Saturday, 14 June 2014

റമളാന്‍ റിലീഫ്‌


റമളാന്‍ റിലീഫ്‌

                റിലീഫ്‌ -സാന്ത്വനം- ആണ്‌ റമളാന്‍. ആത്മീയമായും ഭൗതികമായും ഇത്രയും റിലീഫ്‌തരുന്ന മറ്റൊരു മാസം ഇല്ല.

                റഹ്‌മത്തിന്‍റെ , മഗ്‌ഫിറത്തിന്‍റെ, ഇത്‌ഖിന്‍റെ, ബദറിന്‍റെ ലൈലത്തുല്‍ ഖദ്‌റിന്‍റെ റിലീഫുകള്‍ ഒരു ഭാഗത്ത്‌. നോമ്പിന്‍റെ, നോമ്പുതുറയുടെ, തുറപ്പിയ്‌ക്കലിന്‍റെ, അരി തുണി സകാത്ത്‌ വിതരണങ്ങളുടെ റിലീഫ്‌ വേറൊരു ഭാഗത്ത്‌. സകലത്തിനും മാറ്റ്‌ കൂട്ടി തറാവീഹും ഖുര്‍ആന്‍ പാരായണവും. റിലീഫ്‌ ആണ്‌ റമളാന്‍; എ റോയല്‍ റിലീഫ്‌.
                            മാസങ്ങളുടെ രാജാവാണ്‌ റമളാന്‍. അപ്പോള്‍ തരുന്ന റിലീഫ്‌ സ്വാഭാവികമായും റോയല്‍ തന്നെ. ഓരോ റമളാനും റിലീഫിന്‍റെ പുതിയ റിക്കാര്‍ഡുകള്‍ക്കുടമയാണെന്ന്‌ ഈ ഗ്ലോബല്‍ വില്ലേജില്‍ എവിടെയിരുന്നാലും ആര്‍ക്കും മനസ്സിലാക്കാം.പുണ്യ റമളാന്‍ പൂവണിഞ്ഞാല്‍ ലോകം ആദ്യം കാണുന്നത്‌ റിലീഫിന്‍റെ സാന്ധ്യസന്തോഷമാണ്‌. അതായത്‌ നോമ്പുതുറക്കുമ്പോള്‍ പൊന്തിവരുന്ന സായംസന്തോഷം. ലോകമഖിലം പള്ളികളിലും വീടുകളിലും മറ്റിടങ്ങളിലും അലതല്ലുന്ന അവാച്യസന്തോഷം.
                                      അതിലും വലിയ ഒരു സന്തോഷം,           സാന്ത്വനം, റിലീഫ്‌ ആയുസ്സില്‍ വേറെയില്ലെന്ന്‌ അനുഭവസ്ഥര്‍ അടിവരയിട്ടുപറയുന്നു. അത്‌ ആശ്വാസങ്ങളുടെ ആശ്വാസമായ വിശപ്പില്‍ നിന്നുള്ള ആശ്വാസമാണല്ലോ?. അപ്പോള്‍ അവര്‍ പറയേണ്ടതേ പറയുന്നുള്ളൂ.സ്വയം ഭക്ഷിയ്‌ക്കുന്നതില്‍ നിന്ന്‌ പരനെ ഭക്ഷിപ്പിയ്‌ക്കുന്നതിലേയ്‌ക്കും അങ്ങനെ വ്യക്തികളേയും കടന്ന്‌ സമൂഹത്തിലേയ്‌ക്കും നിമിഷങ്ങള്‍ക്കിടയില്‍ സര്‍വ്വം വ്യാപിയ്‌ക്കുന്ന ഒന്നാണ്‌ റമളാന്റെ സാന്ധ്യസന്തോഷം.
വിശന്നവര്‍ സ്വയം ഭക്ഷിയ്‌ക്കുന്നതിനേക്കാള്‍; വിശന്നവര്‍ വിശന്നവരെ ഭക്ഷിപ്പിയ്‌ക്കുന്ന റിലീഫാണ്‌ റമളാനിലെ സമൂഹനോമ്പുതുറകള്‍. നോമ്പുകാരന്‍ മുസ്‌ലിം നോമ്പുതുറന്ന്‌ തനിച്ചിരുന്ന്‌ സ്വയം ഭക്ഷിക്കുന്ന സ്വാര്‍ത്ഥംഭരിയല്ല. അവന്‍ തന്നേപോലെ തന്റെ സഹനോമ്പുകാരനേയും ഭക്ഷിപ്പിയ്‌ക്കും; കൃതാര്‍ത്ഥതയോടെ. അവന്‍ തന്‍ നോമ്പുതുറക്കുന്നു, അതേ മനസ്സോടെ തന്‍സഹോദരന്റെ നോമ്പും തുറപ്പിയ്‌ക്കുന്നു. തന്റെ സഹോദരങ്ങളേയും അയല്‍ക്കാരേയും ബന്ധുമിത്രാദികളേയും സ്‌നേഹിതരേയും ഒപ്പം കൂട്ടി കൂട്ടത്തോടെ ആഹരിപ്പിച്ച്‌ റിലീഫ്‌ നല്‍കുന്നു.
