|
കാലം മാറുകയാണ് എട്ടുകാലി സിദ്ധാന്തത്തിലൂടെ....
കാലം
മാറുകയാണ്. പഴയ കാല തരള ചിന്തകളും അനുരാഗവും സ്‌നേഹവുമെല്ലാം ഉപേക്ഷിച്ച്, കൂടെ
ആഗോളവത്‌കരണത്തിന്റെ സര്‍വ്വ വൃത്തികേടുകളും ആവാഹിച്ച് ! നാശത്തിന്റെ
നരകത്തിലേക്കുള്ള യാത്ര.
ബാഹ്യമായും ആന്തരീകമായും വലിയൊരു മാറ്റത്തിന്റെ വക്കിലാണ് ലോകം. കാക്കയ്‌ക്കു പോലും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാണ്. എന്നാല്‍ മനുഷ്യന്‍ പത്ത് മാസം ഗര്‍ഭം പേറി പിറന്ന് വീണ തന്റെ കുഞ്ഞിനെ കിണറ്റിലോ, വഴിവക്കത്തോ, കുപ്പത്തൊട്ടികളിലോ വലിച്ചെറിഞ്ഞ് നാടുവിടുന്നു. മഹാ കഷ്‌ടം തന്നെ! യന്ത്രം വാഴുന്ന ഈ യജ്ഞ രഹിത യുഗത്തിലെ മനുഷ്യന് ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുയോജ്യമായ വിശേഷണം നല്‍കുകയാണ്. ``മൃഗങ്ങളേക്കാള്‍ താഴ്‌ന്നവര്‍''. ഈ ഖുര്‍ആനിക പ്രയോഗം എത്രയോ യാഥാര്‍ത്ഥ്യവും സത്യവുമായി പുലര്‍ന്നിരിക്കുകയാണീ നവയുഗത്തില്‍. മഴക്കാലം കഴിഞ്ഞ് മാനം കൃഷ്‌ണ വര്‍ണം പൂക്കുമ്പോള്‍, പാടങ്ങളുടെ കരയില്‍ വയലറ്റു കാക്കപ്പൂവുകള്‍ മൊട്ടിടുമ്പോള്‍, മാമ്പൂക്കളുടെ മണമുള്ള, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റടിച്ചു വീശുമ്പോള്‍, അപ്പോഴാണ് മലയാളികള്‍ കാലത്തിന്റെ, ലോകത്തിന്റെ പ്രകൃതിപരമായ മാറ്റം മനസ്സിലാക്കുന്നത്. എന്നാല്‍ മാറിയ പുതുയുഗത്തില്‍ ആ തിരിച്ചറിവും നഷ്‌ടമായി. വസന്തമെന്നോ ഉഷ്‌ണമെന്നോ വ്യത്യാസമില്ലാത്ത പ്രകൃതി. നികത്തപ്പെട്ട വയലോലകളിലെവിടെ കാക്കപ്പൂവുകള്‍? മരങ്ങള്‍ മുറിച്ച് തരിശായ ഭൂമിയിലെവിടെ മാമ്പൂമണം?. ഇതാണ് ലോകത്തിന്റെ ബാഹ്യരൂപം. ആന്തരീകമായും വലിയ മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചത്. കപട വിശ്വാസികളുടെ ലോകമാണിന്ന്. എവിടേയും തോന്ന്യാസവും തെമ്മാടിത്തവും. ദീന്‍ വലിച്ചെറിയപ്പെടുന്നു. പള്ളികളും മതചിഹ്നങ്ങളും പെരുകുന്നു. പക്ഷേ സത്യവിശ്വാസികളുടെ ഈമാനികാവേഷം തീരെ താഴ്‌ന്ന തട്ടിലും. മദ്യശാലകളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളില്‍ നിന്നും പിടിച്ചിറക്കപ്പെടുന്നതിലും നാമധാരികള്‍. വ്യഭിചാരത്തിനായി സ്വന്തം സ്വത്തും കുടുംബസ്വത്തും മുഴുവന്‍ ചിലവഴിച്ച് മറ്റു സംസ്ഥാനങ്ങളില്‍ ഊരു ചുറ്റുന്ന യൂവാക്കള്‍ 35 ശതമാനം ഉണ്ടെന്ന് ഒരു കൊച്ചു ഗ്രാമത്തിലെ അന്വേഷണ കണക്കുകള്‍ കണ്ടെത്തുമ്പോള്‍ ലോകത്തിന്റെ അവസ്ഥ എന്താണെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈമാനുള്ളവര്‍ റബ്ബിന്റെ ശിക്ഷയെ ഭയന്ന് അലമുറയിടുകയാണ്. മുന്‍കാല ഉമ്മത്തുകള്‍ക്ക് നല്‍കിയ ശിക്ഷകള്‍ ഇവിടെ സംഭവിക്കുമോ എന്നവര്‍ ഭയക്കുന്നു. വ്യഭിചാരം, അതിലേക്ക് അടുക്കുക പോലും ചെയ്യരുത് അത് മഹാപാപമാണെന്ന് പഠിപ്പിച്ച ഒരു ഉത്തമ സംസ്‌ക്കാരത്തിന്റെ അനുയായികള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു. അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) പറഞ്ഞു: ``കപട വിശ്വാസികളുടെ ലക്ഷണങ്ങള്‍ മൂന്നെണ്ണമാകുന്നു. സംസാരിച്ചാല്‍ കളവ് പറയുക. വാഗ്‌ദാനം ചെയ്‌താല്‍ ലംഘിക്കുക. വിശ്വസിച്ചാല്‍ വഞ്ചിക്കുക'' (ബുഖാരി, മുസ്‌ലിം) ഈ ഹദീസിലൂടെ ചിന്തിച്ചാല്‍ നമ്മിലാരാണ് യഥാര്‍ത്ഥ വിശ്വാസിയായിട്ടുണ്ടാവുക. ദിവസവും തമാശക്കായിട്ടെങ്കിലും ഒരു നുണ പറയാത്തവര്‍ ഇന്ന് അംഗുലീ പരിമിതമാണ്. കല്ല്യാണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി ക്ലാസ്സ് മുടക്കുന്ന കുട്ടിക്ക് `പനിയായിരുന്നു' എന്ന് കത്തെഴുതി നല്‍കുന്ന മാതാപിതാക്കള്‍ ഇതിനുദാഹരണമാണ്. ഇങ്ങനെ ദൈനംദിന ജീവിതത്തിന്റെ പ്രഭാതപ്രദോഷങ്ങള്‍ നാം ആത്മപരിശോധനയ്‌ക്ക് വിധേയമാക്കുമ്പോള്‍ പറഞ്ഞു കൂട്ടിയ നുണകളുടെ പടുകൂറ്റന്‍ മല തന്നെ ദര്‍ശിക്കാനാകും. പഠനത്തിനായി വിജനവനാന്തരങ്ങളിലൂടെ യാത്ര ചെയ്‌ത കൊച്ചുകുട്ടിയായിരുന്ന അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി) യെ വഴി മദ്ധ്യേ കൊള്ള സംഘം വളഞ്ഞു വെച്ചപ്പോള്‍ കളവ് പറയരുതെന്ന തന്റെ ഉമ്മയുടെ ഉപദേശമോര്‍ത്ത് തന്റെ കയ്യില്‍ നാല്‍പത് പൊന്നുണ്ടെന്ന സത്യം തുറന്ന് പറഞ്ഞ ചരിത്ര സംഭവം ഇക്കൂട്ടര്‍ പാഠമാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം. രണ്ടാമതായി നബി (സ) പറഞ്ഞത് `വാഗ്‌ദാന ലംഘന'മാണ്. വാഗ്‌ദത്ത ലംഘനം ഇന്നൊരു സ്റ്റൈലായി മാറിയിരിക്കുകയാണ്. വാരിക്കോരി മോഹന വാഗ്‌ദാനങ്ങള്‍ സമ്മാനിച്ച് വോട്ടു വാങ്ങി ജയിച്ചു പോകുന്ന സാമൂഹിക സാംസ്‌ക്കാരിക നായകന്‍മാരെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആധുനിക കേരളം. സാധാരണ ജനങ്ങളുടെ കാര്യവും തഥൈവ. മോഹനവാഗ്‌ദാനങ്ങളുടെ ഘോഷയാത്രയുമായി വരുന്ന നെറ്റ് വര്‍ക്ക് ബിസിനസ്സുകാരും മറ്റു ന്യൂതന കച്ചവടക്കാരും ഇതിന്റെ ഏറ്റവും പുതിയ രൂപങ്ങളാണ്. മൂന്നാമതായി നബി (സ) തങ്ങള്‍ പറഞ്ഞത് `വിശ്വസിച്ചാല്‍ വഞ്ചിക്കുക'എന്നതാണ്. വഞ്ചനയും ഇന്ന് കൊടികുത്തി വാഴുകയാണ്. ആതുരാലയങ്ങളിലും ആരാധനാലയങ്ങളിലും എന്തിന് സ്വഭവനങ്ങളിലെ കിടപ്പറകളില്‍ പോലും വഞ്ചകരും ചൂഷകരും വേട്ടക്കാരുമാണ്. വെളുക്കുവോളം തന്റെ കിടപ്പറയില്‍ തന്നോടൊപ്പമുണ്ടായിരുന്ന സ്വഭാര്യ പ്രഭാതത്തില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത ഉല്‍ക്കൃഷ്‌ടമെന്ന് അഭിമാനിക്കുന്ന കേരള ജനതക്ക് പൂത്തിരിയല്ല. മാറുന്ന ലോകത്തെ ജനങ്ങളില്‍ കാണുന്ന മറ്റൊന്നാണ് സ്‌നേഹവും ബന്ധങ്ങളും അസ്‌തമിക്കുന്നു എന്നത്. മാതാപിതാക്കളും മക്കളും, ഗുരുശിഷ്യ പാവനബന്ധങ്ങളും സമൂഹ വ്യക്തി ബന്ധങ്ങളും എല്ലാം ഇന്ന് ശിഥിലമായിരിക്കുകയാണ്. നൊന്ത് പെറ്റ ഉമ്മയുടെ കുലീന കൈകളില്‍ നിന്ന് കട്ടന്‍ കാപ്പിയും വാങ്ങി കുടിച്ച് പുറത്ത് പോയ മകന്‍ വൈകീട്ട് സ്വഭവനത്തിലേക്ക് മടങ്ങിയെത്തുന്നത് സ്വന്തം മാതാവിനെ വകവരുത്താനുള്ള മാരാകായുധവുമായിട്ടാണ്. വിജ്ഞാനമാകുന്ന മധു നുകര്‍ന്നു കൊടുക്കുന്ന ഗുരുവിനു നേരെ പുസ്‌തകത്തിനോടൊപ്പം ഒളിപ്പിച്ച പിസ്റ്റണെടുത്ത് വെടിയുതിര്‍ക്കുന്നതും ഈ മാറിയ യുഗത്തിലാണ്. ``ഒരാള്‍ തനിക്ക് സ്വന്തമായി ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ലഭിക്കാന്‍ ഇഷ്‌ടപ്പെടുന്നതു വരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല'' എന്ന നബിവചനം നാമൊന്നു ഓര്‍ത്തുനോക്കുക. തനിക്കുള്ളതിന്റെ പരിസരത്തേക്കു പോലും സ്ഥാനത്തിലും സമ്പത്തിലും തന്റെ സുഹൃത്ത് എത്തരുതെന്ന് ചിന്തിക്കുന്നവരാണ് ഈ പുതുയുഗത്തിന്റെ സന്തതികള്‍. സ്വന്തം പിതാവിനെ പോലും അന്യനായി ചിത്രീകരിക്കുന്ന ആഗോളവത്‌കൃത സിദ്ധാന്തങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നവരെ സൃഷ്‌ടിച്ചില്ലെങ്കിലേ അത്ഭുതമൂള്ളൂ. ഒരേ ഫ്‌ളാറ്റില്‍ തൊട്ടടുത്ത മുറികളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ പോലും പരസ്‌പരം അറിയില്ലെന്ന് പറയുമ്പോള്‍ അവര്‍ തമ്മിലുള്ള അല്ലെങ്കില്‍ ലോകത്ത് ഇന്നുള്ള മാനുഷിക ബന്ധങ്ങളുടെ അകല്‍ച്ചയാണ് നമുക്ക് മനസ്സിലാകുന്നത്. മാത്രമല്ല, അസൂയയും ഉള്‍നാട്യവും കുശുമ്പും നിറഞ്ഞ മനുഷ്യ മനസ്സുകളുടെ പെരുപ്പവും. നമുക്ക് മാറണം കാലത്തിന്റെ മാറ്റത്തിനൊത്ത് എല്ലാ നന്മയും ഉള്‍ക്കൊണ്ട് ഒപ്പം അധര്‍മ്മത്തിനെതിരെ വിപ്ലവഗാനം മുഴക്കി. ഖുര്‍ആന്‍ സര്‍വ്വകാലത്തിന്റെയും വേദഗ്രന്ഥമാണ്. ഒരു പ്രവിശ്യയുടെയോ കാലത്തിന്റെയോ അല്ല. ഈ മാറിയ ലോകത്തിന്റെ കരാള ഭീകരതയില്‍ നിന്ന് മുക്തി നേടാന്‍ വിശുദ്ധ ഖുര്‍ആന്‍ വരച്ചു കാണിച്ച സല്‍സരണിക്കു മാത്രമേ കഴിയൂ. ``നിങ്ങള്‍ മൂന്നു പേരുണ്ടെങ്കില്‍ ഒരാളെ മാറ്റിനിര്‍ത്തി രഹസ്യ സംഭാഷണം നടത്തരുത്. നിങ്ങള്‍ ജനങ്ങളുടെ കൂട്ടത്തില്‍ ഇടകലരുന്നത് വരെ. കാരണം അത് മൂന്നാമത്തവന് ദു:ഖമുണ്ടാക്കാന്‍ ഇടയാകും'' എന്ന് പഠിപ്പിച്ച റസൂലിന്റെ വാക്കുകള്‍ക്കം പ്രവര്‍ത്തികള്‍ക്കും അതിനുള്ള കരുത്തുണ്ട്. നമുക്ക് പിന്തുടരാം ആ പ്രവാചകരെ... ഈ മാറിയ യുഗത്തില്‍ എട്ടുകാലിയുടെ മനസ്സാണ് ലോകര്‍ക്ക് മുഴുവനും. താന്‍ നിര്‍മ്മിച്ച വലയിലേക്ക് സ്വന്തം ഇണയെ പോലും പ്രവേശിപ്പിക്കാത്ത എട്ടുകാലിയുടെ മനസ്സ.് കിട്ടാനുള്ള അവകാശങ്ങളില്‍ മാത്രമാണ് ഇന്നവന്റെ കണ്ണ്. കൊടുക്കാനുള്ള കടപ്പാടുകളിലോ ചെയ്‌തു തീര്‍ക്കാനുള്ള കര്‍ത്തവ്യങ്ങളിലോ ഇന്നവന് യാതൊരു ചിന്തയുമില്ല. |
Tuesday, 3 December 2013
കാലം മാറുകയാണ് എട്ടുകാലി സിദ്ധാന്തത്തിലൂടെ....
