നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 17 June 2014

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

അറ്റ്‌ ലീസ്റ്റ്‌... നിന്റെ കുടുംബത്തെയെങ്കിലും

                     അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അയാള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി
, അങ്ങനെ അവളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അവള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ വെള്ളം കുടയും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ! അവള്‍ രാത്രി എഴുന്നേറ്റ്‌ നിസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അയാളും എഴുന്നേറ്റ്‌ നിസ്‌ക്കരിച്ചു. അയാള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടുയും. (അഹ്‌മദ്‌)
              വിശുദ്ധ ഖുര്‍ആനിലും ഹദീസിലും രാത്രിനിസ്‌ക്കാരത്തിന്റെ ശ്രേഷ്‌ഠതകള്‍ ധാരാളം സ്ഥലത്ത്‌ പ്രതിപാദിക്കുന്നുണ്ട്‌. രാത്രിയിലെ നിസ്‌ക്കാരം പുണ്യകരമായ ഇബാദത്താണ്‌. നിര്‍ബന്ധമായ നിസ്‌ക്കാര കര്‍മ്മത്തിനു ശേഷം സ്രഷ്‌ടാവിന്‌ പ്രിയപ്പെട്ടത്‌ രാത്രി നിസ്‌ക്കാരമാണ്‌. കരുണാവാരിധിയായ റബ്ബിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ സാഷ്‌ടാംഗം ചെയ്‌തുകൊണ്ടും നിസ്‌ക്കരിച്ചുകൊണ്ടും തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രികഴിച്ചുകൂട്ടുന്നവരാണ്‌ എന്ന്‌ ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം.
             നബി (സ്വ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ഭാര്യമാരെയും മറ്റ്‌ കുടുംബാംഗങ്ങളെയും രാത്രി നിസ്‌ക്കാരത്തിന്‌ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന നബിവചനത്തില്‍ കാണാം. ആഇശ (റ) പറയുന്നു: ``റമളാനിലെ അവസാനത്തെ പത്ത്‌ വന്നെത്തിയാല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ അരമുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു.'' അബൂഹുറൈറ പറയുന്നു: ``റമളാനിലെ രാത്രി നിസ്‌ക്കാരത്തിന്‌ നബി (സ്വ) ഞങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന്‌ പറയും: ``ഒരാള്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ റമളാനില്‍ രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ സംഭവിച്ചു പോയ അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്‌''. (മുസ്‌ലിം).
                  അബൂഹുറൈറ (റ) വില്‍ നിന്നും ആദ്യം ഉദ്ധരിച്ച ഹദീസില്‍ ഒറ്റക്ക്‌ നിസ്‌ക്കരിക്കാതെ തന്റെ ഇണയേയും വിളിച്ചുണര്‍ത്തുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ക്കുവേണ്ടിയാണ്‌ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത്‌. സല്‍കര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തികളും സ്വയം അനുവര്‍ത്തിക്കുന്നതോടൊപ്പം തന്റെ കുടുംബത്തേയും ഇത്തരം കാര്യങ്ങളില്‍ പങ്കാളികളാക്കണം. ഖുര്‍ആന്‍ ഈയൊരു കാര്യത്തെ നമ്മെ വേണ്ടവണ്ണം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സത്യ വിശ്വാസികളേ, മനുഷ്യരും, കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയില്‍ നിന്നും നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കാത്ത്‌ സൂക്ഷിക്കുക. വിശുദ്ധ റമളാനിന്റെ പുണ്യ പൂരിതമായ ദിനരാത്രങ്ങള്‍ ഇനി അംഗുലീപരിമിതമാണ്‌. അവസാനത്തെ പത്ത്‌ കുടുംബത്തോടൊപ്പം ശാശ്വത വിജയത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അല്ലാതെ കുടുംബസമേതം ഷോപ്പിംഗിങ്ങിനെന്ന പേരും പറഞ്ഞ്‌ നഗരത്തിലെ മാളുകളിലും, സ്വര്‍ണ്ണ വസ്‌ത്രവ്യാപാരസ്ഥാപനങ്ങളിലും ദിവസം മുഴുവന്‍ ചെലവഴിക്കപ്പെടുമ്പോള്‍ പുണ്യ പൂരിതമായ നിമിഷങ്ങളാണ്‌ നമുക്കും നമ്മുടെ കുടുംബത്തിനും നഷ്‌ടമാകുന്നത്‌ എന്ന ഓര്‍മ്മ നമുക്കുണ്ടാകണം.
