Wednesday, 20 November 2013

മുഹര്‍റം അല്ലാഹുവിന്റെ മാസം

മുഹര്‍റം അല്ലാഹുവിന്റെ മാസം


        ഈ കാണുന്ന പ്രവിശാല സുന്ദരമായ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ്‌ അല്ലാഹുവാണ്‌. അതില്‍ ചേതനവുംഅചേതനവുമായ മുഴുവന്‍ വസ്‌തുക്കളും മനുഷ്യര്‍ക്ക്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടു. കാലത്തേയും സമയത്തെയും പോലും. സ്രഷ്‌ടാവിനെ സംബന്ധിച്ച്‌ സൃഷ്‌ടിത്വത്തിന്റെ പാശം ചേരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കുന്നില്ല. എന്നാല്‍ സൃഷ്‌ടികളോട്‌ ചേര്‍ക്കുമ്പോള്‍ ചിലതിന്‌ ചിലതിനേക്കാള്‍ സ്ഥാനവും ഗുണവും വളര്‍മ്മയും നല്‍കിയിരിക്കുന്നത്‌ കാണാം. ചില കാലങ്ങള്‍ക്ക്‌ മറ്റ്‌ ചില കാലങ്ങളേക്കാളും ചില വസ്‌തുക്കള്‍ക്ക്‌ മറ്റു ചില വസ്‌തുക്കളേക്കാളും ഉയര്‍ച്ചയും സ്ഥാനവും പ്രവാചകന്‍ (സ്വ) തന്നെ നല്‍കിയിട്ടുണ്ട്‌. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന പ്രവാചക വചസ്സില്‍ ഇപ്രകാരം കാണാം: ``ഉത്തമസമുദായം എന്റെ കാലഘട്ടക്കാരാണ്‌. പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും''. ഇതുപോലെ തന്നെ ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പവിത്രത കല്‍പിച്ചതായി വിശുദ്ധ ഖുര്‍ആനും തിരുഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്‌. 
                                     കാലാതിവര്‍ത്തിയായ വിശുദ്ധ ഗ്രന്ഥവും പാപമോചനത്തിന്റെ സുദിന സമാഹാരവും വിശുദ്ധ റമളാന്‌ കിരീടം ചാര്‍ത്തുമ്പോള്‍ വിശുദ്ധ റബീഉല്‍ അവ്വലിന്‌ പവിത്രത നല്‍കുന്നത്‌ ലോകാനുഗ്രഹിയുടെ പ്രവാചക തിരുജന്മമാണ്‌. അപ്രകാരം അല്ലാഹുവിന്റെ മാസം എന്നതു കൊണ്ട്‌ മുഹര്‍റവും മഹിതസ്ഥാനം അലങ്കരിക്കുന്നു. ``തീര്‍ച്ചയായും മുഹര്‍റം അല്ലാഹുവിന്റെ മാസമാകുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്‌ മുമ്പും ശേഷവും ശാന്തിയുടെയും സമാധാനത്തിന്റെയും മാസങ്ങളായി മുഹര്‍റം, റജബ്‌, ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ എന്നിവ അറിയപ്പെട്ടുവരുന്നു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മുഹര്‍റം മാസത്തിനാണ്‌. കാരണം യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ നാലെണ്ണമുണ്ടായിട്ടും യുദ്ധം നിഷിദ്ധമായത്‌ എന്നര്‍ത്ഥം വരുന്ന അല്‍ മുഹര്‍റം എന്ന പേര്‌ ഈ മാസത്തിന്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. മഹനീയമായ ദിനങ്ങളില്‍ പുണ്യകരമായ ആരാധനകളില്‍ പ്രധാനമായത്‌ വ്രതാനുഷ്‌ഠാനമാണെന്ന്‌ കാണാന്‍ കഴിയും. രണ്ട്‌ പെരുന്നാളിലും അയ്യാത്തമുത്തശ്‌രീഖിലും ഒഴികെ സമുചിത ആഘോഷ വേഷകള്‍ വ്രതാനുഷ്‌ഠാനത്തിലാണ്‌ പ്രഭാപൂരിതമാക്കിയിരിക്കുന്നത്‌. റമളാനും അറഫാദിനവും ആശുറാഉം മിഅ്‌റാജും പ്രവാചക ജന്മം കൊണ്ട്‌ പുളകം കൊണ്ട തിങ്കളാഴ്‌ചയും സുന്നത്ത്‌ നോമ്പ്‌ കൊണ്ട്‌ പുളകിതമാക്കാന്‍ പ്രവാചക നിര്‍ദ്ദേശമുണ്ടായതായി നമുക്ക്‌ കാണാം. 
