Saturday, 19 July 2014

ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍
വിശുദ്ധിയുടെ ധന്യനാളുകള്‍ക്ക്‌ ചെറിയ പെരുന്നാളോടെ വിരാമമാവുകയാണ്‌. ഭക്തിയും ആരാധനാ കര്‍മ്മങ്ങളും നിറഞ്ഞു നിന്ന ദിനരാത്രങ്ങള്‍ ആഘോഷത്തിനും സന്തോഷത്തിനും വഴിമാറുന്നു. ആഘോഷത്തിന്റെ പാരമ്യതയില്‍ മതിമറക്കുന്ന ഇന്നിന്റെ യുവതലമുറ അതിനായി പുതിയ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ്‌. വിശുദ്ധ ഇസ്‌ലാമിന്റെ എല്ലാ സീമകളും ലംഘിച്ച്‌ ആഹ്ലാദത്തിമിര്‍പ്പിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ ഉലകം ചുറ്റുന്നു.
ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും നന്ദി പ്രകടനം കൊണ്ടും ധന്യമാക്കേണ്ട പെരുന്നാള്‍ സുദിനം മദ്യാസക്തിയിലും സിനിമ-ചൂതാട്ടങ്ങളിലും അനിസ്‌ലാമിക ടൂര്‍ പ്രോഗ്രാമുകളിലുമായി ഹോമിക്കപ്പെടുന്നു. ആര്‍ഭാടങ്ങളില്‍ നിന്നും പിന്‍വാങ്ങി പഴമയുടെ പാരമ്പര്യത്തിലേക്ക്‌ മടങ്ങിവരാതെ ഈ സമുദായത്തിന്‌ രക്ഷയില്ല. ഓരോരുത്തരും വ്യക്തി പരമായും അവരുടെ നേതൃത്വത്തിന്‌ ഇമാമുമാരും മഹല്ല്‌ ഭാരവാഹികളും ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കാതെ ആ മടക്കം കൈവരല്‍ അസാധ്യമാണ്‌. 
പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ നിര്‍വ്വഹിക്കേണ്ട ചില ആരാധനാ കര്‍മ്മങ്ങളെക്കുറിച്ച്‌ അറിയുക തികച്ചും, ഗുണകരമാണ്‌. 
പെരുന്നാള്‍ ദിവസം പരസ്‌പരം ആശംസകള്‍ നേരുന്നത്‌ പുണ്യമുള്ളതാണ്‌. ആശംസകള്‍ക്ക്‌ ഏത്‌ നല്ല വാക്കുകളുമാകാം. മുസ്വാഫഹത്ത്‌ ചെയ്യുന്നതും നല്ലതാണ്‌. ഇത്‌ പരസ്‌പര സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ കാരണമാകും. (ശര്‍വാനി 3/56)
ദന്ത ശുദ്ധീകരണം, ദുര്‍ഗന്ധം അകറ്റല്‍, മീശ വെട്ടല്‍, കൈ കാല്‍ നഖങ്ങള്‍ മുറിക്കല്‍, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കം ചെയ്യല്‍ മുതലായവ പെരുന്നാളിനെ മാനിച്ച്‌ പ്രത്യേകം ചെയ്യേണ്ടതാണ്‌. (തുഹ്‌ഫ 3-47)
തക്‌ബീര്‍
പെരുന്നാള്‍ രാവ്‌ സൂര്യാസ്‌തമയം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന്‌ ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുന്നതുവരെ തുടര്‍ച്ചയായി തക്‌ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്‌ (വിസര്‍ജനസ്ഥലവും തത്തുല്യമായ സ്ഥലങ്ങളും ഒഴിച്ച്‌ എവിടെ വച്ചും എപ്പോഴും തക്‌ബീര്‍ സുന്നത്താണ്‌). സ്‌ത്രീകളുടെയും നപുംസകങ്ങളുടെയും തക്‌ബീര്‍ അന്യ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ ശബ്‌ദം ഉയര്‍ത്തി ആവരുത്‌. സ്‌ത്രീയും അവളുടെ ശബ്‌ദവും അന്യ പുരുഷന്‌ ആസ്വാദിക്കാനുള്ളതല്ലല്ലോ?
