Saturday, 30 November 2013

വിശാലതയുടെ വിശേഷത


വിശാലതയുടെ  വിശേഷത
                  
           വിശ്വം വിശാലമാണ്‌. വിശാലത ഇഷ്‌ടപ്പെടാത്ത ആരുമില്ല. ആയുസ്സില്‍, ജീവിതോപാധിയില്‍, ഭക്ഷണത്തില്‍, ഭവനത്തില്‍, വാഹനത്തില്‍, ഇരിപ്പിടത്തില്‍ ഇങ്ങിനെ എല്ലാറ്റിലും വിശാലമായ അവസ്ഥയാണ്‌ നാം ആഗ്രഹിക്കുന്നത്‌. ഇവയിലുള്ള ഞെരുക്കം പലരെയും മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതു കൊണ്ടാണല്ലോ അതിനറുതി വരുത്തുന്നതിന്‌ നെട്ടോട്ടമോടുന്നത്‌. സമചിത്തത കൈ വെടിയുന്ന ചിലര്‍ ആത്മാഹുതിയില്‍ അഭയം തേടുന്നു. മൗഢ്യപ്രവൃത്തി. 
                            വിശാലതയുടെ ആവശ്യവും ആഗ്രഹവും എല്ലാവര്‍ക്കുമറിയും. പക്ഷെ തന്നെ പോലെ മറ്റുള്ളവരും അതാഗ്രഹിക്കുന്നതാണെന്ന ബോധം ഇല്ലാത്തതുപോലെയാണ്‌ പലരില്‍ നിന്നും ദൃശ്യമാകുന്നത്‌. സ്വന്തം വിശാലതയിലുള്ള അതിസ്വാര്‍ത്ഥതയുടെ പെരുമാറ്റങ്ങളാണെവിടെയും. യാത്രകളിലും മറ്റും ഈ പ്രവണത ധാരാളമായി പ്രകടമാകാറുണ്ട്‌. മുന്‍ഭാഗത്ത്‌ വേണ്ടവിധം സ്ഥലം ഒഴിഞ്ഞു കിടക്കുമ്പോഴും വാതില്‍ക്കല്‍ തന്നെ നിന്നും, രണ്ട്‌ പേര്‍ക്ക്‌ സുഖമായിരിക്കാവുന്ന സീറ്റില്‍ വിസ്‌തരിച്ചിരുന്നും സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ ഇന്നത്തെ യാത്രകളിലെ നിത്യകാഴ്‌ചകളാണ്‌.                                                           ഹൃദയവിശാലതയില്ലാത്തതിന്റെ പ്രത്യക്ഷ അടയാളം എന്നല്ലാതെ എന്തു പറയാന്‍! താനും തന്റെ കാര്യങ്ങളും എന്ന സങ്കുചിത ചിന്താഗതിയുടെ ബാഹ്യരൂപങ്ങളാണ്‌ ഇതൊക്കെ. 
മനസ്സങ്കോചം ജീവിതത്തില്‍ ഒരുപാട്‌ ക്ലേശങ്ങള്‍ വരുത്തിവെക്കുമെന്നും ഹൃദയവികാസം ജീവിതം ക്ഷേമപൂര്‍ണ്ണമാക്കുമെന്നും മനസ്സിലാക്കി പെരുമാറുകയാണ്‌ വേണ്ടത്‌. എന്തുചെയ്യാന്‍. നല്ലത്‌ ഇഷ്‌ടപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കുറഞ്ഞുപോയി. നന്മ തിന്മയും തിന്മ നന്മയുമായി കരുതുന്നവരാണ്‌ ആധുനികരിലേറെയും. അറിവില്ലാത്തതോ എന്തോ?   