                              മുഹര്‍റം മാസത്തിലും വ്രതാനുഷ്‌ഠാനം ശക്തമായ സുന്നത്താണ്‌. അലി (റ) പറയുന്നു:�``ഒരാള്‍ പ്രവാചക സമക്ഷത്തില്‍ വന്ന്‌ ചോദിച്ചു: റമളാനിന്‌ ശേഷം ഏത്‌ മാസമാണ്‌ നോമ്പെടുക്കാന്‍ എന്നോട്‌ കല്‍പിക്കുന്നത്‌? പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം അതാണല്ലോ അല്ലാഹുവിന്റെ മാസം. അബൂഹുറൈറ (റ) പറയുന്നു: റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക്‌ നല്ലത്‌ അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. (മുസ്‌ലിം). റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്‌ഠിക്കാന്‍ ഏറ്റവും ശ്രേഷ്‌ഠകരമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാല്‌ മാസങ്ങളാണ്‌. ഇവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ മുഹര്‍റം മാസവും. പിന്നീട്‌ റജബ്‌, ദുല്‍ഹിജ്ജ, ദുല്‍ഖഅ്‌ദ മാസങ്ങള്‍ക്കുമാണ്‌. മുഹര്‍റം മുഴുവന്‍ നോമ്പനുഷ്‌ഠിക്കല്‍ പ്രധാന സുന്നത്താണ്‌. പവിത്രമായ മുഹര്‍റം മാസത്തിലെ ഓരോ ദിവസത്തെ വ്രതത്തിനും മുപ്പത്‌ സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്‌''( ത്വബ്‌റാനി). മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത്‌ ദിനങ്ങള്‍ക്ക്‌ പ്രത്യേക പദവി കല്‍പിച്ചിട്ടുണ്ട്‌. മുഹര്‍റം മാസത്തിലെ ആദ്യപത്തുകളെ കുറിച്ചാണ്‌ സൂറത്തുല്‍ ഫജറിന്റെ ഒന്നും രണ്ടും ആയത്തുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ എന്ന്‌ മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്‌. മഹാനായ ഇബ്‌നു ഹജര്‍ (റ) പോലെയുള്ള മഹാന്മാര്‍ പറയുന്നു: ``വളരെയധികം പ്രധാന്യമുള്ളതിനെ പറ്റിയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്‌ത്‌ പറയാന്‍ ഉപയോഗിക്കാറുള്ളത്‌. അപ്പോള്‍ മുഹര്‍റത്തിന്റെ ആദ്യത്തെ പത്ത്‌ ദിവസത്തെ നോമ്പിനെ പറ്റി പറയേണ്ടതില്ലല്ലോ?''.
