Saturday, 14 June 2014

തറാവീഹ്‌തറാവീഹ്‌

`
വിശ്രമിക്കുക' എന്നര്‍ത്ഥം വരുന്ന `തര്‍വിഹത്ത്‌' എന്ന പദത്തിന്റെ ബഹുവചനമാണ്‌ തറാവീഹ്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ സുന്നത്തുള്ള നിസ്‌കാരമാണിത്‌. റമളാനിന്റെ പ്രത്യേകതയും രാവുകളുടെ മാഹാത്മ്യവും വിളിച്ചോതുന്നതില്‍ മുഖ്യപങ്കാണ്‌ തറാവീഹിനുള്ളത്‌. നാല്‌ റക്‌അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഓരോ നാല്‌ റക്‌അത്തുകള്‍ക്ക്‌ `തര്‍വിഹത്ത്‌' എന്ന പേര്‌ വിളിക്കപ്പെടുന്നത്‌. തര്‍വിവഹത്തിന്റെ ബഹുവചനമായ തറാവീഹ്‌ കൊണ്ടുള്ള നാമകരണം ഈ നിസ്‌കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വിഹത്തുകള്‍ ഉണ്ടെന്ന്‌ വ്യക്തമാക്കുന്നു. അപ്പോള്‍ ചുരുങ്ങിയത്‌ 12 റക്‌അത്തുകളെങ്കിലും വേണം. എട്ട്‌ റക്‌അത്താണെന്ന്‌ അവകാശവാദമുന്നയിക്കുന്നവര്‍ക്ക്‌ തറാവീഹ്‌ എന്ന നാമകരണത്തിന്‌ ചെയ്യാന്‍ ന്യായമില്ല. മറിച്ച്‌ `തര്‍വീഹാനി' എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. 


ശ്രേഷ്‌ഠത
                  പുണ്യങ്ങള്‍ പെയ്‌തിറങ്ങുന്ന പരിശുദ്ധ റമളാനിന്റെ രാവുകളിലുള്ള തറാവീഹിന്റെ പ്രാധാന്യം അറിയിക്കുന്ന ഹദീസുകളും പണ്ഡിതവചസ്സുകളും ധാരാളമാണ്‌. അബൂഹുറൈറ (റ) പറയുന്നു: റമളാനിലെ നിശാനിസ്‌കാരത്തെ നബി (സ്വ) പ്രോത്സാഹിപ്പിക്കുമായിരുന്നു. നബി (സ്വ) പറഞ്ഞു: ``വിശ്വാസത്തോടെയും പ്രതിഫല പ്രതീക്ഷയോടെയും ആരെങ്കിലും റമളാനിലെ നിശാ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അവന്‍ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (മുസ്‌ലിം). സമുദായത്തിന്‌ പ്രയാസകരമാവുമോ എന്ന്‌ ചിന്തിച്ച്‌ നബി (സ്വ) നിര്‍ബന്ധ കല്‍പനക്ക്‌ മുതിര്‍ന്നില്ല. പക്ഷേ, തറാവീഹിന്റെ ശ്രേഷ്‌ഠതകളിലും പുണ്യങ്ങളിലും ശ്രദ്ധ ചെലുത്താന്‍ മറന്നതുമില്ല. ദോഷങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുന്നത്‌ തറാവീഹിന്റെ ശ്രേഷ്‌ഠത അറിയിക്കുന്നതോടൊപ്പം ഒരു രക്ഷാകവചം കൂടിയാണത്‌. 
                        അലി (റ) പറയുന്നു: റമളാനിലെ നിശാ നിസ്‌കാരത്തെ കുറിച്ച്‌ പ്രേരണ നല്‍കിക്കൊണ്ട്‌ഉമര്‍ (റ) നോട്‌ ഞാന്‍ പറഞ്ഞു: ഏഴാം ആകാശത്തിനപ്പുറം `ഹളീറത്തുല്‍ ഖുദ്‌സ്‌' എന്നൊരു സ്ഥലമുണ്ട്‌. `അര്‍റൂഹ്‌' എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അവിടുത്തെ നിവാസികള്‍. ലൈലത്തുല്‍ ഖദ്‌ര്‍ ആയാല്‍ ഭൂമി സന്ദര്‍ശിക്കാനുള്ള അനുമതി അല്ലാഹുവിനോട്‌ അവര്‍ തേടും. അവര്‍ കടന്നു പോകുന്ന വഴികളും നിസ്‌കാരക്കാരും അനുഗ്രഹീതരാവും. ഉടന്‍ ഉമര്‍ (റ) പറഞ്ഞു: ഓ അബുല്‍ ഹസന്‍ അവിടുന്ന്‌ ജനങ്ങളോട്‌ നിസ്‌കാരത്തെ കുറിച്ച്‌ ഉണര്‍ത്തണം. അലി (റ) പൊതുവായി അത്‌ കല്‍പിക്കുകയും ചെയ്‌തു. (അല്‍ ജാമിഉല്‍ കബീര്‍ ലി സുയൂഥി). ഇമാം അബുലൈസ്‌ സമര്‍ഖന്തി തന്റെ `തന്‍ബീഹ്‌' എന്ന കിതാബില്‍ രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: ഞാന്‍ കേള്‍പ്പിച്ചു കൊടുത്ത ഹദീസില്‍ നിന്നാണ്‌ ഉമര്‍ (റ) തറാവീഹിനെ മനസ്സിലാക്കിയത്‌. തറാവീഹ്‌ നിസ്‌കാരത്തിന്റെ മഹത്വ പ്രകാശനമാണ്‌ ഈ ഹദീസിന്റെ ഉള്‍സാരം. ഭൂമി നിവാസികള്‍ നിര്‍വ്വഹിക്കുന്ന നിസ്‌കാരത്തില്‍ ആകാശവാസികള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ വരുമ്പോള്‍ എത്രത്തോളമാണ്‌ അതിന്റെ മഹത്വമെന്ന്‌ വിശദീകരിക്കേണ്ടതില്ലല്ലോ?


