്ട്‌. എന്തിന്‌ വിട്ടാലും അതിന്റെ പരിണിതി നാം മനസ്സിലാക്കണമെന്ന്‌ മാത്രം. ഏതൊന്നിനും തയ്യാറാകുന്നതിന്‌ മുമ്പ്‌ അതിലേക്കിറങ്ങിയാലുണ്ടാകുന്ന ഗുണദോഷങ്ങള്‍ മനസ്സിലാക്കിയാല്‍ ദോഷമുള്ളവയിലേക്ക്‌ നാം മക്കളെ വിടുകയില്ല. പക്ഷേ ഗുണം ദോഷവും ദോഷം ഗുണവുമായി തലതിരിഞ്ഞ്‌ മനസ്സിലാക്കിയവരാണല്ലോ അത്യാധുനിക മാതാപിതാക്കളിലും മക്കളിലും കൂടുതലുള്ളത്‌. പിന്നെന്ത്‌ ചെയ്യും? സമൂഹം അനുഭവിക്കുക തന്നെ. 
                       പണ്ടൊക്കെ അവധി കഴിഞ്ഞ്‌ സ്‌കൂളില്‍ ചെല്ലുമ്പോള്‍ ചില അദ്ധ്യാപകര്‍ കഴിഞ്ഞ അവധിക്കാലത്ത്‌ നിങ്ങള്‍ക്കുണ്ടായ മറക്കാനാവാത്ത സംഭവം അല്ലെങ്കില്‍ ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഏതാണെന്ന്‌ വിവരിച്ച്‌ പ്രബന്ധം തയ്യാറാക്കാന്‍ പറയുമായിരുന്നു. അതുമല്ലെങ്കില്‍ അടുത്ത പരീക്ഷയില്‍ ഏതെങ്കിലും ഒരു ചോദ്യപേപ്പറില്‍ അത്തരത്തില്‍ ഒരു ചോദ്യം പ്രതീക്ഷിക്കാം. ഇരിക്കട്ടെ. 
                      കുട്ടികള്‍ അവര്‍ കുട്ടികളാണെന്ന ബോധം രക്ഷകര്‍ത്താക്കള്‍ക്ക്‌ എപ്പോഴുമുണ്ടാകണം. രക്ഷകര്‍ത്താക്കള്‍ തിരിക്കുന്നിടത്തേക്കാണ്‌ അവര്‍ പോകുക. അതുകൊണ്ട്‌ അവരുടെ വാക്കുകള്‍ മാത്രമല്ല, നോക്കുകളും ചെയ്‌തികളുമെല്ലാം അനുകരണീയവും മാതൃകാപരവുമാക്കുകയാണ്‌ വേണ്ടത്‌. അവധി സമയങ്ങളില്‍ നല്ല പ്രവൃത്തികളില്‍ മാത്രം മുഴുകുന്ന മാതാപിതാക്കളെ കണ്ട്‌ വളരുന്ന മക്കള്‍ ഒരിക്കലും അവരുടെ അവധിക്കാലം അനാവശ്യത്തില്‍ തള്ളുകയില്ല. ചുറ്റുപാടുകള്‍ക്ക്‌ കീഴ്‌പെട്ട്‌ വിപരീതമായി വര്‍ത്തിക്കുന്ന ചില കുട്ടികള്‍ ഉണ്ടായേക്കാം. അത്‌ മറക്കുന്നില്ല. എന്നാല്‍ എല്ലാ രക്ഷകര്‍ത്താക്കളും നല്ല രീതിയിലാകുമ്പോള്‍ മോശമായ ചുറ്റുപാട്‌ വരികയില്ലല്ലോ?
                    പക്ഷേ, നല്ലത്‌ അനുകരിക്കുന്നവര്‍ കുറവാണല്ലോ? മനുഷ്യന്‍ നഷ്‌ടപ്പെടുത്തുന്ന രണ്ടനുഗ്രഹങ്ങളില്‍ ഒന്നാണ്‌ ഒഴിവുസമയം. തിരുറസൂല്‍ (സ്വ) ലോകത്തിന്‌ പഠിപ്പിച്ച കാര്യമാണത്‌. എന്നാല്‍ ആ നേതാവിന്റെ അനുയായികളെന്ന്‌ അഭിമാനിക്കുന്ന മുസ്‌ലിം സമൂഹത്തില്‍പോലും ഈ അനുഗ്രഹം വേണ്ട വിധം അസ്വദിക്കുന്നവര്‍, വിനിയോഗിക്കുന്നവര്‍ വിരളമല്ലേ? ഓ ഇപ്പോ! അതൊക്കെ നടക്കുവോ? എല്ലാവരും അങ്ങനെയല്ലേ? ഇങ്ങനെയല്ലേ? എന്നൊക്കെയാണ്‌ ഏതെങ്കിലും നല്ല കാര്യം ഉപദേശിച്ചാലുണ്ടാകുന്ന പ്രതികരണം. വേണമെങ്കില്‍ അതിന്‌ തെളിവായി ഒരു പണ്ഡിതനേയും പറയും. പിന്നെ നല്ലത്‌ ഉപദേശിച്ചവനാകും കുറ്റക്കാരന്‍. കഷ്‌ടം?! സമുദായത്തിന്റെ പോക്ക്‌ അപകടത്തിലേക്കാണ്‌. 
