നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 24 August 2018

കത്താത്ത തിരുകേശം



   ഒളിവിലായി പിന്നീട് തെളിവിലായി നമ്മിലേക്ക് വന്ന മുത്തുനബി (സ്വ) എല്ലാ നിലക്കും മികവുറ്റവരാണ്. ഒരു കോട്ടവും അവിടുന്നില്‍ ദര്‍ശിക്കാനോ ആര്‍ക്കും ചൂണ്ടിക്കാട്ടാനോ സാധ്യമല്ല. എങ്ങനെ സാധിക്കും? ലോകത്തിനാകെ കാരുണ്യമായി വന്ന മുത്തൊളിയല്ലേ തിരുദൂതര്‍? ആ ഒളിയുടെ ശോഭയില്‍ പ്രപഞ്ചം തന്നെ പ്രകാശിക്കുമ്പോള്‍ ആര്‍ക്കാണ് ഒരു ന്യൂനത ചൂണ്ടിക്കാണിക്കാന്‍ കഴിയുക?
എല്ലാ ന്യൂനതകളില്‍ നിന്നും പരിശുദ്ധമാക്കപ്പെട്ട ആ തിരുദേഹത്തില്‍ സ്പര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ തിരുനബി (സ്വ) യുടെ ഭാര്യമാര്‍ക്ക് എത്ര അനുഗ്രഹമാണ് അല്ലാഹു നല്‍കിയത്. അവിടുന്നിനെ ഒരു നോക്ക് കാണാന്‍ ഭാഗ്യം ലഭിക്കുക എന്നത് പോലും വലിയ കാര്യമാണ്. 
          അവിടുന്ന് കണ്‍മറഞ്ഞ് പോയാലും സമുദായത്തിന് അവിടുത്തെ സാമീപ്യം ലഭിക്കുന്നതിന് വേണ്ടി അവിടുത്തെ തലമുടിയും നഖവും മറ്റും ഉമ്മത്തിന് അവിടുന്ന് വിതരണം ചെയ്തു. അത് ലഭ്യമാക്കാന്‍ സ്വഹാബത്ത് യുദ്ധസമാനം മത്സരിച്ചു. അതെ, പെണ്ണിനും പൊന്നിനും കള്ളിനും വേണ്ടി യുദ്ധം ചെയ്ത ഒരു സമൂഹം സാധാരണ ഒരു വിലയും കല്‍പിക്കാത്ത ഒരു മുടിക്ക് വേണ്ടി മത്സരിച്ചു. തിരുകേശം ലഭിച്ചതില്‍ അഭിമാനം കൊള്ളുകയും മറ്റേതിനേക്കാളും അതിന് വില കല്‍പിക്കുകയും ചെയ്തു. തിരുകേശത്തിലൂടെ തിരുനബി (സ്വ) യുടെ സാമീപ്യവും ബറക്കത്തും ലഭിക്കും എന്ന് ഉറപ്പിച്ചത് കൊണ്ടാണ് നബി (സ്വ) അത് വിതരണം ചെയ്തതും സ്വഹാബത്ത് അതിന് വേണ്ടി മത്സരിച്ചതും.
        നബി (സ്വ) തങ്ങളുടെ മുടി വടിക്കുകയോ മുടി ചുരുക്കുകയോ താടി വെട്ടുകയോ ചെയ്യുമ്പോള്‍ നബി (സ്വ) തങ്ങളുടെ തൃക്കരങ്ങളെ കൊണ്ട് സ്വഹാബാക്കള്‍ക്കിടയില്‍ അത് വിതരണം ചെയ്യുകയോ അല്ലെങ്കില്‍ അത് വിതരണം ചെയ്യാന്‍ മറ്റൊരാളോട് കല്‍പിക്കുകയോ ചെയ്യുമായിരുന്നു.
