നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 6 May 2021

നോമ്പിന്‍റെ മര്‍മ്മം ( Nombinte Marmmam )

 നോമ്പിന്‍റെ മര്‍മ്മം


    മൗനം, നിശ്ചലനം എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന 'സ്വൗമ്' എന്ന ക്രിയാധാതുവാണ് സോപാധികം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനാദികളും വികാര പ്രകടനങ്ങളും വര്‍ജ്ജിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന ആരാധനക്ക് പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗത്തില്‍ നിന്ന് തന്നെ നോമ്പിന്‍റെ ആത്മാവിനെ കണ്ടെത്താന്‍ കഴിയും. കഴിയണം. അതിനുതകുന്ന ഒരു ചര്‍ച്ചയാണ് ഈ പ്രമേയം.

    അശ്ശൈഖ് ഹകീമുത്തുര്‍മുദി (റ) പറയുന്നു: "നിന്‍റെ ജീവിതത്തിന്‍റെ പകല്‍യാമങ്ങളില്‍ കുറച്ച് നേരം ഇച്ഛകളില്‍ നിന്ന് ശരീരത്തെ തടഞ്ഞുനിര്‍ത്തുക. അതാണ് നോമ്പ്".

    ശൈഖ് ഫാരിസി അല്‍ ബഗ്ദാദ് (റ) പറയുന്നു: "ഇലാഹീ ദര്‍ശനം നിമിത്തം സൃഷ്ടി ദര്‍ശനത്തില്‍ നിന്ന് മുക്തനാവുക. പരാശ്രയത്തില്‍ നിന്ന് മോചിതമായ അവസ്ഥാ വിശേഷം കൊണ്ട് വിശേഷണം സിദ്ധിക്കുക എന്നതാണ് നോമ്പ്".

    അന്ന പാനീയങ്ങളില്‍ നിന്നും മാനുഷിക ദുര്‍ഗുണങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നതാകായാല്‍ സ്രഷ്ടാവിനുള്ള ആരാധനയുടെ കവാടവും ഭൗതിക വിരക്തിയുടെ താക്കോലുമാണ് നോമ്പ് എന്ന് ഇമാം അബൂതാലിബുല്‍ മക്കി (റ) പറയുന്നു.

    പരാശ്രയമില്ലാതിരിക്കുക എന്ന ഇലാഹീ വിശേഷണം സിദ്ധിക്കുന്നതിന് മാനുഷികാവശ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ തടയുക എന്നാണ് നോമ്പിന് അശ്ശൈഖ് അബ്ദുല്‍കരീം ജീലി (റ) തന്‍റെ അല്‍ ഇന്‍സാനുല്‍ കാമിലില്‍ പറയുന്നത്.

    സൃഷ്ടികളുടെ ആത്മാര്‍ത്ഥതയെ പരിശോധിക്കുകയാണ് നോമ്പ് നിര്‍ബന്ധമാക്കിയതിന്‍റെ ലക്ഷ്യമെന്ന് ഇമാം അലി (റ) പറയുന്നു. പ്രകൃതി വികാരങ്ങളെയും ശാരീരിക താല്‍പര്യങ്ങളെയും ഇല്ലാതാക്കുന്നതാണ് നോമ്പ്. അത് നിമിത്തം ഹൃദയത്തിന് തെളിച്ചവും അവയവങ്ങള്‍ക്ക് ശുദ്ധിയും ബാഹ്യവും ആന്തരികവുമായ സംസ്കരണവും ലഭിക്കും. നന്മകള്‍ക്ക് പ്രത്യുപകാരവും ദരിദ്രന്മാരിലേക്ക് ഗുണവും അവനില്‍ നിന്നുണ്ടാകും.

    നോമ്പ് ഈ വിധം ലക്ഷ്യമുള്ളതും ശാരീരിക മാനസിക പരിശുദ്ധിക്ക് ഉതകുന്നതുമായിരിക്കണം. കേവലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പും ദാഹവും സഹിക്കുന്നതില്‍ കാര്യമില്ല. 

