നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 15 November 2017

തിരുവചനങ്ങളിലെ ആത്മീയത

തിരുവചനങ്ങളിലെ ആത്മീയത


                       തിരുവചനങ്ങള്‍ കൊണ്ടുദ്ദേശ്യം നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ (സ്വ) യുടെ വചനങ്ങളാണ്. ആത്മീയത അല്‍പം വിശദീകരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പൊതുവെ ഭൗതികം, ആത്മീയം എന്ന് രണ്ട് തരമായി പിരിയുന്നിടത്ത് മതപരമായതൊക്കെ ആത്മീയമെന്നും അല്ലാത്തത് ഭൗതികമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മതവിദ്യ, ഭൗതികവിദ്യ എന്ന വേര്‍തിരിവ് ഉദാഹരണം. മതപരമായത് എന്ന അര്‍ത്ഥത്തില്‍ ആത്മീയതയെ നാം വിലയിരുത്തുമ്പോള്‍ തന്നെ അത് ബാഹ്യമായത്, ആന്തരികമായത് എന്നീ രണ്ട് തരമാണ് എന്ന് അറിയാന്‍ കഴിയും.  ബാഹ്യമായതിന് ശരീഅത്തെന്നും ആന്തരികമായതിന് ത്വരീഖത്തെന്നും പറയപ്പെടുന്നു. ഈ വിവക്ഷ പ്രകാരം ആത്മീയത കൊണ്ടുദ്ദേശ്യം ആന്തരികമായതാണ്. ബാഹ്യമായ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടത് ആദ്യം പറഞ്ഞ അര്‍ത്ഥത്തില്‍ ആത്മീയമാണെങ്കിലും രണ്ടാം വിവക്ഷയനുസരിച്ചുള്ള ആത്മീയമല്ല. കാരണം രണ്ടാമത്തെ വിവക്ഷ പ്രകാരം ആന്തരിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ് ആത്മീയം. അതായത് രണ്ടാം വിവക്ഷയനുസരിച്ച് ആത്മീയത്തെ ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടായി മനസ്സിലാക്കാം.
ഭൗതികം, ആത്മീയം എന്ന പൊതുവായ ആദ്യത്തെ വിവക്ഷയില്‍ മാത്രം കുടങ്ങിപ്പോയവര്‍ക്ക് ചിന്തിക്കാം, തിരുവചനങ്ങള്‍ മുഴുവനും ആത്മീയമല്ലേ? പിന്നെന്താണ് ഈ വിഷയ (തിരുവചനങ്ങളിലെ ആത്മീയത) ത്തിന്‍റെ പ്രസക്തിയെന്ന്. അതുകൊണ്ടാണ് ആത്മീയതയുടെ രണ്ട് തരം വിവക്ഷകള്‍ ആദ്യത്തില്‍ കുറിച്ചത്. അതായത് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതുവായ ആത്മീയതയല്ല. അത് പൊതുവായത് കൊണ്ട് തന്നെ ചര്‍ച്ചക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ രണ്ടാം വിവക്ഷ പ്രകാരമുള്ള ആത്മീയത (ആന്തരികമായത്) അധികം പേരും ശ്രദ്ധിക്കാത്തതും മനസ്സിലാക്കാനും അറിയാനും തയ്യാറാകാത്തതുമായതിനാല്‍ (അതുകൊണ്ടുള്ള ദൂഷ്യം വലുതാണ്) ആ ഭാഗത്തേക്ക് ശ്രദ്ധ ക്ഷണിക്കലാണ് ഈ ചര്‍ച്ച കൊണ്ടുദ്ദേശ്യം.
ആരാണ് തിരുനബി (സ്വ)?