Saturday, 30 November 2013
വിശാലതയുടെ വിശേഷത
വിശ്വം വിശാലമാണ്.
വിശാലത ഇഷ്‌ടപ്പെടാത്ത ആരുമില്ല. ആയുസ്സില്‍, ജീവിതോപാധിയില്‍,
ഭക്ഷണത്തില്‍, ഭവനത്തില്‍, വാഹനത്തില്‍,
ഇരിപ്പിടത്തില്‍ ഇങ്ങിനെ എല്ലാറ്റിലും വിശാലമായ അവസ്ഥയാണ് നാം ആഗ്രഹിക്കുന്നത്.
ഇവയിലുള്ള ഞെരുക്കം പലരെയും മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതു കൊണ്ടാണല്ലോ
അതിനറുതി വരുത്തുന്നതിന് നെട്ടോട്ടമോടുന്നത്. സമചിത്തത കൈ വെടിയുന്ന ചിലര്‍
ആത്മാഹുതിയില്‍ അഭയം തേടുന്നു. മൗഢ്യപ്രവൃത്തി.
വിശാലതയുടെ ആവശ്യവും ആഗ്രഹവും എല്ലാവര്‍ക്കുമറിയും. പക്ഷെ തന്നെ പോലെ മറ്റുള്ളവരും അതാഗ്രഹിക്കുന്നതാണെന്ന ബോധം ഇല്ലാത്തതുപോലെയാണ് പലരില്‍ നിന്നും ദൃശ്യമാകുന്നത്. സ്വന്തം വിശാലതയിലുള്ള അതിസ്വാര്‍ത്ഥതയുടെ പെരുമാറ്റങ്ങളാണെവിടെയും. യാത്രകളിലും മറ്റും ഈ പ്രവണത ധാരാളമായി പ്രകടമാകാറുണ്ട്. മുന്‍ഭാഗത്ത് വേണ്ടവിധം സ്ഥലം ഒഴിഞ്ഞു കിടക്കുമ്പോഴും വാതില്‍ക്കല്‍ തന്നെ നിന്നും, രണ്ട് പേര്‍ക്ക് സുഖമായിരിക്കാവുന്ന സീറ്റില്‍ വിസ്‌തരിച്ചിരുന്നും സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ ഇന്നത്തെ യാത്രകളിലെ നിത്യകാഴ്‌ചകളാണ്. ഹൃദയവിശാലതയില്ലാത്തതിന്റെ പ്രത്യക്ഷ അടയാളം എന്നല്ലാതെ എന്തു പറയാന്‍! താനും തന്റെ കാര്യങ്ങളും എന്ന സങ്കുചിത ചിന്താഗതിയുടെ ബാഹ്യരൂപങ്ങളാണ് ഇതൊക്കെ. മനസ്സങ്കോചം ജീവിതത്തില്‍ ഒരുപാട് ക്ലേശങ്ങള്‍ വരുത്തിവെക്കുമെന്നും ഹൃദയവികാസം ജീവിതം ക്ഷേമപൂര്‍ണ്ണമാക്കുമെന്നും മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്. എന്തുചെയ്യാന്‍. നല്ലത് ഇഷ്‌ടപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കുറഞ്ഞുപോയി. നന്മ തിന്മയും തിന്മ നന്മയുമായി കരുതുന്നവരാണ് ആധുനികരിലേറെയും. അറിവില്ലാത്തതോ എന്തോ? സത്യവിശ്വാസികളേ, വിശാലത ചെയ്‌തു കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെടുന്നവര്‍ക്ക് അത് ചെയ്‌തു കൊടുക്കുക. അല്ലാഹു നിങ്ങള്‍ക്ക് വിശാലത ചെയ്യും എന്നാണ് അല്ലാഹുവിന്റെ കല്‍പ്പന. നമ്മുടെ ജീവിതത്തില്‍ വിശാലത ലഭ്യമാകുന്നതിനുള്ള ഒരു കാരണം കൂടിയാണ് മറ്റുള്ളവര്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ സൗകര്യം ചെയ്‌തു കൊടുക്കല്‍ എന്ന് ഈ വചനം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്ക്, ഗുരുനാഥന്മാര്‍ക്ക്, സഹോദരന്, ഭാര്യാസന്താനങ്ങള്‍ക്ക്, സഹയാത്രികന്, അയല്‍വാസിക്ക് തുടങ്ങി ആര്‍ക്കെങ്കിലും ഏതെങ്കിലും ഒരു കാര്യത്തില്‍ നാം വിശാലതചെയ്‌തു കൊടുത്താല്‍ അതിന് പകരം അല്ലാഹു നല്‍കുന്ന വിശാലത ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുകയില്ല. സ്ഥലം, ഭക്ഷണം, ഹൃദയം, ഖബര്‍, സ്വര്‍ഗ്ഗം എന്നു വേണ്ട നമുക്ക് ഈ ലോകത്തും പരലോകത്തും വിശാലത ആവശ്യമുള്ള എല്ലാറ്റിലും അവന്‍ വിശാലത നല്‍കുമെന്നാണ് അവന്റെ പ്രസ്‌താവന. അല്ലാഹുവിന്റെ അടിമകള്‍ക്ക് നന്മയുടെയും സുഖത്തിന്റെയും കവാടങ്ങള്‍ വിശാലമാക്കുന്നവര്‍ക്ക് അവന്‍ ഐഹിക പാരത്രിക നന്മകള്‍ ചൊരിയുമെന്ന് സാരം. പ്രത്യേകിച്ച് മുസ്‌ലിം തന്റെ സഹോദരന് നന്മ ചെയ്യുമ്പോള്‍. ഒരു ദാസന്‍ തന്റെ മുസ്‌ലിമായ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു ആ ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും എന്ന നബി വചനം കൂടി ഇവിടെ ചേര്‍ത്തു വായിക്കുക. കുടില ചിന്താഗതികളില്‍ നിന്നും സങ്കുചിത സമീപനങ്ങളില്‍ നിന്നും മുക്തമായി ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്‌ലാം എത്രസുന്ദരവും വിശാലവുമാണ്. മഹത്തായ ഇസ്‌ലാമിക തണലില്‍ നിത്യമായി വിശ്രമിക്കാന്‍ മുന്നോട്ടു വരിക. ആധുനികതയുടെ ഞെരുക്കങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്രാപിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ. |
Friday, 29 November 2013
ഡാര്‍വിനിസം എന്തുകൊണ്ട് എതിര്‍ക്കപെടുന്നു....?
ഡാര്‍വിനിസം
എന്തുകൊണ്ട് എതിര്‍ക്കപെടുന്നു....?
ഇന്ന് കാണുന്ന രൂപത്തിലുള്ള സസ്യങ്ങളും ജന്തുക്കളും മനുഷ്യരും ഒന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമിയിലുണ്ടായിരുന്ന വസ്‌തുക്കള്‍ക്ക് മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ആ മാറ്റങ്ങളിലൂടെയാണ് ഭൂമിയും ജീവജാലങ്ങളും ഇന്നത്തെ അവസ്ഥയിലെത്തിയത്, 600 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യനില്‍ നിന്ന് പൊട്ടിത്തെറിച്ചതാണ് ഭൂമി. കത്തികാളുന്ന ഒരു തീപ്പന്തമായിരുന്നു അന്ന് ഭൂമി. ആ ചൂടില്‍ ഒരു ജീവിയും ഉണ്ടായിരുന്നില്ല. ഒരു ചെടിയും വളര്‍ന്നില്ല. ക്രമേണ ഭൂമി തണുത്തു. പലതരം രാസമാറ്റങ്ങളും ഭൂമിയിലെ പദാര്‍ത്ഥങ്ങളിലുണ്ടായി. ഇതിന്റെ ഫലമായി പ്രോട്ടീനുകള്‍ എന്ന പദാര്‍ത്ഥമുണ്ടായി. ഈ പ്രോട്ടീനുകള്‍ ചേര്‍ന്ന് ജീവവസ്‌തുവുണ്ടായി. ആ ജീവ വസ്‌തുവാണ് പ്രോട്ടോപ്ലാസം. തുടര്‍ന്ന് നൂറുകോടിയലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യന്‍ രൂപം പ്രാപിക്കുന്നത്. മനുഷ്യന് മുമ്പ് ആയിരക്കണക്കിന് സസ്യലദാതികളും മരങ്ങളും വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവജാലങ്ങളും രൂപം പ്രാപിച്ചു. ജീവികളുടെ വികാസത്തില്‍ പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിലും ജീവികളുടെ ശരീരഘടനയും, സ്വഭാവ വിശേഷങ്ങളും മാറുന്നു. ഇടക്കിടക്ക് പുതിയ ജാതി ജീവികള്‍ തനിയെ, ഇതാണ് പരിണാമം. മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍, പക്ഷികള്‍, സ്ഥലജല പ്രാണികള്‍, കുരങ്ങുകള്‍, മനുഷ്യര്‍ എന്നിവയെല്ലാം ഇങ്ങനെ പരിണമിച്ച് ഉണ്ടായതാണ്. മനുഷ്യന്‍ കുരങ്ങിന്റെ ജാതിയില്‍ നിന്നാണ് ഉത്ഭവിച്ചത്. എന്നാല്‍ ഇത് ഒറ്റ ദിവസം കൊണ്ടല്ല സംഭവിച്ചത്. ഒരു കുരങ്ങും മനുഷ്യനെ പ്രസവിച്ചിട്ടില്ല. കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണമിച്ച് ഉണ്ടായതാണ്. അതിന് ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു. (ബാലവിജ്ഞാന കോശം).
കുരങ്ങുകള്‍ രൂപഭേദം സംഭവിച്ച് മനുഷ്യനായി എന്ന ഡാര്‍വിന്റെ വാദം സ്‌കൂളുക ള്‍ മുതല്‍ കോളേജുകളിലും വന്‍ സര്‍വ്വകലാശാലകളിലും പഠിപ്പിക്കപ്പെടുമ്പോഴും ഡാര്‍വിനിസത്തെ അപ്പാടെ വിഴുങ്ങാന്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നവര്‍ക്കാകില്ല. ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യരെ! ഏക ആളില്‍ നിന്ന് നിങ്ങളെ സൃഷ്‌ടിക്കുകയും അതില്‍ നിന്ന് അനേകം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുക'' (അന്നിസാഅ്). ഇതിലും വലിയ എന്ത് തെളിവാണ് ഡാര്‍വിനിസം എതിര്‍ക്കപ്പെടാന്‍ വിശ്വാസികള്‍ക്ക് വേണ്ടത്. ആദ്യമായി ആദം നബി (അ) യെയാണ് സൃഷ്‌ടിക്കപ്പെട്ടത്. പിന്നീട് ഹവ്വാഅ് ബീവിയെയും അവിടെ നിന്നാണ് മനുഷ്യ കുലത്തിന്റെ തുടക്കം. ആദമിനെ സൃഷ്‌ടിച്ചതാകട്ടെ മണ്ണില്‍ നിന്നും. ഇങ്ങനെ ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് മനുഷ്യനെ സൃഷ്‌ടിച്ചത് എന്ന് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ വിശുദ്ധ ഖുര്‍ആന്റെ മുന്നില്‍ ഡാര്‍വിനിസത്തിന്റെ മുഴുവന്‍ പുച്ചും ഉടഞ്ഞ് വീഴും.
