Monday, 19 October 2015

പ്രവാചകത്വം


പ്രവാചകത്വം


            മുഹമ്മദ്‌ മുസ്ഥഫ (സ) മാനവ സമൂഹത്തിന്റെ വിമോചകന്‍
, നന്മയുടെ പ്രവാചകന്‍, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും സ്ഥാപകന്‍, അഖില ലോകത്തിന്റെ വഴികാട്ടി... തിരുനബി (സ) യുടെ ജീവിതത്തിലെ പ്രസക്തമായ സംഭവമാണ്‌ പ്രവാചകത്വം. അതാണല്ലോ ആ നിയോഗത്തിന്റെ ലക്ഷ്യവും. 
പൂര്‍ണ്ണതയുടെ പ്രായം 40 വയസ്സ്‌ പ്രവാചകനെത്തുമ്പോള്‍ തമസ്സില്‍ നിന്ന്‌ തേജസ്സിലേക്ക്‌ നയിക്കാന്‍ അല്ലാഹു നബി (സ) യെ നിയോഗിച്ചു. ഹിജ്‌റക്ക്‌ 13 വര്‍ഷം മുമ്പ്‌ റമളാന്‍ 17 ന്‌ എ.ഡി. 610 ജൂലായിലായിരുന്നു അത്‌. സത്യസ്വപ്‌നങ്ങളായിരുന്നു ദിവ്യബോധനത്തിന്റെ തുടക്കം. എല്ലാ സ്വപ്‌നങ്ങളും പുലരുന്നവയായിരുന്നു. ശേഷം ഹിറാ ഗുഹയില്‍ നബി (സ) തനിച്ചിരിക്കാന്‍ തുടങ്ങി. 
               ഇബ്‌റാഹീം നബി (അ) ന്റെ ദീനനുസരിച്ച്‌ നബി (സ) അല്ലാഹുവിനെ ആരാധിച്ചു. ഒരു ദിവസം നബി (സ) ഏകാന്തനായി ഇരിക്കുമ്പോള്‍ ജിബ്‌രീല്‍ (അ) വന്ന്‌ പറഞ്ഞു: ഞാന്‍ ജിബ്‌രീലാണ്‌. നിങ്ങള്‍ ഈ സമുദായത്തിന്റെ ദൂതനുമാണ്‌. ശേഷം ജിബ്‌രീല്‍ (അ) പറഞ്ഞു: ഓതുക. നബി (സ) മറുപടി പറഞ്ഞു: ഇല്ല, എനിക്ക്‌ ഓത്ത്‌ അറിയില്ല. ജിബ്‌രീല്‍ (അ) നബിയെ പിടിക്കുകയും അണച്ചു കൂട്ടുകയും ചെയ്‌തു. ഇത്‌ മൂന്ന്‌ തവണ ആവര്‍ത്തിച്ചു. മൂന്നാമത്‌ `അലഖ്‌' സൂറത്തിന്റെ തുടക്കം മുതല്‍ അഞ്ചാം ആയത്ത്‌ വരെ ഓതി. ഇത്‌ നുബുവ്വത്തിന്റെ തുടക്കമായിരുന്നു. ശേഷം 40 ദിവസത്തോളം വഹ്‌യ്‌ നിലച്ചു. പിന്നീട്‌ ഒരു ദിവസം നബി (സ) നടന്ന്‌ പോകുമ്പോള്‍ ആകാശത്ത്‌ നിന്നൊരു ശബ്‌ദം കേട്ടു. നബി (സ) മുകളിലേക്ക്‌ നോക്കി. ഹിറാ ഗുഹയില്‍ കണ്ട അതേ മലക്ക്‌. നബി (സ) ഖദീജ ബീവി (റ) യുടെ വീട്ടില്‍ ചെന്ന്‌ ഖദീജയെ കാര്യം ധരിപ്പിച്ചു. `എന്നെ പുതപ്പിട്ടു മൂടുക'. അപ്പോഴാണ്‌ ഖുര്‍ആനിലെ രണ്ടാമത്തെ വചനം ഇറങ്ങിയത്‌. ``പുതപ്പിട്ടു മൂടിയ പ്രവാചകരേ, എഴുന്നേല്‍ക്കൂ,താക്കീത്‌ ചെയ്യൂ. അങ്ങയുടെ റബ്ബിനെ മഹത്വവല്‍ക്കരിക്കൂ. താങ്കളുടെ വസ്‌ത്രം ശുദ്ധിയാക്കൂ. വിഗ്രഹവുമായി അകലം പ്രാപിക്കൂ..... ഈ സൂക്തത്തോടെ പ്രബോധനം നബി (സ) ക്ക്‌ നിര്‍ബന്ധമായി. 