         നിസ്സാരമാണ്‌ ഒരു കാരയ്‌ക്ക കീറ്‌. ഒരു കാരയ്‌ക്കാ കീറുകൊണ്ടെങ്കിലും നിങ്ങള്‍ നോമ്പ്‌ തുറപ്പിയ്‌ക്കുക. നബി (സ്വ) തങ്ങള്‍ ഉത്‌ബോധിപ്പിച്ചു. ഒരു കാരയ്‌ക്കാകീറിലാണ്‌ റമളാന്‍ റിലീഫിന്റെ തുടക്കം. ഇന്നത്‌ ഒരു വിശ്വവിശാലാശ്വാസം- വേള്‍ഡ്‌വൈഡ്‌ റിലീഫ്‌ ആയി വളര്‍ന്നിരിയ്‌ക്കുന്നു.ഇരുഹറമുകളടക്കം അഖിലലോക പള്ളികളിലും അതിനു പുറമെ വീടുകളിലും മറ്റിടങ്ങളിലുമായി നടക്കുന്ന സമൂഹനോമ്പുതുറകള്‍ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.വിശന്നവന്‍ വിശന്നവന്‌ ഇത്‌പോലെ മുപ്പത്‌ നാള്‍ തുടര്‍ച്ചയായി റിലീഫ്‌ പകരുന്ന ഒരു പരിപാടി അറിയപ്പെടുന്ന മറ്റൊരു സമൂഹത്തിലും സമുദായത്തിലും ഇല്ല. 
        വിശന്നവന്‍, വിശന്നവന്‍റെ കൂട്ടങ്ങളെ ഭക്ഷിപ്പിച്ചാശ്വസിപ്പിയ്‌ക്കുന്ന കാര്യത്തില്‍ നമ്മളാണ്‌ ലോകത്തിന്‍റെ ഏക മാതൃക. അതില്‍ ഒന്നാം സ്ഥാനം അവകാശപ്പെടാനും നാം മാത്രം.മുപ്പതുനാളും നിലയ്‌ക്കാതെ നടക്കുന്ന ഏക റമളാന്‍ റിലീഫും അത്‌ തന്നെ. പക്ഷെ അരിയും തുണിയും പണവും അല്ലാതെ നോമ്പുതുറപ്പിയ്‌ക്കല്‍ റമളാന്‍ റിലീഫ്‌ ആണെന്ന്‌ പലര്‍ക്കും തോന്നാറില്ല.
റമളാന്‍ റിലീഫുകളില്‍ നമ്പര്‍ വണ്‍- പ്രഥമന്‍- നോമ്പുതുറപ്പിയ്‌ക്കല്‍ ആണെന്ന്‌ ഇനി എടുത്തുപറയേണ്ടതില്ല. അത്‌ ആദ്യമേ അതായത്‌ നോമ്പ്‌ ഒന്നിന്റെയന്നേ `പാക'മാകും അരിയും തുണിയും മറ്റു വകകളും പിന്നീട്‌ മാത്രമാണ്‌ തയ്യാര്‍ചെയ്യപ്പെടുക. സദ്യയ്‌ക്കു തയ്യാറാക്കുന്ന വിഭവങ്ങളില്‍ പ്രഥമന്റെ രുചി പലതിലും മേലേ ആണ്‌. ഈ പ്രഥമന്റെ രുചിയും അപ്രകാരം തന്നെ.
സഹോദരമതസ്ഥര്‍ക്കുമുണ്ട്‌ നോമ്പും നോമ്പുകാലവും അവരുടെ `തുറ'യില്‍ ഇതുപോലൊരു വലിയ റിലീഫ്‌ ഇല്ലെന്നേ പറയാന്‍ കഴിയൂ. കാരണം അവര്‍ക്ക്‌ നോമ്പില്‍ പ്രഭാതത്തിനും പ്രദോഷത്തിനുമിടയില്‍ കഴിച്ചും കുടിച്ചും ഇടക്കാലാശ്വാസം സംഭരിയ്‌ക്കാം. 
       ഇടകുടിയും കടിയും എടുപ്പോര്‍ക്ക്‌ മുഴുപ്പകല്‍ പട്ടിണി സഹിച്ചവന്റെ സമഗ്രസമ്പൂര്‍ണ്ണ റിലീഫ്‌ കിട്ടുക പ്രയാസമാണ്‌. 
                             നോമ്പുതുറ സന്തോഷം എന്ന റിലീഫിനെ, നാളെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ കിട്ടുന്ന സന്തോഷത്തില്‍ നിന്നുമുള്ള ഒരു സന്തോഷമായി കരുതാം. കാരണം പറഞ്ഞറിയ്‌ക്കുവാന്‍ വയ്യാത്ത ഒരു സന്തോഷമാണ്‌ തുറയുടെ സന്തോഷം ലിഖാഅ്‌ന്റെ സന്തോഷവും അപ്രകാരം എന്നാണ്‌ ജ്ഞാനഭുക്കുകളുടെ വീക്ഷണം.