നിരീശ്വര- ഭൗതിക സംസ്‌കാരത്തിന് ദാര്‍ശനികവും ശാസ്‌ത്രീയവുമായ പരിവേഷം നല്‍കുക എന്ന ചരിത്ര പരമായ ദൗത്യം നിറവേറ്റിയതു കൊണ്ടാണ് ഡാര്‍വിനും ഡാര്‍വിന്‍ സിദ്ധാന്തവും ഇത്ര സ്വീകാര്യത നേടിയത് എന്നതാണ് വാസ്‌തവം. എന്നാല്‍ ഖുര്‍ആന്റെ മുന്നില്‍ മാത്രമല്ല ആധുനിക ശാസ്‌ത്രത്തിന്റെ മുന്നിലും ഈ പൊട്ട സിദ്ധാന്തത്തിന്റെ കാപട്യം വ്യക്തമായിട്ടുണ്ട്. 1809-ല്‍ ജനിച്ച ചാള്‍സ് ഡാര്‍വിന്‍ കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം കഴിഞ്ഞ് 1859 ല്‍ ആണ് പരിണാമ സംബന്ധമായ നിരീക്ഷണങ്ങള്‍ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് (ഒര്‍ജിന്‍ ഓഫ് സ്‌പീഷിസ്). അപ്പോള്‍ തന്നെ ക്രൈസ്‌തവസഭകള്‍ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്ത് കാട്ടി രംഗത്ത് വന്നിരുന്നു. ഈ കൃതിയുടെ പ്രസിദ്ധീകരണ ശേഷം നടന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രമുഖമായത് 1860 ജൂണ്‍ 30 ന് ബിഷപ്പ് വില്‍ബര്‍ ഫോഴ്‌സും പ്രമുഖ ജീവശാസ്‌ത്രജ്ഞനായ ഹക്‌സലിയും തമ്മിലായിരുന്നു. അവിടെ തുടങ്ങിയ പരാജയം പിന്നീട് ആവര്‍ത്തിക്കപ്പെടുകയായിരുന്നു. പിന്നീട് അടിസ്ഥാന പരമായ തെളിവുകളോടെ നൂറുകണക്കിന് ശാസ്‌ത്രജ്ഞന്മാര്‍ ഇതിനെതിരെ രംഗപ്രവേശനം ചെയ്‌തു. ഡാര്‍വിന്റെ നിരീക്ഷണ യാത്രയിലെ സഹയാത്രികനായിരുന്ന ഫ്രിറ്റ്‌സ്‌റോയ് പോലും ഈ വാദത്തെ എതിര്‍ത്തിരുന്നു. ഒരു കൈയില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് നിങ്ങള്‍ മനുഷ്യന്‍ പറയുന്നതോ ദൈവം പറയുന്നതോ വിശ്വസിക്കുക എന്ന് ചോദിച്ചത് അദ്ദേഹമായിരുന്നു. ഇതേ സമയം തന്നെ ഭൗമശാസ്‌ത്ര പരമായി അന്ന് പ്രചാരം നേടിയിരുന്ന പുസ്‌തകങ്ങളില്‍ ഫോസിലുകളുടെ രൂപീകരണത്തെ കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങളും, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിട്ടുള്ള വിശദീകരണങ്ങളും ഡാര്‍വിന്റെ ഈ സിദ്ധാന്തത്തിനെതിരെ ശബ്‌ദമുയര്‍ത്താന്‍ പ്രേരണ നല്‍കിയിരുന്നു.
1987 കാലങ്ങളില്‍ അമേരിക്കന്‍ സുപ്രീം കോടതി സ്‌കൂളുകളില്‍ ജീവപരിണാമം പഠിപ്പിക്കുന്നതിനോടൊപ്പം ജീവനും ലോകവും ദൈവം സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് എന്ന് കൂടി പഠിപ്പിക്കണം എന്ന് വിധി പുറപ്പെടുവിച്ചിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സ് സംഘടിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ ജന്മശതാബ്‌ദി ആഘോഷ സെമിനാര്‍ പരമ്പരയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സിലെ ഫെലോയും പ്രൊഫസറുമായ ഡോ. രാഘവേന്ദ്ര ഗഡാഗ്‌ക്കര്‍ പറഞ്ഞു: ഡാര്‍വിനിയന്‍ സിദ്ധാന്ത പ്രകാരം സ്വാര്‍ത്ഥതയും മത്സര ക്ഷമതയും പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പുള്ളൂ. ആള്‍ജിബ്ര, ജെനറ്റിക്‌സ്, ബയോളജി ശാസ്‌ത്ര ശാഖകളുടെ സഹായത്തോടെ അദ്ദേഹം തന്റെ സിദ്ധാന്തം അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെ മതാവേശത്തിന്റെ വിത്തുകള്‍ പാകുന്നു എന്ന് കൊട്ടിഘോഷിക്കുന്ന റഷ്യയിലും ചൈനയിലും ചത്തൊടുങ്ങിയ കമ്മ്യൂണിസത്തിന്റെ അസ്ഥിര പഞ്ചരങ്ങളായി ഇന്ത്യയില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളാണ് ഈ പരിണാമ സിദ്ധാന്താത്തത്തിന്റെ പുതിയ പ്രചാരകര്‍ എന്ന നഗ്ന സത്യം മറച്ചു വെക്കപ്പെടാവതല്ല. കാരണം ശാസ്‌ത്രം ഇത്രയധികം വികസിച്ച ഈ കാലഘട്ടത്തിലും, പരിണാമ സിദ്ധാന്തത്തിന്റെ അവ്യക്തത ശാസ്‌ത്രജ്ഞന്മാര്‍ തുറന്നു കാട്ടി കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എത്രയോ ആളുകളും മാസികകളും നമുക്കിടയില്‍ തന്നെയുണ്ട്.
Tuesday, 26 November 2013
ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ (ഖു.സി.)
ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ്
മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ്
എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.)
അല്ലാഹുവിന്റെ അനേകകോടി സൃഷ്‌ടികളില്‍ ഉത്തമനാണ് മനുഷ്യന്‍. സ്രഷ്‌ടാവിന്റെ ആദരവ് ലഭിച്ചവനും. എന്നാല്‍ ഈ നില സംബന്ധമായി അശ്രദ്ധരും അജ്ഞരുമാണ് നമ്മിലധികവും. ഉത്തമ ഗുണങ്ങളും മൃഗീയ, പൈശാചികതകളും മിശ്രിതമായതാണ് മനുഷ്യമനസ്സ്. അധമസ്വഭാവങ്ങളെ ഉന്മൂലനം ചെയ്‌ത് ഇലാഹീഗുണങ്ങളാല്‍ സമ്പന്നമായ ഹൃദയത്തിന്നുടമയാണ് യഥാര്‍ത്ഥ മനുഷ്യന്‍. ഈ ഉത്തുംഗാവസ്ഥ പ്രാപിക്കല്‍ ഇതരസൃഷ്‌ടികളില്‍ നിന്ന് വ്യത്യസ്‌തമായ മനുഷ്യഹൃദയത്തിന് മാത്രമേ സാദ്ധ്യമാകൂ. അതായത് ഹഖ്‌ഖിന്റെ മുഴുവന്‍ നാമവിശേഷണങ്ങളാല്‍ സമ്പുഷ്‌ടമാകുന്നതിനുള്ള പാകത മനുഷ്യനില്‍ മാത്രം നിക്ഷിപ്‌തമാണ്. അതുകൊണ്ടാണ് അവന്‍ അല്ലാഹുവിന്റെ ബഹുമാനത്തിന് പാത്രീഭൂതനായത്.
ഈ ആദരവും അതിന്റെ മാനദണ്ഡവും മനസ്സിലാക്കി യഥാവിധി അല്ലാഹുവിനെ അറിഞ്ഞ് യഥാര്‍ത്ഥ അടിമകളായി കഴിയുന്നവരാണ് അവന്റെ ഇഷ്‌ടദാസന്‍മാരായ ഔലിയാക്കള്‍. അവനിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ കരുത്തുറ്റ ഹൃദയത്തോടെ തരണം ചെയ്യുന്ന അവര്‍ ഇലാഹീ തൃപ്‌തിയില്‍ ആനന്ദം കാണുന്നു. തങ്ങളുടെ ഹൃദയത്തെ അതിന് തയ്യാറാക്കുന്നതിന് തികഞ്ഞ ജ്ഞാനവും സാമര്‍ത്ഥ്യവും ഉള്ള ഒരു മുര്‍ഷിദിന്റെ ആത്മീയ ശിക്ഷണത്തില്‍ അവര്‍ ഈ പ്രയാണം ആരംഭിക്കുന്നു. ഗുരുവിനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും നിഷ്‌കളങ്ക സഹവാസവും കൈമുതലാക്കി സഞ്ചാരം എളുപ്പമാക്കുന്നു. ശൈഖിന്റെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങളും സൂചനകളും അനുസരിച്ചുള്ള അവരുടെ ചലന നിശ്ചലനങ്ങള്‍ ഇലാഹീ സന്നിധിയിലേക്ക് അവരെ കൂടുതലായി അടുപ്പിക്കുന്നു. ഇലാഹീ ജ്ഞാനത്തിന് വിഘാതമായ കറകളെ ഹൃദയത്തില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കി ജ്ഞാനപ്രകാശ പൂരിതമായ ഹൃദയത്തോടെ സദാ അല്ലാഹുവിലായി കഴിയുന്ന ഇവര്‍ പൂര്‍ണ്ണത വരിക്കുന്നു. തദനന്തരം മറ്റുള്ളവരെ അല്ലാഹുവിലേക്ക് വഴി നടത്തുന്നതിന് അവന്‍ അവരെ നിശ്ചയിക്കുന്നു. അതോടെ അല്ലാഹുവല്ലാത്ത ചിന്തകളും വിചാരങ്ങളും കൊണ്ട് മലിനമായ ഹൃദയങ്ങളെ ആത്മസംസ്‌ക്കരണത്തിലൂടെ അവനിലേക്കും അവന്റെ തൗഹീദിലേക്കും മാര്‍ഗ്ഗദര്‍ശനം ചെയ്യുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നു.
അമ്പിയാക്കളുടെ പിന്‍മുറക്കാരായി ഈ മഹത്തായ ദൗത്യം നിര്‍വ്വഹിച്ച മശാഇഖുമാര്‍ നിരവധിയാണ്. ഇവരുടെ പിന്‍ഗാമികളിലൂടെ അതവസാന നാള്‍ വരെ തുടരുകയും ചെയ്യുന്നു. പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിശുദ്ധ ശൃംഖലയിലെ തിളങ്ങുന്ന കണ്ണിയാണ് ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ജനിച്ച് ആലുവ കുന്നത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ് എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) അവര്‍കള്‍.
അമ്പിയാക്കളെ സ്‌മരിക്കല്‍ ആരാധനയും, സജ്ജനങ്ങളെ ഓര്‍ക്കല്‍ പാപമുക്തി നല്‍കുന്നകാര്യവുമാണ്� എന്ന നബി വചനവും പ്രവാചകരും അല്ലാത്തവരുമായ അനവധി മഹത്തുക്കളുടെ ചരിത്രസ്‌മരണകള്‍ സമ്മാനിക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ കലാമായ ഖുര്‍ആനും സച്ചരിതരെ സ്‌മരിക്കുന്നതിനും അവരെ പ്രകീര്‍ത്തിക്കുന്നതിനും നമുക്ക് അടിസ്ഥാനവും മാതൃകയുമാണല്ലോ.
എ.ഐ. മുത്തുകോയ തങ്ങള്‍ എന്ന പേരില്‍ ശൈഖുനാ പ്രസിദ്ധനായി. സയ്യിദ് ഐദ്രോസ് വലിയുല്ലാഹി തങ്ങകോയതങ്ങള്‍ എന്ന മഹാനാണ് പിതാവ്. `ജീലീ' ഖബീലയാണ് ശൈഖുനായുടേത്. പിതാവിന്റെ പേരിനോട് ചേര്‍ത്തി ഐദ്രോസിയ്യ് എന്നും പറയപ്പെടുന്നു. മാതൃസന്നിധിയില്‍ നിന്ന് പ്രാഥമിക അറിവുകള്‍ നേടി. ശേഷം ദീനീവിഷയങ്ങളിലും ആത്മീയ ജ്ഞാനങ്ങളിലും തത്‌പരരായ മഹാന്‍ ഇലാഹീ തൃപ്‌തിമാത്രം കാംക്ഷിച്ചുകൊണ്ട് ജ്ഞാന സമ്പാദനത്തിനായി സ്വദേശത്ത് നിന്ന് യാത്രതിരിച്ചു. ആത്മീയത തളംകെട്ടി നിന്നിരുന്ന തമിഴ് നാട്ടിലെ പുതക്കുടി മദ്രസ്സ അന്നൂറുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന് അവിടെ നിന്ന് വിവിധ വിജ്ഞാന ശാഖകള്‍ സ്വായത്തമാക്കി. പ്രിന്‍സിപ്പാളായിരുന്ന ശൈഖ് അബ്‌ദുല്‍ കരീം സ്വൂഫി ഹസ്രത്തിന്റെ ശിഷ്യത്വവും സഹവാസവും അവരെ ആത്മീയതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
പഠന ശേഷം തന്റെ ആത്മീയ നിലവാരം ഉയര്‍ത്തി ഇലാഹീ സമക്ഷത്തിലെത്തിക്കാന്‍ തരപ്പെട്ട ഗുരുവിനെ തേടിയുള്ള യാത്രയാരംഭിച്ചു. �അല്ലാഹുവിലേക്ക് നിങ്ങള്‍ ഒരു മാധ്യമം (ത്വരീഖത്തിന്റെ സദ്‌ഗുരുക്കളും ഹഖീഖത്തിന്റെ ഉലമാക്കളും: റൂഹുല്‍ ബയാന്‍)തേടുക� എന്ന അല്ലാഹുവിന്റെ ആജ്ഞശിരസ്സാ വഹിക്കുകയായിരുന്നു ശൈഖുനാ. ത്യാഗഭരിതമായ ഈ അന്വേഷണ യാത്രയിലൂടെ. ആത്മാര്‍ത്ഥമായ ആഗ്രഹവും സത്യസന്ധമായ അന്വേഷണവും മഹാനവര്‍കളെ ലക്ഷ്യത്തിലെത്തിച്ചു. മഹാനവര്‍കള്‍ ഇളയുപ്പയായ ആന്ത്രോത്തിലെ പുറാടം കുഞ്ഞിക്കോയതങ്ങള്‍ എന്നറിയപ്പെടുന്ന അശ്ശൈഖ് അസ്സയ്യിദ് അഹ്‌മദുല്‍ ജീലി (ഖു. സി.) അവര്‍കളുടെ സവിധത്തില്‍ എത്തി. ആത്മീയ ജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായ ഗുരുവിനോടൊപ്പം കഴിഞ്ഞ്‌കൂടി. വളരെക്കാലമായി തന്നെ അലട്ടിയിരുന്ന പ്രശ്‌നം പരിഹരിച്ചതില്‍ മഹാന്‍ സന്തുഷ്‌ടനായി. തന്നെ മൊത്തമായും ആ ആത്മീയതോപ്പില്‍ സമര്‍പ്പിച്ച് ഒരു പുതുജീവിതത്തിന് തന്നെ തുടക്കം കുറിച്ചു. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴ്‌പ്പെട്ട് ശൈഖുനാ പുര്‍ണ്ണതയിലെത്തുന്നതിന് മുമ്പ് ഗുരു ജീലിതങ്ങള്‍ (ഖു:സി) ശാശ്വത ലോകം പുല്‍കി.
