Saturday, 19 July 2014

ഫിത്‌ര്‍ സകാത്ത്‌

ഫിത്‌ര്‍ സകാത്ത്‌

            ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ ഒന്നാണ്‌ സക്കാത്ത്‌. നിസ്‌കാരം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്ത്‌ വരുന്നതാണ്‌ സകാത്ത്‌. നിസ്‌കാരത്തോട്‌ ചേര്‍ത്തിയാണ്‌ ഖുര്‍ആന്‍ സകാത്തിനെ പരാമര്‍ശിക്കുന്നത്‌. സകാത്തിനെ ശാരീരികം, സാമ്പത്തികം എന്നിങ്ങനെ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ആദ്യയിനം ഫിത്വ്‌ര്‍ സകാത്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നു. സാമ്പത്തിക സകാത്ത്‌ അത്‌ കൊടുക്കല്‍ നിര്‍ബന്ധമാകുന്ന സന്ദര്‍ഭത്തില്‍ തന്നെ കൊടുത്തു വീട്ടേണ്ടതാണ്‌. റമളാന്‍ വരെ പിന്തിപ്പിക്കുന്നതില്‍ പുണ്യമൊന്നുമില്ല. 
ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഫിത്‌ര്‍ സകാത്തിലൂടെ നടക്കുന്നത്‌. ഫിത്‌റ്‌ സകാത്തിനെ കുറിച്ച്‌ ഇമാം ശാഫിഈ (റ) യുടെ ഉസ്‌താദായ വകീഅ്‌ (റ) പറഞ്ഞത്‌ വളരെ ശ്രദ്ധേയമാണ്‌. ``നിസ്‌കാരത്തിലുണ്ടാകുന്ന ന്യൂനതകളെ സഹ്‌വിന്റെ സുജൂദ്‌ പരിഹരിക്കും പ്രകാരം നോമ്പിന്റെ ന്യൂനതകളെ ഫിത്വ്‌റ്‌ സകാത്ത്‌ പരിഹരിക്കുന്നതാണ്‌''
ബാധ്യത ആര്‍ക്ക്‌?
          പെരുന്നാള്‍ രാവിലും പകലിലും തനിക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതര്‍ക്കും ആവശ്യമായതും അനുയോജ്യമായതുമായ ഭക്ഷണം, വസ്‌ത്രം, ഭവനം, ആവശ്യമായ വേലക്കാരന്‍, കടം വീട്ടാനുള്ള വക എന്നിവ ഒഴിച്ച്‌ വല്ലതും മിച്ചമുള്ളവന്‍ ഫിത്വ്‌ര്‍ സകാത്ത്‌ കൊടുക്കല്‍ നിര്‍ബന്ധമാണ്‌. ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവരുടെ പരിധിയില്‍ തന്റെ വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെടുന്നതാണ്‌. മേല്‍പറഞ്ഞ ചെലവുകള്‍ കഴിച്ച്‌ ബാക്കി വരുന്നത്‌ കൊണ്ടുള്ള ഉദ്ദേശ്യം പണം മാത്രമല്ല, ഏത്‌ സമ്പത്തുമാവാം. അപ്പോള്‍ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാവാന്‍ വലിയ സമ്പത്തിന്റെ ഉടമയാകണമെന്നില്ല എന്ന്‌ വ്യക്തമായി. 
സ്വതന്ത്രരായ എല്ലാ സ്‌ത്രീ പുരുഷന്മാരും ഫിത്വ്‌്‌ര്‍ സകാത്ത്‌ കൊടുക്കല്‍ ബാധ്യസ്ഥരാണ്‌. തനിക്ക്‌ വേണ്ടിയും താന്‍ ചെലവ്‌ കൊടുക്കല്‍ കടപ്പെട്ടവര്‍ക്കും വേണ്ടിയും തന്റെ ധനത്തില്‍ നിന്നാണ്‌ സകാത്ത്‌ കൊടുക്കേണ്ടത്‌. എന്നാല്‍ കുട്ടികള്‍ക്ക്‌ സ്വന്തമായ സമ്പത്തുണ്ടെങ്കില്‍ അതില്‍ നിന്നാണ്‌ സകാത്തിന്റെ ബാധ്യത. 
ആര്‍ക്ക്‌ വേണ്ടി നല്‍കണം?