                        നല്ലത്‌ മാതൃകയാക്കുന്നതിന്‌ പകരം ചീത്തക്ക്‌ (അതാണ്‌ ഉത്തമമെന്ന്‌ കരുതി) പിന്നാലെ പായുകയാണ്‌ ഇന്നധികമാളുകളും. ഇത്തരക്കാരുടെ മക്കളുടെ അവധിക്കാലം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. മിമിക്രിയും അഭിനയവും നാട്യവും പോലെ ആധുനിക ട്രന്റുള്ള ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങള്‍ പഠിപ്പിക്കാനായിരിക്കും ഇവരൊക്കെ മക്കളുടെ അവധിക്കാലം ഉപയോഗപ്പെടുത്തുക. മതസംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇസ്‌ലാമിക അവധിക്കാല പഠന ക്ലാസ്സുകളോ കോഴ്‌സുകളോ ഉപയോഗപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്കാവുകയില്ല. അവരുടെ നോട്ടം ദുന്‍യാവില്‍ മാത്രമാണ്‌. അല്ലാഹുവിനെയോ ആഖിറത്തിനെയോ കുറിച്ച്‌ യാതൊരു ചിന്തയുമില്ല. അതൊക്കെ അനാവശ്യം എന്ന രീതിയിലാണ്‌ അവരുടെ വിചാരം. അല്ലാഹു കാക്കട്ടെ. തീ മഴ പെയ്യാന്‍ ഇനി അധിക നാള്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. അങ്ങനെയാണല്ലോ കാര്യങ്ങളുടെ പോക്ക്‌. 
മക്കള്‍ അവധിക്കാലം നന്നായി വിനിയോഗിക്കാനും പ്രയോജന പ്രദമാക്കാനും ആദ്യം ശ്രദ്ധ വേണ്ടത്‌ രക്ഷകര്‍ത്താക്കള്‍ക്കാണെന്ന്‌ സാരം. ഇപ്പോള്‍ പല നാടുകളിലും മദ്‌റസകള്‍ക്ക്‌ പുറമെ അവധിക്കാല മത പഠന ക്ലാസ്സുകള്‍ കുറഞ്ഞ തോതിലെങ്കിലുമുണ്ട്‌. മക്കളെ ആ ക്ലാസ്സുകളില്‍ പറഞ്ഞ്‌ വിട്ട്‌                       മതബോധമുള്ളവരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക. ഇനി അങ്ങനെയില്ലാത്ത നാടാണെങ്കില്‍ പള്ളിയും മദ്‌റസയുമൊക്കെ അവിടെയുണ്ടാകും. അവിടെ ഉസ്‌താദുമാരുമുണ്ടാകും. അവരുടെ നേതൃത്വത്തില്‍ മഹല്ല്‌ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന്‌ അവധിക്കാല മതപഠനക്ലാസ്സും ഉപകാരപ്രദമായ മറ്റ്‌ പഠന മാര്‍ഗ്ഗങ്ങളും സംഘടിപ്പിച്ച്‌ മക്കളുടെ അവധിക്കാലം പുഷ്‌ക്കലമാക്കാന്‍ നമുക്ക്‌ സാധിക്കും. അതിന്‌ വേണ്ട എല്ലാ സൗകര്യങ്ങളും മുസ്‌ലിം ഉമ്മത്തിന്‌ ഇന്ന്‌ എല്ലാ മഹല്ലുകളിലുമുണ്ട്‌. ആവശ്യക്കാര്‍ വേണമെന്ന്‌ മാത്രം. നേരെയാകാനും മക്കളെ നേരെയാക്കാനുമുളള എല്ലാ സംവിധാനങ്ങളും അല്ലാഹു നല്‍കിയിട്ട്‌ നാം അത്‌ പാഴാക്കുകയാണെങ്കില്‍ അവധിക്കാലമെന്നല്ല എല്ലാക്കാലവും നാമും നമ്മുടെ മക്കളും ചതുപ്പുനിലത്തിലാകും. 
                   അവധി ദിനങ്ങളിലും മറ്റും ആവശ്യമായ സമയ വിവര പട്ടിക തയ്യാറാക്കി കൊടുക്കാം. പ്രഭാതത്തില്‍ എഴുന്നേറ്റ്‌ പള്ളിയില്‍ പോയി സുബ്‌ഹി നിസ്‌കാരം മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത്‌ വരെയുള്ള കാര്യങ്ങള്‍ക്ക്‌ ഒരു ടൈം ടേബിള്‍ സ്വന്തമുണ്ടായിട്ട്‌ വേണമല്ലോ മക്കള്‍ക്ക്‌ കൊടുക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ അവധിക്കാലം മാത്രമല്ല ഏതു സമയവും വളരെ വിലപ്പെട്ടതാണ്‌. അത്‌ അനാവശ്യങ്ങളില്‍ ചിലവാക്കി പാഴാക്കാന്‍ മക്കളെ അനുവദിക്കരുത്‌. അതിന്‌ വേണ്ട നടപടി ക്രമങ്ങള്‍ നാം മുമ്പേ തന്നെ ചെയ്യുക. അല്ലാത്ത പക്ഷം അവധിക്കാല വ്യാധികള്‍ പറയാവുന്നതും പറയാന്‍ പറ്റാത്ത പലതുമായി നമ്മുടെ മക്കളില്‍ നേരിടേണ്ടിവരും. 