നാമൊന്ന് ചിന്തിക്കുക. ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന മുടിയും രോമവും കുഴിച്ചുമൂടണമെന്ന് പഠിപ്പിച്ച അതേ നബി (സ്വ) തങ്ങള്‍ തന്നെയാണ് സ്വന്തം മുടി സ്വഹാബത്തിന് വിതരണം ചെയ്തത്. ഇത് എന്തിന് വേണ്ടി? ബറക്കത്തിനല്ലാതെ മറ്റെന്തിന്?
         തിരുനബി (സ്വ) തങ്ങള്‍ മുടി വിതരണം ചെയ്ത ഹദീസ് വിശദീകരിച്ച് കൊണ്ട് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: "തിരുനബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുക്കലും ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെക്കലും അനുവദനീയമാണെന്ന് ഈ ഹദീസ് വിളിച്ചോതുന്നുണ്ട്". 
മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ഭൂമുഖത്തും ഭൂമിയുടെ ഉള്ളറകളിലുള്ളതുമായ സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും നബി (സ്വ) തങ്ങളുടെ ഒരു മുടി എന്‍റെയടുക്കല്‍ ഉണ്ടാകല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നു. മറ്റ് ചിലരുടെ പ്രതികരണം ഇങ്ങനെ വായിക്കാം:
"ദുന്‍യാവ് മുഴുവന്‍ ലഭിക്കുന്നതിനേക്കാളും എനിക്ക് ഏറ്റവും പ്രിയങ്കരമായത് തിരുനബി (സ്വ) യുടെ ഒരു മുടി ലഭിക്കുന്നതാണ്".
അനസ് (റ), ഉമ്മുസലമ (റ), ഖാലിദ് ബ്നു വലീദ് (റ) തുടങ്ങിയ സ്വഹാബികളായ പുരുഷരും സ്ത്രീകളും തിരുനബി (സ്വ) യുടെ തിരുകേശം സൂക്ഷിച്ചവരില്‍ പെടുന്നു. 
             കണ്ണേറോ മറ്റേതെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോള്‍ ശമനത്തിനായി ഉമ്മുസലമ ബീവി (റ) യുടെ അടുക്കലേക്ക് അവര്‍ പോകുമായിരുന്നു. മഹതി തിരുനബി (സ്വ) യുടെ മുടിയിട്ട ബറക്കത്താക്കപ്പെട്ട വെള്ളം അവര്‍ക്ക് നല്‍കുകയും ചെയ്യുമായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. 
      നബി (സ്വ) തങ്ങളുടെ തിരുകേശം കൈയിലുണ്ടായിരുന്ന പലരും തങ്ങളോടൊപ്പം അവ  ഖബ്റില്‍ വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അനസ് (റ) ഇപ്രകാരം വസ്വിയ്യത്ത് ചെയ്തതായി അല്‍ ഇസ്വാബയില്‍ കാണാം. 
             മരണപ്പെട്ട് ഖബ്റില്‍ അകം കടത്തുമ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുന്നതിന് വേണ്ടി തിരുനബി (സ്വ) യുടെ തിരുകേശവും തിരുനഖവും തന്നോടൊപ്പം വെക്കണമെന്ന് മുആവിയ (റ) വസ്വിയ്യത്ത് ചെയ്തതായി സിയറു അഅ്ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 
തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ പറയുന്നു:  തന്‍റെ കൈയിലുണ്ടായിരുന്ന തിരുകേശവും നഖവും മറമാടാന്‍ നേരം തന്നോടൊപ്പം വെക്കണമെന്ന് ഉമര്‍ ബ്നു അബ്ദില്‍ അസീസ് (റ) വസ്വിയ്യത്ത് ചെയ്ത പ്രകാരം അങ്ങനെ തന്നെ ചെയ്യുകയുണ്ടായി. 