സ്‌ത്രീകള്‍ തനിച്ചാകുമ്പോഴും വിവാഹബന്ധം ഹറാമായവരുടെ അടുത്തവെച്ചാകുമ്പോഴും ശബ്‌ദമുയര്‍ത്തി തക്‌ബീര്‍ ചൊല്ലാം. പുരുഷന്മാര്‍ക്ക്‌ എല്ലാ സമയത്തും ഉച്ചത്തില്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്ത്‌ തന്നെയാണ്‌. (ശര്‍വാനി 3-51)
ബലിപെരുന്നാളിനോടനുബന്ധിച്ച്‌ അറഫാദിനം സുബ്‌ഹ്‌ മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം അസ്വ്‌ര്‍ വരെ എല്ലാ നിസ്‌കാരാനന്തരവും ദുല്‍ഹിജ്ജ ഒന്നു മുതല്‍ പത്തു വരെ ദിവസങ്ങളില്‍ ആട്‌, മാട്‌, ഒട്ടകം എന്നിവയെ കാണുമ്പോഴും തക്‌ബീര്‍ പ്രത്യേകം സുന്നത്തുണ്ട്‌.
``
പെരുന്നാള്‍ ദിവസം വെള്ളിയാഴ്‌ചയായാല്‍ അല്‍-കഹ്‌ഫ്‌, സ്വലാത്ത്‌ എന്നിവയേക്കാള്‍ പുണ്യം തക്‌ബീര്‍ മുഴക്കലാണ്‌ (തുഹ്‌ഫ 3-51).''
പെരുന്നാള്‍ നിസ്‌കാരം

ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പുറപ്പെടുന്നതിനുമുമ്പ്‌ എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യല്‍ സുന്നത്താണ്‌. അതിന്‌ സൗകര്യമായില്ലെങ്കില്‍ വഴിയില്‍ വച്ചോ നിസ്‌കരിക്കുന്ന സ്ഥലത്തുവച്ചോ ചെയ്യണം. ഇതൊഴിവാക്കല്‍ കറാഹത്താണ്‌. (തുഹ്‌ഫ 3-50).
പെരുന്നാള്‍ നിസ്‌കാരത്തിന്‌ വീട്ടില്‍ നിന്നും പുറപ്പെടുന്നതും തിരിച്ചു പോരുന്നതും വ്യത്യസ്‌ത വഴിയിലൂടെയായിരിക്കല്‍ സുന്നത്താണ്‌. (തുഹ്‌ഫ 3-49). പോകുന്നവഴി ദീര്‍ഘമുള്ളതാകലാണ്‌ ഉത്തമം, ദീര്‍ഘത്തിന്റെ തോതനുസരിച്ച്‌ പ്രതിഫലവും വര്‍ദ്ധിക്കും. (ശര്‍വാനി 3/49). സൂര്യനുദിച്ചയുടനെ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന്‌ വിരോധമില്ല. (ശര്‍വാനി 3/40).
നിസ്‌കാരത്തിനായി വാഹനയാത്ര ഒഴിവാക്കി നടന്നെത്തലാണ്‌ ഗുണകരം. ഇമാമിനെ പിന്തുടര്‍ന്ന്‌ നിസ്‌കരിക്കുന്നവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തണം. പെരുന്നാള്‍ നിസ്‌കാരത്തിന്‌ കൃത്യസമയത്ത്‌ സ്ഥലത്തെത്തലാണ്‌ ഇമാമിന്‌ സുന്നത്ത്‌. ആദ്യ സമയത്ത്‌ എത്തുന്നതിന്റെ പ്രതിഫലം ഇതിനാല്‍ ഇമാമിന്‌ നഷ്‌ടമാവുകയില്ല കാരണം, ഇത്‌ നബിചര്യയാണ്‌. (തുഹ്‌ഫ 3/49). 
പെരുന്നാള്‍ നിസ്‌കാരത്തിനുമുമ്പ്‌ മറ്റൊന്നും നിസ്‌കരിക്കാന്‍ പാടില്ല എന്നൊരു തെറ്റിദ്ധാരണ പലരിലുമുണ്ട്‌. സൂര്യോദയ ശേഷം ഏകദേശം 20 മിനിറ്റിന്‌ മുമ്പ്‌ സുന്നത്ത്‌ നിസ്‌കാരങ്ങള്‍ അനുവദനീയമല്ല എന്നതില്‍ നിന്നാണ്‌ അവരത്‌ മനസ്സിലാക്കിയത്‌. എന്നാല്‍ തഹിയ്യത്ത്‌ നിസ്‌കാരം എപ്പോഴും അനുവദനീയം തന്നെ. വിലക്കേര്‍പ്പെടുത്തപ്പെട്ടതില്‍ തഹിയ്യത്ത്‌ പെടുകയില്ല. ഇമാം ഒന്നും നിസ്‌കരിക്കാതെ നേരെ പെരുന്നാള്‍ നിസ്‌കാരത്തിലേക്ക്‌ പ്രവേശിക്കലാണ്‌ സുന്നത്ത്‌.