                               നോമ്പിനേയും അല്ലാഹുവിനേയും `നാളെ' അല്ലാതെ `ഇന്ന്‌' നാം ആരും കാണുന്നതല്ല. നോമ്പിനെ നാളെ തുറസന്തോഷത്തിന്റെ സായം സ്‌ഫുരണങ്ങളായും അല്ലാഹുവിനെ നാളെ ലിഖാഇന്‍റെ കിരണങ്ങളായും നമുക്ക്‌ കാണാം. ഇന്ന്‌ പിടിച്ച്‌ നാളെ വീടുന്നു എന്ന നിയ്യത്തില്‍ ഈ കാഴ്‌ച ഒളിഞ്ഞിരിപ്പുണ്ട്‌. കാണാന്‍ കഴിയാത്തത്‌ എന്ന സ്വിഫത്തില്‍ അല്ലാഹുവും നോമ്പും ചേര്‍ന്നുവരുന്നു. കാണാന്‍ പറ്റാത്തത്‌ കണ്ടാല്‍ സന്തോഷം താനേ ഉളവാകും.
രാജമാസം എന്നുപോലെ പുണ്യങ്ങളുടെ പൂമാസവുമാണ്‌ റമളാന്‍. പൂക്കാലവും പൂക്കാഴ്‌ചയും ഏതു കണ്ണിനും ആശ്വാസദായകമാണ്‌. ഭൗതിക പുഷ്‌പങ്ങള്‍ എല്ലാ കാലാവസ്ഥയിലും വിരിയില്ല. എന്നാല്‍ റമളാന്‍ പുഷ്‌പങ്ങള്‍ എവിടെയും ഏത്‌ കാലാവസ്ഥയിലും വിരിയും. ഋതുഭേദവും ദേശഭേദവും അതിജീവിയ്‌ക്കുന്ന റിലീഫ്‌ ആയി അവതരിയ്‌ക്കും.
ഇത്‌ മരുഭൂമിയില്‍ വിരിഞ്ഞ പൂവാണല്ലോ. അതുകൊണ്ട്‌ ഹരിതഭൂവിലും ഹൈമവത ഭൂവിലും മറ്റേതു ഭൂവിലും വിടരും. തീയില്‍ കിളിര്‍ത്താല്‍ വെയിലത്ത്‌ വാടുന്ന പ്രശ്‌നമില്ല. പുണ്യങ്ങളുടെ പൂക്കാലം കണ്ടിട്ട്‌ ചിങ്ങത്തിന്റെ പൂക്കാലം കാണാന്‍ പോവുകയാണ്‌ നാം മലയാളികള്‍. ഇപ്രാവശ്യം കള്ളകര്‍ക്കിടത്തിലാ പുണ്യങ്ങളുടെ പൂക്കള്‍ നമുക്ക്‌ മുമ്പില്‍ റിലീഫ്‌ ആയി വിരിഞ്ഞത്‌.
ഇപ്രാവശ്യം മഴയത്ത്‌  റമളാന്‍ അടുത്ത പ്രാവശ്യം അല്ലെങ്കില്‍ മുന്നോട്ടുപോകുന്തോറും അത്‌ സീസണ്‍ മാറിവരും. കേരളത്തിലും ഇന്‍ഡ്യയിലും ലോകത്തും ഒരു പ്രാവശ്യം ഒരു സീസണില്‍ റിലീഫ്‌ ആകുന്ന റമളാന്‍ അടുത്ത പ്രാവശ്യം മാറിയ മറ്റൊരു സീസണിന്റെ റിലീഫായിത്തീരും എല്ലാ കാലത്തിന്റേയും, എല്ലാ കാലാവസ്ഥയുടേയും റിലീഫ്‌ ആകുവാന്‍ റമളാനിനു കഴിയും. ഋത്വാതീത പുഷ്‌പങ്ങളാണ്‌ റമളാന്‍ പുഷ്‌പങ്ങള്‍. അവ വസന്തത്തിലെന്ന പോലെ ശിശിരത്തിലും ഗ്രീഷ്‌മത്തിലും ഹേമന്തത്തിലും സമൃദ്ധമായി വിരിയും. ഈസ്റ്റര്‍ കാലത്തും, ക്രിസ്‌തുമസ്‌ കാലത്തും, വിഷുക്കാലത്തും ഒരുപോലെ വിടരും പൂ റമളാന്‍ പൂമാത്രം.
                       മരുഭൂവില്‍ വിരിഞ്ഞപൂക്കള്‍ സകലഭൂവിനും സാന്ത്വനമായിട്ടല്ലാതെ വിരിയുന്നില്ല. റമളാന്‍ മീന്‍സ്‌ റിലീഫ്‌, എ റോയല്‍, എ ഗ്രേറ്റ്‌, എ ടോട്ടല്‍ ആന്റ്‌ ഗ്ലോബല്‍ റിലീഫ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...