നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 12 August 2018

ഹജ്ജ് ഒരു അവലോകനം

ഹജ്ജ് ഒരു അവലോകനം

      തീവ്രവാദത്തിന്‍റെ പേരില്‍ ലോക രാജ്യങ്ങള്‍ തമ്മിലടിക്കുന്ന ദയനീയരംഗം. ഓരോ രാജ്യവും തങ്ങളുടെ കര നാവിക വ്യോമ സേനകള്‍ക്ക് അടിയന്തിര ക്ലാസ്സ് നല്‍കുന്ന ഭീതിജനകമായ അവസ്ഥ. രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം വന്‍ ആയുധ ശേഖരത്തിനായി പുതിയ കരാറുകള്‍ ഒപ്പു വെക്കുന്ന ധൃതിയിലാണ്. വ്യക്തികളും കുടുംബവും സമൂഹവും നാട്ടുകാരും രാജ്യങ്ങളും പരസ്പരം രഞ്ജിപ്പില്ലാത്ത കാലം. മനുഷ്യത്വം അന്യവത്കരിക്കപ്പെടുന്ന കാലം. ലോകം മുഴുവന്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും ശുഭ പ്രഭാതത്തിനായി കണ്ണും നട്ടിരിക്കുമ്പോള്‍ സമത്വത്തിന്‍റെയും സമാധാനത്തിന്‍റെയും ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹിത സന്ദേശവുമായി ഒരിക്കല്‍ കൂടി വിശുദ്ധ ദുല്‍ഹിജ്ജ മാസം കടന്നുവരുന്നു.
        ഭാഷ ദേശ വര്‍ഗ്ഗ വംശ വര്‍ണ്ണ വൈജാത്യ ചിന്തകള്‍ക്കതീതമായ മാതൃകാപരവും ചിന്തനീയവുമായ ആഗോള മുസ്ലിം കൂട്ടായ്മക്ക് ദുല്‍ഹജ്ജ് 9 ന് അറഫാ മൈതാനം ഒരിക്കല്‍ കൂടി സാക്ഷിയാകാന്‍ പോകുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസമോ നീരുറവയോ ഇല്ലാതെ വറ്റി വരണ്ട ഊഷര ഭൂമി ചരിത്രഭൂമിയായി മാറി. ആ മഹിത മണ്ണ് ജീവിതത്തിലൊരിക്കലെങ്കിലും സ്പര്‍ശിക്കാന്‍ ഒരവസരം നല്‍കണേ എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. ഈ നിലയിലുള്ള ഒരു സംഘാടനം മറ്റൊരു മതത്തിനും അവകാശപ്പെടാവതല്ല. എല്ലാ വെള്ളിയാഴ്ചകളിലും സംഘടിത നിസ്കാരത്തിനായി കൂടുന്നു. വര്‍ഷത്തില്‍ ഒരു മാസത്തില്‍ എല്ലാ വരും നോമ്പനുഷ്ഠിക്കുന്നു. എല്ലാറ്റിനും പുറമെ ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ചരിത്രഭൂമിയായ അറഫയില്‍ ഒത്തുകൂടുന്നു. കര്‍മ്മങ്ങളിലെ സാമൂഹ്യസ്വഭാവത്തിന് ഇസ്ലാമില്‍ സമഗ്രാധിപത്യമാണുള്ളത്. 
         പരിശുദ്ധ ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും ആഗതമാവുന്നത് രണ്ട് ത്യാഗോജ്ജ്വല പരിത്യാഗങ്ങളുടെ പരിസമാപ്തി കുറിച്ച് കൊണ്ടാണ്. ഒരു സമഗ്രമാറ്റത്തിനുതകുന്ന ഉന്നതമായ ഭക്തിയും ആത്മീയ പ്രഭയുമാണ് ഹജ്ജ് സമ്മാനിക്കുന്നത്. പരിശുദ്ധ ഹജ്ജ് നല്‍കുന്ന സന്ദേശം ജീവിതത്തില്‍ പ്രയോഗത്തിലെത്തിക്കാന്‍ സാധിച്ചാല്‍ വിജയം സുനിശ്ചിതം. പക്ഷേ, ഇത് സാധ്യമാകുന്നവര്‍ അംഗുലീ പരിമിതം.