                     അവധി ഉപയോഗപ്പെടുത്തല്‍ മക്കള്‍ക്ക്‌ മാത്രമാണെന്ന്‌ വിചാരിക്കേണ്ട. അവരുടെ അവധി ആസന്നമായതിനാല്‍ അവരെ ഹൈലൈറ്റ്‌ ചെയ്‌തുവെന്നേയുള്ളൂ. മുതിര്‍ന്നവരാണ്‌ അവധി സമയം പാഴാക്കാതെ ശ്രദ്ധിക്കാന്‍ ഏറ്റവും ബാധ്യസ്ഥര്‍. ഉത്തരവാദിത്വങ്ങള്‍ തലയിലേറ്റി തികഞ്ഞ അനാസ്ഥയിലാകുന്നവരും അവധി സമയങ്ങള്‍ പോലും കടമ നിര്‍വ്വഹിക്കാന്‍ മുതിരാത്തവരും ഡ്യൂട്ടി സമയം അവധിയാക്കി കാര്യങ്ങള്‍ അവതാളത്തിലാക്കുന്നവരുമൊക്കെ നമ്മുടെ വീട്ടിലും നാട്ടിലും കൂട്ടത്തിലുമൊക്കെയുണ്ടല്ലോ? ``ഒരു ജോലി കിട്ടിയിട്ട്‌ വേണം അവധിയെടുക്കാന്‍'' എന്ന്‌ പണ്ടാരോ പറഞ്ഞത്‌ പോലെയാണ്‌ ചിലരുടെ അവസ്ഥ! നാമെല്ലാവരും മുമ്പ്‌ പറഞ്ഞ തിരുവചനാശയം ഉള്‍ക്കൊണ്ട്‌ വര്‍ത്തിച്ചാല്‍ ഗുണം അവനവന്‌ തന്നെ. 

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.)

മാണിക്യപൂരിന്‍ നിറദീപം
              ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു. 
ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍
         ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു. 
           ഒ രിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു. 
           ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു. 
മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. 
ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍
ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു.
ബാല്യകാലം
          ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌.
വിദ്യഭ്യാസം
      ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു. 
          ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു. 
       ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി. നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു
         ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു. 
മരിച്ചവരെ ജീവിപ്പിക്കുന്നു
            ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു.
 
ശൈഖിന്‌ വിഷം കൊടുക്കുന്നു
            ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി. 
വഫാത്ത്‌
              ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌.
                                       സയ്യിദ്‌ അഹ്‌മദ്‌ കബീര്‍ ഇര്‍ഫാനി അഹ്‌സനി, ആന്ത്രോത്ത്‌

Tuesday, 11 March 2014

ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?



ചില വിചാരങ്ങള്‍
ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ?
                      ഞാന്‍ വലിയവനാണ്‌, ഉന്നത തറവാട്ടുകാരനാണ്‌, മുന്തിയ കുടുംബക്കാരനാണ്‌, വലിയ സമ്പന്നനാണ്‌, ആരോഗ്യവാനാണ്‌, തന്റേടമുള്ളവനാണ്‌, സാമൂഹ്യനേതാവാണ്‌, രാഷ്‌ട്രീയ നായകനാണ്‌, സാംസ്‌കാരിക വക്താവാണ്‌, ജനസേവകനാണ്‌, പെരിയ പണ്ഡിതനാണ്‌, എന്തിനും കൊള്ളാവുന്നവനാണ്‌, അതുകൊണ്ട്‌ താന്‍ പറയുന്നത്‌ മാത്രം ശരി, തനിക്ക്‌ അബദ്ധം സംഭവിക്കുകയില്ല, താന്‍ പറയുന്നത്‌ മറ്റുള്ളവര്‍ കേള്‍ക്കണം, അനുസരിക്കണം തുടങ്ങിയ വിവിധ വിചാരങ്ങള്‍ നമ്മില്‍ പലരിലും പലപ്പോഴുമുണ്ടാകാറുള്ളതായി അനുഭവപ്പെടാറുണ്ട്‌. 
                        വാസ്‌തവത്തില്‍ ഈ വിചാരക്കാരന്‍ മിക്കപ്പോഴും ഇതിന്റെ വിപരീതാവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവര്‍ക്കാണ്‌ ഈ താണ വിചാരങ്ങള്‍ കൂടുതലും ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ അത്‌ സാക്ഷീകരിക്കുന്നുണ്ട്‌. ``ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന്‌ (അത്തരക്കാരായ മുനാഫിഖുകളോട്‌) പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാണെന്ന്‌ അവര്‍ പറയും'' എന്ന ഖുര്‍ആന്‍ വചനം ഒരുദാഹരണം. ഏത്‌ വേഷത്തിലും രൂപത്തിലും വിലാസത്തിലുമായാലും ചിലയാളുകളുടെ തനിനിറം പലപ്പോഴും പുറത്തു ചാടുന്നത്‌ നാം കാണാറുണ്ടല്ലോ? നിങ്ങളുടെ ചിന്താഗതി, അല്ലെങ്കില്‍ വര്‍ത്തമാനം, പ്രവൃത്തി ശരിയല്ല, നിങ്ങള്‍ക്ക്‌ യോജിച്ചതല്ല, പ്രശ്‌നമുണ്ടാക്കല്ലേ അത്‌ നിങ്ങളുടെ തന്നെ നാശത്തിന്‌ നിമിത്തമാകും എന്നെങ്ങാനും ഒരു ഗുണകാംക്ഷി ഇത്തരക്കാരോട്‌ ഉണര്‍ത്തിയാല്‍ മറുപടി അതിരസകരമായിരിക്കും എന്നതിലുപരി സഹതാപകരവും വിഷമകരവുമായിരിക്കും. 
                             ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ? പിന്നെ ഏതാ ശരി, ഞാനാരാണെന്ന്‌ അറിയുമോ? എന്റെ യത്ര സത്‌പ്രവര്‍ത്തനങ്ങള്‍ ആരാ ചെയ്യുന്നത്‌?നാടിനും നാട്ടാര്‍ക്കും വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനപങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഞാന്‍ ചിലവഴിച്ച ആരോഗ്യവും അറിവും സമ്പത്തുമൊക്കെ എത്രയെന്നറിയുമോ? എന്നിട്ടിപ്പോള്‍ ഞാന്‍ പറഞ്ഞത്‌/ചെയ്‌തത്‌ തെറ്റോ? എന്നിങ്ങനെ പോകും ആ മറുപടി.