    ഖൂത്തുല്‍ ഖുലൂബില്‍ ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നത് ശ്രദ്ധിക്കുക: "കണ്ണും കാതും അനാവശ്യങ്ങളില്‍ നിന്നും വിലക്കപ്പെട്ടതില്‍ നിന്നും തടയുക. ഹൃദയത്തെ ദുര്‍ചിന്തകളില്‍ നിന്നും നിരോധിത കാര്യങ്ങളില്‍ ചിന്തിക്കുന്നതില്‍ നിന്നും മോചിപ്പിക്കുക. അനാവശ്യ സംസാരത്തില്‍ നിന്ന് നാവിനെ നിയന്ത്രിക്കുക. താന്തോന്നികളോടുള്ള സംസര്‍ഗ്ഗം ഉപേക്ഷിക്കുക. ദുരാഗ്രഹങ്ങളെ വെടിയുക. നിരോധിതമോ ഗുണകരമല്ലാത്തതോ ആയ കര്‍മ്മങ്ങളില്‍ നിന്ന് കരങ്ങളെ സൂക്ഷിക്കുക. തിന്മയിലേക്കുള്ള പ്രയാണത്തില്‍ നിന്ന് കാലുകളെ തടുക്കുക. ഇതൊക്കെയുള്‍പ്പെട്ടതാണ് പ്രത്യേകക്കാരുടെ നോമ്പ്. 

    ഒരാള്‍ ഇതിനെയെല്ലാം സൂക്ഷിച്ച് വയറും ഗുഹ്യസ്ഥാനവും മാത്രം ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രേഷ്ഠതയുടെ വിഷയത്തില്‍ അവന്‍ അല്ലാഹുവിന്‍റെയടുക്കല്‍ നോമ്പുകാരനാണ്. കാരണം അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ഒരുപരിധി വരെ അവന്‍ സൂക്ഷിച്ചവനാണ്. എന്നാല്‍ വയറും ഗുഹ്യസ്ഥാനവും സൂക്ഷിക്കുകയും മറ്റുള്ളതെല്ലാം അനിയന്ത്രിതമാവുകയും ചെയ്താല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാഴാക്കിയവനായത് കൊണ്ട് യഥാര്‍ത്ഥ പണ്ഡിതന്മാരുടെ അടുക്കല്‍ അവന്‍ നോമ്പുകാരനാണെന്ന പരിഗണനയില്‍ വരില്ല. സ്വയം അവന്‍ നോമ്പുകാരനാണെന്ന് നടിക്കാമെന്ന് മാത്രം. മേല്‍വചനങ്ങളെ സാധൂകരിക്കുന്ന ഒരു ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം: "അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു ആവശ്യവുമില്ല". ഈ ഹദീസിന്‍റെ വ്യാഖ്യാനങ്ങളില്‍ മഹാത്മാക്കള്‍ രേഖപ്പെടുത്തുന്നത് കളവ്, കള്ളസത്യം, കള്ള സാക്ഷിത്വം, പരദൂഷണം, ഏഷണി തുടങ്ങിയ നാവിന്‍റെ വിപത്തുകള്‍, മോഷണം അപരനെ വേദനിപ്പിക്കുന്ന ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍റെ നോമ്പ് പ്രതിഫലാര്‍ഹമല്ല. എന്നാല്‍ ഇത്തരം പ്രവണതകള്‍ കൊണ്ട് നോമ്പ് ബാത്വിലാകുമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ട് നോമ്പ് അസാധുവെന്ന് പറഞ്ഞുകൂടാ. ശരീഅത്ത് നിയമം അനുസരിച്ച് വ്രതം സാധുവാകുമെങ്കിലും പ്രതിഫലം ലഭിക്കുകയില്ല എന്നാണ് പണ്ഡിത മതം. 

    പകലന്തിയോളം പട്ടിണി കിടന്ന് കഷ്ടതയനുഭവിച്ചതിന് ഒരു പ്രതിഫലവുമില്ലെങ്കില്‍ നാം എന്ത് മാത്രം ഹതഭാഗ്യര്‍! ഈ വിനാശത്തില്‍ നിന്ന് രക്ഷ നേടുന്നതിന് കൈകാലുകള്‍, കണ്ണ്, ചെവി, നാവ്, വയറ്, ഗുഹ്യസ്ഥാനങ്ങള്‍, ചിന്താശേഷി എന്നിവ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിരിക്കേണ്ടതാണ്. ഇവകളില്‍ വളരെ പ്രധാനപ്പെട്ടതും അധികപേരും അശ്രദ്ധരുമായ നാവിന്‍റെ പാപങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം. 