           മറ്റ് കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാരീരിക ത്യാഗവും ധന വ്യയവും മാനസിക സമര്‍പ്പണവും മൂന്നും കൂടി സമ്മേളിക്കുന്ന അതിശ്രേഷ്ഠ കര്‍മ്മമാണ് ഹജ്ജ്. സ്വന്തം ജീവന്‍ പോലും അല്ലാഹുവിന് സമര്‍പ്പിക്കാനുള്ള ഉന്നത മനോ ധൈര്യവുമായി ഇറങ്ങിത്തിരിക്കുന്നു. ജിഹാദിന്‍റെ പുണ്യം സ്വീകാര്യയോഗ്യമായ ഹജ്ജിനുണ്ടെന്ന് പണ്യറസൂല്‍ (സ്വ) പഠിപ്പിച്ചു. ഒരിക്കല്‍ മഹതി ആഇശ ബീവി (റ) പുണ്യനബി (സ്വ) യോട് ചോദിച്ചു. ഓ! അല്ലാഹുവിന്‍റെ ദൂതേര! സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടോ? അവിടുന്ന് പറഞ്ഞു: അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും. മറ്റൊരു ഹദീസില്‍ "മുഴുവന്‍ ദുര്‍ബലര്‍ക്കുള്ള ജിഹാദാണ് ഹജ്ജ്" എന്ന് കാണാം. ഉംറയെ കുറിച്ച് പുണ്യറസൂല്‍ (സ്വ) പറഞ്ഞു; ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. മറ്റൊരു ഹദീസില്‍ റമളാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ് എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറഞ്ഞു: അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവീന്‍. കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥയോടെയും നിഷ്കളങ്കയോടെയുമാവണം. ആളുകള്‍ക്കിടയില്‍ ഒരു ഹാജി മാത്രമാവാന്‍ വേണ്ടിയാവരുത്. 
എല്ലാ കര്‍മ്മങ്ങള്‍ക്കും രഹസ്യവും പരസ്യവുമുണ്ട്. ഉള്ളും പുറവുമുണ്ട്. പ്രത്യക്ഷവും പരോക്ഷവുമുണ്ട്. കേവലം പുറംപൂച്ചില്‍ മാത്രം കുടുങ്ങിപ്പോവാതെ നോക്കണം. ഇപ്രകാരം ഹജ്ജിനുമുണ്ട് ഇരുതലങ്ങളും. നാടും വീടും കുടുംബവും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് മക്കയിലെത്തി പുണ്യഹജ്ജ് നിര്‍വ്വഹിക്കലാണ് ബാഹ്യരൂപം. എന്നാല്‍ ആന്തരിക രൂപം അല്ലാഹുവിനെ പ്രാപിക്കലാണ്. തന്‍റെ ശരീരം പ്രത്യക്ഷത്തില്‍ ദുന്‍യാവിലെ കാര്യങ്ങളുമായി ബന്ധിച്ച് നില്‍ക്കുന്നുവെങ്കിലും മനസ്സില്‍ അല്ലാഹു അതൊന്ന് മാത്രമാണ് ചിന്ത. അവനല്ലാത്ത സര്‍വ്വതും വിട്ട് യാത്രയാവണം. ഒന്ന് പ്രത്യക്ഷയാത്ര. മറ്റേത് പരോക്ഷമായ ആത്മീയ യാത്ര.