എങ്ങനെയുണ്ട്‌? ഈ വിധ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമൊക്കെ മുക്തമായവര്‍ക്ക്‌ സര്‍വ്വ സന്തോഷങ്ങള്‍ നേരുന്നു. മേല്‍പറഞ്ഞയാളുകളുടെ പ്രവര്‍ത്തനങ്ങളും ത്യാഗങ്ങളും ഇവിടെ എന്തോ കിട്ടാന്‍! ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള നല്ല സാക്ഷ്യപത്രം, അല്ലെങ്കില്‍ അവരുടെ നക്കാപിച്ച അങ്ങനെയെന്തെങ്കിലും നേടാന്‍ വേണ്ടിയായിരിക്കുമെന്നതുറപ്പാണ്‌. അല്ലെങ്കില്‍ പിന്നെ വൈയക്തികമോ കുടുംബപരമോ സാമൂഹികമോ സാംസ്‌കാരികമോ മതപരമോ മറ്റോ ആയി ചെയ്‌ത, ചെയ്യുന്ന നന്മകളുടെയും സത്‌പ്രവര്‍ത്തനങ്ങളുടെയും മറവില്‍ അനിസ്‌ലാമിക ചിന്തയും പ്രവര്‍ത്തനവും സംസാരവും എന്തിനാ നടത്തുന്നത്‌? അതുകൊണ്ട്‌ കോട്ടമല്ലാതെ പടവച്ചവന്റെയടുക്കല്‍ വല്ല നേട്ടവുമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ അനവസരത്തിലുള്ള അനാവശ്യ പ്രവൃത്തിയും സംസാരവും ചിലപ്പോള്‍ ഇരുലോകത്തും നഷ്‌ടത്തിനും മാനഹാനിക്കും നിമിത്തമാകാം. ഓ മുസ്‌ലിം, നീ ആരുമാകട്ടെ സൂക്ഷിച്ചാല്‍ നല്ലത്‌.
എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്‌ലിം എന്ന കാര്യം എന്തേ നീ മറക്കുന്നു?! വിചാരങ്ങള്‍ തെറ്റല്ലെന്ന്‌ വച്ചാല്‍ തന്നെ അത്‌ ഉള്ളില്‍ കിടന്ന്‌ മൂത്ത്‌ മൂത്ത്‌ അനാവശ്യ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും ചിലപ്പോള്‍ എത്തിക്കും. അത്‌ മറ്റ്‌ വിലാസങ്ങളൊക്കെ മാറ്റിവെച്ചാല്‍ തന്നെ `ഒരു മുസ്‌ലിം' എന്ന വിലാസക്കാരന്‌ ഒട്ടും യോജിച്ചതല്ലല്ലോ? 
                      ``നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ സൃഷ്‌ടിച്ചത്‌. നിങ്ങളെ വ്യത്യസ്‌ത ഗോത്രങ്ങളും ശാഖകളുമാക്കിയത്‌ പരസ്‌പരം തിരിച്ചറിയാന്‍ വേണ്ടിയാണ്‌. അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ നിങ്ങളില്‍ അതിസൂക്ഷ്‌മാലുവാണ്‌'' എന്നല്ലേ നമുക്ക്‌ ആരോഗ്യവും തന്റേടവും സമ്പത്തും അറിവും സ്ഥാനമാനങ്ങളും പദവികളും മറ്റെല്ലാം നല്‍കിയ ഉടയ തമ്പുരാന്‍ പറഞ്ഞത്‌. അവനൊന്ന്‌ ഉദ്ദേശിച്ചാല്‍ നമ്മുടെ എല്ലാം തകരാന്‍ എത്ര നേരം വേണം? മുസ്‌ലിം! നീ ചിന്തിക്കുന്നില്ലേ? ചുണ്ടങ്ങ കൊടുത്ത്‌ വഴുതനങ്ങ വാങ്ങാന്‍ നില്‍ക്കല്ലേ? ആപത്താണ്‌, കൊടിയ ആപത്താണ്‌.

                        നിന്നെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ കറകളാണ്‌ മേല്‍വിചാരങ്ങളില്‍ കുടുങ്ങാന്‍ കാരണമെന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട്‌ അതൊന്ന്‌ സ്‌ഫുടം ചെയ്യാന്‍ ശ്രമിക്ക്‌. നിന്റെ ദിക്‌റും സ്വലാത്തും നോമ്പും നിസ്‌കാരമൊന്നും അതിനെ ശുദ്ധീകരിക്കുന്നില്ലെങ്കില്‍ അതിന്‌ തരപ്പെട്ട യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതിയിലായി അതിന്‌ വേണ്ടി നിലകൊളളുന്ന മഹാത്മാക്കളെ സമീപിക്കൂ. അവര്‍ക്ക്‌ മുന്നില്‍ നീ നിന്നെ സമര്‍പ്പിക്കൂ. ആത്മാര്‍ത്ഥമായി ഉള്ളിലുള്ള സര്‍വ്വചിന്തകളും നീക്കി കറകള്‍ കഴുകിത്തന്ന്‌ സദാ ഇലാഹീ ചിന്തയും സ്‌മരണയുമുള്ള ഹൃദയമാക്കിത്തരും അവര്‍. അപ്പോള്‍ ദുര്‍വിചാരങ്ങളും പ്രവൃത്തികളും സംസാരങ്ങളുമൊക്കെ പോയി അകവും പുറവും നന്നായിത്തീരും. 