രഹസ്യ പ്രബോധനം
       ഇതോടെ നബി (സ) രഹസ്യപ്രബോധനം ആരംഭിച്ചു. അതിലൂടെ കുറച്ച്‌ പേര്‍ മുസ്‌ലിമായി. സ്‌ത്രീകളില്‍ ആദ്യമായി വിശ്വസിച്ചത്‌ പ്രിയപത്‌നി ഖദീജ ബീവി (റ) ആയിരുന്നു. പുരുഷന്മാരില്‍ ആദ്യം വിശ്വസിച്ചത്‌ അബൂബക്കര്‍ (റ) ആയിരുന്നു. കുട്ടികളില്‍ വെച്ച്‌ അലി (റ) ആദ്യമായി ഇസ്‌ലാം മതം സ്വീകരിച്ചു. മോചിതരായ അടിമകളില്‍ സൈദ്‌ ബ്‌നു ഹാരിസ്‌
, അടിമകളില്‍ ബിലാല്‍ (റ) എന്നിവരായിരുന്നു ആദ്യമുസ്‌ലിംകള്‍. ശേഷം ഉസ്‌മാന്‍ ബ്‌നു അഫ്‌ഫാന്‍, സുബൈര്‍ ബ്‌നു അവ്വാം, ത്വല്‍ഹത്ത്‌ ബ്‌നു ഉബൈദുല്ല, സഅ്‌ദ്‌ ബ്‌നു അബീ വഖാസ്‌, അബ്‌ദുര്‍റഹ്‌മന്‍ ബിനു ഔഫ്‌ (റ) എന്നിവര്‍ മുസ്‌ലിംകളായി. ഖദീജ ബീവി (റ) ക്ക്‌ ആദ്യമായി മുസ്‌ലിമായ വനിത അബ്ബാസ്‌ (റ) ന്റെ ഭാര്യ ഉമ്മുല്‍ ഫള്‌ല്‍ (റ) ആയിരുന്നു. അങ്ങനെ മുപ്പതോളം ആളുകള്‍ മുസ്‌ലിംകളായി. 
പരസ്യപ്രബോധനം
        രഹസ്യപ്രബോധനവുമായി കുറച്ച്‌ കാലം പിന്നിട്ടപ്പോള്‍ ഖുറൈശികളുടെ പൊതുവേദികളില്‍ നബി (സ) പ്രവാചകത്വം വ്യക്തമാക്കിയിരുന്നില്ല. അക്രമം ഭയന്ന്‌ പരസ്യമായി ആരാധന നിര്‍വ്വഹിക്കാന്‍ അവര്‍ക്ക്‌ സാധിച്ചില്ല. മുപ്പതില്‍ അധികം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക്‌ ഉപദേശം നല്‍കാന്‍ ദാറുല്‍ അര്‍ഖമില്‍ നബി (സ) അവരെ വിളിച്ചു കൂട്ടി. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും പരസ്യ പ്രബോധന സന്ദേശവുമായി `സുറത്തുല്‍ ഹിജ്‌റ്‌' ലെ ``നിങ്ങളോട്‌ കല്‍പിച്ചത്‌ നിങ്ങള്‍ പരസ്യമാക്കുക. അവിശ്വാസികളില്‍ നിന്ന്‌ നിങ്ങള്‍ തിരിഞ്ഞ്‌ കളയുക'' എന്ന ആയത്തിറങ്ങി. അങ്ങനെ നബി (സ) പ്രബോധനം പരസ്യമാക്കി. സഫാ മലയില്‍ കയറി വിളിച്ചു പറഞ്ഞു: ``ഓ ബനൂ ഫിഹ്‌ര്‍, ബനൂ അദിയ്യ്‌, മറ്റ്‌ ഖുറൈശി ഗോത്രങ്ങളെ,... അങ്ങനെ എല്ലാവരും സംഗമിച്ചപ്പോള്‍ നബി (സ) അവരോട്‌ ചോദിച്ചു: കുതിരപ്പടയാളികള്‍ മലയുടെ അപ്പുറത്ത്‌ നിന്ന്‌ നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന്‌ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ ഒന്നടങ്കം പറഞ്ഞു. അതെ ഞങ്ങള്‍ വിശ്വസിക്കും. നിങ്ങളിതുവരെ കളവ്‌ പറഞ്ഞിട്ടില്ല. അപ്പോള്‍ നബി (സ) പറഞ്ഞു: വലിയൊരു ശിക്ഷയെ കുറിച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇത്‌ പറഞ്ഞപ്പോള്‍ അബൂലഹബ്‌ പറഞ്ഞു: ``മുഹമ്മദേ നിനക്കാണ്‌ സര്‍വ്വനാശവും. ഇതിന്‌ വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്‌?''.