ഹജ്ജിന്‍റെ ക്രമം
 ഹജ്ജ് വളരെ സങ്കീര്‍ണ്ണമായ അമലായത് കൊണ്ട് തന്നെ അതിനെ സംബന്ധിക്കുന്ന നിയമങ്ങളും സങ്കീര്‍ണ്ണമായിരിക്കുമല്ലോ?. ഹജ്ജിന്‍റെ അമലുകളെ പൊതുവായും മൂന്നായിട്ടാണ് വിഭജിച്ചിരിക്കുന്നത്. 1. റുക്നുകള്‍ 2. വാജിബാത്തുകള്‍ 3. സുന്നത്തുകള്‍.ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ ഇവ മൂന്നും ഇടകലര്‍ന്നു വരുന്നതായി കാണാം. ഇവകളെ വേണ്ട രീതിയില്‍ യഥാര്‍ത്ഥ സമയത്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രമേ ഹജ്ജ് സ്വീകാര്യയോഗ്യമാവുകയുള്ളൂ. അതു കൊണ്ട് തന്നെ ഹജ്ജിന്‍റെ കര്‍മ്മങ്ങളെ ക്രമമായി താഴെ വിവരിക്കാം.
1. ഇഹ്റാം ചെയ്യല്‍
   ഇഹ്റാം ചെയ്യല്‍ ഹജ്ജില്‍ ഒഴിച്ചു കൂടാനാവാത്ത അമലാണ്. ഇഹ്റാം ചെയ്യുന്നതിലൂടെയാണ് വ്യക്തി ഹജ്ജില്‍ പ്രവേശിക്കുന്നതും. ഹജ്ജിന്‍റെ നിയ്യത്ത് ചെയ്യലാണ് ഇഹ്റാം ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജിന്‍റെ ആദ്യപത്ത് ദിനങ്ങള്‍ (പെരുന്നാള്‍ ദിനം സുബ്ഹി വരെ) ഹജ്ജിന്‍റെ ഇഹ്റാം ചെയ്യാനുള്ള സമയമാണ്. ഇഹ്റാമിലൂടെ ഹജ്ജില്‍ പ്രവേശിക്കുന്ന വിശ്വാസി അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് മുന്നില്‍ സവിനയം തലകുനിക്കുന്നു. ഇവിടെ നിസ്കാരത്തിലെ പ്രതിജ്ഞകള്‍ കര്‍മ്മരൂപം പ്രാപിക്കുന്നു. അല്ലെങ്കില്‍ ഒരു ഹാജിക്ക് മാത്രമേ അതിന് സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ നിസ്കാരം പ്രകീര്‍ത്തനവും പ്രതിജ്ഞയും പ്രാര്‍ത്ഥനയുമാണെങ്കില്‍ ഹജ്ജ് പ്രകീര്‍ത്തനവും പ്രയത്നവും പ്രാര്‍ത്ഥനയുമാണ്.
2. ഖുദൂമിന്‍റെ ത്വവാഫ് (ആഗമന ത്വവാഫ്)
ഹാജിയെ സംബന്ധിച്ചിടത്തോളം രണ്ടാമതായി അവന്‍ ചെയ്യേണ്ടത് ഖുദൂമിന്‍റെ ത്വവാഫാണ്. ശക്തിയായ സുന്നത്തുള്ള കര്‍മ്മം കഅ്ബക്കുള്ള തഹിയ്യത്ത് (കാണിക്ക) കൂടിയാണ്. അറഫയില്‍ നിറുത്തത്തിന് മുമ്പ് ത്വവാഫ് ചെയ്യണമെന്നുള്ളത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കാരണം അറഫയില്‍ നില്‍ക്കല്‍ കൊണ്ട് ഖുദൂമിന്‍റെ ത്വവാഫ് നഷ്ടപ്പെട്ടു പോകും.