Tuesday, 4 March 2014

ബത്വാഇഹിന്റെ മുത്ത്‌, സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ)

ബത്വാഇഹിന്റെ മുത്ത്‌
സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) 
                  വെള്ളത്തിലൊഴുകുന്ന കടലാസ്‌ വഞ്ചി ഓളത്തിനും കാറ്റിനുമനുസരിച്ച്‌ ഒഴുകുന്നത്‌ പോലെ അലക്ഷ്യമായ പ്രയാണം നടത്തുന്ന സമൂഹത്തെ പ്രകാശതീരത്തേക്ക്‌ ക്ഷണിച്ച ഉന്നതരുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ എന്നതിലുപരി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും വിളംബരം ചെയ്‌ത മഹത്തുക്കള്‍ക്ക്‌ ജന്മം നല്‍കിയ നാടാണ്‌ കൂഫ, ബത്വാഇഹ്‌, കൈലാന്‍ തുടങ്ങിയവ. ചരിത്രഗതിയെ തന്നെ മാറ്റിയ പുണ്യാത്മാക്കളുടെ നിറസാന്നിദ്ധ്യം കൊണ്ടും പ്രവര്‍ത്തനപാടവം കൊണ്ടും പ്രസ്‌തുത ദേശങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. 
ബത്വാഇഹ്‌
                 യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌. ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌. 
കാട്‌ മൂടിക്കിടന്നിരുന്ന ബത്വാഇഹിലെ കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊള്ള സംഘങ്ങളെ ആത്മീയമായി സംസ്‌കരിച്ച്‌ സത്‌സരണിയുടെ വെളിച്ചം പകര്‍ന്നത്‌ ബത്വാഇഹിന്റെ പുണ്യപുരുഷന്മാരായിരുന്ന കാലാനുസൃതമായ അവരുടെ പ്രബോധനവും ഇടപെടലും ധാര്‍മ്മികമായി അധഃപതിച്ചവരില്‍ കാതലായ മാറ്റം വരുത്തി. ശൈഖ്‌ അബൂ മുഹമ്മദ്‌ ശന്‍ബകി (റ), മന്‍സൂറുസ്സാഇദ്‌ (റ) തുടങ്ങിയവരുടെ ശക്തമായ ഇടപെടലും നടപടിയും മാറ്റത്തിന്‌ ആക്കം കൂട്ടി. എങ്കിലും മുന്‍ഗാമികളായ മഹത്തുക്കള്‍ തുടക്കം കുറിച്ച ആത്മീയ പ്രയാണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇരുളിന്റെ ഇരുട്ടറകളെ തുറന്നു കാട്ടി മൂല്യങ്ങളും ധര്‍മ്മചിന്തകളും സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച്‌ പുണ്യറസൂലില്‍ നിന്ന്‌ കൈമാറി വന്ന വിശ്വാസാദര്‍ശങ്ങളുടെ ദീപശിഖ അണയാതെ കൈമാറാന്‍ പ്രാപ്‌തിയും പക്വതയും തന്റേടവുമുള്ള ഒരു പുണ്യാത്മാവിന്‌ വേണ്ടി ബതാഇഹ്‌ കൊതിച്ചു. ഇവിടെ ഒരു മഹാമനീഷി ഉദയം കൊള്ളണം. ബത്വാഇഹിന്റെ വിജ്ഞാന സാഗരം പിറവിയെടുക്കുന്നു. 
ജനനം
                   ബത്വാഇഹിലെ ഉമ്മു അബീദ എന്ന കുഞ്ഞുഗ്രാമത്തില്‍ ഹസന്‍ എന്ന ഉള്‍നാട്ടില്‍ സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ അലിയ്യ്‌ (റ) നും ഉമ്മുല്‍ഫള്‌ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യ (റ) ക്കും ഹിജ്‌റ 500 മുഹര്‍റം മാസത്തില്‍ ഒരു കുഞ്ഞ്‌ പിറന്നു. (ത്വബഖാത്തുശ്ശാഫഇയ്യ്‌). പേര്‌ അഹ്‌മദ്‌.