       മഹാനായ അഹ്മദ് ബ്നു ഹമ്പല്‍ (റ) ന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ പറയുന്നു. എന്‍റെ പിതാവ് തിരുനബി (സ്വ) യുടെ ഒരു മുടി ചുംബിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്". മഹാനായ അഹ്മദ് ബ്നു ഹമ്പലും (റ) തിരുനബി (സ്വ) യുടെ മുടി തന്നോടൊപ്പം വെക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. 
          തിരുകേശം കാരണമായി പല അനുഗ്രഹങ്ങളും ലഭ്യമായതായി മഹത്തുക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. "യര്‍മൂഖ്" യുദ്ധവേളയില്‍ മഹാനായ ഖാലിദ് ബ്നു വലീദിന്‍റെ തൊപ്പി നഷ്ടപ്പെടുകയും അതിന്‍റെ പേരില്‍ അദ്ദേഹം അതിയായി പ്രയാസപ്പെടുകയും ചെയ്തു. കാരണം അതില്‍ തിരുനബി (സ്വ) തങ്ങളുടെ ഏതാനും മുടികള്‍ വെച്ചിട്ടുണ്ടായിരുന്നു. ഈ തൊപ്പി തലയിലണിഞ്ഞ് ഏത് യുദ്ധത്തില്‍ പങ്കെടുത്താലും ഖാലിദ് ബ്നു വലീദ് (റ) ന് വിജയം ലഭിക്കുമായിരുന്നു. ഇക്കാര്യം മഹാനവര്‍കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നുകസീര്‍ (റ) തന്‍റെ അല്‍ബിദായയിലും ഖാളി ഇയാള് ശിഫാഇലും ഇബ്നു അസീര്‍ (റ)  ഉസ്ദുല്‍ ഗാബയിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, മറ്റ് പല ഗ്രന്ഥങ്ങളിലും ഈ സംഭവം കാണാം. 
          ഫുതൂഹുശ്ശാമില്‍ ഇങ്ങനെ കാണാം: ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയില്‍ നബി (സ്വ) തങ്ങളുടെ മുടി വടിക്കപ്പെട്ടപ്പോള്‍ ആ മുടികളില്‍ നിന്നും കുറച്ച് ഞാന്‍ കൈക്കലാക്കി. അപ്പോള്‍ നബി (സ്വ) തങ്ങള്‍ എന്നോട് ചോദിച്ചു: ഏ ഖാലിദേ! നീ ഇതുകൊണ്ട് എന്ത് ചെയ്യാനാണ്? അപ്പോള്‍ ഖാലിദ് ബ്നു വലീദ് (റ) പറഞ്ഞു: അതുകൊണ്ട് ഞാന്‍ ബറക്കത്തെടുക്കുകയും ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അതുകൊണ്ട് ഞാന്‍ സഹായം തേടുകയും ചെയ്യും. അപ്പോള്‍ നബി (സ്വ) തങ്ങള്‍ ഖാലിദ് ബ്നു വലീദ് (റ) നോട് പറഞ്ഞു: ഖാലിദേ! ആ മുടി നിന്നോടൊപ്പം ഉള്ളിടത്തോളം കാലം നീ വിജയം പ്രാപിച്ചവനായിരിക്കും. അങ്ങനെ ആ മുടി ഖാലിദ് ബ്നു വലീദി (റ) ന്‍റെ തൊപ്പിയില്‍ അദ്ദേഹം തുന്നിച്ചേര്‍ത്തുവക്കുകയുണ്ടായി. 
          ഖാലിദ് ബ്നു വലീദ് (റ) നബി (സ്വ) യുടെ മുടി കൈപ്പറ്റുന്നത് നേരില്‍ കണ്ട അബൂബക്കര്‍ സിദ്ദീഖ് (റ) പറയുന്നത് കാണുക: നബി (സ്വ) തങ്ങളുടെ മുടി ലഭിച്ച ഖാലിദ് ബ്നു വലീദ് (റ) അദ്ദേഹത്തിന്‍റെ രണ്ട് കണ്ണുകളിലും ചുണ്ടിലും വെച്ച് ചുംബിക്കുകയുണ്ടായി. 
