നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday, 19 October 2015

പ്രവാചകത്വം


പ്രവാചകത്വം


            മുഹമ്മദ്‌ മുസ്ഥഫ (സ) മാനവ സമൂഹത്തിന്റെ വിമോചകന്‍
, നന്മയുടെ പ്രവാചകന്‍, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും സ്ഥാപകന്‍, അഖില ലോകത്തിന്റെ വഴികാട്ടി... തിരുനബി (സ) യുടെ ജീവിതത്തിലെ പ്രസക്തമായ സംഭവമാണ്‌ പ്രവാചകത്വം. അതാണല്ലോ ആ നിയോഗത്തിന്റെ ലക്ഷ്യവും. 
പൂര്‍ണ്ണതയുടെ പ്രായം 40 വയസ്സ്‌ പ്രവാചകനെത്തുമ്പോള്‍ തമസ്സില്‍ നിന്ന്‌ തേജസ്സിലേക്ക്‌ നയിക്കാന്‍ അല്ലാഹു നബി (സ) യെ നിയോഗിച്ചു. ഹിജ്‌റക്ക്‌ 13 വര്‍ഷം മുമ്പ്‌ റമളാന്‍ 17 ന്‌ എ.ഡി. 610 ജൂലായിലായിരുന്നു അത്‌. സത്യസ്വപ്‌നങ്ങളായിരുന്നു ദിവ്യബോധനത്തിന്റെ തുടക്കം. എല്ലാ സ്വപ്‌നങ്ങളും പുലരുന്നവയായിരുന്നു. ശേഷം ഹിറാ ഗുഹയില്‍ നബി (സ) തനിച്ചിരിക്കാന്‍ തുടങ്ങി. 
               ഇബ്‌റാഹീം നബി (അ) ന്റെ ദീനനുസരിച്ച്‌ നബി (സ) അല്ലാഹുവിനെ ആരാധിച്ചു. ഒരു ദിവസം നബി (സ) ഏകാന്തനായി ഇരിക്കുമ്പോള്‍ ജിബ്‌രീല്‍ (അ) വന്ന്‌ പറഞ്ഞു: ഞാന്‍ ജിബ്‌രീലാണ്‌. നിങ്ങള്‍ ഈ സമുദായത്തിന്റെ ദൂതനുമാണ്‌. ശേഷം ജിബ്‌രീല്‍ (അ) പറഞ്ഞു: ഓതുക. നബി (സ) മറുപടി പറഞ്ഞു: ഇല്ല, എനിക്ക്‌ ഓത്ത്‌ അറിയില്ല. ജിബ്‌രീല്‍ (അ) നബിയെ പിടിക്കുകയും അണച്ചു കൂട്ടുകയും ചെയ്‌തു. ഇത്‌ മൂന്ന്‌ തവണ ആവര്‍ത്തിച്ചു. മൂന്നാമത്‌ `അലഖ്‌' സൂറത്തിന്റെ തുടക്കം മുതല്‍ അഞ്ചാം ആയത്ത്‌ വരെ ഓതി. ഇത്‌ നുബുവ്വത്തിന്റെ തുടക്കമായിരുന്നു. ശേഷം 40 ദിവസത്തോളം വഹ്‌യ്‌ നിലച്ചു. പിന്നീട്‌ ഒരു ദിവസം നബി (സ) നടന്ന്‌ പോകുമ്പോള്‍ ആകാശത്ത്‌ നിന്നൊരു ശബ്‌ദം കേട്ടു. നബി (സ) മുകളിലേക്ക്‌ നോക്കി. ഹിറാ ഗുഹയില്‍ കണ്ട അതേ മലക്ക്‌. നബി (സ) ഖദീജ ബീവി (റ) യുടെ വീട്ടില്‍ ചെന്ന്‌ ഖദീജയെ കാര്യം ധരിപ്പിച്ചു. `എന്നെ പുതപ്പിട്ടു മൂടുക'. അപ്പോഴാണ്‌ ഖുര്‍ആനിലെ രണ്ടാമത്തെ വചനം ഇറങ്ങിയത്‌. ``പുതപ്പിട്ടു മൂടിയ പ്രവാചകരേ, എഴുന്നേല്‍ക്കൂ,താക്കീത്‌ ചെയ്യൂ. അങ്ങയുടെ റബ്ബിനെ മഹത്വവല്‍ക്കരിക്കൂ. താങ്കളുടെ വസ്‌ത്രം ശുദ്ധിയാക്കൂ. വിഗ്രഹവുമായി അകലം പ്രാപിക്കൂ..... ഈ സൂക്തത്തോടെ പ്രബോധനം നബി (സ) ക്ക്‌ നിര്‍ബന്ധമായി. 
രഹസ്യ പ്രബോധനം
       ഇതോടെ നബി (സ) രഹസ്യപ്രബോധനം ആരംഭിച്ചു. അതിലൂടെ കുറച്ച്‌ പേര്‍ മുസ്‌ലിമായി. സ്‌ത്രീകളില്‍ ആദ്യമായി വിശ്വസിച്ചത്‌ പ്രിയപത്‌നി ഖദീജ ബീവി (റ) ആയിരുന്നു. പുരുഷന്മാരില്‍ ആദ്യം വിശ്വസിച്ചത്‌ അബൂബക്കര്‍ (റ) ആയിരുന്നു. കുട്ടികളില്‍ വെച്ച്‌ അലി (റ) ആദ്യമായി ഇസ്‌ലാം മതം സ്വീകരിച്ചു. മോചിതരായ അടിമകളില്‍ സൈദ്‌ ബ്‌നു ഹാരിസ്‌
, അടിമകളില്‍ ബിലാല്‍ (റ) എന്നിവരായിരുന്നു ആദ്യമുസ്‌ലിംകള്‍. ശേഷം ഉസ്‌മാന്‍ ബ്‌നു അഫ്‌ഫാന്‍, സുബൈര്‍ ബ്‌നു അവ്വാം, ത്വല്‍ഹത്ത്‌ ബ്‌നു ഉബൈദുല്ല, സഅ്‌ദ്‌ ബ്‌നു അബീ വഖാസ്‌, അബ്‌ദുര്‍റഹ്‌മന്‍ ബിനു ഔഫ്‌ (റ) എന്നിവര്‍ മുസ്‌ലിംകളായി. ഖദീജ ബീവി (റ) ക്ക്‌ ആദ്യമായി മുസ്‌ലിമായ വനിത അബ്ബാസ്‌ (റ) ന്റെ ഭാര്യ ഉമ്മുല്‍ ഫള്‌ല്‍ (റ) ആയിരുന്നു. അങ്ങനെ മുപ്പതോളം ആളുകള്‍ മുസ്‌ലിംകളായി. 
പരസ്യപ്രബോധനം
        രഹസ്യപ്രബോധനവുമായി കുറച്ച്‌ കാലം പിന്നിട്ടപ്പോള്‍ ഖുറൈശികളുടെ പൊതുവേദികളില്‍ നബി (സ) പ്രവാചകത്വം വ്യക്തമാക്കിയിരുന്നില്ല. അക്രമം ഭയന്ന്‌ പരസ്യമായി ആരാധന നിര്‍വ്വഹിക്കാന്‍ അവര്‍ക്ക്‌ സാധിച്ചില്ല. മുപ്പതില്‍ അധികം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക്‌ ഉപദേശം നല്‍കാന്‍ ദാറുല്‍ അര്‍ഖമില്‍ നബി (സ) അവരെ വിളിച്ചു കൂട്ടി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും പരസ്യ പ്രബോധന സന്ദേശവുമായി `സുറത്തുല്‍ ഹിജ്‌റ്‌' ലെ ``നിങ്ങളോട്‌ കല്‍പിച്ചത്‌ നിങ്ങള്‍ പരസ്യമാക്കുക. അവിശ്വാസികളില്‍ നിന്ന്‌ നിങ്ങള്‍ തിരിഞ്ഞ്‌ കളയുക'' എന്ന ആയത്തിറങ്ങി. അങ്ങനെ നബി (സ) പ്രബോധനം പരസ്യമാക്കി. സഫാ മലയില്‍ കയറി വിളിച്ചു പറഞ്ഞു: ``ഓ ബനൂ ഫിഹ്‌ര്‍, ബനൂ അദിയ്യ്‌, മറ്റ്‌ ഖുറൈശി ഗോത്രങ്ങളെ,... അങ്ങനെ എല്ലാവരും സംഗമിച്ചപ്പോള്‍ നബി (സ) അവരോട്‌ ചോദിച്ചു: കുതിരപ്പടയാളികള്‍ മലയുടെ അപ്പുറത്ത്‌ നിന്ന്‌ നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന്‌ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ ഒന്നടങ്കം പറഞ്ഞു. അതെ ഞങ്ങള്‍ വിശ്വസിക്കും. നിങ്ങളിതുവരെ കളവ്‌ പറഞ്ഞിട്ടില്ല. അപ്പോള്‍ നബി (സ) പറഞ്ഞു: വലിയൊരു ശിക്ഷയെ കുറിച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇത്‌ പറഞ്ഞപ്പോള്‍ അബൂലഹബ്‌ പറഞ്ഞു: ``മുഹമ്മദേ നിനക്കാണ്‌ സര്‍വ്വനാശവും. ഇതിന്‌ വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്‌?''.
സര്‍വ്വ സൃഷ്‌ടികളിലേക്ക്‌