കളവ്

    സത്യവിരുദ്ധമായ പ്രസ്താവനയാണ് കളവ്. ഇത് കൊണ്ട് ആര്‍ക്കും ഉപദ്രവവും അനിഷ്ടവും ഉണ്ടാകുന്നില്ലെങ്കിലും നിരോധിക്കപ്പെട്ടത് തന്നെയാണ്. അത്യാപൂര്‍വ്വമായ ചില ഘട്ടങ്ങളില്‍ അത് അനുവദനീയമാകുമെന്നത് വിസ്മരിക്കുന്നില്ല. അനന്തരഫലം ദുഷ്കരമാകുമെങ്കിലും നിങ്ങള്‍ സത്യമേ പറയാവൂ എന്ന തിരുവചനം വളരെ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാപട്യത്തിന്‍റെ സൂചനയായി നാല് കാര്യങ്ങള്‍ തിരുദൂതര്‍ (സ്വ) പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ പ്രഥമസ്ഥാനമാണ് കളവിന് നല്‍കിയിരിക്കുന്നത്. ഉമര്‍ (റ) ല്‍ നിന്നും ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: നുണ മെനഞ്ഞുണ്ടാക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ കാണാത്തതിനെ കണ്ടു എന്ന് പറയുന്നവനാണ്. 

    അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ദിവസം നബി (സ്വ) ഞങ്ങളോട് പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടാളുകള്‍ എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങള്‍ പുറപ്പെടൂ! അങ്ങനെ ഞങ്ങള്‍ മൂന്നാളും യാത്രയായി. വഴിമധ്യേ ഒരു പുരുഷന്‍ മലര്‍ന്ന് കിടക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹത്തിന് സമീപം വേറൊരാള്‍ ഒരു ഇരുമ്പു കൊളുത്തുമായി നില്‍ക്കുന്നു. അയാള്‍ കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തേക്ക് വന്ന് അയാളുടെ കടവായയും മൂക്കും കണ്ണും ചേര്‍ത്ത് പിടിച്ച് വലിച്ച് തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ന്ന് കഴിയുമ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് വരും. എന്നിട്ട് മറ്റേ ചുണ്ടും കണ്ണും മൂക്കും ചേര്‍ത്ത് പിടിച്ച് മറുഭാഗത്തിലൂടെ തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അയാള്‍ കൈവിടുമ്പോഴേക്ക് ചെവിയും മൂക്കും കണ്ണും പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കും. ഇടതടവില്ലാതെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ നിലയ്ക്ക് ശിക്ഷിക്കപ്പെടുന്ന ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവന്‍ കളവ് പറയുന്നവനായിരുന്നു എന്നാണ് മറുപടി നല്‍കപ്പെട്ടത്. പരലോകത്ത് കളവ് പറയുന്നവര്‍ക്ക് ലഭിക്കുന്ന കഠോരമായ ശിക്ഷ സ്വപ്നം മുഖേന നബി (സ്വ) ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. 

കളവ് പറയല്‍ മഹാപാപമാകുന്നതോട് കൂടി നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും എന്നതിനാല്‍ നോമ്പുകാരന്‍ അത് പ്രത്യേകം ഗൗനിക്കേണ്ടതാണ്.

കള്ളസാക്ഷ്യം

    കള്ളസത്യവും കള്ള സാക്ഷ്യവും വളരെ ഹീനമായ വന്‍പാപങ്ങളാണ്. ഒരിക്കല്‍ തിരുനബി (സ്വ) ചോദിച്ചു: വന്‍പാപം എന്താണെന്ന് ഞാന്‍ പറഞ്ഞുതരട്ടെ. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു. അതെ, അവിടുന്ന് അരുള്‍ ചെയ്തു: അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ പ്രയാസപ്പെടുത്തുക. അവിടുന്ന് ചാഞ്ഞ് കിടന്നിരുന്നതില്‍ നിന്ന് എണീറ്റിരുന്ന് കൊണ്ട് പറഞ്ഞു: അറിയുക, കള്ളസാക്ഷ്യം, കള്ളസാക്ഷ്യം!! ആ പദം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് പോലും ഞങ്ങള്‍ ചിന്തിച്ചു പോയി. ശിര്‍ക്കും മാതാപിതാക്കളോടുള്ള നിന്ദ്യതയും പ്രഥമസ്ഥാനത്താണെങ്കിലും കള്ളസാക്ഷ്യത്തെയും കള്ളസത്യത്തെയും ഉള്‍ക്കൊള്ളുന്ന പദത്തെ നബി (സ്വ) പലതവണ ആവര്‍ത്തിച്ചു കൊണ്ട് അതിന്‍റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുകയാണ്. 