ആ പിറവി തന്നെ ഒരപൂര്‍വ്വ ജനനമായിരുന്നു. വലതു കൈ നെഞ്ചിന്‌ താഴെയും ഇടതു കൈ തന്റെ ഗുഹ്യസ്ഥാനത്തും. ഈ സംഭവം മന്‍സൂറുസ്സാഹിദ്‌ (റ) നെ അറിയിച്ചപ്പോള്‍ കൈ അവിടെ നിന്നും വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ വേര്‍പെടുത്തി നോക്കിയെങ്കിലും കുട്ടി കൈ അവിടെത്തന്നെ വെച്ചു. ഈ വിവരം അറിഞ്ഞ ശൈഖ്‌ മന്‍സൂറുസ്സാഹിദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്‌ സര്‍വ്വ സ്‌തുതിയും (റൗളുന്നളീര്‍)
ശൈഖ്‌ മന്‍സൂര്‍ സാഹിദിന്റെ ഗുരുവര്യനും അക്കാലത്തെ കാമിലായ ശൈഖുമായ ശൈഖ്‌ മുഹമ്മദ്‌ ശംബകി (റ) ന്‌ കുഞ്ഞിന്റെ മാതാവുമായി കുടുംബബന്ധമുണ്ട്‌. ആയിരക്കണക്കിന്‌ ശിഷ്യന്മാരുള്ള ശംബകിയുടെ സദസ്സില്‍ കുഞ്ഞിന്റെ മാതാവ്‌ പരിപൂര്‍ണ്ണ ഇസ്‌ലാമിക ചിട്ട വട്ടങ്ങളോടെ തബര്‍റുകിനും ദുആ ചെയ്യിക്കാനുമായി പോകാറുണ്ട്‌. രാജാക്കന്മാരും പ്രഭുക്കളും പ്രമുഖ വ്യക്തികളുമൊക്കെ ശംബകി (റ) യെ സന്ദര്‍ശിക്കല്‍ പതിവാണെങ്കിലും അവര്‍ക്കാര്‍ക്കും സാധാരണയില്‍ കവിഞ്ഞ്‌ ഒരു സ്ഥാനവും ശൈഖ്‌ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ കുഞ്ഞിന്റെ മാതാവ്‌ വരുമ്പോഴെല്ലാം ശംബകി ഇരുന്നിടത്ത്‌ നിന്ന്‌ എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴായി ശിഷ്യന്മാര്‍ നേരില്‍ ദര്‍ശിച്ച ഈ വിവേചനത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ശംബകി (റ) യുടെ മറുപടി ഇങ്ങനെ: ``ഇലാഹീ സാമീപ്യം കൊണ്ട്‌ അനുഗൃഹീതനായ ഒരു പുണ്യാത്മാവിന്റെ മാതാവാണവര്‍. വരും കാലങ്ങളില്‍ ആത്മീയ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോകുന്ന പുണ്യാത്മാവിനോടുള്ള ബഹുമാനത്താല്‍ ഞാന്‍ എഴുന്നേറ്റതാണ്‌ (ഖിലാദത്തുല്‍ ജവാഹിര്‍). 
സൂക്ഷ്‌മത
                 കുഞ്ഞ്‌ വളര്‍ന്ന്‌ വലുതായി. ശൈഖ്‌ മന്‍സൂര്‍ തന്റെ മക്കള്‍ക്കും അഹ്‌മദിനും ഓരോ കത്തികള്‍ നല്‍കിക്കൊണ്ട്‌ ചെടികള്‍ മുറിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും തോട്ടത്തിലേക്ക്‌ പോയി. ശൈഖിന്റെ മക്കള്‍ വെട്ടിയെടുത്ത ചെടികളുമായും അഹ്‌മദ്‌ വെറും കൈയോടെയുമായാണ്‌ വന്നത്‌. ഇതിനെ കുറിച്ച്‌ അഹ്‌മദിനോട്‌ ചോദിച്ചപ്പോള്‍ അഹ്‌മദിന്റെ മറുപടി: }ഞാന്‍ മുറിക്കാന്‍ ചെല്ലുമ്പോഴെല്ലാം ചെടികള്‍ തസ്‌ബീഹ്‌ ചൊല്ലുന്നു. തസ്‌ബീഹിനോടുള്ള ആദരവ്‌ നിമിത്തമാണ്‌ ഞാന്‍ ചെടി മുറിക്കാതിരുന്നത്‌. ഇതുപോലെ മത്സ്യം ദിക്‌റ്‌ ചൊല്ലുന്നതായി കണ്ടതിനാല്‍ അവയെ പിടിക്കാതെ പോന്ന സംഭവവും ഉണ്ടായിട്ടുണ്ട്‌ (ഖിലാദത്തുല്‍ ജവാഹിര്‍). ഇതര ജീവികളോടുള്ള അനുകമ്പയും അവകളില്‍ നിന്നുള്ള തസ്‌ബീഹുകളും ദിക്‌റുകളും തടസ്സപ്പെടുത്താത്ത തികഞ്ഞ സൂക്ഷ്‌മതയുമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ബത്വാഇഹിന്റെ ഈ മുത്ത്‌ ആരാണ്‌?
ആത്മീയ ലോകത്തെ ഉന്നത മഹാപുരുഷന്മാരുടെ കുടുംബത്തില്‍ ആത്മീയത നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ അദ്ധ്യാത്മ സാഗരത്തിലെ ആഴികളില്‍ നിന്നുത്ഭവിച്ച, ആത്മീയ വഴിത്താരയില്‍ പ്രകാശം പരത്തിയ പരമ്പരയിലൂടെ ഭൂജാതനായ ബത്വാഇഹിന്റെയും ഇറാഖിന്റെയും പിന്നീട്‌ ലോകമുസ്‌ലിംകളുടെയും ഹൃദയ തുടിപ്പായി മാറിയ സുല്‍ത്വാനുല്‍ ആരിഫീന്‍ ശൈഖ്‌ അഹ്‌മദുല്‍ കബീറു രിഫാഈ (റ) എന്ന പൊന്നുമോനാണ്‌ ബത്വാഇഹിന്റെ മുത്ത്‌.