     ``എന്നെ സര്‍വ്വസൃഷ്‌ടികളിലേക്കും അയക്കപ്പെട്ടു'' എന്ന മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസ്‌ പ്രവാചകനിയോഗം സര്‍വ്വരിലേക്കുമെന്ന്‌ വ്യക്തമാക്കുന്നു. സൃഷ്‌ടി എന്നതില്‍ മനുഷ്യന്‍, ജിന്ന്‌, മലക്ക്‌, സസ്യലതാദികള്‍, ജീവികള്‍, മരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടു എന്നതാണ്‌ പ്രബലമെന്ന്‌ ഇമാം സുയൂഥി (റ) പറയുന്നു. എല്ലാ നബിമാരിലേക്കും മുന്‍സമുദായത്തിലേക്കും അയക്കപ്പെട്ടവരാണ്‌ നബി (സ). പ്രവാചക നിയോഗം അവിശ്വാസികള്‍ക്ക്‌ അനുഗ്രഹമാണ്‌. മറ്റ്‌ സമുദായത്തിലെ അവിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടത്‌ പോലെ ഈ സമൂദായത്തിലെ അവിശ്വാസികള്‍ ശിക്ഷിക്കപ്പെടാത്തത്‌ അത്‌ മൂലമാണ്‌. 
പ്രവാചകത്വത്തിന്‌ അല്ലാഹു സാക്ഷി
      അന്ത്യപ്രവാചകന്‍ നബി (സ) യുടെ പ്രവാചകത്വത്തിന്‌ അല്ലാഹു തന്നെ സാക്ഷിയാണ്‌. ഖുര്‍ആന്‍ പറയുന്നു: ``അങ്ങ്‌ പ്രവാചകനാണെന്നതിന്‌ അല്ലാഹു സാക്ഷിയാണ്‌'' (മുനാഫിഖൂന്‍). ``താങ്കള്‍ പ്രവാചകനല്ലായെന്ന്‌ അവിശ്വാസികള്‍ പറയുന്നു. അവിടുന്നു പറഞ്ഞു: എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു മതി'' (വി.ഖു.).
പ്രവാചകത്വം അംഗീകരിച്ചവര്‍ : 
      അബൂസഈദില്‍ ഖുദ്‌രി (റ) യില്‍ നിന്ന്‌ നിവേദനം : ``ഒരു ചെന്നായ ആടിന്മേല്‍ ചാടി വീണ്‌ അതിനെ കീഴ്‌പെടുത്തി. ആട്ടിടയന്‍ ഓടി എത്തി ചെന്നായയില്‍ നിന്ന്‌ ആടിനെ രക്ഷപ്പെടുത്തി. ചെന്നായ വാലില്‍ കടിച്ച്‌ കൊണ്ട്‌ പറഞ്ഞു: ``നീ അല്ലാഹുവിനെ സൂക്ഷിക്കുക. എനിക്ക്‌ അല്ലാഹു നല്‍കിയ ഭക്ഷണം നീ തടഞ്ഞുവെക്കുന്നത്‌ എന്തിനാണ്‌? ആട്ടിടയന്‍ പറഞ്ഞു: അത്ഭുതം!!! വാലില്‍ കടിച്ചു പിടിച്ച്‌ ചെന്നായ സംസാരിക്കുന്നു. ?! ചെന്നായ പറഞ്ഞു: ഇതിലും അത്ഭുതമാണ്‌ ശ്രേഷ്‌ഠനായ പ്രവാചകന്‍ ഈ മലയുടെ അപ്പുറത്ത്‌ ഉണ്ടായിരിക്കേ നീ ഇവിടെ ആട്‌ മേയ്‌ക്കുന്നോ? നീ ഒന്ന്‌ ശ്രമിച്ചാല്‍ നിനക്കും അല്ലാഹുവിന്റെ സംഘത്തില്‍ പെടാം. അപ്പോള്‍ ആട്ടിടയന്‍ ചോദിച്ചു: എന്റെ ആടിനെ ആര്‌ സംരക്ഷിക്കും? ചെന്നായ പറഞ്ഞു: `ഞാന്‍'. ഉടനെ ആ മനുഷ്യന്‍ പ്രവാചകനെ സമീപിച്ച്‌ ഈ സംഭവം വിവരിച്ചു. നബി (സ) തങ്ങള്‍ പറഞ്ഞു: ഈ വാര്‍ത്ത എന്റെ അനുചരരോട്‌ പറയുക. അവര്‍ സന്തോഷിക്കട്ടെ. അവര്‍ക്കിടയില്‍ അദ്ദേഹം അത്‌ വിവരിച്ചു. നീ തിരിച്ചു പോവുക. നിന്റെ ആടുകള്‍ സുരക്ഷിതമാണെന്ന്‌ നിനക്ക്‌ കാണാം. 
           ഉമര്‍ (റ) നിവേദനം: നബി (സ) സ്വഹാബാക്കളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ ബനൂ സുലൈമില്‍ പെട്ട ഗ്രാമീണന്‍ വേട്ടയാടിയ ഒരു ഉടുമ്പുമായി വന്നു. നബി (സ) ക്ക്‌ ചുറ്റും ഒരു സംഘം ഇരിക്കുന്നത്‌ കണ്ടപ്പോള്‍ ഗ്രാമീണന്‍ ചോദിച്ചു: ഇത്‌ ആരാണ്‌? സ്വഹാബത്ത്‌ പറഞ്ഞു: ഇത്‌ അല്ലാഹുവിന്റെ പ്രവാചകനാണ്‌. ഗ്രാമീണന്‍ പറഞ്ഞു: ലാത്ത, ഉസ്സ എന്നീ ദൈവങ്ങളെ തന്നെ സത്യം, ഈ ഉടുമ്പ്‌ വിശ്വസിക്കുന്നത്‌ വരെ ഞാന്‍ പ്രവാചകത്വം അംഗീകരിക്കില്ല. അപ്പോള്‍ പ്രവാചകന്‍ (സ) ഉടുമ്പിനോട്‌ ചോദിച്ചു: ഓ! ഉടുമ്പേ, നീ ആരെയാണ്‌ ആരാധിക്കുന്നത്‌? ഉടുമ്പ്‌ മറുപടി പറഞ്ഞു: ആകാശത്തില്‍ അര്‍ശുള്ള, ഭൂമിയില്‍ അധികാരമുള്ള അല്ലാഹുവിനെയാണ്‌ ഞാന്‍ ആരാധിക്കുന്നത്‌. അപ്പോള്‍ നബി (സ) ചോദിച്ചു: ഞാന്‍ ആരാണ്‌? അത്ഭുതം! ഉടുമ്പിന്റെ മറുപടി: താങ്കള്‍ അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണ്‌. താങ്കളെ അംഗീകരിച്ചവര്‍ വിജയിച്ചു. അവിശ്വസിച്ചവര്‍ പരാജയപ്പെട്ടു. ഇത്‌ കേട്ട മാത്രയില്‍ ഗ്രാമീണന്‍ മുസ്‌ലിമായി. (മവാഹിബുല്ലദുന്നിയ്യ - ശിഫാ).
      ഉമ്മു സലമ ബീവി (റ) യില്‍ നിന്ന്‌ നിവേദനം: റസൂലുല്ലാഹി മരുഭൂമിയിലായിരുന്നപ്പോള്‍ ഒരു വിളി കേട്ടു. യാ റസൂലല്ലാഹ്‌! നബി (സ) തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മാന്‍പേട കയറില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു ഗ്രാമീണന്‍ തൊട്ടപ്പുറത്ത്‌ കിടന്നുറങ്ങുന്നു. നബി (സ) മാന്‍പേടയോട്‌ ചോദിച്ചു: എന്താണ്‌ നിന്റെ ആവശ്യം? മാന്‍ പ്രതിവചിച്ചു: എനിക്ക്‌ രണ്ട്‌ ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ട്‌. ഈ ഗ്രാമീണന്‍ എന്നെ വേട്ടയാടി പിടിച്ചതാണ്‌. എന്നെ ഒന്ന്‌ മോചിപ്പിച്ചാല്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ കൊടുത്ത്‌ ഉടനെ തിരിച്ചു വരാം. നബി (സ) ചോദിച്ചു: നീ തിരിച്ചു വരുമോ? മാന്‍ പറഞ്ഞു: തിരിച്ചു വന്നില്ലെങ്കില്‍ അല്ലാഹു എന്നെ ശിക്ഷിക്കട്ടെ! നബി (സ) കെട്ടഴിച്ചുവിട്ടു. ഉടന്‍ മാന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ കൊടുത്ത്‌ തിരിച്ചെത്തി. നബി (സ) അതിനെ കയറില്‍ കെട്ടുമ്പോള്‍ ഗ്രാമീണന്‍ ഞെട്ടിയുണര്‍ന്നു. നബിയേ! എന്താണ്‌ തങ്ങളുടെ ആവശ്യം? നബി (സ) പറഞ്ഞു: ഈ മാന്‍പേടയെ നീ അഴിച്ചുവിടുക. ഗ്രാമീണന്‍ ഉടനെ അതിനെ അഴിച്ച്‌ മോചിപ്പിച്ചു വിട്ടു. അന്നേരം ആ മാന്‍ പേട പറയുന്നുണ്ടായിരുന്നു: ``അശ്‌ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്‌, വഅശ്‌ഹദു അന്നക്ക റസൂലുല്ലാഹ്‌''.

