നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 22 September 2015

ഹജ്ജ്‌: മുന്നൊരുക്കം

ഹജ്ജ്‌: മുന്നൊരുക്കം

     സ്‌ലാമിന്റെ അഞ്ചാമത്തെ ഫര്‍ള്വാണ്‌ ഹജ്ജ്‌. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്‌ നിര്‍ബന്ധമുള്ളൂ. ഒന്നിലധികം പ്രാവശ്യം ചെയ്‌താല്‍ അത്‌ സുന്നത്തായി പരിഗണിക്കും. ഇബ്‌നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``തിരുദൂതര്‍ (സ്വ) പറഞ്ഞു: ഓ ജനങ്ങളേ! നിങ്ങളുടെ മേല്‍ ഹജ്ജ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. തദവസരം ഒരു സ്വഹാബി ചോദിച്ചു: എല്ലാ വര്‍ഷവുമാണോ? അവിടുന്ന്‌ അരുള്‍ ചെയ്‌തു: ഞാന്‍ അതെ എന്നുപറഞ്ഞിരുന്നുവെങ്കില്‍ അത്‌ നിര്‍ബന്ധമാകുകയും നിങ്ങള്‍ക്ക്‌ പ്രയാസമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഹജ്ജ്‌ നിര്‍ബന്ധമുള്ളൂ. അധികരിപ്പിച്ചാല്‍ സുന്നത്തായി ഭവിക്കും. (അഹ്‌മദ്‌, നസാഈ) 
       ഹജ്ജിന്റെ ശ്രേഷ്‌ഠതകള്‍ വിവരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിരവധിയാണ്‌. ``ഒരാള്‍ സ്വീകാര്യമായ ഹജ്ജ്‌ നിര്‍വ്വഹിച്ചാല്‍ അവന്റെ മാതാവ്‌ അവനെ പ്രസവിച്ച ദിനംപോലെ സര്‍വ്വപാപങ്ങളില്‍ നിന്നും അവന്‍ മുക്തനാണ്‌''. എന്ന ഹദീസ്‌ വളരെ ശ്രദ്ധേയമാണ്‌. ഹജ്ജ്‌ ഭക്തിനിര്‍ഭരമാകണമെങ്കില്‍ ഒരുപാട്‌ നിബന്ധനകള്‍ ഒരുമിച്ചുകൂടേണ്ടതുണ്ട്‌. ഹജ്ജ്‌ ഉദ്ദേശിക്കുന്ന വ്യക്തി പാപങ്ങളില്‍ നിന്ന്‌ മുക്തനാകേണ്ടത്‌ അനിവാര്യമാണ്‌. പാപങ്ങള്‍ രണ്ട്‌ വിധമാണ്‌ ചെറുദോഷങ്ങള്‍, വന്‍ദോഷങ്ങള്‍. സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളെ പൊറുപ്പിച്ച്‌ കളയും. എന്നാല്‍ വന്‍ദോഷങ്ങള്‍ പൊറുക്കണമെങ്കില്‍ തൗബ കൂടിയേ തീരൂ. അപ്പോള്‍ ഹജ്ജ്‌ ഉദ്ദേശിക്കുന്നവന്‍ ഹജ്ജിന്റെ മുന്നൊരുക്കം എന്ന നിലക്ക്‌ പ്രഥമമായി നിര്‍വ്വഹിക്കേണ്ടത്‌ തൗബ ചെയ്യലാണ്‌. 
      തൗബ എന്നാല്‍ പശ്ചാത്താപം എന്നാണ്‌ അര്‍ത്ഥം അഥവാ അവന്‍ ചെയ്‌തുപോയ മുഴുവന്‍ പാപങ്ങളെ തൊട്ടും പശ്ചാത്തപിച്ച്‌ മടങ്ങുക. ഈ തൗബ സ്വീകാര്യമാകുന്നതിന്‌ അതിന്റെ ഫര്‍ള്വുകള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. 
തൗബയുടെ ഫര്‍ള്വുകള്‍ നാലെണ്ണമാണ്‌.
1. ചെയ്‌തുപോയ പാപത്തെ തൊട്ട്‌ പശ്ചാത്തപിക്കുക. അതായത്‌ അവന്‍ ചെയ്‌തുപോയ പാപമേതോ അത്‌ പ്രത്യേകം എടുത്തുപറഞ്ഞ്‌ അത്‌ സംഭവിച്ചു പോയതില്‍ അതിയായ ഖേദം പ്രകടിപ്പിച്ച്‌ അല്ലാഹുവിനോട്‌ മാപ്പിരക്കുക. 