                           തിരുവചനങ്ങളും അവയിലെ ആത്മീയതയും മനസ്സിലാക്കാന്‍ തിരുനബി (സ്വ) യെ അറിയല്‍ അനിവാര്യമാണ്. അല്ലാഹു അവന്‍റെ ഹബീബായ തിരുനബി (സ്വ) യെ പരിചയപ്പെടുത്തിയ ചില വചനങ്ങള്‍ കാണുക. "തിരുനബി (സ്വ) സ്വയേഷ്ട പ്രകാരം സംസാരിക്കുന്നില്ല. അത് അല്ലാഹുവിന്‍റെ ദിവ്യബോധനമാണ്" "നിശ്ചയം തങ്ങള്‍ ഉത്തമ സ്വഭാവത്തിലാണ്", "തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ട്", "യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹു ഏകനാണെന്ന് ദിവ്യസന്ദേശം നല്‍കപ്പെട്ട നിങ്ങളെ പോലെ സാധാരണ മനുഷ്യനാണ് ഞാന്‍ എന്ന് പറയുക നബിയേ!!", "തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ പറഞ്ഞ് തരികയും നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു". തിരുനബി (സ്വ) ആരാണെന്ന് ഈ വിശുദ്ധ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു തിരുമൊഴി കൂടി ചേര്‍ത്ത് വായിക്കാം: അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ നൂറില്‍ നിന്നാണ്. മറ്റെല്ലാം എന്‍റെ നൂറില്‍ നിന്നും" അല്ലാഹുവിനെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും പരിചയപ്പെടുത്തി സംസ്ക്കരിക്കുകയാണ് തിരുനബി (സ്വ) ചെയ്തത്. തിരുനബി (സ്വ) യുടെ ദൗത്യനിര്‍വ്വഹണം മുഴുവനായും അല്ലാഹു പറഞ്ഞത് പോലെ തന്നെയാണ്. സംസ്കരണം പുറത്ത് മാത്രമല്ല അകത്ത് കൂടിയുണ്ടെന്ന് അറിയുമ്പോഴാണ് വിഷയത്തിന്‍റെ ഗൗരവവും വ്യാപ്തിയും തിരിയുക. ബാഹ്യ സംസ്കരണവും ആന്തരിക സംസ്കരണവും തിരുദൂതര്‍ (സ്വ) ചെയ്തതാണ്. 
സംസ്കരണം
                                     മാനവകുലത്തെ അടിമുടി സംസ്കരിച്ച് ഇലാഹീ സവിധത്തിലെത്തിക്കാന്‍ തിരുനബി (സ്വ) യിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ച മതമാണല്ലോ വിശുദ്ധ ഇസ്ലാം. ആ പരിശുദ്ധ മതം  ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മേളിച്ചതാണെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇസ്ലാമിന്‍റെയും അതുവഴിയുള്ള സംസ്കരണത്തിന്‍റെയും പൂര്‍ണ്ണത ഈ മൂന്ന് ഘടകങ്ങളും ചേരുമ്പോഴാണ് നേടാനാകുക. ജിബ്രീല്‍ (അ) വന്ന് ചോദിക്കുകയും തിരുനബി (സ്വ) യുടെ മറുപടി കേട്ട് അംഗീകരിക്കുകയും ചെയ്തതായി പ്രശസ്ത ഹദീസ് പണ്ഡിതരായ ഇമാം ബുഖാരി (റ) യും ഇമാം മുസ്ലിം (റ) യും നിവേദനം ചെയ്ത മഹത്തായ ഈ ഹദീസ് മാത്രം മതി തിരുവചനങ്ങളിലെ ആത്മീയതയും അതിന്‍റെ വ്യാപ്തിയും മനസ്സിലാക്കാന്‍. കാരണം ബാഹ്യവും ആന്തരികവുമായ സംസ്കരണവും ആനന്ദമേറിയ ആത്മീയതയും ഈ തിരുവചനം പ്രതിനിധാനം ചെയ്യുന്നുവെന്ന് പണ്ഡിത പ്രഭുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ബാഹ്യം
               പ്രസ്തുത ഹദീസിലെ ഇസ്ലാം ബാഹ്യ സംസ്കരണമാണ്. ഇസ്ലാം യഥാവിധി ഉള്‍ക്കൊള്ളുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ബാഹ്യസംസ്കരണം ലഭിച്ചവനാകും. അവന്‍റെ ആദര്‍ശവും അനുഷ്ഠാനങ്ങളും ബാഹ്യമായ അഴുക്കുകളില്‍ നിന്ന് മുക്തമായതായിരിക്കും. അങ്ങനെയാകുമ്പോള്‍ അവന് ബാഹ്യശുദ്ധിയുള്ളവന്‍ എന്ന് പറയപ്പെടും. 