പരദൂഷണം

    അപരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുന്നതിനാണ് പരദൂഷണം എന്ന് പറയുന്നത്. ഇത് ഏറ്റവും വിനാശകാരിയായ ഒരു പാപമാണ്. ഒരാളുടെ ദുഃസ്വഭാവങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രകൃതിയാണല്ലോ? അത് വേറൊരാളോട് പറയുന്നതില്‍ എന്താ തെറ്റ്? അത് വസ്തുതയാണല്ലോ? ഈ ചിന്ത മഹാ അബദ്ധമാണ്. മുത്ത് നബി (സ്വ) യില്‍ നിന്ന് അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) ഞങ്ങളോട് ചോദിച്ചു: ഗീബത്ത് (പരദൂഷണം) എന്നാല്‍ എന്താണെന്നറിയാമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ പ്രവാചകനും ഏറ്റവും അറിയുന്നവരാണ് പ്രവാചകരേ! അവിടുന്ന് അരുള്‍ ചെയ്തു: നീ നിന്‍റെ സഹോദരനെ കുറിച്ച് അദ്ദേഹം ഇഷ്ടപ്പെടാത്തത് പറയലാണ്. അപ്പോള്‍ സദസ്യര്‍ ചോദിച്ചു: ഞങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിലുള്ള യാഥാര്‍ത്ഥ്യമെങ്കിലോ? അവിടുന്ന് വിശദീകരിച്ചു: അയാളിലുള്ളതാണ് നീ പറഞ്ഞതെങ്കില്‍ നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നീ കളവ് നിര്‍മ്മിച്ചുണ്ടാക്കി പറയുന്നവനാണ്. രണ്ട് തന്നെയായാലും തെറ്റ് തന്നെയാണല്ലോ?

    ബീവി ആഇശ (റ) പറയുന്നു: നബി (സ്വ) യോട് സ്വഫിയ്യ (റ) യെ കുറിച്ച് ഞാന്‍ പറഞ്ഞു: സ്വഫിയ്യയില്‍ ചില ന്യൂനതകളുണ്ട്. അവിടുന്ന് എന്തിനാ അവരെ? തത്സമയം നബി (സ്വ) പറഞ്ഞു: നീ വല്ലാത്തൊരു വാക്കാണ് പറഞ്ഞത്. ആ വാക്കിനെ സമുദ്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയാല്‍ ദുര്‍ഗന്ധം നിമിത്തം സമുദ്രജലം ചീഞ്ഞുനാറും. ഗീബത്തിന്‍റെ കാഠിന്യത മനസ്സിലാക്കാന്‍ ഈ ഹദീസുകള്‍ ധാരാളം. 

    ഗീബത്ത് പറയും പോലെ തന്നെ അത് കേള്‍ക്കുന്നതും മഹാപാപമാണ്. ഒരു പ്രതികരണവുമുണ്ടായിട്ടില്ലെങ്കിലും കേട്ടിരുന്നവര്‍ പറയുന്നവനെ പോലെ പാപത്തില്‍ പങ്കുകാരാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.

ഏഷണി

    ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കും വിധം അന്യരുടെ സംസാരങ്ങള്‍ പറഞ്ഞുപരത്തുന്നതാണ് ഏഷണി. നബി (സ്വ) പറഞ്ഞു; ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഏഷണിക്കാരനെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു: നാവ് കൊണ്ട് ബുദ്ധിമുട്ടിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും പരിധി ലംഘിച്ചവരാണ്. ഖുര്‍ആനിന്‍റെ ഈ പദം മാത്രം മതി ഏഷണിയും പരദൂഷണവും വെടിയേണ്ടതിന്‍റെ അനിവാര്യത മനസ്സിലാക്കാന്‍. "മനുഷ്യന്‍ ഒരക്ഷരവും ഉരിയാടുന്നില്ല. അവകളത്രയും റഖീബ്, അതീദ് എന്നീ രണ്ട് മലക്കുകള്‍ രേഖപ്പെടുത്തിയിട്ടല്ലാതെ" എന്ന ഖുര്‍ആന്‍ വചനം നമ്മുടെ നാവിനെ എന്ത് മാത്രം സൂക്ഷിക്കണമെന്ന് തെര്യപ്പെടുത്തുന്നു. തീര്‍ച്ചയായും  കേള്‍വി, കാഴ്ച, ചിന്താശേഷി ഇവകളെല്ലാം തന്നെ വിചാരണക്ക് വിധേയമാക്കപ്പെടുന്നവയാണ്. മേല്‍ ഉദ്ധരണികളില്‍ നിന്ന് നോമ്പിന്‍റെ മര്‍മ്മം എന്താണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. ജമാഅത്ത് നിസ്കാരവും കഴിഞ്ഞ് പള്ളികളില്‍ കൂട്ടം കൂടിയിരുന്ന് സംസാരത്തിലേര്‍പ്പെടുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍! നമ്മുടെ അമലുകള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. 

                                                                                               ഹംസക്കോയ ജസരി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...