ആശുറാഉം താസുആഉം
ചരിത്ര പ്രസിദ്ധമായ അനവധി നിരവധി സംഭവ ബഹുലതകളുടെ സംഗമസുദിനമാണ്‌ മുഹര്‍റം പത്ത്‌. സുപ്രസിദ്ധമായ വെള്ളപ്പൊക്കത്തിന്‌ ശേഷം നൂഹ്‌ നബി (അ) യെ കപ്പലില്‍ നിന്ന്‌ മോചിപ്പിച്ചതും നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്നും ഇബ്‌റാഹീം നബി (അ) യെ മോചിപ്പിച്ചതും അസ്സീസ്‌ രാജന്റെ കാരാഗ്രഹത്തില്‍ നിന്നും യൂസുഫ്‌ നബി (അ) യെ അല്ലാഹു പുറത്ത്‌ കടത്തിയതും യൂസുഫ്‌ നബി (അ) യുടെ പിതാവായ യഅ്‌ഖൂബ്‌ നബി (അ)ക്ക്‌ കാഴ്‌ചശക്തി തിരികെ നല്‍കിയതും അയ്യൂബ്‌ നബി (അ) യെ തീരാ വേദനയുടെ കയത്തില്‍ നിന്നും കര കയറ്റിയതും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും യൂനുസ്‌ നബി (അ) യെ രക്ഷിച്ചതും ഈസാനബി (അ) യെ ക്രൂശിക്കാന്‍ വന്നപ്പോള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിയതും തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയും. പിടക്കുന്ന ഹൃദയത്തോടെ വേദനയോടെ സ്രഷ്‌ടാവിന്റെ ദര്‍ബാറിലേക്ക്‌ കൈകള്‍ ഉയര്‍ത്തിയവര്‍ക്ക്‌ അര്‍ഹമായ മറുപടി മുഹര്‍റത്തില്‍ അല്ലാഹു നല്‍കി. തൗഹീദിനെതിരെ സമരമുറകള്‍ പരീക്ഷിച്ചവരെയും യുദ്ധ പ്രഖ്യാപനം നടത്തിയ ധിക്കാരി വര്‍ഗ്ഗത്തേയും നാശമുഖത്തേക്ക്‌ തൂത്തെറിഞ്ഞ്‌ ദീനുല്‍ ഇസ്‌ലാമിന്‌ സംരക്ഷണത്തിന്റെ പട്ട്‌ പുതപ്പിച്ച സുദിനം കൂടിയാണ്‌ മുഹര്‍റം പത്ത്‌. 
                            വിശ്വാസി സമൂഹത്തിന്‌ നല്‍കിയ അനുഗൃഹീത സംഗമങ്ങളെ സ്‌മരിച്ചു കൊണ്ട്‌ സ്രഷ്‌ടാവിന്‌ നന്ദി ചെയ്യാനായി പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ക്ക്‌ മുമ്പുള്ള പ്രവാചകന്മാര്‍ ഈ ദിവസത്തിന്‌ പ്രത്യേകം പരിഗണന നല്‍കിയത്‌ ഹദീസുകളില്‍ കാണാം. മുഹര്‍റം പത്ത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ അനുചരന്മാരുടെ മാത്രം വിശേഷ ദിവസമല്ല. പൂര്‍വ്വ പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും വിശേഷ ദിവസമായിരുന്നു. ആഇശാ ബീവി (റ) പറയുന്നു: ``ജാഹിലിയ്യാ കാലത്ത്‌ ഖുറൈശികള്‍ ആശുറാഅ്‌ സുദിനം നോമ്പനുഷ്‌ഠിച്ചിരുന്നു. നുബുവ്വത്തിന്‌ മുമ്പ്‌ പ്രവാചകനും ഈ നോമ്പ്‌ എടുത്തിരുന്നു. പ്രവാചകന്‍ (സ്വ) മദീനയിലേക്ക്‌ ഹിജ്‌റ പോയപ്പോള്‍ ആശുറാഅ്‌ നോമ്പ്‌ സ്വയം അനുഷ്‌ഠിക്കുന്നതിന്‌ പുറമെ അനുയായികളോട്‌ കല്‍പിക്കുകയും ചെയ്‌തു (ഇബ്‌നു മാജ).