Wednesday, 14 October 2015

പ്രവാചക പ്രവചനങ്ങള്‍

പ്രവാചക പ്രവചനങ്ങള്‍

              പ്രവാചകന്മാരുടെ സത്യസന്ധത തെളിയിക്കുന്ന അമാനുഷിക സിദ്ധികളില്‍ ഒരു സുപ്രധാന പങ്ക്‌ വഹിക്കുന്ന വിഭാഗമാണ്‌ അവരുടെ ബസ്വീറത്ത്‌ (ദീര്‍ഘദര്‍ശനം). സത്യദൂതന്മാരെ മിഥ്യ ദൂതന്മാരില്‍ നിന്നും വേര്‍തിരിക്കുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു മാനദണ്‌ഡമാണ്‌ പ്രസ്‌തുത പ്രവചനങ്ങള്‍. അവര്‍ പലി വിപത്ത്‌ കാര്യങ്ങളെ കുറിച്ചും പ്രവചിക്കാറുണ്ട്‌. അക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലരുന്നുവെങ്കില്‍ അവരുടെ ദൗത്യത്തിലുള്ള വിശ്വാസം ശക്തവത്താവും. പ്രത്യേകിച്ച്‌ അവ പ്രവചിത സമയത്ത്‌ സംഭവിക്കുന്നില്ലെങ്കില്‍ അവ വ്യാജത്വത്തിനെയും തെളിയിക്കുന്നു. 
                എന്നാല്‍ ഒരു പ്രവാചക വാദിയുടെ സത്യസന്ധതക്ക്‌ തെളിവുകള്‍ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ പ്രസ്‌തുത വ്യക്തിയുടെ നിയോഗ സാദ്ധ്യതയെ കുറിച്ച്‌ സുപ്രധാനമായി ചിന്തിക്കേണ്ടതാണ്‌. ഒരം അംശം ഗജത്തെ വിഴുങ്ങിയെന്ന്‌ ഒരാള്‍ പ്രചരിപ്പിച്ചാല്‍ വല്ല വിഡ്ഡിയും ആ അപവാദത്തിന്റെ ശുദ്ധത അന്വേഷിക്കന്‍ കച്ചകെട്ടി ഇറങ്ങുമോ? അതിലേറെ അസംഭവ്യമാണ്‌ മുഹമ്മദ്‌ നബി (സ) ക്ക്‌ ശേഷം ഒരു പുതിയ പ്രവാചകന്റെ ആഗമനം. കാരണം തിരു മുസ്ഥഫാ (സ) യുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നവന്‌ പ്രവാചകത്വ വിരാമത്തിലും വിശ്വസിക്കാതെ നിര്‍വ്വാഹമില്ല. മുഹമ്മദ്‌ നബി (സ) അന്ത്യപ്രവാചകനാണ്‌, പ്രവാചകത്വത്തിന്റെ കവാടം അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) യോട്‌ കൂടി കൊട്ടി അടക്കപ്പെട്ടു പോയി. ഇനി അത്‌ ഒരു വ്യക്തിക്കും തുറക്കപ്പെടുകയില്ല. ``മുഹമ്മദ്‌ നബി (സ) പുരുഷനായ നിങ്ങളില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ നബി (സ) തങ്ങള്‍ അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണ്‌. സര്‍വ്വജ്ഞനാണ്‌ അല്ലാഹു'' (അഹ്‌സാബ്‌ 40).
                     എഴുത്തും വായനയും അഭ്യസിക്കാതെ നബി (സ) ക്ക്‌ അല്ലാഹു ദിവ്യസന്ദേശം നല്‍കി തുടങ്ങിയപ്പോള്‍ ജൂതരും നസ്വാറാക്കളുമായ ശത്രുക്കള്‍ ഭയപ്പെട്ടു. അവര്‍ വലിയ കിംവദന്തികളും നബി (സ) ക്ക്‌ എതിരെ ഉന്നയിച്ചു. അതല്ല, മുഹമ്മദ്‌ വേദക്കാരില്‍ നിന്നും മറ്റും പഠിച്ചു പറയുന്നതാണെന്ന്‌ അവര്‍ പ്രചരിപ്പിച്ചു. സത്യനിഷേധികള്‍ ഇത്തരം അപവാദം ഉന്നയിച്ചു കൊണ്ട്‌ ദിവ്യവചനങ്ങളെ നിരസിച്ചു. 
        പക്ഷെ, തൗറാത്തും ഇഞ്ചീലും തുടങ്ങിയ വേദഗ്രന്ഥങ്ങളൊന്നും നബി (സ) തങ്ങള്‍ക്ക്‌ അറിയുമായിരുന്നില്ല. എങ്കിലും നബി (സ) തങ്ങള്‍ ദിവ്യസന്ദേശത്തിലൂടെ തൗറാത്ത്‌, ഇഞ്ചീല്‍ തുടങ്ങിയവയിലെ ചരിത്രവസ്‌തുതകളും നിയമങ്ങളും തത്വസംഹിത ജ്ഞാനങ്ങളും വെളിപ്പെടുത്തുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്‌തു. 
        നബി (സ) യുടെ പ്രവാചകത്വത്തിന്റെ അനിഷേധ്യമായ ദൃഷ്‌ടാന്തമാണിത്‌. അല്ലാഹുവില്‍ നിന്നല്ലാതെ ഈ വക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ നബി (സ) തങ്ങള്‍ക്ക്‌ വേറൊരു മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. മറ്റെവിടെന്നെങ്കിലും നബി (സ) പഠിക്കുന്നുണ്ടായിരുന്നെങ്കില്‍ ശത്രുക്കള്‍ക്ക്‌ അത്‌ കാണാനും കേള്‍ക്കാനും സാധിക്കുമായിരുന്നു. പക്ഷെ, അതും സംഭവിച്ചിട്ടില്ല. ``നിങ്ങളുടെ കൂട്ടുകാരന്‍ (മുഹമ്മദ്‌ നബി (സ) വഴി തെറ്റിയിട്ടില്ല, വ്യതിചലിച്ചിട്ടുമില്ല. തന്നിഷ്‌ടത്തിനൊത്ത്‌ നബി (സ) തങ്ങള്‍ സംസാരിക്കുന്നുമില്ല. നബി (സ) ക്ക്‌ ലഭിക്കുന്ന ദിവ്യബോധനമാണ്‌ പ്രവാചക വചനങ്ങള്‍, സര്‍വ്വശക്തനാണ്‌ പഠിപ്പിച്ചു കൊടുക്കുന്നത്‌'' (നജ്‌മ്‌ 2-5). അതേസമയം നബി (സ) ജീവിച്ച കാലഘട്ടത്തെ കുറിച്ച്‌ ചിന്തിച്ചു നോക്കുമ്പോള്‍ പരസ്‌പരം കീഴ്‌പ്പെടാത്ത രീതിയില്‍ അറബി സാഹത്യത്തിലും പദ്യത്തിലും ഗദ്യത്തിലും മത്സരിക്കുകയും അതിനു വേണ്ടി സമ്പത്തും ജീവിതവും മാറ്റി വെച്ച -നാവെടുത്താല്‍ സാഹിത്യമേ വരൂ- അങ്ങനെയുള്ളവരുടെ ഇടയിലാണ്‌ നബിതിരുമേനി (സ) ജനിക്കുന്നതും ജീവിക്കുന്നതും. അവരിലേക്കാണ്‌ ഒരു സമുദായത്തിന്റെയും ലോകത്തിന്റെയും വഴികാട്ടിയും ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകനായി അയക്കപ്പെടുന്നത്‌. പ്രവാചകന്‍ (സ) പറഞ്ഞത്‌ അല്ലാഹുവില്‍ നിന്നുള്ളതാണ്‌. ആ പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും അല്ലാഹുവിന്റെ പ്രത്യേക സന്ദേശം മൂലം മാത്രമാണ്‌ എന്ന്‌ ഇതിനകം നമുക്ക്‌ മനസ്സിലായി. 
         നബി (സ) തങ്ങള്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും പ്രവചനങ്ങളും അതിന്റെ അവലംബം അദൃശ്യജ്ഞാനങ്ങളാണ്‌. പ്രത്യുത അല്ലാഹുവിനെ സംബന്ധിച്ചും അവനോടുള്ള കടമകളെ സംബന്ധിച്ചും അതില്‍ വീഴ്‌ച വരുത്തിയാല്‍ എന്താണ്‌ അനന്തരഫലം? കല്‍പനകള്‍ക്ക്‌ വഴിപ്പെട്ടാല്‍ എന്താണ്‌ പ്രതിഫലം? ഇങ്ങനെ തുടങ്ങി നിരവധി അനവധി കാര്യങ്ങളാണവ.. ഇത്‌ തന്നെയാണ്‌ പ്രവചനം അഥവാ പഞ്ചേന്ദ്രിയങ്ങളെ തൊട്ടും ബുദ്ധിയെ തൊട്ടും അവ്യക്തമായ ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത ഭൗതികമോ അഭൗതികമോ ആയ കാര്യങ്ങള്‍ പ്രബോധിക്കുക. 
ഇത്‌ ഒരു സാധാരണ മനുഷ്യന്‌ സാധ്യമല്ല, നബി (സ) തങ്ങള്‍ ഒരു സാധാരണ മനുഷ്യനല്ല. തികച്ചും അല്ലാഹുവിന്റെ അസാധാരണ മനുഷ്യസൃഷ്‌ടിയാണ്‌ എന്ന്‌ നമുക്ക്‌ ഇതിനകം മനസ്സിലാക്കാന്‍ സാധിക്കും. കാരണം സമീപ കാല ഭാവിയിലും വിദൂര ഭാവിയിലും ലോകത്ത്‌ നടക്കാനിരുന്ന എത്രയെത്ര കാര്യങ്ങളെ കുറിച്ചാണ്‌ തിരുദൂതര്‍ (സ) ദീര്‍ഘവീക്ഷണം ചെയ്‌തിട്ടുള്ളഥത്‌. അവയില്‍ നിരവധി കാര്യങ്ങള്‍ തക്കസമയങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സത്യമായി പുലര്‍ന്നു കഴിഞ്ഞു. പലതും സൂര്യപ്രകാശം പോലെ ഇന്നും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അവശേഷിക്കുന്നവയുടെ പ്രവചിത സമയങ്ങളെയും വീക്ഷിച്ചു നില്‍ക്കുന്നു എന്ന കാര്യം ഒരു നിക്ഷ്‌പക്ഷ വാദിക്ക്‌ മനസ്സിലാക്കാന്‍ കുറെ അകലെയല്ല. 
അവിടുത്തെ പ്രവചനങ്ങള്‍ അധികവും അന്ത്യദിനത്തെ സംബന്ധിച്ചാണ്‌. കാരണം അല്ലാഹു തിരുനബി (സ) യെ സത്യദീനിന്റെ പതാകയും കൊടുത്ത്‌ കല്‍പനകള്‍ക്ക്‌ വഴിപ്പെടുന്നവര്‍ക്ക്‌ അവന്റെ അനുഗ്രഹങ്ങളെ കൊണ്ട്‌ സുവിശേഷം അറിയിക്കുന്നവരായിട്ടും അവന്‌ എതിരില്‍ കാണിക്കുന്നവരെയും പാപികളെയും അവന്റെ വേദനാജനകമായ ശിക്ഷകളെ കൊണ്ട്‌ പേടിപ്പിച്ച്‌ മുന്നിറിയിപ്പുകാരനായിട്ടുമാണ്‌ അന്ത്യദിനത്തിന്റെ മക്കള്‍ക്ക്‌ മുമ്പിലേക്ക്‌ അയച്ചിട്ടുള്ളത്‌. നന്മയോ തിന്മയോ ആയ ഒരു കാര്യത്തിലേക്കും ഉദ്‌ബോധനം ചെയ്‌തിട്ടില്ലാതെ ഇല്ല.
