നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 15 November 2017

വിയോഗശേഷം

വിയോഗശേഷം

                             അനുഗ്രഹങ്ങളുടെ ആകെത്തുകയും നാരായ വേരുമായ പുണ്യറസൂലിനെ സ്നേഹിക്കുന്നതില്‍ നിന്നല്ലാതെ അഭിവൃദ്ധിയൊന്നും സിദ്ധിക്കുകയില്ല. അനര്‍ഘമായ സ്നേഹം നശ്വര വസ്തുക്കളെയെല്ലാം വിസ്മരിച്ച് സമസ്തവും പരിത്യജിച്ച് സ്വാര്‍ത്ഥതയില്‍ നിന്നും സമ്പൂര്‍ണ്ണ മോചനം നല്‍കി ഇലാഹിലേക്ക് അടുപ്പിക്കും. പുണ്യറസൂലിന്‍റെ വിയോഗശേഷവും സ്വഹാബത്തിന്‍റെ അന്തരംഗത്ത് പുണ്യറസൂലിനോടുള്ള സ്നേഹം ഒരിക്കലും ക്ഷയിക്കാതെ അനസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു. ജ്വലിച്ച് നിന്ന അവിടുന്നിനോടുള്ള രാഗവായ്പ് അടങ്ങാത്ത ആവേശമായി അവരില്‍ അലതല്ലി. ശാലീന സ്നേഹം നിമിത്തം സ്വന്തം അഭിരുചികളും ആഗ്രഹങ്ങളും അവര്‍ മാറ്റിവെച്ചു. അതീവഗഹനമായ അവിടുന്നിന്‍റെ മഹിമകളുടെ മഹോന്നത തലം വരെ ചെന്നെത്താന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ലെങ്കിലും സ്വഹാബത്ത് അത് ഒരളവോളം തൊട്ടറിഞ്ഞവരാണ്. അങ്ങനെ അവര്‍ ആ സ്നേഹത്തില്‍ അവിരാമം ആവേശം കൊണ്ടു. ഇഹപരവസ്തുക്കളുടെ വിശേഷണം പുണ്യറസൂലിന്‍റെ വിശേഷണങ്ങളോട് അനുരൂപമില്ലാത്തതിനാല്‍ അവയുടെ മാധ്യമം മൂലം പുണ്യറസൂലിന്‍റെ വിശേഷണങ്ങള്‍ വിശദീകരിക്കല്‍ വിഷമമാണ്. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: "പുണ്യറസൂല്‍ (സ്വ) അവിടുന്നിന്‍റെ വിശേഷണങ്ങളില്‍ പങ്കുകാരനെ തൊട്ട് പരിശുദ്ധനാണ്". അഥവാ അവിടുന്നിന്‍റെ വിശേഷണങ്ങള്‍ അതേ അര്‍ത്ഥത്തില്‍ മറ്റൊരു സൃഷ്ടിയിലും കാണുകയില്ല. എന്തെല്ലാം ആലോചിച്ചാലും എത്രമാത്രം വ്യക്തമായി ഗ്രഹിച്ചാലും പുണ്യറസുലിന്‍റെ വിശേഷണങ്ങളില്‍ നിന്നും തുലോം അകലത്തിലും വ്യത്യസ്തതയിലുമായിരിക്കും അവ. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: അവിടുന്നിന്‍റെ വിശേഷണങ്ങള്‍ വിഭജിക്കപ്പെടാത്തതാണ്. മറ്റു വസ്തുക്കളിലെ വിശേഷണങ്ങള്‍ വിഭജന വിധേയമാണ്. ഭൗതിക പാരത്രിക വസ്തുക്കളേക്കാളും സ്വര്‍ഗ്ഗം അതിലെ അനുഗ്രഹങ്ങളേക്കാളും പ്രിയങ്കരം പുണ്യറസൂലും അല്ലാഹുവുമായിരിക്കലാണ് വിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനുള്ള മാര്‍ഗ്ഗമെന്ന് പുണ്യറസൂല്‍ (സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചത് ഇമാം ബുഖാരി (റ) നമുക്ക് ഉദ്ധരിച്ചു നല്‍കുന്നു. പുണ്യറസൂലിനെ (സ്വ) സ്നേഹിക്കാതെ അതല്ലെങ്കില്‍ പുണ്യറസൂലി (സ്വ) ലുപരി സ്വര്‍ഗ്ഗത്തെ കൊതിക്കുന്നവര്‍ വിശ്വാസത്തിന്‍റെ രുചി അറിയാത്തവരാണെന്ന് സാരം. എന്ത് ചെയ്യാം? വിശപ്പും രുചിയുമില്ലാത്തവന് ഭക്ഷണം കഴിപ്പിക്കുന്നതിലും പ്രയാസമാണ് പുണ്യറസൂലി (സ്വ) നോടുള്ള സ്നേഹവും അതിന്‍റെ രുചിയുമില്ലാത്തവര്‍ക്ക് അവിടുന്നിനോടുള്ള സ്നേഹം ഊട്ടാന്‍ ശ്രമിക്കുന്നത്. 