സത്യവിശ്വാസികളേ, വിശാലത ചെയ്‌തു കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെടുന്നവര്‍ക്ക്‌ അത്‌ ചെയ്‌തു കൊടുക്കുക. അല്ലാഹു നിങ്ങള്‍ക്ക്‌ വിശാലത ചെയ്യും  എന്നാണ്‌ അല്ലാഹുവിന്റെ കല്‍പ്പന. നമ്മുടെ ജീവിതത്തില്‍ വിശാലത ലഭ്യമാകുന്നതിനുള്ള ഒരു കാരണം കൂടിയാണ്‌ മറ്റുള്ളവര്‍ക്ക്‌ ആവശ്യമായ കാര്യങ്ങളില്‍ സൗകര്യം ചെയ്‌തു കൊടുക്കല്‍ എന്ന്‌ ഈ വചനം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്ക്‌, ഗുരുനാഥന്മാര്‍ക്ക്‌, സഹോദരന്‌, ഭാര്യാസന്താനങ്ങള്‍ക്ക്‌, സഹയാത്രികന്‌, അയല്‍വാസിക്ക്‌ തുടങ്ങി ആര്‍ക്കെങ്കിലും ഏതെങ്കിലും ഒരു കാര്യത്തില്‍ നാം വിശാലതചെയ്‌തു കൊടുത്താല്‍ അതിന്‌ പകരം അല്ലാഹു നല്‍കുന്ന വിശാലത ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുകയില്ല. സ്ഥലം, ഭക്ഷണം, ഹൃദയം, ഖബര്‍, സ്വര്‍ഗ്ഗം എന്നു വേണ്ട നമുക്ക്‌ ഈ ലോകത്തും പരലോകത്തും വിശാലത ആവശ്യമുള്ള എല്ലാറ്റിലും അവന്‍ വിശാലത നല്‍കുമെന്നാണ്‌ അവന്റെ പ്രസ്‌താവന. അല്ലാഹുവിന്റെ അടിമകള്‍ക്ക്‌ നന്മയുടെയും സുഖത്തിന്റെയും കവാടങ്ങള്‍ വിശാലമാക്കുന്നവര്‍ക്ക്‌ അവന്‍ ഐഹിക പാരത്രിക നന്മകള്‍ ചൊരിയുമെന്ന്‌ സാരം. പ്രത്യേകിച്ച്‌ മുസ്‌ലിം തന്റെ സഹോദരന്‌ നന്മ ചെയ്യുമ്പോള്‍. ഒരു ദാസന്‍ തന്റെ മുസ്‌ലിമായ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു ആ ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും എന്ന നബി വചനം കൂടി ഇവിടെ ചേര്‍ത്തു വായിക്കുക. കുടില ചിന്താഗതികളില്‍ നിന്നും സങ്കുചിത സമീപനങ്ങളില്‍ നിന്നും മുക്തമായി ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്‌ലാം എത്രസുന്ദരവും വിശാലവുമാണ്‌. മഹത്തായ ഇസ്‌ലാമിക തണലില്‍ നിത്യമായി വിശ്രമിക്കാന്‍ മുന്നോട്ടു വരിക. ആധുനികതയുടെ ഞെരുക്കങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്രാപിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

3 comments:

  1. ഹൃദയങ്ങള്‍ വിശാലമാകട്ടെ

    ReplyDelete
  2. ഹൃദയവിശാലതയില്ലാത്തതിന്റെ പ്രത്യക്ഷ അടയാളം എന്നല്ലാതെ എന്തു പറയാന്‍! താനും തന്റെ കാര്യങ്ങളും എന്ന സങ്കുചിത ചിന്താഗതിയുടെ ബാഹ്യരൂപങ്ങളാണ്‌ ഇതൊക്കെ.

    ReplyDelete
  3. അല്ലാഹുവിന്റെ അടിമകള്‍ക്ക്‌ നന്മയുടെയും സുഖത്തിന്റെയും കവാടങ്ങള്‍ വിശാലമാക്കുന്നവര്‍ക്ക്‌ അവന്‍ ഐഹിക പാരത്രിക നന്മകള്‍ ചൊരിയുമെന്ന്‌ സാരം.

    ReplyDelete