     ഇത്‌ അവസാന സമുദായവും മുഹമ്മദ്‌ നബി (സ) അന്ത്യപ്രവാചകനുമായത്‌ കൊണ്ട്‌ തന്നെ ദൂതരിലൂടെ വിവിധ മത പൈതൃകങ്ങളെ പരിപൂര്‍ണ്ണവും സമ്പൂര്‍ണ്ണമാവുകയും അനവധി കാര്യങ്ങള്‍ ഇരുലോകത്തും ഇനിയും സംഭവിക്കാനിരിക്കുന്നുവെന്നും അല്ലാഹു പ്രത്യേകമായ ഈ സമുദായത്തിന്‌ അറിയിച്ചു കൊടുത്തു. 
      തിരുദൂതര്‍ (സ) തങ്ങളുടെ ഏറ്റവും വലിയ മുഅ്‌ജിസത്ത്‌ വിശുദ്ധ ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ പുതുമക്ക്‌ യാതൊരു കോട്ടവും ന്യൂനതയും സംഭവിച്ചിട്ടില്ല. അത്‌ അല്ലാഹു ഏറ്റെടുത്ത ദൗത്യമാണ്‌ അതിനെ കുറിച്ച്‌ ഖുര്‍ആന്‍ തന്നെ പറയട്ടെ. ``നിശ്ചയമായും ഖുര്‍ആനിനെ അവതരിപ്പിച്ചിട്ടുള്ളത്‌ നാമാണ്‌. നാം അതിനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. തീര്‍ച്ച'' (ബഖറ 59).
ആ പരിശുദ്ധ ഖുര്‍ആനിലൂടെ പറഞ്ഞ ഒരു പറഞ്ഞ പ്രധാന സംഭവമാണ്‌ റോം ആധിപത്യം. നബി (സ) തിരുമേനി മക്കയില്‍ മതപ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ റോമും പേര്‍ഷ്യയും തമ്മില്‍ ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ പേര്‍ഷ്യക്കാര്‍ക്കാണ്‌ വമ്പിച്ച വിജയമുണ്ടായത്‌. റോമിന്‌ കടുത്ത പരാജയവും. ഈ അവസരത്തില്‍ മക്കാ മുശ്‌രിക്കുകള്‍ മുസ്‌ലിംകളോട്‌ വീമ്പിളക്കി. ``തങ്ങള്‍ വേദക്കാരെന്നത്രെ റോമക്കാര്‍ പറയുന്നത്‌. എന്നാല്‍ മജൂസികളായ പേര്‍ഷ്യക്കാര്‍ അവരെ പരാജയപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ വാദം, നിങ്ങളുടെ പ്രവാചകന്‌ അവതീര്‍ണ്ണമായ ഗ്രന്ഥത്തിന്റെ പേരില്‍ ഞങ്ങളെ അതിജയിക്കപ്പെടുമെന്നാണല്ലോ നിങ്ങളുടെ വാദം. അപ്പോള്‍ അതിന്‌ മറുപടിയായി അല്ലാഹു ഖുര്‍ആനിലൂടെ പ്രവചിച്ചു: ``(അറേബ്യയുടെ) സമീപപ്രദേശത്താണ്‌ ഉണ്ടായത്‌. എന്നാല്‍ ഈ പരാജയത്തിന്‌ ശേഷം അവര്‍ വിജയികളാഖുന്നതാണ്‌'' (റൂം 3). ശേഷം അത്‌ ഉണ്ടായി. 
     നബി (സ) തങ്ങളുട പ്രവചന ഹദീസുകള്‍ മഹാസമുദ്രം പോലെ വ്യാപിച്ചു കിടക്കുന്നു. അതിന്റെ ആഴവും വ്യാപ്‌തിയും പരിമിതമല്ല. എങ്കിലും പ്രഗത്ഭരായ പണ്‌ഡിതന്മാര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) തങ്ങള്‍ ഒരു വേള ഞങ്ങളോട്‌ പ്രസംഗിച്ചു. പ്രസ്‌തുത പ്രസംഗത്തില്‍ നബി (സ) തങ്ങള്‍ ഖിയാമത്ത്‌ നാള്‍ വരെയുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടല്ലാതെ ആ പ്രസംഗം അവസാനിപ്പിച്ചിട്ടില്ല. അന്ന്‌ സ്വഹാബത്തില്‍ നിന്ന്‌ ഓര്‍ത്ത്‌ വെച്ചവര്‍ ഓര്‍ത്ത്‌ വെച്ചു. മറന്നു പോയവര്‍ മറന്നു പോവുകയും ചെയ്‌തു. പ്രവചിത കാര്യങ്ങള്‍ ഓരോന്നായി പുലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ കണ്‍മുന്നില്‍ നിന്ന്‌ മറഞ്ഞ്‌ മറന്നു പോയ ഒരു വ്യക്തിയെ ശേഷം കാണുമ്പോള്‍ അവന്റെ മുഖത്തെ ഓര്‍ത്തെടുക്കും പോലെ ആ കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയും മനസ്സിലാക്കുകയും ചെയ്‌തു. ശേഷം ഈ ഹദീസിന്റെ നിവേദകര്‍ ഹുദൈഫ (റ) പറയുന്നു: സ്വഹാബത്ത്‌ മറന്നതാണോ മറവി നടിച്ചതാണോ എന്ന്‌ എനിക്കറിയില്ല. അല്ലാഹുവാണേ, അന്ത്യദിനം വരെയുള്ള മുന്നൂറില്‍ അധികം വരുന്ന പുത്തന്‍വാദികളുടെ തലവന്മാരുടെ പേരും അവരുടെ തന്തമാരുടെയും തറവാടിന്റെയും പേരുകള്‍ പറയുക തന്നെ ചെയ്‌തു.
     നബി (സ) ഒരിക്കല്‍ ഇപ്രകാരം പ്രവചിച്ചു: ``ജൂതന്മാര്‍ 71 വിഭാഗമായി ഭിന്നിച്ചു. അവയില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗത്തിലും ബാക്കി 70 വിഭാഗവും നരകത്തിലാണ്‌. ക്രിസ്‌ത്യാനികള്‍ 72 വിഭാഗമായി ഭിന്നിച്ചു. അവയില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗത്തിലും ബാക്കി 71 വിഭാഗവും നരകത്തിലാണ്‌. എങ്കില്‍ എന്റെ ശരീരം ഏതൊരുവന്റെ കൈയിലാണോ അവനെ തന്നെ സത്യം എന്റെ സമുദായം 73 വിഭാഗമായി ചിതറും. അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുള്ളൂ. അതല്ലാത്ത 72 വിഭാഗവും നരകത്തിലാണ്‌'' (ഇബ്‌നു മാജ).
ഈ പ്രവചനം നമുക്കിന്ന്‌ പുലര്‍ന്നു കൊണ്ടിരിക്കുന്നത്‌ നഗ്നനേത്രങ്ങളെ കൊണ്ട്‌ ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌. മതകാര്യങ്ങളില്‍ ഏക സമൂഹമായി പ്രശോഭിച്ചിരുന്ന മുസ്‌ലിം സമുദായത്തില്‍ കാലാന്തരത്തില്‍ അവരുടെ വിശ്വാസത്തിലും മറ്റും മാര്‍ഗ്ഗഭ്രംശം സംഭവിക്കുകയും പല പ്രസ്ഥാനങ്ങള്‍ ഉല്‍ഭവിക്കുകയും ചെയ്‌തു. മുഅ്‌തസില, ശീഅ, ഖവാരിജ്‌, മുര്‍ജിഅ, മുഅത്തില, മുശബ്ബിഹ എന്നിവയാണ്‌ പ്രധാന ബിദ്‌ഈ കക്ഷികള്‍. ഇവരില്‍ നിന്നോരോന്നിനും 12 ശാഖാ ബിദ്‌ഈകളും ഉണ്ട്‌. അങ്ങനെ മൊത്തം 72 വിഭാഗങ്ങളാണ്‌. അവരില്‍ പെട്ട വിഭാഗങ്ങളാണ്‌ ഇന്നത്തെ മുജാഹിദ്‌, ജമാഅത്ത്‌ തുടങ്ങിയ കക്ഷികള്‍.
            ബദര്‍യുദ്ധത്തിന്റെ തലേ രാത്രി ശത്രുപക്ഷത്തിലെ ഓരോ വ്യക്തികളുടെയും പതനസ്ഥലം ഓരോന്നോരോന്നായി സ്വഹാബത്തിന്‌ കാണിച്ചു കൊടുത്തതും, പ്രവാചകന്‍ ഉബയ്യ്‌ ബ്‌ന്‍ ഖലഫിനെ കൊല്ലുമെന്നും എനിക്ക്‌ എന്റെ ഖലീഫമാര്‍ അബൂബക്കര്‍, (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) എന്നിവരാണെന്ന്‌ പറഞ്ഞതും മുആവിയ (റ) അധികാരമേല്‍ക്കുമെന്ന്‌ പറഞ്ഞതും ഉസ്‌മാന്‍ ബ്‌നു അഫ്‌ഫാന്‍ (റ) ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കേ വധിക്കപ്പെടുമെന്നതും ഉമര്‍ (റ) യും അലി (റ) യും ശഹീദാകുമെന്ന്‌ പറഞ്ഞതും അമ്മാര്‍ ബിന്‍ യാസറിനെ മുആവിയ (റ) ന്റെ അനുചരന്മാര്‍ വധിക്കുമെന്നും ബനൂ ഉമയ്യക്ക്‌ ഭരണാധികാരം ഉണ്ടാകുമെന്നും തുടങ്ങഇ നബി (സ) യുടെ സമീപ/ഭാവി കാല പ്രവചനങ്ങള്‍ നടത്തുകയും അത്‌ പുലരുകയും ചെയ്‌തു. 
     മനുഷ്യരില്‍ നിന്ന്‌ ശ്രേഷ്‌ഠരായ അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാര്‍ക്ക്‌ പിറകെ ഇഷ്‌ടദാസന്മാര്‍ പോയിക്കൊണ്ടിരിക്കുമെന്നും സമയം (ഒരു വര്‍ഷം ഒരു മാസമായും ഒരു മാസം ഒരു ജുമുഅ ആയും ഒരു ജുമുഅ ഒരു ദിവസമായും ഒരു ദിവസം ഒരു മണിക്കൂറായും) ചുരുങ്ങുമെന്ന്‌ പറഞ്ഞതും അറിവിനെ ഉയര്‍ത്തപ്പെടുമെന്നും ഫിത്‌ന വ്യാപിക്കുമെന്നും പറഞ്ഞ കാര്യങ്ങള്‍ റസൂലുല്ലാഹി (സ) യുടെ സമീപ ഭാവിയില്‍ പുലരുമെന്ന പ്രവചിച്ച കാര്യങ്ങള്‍ പുലര്‍ന്നതും പുലര്‍ന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളില്‍ ചിലതാണ്‌. 
     ഇമാം മഹതി, യഅ്‌ജൂജ്‌ മഅ്‌ജൂജ്‌, ദാബ്ബത്തുല്‍ അര്‍ള്‌ തുടങ്ങിയ വരാനിരിക്കുന്ന അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ അടക്കമുള്ള പല കാര്യങ്ങളും തീര്‍ച്ചയായും പുലരുക തന്നെ ചെയ്യും.