കറാമത്ത്‌
                  ഇമാം യാഫിഈ (റ) തന്റെ മിര്‍ആത്തുല്‍ ജിനാന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. രിഫാഈ (റ) തങ്ങളുടെ സഹോദരി പുത്രന്‍ അബുല്‍ ഹസന്‍ അലിയ്യ്‌ (റ) പറയുന്നു: എന്റെ അമ്മാവനായ ശൈഖവര്‍കളുടെ റൂമിന്‌ പുറത്ത്‌ വാതിലിനടുത്തായി ഞാന്‍ ഇരിക്കുകയായിരുന്നു. റൂമില്‍ ശൈഖ്‌ അവര്‍കള്‍ മാത്രമാണ്‌ ഉള്ളത്‌. അപ്പോള്‍ റൂമിന്റെയുള്ളില്‍ നിന്ന്‌ ഞാന്‍ ഒരു ശബ്‌ദം കേട്ടു. നോക്കുമ്പോള്‍ മുന്‍ പരിചയമില്ലാത്ത ഒരാള്‍. രണ്ട്‌ പേരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. താമസിയാതെ അദ്ദേഹം ശൈഖിന്റെ റൂമില്‍ നിന്ന്‌ അപ്രത്യക്ഷനാവുകയും ചെയ്‌തു. ഇത്‌ കണ്ട ഞാന്‍ അമ്മാവന്റെ മുറിയിലെത്തി. അമ്മാവനോട്‌ അയാളെ കുറിച്ച്‌ ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു. കണ്ടു എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ശൈഖ്‌ പറഞ്ഞു: അയാള്‍ വലിയ മഹാനാണ്‌. അദ്ദേഹത്തെ കൊണ്ടാണ്‌ അല്ലാഹു ബഹ്‌റുല്‍ മുഹീത്വ്‌'' എന്ന മേഖല കാക്കുന്നത്‌. പ്രത്യേക മഹത്വമുള്ള നാല്‌ മഹാന്മാരില്‍ ഒരാളാണ്‌ അദ്ദേഹം. പക്ഷേ, മൂന്ന്‌ ദിവസമായി അല്ലാഹുവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു. അക്കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ ഈ ബന്ധത്തെ ബാധിച്ചത്‌? ശൈഖ്‌ പറഞ്ഞു: അദ്ദേഹം ബഹ്‌റുല്‍ മുഹീത്വിലെ ഒരു ദ്വീപില്‍ താമസിച്ചു വരികയായിരുന്നു. മൂന്ന്‌ ദിവസമായി അവിടെ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അപ്പോള്‍ ഈ മഴ കരയില്‍ പെയ്‌തിരുന്നെങ്കില്‍ എന്ന്‌ അദ്ദേഹത്തിന്‌ തോന്നിപ്പോയി. തനിക്ക്‌ തോന്നിയത്‌ അനുചിതമായി എന്ന്‌ പിന്നീട്‌ തോന്നുകയും ഇസ്‌തിഗ്‌ഫാര്‍ നടത്തുകയും ചെയ്‌തു. ഇതാണ്‌ ആ ബന്ധത്തെ ബാധിച്ചത്‌. ഞാന്‍ ചോദിച്ചു: അങ്ങ്‌ അദ്ദേഹത്തെ വിവരമറിയിച്ചില്ലേ? എനിക്ക്‌ അതിന്‌ ലജ്ജ തോന്നി. ഞാന്‍ പറഞ്ഞു: അങ്ങ്‌ എനിക്ക്‌ സമ്മതം തരികയാണെങ്കില്‍ ഞാന്‍ അറിയിച്ചു കൊള്ളാം. എങ്കില്‍ നീ തല താഴ്‌ത്തിയിരിക്കൂ. ഞാന്‍ തല താഴ്‌ത്തിയിരുന്നു. പിന്നീട്‌ ഞാനൊരു ശബ്‌ദം കേട്ടു. അലി, നീ തല ഉയര്‍ത്തിക്കൊള്ളുക. തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ ബഹ്‌റുല്‍ മുഹീത്വിലെ ദ്വീപില്‍ എത്തിയിരുന്നു. ഞാന്‍ ആ ദ്വീപിലൂടെ നടന്നു. അങ്ങനെ അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടി. സലാം പറഞ്ഞു. ശൈഖ്‌ രിഫാഈ (റ) പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ പറഞ്ഞു. കാര്യങ്ങള്‍ കേട്ട്‌ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു: ഞാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. ഇതാ ഈ തുണി എന്റെ പിരടിയില്‍ പിടിക്കുക. എന്നിട്ട്‌ നിങ്ങള്‍ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണിതെന്ന്‌ പറയുകയും വേണം. ഞാന്‍ അതിന്‌ ഒരുങ്ങിയപ്പോള്‍ ഒരു അശരീരി കേട്ടു. ഓ അലി, അദ്ദേഹത്തെ വലിക്കരുത്‌. ആകാശത്തെ മലക്കുകള്‍ മുഴുവന്‍ അദ്ദേഹത്തിന്‌ വേണ്ടി മാപ്പ്‌ ചോദിക്കുകയാണ്‌. ഇത്‌ കേട്ടപ്പോള്‍ എന്റെ ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ഞാന്‍ അമ്മാവന്റെ റൂമില്‍. ഞാന്‍ എങ്ങനെ പോയെന്നോ തിരിച്ചു വന്നെന്നോ എനിക്കറിയില്ല. (മിര്‍ആതുല്‍ ജിനാന്‍ 3/311).
വഫാത്ത്‌
               ജനലക്ഷങ്ങളെ ആത്മീയതയിലേക്ക്‌ ഉയര്‍ത്തിയ വൈജ്ഞാനിക വിപ്ലവത്തിന്‌ നേതൃത്വം വഹിച്ച ആ മഹാമനീഷി ഹിജ്‌റ 578 ല്‍ ജുമാദുല്‍ ഊലാ 12 ന്‌ ഈ ലോകത്തോട്‌ വിടവാങ്ങി. 

ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..

മാര്‍ച്ച്‌ 8
ഈ വനിതാദിനം 

സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..