ഇങ്ങനെ ബാഹ്യനടപടികളോട് ബന്ധപ്പെട്ടവയെ കുറ്റവിമുക്തമാക്കാന്‍ നിശ്ചയിക്കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നറിയപ്പെടുന്നത്. (മതം എന്ന പൊതുവായ അര്‍ത്ഥത്തിലുള്ള ശരീഅത്തല്ല ഇവിടെ ഉദ്ദേശ്യം). ഹദീസില്‍ പറഞ്ഞ ഇസ്ലാം കാര്യങ്ങള്‍ അതിനുദാഹരണമാണ്. ബാഹ്യമായി അംഗീകരിക്കേണ്ട കാര്യങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ ബാഹ്യമായ ആത്മീയത യാഥാര്‍ത്ഥ്യമാകും. എന്നാല്‍ ഇതുപോലും വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നവരും പ്രവര്‍ത്തിക്കുന്നവരും ഇന്ന് വളരെ കുറവാണല്ലോ?
ആന്തരികം
              ഹൃദയവുമായി (ആത്മാവുമായി) ബന്ധപ്പെട്ടതാണ് ആന്തരികം. ഈ സംസ്കരണം പൂര്‍ണ്ണമാകുന്നത് ത്വരീഖത്തിലൂടെയാണ്. ഈ ആന്തരിക സംസ്കരണമാണ് ഏറ്റവും മുഖ്യവും പ്രഥമവും. ബാഹ്യനന്മകള്‍ക്ക് പ്രേരണയും പ്രചോദനവും അടിസ്ഥാനവുമൊക്കെ ആന്തരിക സംസ്കരണമാണ്. തിരുവചനത്തില്‍ ഇങ്ങനെ വായിക്കാം: അവിടുന്ന് പറഞ്ഞു: "അറിയണം, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം, അത് ഹൃദയമാണ്". അര്‍ത്ഥവത്തായ മഹത്വചനം!! എത്ര ക്രത്യവും സ്പഷ്ടവുമാണിത്. അല്ലാഹു പറയുന്നു:ڈ"നിശ്ചയം ആത്മാവ് സംസ്കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയമടഞ്ഞു". ആത്മസംസ്കരണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ആയത്തുകളും തിരുവചനങ്ങളും ധാരാളം നമുക്ക് കാണാവുന്നതാണ്.
                        ബാഹ്യസംസ്കരണത്തിന്‍റെയെന്നല്ല പൂര്‍ണ്ണമായ വിജയത്തിന്‍റെ അടിസ്ഥാനം തന്നെ ആത്മീയ ശുദ്ധീകരണമെന്നാണ് ഇസ്ലാമികാദ്ധ്യാപനം.
സര്‍വ്വ കറകളില്‍ നിന്നും ആന്തരിക രോഗങ്ങളില്‍ നിന്നും മുക്തമായ ഹൃദയമുള്ളവന് അല്ലാഹുവിന്‍റെയും തിരുദൂതരുടെയും ആജ്ഞകളും നിരോധനങ്ങളും യഥാവിധി ഉള്‍ക്കൊള്ളാന്‍ യാതൊരു മടിയുമുണ്ടാവില്ല. തന്‍റെ ഗോത്രവും കുടുംബവും പെരുമയും മഹിമയും ഒന്നും വിഘാതമാകില്ല. അതേസമയം കറകളുടെ കൂമ്പാരവും രോഗങ്ങളുടെ ഭണ്ഡാരവുമായ ഹൃദയമുള്ളവന് ചെറിയ കല്‍പന പോലും അംഗീകരിക്കാനോ അനുസരിക്കാനോ സാധിക്കുകയില്ല. 