Monday, 12 October 2015

തിരുനബി (സ്വ) പൂര്‍ണ്ണതയുടെ പ്രതീകം


തിരുനബി (സ്വ)
പൂര്‍ണ്ണതയുടെ പ്രതീകം

           
              സാമൂഹ്യ ജീവിയായ മനുഷ്യനില്‍ ഒഴിച്ചു കൂടാനാവത്തതും സമൂഹം ആകര്‍ഷിക്കപ്പെടുന്നതില്‍ വളരെ അത്യന്താപേക്ഷിതവുമായ ഒന്നാണ്‌ സ്വഭാവ മഹിമ. സല്‍സ്വഭാവത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ്‌ തിരുനബി (സ്വ). കാരണം മഹാനവര്‍കള്‍ സര്‍വ്വലോകരിലേക്കും നിയോഗിക്കപ്പെട്ടവരാണ്‌. അല്ലാഹു പറയുന്നു : ``നബിയേ, മുഴുവന്‍ ലോകര്‍ക്കും കാരുണ്യമായിട്ടാണ്‌ താങ്കളെ നാം അയച്ചത്‌''. സത്യവിശ്വാസികള്‍, അവിശ്വാസികള്‍, കപടവിശ്വാസികള്‍, വിശിഷ്യാ മൃഗങ്ങള്‍ക്ക്‌ വരെ അനുഗ്രഹമായിരുന്നു അവിടുത്തെ നിയോഗം. നബി (സ്വ) തങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ ആദ്യന്തം നമുക്കത്‌ കാണാന്‍ സാധിക്കും. 
         അല്ലാഹു തആല അവന്റെ നാമങ്ങളില്‍ നിന്ന്‌ റഊഫ്‌, റഹീം എന്ന രണ്ട്‌ നാമങ്ങളെ കൊണ്ട്‌ നബി (സ്വ) യെ വിളിച്ചിട്ടുണ്ട്‌. അളവറ്റ കാരുണ്യത്തിന്റെ പ്രതീകമാണ്‌ മുത്ത്‌ നബി (സ്വ) എന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതാണ്‌. മുന്‍കാല സമുദായങ്ങള്‍ അവരിലേക്ക്‌ നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കളവാക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതിന്റെ പേരില്‍ അല്ലാഹു അവരെ നാമാവശേഷമാക്കി കളഞ്ഞു. നൂഹ്‌ നബി (അ) ന്റെ സമുദായത്തെ വെള്ളപ്പൊക്കം കൊണ്ട്‌ നശിപ്പിച്ചത്‌ ഇതിനുദാഹരണമാണ്‌. പക്ഷെ, നബി (സ്വ) യുടെ സമുദായം കഠിനമായി തങ്ങളെ മര്‍ദ്ദിച്ചു. സമൂലമായ ഒരു മാറ്റത്തിന്‌ വേണ്ടി ഇറങ്ങിത്തിരിച്ച പ്രവാചകപ്രഭു (സ്വ) വിനെ സ്വീകരിച്ചത്‌ നോട്ട്‌ മാലകളോ പുഷ്‌പഹാരങ്ങളോ ആയിരുന്നില്ല. തെരുവ്‌ തെണ്ടികളുടെ കല്ലേറും കള്ള്‌ കുടിയന്മാരുടെ ശകാരങ്ങളും ഒട്ടകത്തിന്റെ ചീഞ്ഞ്‌്‌ നാറുന്ന കുടല്‍ മാലകളുമായിരുന്നു. സ്വന്തം കുടുംബക്കാര്‍ക്ക്‌ കല്ലെറിയാന്‍ കൈ പൊങ്ങാത്തതിന്റെ പേരിലാണോ എന്നറിയില്ല ത്വാഇഫിലെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നവരെ കൊണ്ട്‌ ആ ശറഫാക്കപ്പെട്ട മേനിയിലേക്ക്‌ കല്ലെറിയിച്ചു. ഇത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ നബി (സ്വ) ഇരയായിട്ടും മുന്‍കാലക്കാര്‍ക്ക്‌ ഉണ്ടായ ശിക്ഷകള്‍ അവര്‍ക്ക്‌ നേരിടേണ്ടി വന്നില്ല. മുത്ത്‌ നബിയെന്ന കാരുണ്യത്തിന്റെ കവാടം അവര്‍ക്ക്‌ മുമ്പില്‍ തുറക്കപ്പെട്ടു എന്നതാണ്‌ ഇതിന്‌ കാരണം. 
         പൊന്നും വെള്ളിയും തിരിച്ചറിയാത്ത കുട്ടികളോടും വയോവൃദ്ധന്മാരോടും കാരുണ്യത്തിന്റെ നോട്ടമായിരുന്നു പ്രവാചകനില്‍ നിന്നുണ്ടായത്‌. ചെറിയ കുട്ടികളെ കാണുമ്പോള്‍ വാരിയെടുത്ത്‌ അവരെ തലോടുകയും തുരുതുരാ ചുംബനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. മഹതി ബീവി ആഇശാ (റ) പറയുന്നു: ഒരിക്കല്‍ നബി(സ) അവിടുത്തെ പേരമക്കളായ ഹസന്‍, ഹുസൈന്‍ (റ) എന്നിവരെ ചുംബിച്ചു. ആ സമയത്ത്‌ അഖ്‌റഅ്‌ ബ്‌നു ഹാബിസുത്തൈമി അവിടെയുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: നബിയേ, എനിക്ക്‌ പത്ത്‌ മക്കളുണ്ട്‌. അതില്‍ നിന്ന്‌ ഒരെണ്ണത്തെ പോലും ഞാനിത്‌ വരെ ചുംബിച്ചിട്ടില്ല. നബി (സ്വ) അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു: കരുണയില്ലാത്തവന്‌ കരുണ വര്‍ഷിക്കപ്പെടുകയില്ല. 
            വീടിന്റെ അകത്തളങ്ങളിലും തിരുനബിയുടെ കാരുണ്യം പേമാരിയായി വര്‍ഷിച്ചിരുന്നു. വീട്ടുജോലികളില്‍ പെണ്ണുങ്ങളെ സഹായിക്കും, വസ്‌ത്രം സ്വയം വൃത്തിയാക്കും, ചെരുപ്പ്‌ തുന്നും. സാധാരണയായി ഒരു വീട്ടുകാരന്‍ ചെയ്യുന്നതെല്ലാം അല്ല അതിലപ്പുറവും അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചെയ്യുമായിരുന്നു. ഇത്രയും എളിമയുള്ള മനസ്സിന്റെ ഉടമയായിരുന്നു മുത്ത്‌നബി (സ്വ). അല്ലാഹുപറയുന്നു: അങ്ങ്‌ കഠിനമായ ഹൃദയത്തിന്റെ ഉടമയായിരുന്നെങ്കില്‍ അങ്ങയുടെ അടുക്കല്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകുമായിരുന്നു. അത്രയും സൗമ്യമായ സ്വഭാവത്തിന്റെ ഉടമയായത്‌ കൊണ്ടാണ്‌ ജനങ്ങള്‍ അങ്ങയിലേക്ക്‌ ആകര്‍ഷിച്ചത്‌. നബി (സ്വ) യുടെ സ്വഭാവത്തെ സംബന്ധിച്ച്‌ ആഇശ ബീവി (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ മഹതിയവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിനേക്കാളും നല്ല സ്വഭാവമുള്ള ഒരുത്തനുമില്ല. തങ്ങളുടെ സ്വഭാവം ഖുര്‍ആനാണ്‌. 
         മനുഷ്യവര്‍ഗ്ഗത്തില്‍ മാത്രമായിരുന്നില്ല നബി (സ്വ) യുടെ കാരുണ്യം മറിച്ച്‌ നാല്‍ക്കാലികളിലും അത്‌ എത്തിയിട്ടുണ്ട്‌. മൃഗങ്ങളോട്‌ കരുണ കാണിക്കാനും കഠിന ഭാരം വഹിപ്പിക്കരുതെന്നും വിശപ്പ്‌ അകറ്റണമെന്നും പ്രവാചകന്‍ (സ്വ) ഉപദേശിച്ചിട്ടുണ്ട്‌. 
അന്‍സാരികളില്‍ പെട്ട ഒരു പുരുഷന്റെ തോട്ടത്തിലേക്ക്‌ നബി (സ്വ) പ്രവേശിച്ചപ്പോള്‍ ഒഴുകുന്ന നയനങ്ങളുമായി സന്താപത്തോടെ ശബ്‌ദിക്കുന്ന ഒരു ഒട്ടകത്തെ കാണാനിടയായി. കാരുണ്യത്തിന്റെ കേദാരമായ തിരുദൂതര്‍ (സ്വ) അതിന്റെ അടുത്ത്‌ ചെന്ന്‌ ചെവിയുടെ ഭാഗം തടവി കൊടുത്തപ്പോള്‍ അത്‌ ശാന്തമായി. നബി (സ്വ) ചോദിച്ചു: ഇതിന്റെ ഉടമസ്ഥന്‍ ആരാണ്‌? അന്‍സാരികളില്‍ പെട്ട യുവാവ്‌ വന്നപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട്‌ ചോദിച്ചു: ``അല്ലാഹു താങ്കള്‍ക്ക്‌ ഉടമയാക്കി തന്ന ഈ നാല്‍ക്കാലിയുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? യജമാനന്‍ എന്നോട്‌ കരുണ കാണിക്കുന്നില്ലെന്ന്‌ ഈ ഒട്ടകം എന്നോട്‌ ആവലാതി ബോധിപ്പിച്ചു. അങ്ങാടികളിലും വഴിയോരങ്ങളിലും സംസാരിക്കുന്ന നിങ്ങള്‍ നാല്‍ക്കാലികളെ കസേരകളാക്കരുത്‌. ``പുറത്ത്‌ കയറി യാത്ര ചെയ്യുന്നവനേക്കാളും ഉത്തമമായ എത്ര മൃഗങ്ങളാണുള്ളത്‌'' എന്ന്‌ വരെ നബി (സ്വ) അരുളിയുണ്ട്‌. നാല്‍ക്കാലികള്‍ക്ക്‌ പോലും അവിടുന്ന്‌ കൃപാകടാക്ഷം ചൊരിഞ്ഞിരുന്നു എന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ ഇത്‌ തന്നെ ധാരാളം. 
          ഒരാള്‍ക്കും നീരസമുണ്ടാക്കുന്ന ഒരു വാക്ക്‌ പോലും നബി (സ) ഉച്ചരിച്ചിച്ചില്ല. പത്ത്‌ വര്‍ഷം നബി (സ്വ) യുടെ സേവകനായിരുന്ന അനസ്‌ ബ്‌നു മാലിക്‌ (റ) പറയുമായിരുന്നു: ഇത്രയും കാലത്തിനുള്ളില്‍ നബി (സ്വ) തങ്ങള്‍ എന്നോട്‌ `ഛെ' എന്ന വാക്ക്‌ പോലും പറഞ്ഞിട്ടില്ല. എന്തിനാണ്‌ നീ അത്‌ ചെയ്‌തത്‌? എന്താണ്‌ നീ അത്‌ ചെയ്യാത്തത്‌? എന്നെന്നും തങ്ങള്‍ എന്നോട്‌ ചോദിച്ചിട്ടില്ല. നബി (സ്വ) എന്നോട്‌ ഒരു ആവശ്യത്തിനായി പോകാന്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ സാധിക്കില്ലായെന്ന്‌ പറഞ്ഞ്‌ അങ്ങാടിയില്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്ത്‌ പോയി ഞാന്‍ നില്‍ക്കുകയായിരുന്നു. പുറകില്‍ വന്ന്‌ സമാധാനത്തോടെ പിടിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. പുഞ്ചിരി തൂകുന്ന വദനവുമായി കാരുണ്യക്കടലായ നബി (സ്വ) പറയുന്നു: നീ പോയി വരൂ. ഞാന്‍ പോവുകയാണ്‌ അല്ലാഹുവിന്റെ റസൂലേ! എന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. എന്തൊരു സുന്ദരമായ സ്വഭാവം! അവിടുന്ന്‌ പൂര്‍ണ്ണതയുടെ പ്രതീകമാണ്‌. തിരുനബി (സ്വ) യുടെ ഉന്നതമായ സ്വഭാവം കണ്ട്‌ അല്ലാഹു പോലും പറഞ്ഞുപോയി. ``നിശ്ചയമായും അങ്ങ്‌ മഹോന്നതമായ സ്വഭാവത്തിന്റെ ഉടമയാണ്‌''.