സ്വഹാബത്തിന്‍റെ അന്തരംഗത്തെ ഹര്‍ശപുളകിതമാക്കത്തക്കവണ്ണം ഉത്കര്‍ഷം പ്രാപിച്ചതായിരുന്നു അവരുടെ സ്നേഹം. അതാണ് വിശ്വാസത്തിന്‍റെ ലഹരി നുകരാനുള്ള മാര്‍ഗ്ഗമെന്ന് അവര്‍ക്ക് ബോധ്യവുമായിരുന്നു.
                       പുണ്യറസൂല്‍ (സ്വ) വിടപറയുമെന്ന് സ്വഹാബത്തിന് അറിയാമായിരുന്നു. എന്നാലും പുണ്യറസൂലി (സ്വ) ന്‍റെ വിയോഗം അവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനെ കുറിച്ചാണ് അല്ലാഹു പറഞ്ഞത് : "മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രമാണ്" (). അഥവാ വിയോഗമില്ലാത്തവരല്ല പ്രവാചകന്‍ മാത്രമാണ്. സ്വഹാബത്ത് വിയോഗത്തെ നിഷേധിച്ചിട്ടില്ല. എങ്കിലും അവരുടെ മനസ്സുകള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗമറിഞ്ഞ ഉമര്‍ (റ) കുതിച്ചെത്തി തിരുമുഖത്ത് നിന്നും വസ്ത്രം മാറ്റി ഒരു നോക്ക് ദര്‍ശിച്ച് വിയോഗം ഉമര്‍ (റ) വിശ്വസിച്ചില്ല. പുണ്യറസൂല്‍ (സ്വ) തിരിച്ചുവരുമെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. ഇലാഹീ സന്നിധി പുല്‍കിയിരിക്കുന്നു എന്ന ദുഃഖസത്യം ഉമര്‍ (റ)നെ ബോധ്യപ്പെടുത്താന്‍ മുഗീറ (റ) നടത്തിയ ശ്രമം വിഫലമായി. പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഉമര്‍ (റ) പള്ളിയിലെത്തി ആക്രോശിച്ചു. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് ചില കപടന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അല്ലാഹുവാണേ സത്യം! അവിടുന്ന് മരിച്ചിട്ടില്ലെന്ന് തീര്‍ച്ച. മൂസാ നബി (അ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയത് പോലെ പുണ്യറസൂലും (സ്വ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയതാണ്. അല്ലാഹുവാണേ സത്യം! മൂസാ നബി (അ) മടങ്ങിവന്നത് പോലെ തിരുനബി (സ്വ) യും മടങ്ങിവരിക തന്നെ ചെയ്യും. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് പ്രചരിപ്പിച്ചവരുടെ കൈകാലുകള്‍ പ്രവാചകന്‍ മടങ്ങിവന്നാല്‍ ഛേദിക്കുന്നതാണ്. ധീരരില്‍ ധീരനായ ഉമര്‍ (റ) ന്‍റെ ശബ്ദം പളളിയെ പ്രകമ്പനം കൊളളിച്ചു. ഉമറി (റ) ന്‍റെ ചുറ്റും കൂടിയ സ്വഹാബത്തിലും പുണ്യറസൂലി (സ്വ) ന്‍റെ പ്രത്യാഗമനത്തെ കുറിച്ചുള്ള ഉമറി (റ) ന്‍റെ വാക്കുകള്‍ പ്രതീക്ഷകളുണര്‍ത്താന്‍ തുടങ്ങി. അവരതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അബൂബക്കര്‍ (റ) കടന്നുവരുമ്പോഴും ഉമര്‍ (റ) പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അബൂബക്കര്‍ (റ) വന്ന് വിശുദ്ധ ഖുര്‍ആനിലെ മുഹമ്മദ് (സ്വ) ഒരു പ്രവാചകന്‍ മാത്രമാണെന്ന് ഓതിക്കൊടുത്തു. അഥവാ മരണമില്ലാത്ത അവസ്ഥ പുണ്യറസൂലി(സ്വ)ലില്ല. തിരുനബി (സ്വ) ക്ക് മുമ്പും പ്രവാചകന്മാര്‍ വന്ന് പോയിട്ടുണ്ട് എന്നും ബോധ്യപ്പെടുത്തി കൊടുത്തപ്പോഴാണ് ഉമറി (റ) നും സ്വഹാബത്തിനും ബോധം തിരിച്ചുവരുന്നത്. 
                   ചുരുക്കത്തില്‍ സ്വഹാബത്ത് തിരുനബി (സ്വ) യുടെ വിയോഗം പോലും ചിന്തിക്കാന്‍ മടിച്ചവരായിരുന്നു. തിരുനബി (സ്വ) മുആദ് ബ്നു ജബലി (റ) നെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ പറഞ്ഞു: ഓ മുആദ്! ഒരു പക്ഷേ ഈ വര്‍ഷത്തിന് ശേഷം നിങ്ങളെന്നെ കണ്ടില്ലെന്ന് വരാം. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ മുആദ് (റ) വാവിട്ട് കരഞ്ഞു. (അഹ്മദ്)
                    ഇവിടെ തന്നെ തുടരാനും അല്ലെങ്കില്‍ അല്ലാഹുവിലേക്ക് പോകാനും ഒരു ദാസന് അല്ലാഹു അനുമതി നല്‍കി എന്ന് പുണ്യറസൂല്‍ (സ്വ) പറഞ്ഞപ്പോള്‍ അത് അവിടുന്നിന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ അബൂബക്കര്‍ (റ) പൊട്ടിക്കരഞ്ഞു( ബുഖാരി).
അബ്ദുല്ലാഹി ബ്നു ഉമറി (റ) ല്‍ നിന്നും നിവേദനം: അബൂബക്കറി (റ) ന്‍റെ മരണകാരണം തന്നെ പുണ്യറസൂലി(സ്വ) ന്‍റെ വേര്‍പാടായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടോട് കൂടി അബൂബക്കറി (റ) ന്‍റെ ശരീരം മെലിയാന്‍ തുടങ്ങി (മുസ്നദു അബീബക്കര്‍). 
                   അബൂജഅ്ഫറി (റ) ല്‍ നിന്നും നിവേദനം: പുണ്യറസൂലി(സ്വ) ന്‍റെ വിയോഗശേഷം അവടുന്നിന്‍റെ പുന്നാരമകള്‍ ഫാത്വിമ (റ) ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല (അല്‍വഫാ -ഇബ്നുല്‍ ജൗസി).പുണ്യറസൂലി (സ്വ) നെ മറവ് ചെയ്തവരില്‍ പെട്ട അനസ് (റ) നോട് ഫാത്വിമ ബീവി (റ) ചോദിച്ചു: ഓ! അനസ്! പുണ്യറസൂലി (സ്വ) നെ മണ്ണില്‍ മറവ് ചെയ്ത് നിങ്ങള്‍ക്കെങ്ങനെ തിരിച്ചുവരാന്‍ സാധിച്ചു. ഹമ്മാദ് (റ) പറയുന്നു: ഈ സംഭവം ഉദ്ധരിച്ച് അനസി (റ) ന്‍റെ ശിഷ്യനും പ്രഗത്ഭ താബിഉമായ സാബിത്തുല്‍ ബുനാനി (റ) തന്‍റെ വാരിയെല്ലുകള്‍ കോര്‍ക്കുന്ന രൂപത്തില്‍ ഏങ്ങിക്കരഞ്ഞു (അല്‍വഫാ-ഇബ്നുല്‍ജൗസി).