                    അതുകൊണ്ടാണല്ലോ തിരുദൂതര്‍ (സ്വ) ആദ്യം സംസ്കരണ പ്രക്രിയ നടത്തി ശുദ്ധീകരണം നടത്തിയത്. ശേഷം കല്‍പനകളും നിരോധനങ്ങളും അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യം കൂടാതെ ജനതഅംഗീകരിക്കുകയും ചെയ്തത്. കാട്ടാള ജീവിതം നയിച്ചിരുന്ന ആ സമൂഹത്തിന് മുമ്പില്‍ ആദ്യമേ തന്നെ നിയമങ്ങളുടെ കൊട്ട തുറക്കുകയല്ല നബി (സ്വ) ചെയ്തത്. മറിച്ച് സംസ്കരണത്തിലൂടെ അല്ലാഹുവിലേക്ക് വഴി നടത്തി അവനെ പരിചയപ്പെടുത്തി കൊടുത്ത ശേഷമാണ് ഇലാഹീ നിയമങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെച്ചത്. അതുകൊണ്ട് തന്നെ വളരെയെളുപ്പത്തില്‍ അവ നടപ്പിലായി. അതാണല്ലോ മദ്യപ്പുഴ ഒഴുകിയതും ഒന്നിന് പിറകെ മറ്റൊന്നായി ഒന്നുമില്ലാതെ നിരവധി സമരമുഖങ്ങളില്‍ അവര്‍ അണിനിരന്നതും. അതാണ് തിരുനബി (സ്വ) യുടെ സംസ്കരണം. ഖുര്‍ആന്‍ പറഞ്ഞ സംസ്കരണം. അതിലൂടെ ഇസ്ലാമും ഈമാനും യഥാവിധി ഉള്‍ക്കൊള്ളാന്‍ സ്വഹാബത്തിന് ക്ഷിപ്രസാധ്യമായി. 
തിരുഹദീസിലെ ഇഹ്സാന്‍ വ്യക്തമാക്കുന്നത് ഈ സംസ്കരണവും ആത്മീയതയുമാണ്. തിരുനബി (സ്വ) പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുത് പോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. ഇതാണ് ഇഹ്സാന്‍". ഈയൊരവസ്ഥ കൈവരിച്ചവന് സംശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വല്ല വിഷമവുമുണ്ടാകുമോ? തസ്വവ്വുഫിന് (ആത്മസംസ്കരണം) നിദാനമായി പണ്ഡിതര്‍ ഉദ്ധരിക്കുന്ന ഈ തിരുവചനത്തിന്‍റെ ആശയതലം വളരെ വലുതാണ്. "നീ ഇല്ലാതായാല്‍ നീ അവനെ കാണുന്നതാണ്" എന്ന അര്‍ത്ഥം ഈ വചനത്തിന് പണ്ഡിത കേസരികള്‍ നല്‍കിയിട്ടുണ്ട്. ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്. മുറാഖബയും മുശാഹദയും വഴി പ്രാപിക്കേണ്ടതാണ്. ഈ അര്‍ത്ഥം ശരിയല്ലെന്ന് പണ്ഡിതവചനങ്ങള്‍ വായിച്ചറിഞ്ഞ ആരും പറയുകയില്ല. ചുരുങ്ങിയ പക്ഷം മിര്‍ഖാത്തെങ്കിലും നോക്കിയാല്‍ മതിയായിരുന്നു. നഹ്വിന്‍റെ നിയമം പറഞ്ഞ് വിഡ്ഡിത്തരം ഒന്ന് കൂടി പുറത്ത് ചാടിക്കാന്‍ നില്‍ക്കുകയില്ലായിരുന്നു. പക്ഷേ തഖ്വീമുല്ലിസാന്‍ വരെ മാത്രം കണ്ട കുബുദ്ധികള്‍ പറഞ്ഞേക്കാം നഹ്വി നിയമമനുസരിച്ച് മേല്‍ അര്‍ത്ഥം ശരിയല്ലെന്ന്. അറബീ ഗ്രാമറില്‍ അത് കഴിഞ്ഞും കിതാബുകളോതി പഠിക്കാനുണ്ടെന്നറിയുകയും അവ ഓതിപ്പഠിക്കുകയും ചെയ്തവര്‍ ഈ അര്‍ത്ഥം ശരിവെക്കുകയാണുണ്ടായത്. ചെമ്മീന്‍ തുള്ളിയാല്‍ എത്ര തുള്ളും!!! ഓന്തോടിയാല്‍ വേലി വരെ!!!