Friday, 9 October 2015

അഹ്‌ലുബൈത്ത്‌ പ്രത്യേകതയും പരമ്പരയും

അഹ്‌ലുബൈത്ത്‌
 പ്രത്യേകതയും പരമ്പരയും


     അല്ലാഹു തആല പറഞ്ഞു: ``നബികുടുംബമേ നിങ്ങളില്‍ നിന്ന്‌ എല്ലാ മാലിന്യങ്ങളും മോശത്തരങ്ങളും നീക്കിക്കളയുവാനും, നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌'' (സൂറ: അല്‍ അഹ്‌സാബ്‌-33)
നബികുടുംബത്തിന്റെ മഹത്വം
     സൃഷ്‌ടികള്‍ എല്ലാവരും ഒരുപോലെയല്ല ആകൃതിയിലും പ്രകൃതിയിലും സ്ഥാനമാനങ്ങളിലുമെല്ലാം അവര്‍ക്കിടയില്‍ വ്യത്യാസങ്ങളും വൈവിധ്യങ്ങളുമുണ്ട്‌. ജീവിവര്‍ഗ്ഗത്തില്‍ ഏറ്റവും ഉല്‍ക്കൃഷ്‌ടരാണ്‌ മനുഷ്യര്‍. എന്നാല്‍ മനുഷ്യരെല്ലാം ഒരു പോലെയല്ല. വിവിധ വര്‍ഗ്ഗക്കാരും വര്‍ണ്ണക്കാരും വിവിധഭാഷക്കാരും ദേശക്കാരും ഉയരം കൂടിയവരും കുറഞ്ഞവരും സൗന്ദര്യമുള്ളവരും വിരൂപികളും   സ്ഥാനമാനങ്ങള്‍ കൂടിയവരും കുറഞ്ഞവരും തുടങ്ങി ധാരാളം വിഭിന്നതകളും വൈവിധ്യങ്ങളും അവര്‍ക്കിടയിലുണ്ട്‌. കല്ലുകള്‍, മരങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയിലെല്ലാം ഈ വ്യത്യാസങ്ങള്‍ കാണാം. മാണിക്യക്കല്ലും, ചരല്‍ക്കല്ലും ഒരുപോലെയാണെന്നാരെങ്കിലും പറയുമോ? 
   ``
എല്ലാ മനുഷ്യരും ആദമിന്റെ(അ) മക്കളാണ്‌. ആദം(അ) മണ്ണില്‍ നിന്നുമാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ സ്ഥാനമില്ല'' എന്നിങ്ങനെ ചില ഹദീസുകളുണ്ട്‌. ഇത്തരം ഹദീസുകളുടെ തുണ്ടുകള്‍ മാത്രം വായിച്ച്‌ മനുഷ്യരെല്ലാവരും ഒരുപോലെയാണെന്ന്‌ വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഹദീസിന്റെ ആശയം മനസ്സിലാക്കാത്തവരാണ്‌. ആദംനബി(അ) മണ്ണില്‍ നിന്നാണെങ്കിലും മണ്ണുകളെല്ലാം ഒരു പോലെയാണോ? ഹറമിലെ മണ്ണും നമ്മുടെ നാട്ടിലെ മണ്ണും ഒരേ സ്ഥാനമുള്ളതാണോ? കേരളത്തിലെ മണ്ണും കശ്‌മീരിലെ മണ്ണും ഫലപുഷ്‌ടിയില്‍ തുല്യമാണോ? എല്ലാത്തരം മണ്ണുകളും ചേര്‍ത്താണ്‌ ആദം നബി(അ)യെ സൃഷ്‌ടിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ഹദീസുകളില്‍ അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മണ്ണുകളിലെ ഈ വൈവിധ്യം ആദം നബിയുടെ മക്കളിലുമുണ്ട്‌. അതുപോലെ അറബിക്ക്‌ അനറബിയേക്കാള്‍ സ്ഥാനമില്ലെന്ന ഹദീസിലും `തഖ്‌വ' യുള്ളപ്പോള്‍ മഹത്വമുണ്ടെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശിര്‍ക്കില്‍ നിന്നും കുഫ്‌റില്‍ നിന്നും മോചിതരാവുകയും തഖ്‌വ സ്വായത്തമാക്കുകയും ചെയ്‌തില്ലെങ്കില്‍ അറബിയും അനറബിയുമെല്ലാം ഒരു പോലെയാണെന്നാണ്‌ പ്രസ്‌തുത ഹദീസിലെ അദ്ധ്യാപനം. സത്യവിശ്വാസികളല്ലെങ്കില്‍ പരലോകത്ത്‌ ആര്‍ക്കും മഹത്വമില്ലെന്ന പ്രഖ്യാപനമാണ്‌ ഉദ്ദൃത ഹദീസിലെ പ്രമേയം. അല്ലാതെ അറബികളും അനറബികളുമെല്ലാം സ്വഭാവഗുണങ്ങളിലും പെരുമാറ്റങ്ങളിലും സംസ്‌കാരങ്ങളിലുമെല്ലാം ഒരുപോലെയാണെന്നല്ല. 
         ആദം നബി (അ) മുതല്‍ ഏറ്റവും മുന്തിയ തലമുറകളിലൂടെയാണ്‌ നബി(സ്വ) തങ്ങളുടെ പിതൃപരമ്പര നീങ്ങിക്കൊണ്ടിരുന്നത്‌. അബൂ ഹുറൈറ(റ)യില്‍ നിന്ന്‌ നിവേദനം: ``നബി (സ്വ) പറഞ്ഞു: ``ആദം സന്തതികളില്‍ ഓരോ തലമുറയില്‍ നിന്നും ഏറ്റവും മുന്തിയ തലമുറയേതാണോ അതിലൂടെയാണ്‌ എന്നെ നിയോഗിക്കപ്പെട്ടത്‌. ഞാന്‍ ബാഹ്യലോകത്തേക്ക്‌ വെളിപ്പെടുത്തപ്പെട്ട തലമുറ വരേയും ഇതാണവസ്ഥ''(ബുഖാരി).
     മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം : ``നബി(സ)പറഞ്ഞു: ``അല്ലാഹു ഇബ്‌റാഹീം നബി(അ)യുടെ സന്തതികളില്‍ നിന്ന്‌ ബനൂ ഇസ്‌മാഈലിനെ പ്രത്യേകം തെരെഞ്ഞെടുത്തു. ഇസ്‌മാഈലിന്റെ (അ) സന്താന പരമ്പരയില്‍ നിന്ന്‌ കിനാനത്തിന്റെ മക്കളെ പ്രത്യേകം തിരഞ്ഞെടുത്തു. കിനാനത്തിന്റെ മക്കളില്‍ നിന്ന്‌ ഖുറൈശികളെയും ഖുറൈശികളില്‍ നിന്ന്‌ ബനൂഹാശിമിനെയും അല്ലാഹു തിരഞ്ഞെടുത്തു. ബനൂ ഹാശിമില്‍ നിന്ന്‌ എന്നെ പ്രത്യേകമായും തിരഞ്ഞെടുത്തു'' (സ്വഹീഹ്‌ മുസ്‌ലിം).
     മുത്തലിബ്‌ ബ്‌നു അബീ വദാഅ(റ)യില്‍ നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: ``ജനങ്ങള്‍ നബികുടുംബത്തെ പറ്റി അനിഷ്‌ടകരമായതെന്തോ പറയുന്നത്‌ കേട്ടപ്പോള്‍ അബ്ബാസ്‌(റ) നബി(സ്വ) യോട്‌ സങ്കടം പറഞ്ഞു. അപ്പോള്‍ നബി(സ്വ) മിമ്പറില്‍ കയറി നിന്ന്‌ പ്രസംഗിച്ചു. പ്രസംഗത്തില്‍ അവിടുന്ന്‌ ചോദിച്ചു; ``ഞാനാരാണ്‌? ജനങ്ങള്‍ പറഞ്ഞു: ``അങ്ങ്‌ അല്ലാഹുവിന്റെ തിരുദൂതര്‍''. നബി(സ്വ) പറഞ്ഞു: ``ഞാന്‍ അബ്‌ദുല്‍മുത്തലിബിന്റെ പുത്രന്‍ അബ്‌ദുല്ലയുടെ പുത്രന്‍ മുഹമ്മദാണ്‌''. അല്ലാഹു സൃഷ്‌ടികളെ പടച്ചു. അവന്റെ ഏറ്റവും മുന്തിയ സൃഷ്‌ടിയില്‍ എന്നെയാക്കി. അവരെ രണ്ട്‌ വിഭാഗമാക്കിയപ്പോള്‍ അവരില്‍ മുന്തിയ വിഭാഗത്തില്‍ എന്നെയാക്കി. അല്ലാഹു ഗോത്രങ്ങളെ പടച്ചപ്പോള്‍ ഏറ്റവും മുന്തിയ ഗോത്രത്തില്‍ എന്നെയാക്കി. പിന്നീട്‌ ഗോത്രങ്ങളെ `ബൈത്താക്കിയപ്പോള്‍' (കുടുംബങ്ങള്‍) അവരില്‍ ഏറ്റവും മുന്തിയ കുടുംബത്തില്‍ എന്നെയാക്കി. നിങ്ങളില്‍ വെച്ച്‌ കുടുംബത്താല്‍ ഏറ്റവും മുന്തിയവനും ശരീരത്താല്‍ ഏറ്റവും മുന്തിയ വ്യക്തിയുമാണ്‌ ഞാന്‍'' (അഹ്‌മദ്‌).
മനുഷ്യരില്‍ നിന്നും അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത ഗോത്രങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നുമാണ്‌ അല്ലാഹു നബി(സ്വ)യെ തിരഞ്ഞെടുത്തതെന്നും അനേകം നൂറ്റാണ്ടുകളിലായി നിരവധി തലമുറകളിലൂടെ തികഞ്ഞ മുന്നൊരുക്കങ്ങളിലൂടെ ആസൂത്രിതമായി സംവിധാനിക്കപ്പെട്ട അല്ലാഹുവിന്റെ നടപടികളായിരുന്നു ഇതെല്ലാമെന്ന്‌ ഉദ്ദൃത ഹദീസുകളില്‍ നിന്ന്‌ വ്യക്തമായി മനസ്സിലാക്കാം. തിരുനബി(സ്വ)യുടെ പരമ്പരാഗതമായ എല്ലാ ഗുണഗണങ്ങളും ഈ വിശിഷ്‌ട പരമ്പരകളിലൂടെയാണ്‌ വന്നെത്തിയത്‌. അല്ലാഹു തിരഞ്ഞെടുത്ത അറബി വംശത്തിന്റെ പാരമ്പര്യ മഹത്വങ്ങളോടൊപ്പം അനറബികളിലെ അത്യുത്തമരായ ഇബ്‌റാഹിം നബി(അ)യുടെ പാരമ്പര്യമഹത്വവും കൂടി സമന്വയിപ്പിച്ച്‌ കൊണ്ട്‌ അറബികളുടെയും അനറബികളുടെയും നേതാവായി തിരുനബി(സ്വ) നിയോഗിക്കാനുള്ള ആസൂത്രണമായിരുന്നു ഇതെല്ലാം. 
    ``
പൊങ്ങച്ചം പറയുകയല്ല, ഞാന്‍ അറബികളുടെയും അനറബികളുടെയും നേതാവാണ്‌'' എന്ന്‌ തിരുനബി(സ്വ) തന്നെ പ്രസ്‌താവിച്ചിട്ടുണ്ടല്ലോ? നബി(സ്വ) തങ്ങളുടെ തിരുശരീരത്തിന്‌ പരമ്പരാഗതമായ ഗുണഗണങ്ങള്‍ ലഭിക്കുവാനായി അല്ലാഹു തിരഞ്ഞെടുത്ത ഗോത്രങ്ങള്‍ക്കും വംശങ്ങള്‍ക്കും മേന്മയും മഹത്വവുമുണ്ടാകുമെന്ന്‌ വ്യക്തമാണല്ലോ? അതുപോലെ നബി(സ്വ) തങ്ങളുടെ ഏറ്റവുമടുത്ത കുടുംബക്കാര്‍ക്കും ഈ മഹത്വും പാരമ്പര്യ ഗുണങ്ങളുമെല്ലാം കൂടുതലുണ്ടാകുമെന്നും മനസ്സിലാക്കാം. 
    ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ വൈശിഷ്‌ട്യങ്ങളും മഹത്വങ്ങളും അഹ്‌ലുബൈത്തിന്‌ പ്രത്യേകമായും മൊത്തമായും നബി(സ്വ)യുടെ സന്താന പരമ്പരകള്‍ക്ക്‌ പ്രത്യേകമായും ഉണ്ടായിരിക്കുമെന്നത്‌ ഒരു അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്‌. മാതാപിതാക്കളുടെ ബീജാണ്‌ഡങ്ങളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട ക്രോമസോമുകള്‍ വഹിക്കുന്ന ജീനുകള്‍ വഴി പാരമ്പര്യഗുണങ്ങള്‍ സന്താന തലമുറകള്‍ക്ക്‌ ലഭ്യമാകുമെന്നത്‌ ജനിതക ശാസ്‌ത്രത്തിന്റെ പിന്‍ബലത്തില്‍ ഇന്ന്‌ തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌. വിശുദ്ധ ഖുര്‍ആനും അത്‌ വ്യക്തമാക്കി. ``നബി കുടുംബമേ! നിങ്ങളില്‍ നിന്ന്‌ എല്ലാ മാലിന്യങ്ങളും മോശത്തരങ്ങളും നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌'' (സൂറ. അല്‍ അഹ്‌സാബ്‌ 33).