2. ചെയ്‌തുപോയ പാപത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുക. അഥവാ ഒരു മനുഷ്യന്‍ പാപം ചെയ്‌തുകൊണ്ടിരിക്കെ തൗബ ചെയ്‌താല്‍ അത്‌ സ്വീകാര്യമാവുകയില്ല. പാപ മുക്തനായികൊണ്ടുവേണം തൗബ ചെയ്യുവാന്‍ ഉദാഹരണത്തിന്‌ അന്യായമായി കൈവശപ്പെടുത്തിയ വസ്‌ത്രമോ വീടോ ധനമോ കൈവശം വെച്ചുകൊണ്ട്‌ തൗബചെയ്യാന്‍ പറ്റില്ല. അവകളുടെ ന്യായമായ അവകാശികള്‍ക്ക്‌ കൈമാറുകയോ അവരോട്‌ പൊരുത്തപ്പെടീക്കുകയോ ചെയ്‌താലല്ലാതെ തൗബ സ്വീകാര്യമാവുകയില്ല. 
3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം. ചെയ്‌തുപോയ പാപം അബദ്ധമാണെന്നും ആ അബദ്ധത്തിലേക്ക്‌ ഇനിയൊരിക്കലും തിരിച്ചുപോകുകയില്ല എന്നും അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ ദൃഢനിശ്ചയം ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ തൗബ ആകുന്നത്‌. 4. മനുഷ്യര്‍ തമ്മിലുള്ള ബാധ്യതകള്‍ നിറവേറ്റുക. ഈ ബാധ്യതയുടെ പരിധിയില്‍ സാമ്പത്തികഇടപാടുകളും നാവുകൊണ്ടോ ശരീരംകൊണ്ടോ ചെയ്‌തുപോയ അപരാധങ്ങളും ഉള്‍പ്പെടും സാമ്പത്തിക ഇടപാടുകളാണെങ്കില്‍ കൊടുത്ത്‌ വീട്ടുകയോ പൊരുത്തപ്പെടീക്കുകയോ ചെയ്യല്‍ കൊണ്ടാണ്‌ ബാധ്യത തീര്‍ക്കേണ്ടത്‌. കൊടുക്കാനുള്ള ആള്‍ അജ്ഞാതമായ സ്ഥലത്തോ മറ്റോ ആയതുകൊണ്ട്‌ കൊടുക്കാന്‍ കഴിയാതിരിക്കുമ്പോള്‍ കൊടുക്കാന്‍ യോഗ്യരായ ആളുകളെ ഏല്‍പ്പിക്കാവുന്നതാണ്‌. കൊടുക്കാനുള്ള ആള്‍ മരണപ്പെട്ടുപോയങ്കില്‍ അവന്റെ അനന്തരവകാശികള്‍ക്ക്‌ കൊടുക്കാന്‍ അവന്‍ ബാധ്യസ്ഥനായിരിക്കും. അതിന്‌ സാധിക്കാതെ വന്നാല്‍ അവന്ന്‌വേണ്ടി പൊറുക്കലിനെ തേടണമെന്നാണ്‌ ഇസ്‌ലാമിക അദ്ധ്യാപനം. 
       നിറവേറ്റാനുള്ള ബാധ്യത സംസാരം നിമിത്തമാണെങ്കില്‍ അതായത്‌ അപരനെക്കുറിച്ച്‌ അവന്‌ ഇഷ്‌ടമില്ലാത്ത വല്ലതും മറ്റുള്ളവരോട്‌ പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അവനോട്‌ അത്‌ പൊരുത്തപ്പെടീക്കേണ്ടതാണ്‌. സാധാരണ ശൈലിയില്‍ നീ എനിക്ക്‌ പൊരുത്തപ്പെട്ട്‌ തരണം എന്ന്‌ പറഞ്ഞാല്‍ മതിയാകില്ല. ഞാന്‍ നിന്നെ സംബന്ധിച്ച്‌ ഇന്നയാളോട്‌ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്‌ അത്‌ നീ എനിക്ക്‌ പൊരുത്തപ്പെടണം. ഇതാണ്‌ പൊരുത്തപെടീക്കുന്നതിന്റെ രൂപം. അതുപോലെ സാമ്പത്തിക ഇടപാടുകള്‍ പൊരുത്തപെടീക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ തരാനുള്ളത്‌ എനിക്ക്‌ പൊരുത്തപ്പെട്ടുതരണം എന്നല്ല പറയേണ്ടത്‌ പകരം നിനക്ക്‌ ഞാന്‍ തരാനുള്ള ഇത്ര രൂപ അല്ലെങ്കില്‍ ഇന്ന വസ്‌തു നീ എനിക്ക്‌ പൊരുത്തപ്പെട്ട്‌ തരണം എന്നാണ്‌ പറയേണ്ടത്‌. ശാരീരിക ഉപദ്രവമോ അഭിമാനക്ഷതമോ ആണ്‌ വരുത്തിയതെങ്കില്‍ അതും വ്യക്തമായ നിലക്ക്‌ തന്നെ പറഞ്ഞ്‌ ക്ഷമചോദിക്കേണ്ടത്‌ തൗബയുടെ നിബന്ധനയാണ്‌. 