       ഇമാം ബുഖാരി (റ) യും നബി (സ്വ) യുടെ മുടി കൊണ്ട് ബറക്കത്തെടുത്തിരുന്നു എന്ന് "മുഖദ്ദിമത്തു ഫത്ഹില്‍ ബാരി" യില്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു: അതില്‍ ഇപ്രകാരം കാണാം: ഇമാം ബുഖാരി (റ) യുടെ അടുക്കല്‍ നബി (സ്വ) യുടെ മുടിയുണ്ടായിരുന്നു. തന്‍റെ വസ്ത്രത്തിലായിരുന്നു അദ്ദേഹം അത് വെച്ചിരുന്നത്.
          നബി (സ്വ) തങ്ങളുടെ മുടി കൈവശം ഉള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ മുടി അനന്തരം എടുക്കപ്പെടുകയില്ലെന്നും അതാര്‍ക്കും ഉടമസ്ഥാവകാശമില്ലാത്തതാണെന്നും ഇബ്നുഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ കുബ്റയില്‍ പറഞ്ഞിട്ടുണ്ട്.
നബി (സ്വ) തങ്ങളുടെ ശറഫാക്കപ്പെട്ട തിരുകേശം സ്വയം അനങ്ങുകയും അത് വളരുകയും ശാഖകളുണ്ടാവുകയും ചെയ്യുമെന്ന് യൂസുഫുന്നബ്ഹാനി (റ) തന്‍റെ ജവാഹിറുല്‍ ബിഹാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
          ഒരാള്‍ വര്‍ഷങ്ങളോളം നിസ്കാരത്തെ ഒഴിവാക്കി. അക്കാരണത്താല്‍ അയാള്‍ കാഫിറാവുകയില്ല. എന്നാല്‍ നബി (സ്വ) തങ്ങളുടെ മുടിയില്‍ പെട്ട ഏതെങ്കിലും ഒരു മുടിയേയോ എന്തിനേറെ നബി (സ്വ) യുടെ ചെരുപ്പിന്‍റെ ഏതെങ്കിലും ഒരു ഭാഗത്തേയോ നിസ്സാരപ്പെടുത്തിയാല്‍ അവന്‍ കാഫിറാണെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ വ്യക്തമാക്കുന്നു. ഇമാം മുനാവി (റ) തന്‍റെ ഫൈളുല്‍ ഖദീറില്‍ വ്യക്തമാക്കുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആരെങ്കിലും എന്‍റെ ഒരു മുടിയെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ എന്നെ ബുദ്ധിമുട്ടിച്ചു. ആരെങ്കിലും എന്നെ ബുദ്ധിമുട്ടിച്ചാല്‍ അവന്‍ അല്ലാഹുവിനെ ബുദ്ധിമുട്ടിച്ചവനായി. 
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ലെന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ തിരുവദനം സ്പര്‍ശിച്ച ഒരു സാധനത്തെ തങ്ങളുടെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം: അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ സംഭവം അറിയിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. ചുരുക്കത്തില്‍ തിരുകേശത്തിന്‍റെ സവിശേഷത വഫാത്തിന് ശേഷം ഇല്ലാതാകുകയില്ലെന്നും അതിലൂടെ അതിമഹത്തായ സഹായവും ബറക്കത്തും ലഭിക്കുമെന്നും വളരെ വ്യക്തമാണ്. വിരുദ്ധ ആശയങ്ങളില്‍ നിന്നും അല്ലാഹു നമ്മെ  രക്ഷിക്കട്ടെ. ആമീന്‍.                                                                 -  ശഫീഖ് ഇര്‍ഫാനി പട്ടണക്കാട് -

No comments:

Post a Comment

Related Posts Plugin for WordPress, Blogger...