പിന്നീട് ശൈഖ് ജീലിതങ്ങളുടെ നിര്‍ദ്ദേശാനുസാരം ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനസാഗരമായ തൊടുപുഴ ശൈഖുനാ അശ്ശൈഖ് മുഹമ്മദ് സുഫിയ്യുല്‍ കൂത്താരി അവര്‍കളുടെ ആത്മീയ ശിക്ഷണം സ്വീകരിച്ചു. തുടര്‍ന്നങ്ങോട്ട് ഉന്നതങ്ങളിലേക്ക് ഒരു കുതിപ്പായിരുന്നു. അവിടുത്തെ മഹത്തായ ശിക്ഷണത്തില്‍ ദിവസങ്ങള്‍ക്കകം മഹാനവര്‍കള്‍ ലക്ഷ്യം പ്രാപിച്ചു. ഗുരുവിനോടുള്ള കറകളഞ്ഞസ്‌നേഹവും സഹവാസവും ലക്ഷ്യപ്രാപ്‌തി അനായാസമാക്കി. ആത്മീയ ഭൗതികജ്ഞാനങ്ങളുടെ സമന്വയസ്വരൂപമായി ഉന്നതി പ്രാപിച്ച മഹാനവര്‍കള്‍ക്ക് കൂത്താരി ശൈഖുനാ ജീവിതകാലത്ത് തന്നെ ഖിലാഫത്തും ആത്മീയ തര്‍ബിയത്തിനുള്ള അനുമതിയും നല്‌കി. അവരുടെ പ്രധാന ഖലീഫയായി നിശ്ചയിക്കപ്പെട്ട ശൈഖുനാ ആത്മസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അല്ലാഹുവിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്‌തുകൊണ്ട് അദ്ധ്യാത്മിക മേഖലയിലെ സൂര്യതേജസ്സായി നിലകൊണ്ടു. കൂത്താരി ശൈഖുനായില്‍ നിന്ന് ഖാദിരി, ചിശ്‌തി, ത്വരീഖത്തുകളും മറ്റ് മശാഇഖുമാരായ സയ്യിദ് യൂസുഫുര്‍രിഫാഈ (ഖു.സി.) ആന്ത്രോത്ത്, ശൈഖ് കമ്മുക്കുട്ടി മൗലാനാ കാളത്തോട് (ഖു.സി.) തുടങ്ങിയവരില്‍ നിന്ന് രിഫാഇയ്യ,് നഖ്‌ശബന്ദിയ്യ്, ശാദുലീ ത്വരീഖത്തുകളും സ്വീകരിച്ചു. ആത്മജ്ഞാന പ്രഭവ കേന്ദ്രങ്ങളായ ഗുരുഹൃദയങ്ങളില്‍ നിന്ന് ലഭിച്ച അവര്‍ണ്ണനീയ ജ്ഞാനഗോള രശ്‌മികളെ ആവശ്യക്കാരിലേക്ക് പ്രസരിപ്പിക്കുന്നതായി ശൈഖുനായുടെ ജീവിതം.
അത്യധികം സംശുദ്ധമായ നിലയില്‍ അല്ലാഹു നല്‍കിയ ഹൃദയത്തെ പിശാചിന്റെയും സ്വമനസ്സിന്റെയും ദുര്‍ബോധനങ്ങള്‍ക്ക് അടിമപ്പെട്ട് ദുര്‍ഗുണങ്ങളാല്‍ മലീമസമാക്കിയും സ്രഷ്‌ടാവിനെ വിസ്‌മരിച്ചും കഴിയുന്നവരെ ആത്മീയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് മുഖ്യമായും മഹാന്‍ നിര്‍വ്വഹിച്ചിരുന്നത്. അമ്പിയാഇന്റെയും അവരുടെ പിന്‍ഗാമികളായ മശാഇഖിന്റെയും അതേദൗത്യം തന്നെ.
ഇസ്‌ലാമിക ആദര്‍ശാനുഷ്‌ഠാന വിഷയങ്ങളും ത്വരീഖത്ത്, ശൈഖ്, ആത്മീയത, തൗഹീദ് തുടങ്ങിയ ആത്മീയ ജ്ഞാനങ്ങളും, അതിന്റെ വഴികളും പ്രവാചകശൃംഖലയിലെ മഹാനായ യൂസുഫ് നബി (അ), പ്രവാചക പുത്രി മഹതി ഫാത്തിമബീവി (റ), ഗൗസുല്‍ അഅ്‌ളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) എന്നീ മഹത്തുക്കളുടെ ആധികാരിക ചരിത്രശകലങ്ങളും എളുപ്പത്തില്‍ പഠിക്കാവുന്ന ശൈലിയിലും അനായാസേന ഗ്രഹിക്കാവുന്ന ഘടനയിലും ശൈഖുനാ രചിച്ച അറബി മലയാള കാവ്യ സമാഹാരങ്ങള്‍ മുസ്‌ലിം ലോകത്തിന് വിലമതിക്കാനാവാത്ത മുതല്‍കൂട്ടാണ്. ഉപരി മാപ്പിള സാഹിത്യത്തിന്റെ യശസ്സുയര്‍ത്തുന്നവ യുമാണ്.
ഇല്‍മുശ്ശരീഅത്തിനെയും ഹഖീഖത്തിനെയും ഒന്ന് മറ്റൊന്നിന് വിഘാതമാകാത്ത നിലയില്‍ സമന്വയിപ്പിച്ച് ഇസ്‌തിഖാമത്തില്‍ അടിയുറച്ച ശൈഖുനാ ഇല്‍മുത്തസ്വവ്വുഫിന് മുന്‍ഗണന നല്‍കി മദ്രസ്സ നൂറുല്‍ ഇര്‍ഫാന്‍ എന്ന പേരില്‍ അറബിക്കോളേജ് സ്ഥാപിച്ചു. ശരീഅത്തിന്റെ അറിവുകള്‍ക്കൊപ്പം ശോഷണവും ചൂഷണവും നേരിടുന്ന ആത്മീയജ്ഞാനത്തിന്റെ ശരിയായ പഠനവും പ്രയോഗവും പ്രചരണവുമാണ് മഹാനവര്‍കള്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ഇന്നിന്റെ ചുറ്റുപാട് ഈ ലക്ഷ്യത്തിന്റെ ആവശ്യകത അറിയിക്കുന്നുമുണ്ട്. തന്റെ ഉള്‍ക്കാഴ്‌ചയിലൂടെ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഈ അവസ്ഥ മനസ്സിലാക്കിയ മഹാന്‍ അത് പരിഹരിക്കുകയായിരുന്നു മദ്രസ്സ നൂറുല്‍ ഇര്‍ഫാനിലൂടെ. സ്ഥാപനം അതിന്റെ ലക്ഷ്യത്തിലൂടെ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്നു. അത് അവരുടെ പ്രധാന കറാമത്തുകളിലൊന്നാണ്.
ലക്ഷദ്വീപിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആത്മീയ പരിപോഷണത്തിനു പയുക്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മഹ്‌ളറകള്‍ സ്ഥാപിച്ചു. അതിലൂടെ മഹാനവര്‍കള്‍ അവിടങ്ങളിലും മതചൈതന്യം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. പ്രഗത്ഭരും പ്രശസ്‌തരുമായ പണ്ഡിതര്‍ വരെ അവിടുത്തെ ആത്മീയ തര്‍ബിയത്ത് കാംക്ഷിച്ച് എത്തുകയും സ്വീകരിക്കുകയും ചെയ്‌തിരുന്നുവെന്നത് മഹാനരുടെ ഔന്നിത്യവും അംഗീകാരവും വ്യക്തമാക്കുന്നു. മുതലാളി, തൊഴിലാളി, കുബേര, കുചേല, പണ്‌ഡിത, പാമര ഭേദമന്യേ നിഷ്‌കളങ്ക നിയ്യത്തോടെ തന്നെ സമീപിച്ച അനവധി ആത്മീയ ദാഹികളെയാണ് ആത്മസംസ്‌ക്കരണത്തിലൂടെ ശൈഖുനാ അല്ലാഹുവിലേക്ക് വഴിനടത്തിയത്.
അദൈവിക ചിന്തകളുടെ അഴുക്കു ചാലുകളായിരുന്ന നിരവധി മനുഷ്യ ഹൃദയങ്ങളെ സംശുദ്ധമാക്കി സ്രഷ്‌ടാവിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്‌ത ശൈഖുനാ ജ്ഞാന മണ്ഡലത്തിലെ നിത്യ ജ്യോതിസ്സാണെന്ന് അവിടുത്തെ ജീവിതവും നിഷ്‌കാമ സേവനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മറുലോക യാത്ര അതിന്റെ പ്രഭക്ക് ഒരുവിധ മങ്ങലും ഏല്‌പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആ നിത്യജ്യോതിസ്സില്‍ നിന്നുള്ള ജ്ഞാനകിരണങ്ങള്‍ അവിടുത്തെ പ്രതിനിധികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൃതികളിലൂടെയും ഇപ്പോള്‍ നൂറുല്‍ ഇര്‍ഫാന്‍ മാസികയിലൂടെയും ലോകത്ത് പ്രസരിച്ചുകൊണ്ടിരിക്കുന്നു. പൂര്‍വ്വോപരി തിളക്കത്തോടെ. ഹിജ്‌റ 1388 സഫര്‍ മാസം 25 വെള്ളിയാഴ്‌ചയുടെ അസ്‌തമയസമയത്ത് മഹാനവര്‍കള്‍ അതീന്ദ്രിയ ലോകത്തേക്ക് നീങ്ങി. അവരെ അനുഗമിക്കാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ.
![]() |
| മഹാനവര്‍കളുടെ മഖ്ബറ |
ജ്ഞാനദളം 1
ജ്ഞാനദളം 1
|
ആദ്യമായി വാനലോകത്ത് വാങ്ക് കൊടുത്തതാരാണ്?
ഇത് സംബന്ധമായി ഹാശിയത്തുല്‍ ജമലില്‍ പറയുന്നത് ഇപ്രകാരമാണ്: വാനലോകത്ത്
ആദ്യം വാങ്ക് കൊടുത്തത് ജിബ്‌രീലും ഇസ്‌ലാമില്‍ ആദ്യമായി (ഭൂമിലോകത്ത്)
വാങ്ക് കൊടുത്തത് ബിലാല്‍ (റ) വാണ്
|
|
പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
പള്ളി മലിനമാകാത്ത രൂപത്തില്‍ പള്ളിയില്‍ വെച്ച് ഭക്ഷിക്കല്‍ അനുവദനീയമാണ്.
നബി (സ്വ) യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പത്തിരിയും ഇറച്ചിയും പള്ളിയില്‍
വെച്ച് തിന്നുമായിരുന്നുവെന്ന് ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട് ചെയ്‌ത ഒരു
ഹദീസില്‍ കാണാം. മാത്രമല്ല, ഇത് അനുവദനീയമാണെന്ന്
ഇമാം സര്‍കശി (റ) തന്റെ `ഇഅ്‌ലാമുസ്സാജിദ് ബി അഹ്‌കാമില്‍ മസാജിദ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
|
ജ്ഞാനദളം
ജ്ഞാനദളം
അബ്‌റഹത്ത് രാജാവ് കഅ്‌ബ പൊളിക്കാനായി വന്നതിന് കാരണം
എന്താണ്? ഏറ്റവും മുന്നിലുണ്ടായിരുന്ന ആനയുടെ പേരെന്തായിരുന്നു?
യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് `സ്വന്‍ആഇ' ല്‍ അതിമനോഹരമായ ഒരു ക്രിസ്‌ത്യന്‍ പള്ളി സ്ഥാപിച്ചു. മക്കയിലെത്തുന്ന
ഹാജിമാരെ അങ്ങോട്ട് തിരിക്കലായിരുന്നു സ്ഥാപിത ലക്ഷ്യം. എന്നാല്‍ കിനാന
ഗോത്രത്തില്‍ (ഖുറൈശി) പെട്ട ഒരു വ്യക്തി ആ പള്ളിയില്‍ ഒരു രാത്രി കാഷ്‌ടിച്ച്
മലീമസമാക്കി. ഇതറിഞ്ഞ അബ്‌റഹത്ത് ഖുറൈശികളുടെ അഭിമാനമായിരുന്ന കഅ്‌ബാലയം
പൊളിക്കുമെന്ന് സത്യം ചെയ്‌തു. അങ്ങനെയാണ് ആനപ്പടയുമായി കഅ്‌ബ പൊളിക്കാനായി
അബ്‌റഹത്ത് പുറപ്പെട്ടത്. ആനയുടെ നാമം മഹ്‌മൂദ് എന്നായിരുന്നു. (ജലാലൈനി, ബഹ്‌റുല്‍ മദീദ്).
|
നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിന്റെ
വിധി എന്താണ്?
അകാരണമായി നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കല്‍ കറാഹത്താണ്. കാരണത്തോട്
കൂടിയാണെങ്കില്‍ കറാഹത്താവുകയില്ല. ഇമാം മുതവല്ലിയുടെയും ഹലീമിയ്യ്
എന്നവരുടെയും അഭിപ്രായം ഹറാമാണെന്നാണ്. നെഞ്ച് കൊണ്ട് ഖിബ്‌ലയേയും വിട്ട്
തിരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. അതുപോലെ തമാശ രൂപത്തില്‍ മുഖം കൊണ്ട്
തിരിയലും നിസ്‌കാരം ബാത്വിലാക്കും. (ഫത്‌ഹുല്‍മുഈന്‍, ഇആനത്ത്, അസ്‌നല്‍ മത്വാലിബ്)
|
നബി (സ്വ) യുടെ പുത്രന്‍ ഇബ്‌റാഹിം
(റ) വഫാത്തായപ്പോള്‍ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും ആരാണ്?
ഉമ്മയായ മാരിയ്യത്തുല്‍ ഖിബ്‌ത്തിയ്യയാണ് കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും.
നിസ്‌കരിക്കാതെയാണ് നബി (സ്വ) മറമാടിയത്. (ഫതാവല്‍ ഹദീസിയ്യ)
|
പെണ്‍കുഞ്ഞിന്റെ ചെവിയില്‍
ജനിച്ച ഉടനെ വാങ്ക് കൊടുക്കാമോ?
കുട്ടി ജനിച്ച ഉടനെ വലത്തെ ചെവിയില്‍ വാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും
കൊടുക്കല്‍ സുന്നത്താണ്. ആണ്‍-പെണ്‍ വേര്‍തിരിവില്ല. നിസ്‌കാരങ്ങളില്‍ സ്‌ത്രീകള്‍ക്ക്
വാങ്ക് സുന്നത്തില്ല എന്നതില്‍ നിന്നും ഉണ്ടായ ധാരണപ്പിശകാണ് പെണ്‍കുഞ്ഞിന്റെ
ചെവിയില്‍ വാങ്ക് കൊടുക്കേണ്ടതില്ല എന്നത്.
|
Wednesday, 20 November 2013
മുഹര്‍റം അല്ലാഹുവിന്റെ മാസം
മുഹര്‍റം അല്ലാഹുവിന്റെ മാസം
ഈ കാണുന്ന പ്രവിശാല സുന്ദരമായ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ് അല്ലാഹുവാണ്. അതില്‍ ചേതനവും
കാലാതിവര്‍ത്തിയായ വിശുദ്ധ ഗ്രന്ഥവും പാപമോചനത്തിന്റെ സുദിന സമാഹാരവും വിശുദ്ധ റമളാന് കിരീടം ചാര്‍ത്തുമ്പോള്‍ വിശുദ്ധ റബീഉല്‍ അവ്വലിന് പവിത്രത നല്‍കുന്നത് ലോകാനുഗ്രഹിയുടെ പ്രവാചക തിരുജന്മമാണ്. അപ്രകാരം അല്ലാഹുവിന്റെ മാസം എന്നതു കൊണ്ട് മുഹര്‍റവും മഹിതസ്ഥാനം അലങ്കരിക്കുന്നു. ``തീര്‍ച്ചയായും മുഹര്‍റം അല്ലാഹുവിന്റെ മാസമാകുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും ശേഷവും ശാന്തിയുടെയും സമാധാനത്തിന്റെയും മാസങ്ങളായി മുഹര്‍റം, റജബ്, ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ എന്നിവ അറിയപ്പെട്ടുവരുന്നു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് മുഹര്‍റം മാസത്തിനാണ്. കാരണം യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ നാലെണ്ണമുണ്ടായിട്ടും യുദ്ധം നിഷിദ്ധമായത് എന്നര്‍ത്ഥം വരുന്ന അല്‍ മുഹര്‍റം എന്ന പേര് ഈ മാസത്തിന് നല്‍കപ്പെട്ടിട്ടുണ്ട്. മഹനീയമായ ദിനങ്ങളില്‍ പുണ്യകരമായ ആരാധനകളില്‍ പ്രധാനമായത് വ്രതാനുഷ്‌ഠാനമാണെന്ന് കാണാന്‍ കഴിയും. രണ്ട് പെരുന്നാളിലും അയ്യാത്തമുത്തശ്‌രീഖിലും ഒഴികെ സമുചിത ആഘോഷ വേഷകള്‍ വ്രതാനുഷ്‌ഠാനത്തിലാണ് പ്രഭാപൂരിതമാക്കിയിരിക്കുന്നത്. റമളാനും അറഫാദിനവും ആശുറാഉം മിഅ്‌റാജും പ്രവാചക ജന്മം കൊണ്ട് പുളകം കൊണ്ട തിങ്കളാഴ്‌ചയും സുന്നത്ത് നോമ്പ് കൊണ്ട് പുളകിതമാക്കാന്‍ പ്രവാചക നിര്‍ദ്ദേശമുണ്ടായതായി നമുക്ക് കാണാം.
മുഹര്‍റം മാസത്തിലും വ്രതാനുഷ്‌ഠാനം ശക്തമായ സുന്നത്താണ്. അലി (റ) പറയുന്നു:�``ഒരാള്‍ പ്രവാചക സമക്ഷത്തില്‍ വന്ന് ചോദിച്ചു: റമളാനിന് ശേഷം ഏത് മാസമാണ് നോമ്പെടുക്കാന്‍ എന്നോട് കല്‍പിക്കുന്നത്? പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം അതാണല്ലോ അല്ലാഹുവിന്റെ മാസം. അബൂഹുറൈറ (റ) പറയുന്നു: റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക് നല്ലത് അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. (മുസ്‌ലിം). റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്‌ഠിക്കാന്‍ ഏറ്റവും ശ്രേഷ്‌ഠകരമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാല് മാസങ്ങളാണ്. ഇവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത് മുഹര്‍റം മാസവും. പിന്നീട് റജബ്, ദുല്‍ഹിജ്ജ, ദുല്‍ഖഅ്‌ദ മാസങ്ങള്‍ക്കുമാണ്. മുഹര്‍റം മുഴുവന്‍ നോമ്പനുഷ്‌ഠിക്കല്‍ പ്രധാന സുന്നത്താണ്. പവിത്രമായ മുഹര്‍റം മാസത്തിലെ ഓരോ ദിവസത്തെ വ്രതത്തിനും മുപ്പത് സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്''( ത്വബ്‌റാനി). മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക പദവി കല്‍പിച്ചിട്ടുണ്ട്. മുഹര്‍റം മാസത്തിലെ ആദ്യപത്തുകളെ കുറിച്ചാണ് സൂറത്തുല്‍ ഫജറിന്റെ ഒന്നും രണ്ടും ആയത്തുകളില്‍ പ്രതിപാദിച്ചിരിക്കുന്നത് എന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. മഹാനായ ഇബ്‌നു ഹജര്‍ (റ) പോലെയുള്ള മഹാന്മാര്‍ പറയുന്നു: ``വളരെയധികം പ്രധാന്യമുള്ളതിനെ പറ്റിയാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്‌ത് പറയാന്‍ ഉപയോഗിക്കാറുള്ളത്. അപ്പോള്‍ മുഹര്‍റത്തിന്റെ ആദ്യത്തെ പത്ത് ദിവസത്തെ നോമ്പിനെ പറ്റി പറയേണ്ടതില്ലല്ലോ?''.
ആശുറാഉം താസുആഉം
ചരിത്ര പ്രസിദ്ധമായ അനവധി നിരവധി സംഭവ ബഹുലതകളുടെ സംഗമസുദിനമാണ് മുഹര്‍റം പത്ത്. സുപ്രസിദ്ധമായ വെള്ളപ്പൊക്കത്തിന് ശേഷം നൂഹ് നബി (അ) യെ കപ്പലില്‍ നിന്ന് മോചിപ്പിച്ചതും നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്നും ഇബ്‌റാഹീം നബി (അ) യെ മോചിപ്പിച്ചതും അസ്സീസ് രാജന്റെ കാരാഗ്രഹത്തില്‍ നിന്നും യൂസുഫ് നബി (അ) യെ അല്ലാഹു പുറത്ത് കടത്തിയതും യൂസുഫ് നബി (അ) യുടെ പിതാവായ യഅ്‌ഖൂബ് നബി (അ)ക്ക് കാഴ്‌ചശക്തി തിരികെ നല്‍കിയതും അയ്യൂബ് നബി (അ) യെ തീരാ വേദനയുടെ കയത്തില്‍ നിന്നും കര കയറ്റിയതും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും യൂനുസ് നബി (അ) യെ രക്ഷിച്ചതും ഈസാനബി (അ) യെ ക്രൂശിക്കാന്‍ വന്നപ്പോള്‍ ആകാശത്തേക്ക് ഉയര്‍ത്തിയതും തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയും. പിടക്കുന്ന ഹൃദയത്തോടെ വേദനയോടെ സ്രഷ്‌ടാവിന്റെ ദര്‍ബാറിലേക്ക് കൈകള്‍ ഉയര്‍ത്തിയവര്‍ക്ക് അര്‍ഹമായ മറുപടി മുഹര്‍റത്തില്‍ അല്ലാഹു നല്‍കി. തൗഹീദിനെതിരെ സമരമുറകള്‍ പരീക്ഷിച്ചവരെയും യുദ്ധ പ്രഖ്യാപനം നടത്തിയ ധിക്കാരി വര്‍ഗ്ഗത്തേയും നാശമുഖത്തേക്ക് തൂത്തെറിഞ്ഞ് ദീനുല്‍ ഇസ്‌ലാമിന് സംരക്ഷണത്തിന്റെ പട്ട് പുതപ്പിച്ച സുദിനം കൂടിയാണ് മുഹര്‍റം പത്ത്.
വിശ്വാസി സമൂഹത്തിന് നല്‍കിയ അനുഗൃഹീത സംഗമങ്ങളെ സ്‌മരിച്ചു കൊണ്ട് സ്രഷ്‌ടാവിന് നന്ദി ചെയ്യാനായി പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ക്ക് മുമ്പുള്ള പ്രവാചകന്മാര്‍ ഈ ദിവസത്തിന് പ്രത്യേകം പരിഗണന നല്‍കിയത് ഹദീസുകളില്‍ കാണാം. മുഹര്‍റം പത്ത് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ അനുചരന്മാരുടെ മാത്രം വിശേഷ ദിവസമല്ല. പൂര്‍വ്വ പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും വിശേഷ ദിവസമായിരുന്നു. ആഇശാ ബീവി (റ) പറയുന്നു: ``ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ ആശുറാഅ് സുദിനം നോമ്പനുഷ്‌ഠിച്ചിരുന്നു. നുബുവ്വത്തിന് മുമ്പ് പ്രവാചകനും ഈ നോമ്പ് എടുത്തിരുന്നു. പ്രവാചകന്‍ (സ്വ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ ആശുറാഅ് നോമ്പ് സ്വയം അനുഷ്‌ഠിക്കുന്നതിന് പുറമെ അനുയായികളോട് കല്‍പിക്കുകയും ചെയ്‌തു (ഇബ്‌നു മാജ).
അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായ ഫിര്‍ഔനിന്റെ അക്രമങ്ങളില്‍ നിന്ന് വിജയശ്രീലാളിതനാവാന്‍ മൂസാനബി (അ) ക്ക് സാധിച്ചത് മുഹര്‍റം പത്തിനായിരുന്നു. ജൂതന്മാരും ക്രിസ്‌ത്യാനികളും ഈ ഓര്‍മ്മ പുതുക്കാന്‍ ഈ ദിവസം നോമ്പനുഷ്‌ഠിച്ചിരുന്നു. ഹിജ്‌റയോടെ പ്രവാചകന്‍ (സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ഈ നോമ്പനുഷ്‌ഠിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മൂസാ നബി (അ) യുമായി ഏറ്റവും അടുത്തത് ഞങ്ങളാണ്. അങ്ങനെ നബി (സ്വ) അനുചരന്മാരോടും നോമ്പനുഷ്‌ഠിക്കാന്‍ കല്‍പിച്ചു. ഇബനു അബ്ബാസ് (റ) പറയുന്നു: നോമ്പ് കൊണ്ടുള്ള ഈ കല്‍പന വന്നപ്പോള്‍ ജൂത-ക്രൈസ്‌തവ സുഹൃത്തുക്കള്‍ മഹത്വം നല്‍കുന്ന സുദിനമല്ലേ ഇത് എന്ന് ചോദിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്‌ഠിക്കും. പക്ഷേ, അടുത്ത വര്‍ഷം ആ സുദിനം പുല്‍കാന്‍ പ്രവാചകന്‍ ഈ ലോകത്ത് വസിച്ചിരുന്നില്ല. ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ്വ) ഫറയുന്നു: ഒന്‍പതിലും പത്തിലും നിങ്ങള്‍ നോനമ്പനുഷ്‌ഠിക്കുകയും ജൂതന്മാരോട് എതിരാവുകയും ചെയ്യുക.