3. സ്വഫാ മര്‍വക്കിടയില്‍ സഅ്യ്
  ഭൗതികവും ആത്മീയവുമായ ജീവിതത്തിന്‍റെ വിജയത്തിനായി എന്തൊക്കെയാണോ നമുക്കില്ലാത്തത് അവ നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഈ കര്‍മ്മം നമ്മെ ബോധവാന്‍മാരാക്കുന്നു. ഇവിടെ വിഭവരാഹിത്യവും നിസ്സഹായതയും മുന്നോട്ടുള്ള യാത്രയില്‍ തടസ്സമായിക്കൂടാ എന്ന സന്ദേശം കൂടി സഅ്യ് നല്‍കുന്നുണ്ട്. ഹാജറാ (റ) ബീവിയുടെ ചരിത്രം നല്‍കുന്ന പാഠവും അതാണല്ലോ. നിസ്സഹായതയുടെ മറപിടിച്ച് നിഷ്ക്രിയയായി ചുരുണ്ടു കൂടാന്‍ ആ ഭക്തക്ക് സാധിക്കുമായിരുന്നു. പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനായിരുന്നുവല്ലോ അവരുടെ ശ്രമം. ഹാജറാ ബീവി (റ) യുടെ മാതൃകാപരമായ ഈ സമീപനം ലോക മുസ്ലിംകള്‍ക്ക് മുഴുവന്‍ പാഠമാകേണ്ടതുണ്ട്. 
ഹജ്ജിന്‍റെ പ്രധാനപ്പെട്ട ഫര്‍ളായ സഅ്യ് ഏഴ് പ്രാവശ്യം ചെയ്തു എന്ന് ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്. ഒരാള്‍ ഖുദൂമിന്‍റെ ത്വവാഫ് ചെയ്താല്‍ അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ സഅ്യ് ചെയ്യണം. അല്ലാത്ത പക്ഷം ഫര്‍ളായ ത്വവാഫിന് ശേഷമേ സഅ്യ് സ്വഹീഹാകൂ.
4. മിനായില്‍ രാപാര്‍ക്കല്‍
  ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ മുഖ്യമായ മറ്റൊരു കര്‍മ്മമാണ് രാപാര്‍ക്കല്‍. ഇബ്റാഹിം നബി (അ) തന്‍റെ പുത്രനെ അല്ലാഹുവിന്‍റെ കല്പന പ്രകാരം അറുക്കാന്‍ തയ്യാറായതിനെ അനുസ്മരിച്ച് ഹജ്ജിനായി ഒരുമിച്ചു കൂടുന്ന വിശ്വാസികള്‍ ബലിയറുക്കുന്നത് മിനായില്‍ വെച്ചാണ്. 
ദുല്‍ഹജ്ജ് 9 ന്‍റെ രാവ് മിനയില്‍ താമസിക്കല്‍ സുന്നത്തും അയ്യാമുത്തശ്രീഖ് (ദുല്‍ ഹ്ജജ് 11,12,13) ന്‍റെ രാത്രികളില്‍ രാപാര്‍ക്കല്‍ വാജിബുമാണ്. വാജിബായ രൂപത്തില്‍ രാത്രിയുടെ ഭൂരിഭാഗവും (പകുതിയില്‍ കൂടുതലും) മിനയില്‍ തങ്ങല്‍ നിര്‍ബന്ധമാണ്.
5. തിരിച്ചറിവിന്‍റെ അറഫ
          നബി (സ) പറഞ്ഞു:"അറഫയാകുന്നു ഹജ്ജ്". ഹജ്ജിലെ പ്രധാനപ്പെട്ട റുക്നാണ് അറഫയില്‍ നില്‍ക്കല്‍. വാക്കര്‍ത്ഥം സൂചിപ്പിക്കുന്നതു പോലെ അറഫ തിരിച്ചറിവിന്‍റെ  ഇടമാണ്. താനടക്കം എല്ലാ സൃഷ്ടികളും മഹ്ശറ എന്ന വലിയ സത്യത്തെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ്!.
ദുല്‍ഹജ്ജ് 9 ഉച്ചതിരിഞ്ഞതു മുതല്‍ പെരുന്നാള്‍ ദിനം സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് വരെ ഏതെങ്കിലും ഒരു സെക്കന്‍റില്‍ അറഫയില്‍ ഹാജരായാല്‍ ഫര്‍ള് കരസ്ഥമാകും. ആദിമ കാലത്തെ അനുസ്മരിപ്പിക്കുന്ന അറഫ അന്ത്യത്തെ കുറിച്ച് അവബോധവും വിശ്വാസിക്ക് കൈമാറുന്നു.