അഹ്‌ലുബൈത്തിന്റെ ഈ മഹത്വം അംഗീകരിക്കല്‍ എല്ലാ സത്യവിശ്വാസികളുടെയും ബാധ്യതയാണ്‌. അതിനെ ചോദ്യം ചെയ്യാന്‍ നാം അര്‍ഹരല്ല. ഇത്‌ പോലെ തന്നെ അഹ്‌ലുബൈത്തില്‍ ജനിക്കുകയെന്നതും ജന്മനാ ലഭിക്കുന്ന സൃഷ്‌ടിപരമായ ഒരു മഹത്വമാണ്‌. നമുക്ക്‌ നമ്മുടെ മക്കളോടും കുടുംബത്തോടും സ്‌നേഹമുള്ളത്‌ പോലെ നബി (സ്വ) തങ്ങള്‍ക്കും സ്വകുടുംബത്തോടും സന്താനങ്ങളോടും സ്‌നേഹമുണ്ടാകും. കുടുംബസ്‌നേഹവും സന്താനങ്ങളോടുള്ള വാത്സല്യവും മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായതാണ്‌. ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാവതല്ല. സ്വകുടുംബത്തെ സ്‌നേഹിക്കുവാനും കുടുംബ ബന്ധം ചേര്‍ക്കുവാനും അല്ലാഹു കല്‍പിച്ചതും കുടുംബബന്ധം മുറിക്കുന്നത്‌ കടുത്ത പാപമായി അല്ലാഹുവും റസൂലും പഠിപ്പിച്ചതുമാണ്‌. ഈ നിലക്ക്‌ നബി (സ്വ)യുടെ സ്‌നേഹത്തിനും കാരുണ്യത്തിനും കൂടുതല്‍ അര്‍ഹരായ നബികുടുംബം ഇതര കുടുംബങ്ങളേക്കാള്‍ മഹത്വമുള്ളവരാണെന്നത്‌ ഒരു പരമാര്‍ത്ഥമാണ്‌. 
അഹ്‌ലുബൈത്തിന്‌ യാതൊരു പ്രത്യേകയുമില്ലെന്ന്‌ വാദിക്കുന്ന മോഡേണിസ്റ്റ്‌ പുത്തന്‍വാദികള്‍ നിസ്‌കാരത്തിലും മറ്റും നബിയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോള്‍ `വ അലാ ആലി മഹമ്മദിന്‍'(നബികുടുംബത്തിനും ഗുണം ചെയ്യേണമേ) എന്ന്‌ ചൊല്ലുന്നതിന്റെ പ്രസക്തിയെന്ത്‌?! ആരെയുദ്ദേശിച്ച്‌ എന്തിനാണവര്‍ അത്‌ ചൊല്ലുന്നത്‌?!
     നബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അല്ലാഹു ഖുര്‍ആനില്‍ വ്യക്തമായി കല്‍പിച്ചതാണ്‌. എങ്ങനെയാണ്‌ ഞങ്ങള്‍ അങ്ങയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതെന്ന്‌ സ്വഹാബികള്‍ ചോദിച്ചപ്പോള്‍ ``അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വലാ ആലി മുഹമ്മദിന്‍'' എന്ന്‌ ചൊല്ലാനാണ്‌ നബി (സ്വ) വിശദീകരിച്ചത്‌. അല്ലാഹുവിന്റെ ഹബീബായ നബിക്ക്‌ സവിശേഷമായ റഹ്‌മത്ത്‌ ചൊരിയാനായി കോടാനുകോടി വിശ്വാസികള്‍ നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചത്‌, നബി(സ്വ)ക്ക്‌ റഹ്‌മത്ത്‌ ചെയ്യാന്‍ അല്ലാഹു ഉദ്ദേശിച്ചത്‌ കൊണ്ടാണല്ലോ? അപ്പോഴെല്ലാം നബികുടുംബത്തിനും ഇതേ റഹ്‌മത്ത്‌ ചൊരിയാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന്‌ നബി(സ്വ) നിര്‍ദ്ദേശിച്ചത്‌ അവിടുത്തെ സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടാണെന്ന്‌ പറയാന്‍ നവോത്ഥാന നായകരെന്ന്‌ അവകാശപ്പെടുന്ന പുത്തന്‍വാദികള്‍ക്ക്‌ ധൈര്യമുണ്ടോ? 
``
സ്വയേച്ഛ പ്രകാരം ഒന്നും സംസാരിക്കാത്ത നബി(സ്വ) അല്ലാഹുവിന്റെ ദിവ്യസന്ദേശം മുഖേനെയാണ്‌ അങ്ങനെ നിര്‍ദ്ദേശിച്ചതെന്നത്‌ വളരെ വ്യക്തമാണല്ലോ. നബികുടുംബത്തിനും തങ്ങന്മാര്‍ക്കും ജന്മസിദ്ധമായുള്ള മഹത്വത്തിന്‌ പുറമെ കോടാനുകോടി വിശ്വാസികളുടെ പ്രാര്‍ത്ഥന മൂലവും അല്ലാഹു അനുഗ്രഹങ്ങളും കാരുണ്യവും നല്‍കുമെന്ന്‌ വരുമ്പോള്‍ അഹ്‌ലുബൈത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും എത്രയോ ഉത്‌ക്കൃഷ്‌ടമാകുന്നു. ആകയാല്‍ മഹത്തുക്കളായ ഈ സാദാത്തുക്കളെ സ്‌നേഹിക്കലും ആദരിക്കലും ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാകുന്നു. ``അഹ്‌ലുബൈത്തിനെ വെറുക്കുന്നവന്‍ മുനാഫിഖാണെന്ന്‌'' ഇമാം അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസില്‍ കാണാം.
(
നബികുടുംബമേ, നിങ്ങളെ സ്‌നേഹിക്കല്‍ ഖുര്‍ആന്‍ മുഖേന അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മേല്‍ സ്വലാത്ത്‌ ചൊല്ലാതെ ഒരു നിസ്‌കാരവും ശരിയാവില്ലെന്നത്‌ തന്നെ നിങ്ങളുടെ മഹത്വത്തിന്‌ മതിയായ തെളിവാണ്‌)- എന്ന ഇമാം ശാഫിഈ (റ) യുടെ ഈരടികളില്‍ മേല്‍വസ്‌തുതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇമാമവര്‍കള്‍ വീണ്ടും തന്റെ കവിതകളില്‍ രേഖപ്പെടുത്തി. 
  (
നബി കുടുംബത്തോടുള്ള സ്‌നേഹം മൂലം ഒരു റാഫിളി (വിശ്വാസം പിഴച്ച ഒരു വിഭാഗം) യാകുമെന്നാണെങ്കില്‍ ഞാന്‍ ഒരു റാഫിളിയാണെന്ന്‌ മനുഷ്യ ജിന്ന്‌ വര്‍ഗ്ഗങ്ങള്‍ മുഴുവന്‍ സാക്ഷിയായിക്കൊള്ളട്ടെ).
   നബികുടുംബത്തിന്റെ മഹത്വവും അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യവും മനസ്സിലാകാന്‍ ഇമാം ശാഫിഈ(റ) യുടെ ഈ വാക്കുകള്‍ തന്നെ ധാരാളം മതിയാകും.
അഹ്‌ലുബൈത്ത്‌
     അഹ്‌ലുബൈത്തെന്നാല്‍ നബി(സ്വ)തങ്ങളുടെ കുടുംബക്കാര്‍ എന്നാണല്ലോ ഉദ്ദേശ്യം?അഹ്‌ലുബൈത്തിന്റെ പരിധിയില്‍ ആരെല്ലാമുള്‍പ്പെടുമെന്നതില്‍ പണ്‌ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. യുദ്ധത്തില്‍ ലഭിക്കുന്ന ഗനീമത്ത്‌ മുതലില്‍ നിന്നും മറ്റും നബി കുടുംബത്തിന്‌ നല്‍കണമെന്ന്‌ അല്ലാഹു നിര്‍ദ്ദേശിച്ച വിഹിതം നബി(സ്വ) നല്‍കിയതും നല്‍കാന്‍ നിശ്ചയിച്ച്‌ വെച്ചതും നബിയുടെ രണ്ടാം പിതാമഹന്‍ ഹാശിമിന്റെയും അദ്ദേഹത്തിന്റെ മാതാവും പിതാവുമൊത്ത സഹോദരന്‍ മുത്ത്വലിബിന്റെയും മക്കള്‍ക്കായിരുന്നു (ബുഖാരി).
യഥാര്‍ത്ഥത്തില്‍ നബികുടുംബം പിതാമഹന്‍ ഹാശിമിന്റെ സന്താനങ്ങള്‍ മാത്രമാണെങ്കിലും ഉദ്ദൃത ഹദീസിന്റെയും മറ്റും അടിസ്ഥാനത്തില്‍ കുടുംബക്കാര്‍ എന്നതില്‍ മുത്ത്വലിബിന്റെ മക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവര്‍ തന്നെയാണ്‌ `ആലുന്നബിയ്യ്‌' എന്നത്‌ കൊണ്ടുദ്ദേശ്യം. (തുഹ്‌ഫ 7/133).
`
സ്വദഖ, ജനങ്ങളുടെ അഴുക്കാണെന്നും അത്‌ മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും അനുവദനീയമല്ലെന്നും'' നബി(സ്വ)പറഞ്ഞു. ഇമാം മുസലിം(റ) നിവേദനം ചെയ്‌ത ഹദീസില്‍ `സകാത്ത്‌' നല്‍കല്‍ ഹറാമായവരാണ്‌. `അഹ്‌ലുബൈെത്തെന്ന്‌ - പഠിപ്പിക്കുന്നുണ്ടല്ലോ. ഇത്‌ കൊണ്ടുദ്ദേശ്യം ഹാശിമിയ്യും മുത്ത്വലിബുമാണെന്ന്‌ നമ്മുടെ മദ്‌ഹബില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌'' (തുഹ്‌ഫ 7/160).
സ്വദഖ കൊടുക്കല്‍ നിഷിദ്ധമായവര്‍ അലിയ്യി(റ)ന്റെ കുടുംബം, ജഅ്‌ഫറിന്റെ(റ) കുടുംബം, അഖീലി(റ)ന്റെ കുടുംബം, അബ്ബാസി(റ)ന്റെ കുടുംബം എന്നിങ്ങനെയാണെന്ന്‌ സ്വഹാബിയായ സൈദ്‌ബ്‌നു അര്‍ഖം(റ) വിശദീകരിച്ചിട്ടുണ്ട്‌ (സ്വഹീഹ്‌ മുസ്‌ലിം).
    ഈ വിവരണ പ്രകാരം അഹ്‌ലുബൈത്ത്‌, ബനൂഹാശിം (ഹാശിമിന്റെ പുത്രന്മാര്‍) ആണെങ്കിലും മുകളില്‍ ഉദ്ധരിച്ച ഇമാം ബുഖാരി(റ)യുടെ ഹദീസില്‍ നബി(സ്വ) തങ്ങള്‍ തന്നെ അതേ സ്ഥാനം മുത്ത്വലിബിന്റെ പുത്രന്മാര്‍ക്കുണ്ടെന്ന്‌ പറയുകയും പ്രവൃത്തി കൊണ്ട്‌ തെളിയിക്കുകയും ചെയ്‌തതിനാല്‍ `അഹ്‌ലുബൈത്ത്‌' എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഹാശിമിന്റെയും മുത്തലിബിന്റെയും സന്താനങ്ങളാണുദ്ദേശ്യമെന്ന്‌ വ്യക്തമാക്കുന്നു. അവരില്‍ പെട്ട സത്യവിശ്വാസികള്‍ക്ക്‌ മാത്രമേ ഈ സ്ഥാനമുള്ളുവെന്നത്‌ അവിതര്‍ക്കിതമാണ്‌. 
ചുരുക്കത്തില്‍ അഹ്‌ലുബൈത്തെന്നാല്‍ ബനൂഹാശിം, ബനൂമുത്തലിബ്‌ ആണെന്ന്‌ മനസ്സിലാക്കാം. അപ്പോള്‍ `ആലുന്നബി' എന്നത്‌ കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നവര്‍ തന്നെയാണ്‌ `അഹ്‌ലുബൈത്ത്‌'- എന്നതുകൊണ്ടും വിവക്ഷിതം. ഹദീസിന്റെ പല റിപ്പോര്‍ട്ടുകളും ചേര്‍ത്ത്‌ വായിച്ചാല്‍ ഇത്‌ ബോധ്യപ്പെടും. ഈ അഭിപ്രായത്തെയാണ്‌ ഇബ്‌നുഹജര്‍ (റ) പ്രബലമാക്കിയത്‌. (അസ്സ്വവാഇഖുല്‍ മുഹ്‌രിഖ 224).ഇമാം ബൈളാവി (റ), ഖുര്‍ത്വുബി, ഇബ്‌നുകസീര്‍ തുടങ്ങിയവര്‍ പ്രബലമാക്കിയതും ഈ വീക്ഷണം തന്നെ.
     സകാത്ത്‌ കൊടുക്കല്‍ നിഷിദ്ധമാക്കപ്പെട്ടവരാണ്‌ നബികുടുംബമെന്നത്‌ കൊണ്ടുദ്ദേശ്യമെന്ന്‌ സൈദ്‌ബ്‌നു അര്‍ഖം(റ) വ്യക്തമാക്കിയ സ്വഹീഹ്‌ മുസ്‌ലിമിന്റെ ഹദീസില്‍ അഹ്‌ലുബൈത്താണെന്ന്‌ ചോദ്യത്തിന്‌ മറുപടിയായിട്ടാണ്‌ അദ്ദേഹം പറഞ്ഞത്‌ ``അഹ്‌ലുബൈത്തെന്നാല്‍ സ്വദഖഃ ഹറാമായവരാണ്‌''. ആലുന്നബിയ്യും അഹ്‌ലുബൈത്തും ഒന്നാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 