                             അലി (റ) യില്‍ നിന്നും നിവേദനം: ഫാത്വിമ ബീവി (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റില്‍ നിന്നും ഒരുപിടി മണ്ണെടുത്ത് മഹതിയുടെ കണ്ണോട് ചേര്‍ത്ത് വെച്ച് കരഞ്ഞു കൊണ്ട് പറയുമായിരുന്നു: അങ്ങയുടെ ഖബറിന്‍റെ മണ്ണ് വാസനിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഇനി വേറെ സുഗന്ധത്തിലേക്ക് ആവശ്യമില്ല (അല്‍ വഫാ - ഇബ്നുല്‍ ജൗസി, സുബ്ലുല്‍ ഹുദാ).
                       പുണ്യറസൂലി (സ്വ) ന്‍റെ വിയോഗശേഷം ഹബീബില്ലാത്ത മദീനയില്‍ നില്‍ക്കാനാവാതെ ബിലാല്‍ (റ) മദീന വിടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ അബൂബക്കര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ പള്ളിയില്‍ വാങ്ക് കൊടുത്തു കൊണ്ട് തന്നെ ബിലാല്‍ (റ) തുടരണമെന്ന ആഗ്രഹത്തോടെ അബൂബക്കര്‍ (റ) ബിലാലി (റ) നെ മദീന വിട്ട് പോകുന്നതിനെ വിലക്കിയപ്പോള്‍ ബിലാല്‍ (റ) അബൂബക്കറി (റ) നോട് പറഞ്ഞു: പുണ്യറസൂലി(സ്വ)ല്ലാത്ത മദീനയില്‍ നില്‍ക്കാന്‍ എനിക്ക് സാധ്യമല്ല. പുണ്യറസൂല്‍ (സ്വ) നിന്നിരുന്ന സ്ഥലം അവിടുന്നില്ലാതെ കാണാന്‍ എനിക്ക് ശക്തിയില്ല (കര്‍മാനി). ബിലാലി (റ) ന്‍റെ മറുപടി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ: ഓ! അബൂബക്കര്‍! താങ്കള്‍ വില കൊടുത്ത് വാങ്ങി എന്നെ മോചിപ്പിച്ചത് താങ്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്നെ മദീന വിട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞുകൊള്ളുക. അല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചാണ് എന്നെ മോചിപ്പിച്ചതെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. (ബുഖാരി). പുണ്യറസൂല്‍ (സ്വ) നിന്ന മിമ്പറും മിഹ്റാബും അവിടുന്നിന്‍റെ ഭവനവും മറ്റു സ്ഥലങ്ങളും അവിടുന്നില്ലാതെ കാണാന്‍ എനിക്ക് സാധിക്കില്ലായെന്ന് പറഞ്ഞത് ബിലാലാ (റ) ണ്. 
