Monday, 30 November 2015

ധീരന്‍ മുഹമ്മദ്‌ മുസ്ഥഫാ (സ്വ)

ധീരന്‍ മുഹമ്മദ്‌ മുസ്ഥഫാ (സ്വ)

              ഇസ്‌ലാം മാനവര്‍ക്ക്‌ അല്ലാഹു സമ്മാനിച്ച മതമാണ്‌. അതിന്ന്‌ മാത്രമേ അവന്റെയടുക്കല്‍ സ്വീകാര്യതയുള്ളൂ. ഇസ്‌ലാമിന്റെ പ്രബോധനത്തിന്‌ അല്ലാഹു സ്വീകരിച്ച മാര്‍ഗ്ഗം മനുഷ്യന്‌ അനുഗൃഹീതമായ മാര്‍ഗ്ഗമാണ്‌. മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ട ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകരെയാണ്‌ ഈ ലോകത്തേക്ക്‌ പല കാലഘട്ടങ്ങളിലായി വ്യത്യസ്‌ത സമൂഹത്തില്‍ വ്യത്യസ്‌ത ശരീഅത്തുമായി തൗഹീദിന്റെ സംസ്ഥാപനത്തിനായി നിയോഗിച്ചത്‌. 
              ഈ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു മറ്റിതര മനുഷ്യ സൃഷ്‌ടികളില്‍ നിന്ന്‌ ഒട്ടനവധി പ്രത്യേകതകളും സവിശേഷതകളും നല്‍കിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാകുന്നത്‌ അവരുടെ മനക്കരുത്തും ധീരതയുമാണ്‌. ഏത്‌ പ്രവാചകരുടെ ചരിത്രം പരിശോധിച്ചാലും അവരുടെ ചെറുപ്പം മുതല്‍ കാണാന്‍ കഴിയുന്ന ഒന്നാണ്‌ ധീരത. അവര്‍ പ്രബോധനത്തില്‍ കാണിച്ച ധീരത ഏത്‌ അക്രമിയുടെയും മനക്കരുത്തും ചങ്കൂറ്റവും തളര്‍ത്തിക്കളഞ്ഞു. മഹാനായ മൂസാ നബി (അ) അന്നത്തെ അധികാരം കൈയാളിയിരുന്ന, താന്‍ റബ്ബാണെന്ന്‌ വരെ പ്രഖ്യാപിച്ച ഫറോവയുടെ മുമ്പിലേക്ക്‌ തൗഹീദിന്റെ പ്രബോധനവുമായി കയറിച്ചെന്നത്‌ അവരുടെ മനോധൈര്യം കൊണ്ടാണ്‌. ഇത്തരം സംഭവങ്ങള്‍ എല്ലാ പ്രവാചകന്മാരുടെ ജീവിതത്തിലും കാണാവുന്നതാണ്‌. അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിതത്തിലും പ്രബോധന മേഖലയിലും അനവധി ധീരത തെളിയിക്കുന്ന സംഭവങ്ങള്‍ കാണാവുന്നതാണ്‌. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: മദീന നിവാസികള്‍ഒരു രാത്രിയില്‍ വലിയൊരു ശബ്‌ദം കേട്ട്‌ ഭയവിഹ്വലരായി. അവരെല്ലാവരും ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ അന്വേഷിക്കാന്‍ പുറപ്പെട്ടപ്പോള്‍ നബി (സ്വ) തങ്ങള്‍ തന്റെ തോളില്‍ വാള്‍ തൂക്കിയിട്ട്‌ കൊണ്ട്‌ വിവരം അന്വേഷിച്ച്‌ തിരിച്ചു വരുന്നതാണ്‌ കണ്ടത്‌. ഈ സംഭവം പ്രവാചക ധീരതയുടെ മകുടോദഹരണമാണ്‌.
     അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം: മക്കം ഫത്‌ഹിന്‌ ശേഷം 12000 സ്വഹാബികളുമായി 30000 ല്‍ പരം അംഗങ്ങളുള്ള സഖീഫ്‌ ഗോത്രത്തെ നേരിടാന്‍ നബി (സ്വ) ഹുനൈന്‍ യുദ്ധത്തിന്‌ പോയി. യുദ്ധം കൊടുംമ്പിരി കൊണ്ടപ്പോള്‍ 12000 മുസ്‌ലിംകളില്‍ നിന്ന്‌ അംഗുലീ പരിമിതമായവര്‍ ഒഴികെ ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞപ്പോള്‍ അല്ലാഹു നബി (സ്വ) ക്ക്‌ നല്‍കിയ അതിശക്തമായ ധീരത കൊണ്ട്‌ തന്റെ കുതിരപ്പുറത്ത്‌ കയറി ശത്രുവിന്‌ നേരെ ഞാന്‍ പ്രവാചകനാണ്‌ കള്ളപ്രവാചകനല്ല, ഞാന്‍ അബ്‌ദുല്‍മുത്തലിബിന്റെ മകനാണ്‌. ആരുണ്ട്‌ എന്നോട്‌ ഏറ്റുമുട്ടാന്‍? എന്ന്‌ ഉറച്ച സ്വരത്തില്‍ ശത്രുസമൂഹത്തെ വെല്ലുവിളിച്ച്‌ കരുത്തനായ പോരാളിയെ പോലെ യുദ്ധം നയിച്ച പ്രവാചക ധീരത അത്ഭുതാവഹമാണ്‌. 
ഉഹ്‌ദ്‌ യുദ്ധത്തിലും ഇതേ രീതിയില്‍ സ്വഹാബാക്കള്‍ യുദ്ധമുഖത്ത്‌ നിന്ന്‌ പിന്തിരിഞ്ഞപ്പോള്‍ ശത്രുവ്യൂഹത്തിനിടയില്‍ പോരാടിയത്‌ ചരിത്രം സാക്ഷിയാണ്‌.
പ്രവാചകന്റെ ധീരതയെ കുറിച്ച്‌ എത്ര വിശദീകരിച്ചാലും അതിന്റെ യഥാര്‍ത്ഥമുഖം അവര്‍ണ്ണനീയമാണ്‌. നബി (സ്വ) യുടെ ധീരതയെ കുറിച്ച്‌ അലി (റ) പഠിപ്പിച്ചത്‌ ഇപ്രകാരമാണ്‌: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും ആരും പിന്തിരിയുന്ന ഏത്‌ അവസ്ഥയില്‍ പോലും ആരെയും ഭയപ്പെടാതെ ശത്രുക്കളെ വെല്ലുവിളിച്ച്‌ ഏകദൈവ വിശ്വാസത്തിന്റെ ഉത്തമ സന്ദേശവുമായി ശത്രുവ്യൂഹത്തിന്‌ മുമ്പില്‍ നില്‍ക്കുന്ന പ്രവാചകന്‍ ഞങ്ങള്‍ക്ക്‌ എന്നും ആവേശമായിരുന്നു. ഇതാണ്‌ യുദ്ധമുഖത്ത്‌ നബി (സ്വ) യുടെ ധീരതയുടെ ഒരു രൂപം. ഒറ്റ ഇടിക്ക്‌ ശത്രുവിനെ പരാജയപ്പെടുത്തിയ പ്രബോധന മേഖലയിലെ പ്രതിസന്ധികള്‍ മറികടന്ന മൂസാ നബി (അ) തന്റെ രക്ഷിതാവിന്റെ പ്രകാശത്തിന്റെ ഒരംശത്തിന്‌ മുമ്പില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ ബോധരഹിതനായെങ്കില്‍ ആദ്യനൂറും അന്ത്യപ്രവാചകനുമായ നബി (സ്വ) തങ്ങള്‍ ഇസ്‌റാഅ്‌ മിഅ്‌റാജിന്റെ രാത്രിയില്‍ തന്റെ റബ്ബുമായി നടത്തിയ സംഭാഷണവും, ഒരിക്കലും അംഗീകരിക്കാത്ത ശത്രുവിനോട്‌ ഈ വിവരങ്ങള്‍ അറിയിച്ചതും നബി (സ്വ) യുടെ മനഃക്കരുത്തിനും ധീരതയ്‌ക്കുമുള്ള മകുടോദാഹരണങ്ങളാണ്‌. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...