ആശുറാഇനോടൊപ്പം മുഹര്‍റം പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണെന്ന് ഹദീസുകളില്‍ കാണാം. ഇമാം അഹ്‌മദ് (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഒമ്പതിനും പതിനൊന്നിനും എന്ന് കാണാന്‍ കഴിയും. ജൂതന്മാരോടുള്ള നിസ്സഹകരണമായിട്ടാണ് മുഹര്‍റം ഒമ്പതിന് നോമ്പു പിടിക്കാന്‍ നബി (സ്വ) അരുള്‍ ചെയ്‌തത്. അതിനാല്‍ പതിനൊന്നിനും സുന്നത്താണെന്ന് ശര്‍വ്വാനിയിലും കാണാം. ആശുറാഅ് നോമ്പിന് വിവിധ രൂപങ്ങള്‍ പണ്ഡിത കേസരികള്‍ പഠിപ്പിക്കുന്നുണ്ട്. ഒന്നാമതായി മുഹര്‍റം 9,10,11 തുടങ്ങിയ മൂന്ന് ദിവസങ്ങളിലും രണ്ടാമതായി ഒമ്പതും പത്തും മാത്രം നോക്കല്‍ മൂന്നാമതായി പത്ത് മാത്രം നോമ്പനുഷ്‌ഠിക്കലും. ഒമ്പതിന് നോമ്പനുഷ്‌ഠിക്കാത്തവര്‍ക്കും അനുഷ്‌ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്റെ നോമ്പ് അനുഷ്‌ഠിക്കല്‍ സുന്നത്താണ്. പത്തിനൊപ്പം ഒമ്പതോ പതിനൊന്നോ ഏതെങ്കിലും ഒന്ന് നിജപ്പെടുത്തുന്നവര്‍ക്ക് ഒമ്പതാണുത്തമം. കാരണം ജൂതന്മാരോട് എതിരാവുക എന്നതിന് പുറമെ മുഹര്‍റം മാസത്തെ ആദ്യത്തെ പത്ത് ദിവസം എന്ന മഹിമയും ലഭിക്കുന്നു. പതിനൊന്നിന് ഈ ശ്രേഷ്‌ഠത ലഭിക്കില്ലല്ലോ? (ശര്‍വാനി). മാസപ്പിറവി നിര്‍ണ്ണയത്തിലെ പിശകോ മറ്റു സൂക്ഷ്‌മത കുറവോ മൂലം പുണ്യം നഷ്‌ടമാകാതിരിക്കാന്‍ എട്ടിനും നോമ്പ് സുന്നത്താണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞത് കാണാം.
ആശുറാഅ് ദിവസത്തിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുന്ന ഒരു സംഭവം ഇആനത്തില്‍ കാണാം: ഒരു ദരിദ്രനായ മനുഷ്യന്‍ ആശുറാഅ് ദിവസത്തില്‍ കുടുംബത്തിന്റെ ആവശ്യത്തിനായി മുസ്‌ലിമിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ ഈ ദരിദ്രന് പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നീട് അദ്ദേഹം പണത്തിനായി ഒരു ജൂതനെ സമീപിച്ചു. കാര്യങ്ങള്‍ ഉണര്‍ത്തി. ആശുറാഅ് ദിവസത്തിന്റെ പ്രത്യേകതകള്‍ ജൂതന് പറഞ്ഞു കൊടുക്കുകയും ഈ പുണ്യസുദിനത്തില്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും വാഗ്‌ദാനം ചെയ്‌തു. ആശുറാഇന്റെ മഹത്വം മനസ്സിലാക്കിയ അയാള്‍ ഈ ദിവസത്തിന്റെ മഹത്വം മാനിച്ച് 10 ദിര്‍ഹം നല്‍കുന്നു എന്ന് പറഞ്ഞ് ദരിദ്രന് പണം നല്‍കി. മുസ്‌ലിമായ വ്യക്തി അന്ന് രാത്രി ശക്തമായ ദാഹത്തോട് കൂടി അന്ത്യനാളിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ചെങ്കോട്ടയില്‍ നിന്നും ശബ്‌ദമുയര്‍ന്നു. ഇന്നലെ വരെ ഇത് നിനക്കുള്ളതായിരുന്നു. എന്നാല്‍ നീ ദരിദ്രന് പണം നിഷേധിച്ചതിനാല്‍ നിന്റെ പേര് നീക്കി പകരം ജൂതന്റെ പേര് കൊത്തിവെക്കപ്പെട്ടതാണ്. നിരാശ സഹിക്കവയ്യാതെ അയാള്‍ ജൂതനെ സമീപിച്ച് 100 ദിര്‍ഹമിന് പകരമായി ജൂതന് ലഭിച്ച പദവിയും പ്രതിഫലവും യാചിക്കുകയും ചെയ്‌തു. എന്നാല്‍ ജൂതന്‍ സമ്മതം നല്‍കിയില്ലെന്ന് മാത്രമല്ല പ്രവേശന അനുമതി പോലും വിലക്കി. ആശൂറാഅ് ദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് സദുദ്യമം നടത്തിയപ്പോള്‍ അവിശ്വാസിയായ മനുഷ്യന് പോലും സ്ഥാനങ്ങള്‍ കൈവരിക്കുകയും മുസ്‌ലിമാവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ വിശ്വാസികളെ സംബന്ധിച്ച് പ്രതിഫല ചാകരയാണെന്ന് പറയേണ്ടതില്ലല്ലോ?
പശ്ചാത്താപം സ്വീകരിക്കപ്പെടുമെന്നതാണ് മുഹര്‍റം പത്തിന്റെ മറ്റൊരു സവിശേഷത. അലി (റ) പറയുന്നു: ``ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന് റമളാന് ശേഷം ഏത് മാസമാണ് സുന്നത്ത് നോമ്പിന് വേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. മാത്രമല്ല, ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും ഇനിയൊരു സമൂഹത്തിന്റേത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശുറാഅ് ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ് റമളാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന് നബി (സ്വ) തങ്ങള്‍ പറഞ്ഞതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുമോ?
നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുമോ?
നബി (സ്വ) യുടെ വഫാത്തിന് ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക് ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത് ഭൂമിയിലെ അവസാനത്തെ എന്റെ കാല്‍വെപ്പാണ്'' എന്ന ഹദീസ് വളരെ ബലഹീനമാണ്. ഇനി ഈ ഹദീസ് സ്വഹീഹായാല്‍ തന്നെ വഹ്‌യുമായി ഇറങ്ങുകയില്ലെന്നാണ് അതിനര്‍ത്ഥം. കാരണം ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ജിബ്‌രീല്‍ (അ) ഇറങ്ങുമെന്ന് സ്വഹീഹായ ഹദീസുകള്‍ അറിയിക്കുന്നുണ്ട്. മാത്രമല്ല, ഖിയാമം നാളില്‍ ഈസാ നബി (അ) വരുമ്പോള്‍ ഈസാനബി (അ) യുടെ അടുക്കലും ജിബ്‌രീല്‍ (അ) വരുമെന്ന് മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്‌ത ഹദീസ് തേടുന്നുണ്ട്. ഈ വിഷയം ഫതാവല്‍ ഹദീസിയ്യ 164 ല്‍ കാണാം.
Monday, 18 November 2013
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന് മുമ്പ് നിസ്‌കരിക്കാമോ?
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന് മുമ്പ് നിസ്‌കരിക്കാമോ?
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ നിസ്‌കരിക്കുന്നതിന് മറമാടലല്ല പരിഗണിക്കുന്നത്. മറിച്ച് മയ്യിത്ത് കുളിപ്പിക്കലാണ് പരിഗണിക്കുന്നത്. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ടെങ്കില്‍ നിസ്‌കരിക്കാവുന്നതാണ്. (ഫത്‌ഹുല്‍മുഈന്‍)സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ് ഏറ്റവും ശ്രേഷ്‌ഠമായത്?
സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ് ഏറ്റവും ശ്രേഷ്‌ഠമായത്?
സ്വഫാ, മര്‍വ്വാ എന്നിവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത് ഏതാണെന്ന വിഷയത്തില്‍ പണ്ഡിത മഹത്തുക്കള്‍ ഏകോപിതരല്ല. ഇബ്‌നു ഹജറുല്‍ ഹൈതമി (റ) പറയുന്നത് `സ്വഫ'യാണ് എറ്റവും ശ്രേഷ്‌ഠമാക്കപ്പെട്ടത്. മുഹമ്മദ് റംലി (റ) പറയുന്നത് ഏറ്റവും ശ്രേഷ്‌ഠത മര്‍വ്വാക്കാണെന്നാണ്. (ഫത്‌ഹുല്‍ അലിയ്യ് 903).Sunday, 13 October 2013
നിനക്കും വേദനിക്കട്ടെ!
നിനക്കും വേദനിക്കട്ടെ!
രാപകലുകള്‍ പോലെ, ഇരുളും വെളിച്ചവും പോലെ ശരീരത്തിന്റെ രണ്ട് അവസ്ഥകളാണ് സുഖവും ദുഃഖവും. ഈ രണ്ട് അവസ്ഥകളെ ജീവിത ഗോദയില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടാത്തരവായി ഒരാളും ഉണ്ടാവുകയില്ല. എന്നാല്‍ നവലോകത്തിന്റെയൊരവസ്ഥ ഒരു വിഭാഗമാളുകള്‍ സുഖാഡംബരങ്ങളുടെ മാളുകളില്‍ വിഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ദുഃഖങ്ങളുടെയും കണ്ണീരിന്റെയും ദുര്‍ഗന്ധം വമിക്കുന്ന ചന്തകളില്‍ കിടന്ന് കറങ്ങുകയാണ്. എങ്ങനെ ഈ ദുരന്ത ഭൂമിയുടെ പരിധി വിട്ട് കടക്കാം എന്ന ചിന്തയോടെ. ഈ മാര്‍ഗ്ഗത്തെ പിന്തള്ളി മനുഷ്യര്‍ തമ്മില്‍ സഹകരണവും സുഖ ദുഃഖങ്ങള്‍ പരസ്‌പരം പങ്കിട്ടെടുക്കുന്ന ആത്മാര്‍ത്ഥമായ സാഹോദര്യ ബോധവും വളര്‍ത്തിയാല്‍ മാത്രമേ ഫലവത്തായ, ആരോഗ്യ പൂര്‍ണ്ണമായ ഒരു സാമൂഹിക ജീവിതം നടപ്പിലാകൂ...
സുഖ ദുഃഖങ്ങളില്‍ പങ്കാളികളായും പരസ്‌പരം സഹകരിച്ചും മുന്നോട്ട് പോകുന്ന സമൂഹത്തെയാണ് ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ പരസ്‌പരമുള്ള ബന്ധം വെറും അധര പുലമ്പല്‍ മാത്രമായിരിക്കരുതെന്നും അത് ആത്മാര്‍ത്ഥത നിറഞ്ഞ സാഹോദര്യ സ്‌നേഹമായിരിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നു. മറ്റുള്ളവര്‍ എത്ര കഷ്‌ടപ്പെട്ടാലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും എനിക്കൊന്നുമില്ല , എനിക്ക് എന്റേതുമാത്രം എന്ന സ്വാര്‍ത്ഥതയില്‍ നിന്ന് ഉടലെടുക്കുന്ന ദുഃസ്വഭാവവും ചിന്താഗതികളും ഇസ്‌ലാമികമല്ല. അത് തികച്ചും മനുഷ്യ കുലത്തിന്റെ ശത്രുവായ പിശാചിന്റെ പ്രവണതയാണ്. സ്വാര്‍ത്ഥത മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങളെയും നന്മകളെയും അറുത്ത് മുറിക്കുന്ന രാകി കൂര്‍പ്പിച്ച കഠാരയാണ്. നിന്റെ സഹോദരന്റെ വേദനയില്‍ നീയും വേദനിക്കട്ടെ. അവന്‍ വേദനിക്കുമ്പോള്‍ നിനക്കും വേദനിക്കട്ടെ! അപ്പോഴാണ് നമ്മുടെ വിശ്വാസം കറ കളഞ്ഞതാവുന്നത്.
``ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം'' എന്ന് കവി പാടിയത് ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിന്റ ശരിയായ ചിത്രീകരണമാണെന്നതില്‍ സംശയമില്ല. ഇത്തരം ആത്മാര്‍ത്ഥതയില്ലാത്ത കള്ളമോന്തകള്‍ സാമൂഹ്യ ജീവിതത്തിന്റെ ദയനീയമായ അധഃപതനത്തെയാണ് കുറിക്കുന്നത്. തന്റെ സഹോദരന് യാദൃശ്ചികമായി വല്ല ബുദ്ധിമുട്ടോ പ്രശ്‌നമോ സംഭവിച്ചാല്‍ പിന്നെ കണ്ടാല്‍ അറിയാത്തവരായി മാറുന്നത് നമ്മില്‍ പലരുടെയും സ്വഭാവമാണ്. സത്യവിശ്വാസികളെ ഒരൊറ്റ ശരീരത്തോട് ഉപമിച്ചു കൊണ്ട് ഹഠാതാകര്‍ഷിക്കുന്ന ശൈലിയില്‍ ഒരിക്കല്‍ പ്രവാചകര്‍ (സ) തങ്ങള്‍ അരുളിയത് ഇപ്രകാരമാണ്. സത്യവിശ്വാസികള്‍ പരസ്‌പരമുള്ള കാരുണ്യത്തിലും സ്‌നേഹത്തിലും കൃപയിലും ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന് കേട് പറ്റിയാല്‍ ശരീരം മുഴുവന്‍ ജ്വരം ബാധിച്ചും ഉറക്കമൊഴിച്ചും അനുഭാവം പ്രകടിപ്പിക്കുന്നു. എത്ര സരളമായ ഉപമയാണ് പ്രവാചകന്റേത്. മനുഷ്യ ശരീരത്തിന്റെ ഏതെങ്കിലും ഒരംഗത്തിന് വല്ല മുറിവോ ചതവോ പറ്റുമ്പോള്‍ ആ അംഗം മാത്രമല്ല അതിന്റെ വേദന കടിച്ചിറക്കുന്നത്. മറിച്ച് ശരീരത്തില്‍ മുഴുവന്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ അത് കാരണമായി പനി പോലും ബാധിച്ചേക്കാം. നീണ്ട എത്ര രാത്രികള്‍ ആ മുറിവിനായി കണ്ണുകള്‍ ഉറക്കമൊഴിച്ചേക്കാം. ഈയൊരു അവസ്ഥ തന്നെയായിരിക്കണം വിശ്വാസികള്‍ക്കിടയിലും എന്ന് പഠിപ്പിക്കുന്നതാണ് ഈ തിരുവചനം. ഒരാള്‍ കരയുമ്പോഴും വേദനിക്കുമ്പോഴും മനസ്സില്‍ ഊറിച്ചിരിക്കുന്ന മാനസീകാവസ്ഥ ഇസ്‌ലാമിക സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആത്മാര്‍ത്ഥമായ സ്‌നേഹ ബന്ധങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ മൂലശില. നമ്മുടെ സഹോദരന്‍ വല്ല വിഷമാവസ്ഥയിലും പെട്ട് നരകിച്ച് ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ അവനെ തിരിഞ്ഞ് നോക്കാതെ, ആശ്വാസ വചസ്സുകള്‍ മൊഴിയാതെ പിന്തിരിഞ്ഞ് കളയുന്ന സ്വഭാവം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണ്. ഹൃദയത്തില്‍ കുടികൊള്ളുന്ന ഈമാനിക പര്യവേഷത്തിന്റെ കുറവാണെന്നാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. യുദ്ധ ഭൂമിയില്‍ ചക്രശ്വാസം വലിക്കുന്ന സ്വഹാബിക്ക് പാനജലം നല്‍കിയപ്പോള്‍ അത് പോലും തന്റെയടുത്ത് മുറിവേറ്റ് കിടക്കുന്ന സഹോദരന് കൊടുക്കാന്‍ പറഞ്ഞ ധീര സ്വഹാബത്തിന്റെ സാഹോദര്യ സ്‌നേഹത്തിന്റെയും ഈമാനിന്റെയും തോത്, അളവ് സീമകള്‍ക്കപ്പുറമായിരുന്നു.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുന്ദരവും പ്രൗഢവുമായ സാമൂഹിക ജീവിതത്തെ ഒരിക്കല്‍ പ്രവാചകന്‍ (സ)തങ്ങള്‍ ഉദാഹരിച്ചത് ഇങ്ങനെയാണ്. ``ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് കെട്ടിടം പോലെയായിരിക്കണം. കെട്ടിടത്തിന്റെ ഇഷ്‌ടികകള്‍ തമ്മില്‍ കെട്ടിടത്തിന് എത്ര ഉറപ്പും ബലവും ഉണ്ടാക്കുന്നുവോ അതുപോലെ. അനന്തരം നബി (സ) തങ്ങള്‍ തന്റെ കൈവിരലുകള്‍ തമ്മില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് സ്വഹാബത്തിന് കാണിച്ചു കൊടുക്കുകയുണ്ടായി. ഒരു കെട്ടിടത്തിന്റെ ഓരോ ഇഷ്‌ടികയും മറ്റ് ഇഷ്‌ടികകളോട് ചേര്‍ത്തും അടുപ്പിച്ചും വെച്ചിരുന്നാലേ ആ കെട്ടിടം ഭദ്രമാവുകയുള്ളൂ. അവകള്‍ക്കിടയില്‍ വിടവും വിള്ളലുമുണ്ടാകുന്ന പക്ഷം ആ കെട്ടിടം ഏത് നിമിഷവും തകര്‍ന്നു നിലം പരിശാവാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് വിശ്വാസികള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തിന്റെ കാര്യവും. അവര്‍ പരസ്‌പരം ഉറച്ച കെട്ടിടം പോലെ ഭിന്നിപ്പും വിടവുമില്ലാതെ സ്ഥിതി ചെയ്യണം. പര്‌സപരം അടുത്തും സഹകരിച്ചും ഒന്നായി വര്‍ത്തിക്കണം. ആത്മാര്‍ത്ഥത കൈവിടാതെ നോക്കണം. അവരില്‍ ഒരാളുടെ സുഖ ദുഃഖങ്ങള്‍ എല്ലാവരുടെയും സുഖ ദുഃഖങ്ങളായി മാറണം. അപ്പോള്‍ നിന്റെ സഹോദരനായ വിശ്വാസിയുടെ വേദന നിനക്കും വേദനയായി അനുഭവപ്പെടുന്നു. അങ്ങനെയൊരു വേദന നിനക്കും ഉണ്ടാകുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്.
ഒരു ദുഃഖം പല ശരീരങ്ങളിലാകുമ്പോള്‍ അത് വളരെ ലഘുവും വേഗത്തില്‍ പരിഹരിക്കുന്നതുമാകുന്നു. ഈയൊരു മാനസിക അവസ്ഥയിലേക്ക് ഓരോ വിശ്വാസിയും കടന്ന് വന്നാല്‍ ഇസ്‌ലാമിക സമുദായത്തിന്റെ ഭദ്രത കൈവരും.
ആത്മഹത്യ പരലോക ഹത്യ
ലോക കണക്കനുസരിച്ച് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക് ദൈനംദിനം ഏറിവരുന്നു എന്നതാണ്. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ് മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന് നമുക്ക് മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട് പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് സംഭവിക്കുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്ന വിശ്വാസിയെന്തിന് പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട് മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക് ശ്രമിക്കണം?. ആത്മഹത്യ ചെയ്യുക എന്നത് ഭീരുക്കളുടെ ലക്ഷണമാണ്. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്. അതെല്ലാം തന്നെ സൃഷ്‌ടിച്ച് പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന് മനസ്സിലാക്കും. ദുന്‍യാവ്, ഒരു വിശ്വാസിയെ സംബന്ധിച്ച് പരീക്ഷണ ശാലയാണ്. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത് വിജയം കരസ്ഥമാക്കുമ്പോഴാണ് ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്.
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച് കളയുന്നതിന് സമാനമാണ്. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്. മരണം ആഗ്രഹിക്കുന്നത് പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ``ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം'' (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ``ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! ``അല്ലാഹുവേ! ജീവിതമാണ് എനിക്ക് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പിച്ച രോഗിയുടെ അടുത്ത് പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച് നന്മ ഏതാണോ അത് ഭവിക്കേണമേ എന്ന് പ്രാര്‍ത്ഥന നടത്താനാണ് കല്‍പന.
ആത്മഹത്യക്ക് മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്. മറിച്ച് ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന് ശേഷമല്ലാതെ അവന്‍ അതിന് മുതിരുകയില്ല. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: ``പൂര്‍വ്വികരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത് സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന് ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്. ആത്മഹത്യ ചെയ്യാന്‍ ഏത് മാര്‍ഗ്ഗമാണോ സ്വീകരിച്ചത് അതേ രീതിയില്‍ അവന്‍ പരലോകത്ത് ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ``ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ് അതിന് തെളിവാണ്. മറ്റൊരു ഹദീസില്‍ കാണാം: ``ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക് വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച് മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ് ഉപയോഗിച്ച് മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച് എക്കാലവും നരകത്തില്‍ വെച്ച് കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും''.
നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക് പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട് നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത് നിന്നുള്ളതാണെന്ന് കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ! ആമീന്‍.
Tuesday, 24 September 2013
മാതൃ സ്നേഹം
മാതൃ സ്നേഹം
തന്നെ കെട്ടിച്ചയക്കാന്‍ വെച്ച പണ്ടത്തിന്‍റെ താക്കോല്‍ നോക്കി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി തീവ്ര തിരച്ചിലിനൊടുവില്‍ അത് ലഭിച്ചു.
പാടത്ത് വാഴക്ക് ഇടാന്‍ വെച്ചിരുന്ന കീടനാശിനി പാലില്‍ ചേര്‍ത്തവള്‍ തന്‍റെ മാതാവിന് നല്‍കി. അവള്‍ ഭൂമി കാണുന്നതിനു മുമ്പ് പിതാവ് ഈ ലോകം വിട്ടതുകൊണ്ട് അതുമുഴുവന്‍ കഴിക്കാന്‍ അമ്മക്കായിരുന്നു വിധി.മകള്‍ നല്‍കിയ പാനപാത്രം മാതാവ് കാലിയാക്കിയപ്പോള്‍, അലമാരയിലെ പണ്ടവും എടുത്തവള്‍ ജനാലയില്‍ കാത്തു നിന്നിരുന്ന കാമുകന് കൈകാണിച്ചു . .... പോകാമെന്ന്...
അവശയായ ആ മാതാവിനെ നോക്കി പെട്ടന്ന് മുറ്റത്തേക്കിറങ്ങിയ അവള്‍ എന്തിലോ തട്ടിവീണു. ആ ശബ്ദം കേട്ട മാതൃഹൃദയം ആ പ്രാണവേദനയിലും മന്ത്രിച്ചു.
എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......
തന്നെ കെട്ടിച്ചയക്കാന്‍ വെച്ച പണ്ടത്തിന്‍റെ താക്കോല്‍ നോക്കി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി തീവ്ര തിരച്ചിലിനൊടുവില്‍ അത് ലഭിച്ചു.
പാടത്ത് വാഴക്ക് ഇടാന്‍ വെച്ചിരുന്ന കീടനാശിനി പാലില്‍ ചേര്‍ത്തവള്‍ തന്‍റെ മാതാവിന് നല്‍കി. അവള്‍ ഭൂമി കാണുന്നതിനു മുമ്പ് പിതാവ് ഈ ലോകം വിട്ടതുകൊണ്ട് അതുമുഴുവന്‍ കഴിക്കാന്‍ അമ്മക്കായിരുന്നു വിധി.മകള്‍ നല്‍കിയ പാനപാത്രം മാതാവ് കാലിയാക്കിയപ്പോള്‍, അലമാരയിലെ പണ്ടവും എടുത്തവള്‍ ജനാലയില്‍ കാത്തു നിന്നിരുന്ന കാമുകന് കൈകാണിച്ചു . .... പോകാമെന്ന്...
അവശയായ ആ മാതാവിനെ നോക്കി പെട്ടന്ന് മുറ്റത്തേക്കിറങ്ങിയ അവള്‍ എന്തിലോ തട്ടിവീണു. ആ ശബ്ദം കേട്ട മാതൃഹൃദയം ആ പ്രാണവേദനയിലും മന്ത്രിച്ചു.
എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......
Friday, 20 September 2013
മഹത്വവല്‍ക്കരണത്തിന്‍റെ മനശാസ്ത്രം
മഹത്വവല്‍ക്കരണത്തിന്‍റെ
മനശാസ്ത്രം
ഇതു മഹത്വവല്‍ക്കരണത്തിന്‍റെ കാലമാണ്. സ്വയം മഹത്വവല്‍ക്കരണം നടത്തുന്നവരും പണം മുടക്കി മറ്റുള്ളവരിലൂടെ അത് നേടിയെടുക്കുന്നവരും എന്ന് മത്സരത്തിലാണ്. അടുത്തിടെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നേതാവിനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തിന്‍റെ പേരില്‍ മഹത്വവത്കരണ ഫ്ളക്സ് ബോര്‍ഡ് " ബഹുമാനപ്പെട്ട ഞങ്ങളുടെ പ്രിയ നേതാവിന് അഭിനന്ദനങ്ങള്‍" ""'" എന്ന് നാടുനീളെ സ്ഥാപിച്ചതിനു സ്വന്തം കീശയില്‍ നിന്നും അര ലക്ഷം രൂപ മുടക്കുണ്ടത്രെ!!! നേതാവിന്‍റെ പ്രവര്‍ത്തനം കണ്ട് ആവേശം കൊണ്ട അണികളുടെ വക അനുമോദനമാണ് നാട് നീളെ ഉയര്‍ത്തപ്പെട്ട ഫ്ളക്സ് ബോര്‍ഡുകള്‍ എങ്കില്‍ സമാധാനിക്കാമായിരുന്നു. ഈ മഹാന്‍റെ മഹത്വം ഓര്‍ത്തു ദുഖിക്കയല്ലാതെ മറ്റെന്തു ചെയ്യാന്‍.