                       കനലായി മാറുന്ന മണലില്‍ മക്കയിലെ മുശ്രിക്കുകള്‍ ബിലാലിനെ വിവസ്ത്രനായി കിടത്തി വെയിലിന്‍റെ താപമേറ്റ് ചുട്ടുപഴുത്ത പാറക്കല്ല് ചുമന്ന് കൊണ്ടുവന്ന് മാറില്‍ വെച്ച് താഴെയും മേലെയും ഒരുപോലെ ചുട്ടുപൊള്ളുന്ന സമയത്ത് ലാത്തയേയും ഉസ്സയെയും വിളിക്കൂ എന്ന് ആക്രോശിക്കുമ്പോഴും "അഹദ്.. അഹദ്" എന്ന് മാത്രം മന്ത്രിച്ച അധരങ്ങളുടെ ഉടമയായ അതിധീരനായ ബിലാലി (റ) ന് പ്രത്യക്ഷത്തില്‍ പുണ്യറസൂലില്ലാത്ത മദീനയില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അവിടുന്ന് നില്‍ക്കുകയും ഇരിക്കുകയും ചെയ്ത സ്ഥലങ്ങളിലേക്ക് അവിടുന്നില്ലാതെ നോക്കാന്‍ അശക്തനായിരുന്നു ധീരനായ ബിലാല്‍ (റ). 
                      അമ്മാറ് ബ്നു യാസിര്‍ (റ) പറയുന്നു: മക്കാ മുശ്രിക്കുകള്‍ പറയാന്‍ ആഗ്രഹിച്ചത് ശക്തമായ പീഡനങ്ങള്‍ ഏറ്റപ്പോള്‍ ബിലാല്‍ (റ) ഒഴികെയുള്ള എല്ലാവരും പറഞ്ഞു: ഈ ശക്തമായ പീഡനത്തില്‍ നിന്നും ബിലാലി (റ) നെ വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കിയത് അബൂബക്കര്‍ (റ) ആണ്. അദ്ദേഹത്തോടാണ് ബിലാല്‍ (റ) പറഞ്ഞത്: നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് വാങ്ങിയതെങ്കില്‍ എന്നെ തടഞ്ഞുകൊള്ളുക. അതല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചിട്ടാണെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. അങ്ങനെ ബിലാല്‍ (റ) മദീന വിട്ട് ശാമിലെ ഹലബ് എന്ന പ്രദേശത്ത് താമസിക്കുമ്പോള്‍ പുണ്യറസൂല്‍ (സ്വ) സ്വപ്നത്തില്‍ വന്ന് ചോദിച്ചു: എന്ത് പറ്റി ബിലാലേ? താങ്കള്‍ക്ക് എന്നെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? പേടിച്ച് വിഷമിച്ച് സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ബിലാല്‍ (റ) ഒട്ടകപ്പുറത്ത് കയറി  "ലബ്ബൈക്ക യാ റസൂലല്ലാഹ്" (ഞാനിതാ വീണ്ടും വീണ്ടും അവിടുന്നിന്‍റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്ന് പറഞ്ഞ് മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മദീനയിലെത്തി ആദ്യം ചെന്നത് പുണ്യറസൂലി (സ്വ) ന്‍റെ റൗളാ ശരീഫിലായിരുന്നു. ബിലാല്‍ (റ) തന്‍റെ മുഖം പുണ്യറസൂലി (സ്വ) ന്‍റെ ഖബറിനോട് ചേര്‍ത്ത് വെച്ച് കരയാന്‍ തുടങ്ങി. അവിടേക്ക് പുണ്യറസൂലി (സ്വ) ന്‍റെ പേരക്കിടാങ്ങളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ കടന്നുവന്നു. ബിലാല്‍ (റ) അവരെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. അവരിരുവരും ബിലാലി (റ) നോട് പറഞ്ഞു: താങ്കള്‍ താങ്കളുടെ വാങ്ക് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് കൊതിയാവന്നു. പുണ്യറസുലിന്‍റെ മക്കളല്ലേ അവരുടെ ആഗ്രഹം ബിലാലിന് തള്ളിക്കളയാന്‍ പറ്റുമോ? ബിലാല്‍ (റ) പള്ളിയുടെ മച്ചില്‍ കയറി സാധാരണ വാങ്ക് കൊടുക്കാന്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് വാങ്ക് കൊടുക്കാന്‍ തുടങ്ങി. അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍.. എന്ന ബിലാലി (റ) ന്‍റെ ശബ്ദം മദീനയെ പ്രകമ്പനം കൊള്ളിച്ചു. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്.. എന്ന് കൂടി പറഞ്ഞപ്പോള്‍ പ്രകമ്പനം കൂടുതലായി. അശ്ഹദു അന്ന മുഹമ്മദന്‍ എന്ന് കേള്‍ക്കേണ്ട താമസം സ്ത്രീകളും കുട്ടികളും വൃദ്ധകളും വീട് വിട്ട് പുറത്തിറങ്ങി പറയാന്‍ തുടങ്ങി: പുണ്യറസൂലി (സ്വ) നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗത്തിന് ശേഷം ആ ദിവസത്തേക്കാളും ഒരാളും കരഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല (ഇബ്നു അസാകിര്‍). 