                       മാര്‍ച്ച്‌ 8. അന്ന്‌ ലോക വനിതാ ദിനം ആചരിക്കുകയാണ്‌. അല്ല ആഘോഷിക്കുകയാണ്‌. ഐക്യരാഷ്‌ട്രസഭ അങ്ങനെ ഓരോ ദിനങ്ങള്‍ പലര്‍ക്കും വേണ്ടി മാറ്റിവെക്കുന്നു. ആ വിഭാഗത്തിന്റെ അരുതായ്‌മകള്‍ ചര്‍ച്ച ചെയ്യാന്‍ പിന്നോക്കാവസ്ഥ വിലയിരുത്താന്‍, അരുതായ്‌മകള്‍ പരിഹരിച്ച്‌ മുന്നോക്കത്തിന്‌ വഴി തുറക്കാന്‍.
                    നാടെങ്ങും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രകടനങ്ങള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ ഇവക്കൊന്നും ഒരു പഞ്ഞവുമില്ല. ഇപ്പേരില്‍ കുറെ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്‌ മുടിക്കുന്നു. 
                      മാന്യയായി കഴിഞ്ഞിരുന്ന ഒരു പറ്റം മഹിളാമേനികളെ കൂടി റോഡ്‌ ഷോക്ക്‌ ഇരയാക്കുന്നു. ഇതിലപ്പുറം ഈ വനിതാ ദിനം സ്‌ത്രീ സമൂഹത്തന്‌ എന്ത്‌ നേടിക്കൊടുക്കുന്നുവെന്ന്‌ ചിന്തിക്കാന്‍ വനിതാ സമുദ്ധാരകര്‍ ബാദ്ധ്യസ്ഥരാണ്‌. ഏതൊരു വിഭാഗത്തിന്റെയും സത്വം നിലനില്‍ക്കുന്നത്‌ അവരുടെ തനിമ നിലനിലര്‍ത്തുന്നതിലൂടെയാണ്‌. 
``
ഒരു സ്‌ത്രീ അവളുടെ പ്രകൃതം പുരുഷനെ പോലെ'' എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരിക്കലും പ്രശംസയല്ല, അവളെ ഇകഴ്‌ത്തലാണ്‌. തിരിച്ച്‌ ``ഒരു പുരുഷന്‍ സ്‌ത്രീയെ പോലെ'' യെന്ന്‌ പറഞ്ഞാലും തഥൈവ. അപ്പോള്‍ സ്‌ത്രീത്വമാണ്‌ അവളുടെ `സ്റ്റാറ്റസ്‌'. അത്‌ നിലനിര്‍ത്താനുതകുന്ന ചര്‍ച്ചകളും പഠനങ്ങളുമാണ്‌ ഈ ദിനത്തില്‍ നടക്കേണ്ടത്‌.
                         സ്‌ത്രീപുരുഷ വര്‍ഗ്ഗങ്ങളായി മനുഷ്യനെ ക്രമീകരിച്ച സ്രഷ്‌ടാവ്‌ വനിതാ വിഭാഗത്തിന്‌ മാന്യതയുടെ വഴിതുറക്കുന്നതിങ്ങനെ: ``സ്‌ത്രീയോ പുരുഷനോ ആരുമാകട്ടെ അവര്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുമ്പോള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ അല്ലാഹു നഷ്‌ടപ്പെടുത്തുകയില്ല'' (വി.ഖുര്‍ആന്‍). സല്‍കര്‍മ്മങ്ങള്‍ മനുഷ്യരുടെ അവകാശവും ബാധ്യതയുമാണ്‌. അതില്‍ ലിംഗവിവേചനമില്ല. ആര്‌ പ്രവര്‍ത്തിച്ചാലും പ്രതിഫലം നല്‍കുമെന്ന്‌ സ്രഷ്‌ഠാവ്‌ വാഗ്‌ദത്തം ചെയ്യുന്നു. 
വിജ്ഞാന സമ്പാദനം എല്ലാ സ്‌ത്രീ പുരുഷന്മാരുടെയും കടമയാണ്‌. (ഹദീസ്‌).
സന്താന പരിപാലനത്തില്‍, ഗൃഹഭരണത്തില്‍സ്‌ത്രീയുടെ മുഖ്യപങ്ക്‌ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. 
                    എന്നാല്‍ സ്‌ത്രീയുടെ സ്‌ത്രീത്വം, മാന്യത, ചാരിത്ര്യം എന്നിവക്ക്‌ ഹാനികരമാകാവുന്ന എല്ലാ മേഖലകളെയും അവള്‍ വര്‍ജ്ജിക്കേണ്ടവളാണ്‌. അത്‌ ആരാധനയായാല്‍ പോലും. 
                  ഒരു റക്‌അത്ത്‌ നിസ്‌കാരത്തിന്‌ ഒരു ലക്ഷം പ്രതിഫലം ലഭ്യമാകുമെന്ന്‌ വാഗ്‌ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുണ്യമദീനയിലെ തിരുദൂതരുടെ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാന്‍ അവസരം ചോദിച്ച മഹിളാ മണിയോട്‌ തിരുദൂതര്‍ (സ്വ) യുടെ മറുപടി: നിങ്ങളുടെ വീട്ടില്‍ ഒരു റക്‌അത്ത്‌ നിസ്‌കരിച്ചാല്‍ ഒരു ലക്ഷത്തിലധികം പ്രതിഫലം ലഭിക്കും എന്ന്‌ ഗ്രഹിക്കാവുന്ന തിരുദൂതരുടെ മറപുടയില്‍ നിന്ന്‌ വനിതകള്‍ സ്‌ത്രീത്വത്തിന്‌ വില കല്‍പിക്കേണ്ടതിന്റെ അളവ്‌ കോല്‍ എന്താണെന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍...
Related Posts Plugin for WordPress, Blogger...