റക്‌അത്തുകള്‍
                     ഇത്തരം ഒരു നിസ്‌കാരം പോലും ഇല്ലെന്ന്‌ ജല്‍പിക്കുന്നവര്‍ ഭൂലോകത്ത്‌ നിലവിലുണ്ട്‌! അല്ലാഹു അവരെ തൊട്ട്‌ നമ്മെ കാക്കട്ടെ. ഈ നിസ്‌കാരത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഇബാദത്തുകള്‍ വെട്ടിനിരത്തുന്ന ചിലര്‍ ഇത്‌ എട്ട്‌ റക്‌അത്താണെന്ന്‌ പുലമ്പുന്നുണ്ട്‌. അതിന്‌ അടിസ്ഥാനവുമില്ല. പ്രമാണങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ തറാവീഹ്‌ എട്ടോ? പതിനൊന്നോ? ഇരുപതോ? എത്രയാണെന്ന്‌ സ്ഥിരീകരിക്കുന്ന ഒരു ഹദീസും തിരുനബി (സ്വ) തങ്ങളെ തൊട്ട്‌ വന്നിട്ടില്ല. അതിനാല്‍ തന്നെ പ്രവാചക ചര്യ പൂര്‍ണ്ണമായും അനുധാവനം ചെയ്‌ത സ്വഹാബികളുടെ പ്രവര്‍ത്തനവും ചര്യയുമാണ്‌ നബി (സ്വ) എത്ര നിസ്‌കരിച്ചു എന്നറിയാനുള്ള ഏകമാര്‍ഗ്ഗം. സ്വഹാബത്തില്‍ നിന്നുദ്ധരിക്കുന്നതെന്താണെന്ന്‌ നമുക്ക്‌ പരിശോധിക്കാം. സാഇബ്‌ ബ്‌നു യസീദില്‍ നിന്ന്‌ നിവേദനം: ഞങ്ങള്‍ ഉമര്‍ (റ) ന്റെ കാലത്ത്‌ ഇരുപത്‌ റക്‌അത്ത്‌ തറാവീഹും പുറമെ വിത്‌റുമായിരുന്നു നിസ്‌കരിച്ചിരുന്നത്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ (റ) ഇരുപത്‌ റക്‌അത്ത്‌ നിസ്‌കരിച്ചത്‌ അവിതര്‍ക്കിതമാണ്‌. നബി (സ്വ) ഇരുപത്‌ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിനാണ്‌ ഉമര്‍ (റ) ഇരുപത്‌ റക്‌അത്ത്‌ നിസ്‌കരിച്ചത്‌. നബി (സ്വ) യുടെ പ്രവൃത്തികള്‍ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കി പ്രവൃത്തിച്ച മറ്റ്‌ സ്വഹാബികള്‍ എന്ത്‌ കൊണ്ട്‌ ഉമര്‍ (റ) ന്റെ 20 റക്‌അത്തിനെ എതിര്‍ത്തില്ല. നബി (സ്വ) ചെയ്യാത്തത്‌ ഉമര്‍ (റ) ന്റെ നേതൃത്വത്തില്‍ സ്വഹാബികളുടെ അനുവാദത്തോടെ ദീനില്‍ കടത്തിക്കൂട്ടി ദീനായി നമുക്കവര്‍ അവതരിപ്പിച്ച്‌ തന്ന്‌ നമ്മെ വഞ്ചിച്ചുവോ? അതൊരിക്കലും അവരില്‍ നിന്നുണ്ടാവുകയില്ല. അങ്ങനെയൊരിക്കലും അവരെ പറ്റി നാം ചിന്തിക്കാന്‍ പോലും പാടില്ല. അവരെ പിന്‍പറ്റി ജീവിക്കാനാണ്‌ നബി (സ്വ) നമ്മോട്‌ കല്‍പിച്ചിട്ടുള്ളത്‌. അവര്‍ സന്മാര്‍ഗ്ഗം സിദ്ധിച്ചവരും നക്ഷത്ര തുല്യരുമാണ്‌. മാത്രമല്ല, ഇമാം അജലൂനി (റ) കശ്‌ഫുല്‍ ഖഫാഅ്‌ എന്ന ഗ്രന്ഥത്തില്‍ നബി (സ്വ) തങ്ങളെ തൊട്ട്‌ ഉദ്ധരിക്കുന്നു: ഉമര്‍ (റ) ന്റെ ഹൃദയത്തിലും നാവിലും യാഥാര്‍ത്ഥ്യം ഇറങ്ങിയിട്ടുണ്ട്‌. ഉമര്‍ (റ) എന്റെ ഉമ്മത്തിന്‌ തൃപ്‌തിപ്പെട്ടത്‌ ഞാന്‍ എന്റെ ഉമ്മത്തിന്‌ തൃപ്‌തിപ്പെടുന്നു. 
                       മുന്‍വിധികളില്ലാതെ ഒരു മതകര്‍മ്മത്തിന്റെ പ്രമാണമറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മതിയായ തെളിവാണത്‌. കാരണം ഉമര്‍ (റ) ന്റെ കാലത്ത്‌ സ്വഹാബത്തില്‍ ഒരാള്‍ക്ക്‌ പോലും അഭിപ്രായമില്ലാത്ത വിധം തറാവീഹ്‌ നിലനിന്നിരുന്നവെന്നത്‌ നബി (സ്വ) നിലനിര്‍ത്തിയത്‌ അപ്രകാരം തന്നെയായിരുന്നു എന്നതിന്റെ സാക്ഷ്യമാണ്‌. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ തന്നെ ധാരാളം. ഹിദായത്ത്‌ നാഥനാണ്‌ നല്‍കുന്നത്‌. 
 