സര്‍വ്വ സൃഷ്‌ടികളിലേക്ക്‌
     ``എന്നെ സര്‍വ്വസൃഷ്‌ടികളിലേക്കും അയക്കപ്പെട്ടു'' എന്ന മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസ്‌ പ്രവാചകനിയോഗം സര്‍വ്വരിലേക്കുമെന്ന്‌ വ്യക്തമാക്കുന്നു. സൃഷ്‌ടി എന്നതില്‍ മനുഷ്യന്‍, ജിന്ന്‌, മലക്ക്‌, സസ്യലതാദികള്‍, ജീവികള്‍, മരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. മലക്കുകളിലേക്കും നിയോഗിക്കപ്പെട്ടു എന്നതാണ്‌ പ്രബലമെന്ന്‌ ഇമാം സുയൂഥി (റ) പറയുന്നു. എല്ലാ നബിമാരിലേക്കും മുന്‍സമുദായത്തിലേക്കും അയക്കപ്പെട്ടവരാണ്‌ നബി (സ). പ്രവാചക നിയോഗം അവിശ്വാസികള്‍ക്ക്‌ അനുഗ്രഹമാണ്‌. മറ്റ്‌ സമുദായത്തിലെ അവിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടത്‌ പോലെ ഈ സമൂദായത്തിലെ അവിശ്വാസികള്‍ ശിക്ഷിക്കപ്പെടാത്തത്‌ അത്‌ മൂലമാണ്‌. 
പ്രവാചകത്വത്തിന്‌ അല്ലാഹു സാക്ഷി
      അന്ത്യപ്രവാചകന്‍ നബി (സ) യുടെ പ്രവാചകത്വത്തിന്‌ അല്ലാഹു തന്നെ സാക്ഷിയാണ്‌. ഖുര്‍ആന്‍ പറയുന്നു: ``അങ്ങ്‌ പ്രവാചകനാണെന്നതിന്‌ അല്ലാഹു സാക്ഷിയാണ്‌'' (മുനാഫിഖൂന്‍). ``താങ്കള്‍ പ്രവാചകനല്ലായെന്ന്‌ അവിശ്വാസികള്‍ പറയുന്നു. അവിടുന്നു പറഞ്ഞു: എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു മതി'' (വി.ഖു.).
പ്രവാചകത്വം അംഗീകരിച്ചവര്‍ : 
      അബൂസഈദില്‍ ഖുദ്‌രി (റ) യില്‍ നിന്ന്‌ നിവേദനം : ``ഒരു ചെന്നായ ആടിന്മേല്‍ ചാടി വീണ്‌ അതിനെ കീഴ്‌പെടുത്തി. ആട്ടിടയന്‍ ഓടി എത്തി ചെന്നായയില്‍ നിന്ന്‌ ആടിനെ രക്ഷപ്പെടുത്തി. ചെന്നായ വാലില്‍ കടിച്ച്‌ കൊണ്ട്‌ പറഞ്ഞു: ``നീ അല്ലാഹുവിനെ സൂക്ഷിക്കുക. എനിക്ക്‌ അല്ലാഹു നല്‍കിയ ഭക്ഷണം നീ തടഞ്ഞുവെക്കുന്നത്‌ എന്തിനാണ്‌? ആട്ടിടയന്‍ പറഞ്ഞു: അത്ഭുതം!!! വാലില്‍ കടിച്ചു പിടിച്ച്‌ ചെന്നായ സംസാരിക്കുന്നു. ?! ചെന്നായ പറഞ്ഞു: ഇതിലും അത്ഭുതമാണ്‌ ശ്രേഷ്‌ഠനായ പ്രവാചകന്‍ ഈ മലയുടെ അപ്പുറത്ത്‌ ഉണ്ടായിരിക്കേ നീ ഇവിടെ ആട്‌ മേയ്‌ക്കുന്നോ? നീ ഒന്ന്‌ ശ്രമിച്ചാല്‍ നിനക്കും അല്ലാഹുവിന്റെ സംഘത്തില്‍ പെടാം. അപ്പോള്‍ ആട്ടിടയന്‍ ചോദിച്ചു: എന്റെ ആടിനെ ആര്‌ സംരക്ഷിക്കും? ചെന്നായ പറഞ്ഞു: `ഞാന്‍'. ഉടനെ ആ മനുഷ്യന്‍ പ്രവാചകനെ സമീപിച്ച്‌ ഈ സംഭവം വിവരിച്ചു. നബി (സ) തങ്ങള്‍ പറഞ്ഞു: ഈ വാര്‍ത്ത എന്റെ അനുചരരോട്‌ പറയുക. അവര്‍ സന്തോഷിക്കട്ടെ. അവര്‍ക്കിടയില്‍ അദ്ദേഹം അത്‌ വിവരിച്ചു. നീ തിരിച്ചു പോവുക. നിന്റെ ആടുകള്‍ സുരക്ഷിതമാണെന്ന്‌ നിനക്ക്‌ കാണാം. 