                   സൈദ് (റ) തന്‍റെ പിതാവായ അസ്ലമി (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഉമര്‍ ബ്നു ഖത്താബ് (റ) മസ്ജിദുന്നബവിയിലേക്ക് ചെന്നപ്പോള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ മുആദ് ബ്നു ജബല്‍ (റ) ഇരുന്ന് കരയുകയായിരുന്നു. (ത്വബ്റാനി, ഇബ്നുമാജ, ഹാകിം). മുഹമ്മദ് ബ്നുല്‍ മുന്‍കദിറില്‍ നിന്നും നിവേദനം: "പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ജാബിര്‍ (റ) ഇരുന്ന് കരയുന്നതായി ഞാന്‍ കണ്ടു. ജാബിര്‍ (റ) പറയുന്നുണ്ടായിരുന്നു: ഈ സന്നിധിയിലാണ് കണ്ണുനീര്‍ വാര്‍ക്കേണ്ടത് (ബൈഹഖി). 
                           ഇബ്നുല്‍ മുബാറക് (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ആഇശ ബീവി (റ) യുടെ അരികില്‍ വന്ന് പറഞ്ഞു: എനിക്ക് പുണ്യറസൂലി (സ്വ) ന്‍റെ ഖബ്ര്‍ ഒന്ന് കാണിച്ചു തരണം. ആഇശ ബീവി (റ) ആ സ്ത്രീക്ക് ഖബ്ര്‍ കാണിച്ചു കൊടുത്തു. ആ സ്ത്രീ കരഞ്ഞ് കരഞ്ഞ് മരിച്ചു (അഹ്മദ്, ശിഫാ).
അബ്ദുല്ലാഹി ബ്നു ദീനാറി (റ) ല്‍ നിന്നും അബ്ദുല്ലാഹി ബ്നു ഉമര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ നിന്ന് പുണ്യറസൂലി (സ്വ) ന്‍റെയും അബൂബക്കര്‍ (റ), ഉമര്‍ (റ) ന്‍റെയും മേലില്‍ സ്വലാത്ത് ചൊല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മുവത്വ). ദാവൂദ് ബ്നു അബീസ്വാലിഹി (റ) ല്‍ നിന്നും നിവേദനം: "മസ്ജിദുന്നബിയിലെത്തിയ മര്‍വാന്‍ (റ) ഒരാള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മേല്‍ മുഖം വെച്ചിരിക്കുന്നത് കണ്ട് മര്‍വാന്‍ (റ) ചോദിച്ചു: നിങ്ങള്‍ എന്താ കാണിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? അയാള്‍ തല ഉയര്‍ത്തിയപ്പോള്‍ അത് പുണ്യറസൂലി (സ്വ) ന്‍റെ പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബില്‍ അന്‍സ്വാരി (റ) ആയിരുന്നു. തല ഉയര്‍ത്തിയ അബൂ അയ്യൂബ് (റ) മറുപടി പറഞ്ഞു: അറിയാം. ഞാന്‍ വന്നത് പൂണ്യറസൂലി (സ്വ) ന്‍റെ സമക്ഷത്തിലാണ്. അല്ലാതെ ഏതെങ്കിലും കല്ലിന്‍റെ അരികിലില്ല. (അഹ്മദ്, ഹാകിം, ത്വബ്റാനി). അബ്ദുല്ല തന്‍റെ പിതാവായ മുനീബില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ചെന്ന് അനസ് ബ്നു മാലിക് (റ) കൈ ഉയര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (ബൈഹഖി). നാഫിഇല്‍ നിന്നും നിവേദനം: നിശ്ചയം ഇബ്നു ഉമര്‍ (റ) യാത്ര കഴിഞ്ഞു വന്നാല്‍ രണ്ട് റക്അത്ത് നിസ്കരിക്കുകയും നിസ്കരിച്ചതിന് ശേഷം പുണ്യറസൂലി (സ്വ) നെ സന്ദര്‍ശിക്കും. അദ്ദേഹത്തിന്‍റെ വലത് കരം പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മുകളില്‍ വെച്ച് ഖിബ്ലയിലേക്ക് പിന്നിട്ട് പുണ്യറസൂലി (സ്വ) ന് സലാം ചൊല്ലും. പിന്നെ അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലും (ശിഫാ).