                                              അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായ ഫിര്‍ഔനിന്റെ അക്രമങ്ങളില്‍ നിന്ന്‌ വിജയശ്രീലാളിതനാവാന്‍ മൂസാനബി (അ) ക്ക്‌ സാധിച്ചത്‌ മുഹര്‍റം പത്തിനായിരുന്നു. ജൂതന്മാരും ക്രിസ്‌ത്യാനികളും ഈ ഓര്‍മ്മ പുതുക്കാന്‍ ഈ ദിവസം നോമ്പനുഷ്‌ഠിച്ചിരുന്നു. ഹിജ്‌റയോടെ പ്രവാചകന്‍ (സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ഈ നോമ്പനുഷ്‌ഠിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മൂസാ നബി (അ) യുമായി ഏറ്റവും അടുത്തത്‌ ഞങ്ങളാണ്‌. അങ്ങനെ നബി (സ്വ) അനുചരന്മാരോടും നോമ്പനുഷ്‌ഠിക്കാന്‍ കല്‍പിച്ചു. ഇബനു അബ്ബാസ്‌ (റ) പറയുന്നു: നോമ്പ്‌ കൊണ്ടുള്ള ഈ കല്‍പന വന്നപ്പോള്‍ ജൂത-ക്രൈസ്‌തവ സുഹൃത്തുക്കള്‍ മഹത്വം നല്‍കുന്ന സുദിനമല്ലേ ഇത്‌ എന്ന്‌ ചോദിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്‌ഠിക്കും. പക്ഷേ, അടുത്ത വര്‍ഷം ആ സുദിനം പുല്‍കാന്‍ പ്രവാചകന്‍ ഈ ലോകത്ത്‌ വസിച്ചിരുന്നില്ല. ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ്വ) ഫറയുന്നു: ഒന്‍പതിലും പത്തിലും നിങ്ങള്‍ നോനമ്പനുഷ്‌ഠിക്കുകയും ജൂതന്മാരോട്‌ എതിരാവുകയും ചെയ്യുക.
                                           ആശുറാഇനോടൊപ്പം മുഹര്‍റം പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണെന്ന്‌ ഹദീസുകളില്‍ കാണാം. ഇമാം അഹ്‌മദ്‌ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഒമ്പതിനും പതിനൊന്നിനും എന്ന്‌ കാണാന്‍ കഴിയും. ജൂതന്മാരോടുള്ള നിസ്സഹകരണമായിട്ടാണ്‌ മുഹര്‍റം ഒമ്പതിന്‌ നോമ്പു പിടിക്കാന്‍ നബി (സ്വ) അരുള്‍ ചെയ്‌തത്‌. അതിനാല്‍ പതിനൊന്നിനും സുന്നത്താണെന്ന്‌ ശര്‍വ്വാനിയിലും കാണാം. ആശുറാഅ്‌ നോമ്പിന്‌ വിവിധ രൂപങ്ങള്‍ പണ്ഡിത കേസരികള്‍ പഠിപ്പിക്കുന്നുണ്ട്‌. ഒന്നാമതായി മുഹര്‍റം 9,10,11 തുടങ്ങിയ മൂന്ന്‌ ദിവസങ്ങളിലും രണ്ടാമതായി ഒമ്പതും പത്തും മാത്രം നോക്കല്‍ മൂന്നാമതായി പത്ത്‌ മാത്രം നോമ്പനുഷ്‌ഠിക്കലും. ഒമ്പതിന്‌ നോമ്പനുഷ്‌ഠിക്കാത്തവര്‍ക്കും അനുഷ്‌ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്റെ നോമ്പ്‌ അനുഷ്‌ഠിക്കല്‍ സുന്നത്താണ്‌. പത്തിനൊപ്പം ഒമ്പതോ പതിനൊന്നോ ഏതെങ്കിലും ഒന്ന്‌ നിജപ്പെടുത്തുന്നവര്‍ക്ക്‌ ഒമ്പതാണുത്തമം. കാരണം ജൂതന്മാരോട്‌ എതിരാവുക എന്നതിന്‌ പുറമെ മുഹര്‍റം മാസത്തെ ആദ്യത്തെ പത്ത്‌ ദിവസം എന്ന മഹിമയും ലഭിക്കുന്നു. പതിനൊന്നിന്‌ ഈ ശ്രേഷ്‌ഠത ലഭിക്കില്ലല്ലോ? (ശര്‍വാനി). മാസപ്പിറവി നിര്‍ണ്ണയത്തിലെ പിശകോ മറ്റു സൂക്ഷ്‌മത കുറവോ മൂലം പുണ്യം നഷ്‌ടമാകാതിരിക്കാന്‍ എട്ടിനും നോമ്പ്‌ സുന്നത്താണെന്ന്‌ പണ്ഡിതന്മാര്‍ പറഞ്ഞത്‌ കാണാം. 