6. കര്‍മ്മത്തിലേക്ക് ക്ഷണിക്കുന്ന മുസ്ദലിഫ
          അറഫയിലൂടെ സ്വന്തത്തെ അറിഞ്ഞ വിശ്വാസി അറിവിനെ കര്‍മ്മത്തി നോടടുപ്പിക്കാനുള്ള തയ്യാറെടുപ്പാണല്ലോ 'അടുക്കുന്നവര്‍' എന്നര്‍ത്ഥം വരുന്ന മുസ്ദലിഫയിലേക്ക് പോകുന്നതിന്‍റെ ആന്തരീകമായ ഉദ്ദേശ്യം.
പെരുന്നാള്‍ രാവിന്‍റെ പകുതിക്കു ശേഷം കുറച്ച് സമയമെങ്കിലും മുസ്ദലിഫയില്‍ താമസിക്കല്‍ വാജിബാണ്. അല്ലാത്ത പക്ഷം അറവ് നിര്‍ബന്ധമാകുന്നതാണ്. തക്കതായ കാരണത്തിന്‍റെ പേരിലാണ് നിറുത്തം ഒഴിവാക്കിയതെങ്കില്‍ അറവ് നടത്തേണ്ടതില്ല. പെരുന്നാള്‍ ദിനം സുബ്ഹിക്ക് ശേഷം മശ്അറുല്‍ ഹറാമില്‍ (മുസ്ദലിഫയുടെ അവസാനം കാണുന്ന ചെറിയ കുന്ന്) നില്‍ക്കലും ശക്തിയായ സുന്നത്താണ്.
7. ജംറകളില്‍ എറിയല്‍
          ജംറകളില്‍ എറിയുന്ന വിശ്വാസി ഹജ്ജിന്‍റെ വാജിബായ ഒരു കര്‍മ്മം നിര്‍വ്വഹിക്കുന്നു എന്നതിലുപരി പിശാചിനോടുള്ള പ്രതിഷേധമറിയിക്കുകയും പ്രപഞ്ചനാഥന്‍റെ തൃപ്തി കാംക്ഷിക്കുക കൂടി ചെയ്യുന്നു.
രണ്ട് ഘട്ടങ്ങളായാണ് ജംറകളില്‍ കല്ലെറിയുന്നത്. പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ പെരുന്നാളിന്‍റെ ഏറിന് സമയമാവുകയാണ്. ഈ സമയം ജംറത്തുല്‍ അഖബയില്‍ മാത്രമേ കല്ലെറിയുന്നുള്ളൂ.
രണ്ടാം ഘട്ടം ദുല്‍ഹജ്ജ് 11,12,13 തീയതികളില്‍ എല്ലാ ജംറകളിലും കല്ലെറിയണം. അതാതു ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് എറിയേണ്ട സമയം. 
മുടികളയലും റുക്നിന്‍റെ ത്വവാഫും
പെരുന്നാള്‍ രാവ് പകുതി കഴിഞ്ഞതു മുതല്‍ മരണം വരെ സമയവിശാലതയുള്ള രണ്ട് റുക്നുകളാണ് മുടികളയലും റുക്നിന്‍റെ (ഇഫാളത്തിന്‍റെ) ത്വവാഫും. കുറഞ്ഞ പക്ഷം മൂന്ന് മുടിയെങ്കിലും കളയണമെന്നാണ് നിയമം. മുടി കളയല്‍ റുക്നിന്‍റെ ത്വവാഫിന് മുമ്പ് ചെയ്യലാണ് ഉത്തമം.