                   ആന്തരിക സംസ്കരണമാണ് തസ്വവ്വുഫും ത്വരീഖത്തും ചെയ്യുന്നത്. അതിനുള്ള അടിസ്ഥാനമാണ് ഇഹ്സാനിന്‍റെ ഹദീസ്. അസൂയ, അഹങ്കാരം, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത അറിയിക്കുന്നതും ആന്തരികമായ കാര്യങ്ങള്‍ വ്യക്തമാക്കുന്നതുമായ ഹദീസുകള്‍ നിരവധിയുണ്ട്. കൂടുതല്‍ പറയുന്നില്ല. അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ്. എല്ലാ സുഖങ്ങളും നീങ്ങുന്നതാണ്" എന്ന ലബീദ് (റ) ന്‍റെ വാക്കുകളെ സംബന്ധിച്ച് തിരുനബി (സ്വ) പറഞ്ഞു: "ഏറ്റവും സത്യസന്ധമായ വചനമാണ് ലബീദിന്‍റെ വചനം" വഹ്ദത്തുല്‍ വുജൂദാണ് ഇതിന്‍റെ ആശയം. ആഴമേറിയ ആത്മീയത. ആന്തരിക ശുദ്ധിയില്‍ ലഭിക്കുന്നതാണിത്. ഇത് തിരിയാത്തവര്‍ അദ്വൈതമെന്നോ മറ്റെന്തെങ്കിലോ പറഞ്ഞ് ആക്ഷേപിക്കും. സാരമില്ല, വിവരമില്ല അതു കൊണ്ടല്ലേ? ഇനി വിവരമുണ്ടെന്ന് നടിച്ചാണെങ്കില്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കല്‍ ഖുര്‍ആന്‍ വചനങ്ങളെയും തിരുഹദീസിനെയും മഹത്തുക്കളെയും നിഷേധിക്കലാണ്. നിരവധി ആയത്തുകളും ഹദീസുകളും വഹ്ദത്തുല്‍ വുജൂദിന് രേഖകളായി മഹാന്മാരായ പണ്ഡിതര്‍ നിരത്തിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. രണ്ടാം ദാഇറയില്‍ കടക്കാത്തവന്‍ വഹ്ദത്തുല്‍ വുജൂദ് സംബന്ധമായി സംസാരിക്കാനര്‍ഹരല്ലെന്നും അങ്ങനെ സംസാരിക്കുന്നവന്‍റെ ദുന്‍യാവും ആഖിറവും നഷ്ടപ്പെടുമെന്നും മഹാനായ നഖ്ശബന്ദീ (റ) യെ പോലുള്ള മഹത്തുക്കള്‍ താക്കീത് ചെയ്യുന്നു. ദാഇറ പോലും അറിയാത്തവരാണ് വഹ്ദത്തുല്‍ വുജൂദ് നിരൂപിക്കുന്നത്. ഗ്രന്ഥ വായന കൊണ്ട് തിരിയുന്നതല്ല ഇതെന്ന് പോലും മനസ്സിലാക്കുന്നില്ല. ആത്മാവ് സംസ്കരിക്കേണ്ട ക്രമത്തില്‍ സംസ്കരിച്ച് മഅ്രിഫത്ത് ലഭിക്കാന്‍ പാകമാക്കാതെ നിവൃത്തിയില്ല. ഇമാം ഗസ്സാലി (റ), ഇമാം ശഅ്റാനി (റ), സക്കരിയ്യല്‍ അന്‍സ്വാരി (റ), ഇബ്നു ഹജര്‍ (റ) മുതലായ മഹാന്മാരുടെ ചരിത്രം നല്ലത് പോലെ മനസ്സിലാക്കിയാല്‍ അത് മനസ്സിലാകും. 
ശൈഖ് ജീലാനി (റ) ഉദ്ധരിച്ച ഒരു ഹദീസ് കൂടി 'തിരുവചനങ്ങളിലെ ആത്മീയത' ക്ക് വേണ്ടി കുറിച്ച് കൊണ്ട് നിര്‍ത്താം: തിരുദൂതര്‍ (സ്വ) പറഞ്ഞിരിക്കുന്നു: ശരീഅത്ത് വൃക്ഷവും ത്വരീഖത്ത് അതിന്‍റെ ശിഖരങ്ങളും മഅ്രിഫത്ത് അതിന്‍റെ ഇലകളും ഹഖീഖത്ത് അതിന്‍റെ ഫലങ്ങളുമാണ്".
                       ഇസ്ലാമികാത്മീയതയും ത്വരീഖത്തും ദീനിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ സുന്നികള്‍ക്ക് ഈ തിരുവചനങ്ങള്‍ യഥേഷ്ടമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നവരും കഥയറിയാതെ ആട്ടം കാണുന്നവരും നാളെ വിരല്‍ കടിച്ച് ഖേദിക്കുക തന്നെ ചെയ്യും. തീര്‍ച്ച.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...