ആശുറാഅ്‌ ദിവസത്തിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുന്ന ഒരു സംഭവം ഇആനത്തില്‍ കാണാം: ഒരു ദരിദ്രനായ മനുഷ്യന്‍ ആശുറാഅ്‌ ദിവസത്തില്‍ കുടുംബത്തിന്റെ ആവശ്യത്തിനായി മുസ്‌ലിമിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ ഈ ദരിദ്രന്‌ പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നീട്‌ അദ്ദേഹം പണത്തിനായി ഒരു ജൂതനെ സമീപിച്ചു. കാര്യങ്ങള്‍ ഉണര്‍ത്തി. ആശുറാഅ്‌ ദിവസത്തിന്റെ പ്രത്യേകതകള്‍ ജൂതന്‌ പറഞ്ഞു കൊടുക്കുകയും ഈ പുണ്യസുദിനത്തില്‍ അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും വാഗ്‌ദാനം ചെയ്‌തു. ആശുറാഇന്റെ മഹത്വം മനസ്സിലാക്കിയ അയാള്‍ ഈ ദിവസത്തിന്റെ മഹത്വം മാനിച്ച്‌ 10 ദിര്‍ഹം നല്‍കുന്നു എന്ന്‌ പറഞ്ഞ്‌ ദരിദ്രന്‌ പണം നല്‍കി. മുസ്‌ലിമായ വ്യക്തി അന്ന്‌ രാത്രി ശക്തമായ ദാഹത്തോട്‌ കൂടി അന്ത്യനാളിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ചെങ്കോട്ടയില്‍ നിന്നും ശബ്‌ദമുയര്‍ന്നു. ഇന്നലെ വരെ ഇത്‌ നിനക്കുള്ളതായിരുന്നു. എന്നാല്‍ നീ ദരിദ്രന്‌ പണം നിഷേധിച്ചതിനാല്‍ നിന്റെ പേര്‌ നീക്കി പകരം ജൂതന്റെ പേര്‌ കൊത്തിവെക്കപ്പെട്ടതാണ്‌. നിരാശ സഹിക്കവയ്യാതെ അയാള്‍ ജൂതനെ സമീപിച്ച്‌ 100 ദിര്‍ഹമിന്‌ പകരമായി ജൂതന്‌ ലഭിച്ച പദവിയും പ്രതിഫലവും യാചിക്കുകയും ചെയ്‌തു. എന്നാല്‍ ജൂതന്‍ സമ്മതം നല്‍കിയില്ലെന്ന്‌ മാത്രമല്ല പ്രവേശന അനുമതി പോലും വിലക്കി. ആശൂറാഅ്‌ ദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട്‌ സദുദ്യമം നടത്തിയപ്പോള്‍ അവിശ്വാസിയായ മനുഷ്യന്‌ പോലും സ്ഥാനങ്ങള്‍ കൈവരിക്കുകയും മുസ്‌ലിമാവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ വിശ്വാസികളെ സംബന്ധിച്ച്‌ പ്രതിഫല ചാകരയാണെന്ന്‌ പറയേണ്ടതില്ലല്ലോ?
                                        പശ്ചാത്താപം സ്വീകരിക്കപ്പെടുമെന്നതാണ്‌ മുഹര്‍റം പത്തിന്റെ മറ്റൊരു സവിശേഷത. അലി (റ) പറയുന്നു: ``ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന്‌ റമളാന്‌ ശേഷം ഏത്‌ മാസമാണ്‌ സുന്നത്ത്‌ നോമ്പിന്‌ വേണ്ടി തങ്ങള്‍ എനിക്ക്‌ നിര്‍ദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മുഹര്‍റം മാസം നോമ്പെടുക്കൂ. അത്‌ അല്ലാഹുവിന്റെ മാസമാണ്‌. മാത്രമല്ല, ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും ഇനിയൊരു സമൂഹത്തിന്റേത്‌ സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശുറാഅ്‌ ആണ്‌. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ്‌ റമളാന്‍ കഴിഞ്ഞാല്‍ നോമ്പിന്‌ വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞതെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

1 comment:

  1. ചരിത്ര പ്രസിദ്ധമായ അനവധി നിരവധി സംഭവ ബഹുലതകളുടെ സംഗമസുദിനമാണ്‌ മുഹര്‍റം പത്ത്‌.

    ReplyDelete

Related Posts Plugin for WordPress, Blogger...