പെരുന്നാള്‍ നിസ്‌കാരം ഒറ്റയ്‌ക്കും നിസ്‌കരിക്കാം. അടിമ, സ്‌ത്രീ എന്നിവര്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്തുണ്ട്‌. സ്‌ത്രീകള്‍ മാത്രം ജമാഅത്തായി നിസ്‌കരിച്ചാല്‍ അവര്‍ക്ക്‌ ഖുത്വുബയില്ല. എന്നാല്‍ ഒരു സ്‌ത്രീ അല്‍പ്പം ഉപദേശം നല്‍കുന്നതിന്‌ വിരോധമില്ല അത്‌ നല്ലതാണ്‌. (തുഹ്‌ഫ, ശര്‍വാനി 3/40).
പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്‌ബീറുകള്‍ ഉറക്കെ ചൊല്ലണം. ഖളാഅ്‌ വീട്ടുകയാണെങ്കിലും ഉറക്കെയാക്കണം. തക്‌ബീറുകളുടെ ഇടയിലുള്ള ദിക്‌റുകള്‍ പതുക്കെയാണ്‌ ചൊല്ലേണ്ടത്‌. (തുഹ്‌ഫ 3/41).
പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള തക്‌ബീറുകള്‍ ചൊല്ലിത്തുടങ്ങുകയോ തീര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ്‌ ഇമാം ഓത്തില്‍ പ്രവേശിച്ചാല്‍ മഅ്‌മൂമിന്‌ ബാക്കി ചൊല്ലാന്‍ പാടില്ല. അയാള്‍ ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കണം. ശേഷം അയാള്‍ ഫാതിഹ ഓതണം (തുഹ്‌ഫ 3/44, 45).
പെരുന്നാള്‍ നിസ്‌കാരത്തില്‍ ഇമാം ഉറക്കെ ഓതല്‍ സുന്നത്താണ്‌. ഖളാഅ്‌ വീട്ടുന്നവനും ഒറ്റയ്‌ക്ക്‌ നിസ്‌കരിക്കുന്നവനും ഇത്‌ സുന്നത്ത്‌ തന്നെ. (ശര്‍വാനി 3/45). 
പെരുന്നാള്‍ നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്‌ (ശര്‍വാനി 3/339). പെരുന്നാള്‍ ഖുത്വുബയ്‌ക്ക്‌ വേണ്ടി ഖത്വീബ്‌ നില്‍ക്കും മുമ്പ്‌ മിമ്പറില്‍ വിശ്രമത്തിന്റെ ഇരുത്തം സുന്നത്താണ്‌. സാധാരണ ജുമുഅ വാങ്കിന്റെയത്ര സമയമിരിക്കണം. (ഫത്‌ഹുല്‍ മുഈന്‍ 110).
ഈദ്‌ഗാഹ്‌ (മൈതാന നിസ്‌കാരം)
പെരുന്നാള്‍ നിസ്‌കാരം പള്ളിയിലാകുന്നതാണ്‌ ഉത്തമം. മുസ്‌ലിംകളുടെ ആരാധാനാലയം പള്ളിയാണല്ലോ? പള്ളിയ്‌ക്കുള്ള മഹത്വവും പ്രാധാന്യവും വൃത്തിയും കൂടുതല്‍ ഭക്തി ലഭിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിയ്‌ക്ക്‌ നിമിത്തമായി പണ്ഡിതര്‍ ചൂണ്ടികാണിക്കുന്നു. മക്കയില്‍ ഇക്കാലമത്രയും മഹാന്മാരായ ഇമാമുകള്‍ മസ്‌ജിദുല്‍ ഹറമില്‍ വച്ചു തന്നെയാണ്‌ പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചതെന്ന്‌ `അല്‍ മുഹദ്ദബി'ല്‍ കാണാം. എന്നാല്‍ നബി (സ്വ) പെരുന്നാള്‍ നിസ്‌കാരം മൈതാനിയില്‍ വച്ച്‌ നിര്‍വ്വഹിച്ചിരുന്നുവെന്ന്‌ ഹദീസില്‍ കാണാം. പക്ഷേ ഇത്‌ പള്ളിയിലാണുത്തമമെന്ന വിധിക്കെതിരല്ല. തിരുനബി (സ്വ) മൈതാനം തിരഞ്ഞെടുക്കുന്നത്‌ മസ്‌ജിദുന്നബവി അത്രയും വിശാലമല്ലാതിരുന്നതുകൊണ്ടാണ്‌. പ്രവാചകരുടെ കാലത്തെ പള്ളി ഇന്നത്തെ പള്ളികളെ പോലെ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായിരുന്നില്ല. പതിവില്‍ കവിഞ്ഞ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനുവന്നെത്തുമ്പോള്‍ പള്ളിയില്‍ തിരക്കനുഭവപ്പെട്ടിരുന്നു. 