എന്നാല്‍ ഒരു വിഭാഗം പണ്‌ഡിതന്മാരുടെ അഭിപ്രായം : നബി(സ്വ), അലി(റ), ഫാത്വിമ ബീവി(റ) ഹസന്‍(റ), ഹുസൈന്‍(റ) എന്നീ അഞ്ച്‌ പേര്‍ക്കാണ്‌ അഹ്‌ലുബൈത്തെന്ന്‌ പറയുന്നത്‌. ഈ അഞ്ച്‌ പേര്‍ക്കാണ്‌ അഹ്‌ലുല്‍ കിസാഅ്‌ (പുതപ്പിനകത്താക്കപ്പെട്ടവര്‍), അഹ്‌ലുല്‍ അബാഅഃ (കരിമ്പടനത്തിനകത്താക്കപ്പെട്ടവര്‍) എന്ന്‌ പറയുന്നത്‌.
     ഈ അഞ്ച്‌ പേരെ ചേര്‍ത്തിയിരുത്തിക്കൊണ്ടും ഒരു പുതപ്പിനകത്തിരുത്തിക്കൊണ്ടും ``അല്ലാഹുവേ, ഇവരാണെന്റെ അഹ്‌ലുബൈത്ത്‌'' എന്ന്‌ നബി(സ്വ) പറഞ്ഞതായി ചില ഹദീസുകളുണ്ട്‌. തുര്‍മുദി(റ), ഹാകിം(റ), ബൈഹഖി(റ), അഹ്‌മദ്‌(റ) തുടങ്ങിയ പല മുഹദ്ദിസുകളും ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ അഭിപ്രായത്തെ ചില പണ്‌ഡിതന്മാര്‍ പ്രബലമാക്കിയിട്ടുണ്ട്‌. 
     എന്നാല്‍ ഈ അഞ്ച്‌ പേര്‍ക്കും അവരുടെ മക്കള്‍ക്കും അഹ്‌ലുബൈത്തില്‍ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ടെന്നതില്‍ പണ്‌ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല. ഇവരെ അഹ്‌ലുല്‍ കിസാഅ്‌, അഹ്‌ലുല്‍ അബാഅഃ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട്‌ പ്രത്യേകപദവി നല്‍കപ്പെടുന്നു. മാത്രമല്ല, ഫാത്വിമ(റ), അലിയ്യ്‌(റ) ദമ്പതികളില്‍ നിന്ന്‌ പിറന്ന മക്കളെല്ലാം നബി (സ്വ) യുടെ സന്താനങ്ങള്‍ എന്ന പദവിയുള്ളവരും അഹ്‌ലുബൈത്തില്‍ ഏറ്റവും സ്ഥാനമുള്ളവരുമാണ്‌. അതുപോലെ അബ്‌ദുല്‍മുത്ത്വലിബിന്റെ മക്കളും അഹലുബൈത്തില്‍ സവിശേഷപ്പെട്ടവരും ബനൂഹാശിം, ബനൂ മുത്ത്വലിബിനേക്കാള്‍ സ്ഥാനമുള്ളവരുമാണ്‌'' (തുഹ്‌ഫ 7/137).
അപ്പോള്‍ അഹ്‌ലുബൈത്തെന്നാല്‍ നബിയുടെ മുകളിലുള്ള മൂന്നാം തലമുറയില്‍ നിന്നാരംഭിക്കുന്ന വിശാലമായ കുടുംബപരമ്പരയാണ്‌. അഥവാ ബനൂ ഹാശിം, ബനൂ മുത്ത്വലിബ്‌ (ഹാശിമിന്റെയും മുത്ത്വലിബിന്റെയും കുടുംബപരമ്പരകള്‍). അവരില്‍ ബനൂഹാശിം ബനുല്‍ മുത്ത്വലിബിനേക്കാള്‍ സ്ഥാനമുള്ളവരും ബനൂ അബ്‌ദില്‍ മുത്ത്വലിബ്‌ ബനൂ ഹാശിമിനേക്കാള്‍ സ്ഥാനമുള്ളവരുമാണ്‌. എല്ലാവരേക്കാളും ഉയര്‍ന്ന സ്ഥാനമുള്ളവരാണ്‌ നബി(സ്വ) യുടെ സന്താനങ്ങള്‍. അഥവാ ഫാത്വിമ ബീവി(റ) യുടെ സന്താന പരമ്പരകള്‍. അവരില്‍ നിന്ന്‌ വിശിഷ്‌ടരാണ്‌ ഫാത്വിമ ബീവി(റ)യുടെ പുത്രന്മാരായ ഹസന്‍, ഹുസൈന്‍(റ) എന്നിവരും അവരുടെ സന്താനങ്ങളും. ഇവരാണ്‌ പില്‍ക്കാലത്ത്‌ `ശരീഫ്‌്‌ എന്ന്‌ വിളിക്കപ്പെട്ടവര്‍. മുന്‍കാലങ്ങളില്‍ അഹ്‌ലുബൈത്തില്‍ പെട്ട എല്ലാവരെയും `ശരീഫ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്നുവെങ്കിലും ഈജിപ്‌തിലെ ഫാത്വിമ ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണം മൂലം ഈ വിശേഷണം ഹസനൈനി സാദാത്തുക്കളില്‍ മാത്രം പരിമിതപ്പെട്ടു. 
     ഹസന്‍, ഹുസൈന്‍(റ) എന്നിവരും അവരുടെ മക്കളും അന്ത്യനാള്‍ വരെയുള്ള പുത്രന്മാരുടെ മക്കളുമാണ്‌ അഹ്‌ലുബൈത്തില്‍ ഏറ്റവും ശ്രേഷ്‌ഠരും നുബുവ്വത്തിന്റെ പ്രകാശം ഏറ്റവും കൂടുതല്‍ ശോഭയോടെ വഹിക്കുന്ന അതിവിശിഷ്‌ടരും. എന്നാല്‍ `ആലുന്നബി' , `അഹ്‌ലുബൈത്ത്‌' എന്നീ പദവികള്‍ ഇവരില്‍ മാത്രം പരിമിതമല്ല. അതില്‍ കൂടുതല്‍ ഗോത്രങ്ങളും വംശങ്ങളും ഉള്‍പ്പെടുന്നു. ഹാശിം, മുത്ത്വലിബ്‌ എന്നിവരുടെ സന്താനപരമ്പരയിലെ സത്യവിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു വ്യാപകനാമമാണ്‌ `അഹ്‌ലുബൈത്ത്‌' എന്നത്‌. സാധാരണയായി നമ്മുടെ നാടുകളില്‍ `തങ്ങന്മാര്‍' എന്ന്‌ വിളിക്കപ്പെടുന്നവര്‍ അഹ്‌ലുബൈത്തില്‍ അതിവിശിഷ്‌ടരായ ഹസനൈനി സാദാത്ത്‌ പരമ്പരയില്‍ പെട്ടവരാണ്‌. `നീ' എന്നതിന്‌ പകരം അല്‍പം മാന്യതയോടെ ഉപയോഗിക്കുന്ന `താങ്കള്‍' എന്നതിന്റെ ബഹുമാനശബ്‌ദമാണ്‌ 'തങ്ങള്‍' എന്ന പദം. മുസ്‌ലിംപണ്ഡിതരെ വിളിക്കുന്ന ഒരു നാമമാണെന്നും മലയാള ഭാഷാനിഘണ്ടുകളില്‍ കാണാം. ഇബ്‌നുഹജര്‍ തങ്ങള്‍, ഇമാം നവവി തങ്ങള്‍ എന്നിങ്ങനെ പറയാറുള്ളത്‌ പോലെ. എങ്കിലും നബി(സ്വ) തങ്ങളുടെ സന്താനപരമ്പരയില്‍ പെട്ടവരെയാണ്‌ `തങ്ങള്‍' എന്ന്‌ നിരുപാധികം വിളിക്കപ്പെടുന്നത്‌. 
       നബി (സ്വ) തങ്ങളുടെ സന്താനങ്ങളില്‍ ഫാത്വിമ ബീവി(റ) യുടെ സന്താനപരമ്പര മാത്രമാണ്‌ അവിടുത്തെ പേരക്കുട്ടികള്‍ എന്ന നിലയില്‍ ഇന്നവശേഷിക്കുന്നത്‌. കാരണം അവിടുത്തെ ഏഴ്‌ മക്കളില്‍ ഖാസിം, അബ്‌ദുല്ല, ഇബ്‌റാഹിം എന്നീ പുത്രന്മാര്‍ കുട്ടിക്കാലത്ത്‌ തന്നെ വഫാത്തായി. മൂത്തമകള്‍ സൈനബ(റ)ക്ക്‌ സന്താനങ്ങള്‍ പിറന്നിട്ടുണ്ടെങ്കിലും അവരുടെ പരമ്പര മുറിഞ്ഞ്‌ പോവുകയും ചെയ്‌തു. റുഖയ്യാ(റ), ഉമ്മുകുല്‍സും(റ) എന്നീ പുത്രിമാരെ യഥാക്രമം ഉസ്‌മാന്‌ ബ്‌നു അഫ്‌ഫാന്‍(റ) ആണ്‌ വിവാഹം ചെയ്‌തിരുന്നത്‌. അവരിരുവര്‍ക്കും മക്കളുണ്ടായിട്ടില്ല. ഫാത്വിമ ബീവി(റ)യെ അലി(റ) വിവാഹം ചെയ്‌തതില്‍ പിറന്ന മക്കളിലൂടെ മാത്രമാണ്‌ നബി(സ്വ) തങ്ങളുടെ സന്താനപരമ്പര നിലനില്‍ക്കുന്നത്‌. ഹസന്‍, ഹുസൈന്‍(റ), മുഹ്‌സിന്‍(റ)എന്നീ മൂന്നാണ്‍മക്കളും സൈനബ(റ), ഉമ്മുകുല്‍സും(റ) എന്നീ പെണ്‍മക്കളുമാണ്‌ അവര്‍. അവരില്‍ മുഹ്‌സിന്‍ എന്ന മകന്‍ ചെറുപ്പത്തില്‍ മരണപ്പെട്ടു. ഉമ്മുകുല്‍സും എന്ന പുത്രിയെ ഉമര്‍(റ) വിവാഹം ചെയ്‌തതില്‍ സൈദ്‌, റുഖയ്യ എന്നീ സന്താനങ്ങളും ഉമര്‍(റ)ന്റെ വഫാത്തിന്‌ ശേഷം അബ്‌ദുല്ലാഹി ബ്‌നു ജഅ്‌ഫര്‍(റ) വിവാഹം ചെയ്‌തതില്‍ ഔന്‌, മുഹമ്മദ്‌, അബ്‌ദുല്ല എന്നീ മൂന്ന്‌ മക്കളും പിറന്നുവെങ്കിലും അവരിലാര്‍ക്കും മക്കളുണ്ടായിട്ടില്ല. സൈനബ(റ) എന്ന മകള്‍ക്കും സന്താനസൗഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ ഫാത്വിമ ബീവി(റ)യുടെ രണ്ട്‌ പെണ്‍മക്കളുടെ സന്താനപരമ്പര നിലനിന്നിരുന്നുവെങ്കില്‍ തന്നെ അവര്‍ നബിയിലേക്ക്‌ `നസബ' (പിതൃബന്ധം) ചേര്‍ക്കപ്പെടുമായിരുന്നില്ല. കാരണം അവരുടെ പിതാക്കള്‍ ഇവരുടെ ഭര്‍ത്താക്കന്മാരായ ഉമര്‍(റ), അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫര്‍(റ) പോലെയുള്ളവരായിരിക്കുമല്ലോ?. ഇസ്‌ലാമിക നിയമമനുസരിച്ച്‌ പിതാക്കളിലൂടെയാണ്‌ തറവാട്‌ ബന്ധം നിലനില്‍ക്കുക. ഹസന്‍, ഹുസൈന്‍(റ) എന്നിവരുടെ കുടുംബം അവരുടെ പിതാവായിരുന്ന അലി(റ) യിലേക്കാണ്‌ ചേരേണ്ടതെങ്കിലും ഇവരിരുവരും എന്റെ പുത്രന്മാരാണെന്നും ഇവരുടെ രക്ഷകര്‍ത്താവ ്‌ ഞാനാണെന്നും മറ്റും നബി(സ്വ) പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവരും ഇവരുടെ സന്താനപരമ്പരയും നബിയിലേക്ക്‌ നസബ്‌(പിതൃബന്ധം) ചേര്‍ക്കപ്പെടുന്ന പ്രത്യേകതയുള്ളവരാണ്‌ (ഫതാവല്‍ ഹദീസിയ്യ -167).
    ആകയാല്‍ ഹസന്‍, ഹുസൈന്‍(റ) എന്നിവരിലൂടെ മാത്രമാണ്‌ നബി(സ്വ)യുടെ സന്താനപരമ്പര അവശേഷിക്കുന്നത്‌. അതിനാല്‍ ഇന്ന്‌ ലോകത്തെവിടെയും നബി(സ്വ) യുടെ പേരമക്കള്‍ എന്ന നിലയില്‍ തങ്ങന്മാരെന്നോ മറ്റോ വിശേഷിപ്പിക്കപ്പെടുന്നവരെല്ലാം ഒന്നുകില്‍ ഹസനിയ്യ്‌ അല്ലെങ്കില്‍ ഹുസൈനിയ്യ്‌ എന്നീ രണ്ടാലൊരു വംശപരമ്പരയിലൂടെ നബി (സ്വ) യിലേക്ക്‌ ചേര്‍ക്കപ്പെടുന്നതാണ്‌. 
കേരളത്തിനകത്തും പുറത്തും ലക്ഷദ്വീപ്‌ തുടങ്ങിയ ദ്വീപ്‌ സമൂഹങ്ങളിലും അഹ്‌ലുബൈത്തില്‍പെട്ട ധാരാളം സാദാത്ത്‌ വംശങ്ങളും കുടുംബങ്ങളും ഇന്നും നിലനിന്ന്‌ വരുന്നു. ഈ ഉമ്മത്തിന്‌ വലിയ അനുഗ്രഹമായി, കാരുണ്യമായി വിവിധ രംഗങ്ങളില്‍ അവര്‍ ആത്മീയനേതൃത്വം വഹിക്കുന്നു. ആ മഹത്തുക്കളുടെ തണലിലായി സത്യസരണിയില്‍ അല്ലാഹു നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും അവരെ സ്‌നേഹിക്കുന്ന, ആദരിക്കുന്ന ഒരു മനസ്സ്‌ നാഥന്‍ നമുക്ക്‌ പ്രദാം ചെയ്യുകയും അത്‌കാരണമായി ഇരുവീട്ടിലും അവന്‍ നമുക്ക്‌ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യട്ടെ. ആമീന്‍.

Related Posts Plugin for WordPress, Blogger...