മഹത്വം, അത് എല്ലാവരും ആഗ്രഹിക്കുന്നു.മഹത്വവല്‍ക്കരണത്തിന്‍റെ ചക്രവാള സീമകളില്‍ കുടിയിരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം. പക്ഷെ മഹത്വം നേടിയെടുക്കാനുള്ള യഥാര്‍ത്ഥ സരണിയെ ഗ്രഹിച്ചവര്‍ കുറഞ്ഞ പക്ഷമാണ്. ഇതിനായി എന്തു നീച മാര്‍ഗ്ഗവും അവലംബിക്കുന്നവര്‍ ഒരു പക്ഷതുള്ളപ്പോള്‍ഉന്നതവും ഉല്‍കൃഷ്ടവുമായ മാര്‍ഗ്ഗത്തിലൂടെ അതിലേക്കു എത്തിപ്പെടാന്‍ ശ്രമിക്കുന്നവരാണ് മറുപക്ഷത്. എന്നാല്‍ യഥാര്‍ത്ഥ മഹത്വമെന്തെന്നു എല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍ മനുഷ്യരെല്ലാം മഹാന്മാരായെനെ എന്ന് ഒരു തത്വചിന്തകന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഈ ലോകത്ത് പ്രയത്നിക്കുന്ന ഏതൊരാളും തന്‍റെ പ്രയത്നത്താല്‍ താനോ തനിക്കായി ജനങ്ങള്‍ വിഭാവനം ചെയ്യുന്നതോ ആയ മഹത്വത്തെ കാംക്ഷിക്കുന്നു. പലപ്പോളും അത് സാക്ഷാല്‍ക്കരിക്കാപ്പെടാറില്ലെങ്കില്‍ പോലും.
ആളുകള്‍ മഹാന്മാരായി തീരുന്നത് പല രീതിയിലാണ്. ചിലര്‍ അസാധാരണ കൃത്യങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാകാം. മറ്റു ചിലരാകട്ടെ സമര്‍ത്ഥമായ ജനനായകത്വം വരിച്ചു കൊണ്ട് . വേറെ ചിലര്‍ അവരുടെ അഗാധമായ പാണ്ഡിത്യം കൊണ്ട് . ഇനിയും ഇവിടെയെല്ലാം നാം കാണാത്ത മഹത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡം സാധാരണയില്‍ കവിഞ്ഞ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളുമാണ്. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാത്ത ഒരു സാധാരണ മനുഷ്യന് മഹാനായിത്തീരാന്‍ കഴിയില്ലേ?..... ഇവര്‍ക്കും മഹാന്മാരാകാം കാരണം അള്ളാഹു മഹത്വം എന്നഗുണം ചില ദേശക്കാര്‍ക്കോ ഭാഷക്കാര്‍ക്കോ വിഭാവനം ചെയ്തതല്ല. അത് ആഗ്രഹിക്കുന്ന ആര്‍ക്കും കരസ്ഥമാക്കാം. അതിനായി കഷ്ടതകള്‍ നിറഞ്ഞ പഥേയങ്ങളിലൂടെ സഞ്ചരിക്കണമെന്ന് മാത്രം. ഖുര്‍ആന്‍ പറയുന്നു. മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചിതരാവാന്‍ വേണ്ടിയാണ്.നിങ്ങളില്‍ ഏറ്റവും സൂഷ്മതയുള്ളവനത്രേ അല്ലാഹുവിന്‍റെയടുക്കല്‍ ഏറ്റവും മാന്യന്‍.""'' ഈ മാന്യത കൈവരിക്കുന്നതിലൂടെയാണ് മനുഷ്യന്‍ മഹത്വവത്ക്കരണത്തിന്‍റെ മാനദണ്ഡം തിരിച്ചറിയേണ്ടത്.ഈ മഹത്വവത്ക്കരണത്തിലൂടെ മാത്രമേ വിജയം സുതാര്യ മാകൂ.അല്ലാതെ നാം സ്വയം മഹത്വവത്ക്കരണത്തിന് മുതിരുമ്പോള്‍ വിജയത്തിന് പകരം പരാജയമായിരിക്കും പുല്‍കുക.
മഹത്വ മാനദണ്ഡം വ്യക്തമാക്കുന്ന ഒരു പ്രവാചക വചസില്‍ ഇപ്രകാരം കാണാം. അറബിക്ക് അനറബിയേക്കാലോവെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ടതയില്ല സൂഷ്മതാബോധം കൊണ്ടല്ലാതെ . എല്ലാവരും ആദമില്‍ നിന്നും ആദം നബി (അ ) മണ്ണില്‍ നിന്നും ഉള്ളതാണ്. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി (റ) നെയും നീഗ്രോ വിഭാഗത്തില്‍ പെട്ട ബിലാല്‍ ബിനു റബാഹ് (റ) നേയും ഒരേ പദവിയിലും സ്ഥാനത്തും അണിനിരത്തുക മാത്രമല്ല ഇസ്ലാം ചെയ്തത്. മറിച്ചുഅസാധാരണ വൈഭവങ്ങളും കഴിവുകളും വാസനകളും ഉള്ളവരുടെ കുത്തകയാണ് മഹത്വമെന്ന ധാരണയുടെ മൂദ്ധാവില്‍ പ്രഹരിക്കുകയും മഹത്വത്തിന്‍റെ മാനദണ്ഡം നിര്‍ണ്ണയിക്കുകയും ചെയ്തു. സൂഷ്മതയോടെ ജീവിത ഗോദയില്‍ പ്രവേശിക്കുന്ന വിശ്വസിയത്രേ സൃഷ്ടാവിന്‍റെ സമക്ഷത്തില്‍ മഹത്വമുടയവന്‍.. . , ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മനസിലാക്കി സൃഷ്ടാവിനെ അറിഞ്ഞു സ്വന്തം ബാധ്യതകള്‍ നിറവേറ്റി ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിച്ച്, അല്ലാഹു അനുഗ്രഹിച്ച്നല്‍കിയ കഴിവുകളെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജന പ്രദമാകുന്നരീതിയില്‍ വിനിയോഗിക്കുക എന്നതാണ് സൂഷ്മത പാലിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശരാശരി ഒരു സാധാരണ മനുഷ്യന് മഹാനും മാന്യനുമാകാന്‍ കഴിയും. സൂഷ്മതയോടെ ജീവിക്കുകയും സൃഷ്ടിത്വത്തിന്‍റെ കാരണം മനസ്സിലാക്കി സൃഷ്ടാവിനെ അറിഞ്ഞ് ആരാധിച്ച്ഉത്തരവാദിത്വങ്ങളും ബാധ്യതകളും ശരിയാവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അതിനാകും. അയാള്‍ പ്രസിദ്ധനാകട്ടെ! അല്ലാതിരിക്കട്ടെ!.............
മഹത്വം, അത് എല്ലാവരും ആഗ്രഹിക്കുന്നു.മഹത്വവല്‍ക്കരണത്തിന്‍റെ ചക്രവാള സീമകളില്‍ കുടിയിരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം. പക്ഷെ മഹത്വം നേടിയെടുക്കാനുള്ള യഥാര്‍ത്ഥ സരണിയെ ഗ്രഹിച്ചവര്‍ കുറഞ്ഞ പക്ഷമാണ്. ഇതിനായി എന്തു നീച മാര്‍ഗ്ഗവും അവലംബിക്കുന്നവര്‍ ഒരു പക്ഷതുള്ളപ്പോള്‍ഉന്നതവും ഉല്‍കൃഷ്ടവുമായ മാര്‍ഗ്ഗത്തിലൂടെ അതിലേക്കു എത്തിപ്പെടാന്‍ ശ്രമിക്കുന്നവരാണ് മറുപക്ഷത്. എന്നാല്‍ യഥാര്‍ത്ഥ മഹത്വമെന്തെന്നു എല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍ മനുഷ്യരെല്ലാം മഹാന്മാരായെനെ എന്ന് ഒരു തത്വചിന്തകന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഈ ലോകത്ത് പ്രയത്നിക്കുന്ന ഏതൊരാളും തന്‍റെ പ്രയത്നത്താല്‍ താനോ തനിക്കായി ജനങ്ങള്‍ വിഭാവനം ചെയ്യുന്നതോ ആയ മഹത്വത്തെ കാംക്ഷിക്കുന്നു. പലപ്പോളും അത് സാക്ഷാല്‍ക്കരിക്കാപ്പെടാറില്ലെങ്കില്‍ പോലും.
ആളുകള്‍ മഹാന്മാരായി തീരുന്നത് പല രീതിയിലാണ്. ചിലര്‍ അസാധാരണ കൃത്യങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാകാം. മറ്റു ചിലരാകട്ടെ സമര്‍ത്ഥമായ ജനനായകത്വം വരിച്ചു കൊണ്ട് . വേറെ ചിലര്‍ അവരുടെ അഗാധമായ പാണ്ഡിത്യം കൊണ്ട് . ഇനിയും ഇവിടെയെല്ലാം നാം കാണാത്ത മഹത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡം സാധാരണയില്‍ കവിഞ്ഞ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളുമാണ്. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാത്ത ഒരു സാധാരണ മനുഷ്യന് മഹാനായിത്തീരാന്‍ കഴിയില്ലേ?..... ഇവര്‍ക്കും മഹാന്മാരാകാം കാരണം അള്ളാഹു മഹത്വം എന്നഗുണം ചില ദേശക്കാര്‍ക്കോ ഭാഷക്കാര്‍ക്കോ വിഭാവനം ചെയ്തതല്ല. അത് ആഗ്രഹിക്കുന്ന ആര്‍ക്കും കരസ്ഥമാക്കാം. അതിനായി കഷ്ടതകള്‍ നിറഞ്ഞ പഥേയങ്ങളിലൂടെ സഞ്ചരിക്കണമെന്ന് മാത്രം. ഖുര്‍ആന്‍ പറയുന്നു. മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചിതരാവാന്‍ വേണ്ടിയാണ്.നിങ്ങളില്‍ ഏറ്റവും സൂഷ്മതയുള്ളവനത്രേ അല്ലാഹുവിന്‍റെയടുക്കല്‍ ഏറ്റവും മാന്യന്‍.""'' ഈ മാന്യത കൈവരിക്കുന്നതിലൂടെയാണ് മനുഷ്യന്‍ മഹത്വവത്ക്കരണത്തിന്‍റെ മാനദണ്ഡം തിരിച്ചറിയേണ്ടത്.ഈ മഹത്വവത്ക്കരണത്തിലൂടെ മാത്രമേ വിജയം സുതാര്യ മാകൂ.അല്ലാതെ നാം സ്വയം മഹത്വവത്ക്കരണത്തിന് മുതിരുമ്പോള്‍ വിജയത്തിന് പകരം പരാജയമായിരിക്കും പുല്‍കുക.
മഹത്വ മാനദണ്ഡം വ്യക്തമാക്കുന്ന ഒരു പ്രവാചക വചസില്‍ ഇപ്രകാരം കാണാം. അറബിക്ക് അനറബിയേക്കാലോവെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ടതയില്ല സൂഷ്മതാബോധം കൊണ്ടല്ലാതെ . എല്ലാവരും ആദമില്‍ നിന്നും ആദം നബി (അ ) മണ്ണില്‍ നിന്നും ഉള്ളതാണ്. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി (റ) നെയും നീഗ്രോ വിഭാഗത്തില്‍ പെട്ട ബിലാല്‍ ബിനു റബാഹ് (റ) നേയും ഒരേ പദവിയിലും സ്ഥാനത്തും അണിനിരത്തുക മാത്രമല്ല ഇസ്ലാം ചെയ്തത്. മറിച്ചുഅസാധാരണ വൈഭവങ്ങളും കഴിവുകളും വാസനകളും ഉള്ളവരുടെ കുത്തകയാണ് മഹത്വമെന്ന ധാരണയുടെ മൂദ്ധാവില്‍ പ്രഹരിക്കുകയും മഹത്വത്തിന്‍റെ മാനദണ്ഡം നിര്‍ണ്ണയിക്കുകയും ചെയ്തു. സൂഷ്മതയോടെ ജീവിത ഗോദയില്‍ പ്രവേശിക്കുന്ന വിശ്വസിയത്രേ സൃഷ്ടാവിന്‍റെ സമക്ഷത്തില്‍ മഹത്വമുടയവന്‍.. . , ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മനസിലാക്കി സൃഷ്ടാവിനെ അറിഞ്ഞു സ്വന്തം ബാധ്യതകള്‍ നിറവേറ്റി ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിച്ച്, അല്ലാഹു അനുഗ്രഹിച്ച്നല്‍കിയ കഴിവുകളെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജന പ്രദമാകുന്നരീതിയില്‍ വിനിയോഗിക്കുക എന്നതാണ് സൂഷ്മത പാലിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശരാശരി ഒരു സാധാരണ മനുഷ്യന് മഹാനും മാന്യനുമാകാന്‍ കഴിയും. സൂഷ്മതയോടെ ജീവിക്കുകയും സൃഷ്ടിത്വത്തിന്‍റെ കാരണം മനസ്സിലാക്കി സൃഷ്ടാവിനെ അറിഞ്ഞ് ആരാധിച്ച്ഉത്തരവാദിത്വങ്ങളും ബാധ്യതകളും ശരിയാവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അതിനാകും. അയാള്‍ പ്രസിദ്ധനാകട്ടെ! അല്ലാതിരിക്കട്ടെ!.............
Subscribe to:
Posts (Atom)