                       ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ) ബുഖാരിയുടെ വിശദീകരണമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: പുണ്യറസൂലിന്‍റെ മിമ്പറും ഖബ്റും ചുംബിക്കുന്നതില്‍ വിരോധമില്ലെന്ന് അഹ്മദ് ബ്നു ഹമ്പലി (റ) ല്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മഹാനായ അബ്ദുല്ലാഹി ബ്നു സൈദ് (റ) തന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പുണ്യറസൂലി (സ്വ) ന്‍റെ വിയോഗവിവരം അറിയുന്നത്. ഉടനെ മഹാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: നാഥാ! എന്‍റെ കണ്ണിന്‍റെ കാഴ്ച നീ എടുത്തു കളയണേ! എന്‍റെ ഹബീബില്ലാത്ത ലോകത്ത് എനിക്ക് ഇനി ഒരാളെയും കാണണ്ട (മവാഹിബ്). ഖാസിം ഇബ്നു മുഹമ്മദില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ നിന്നും ഒരു സ്വഹാബിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹത്തെ സന്ദര്‍ശിച്ച ചിലര്‍ കണ്ണിന്‍റെ കാഴ്ച തിരിച്ചു കിട്ടട്ടെ എന്ന് പറഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: ഞാന്‍ രണ്ട് കണ്ണിന്‍റെയും കാഴ്ച ആഗ്രഹിച്ചത് എന്‍റെ ഹബീബിനെ കാണാനായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗ ശേഷം അല്ലാഹുവാണേ സത്യം എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചാലും ഞാന്‍ സന്തോഷിക്കുകയില്ല (അല്‍ അദബുല്‍ മുഫ്റദ്).
                      പുണ്യറസൂല്‍ (സ്വ) ചേര്‍ന്ന് നിന്ന് ഖുത്വുബ ഓതിയിരുന്ന ഈത്തപ്പനത്തടി അവിടുന്ന് മറ്റൊന്നിലേക്ക് മാറിയതിന്‍റെ പേരില്‍ ഏങ്ങിയേങ്ങി കരഞ്ഞെങ്കില്‍ നാമല്ലേ അവിടുന്നിന്‍റെ വേര്‍പാടിന് വേണ്ടി കരയാന്‍ ഏറ്റവും അര്‍ഹര്‍. അവിടുന്നിന്‍റെ ബഹുമാനത്തിന്‍റെ ഭാഗമായാണ് പുണ്യറസൂലിനുള്ള വണക്കം അല്ലാഹുവിനുള്ള വണക്കം തന്നെയാണെന്ന് അല്ലാഹു പറഞ്ഞത്. "വല്ലവനും പുണ്യറസൂലി (സ്വ) നെ വഴിപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനെ തന്നെയാണ് വഴിപ്പെടുന്നത്". 
                                                                                                              - ബാഖവി -

No comments:

Post a Comment

Related Posts Plugin for WordPress, Blogger...