പെരുന്നാള്‍ നിസ്‌കാരത്തിന്‌ മൈതാനം ഉചിതമായിരുന്നുവെങ്കില്‍ നബി (സ്വ) അത്‌ നേരിട്ട്‌ പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദ്ദേശം എവിടെയും കാണുന്നില്ല. പള്ളി തന്നെയാണ്‌ ശ്രേഷ്‌ഠം എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഈ വിഷയവുമായി തെളിവുകള്‍ വിലയിരുത്തി ഇമാം നവവി (റ) പറയുന്നത്‌ കാണുക: ``പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ വച്ചുതന്നെ നിര്‍വ്വഹിക്കണമെന്നാണ്‌. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നിസ്‌കരിക്കുന്നത്‌ അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്‌.''
പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ്‌ഗാഹുകള്‍ സൃഷ്‌ടിക്കുന്നവര്‍ അതിന്റെ വിജയത്തിനായി സ്‌ത്രീകളെ അണിയിച്ചൊരുക്കി യാത്രയാക്കാറുണ്ട്‌. എന്നാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു മാത്രമല്ല ഒരു നിസ്‌കാരത്തിനും നബി പത്‌നിമാരില്‍ ഒരാള്‍ പോലും ഇതര സ്വഹാബാക്കളോടൊപ്പം നബി (സ്വ) നേതൃത്വം കൊടുക്കുന്ന മസ്‌ജിദുന്നബവിയിലേയോ മറ്റോ ജമാഅത്തുകളില്‍ പങ്കെടുത്തതായി രേഖയില്ലെന്ന്‌ അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.
പെരുന്നാള്‍ നിസ്‌കാരത്തിന്‌ സ്‌ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ്‌ കാണാം: ``ഒരു പ്രത്യേക സാഹചര്യത്തില്‍ നബി (സ്വ) പുറപ്പെടുവിച്ച ഒരു ആഹ്വാനത്തെ തുടര്‍ന്നായിരുന്നു അത്‌. മുസ്‌ലിം ജനസംഘ്യ ശത്രുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനുമായിരുന്നു അത്‌. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്നും പറഞ്ഞത്‌ അതിനുവേണ്ടിയാണ്‌. അല്ലാതെ അവരെയും നിസ്‌കാരത്തിനായി വിളിച്ചുവരുത്തിയതാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു ഈ സംഭവം എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണ്ണമാകുന്ന `നിങ്ങള്‍ ഭവനാന്തര്‍ ഭാഗത്ത്‌ ഒതുങ്ങിക്കൂടുക' എന്നര്‍ത്ഥം വരുന്ന ആയത്തവതീര്‍ണ്ണമാകുന്നത്‌ ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ്‌. 
നബി (സ്വ) യുടെ അവസാനകാല നിലപാട്‌ സ്‌ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന്‌ വിരുദ്ധമായിരുന്നു എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവമായി കാണുന്ന ആഇശ ബീവിയുടെ പള്ളി പ്രവേശനം അവര്‍ തന്നെ അവസാനിപ്പിച്ചതോടെ ആ അദ്ധ്യായത്തിന്‌ ഇസ്‌ലാമിക ചരിത്രത്തില്‍ അന്ത്യം കുറിച്ചതാണ്‌. ഇങ്ങനെ നോക്കുമ്പോള്‍ നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും കാലത്ത്‌ അന്ത്യംകുറിച്ച ഒരുകാര്യം പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌ എങ്ങനെ ഇസ്‌ലാമികമാകും ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. മുപ്പത്‌ ദിവസം നീണ്ട വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി അനിസ്‌ലാമിക നടപടിയിലൂടെ കളങ്കപ്പെടുത്താനുള്ള ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണയെ നാം തള്ളിക്കളയുക. നാഥന്‍ തുണയ്‌ക്കട്ടെ. 

1 comment:

Related Posts Plugin for WordPress, Blogger...