               റമളാനിലെ പലരും പല വിധത്തിലാണ്‌ ഉപയോഗപ്പെടുത്തിയത്‌. ചിലര്‍ ശരിക്കും ആത്മീയ പുരോഗതിക്ക്‌ ഉപയോഗിച്ചു. ചിലര്‍ക്ക്‌ വിശ്രമകാലം, മറ്റുചിലര്‍ക്ക്‌ കച്ചവടകാലം, ഏതാനും ചിലര്‍ ഇതിനൊന്നുമില്ലാതെ സമയം വെറുതേ ചെലവഴിച്ചു. എന്നാല്‍ ആത്മീയ പുരോഗതിക്കായി സമയം ചെലവഴിക്കാത്തവരെ സംബന്ധിച്ച്‌ ഇനിയിങ്ങനെയൊരവസരം ലഭിക്കുമോ? മാവേലി സ്റ്റോറുകളിലും മറ്റും കാര്‍ഡൊന്നിന്‌ ഒരു കിലോ പഞ്ചസാരയോ രണ്ട്‌ കിലോ അരിയോ വില കുറച്ച്‌ ലഭിക്കുന്നു എന്നറിയുമ്പോഴേക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന വിശ്വാസികള്‍ ഒരു അക്ഷരത്തിന്‌ ധാരാളം പ്രതിഫലം സ്രഷ്‌ടാവ്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ എന്തേ? കണ്ടില്ലെന്ന്‌ നടിക്കുന്നു. പത്ര പാരായണത്തിന്റെ സമയം ഇനിയുള്ള പുണ്യ ദിനങ്ങളിലെങ്കിലും കുറച്ച്‌ ഖുര്‍ആന്‍ പാരായണത്തിന്‌ സമയം കണ്ടെത്തണം. 16 പേജുള്ള ഒരു ദിനപത്രം ഖുര്‍ആനിന്റെ സൈസില്‍ മുറിച്ച്‌ എണ്ണിനോക്കിയാല്‍ ഏകദേശം 125 പേജുണ്ടാകും. അപ്പോള്‍ പ്രഭാതത്തില്‍ മൂന്നും നാലും ദിനപത്രങ്ങള്‍ ഒരു ദിവസം പോലും മുടങ്ങാതെ വായിക്കുന്ന നമ്മുടെ സമയമില്ലെന്ന വാദത്തിന്‌ എത്രമാത്രം കഴമ്പുണ്ടാകും. 
               റമളാനിന്റെ ആദ്യവാരങ്ങളില്‍ ജുമുഅ നിസ്‌ക്കാരത്തിന്റെ ചിത്രം പത്രങ്ങളില്‍ കാണാം. പള്ളിയും, പള്ളി മുറ്റവും, റോഡും, അടുത്ത കടത്തിണ്ണയും നിറഞ്ഞ ജനാവലി!!! എന്നാല്‍ അവസാനത്തെ പത്തായതോടെ പള്ളികള്‍ കാലിയായി. റമളാന്‍ സ്‌പെഷ്യല്‍ ആരാധകരെ കാണാതായി. ഇവരൊക്കെ റമളാനിന്റെ അവസാനത്തെ പത്താകുന്നതോടെ എവിടെ പോകുന്നു? ഇനി അടുത്ത വര്‍ഷം റമളാന്‍ വരട്ടെ എന്നാണ്‌ ചിന്താഗതിയെങ്കില്‍ നാശം പിടിവിടാതെ പിന്നാലെ തന്നെയുണ്ടെന്ന്‌ ഓര്‍ക്കുക. നിയന്ത്രിക്കേണ്ട കുടുംബനാഥന്‍മാര്‍ക്കൂടി അലസതയുടെ മൂടുപടമണിഞ്ഞാല്‍ തലമുറയുടെ പാപഭാരം ഏറ്റെടുക്കേണ്ടിവരും. അറ്റ്‌ലീസ്റ്റ്‌ സ്വന്തത്തേയും കുടുംബത്തേയും നരകാഗ്നിയില്‍ നിന്നും സംരക്ഷിക്കാന്‍ നമുക്ക്‌ ബാധ്യതയില്ലേ?
              റമളാനിന്റെ അവസാനനാളുകളില്‍ ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതമാണ്‌. തുടക്കത്തില്‍ വിശ്വാസികള്‍ കൈക്കൊണ്ട പ്രതിജ്ഞകള്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കാനായി എന്നതിനെ കുറിച്ചാകണമത്‌. നാവിനേയും, കണ്ണിനേയും മറ്റ്‌ ഓരോ അവയവങ്ങളേയും എത്രമാത്രം കടിഞ്ഞാണിടാനായി എന്ന്‌ പരിശോധിക്കണം. കടന്നുപോയ പുണ്യദിനങ്ങളില്‍ നിന്ന്‌ ഒരു നിമിഷം പോലും വീണ്ടെടുക്കാനാവില്ലെങ്കിലും വരുംദിനങ്ങളില്‍ നല്ല നടപ്പിനും ആത്മസംതൃപ്‌തിക്കും അത്‌ ഗുണം ചെയ്യും. മാനുഷിക ചാപല്യങ്ങള്‍ അങ്ങോളമിങ്ങോളം ജീവിതഗോദയില്‍ നിഴലിച്ച്‌ കാണാന്‍ കഴിയുമെങ്കിലും ചില ആരാധനാ കര്‍മ്മങ്ങളെങ്കിലും പരിശീലിക്കാന്‍ അവസരം ലഭിച്ചുവെങ്കില്‍, ഹറാമുകളുടെ ആധിക്യത്തില്‍ നിന്ന്‌ വളരെ കുറഞ്ഞൊരു അളവെങ്കിലും തടയിടാനായെങ്കില്‍, നാം ധന്യരായി. ഇനി അത്‌ സ്ഥായിയായി നില നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌.
             ഇതിനു വിരുദ്ധമായാണ്‌ നമ്മുടെ കഴിഞ്ഞ ദിനങ്ങള്‍ കലാശിച്ചതെങ്കില്‍ നോമ്പ്‌ നമുക്ക്‌ നേടിത്തന്നത്‌ വെറും പട്ടിണി മാത്രമാണെന്ന്‌ ഉറപ്പിക്കേണ്ടിവരും. ഒരിക്കല്‍ കൂടി നാം പരാജയപ്പെട്ടു എന്നര്‍ത്ഥം. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...