        ചുരുക്കത്തില്‍ ഹജ്ജ്‌ യാത്രക്കൊരുങ്ങുന്നവന്‍ പ്രഥമമായി അവന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മറ്റ്‌ ബന്ധങ്ങളുള്ളവര്‍ എന്നിവരുമായൊക്കെ ബന്ധം സ്ഥാപിക്കുകയും അവര്‍ തമ്മിലുള്ള എല്ലാവിധ ഇടപാടുകളും തീര്‍ക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌.
     ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ മേല്‍ഉദ്യോഗസ്ഥന്മാര്‍ തൊഴിലുടമകള്‍ അദ്ധ്യാപകന്മാര്‍ തുടങ്ങിയ മേലേക്കിടയിലുള്ള വ്യക്തികള്‍ താഴേക്കിടയിലുള്ള കീഴ്‌ജീവനക്കാരോട്‌ അനര്‍ഹമായ സഹായംപറ്റുകയോ ഉത്തരവാദിത്വത്തിന്‌ പുറമെയുള്ള ജോലികള്‍ നിര്‍വ്വഹിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ പൊരുത്തപ്പെടീക്കേണ്ടത്‌ അത്യാവശ്യമാണ്‌. 
      അങ്ങനെ തൗബ ചെയ്‌ത്‌ ഇസ്‌തിഖാറത്തിന്റെ (നന്മ ലാക്കാക്കിയുള്ള) നിസ്‌കാരം നിര്‍വ്വഹിച്ച്‌ ഹജ്ജ്‌ യാത്രക്കൊരുങ്ങുന്നവന്‍ യാത്രയിലെ നിസ്‌കാരത്തെക്കുറിച്ച്‌ പഠിക്കാന്‍ നിര്‍ബന്ധിതനാണ്‌. തിരുനബി (സ്വ) തങ്ങള്‍ പറഞ്ഞു: ``യാത്ര ദുരിതമാണ്‌''. ദുരിതപൂര്‍ണ്ണമായതുകൊണ്ട്‌ യാത്രയിലെ നിര്‍ബന്ധനിസ്‌കാരങ്ങള്‍ക്കുപോലും ഇസ്‌ലാം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്‌. നാല്‌ റക്‌അത്തുള്ള നിസ്‌കാരങ്ങളെ രണ്ടായി ചുരുക്കി നിസ്‌കരിക്കുക. ഇതിന്‌ ഖസ്വ്‌ര്‍ എന്നും. ളുഹര്‍, അസ്വ്‌ര്‍, ഇശാ, മഗ്‌രിബ്‌ എന്നീ നിസ്‌കാരങ്ങളെ സൗകര്യാര്‍ത്ഥം മുന്തിച്ചോ പിന്തിച്ചോ നിസ്‌കരിക്കുന്നതിന്‌ ജംഅ്‌ എന്നും പറയുന്നു. ഇങ്ങനെ ഖസ്വ്‌റും ജംഅും ആക്കി നിസ്‌കരിക്കുന്നതിന്‌ അനുവധിനീയമായ യാത്രയാകുക, ഏകദേശം നൂറ്റിമുപ്പിത്തിനാല്‌ കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകുക നിശ്ചിത ലക്ഷ്യമുണ്ടാകുക. യാത്രയിലായിരിക്കുക. മൂന്ന്‌ ദിവസത്തിലധികം തങ്ങാതിരിക്കുകയോ തങ്ങാന്‍ കരുതാതിരിക്കുകയോ ചെയ്യുക തുടങ്ങിയവ ശര്‍ത്വുകളാണ്‌. ജംഅ്‌ രണ്ട്‌ വിധമുണ്ട്‌ ഒന്ന്‌ തഖ്‌ദീമിന്റെ ജംഅ്‌ (മുന്തിച്ചു ജംആക്കല്‍) അതായത്‌ അസ്വ്‌ര്‍ നിസ്‌കാരത്തെ ളുഹ്‌റിലേക്കും ഇശാഇനെ മഗ്‌രിബിലേക്കും മുന്തിച്ച്‌ ചേര്‍ത്ത്‌ നിസ്‌കരിക്കുക. ഇവിടെ ഒന്നാമത്തെ നിസ്‌കാരത്തിന്റെ തക്‌ബീറത്തിന്റെയും സലാമിന്റെയും ഇടയില്‍ അസ്‌ര്‍ എന്ന ഫര്‍ളിനെ ളുഹ്‌റിനോട്‌ ചേര്‍ത്ത്‌ മുന്തിച്ച്‌ നിസ്‌കരിക്കുവാന്‍ ഞാന്‍ കരുതിയിരിക്കുന്നു എന്ന്‌ നിയ്യത്ത്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാണ്‌. അതുപോലെ ഇശാഇനെ മഗ്‌രിബിനോട്‌ ചേര്‍ത്ത്‌ മുന്തിച്ച്‌ നിസ്‌കരിക്കുന്നു എന്നുകരുതേണ്ടതും ആവശ്യമാണ്‌. നിസ്‌കാരത്തിന്റെ ഇടയില്‍ മനസ്സില്‍ കരുതുകയല്ലാതെ നാവുകൊണ്ട്‌ നിയ്യത്ത്‌ പറയാന്‍ പാടില്ലാത്തതാണ്‌. നിയ്യത്ത്‌ നാവ്‌കൊണ്ട്‌ പറയുന്നത്‌ നിസ്‌കാരത്തെ ബാത്വിലാക്കും. രണ്ട്‌ തഅ്‌ഖീറിന്റെ ജംഅ്‌ (പിന്തിച്ചു ജംആക്കല്‍) ളുഹ്‌ര്‍ നിസ്‌കാരത്തെ അസ്‌റിലേക്കും മഗ്‌രിബിനെ ഇശാഇലേക്കും ചേര്‍ത്ത്‌ പിന്തിച്ച്‌ നിസ്‌കരിക്കുന്നതിനാണ്‌ ജംഅ്‌ തഅ്‌ഖീര്‍ എന്നു പറയുന്നത്‌. ഇവിടെ ആദ്യ നിസ്‌കാരത്തിന്റെ സമയം കടന്നതിനുശേഷം ഖളാഅ്‌ ആകുന്നതിന്‌ മുമ്പ്‌ ളുഹറിനെ അല്ലെങ്കില്‍ മഗ്‌രിബിനെ അസ്‌റിലേക്ക്‌ അല്ലെങ്കില്‍ ഇശാഇലേക്ക്‌ ചേര്‍ത്ത്‌ പിന്തിച്ച്‌ നിസ്‌കരിക്കുവാന്‍ കരുതി എന്ന്‌ നിയ്യത്ത്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാണ്‌. ഒന്നാമത്തെ നിസ്‌കാരസമയം നിയ്യത്ത്‌ മറന്നുപോയാല്‍ അത്‌ ഖളാഅ്‌ ആകുന്നതല്ലാതെ ജംഅ്‌ എന്ന്‌ പറയാന്‍ പറ്റില്ല. പിന്തിച്ച്‌ ജംആക്കുമ്പോള്‍ രണ്ടാമത്തെ നിസ്‌കാരം കഴിയുംവരെ യാത്രയിലായിരിക്കല്‍ നിര്‍ബന്ധമാണ്‌. 
ഖസറാക്കി നിസ്‌കരിക്കുന്നവന്‍ നിയ്യത്തില്‍ ഖസ്വ്‌റിനെ കരുതലും പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട്‌ തുടരാതിരിക്കലും നിര്‍ബന്ധമാണ്‌. നിസ്‌കാരം കഴിയും വരെ യാത്രയിലായിരിക്കുകയും വേണം. മുന്തിച്ച്‌ ജംആക്കുന്നവന്‌ തര്‍തീബ്‌ (ആദ്യനിസ്‌കാരം ആദ്യം നിസ്‌കരിക്കുക), മുവാലാത്ത്‌ (തുടരെ ചെയ്യുക) നിര്‍ബന്ധവും പിന്തിച്ച്‌ ജംആക്കുന്നവന്‌ സുന്നത്തുമാണ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...