           ഉമര്‍ (റ) നിവേദനം: നബി (സ) സ്വഹാബാക്കളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ ബനൂ സുലൈമില്‍ പെട്ട ഗ്രാമീണന്‍ വേട്ടയാടിയ ഒരു ഉടുമ്പുമായി വന്നു. നബി (സ) ക്ക്‌ ചുറ്റും ഒരു സംഘം ഇരിക്കുന്നത്‌ കണ്ടപ്പോള്‍ ഗ്രാമീണന്‍ ചോദിച്ചു: ഇത്‌ ആരാണ്‌? സ്വഹാബത്ത്‌ പറഞ്ഞു: ഇത്‌ അല്ലാഹുവിന്റെ പ്രവാചകനാണ്‌. ഗ്രാമീണന്‍ പറഞ്ഞു: ലാത്ത, ഉസ്സ എന്നീ ദൈവങ്ങളെ തന്നെ സത്യം, ഈ ഉടുമ്പ്‌ വിശ്വസിക്കുന്നത്‌ വരെ ഞാന്‍ പ്രവാചകത്വം അംഗീകരിക്കില്ല. അപ്പോള്‍ പ്രവാചകന്‍ (സ) ഉടുമ്പിനോട്‌ ചോദിച്ചു: ഓ! ഉടുമ്പേ, നീ ആരെയാണ്‌ ആരാധിക്കുന്നത്‌? ഉടുമ്പ്‌ മറുപടി പറഞ്ഞു: ആകാശത്തില്‍ അര്‍ശുള്ള, ഭൂമിയില്‍ അധികാരമുള്ള അല്ലാഹുവിനെയാണ്‌ ഞാന്‍ ആരാധിക്കുന്നത്‌. അപ്പോള്‍ നബി (സ) ചോദിച്ചു: ഞാന്‍ ആരാണ്‌? അത്ഭുതം! ഉടുമ്പിന്റെ മറുപടി: താങ്കള്‍ അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണ്‌. താങ്കളെ അംഗീകരിച്ചവര്‍ വിജയിച്ചു. അവിശ്വസിച്ചവര്‍ പരാജയപ്പെട്ടു. ഇത്‌ കേട്ട മാത്രയില്‍ ഗ്രാമീണന്‍ മുസ്‌ലിമായി. (മവാഹിബുല്ലദുന്നിയ്യ - ശിഫാ).
      ഉമ്മു സലമ ബീവി (റ) യില്‍ നിന്ന്‌ നിവേദനം: റസൂലുല്ലാഹി മരുഭൂമിയിലായിരുന്നപ്പോള്‍ ഒരു വിളി കേട്ടു. യാ റസൂലല്ലാഹ്‌! നബി (സ) തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മാന്‍പേട കയറില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു ഗ്രാമീണന്‍ തൊട്ടപ്പുറത്ത്‌ കിടന്നുറങ്ങുന്നു. നബി (സ) മാന്‍പേടയോട്‌ ചോദിച്ചു: എന്താണ്‌ നിന്റെ ആവശ്യം? മാന്‍ പ്രതിവചിച്ചു: എനിക്ക്‌ രണ്ട്‌ ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ട്‌. ഈ ഗ്രാമീണന്‍ എന്നെ വേട്ടയാടി പിടിച്ചതാണ്‌. എന്നെ ഒന്ന്‌ മോചിപ്പിച്ചാല്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ കൊടുത്ത്‌ ഉടനെ തിരിച്ചു വരാം. നബി (സ) ചോദിച്ചു: നീ തിരിച്ചു വരുമോ? മാന്‍ പറഞ്ഞു: തിരിച്ചു വന്നില്ലെങ്കില്‍ അല്ലാഹു എന്നെ ശിക്ഷിക്കട്ടെ! നബി (സ) കെട്ടഴിച്ചുവിട്ടു. ഉടന്‍ മാന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ കൊടുത്ത്‌ തിരിച്ചെത്തി. നബി (സ) അതിനെ കയറില്‍ കെട്ടുമ്പോള്‍ ഗ്രാമീണന്‍ ഞെട്ടിയുണര്‍ന്നു. നബിയേ! എന്താണ്‌ തങ്ങളുടെ ആവശ്യം? നബി (സ) പറഞ്ഞു: ഈ മാന്‍പേടയെ നീ അഴിച്ചുവിടുക. ഗ്രാമീണന്‍ ഉടനെ അതിനെ അഴിച്ച്‌ മോചിപ്പിച്ചു വിട്ടു. അന്നേരം ആ മാന്‍ പേട പറയുന്നുണ്ടായിരുന്നു: ``അശ്‌ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്‌, വഅശ്‌ഹദു അന്നക്ക റസൂലുല്ലാഹ്‌''.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...