തറാവീഹിന്റെ രൂപം
                    തറാവീഹ്‌ എന്ന സുന്നത്ത്‌ നിസ്‌കാരം രണ്ട്‌ റക്‌അത്ത്‌ അല്ലാഹുവിന്‌ വേണ്ടി ഖിബ്‌ലക്ക്‌ മുന്നിട്ട്‌ ഞാന്‍ നിസ്‌കരിക്കുന്നു. എന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത്‌ കൂടി കരുതണം. ശേഷം വജ്ജഹ്‌ത്തു, ഫാതിഹ, സൂറത്ത്‌ എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട്‌ റുകൂഅ്‌, ഇഅ്‌തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്‌കരിക്കുന്നത്‌ പോലെ നിസ്‌കരിക്കുക. ഈരണ്ട്‌ റക്‌അത്തായി വേണം നിസ്‌കരിക്കാന്‍. തറാവീഹ്‌ നിസ്‌കാരത്തിന്റെ സമയമാവുന്നത്‌ ഇശാ നിസ്‌കരിച്ചതിന്‌ ശേഷമാണ്‌. ഇശാ നിസകാരത്തെ മഗ്‌രബിലേക്ക്‌ മുന്തിച്ച്‌ ജംആക്കി നിസ്‌കരിക്കുന്ന യാത്രികന്‌ ഇശാ നിസ്‌കരിക്കുന്നതോട്‌ കൂടെ തറാവീഹിന്റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്‌കരിക്കാതെ തറാവീഹിന്റെ സമയം കടക്കാത്തത്‌ കൊണ്ട്‌ തറാവീഹ്‌ നിര്‍വ്വഹിച്ചതിന്‌ ശേഷം തന്റെ ഇശാ നിസ്‌കാരം ബാത്വിലായിരുന്നു എന്ന്‌ വ്യക്തമായാല്‍ സാധാരണ സുന്നത്ത്‌ നിസ്‌കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്‌കരിച്ച്‌ തറാവീഹ്‌ മടക്കി നിസ്‌കരിക്കേണ്ടതുമാണ്‌. ഫാതിഹക്ക്‌ ശേഷം ഏത്‌ സൂറത്തും ഓതാവുന്നതാണ്‌. എന്നാല്‍ ഇരുപത്‌ റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്‌അ്‌ പാരായണം ചെയ്‌ത്‌ റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്‌മ്‌ ചെയ്യുന്ന രീതിയില്‍ ഓതലാണ്‌ ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്‌കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്‌ക്ക്‌ നിസ്‌കരിക്കലാണ്‌ ഉത്തമം. (ദഖാഇറുല്‍ ഇഖ്‌വാന്‍). 
                         സുബ്‌ഹിക്ക്‌ മുമ്പേ ഉണര്‍ന്ന്‌ തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുള്ളവര്‍ തറാവീഹിന്‌ ശേഷം വിത്‌റ്‌ നിസ്‌കരിക്കാമെങ്കിലും പിന്തിച്ച്‌ തഹജ്ജുദിന്‌ ശേഷം നിസ്‌കരിക്കലാണ്‌ നല്ലത്‌. റമളാനിലെ വിത്‌റിന്റെ ജമാഅത്ത്‌ നഷ്‌ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാന വിത്‌റാവലാണ്‌ ഇത്തരക്കാര്‍ക്കുത്തമം. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...