ഇവിടെ ഒരു പുതിയ മനുഷ്യന്‍റെ ജന്മത്തെയാണ് സൂചിപ്പിക്കുന്നത്. ഹജ്ജിലൂടെ ആത്മശാന്തിയും സ്രഷ്ടാവിന്‍റെ പ്രീതിയും കരസ്ഥമാക്കിയ ഒരു പുതിയ മനുഷ്യന്‍റെ ജനനം. സ്വീകാര്യ യോഗ്യമായ ഹജ്ജിന്‍റെ പ്രതിഫലമായി നബി (സ) എണ്ണിയതിന്‍റെ താല്‍പര്യവും ഒരു നവജാത ശിശുവിനെ പോലെയാകുമെന്നായിരുന്നല്ലോ. 
ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിന്ന് മുന്‍ഗണനാ ക്രമമനുസരിച്ച് നോക്കുമ്പോള്‍ അവസാനത്തെ റുക്നാണ് ഇഫാളത്തിന്‍റെ ത്വവാഫ്. റുക്നിന്‍റെ ത്വവാഫ് എന്നും ഇതിന് പറയാറുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ പെരുന്നാള്‍ രാവ് പകുതിയായത് മുതല്‍ മരണം വരെ ഇതിന് സമയം നല്‍കപ്പെട്ടിട്ടുണ്ട്. ഇമാം സര്‍ക്കശി (റ) യെ പോലുള്ളവര്‍ അറഫയില്‍ നില്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ഇഫാളത്തിന്‍റെ ത്വവാഫ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിടവാങ്ങല്‍ ത്വവാഫ്
നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുമ്പോള്‍ ഹറമിനോട് വിടവാങ്ങുന്നതിനോടനുബന്ധിച്ച് ചെയ്യുന്ന വാജിബായ ത്വവാഫാണ് ഇത്. ഇമാം ബഗ്വി (റ) പറയുന്നു: "വിടവാങ്ങല്‍ ത്വവാഫ് ഹജ്ജിന്‍റെ അമലുകളില്‍ പെട്ടതല്ല. മറിച്ച് മക്കയില്‍ നിന്ന് രണ്ട് മര്‍ഹലക്കപ്പുറം യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് മക്കക്കാരന്‍, അല്ലാത്തവന്‍ എന്ന വ്യത്യാസമില്ലാതെ ഈ നിയമം ബാധകമാകുന്നതാണ്. ഇനി ഹജ്ജിന് ശേഷം മക്കയില്‍ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
നബി (സ) യുടെ റൗള സിയാറത്ത്
നബി (സ) പറഞ്ഞു: "ആരെങ്കിലും എന്‍റെ ഖബ്ര്‍ സന്ദര്‍ശിച്ചാല്‍ അവന്‍റെ മേല്‍ എന്‍റെ ശിപാര്‍ശ നിര്‍ബന്ധമായി". ഹജ്ജില്‍ നിന്ന് വിരമിച്ചവര്‍ക്ക് നബി (സ) യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ ശക്തിയായ സുന്നത്താണ്. തദ്വിഷയത്തില്‍ പ്രേരണ വന്ന ഹദീസുകളുടെ ആധിക്യം തന്നെ ഇത് സൂചിപ്പിക്കുന്നുണ്ടല്ലോ.
ഇങ്ങനെ വിവിധങ്ങളായ കര്‍മ്മങ്ങളിലൂടെ സമ്പൂര്‍ണ്ണനായ വ്യക്തി രൂപം കൊള്ളുകയാണ്. പൈശാചികതക്കെതിരെ വിപ്ലവം നടത്തുന്ന ഒരു സമ്പൂര്‍ണ്ണ വിപ്ലവകാരി ഹജ്ജിലൂടെ ജനിക്കുന്നു. ഓരോ ഹജ്ജും പൈശാചികതയ്ക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. നിരന്തര കര്‍മ്മങ്ങളിലൂടെ ഒരു ജീവിത സമരത്തിന്‍റെ ആത്മാവും ആവാഹിച്ചു കൊണ്ടാണ് വിശ്വാസികള്‍ പുണ്യഭൂമിയില്‍ നിന്ന് മടങ്ങുന്നത്. സമരം സ്വന്തം ദേശത്തും തുടരാന്‍.....
                                                                                                                                 സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...