        തന്റെ പേരിലും മുന്‍പറഞ്ഞ ആശ്രിതരുടെ പേരിലും കൊടുക്കണം. കുടുംബം
, വിവാഹം എന്നിവയിലൂടെയാണ്‌ ആശ്രിതത്വം ഉണ്ടാകുന്നത്‌. എന്നാല്‍ കാഫിറായ ബന്ധുവിന്റെ പേരില്‍ നല്‍കേണ്ടതില്ല. മടക്കിയെടുക്കാന്‍ സാധിക്കുന്ന വിവാഹ മോചിതക്കും മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണിയായ ഭാര്യക്കും ഫിത്വ്‌റ്‌ സകാത്ത്‌ കൊടുക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്‌. പിണങ്ങിക്കഴിയുന്ന ഭാര്യക്ക്‌ വേണ്ടി ഭര്‍ത്താവ്‌ കൊടുക്കല്‍ നിര്‍ബന്ധമില്ല. വ്യഭിചാരത്തിലൂടെ പിറന്ന കുട്ടിയുടെ സകാത്ത്‌ മാതാവാണ്‌ നല്‍കേണ്ടത്‌. തൊഴില്‍ ചെയ്യാന്‍ പ്രാപ്‌തനായ സന്താനം, അന്യമതം സ്വീകരിച്ച സന്താനം എന്നിവരുടെ സകാത്തിന്റെ ബാധ്യത പിതാവിനില്ല. ആദ്യമായി ബാധ്യത ബന്ധിക്കുന്നത്‌ തന്റെ പേരിലാണ്‌. പിന്നീട്‌ ഭാര്യ, അവളുടെ വേലക്കാരന്‍, ചെറിയ കുട്ടി, പിതാവ്‌, മാതാവ്‌, വലിയ കുട്ടി എന്നീ ക്രമത്തിലാണ്‌. 
എന്ത്‌ നല്‍കണം?
        ഒരു നാട്ടില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന മുഖ്യഭക്ഷണ പദാര്‍ത്ഥമാണ്‌ ഫിത്വ്‌റ്‌ സകാത്തായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യമായ ആഹാരം അരിയായതിനാല്‍ അരി നല്‍കണം. എന്നാല്‍ പല വസ്‌തുക്കള്‍ ആഹാര വസ്‌തുക്കളായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏത്‌ കൊടുത്താലും മതിയാകും. മുന്തിയത്‌ കൊടുക്കുന്നതാണ്‌ ഉത്തമം. ഇത്‌ പൊടിയായോ വിലയായോ നല്‍കിയാല്‍ മതിയാകുകയില്ല. ആരുടെ പേരിലാണോ നല്‍കുന്നത്‌ ആ വ്യക്തിയുടെ നാട്ടിലെ ഭക്ഷ്യവസ്‌തു പ്രസ്‌തുത നാട്ടില്‍ തന്നെ നല്‍കണം. അപ്പോള്‍ ഗള്‍ഫിലുള്ള ഒരു വ്യക്തിയുടെ സകാത്ത്‌ (ശാഫിഈ മദ്‌ഹബനുസരിച്ച്‌) കേരളത്തില്‍ കൊടുത്താല്‍ മതിയാകുകയില്ല. 
അളവ്‌
         രാള്‍ക്ക്‌ ഒരു സാഅ്‌ (മൂന്ന്‌ ലിറ്ററും 200 മില്ലീലിറ്ററും) എന്ന ക്രമത്തിലാണ്‌ നല്‍കേണ്ടത്‌. ഇത്‌ അളത്ത സമ്പ്രദായമാണ്‌. തൂക്കം അനുസരിച്ച്‌ ഏകദേശം 2.500 കിലോഗ്രാമാണ്‌ നല്‍കേണ്ടത്‌. ഇത്‌ പ്രശസ്‌ത പണ്ഡിതനായിരുന്ന മര്‍ഹൂം അഹ്‌മദ്‌ കോയ ശാലിയാത്തിയുടെ വശമുള്ള നബി (സ്വ) യില്‍ നിന്ന്‌ സനദ്‌ സഹിതം സ്വീകാര്യമായ മുദ്ദ്‌ പാത്രത്തില്‍ അളന്ന്‌ തൂക്കി നോക്കിയാല്‍ വ്യക്തമാകുന്നതാണ്‌. 
സമയം
      റമളാനിന്റെ അവസാന ഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും ഒരു മുസ്‌ലിമിന്‌ വന്നു കൂടിയാല്‍ ഫിത്വ്‌്‌റ്‌ സകാത്ത്‌ നിര്‍ബന്ധമാകും. രണ്ടില്‍ ഏതെങ്കിലും ഒരു ഭാഗം ലഭിക്കാതിരുന്നാ ല്‍ സകാത്ത്‌ നിര്‍ബന്ധമില്ല. ശവ്വാലിന്റെ പിറവിയോട്‌ കൂടെ സകാത്ത്‌ കൊടുക്കല്‍ നിര്‍ബന്ധ സമയമായി. പെരുന്നാള്‍ നിസ്‌കാരത്തിന്‌ മുമ്പ്‌ കൊടുക്കലാണ്‌ ഉത്തമം. പെരുന്നാള്‍ ദിവസം അസ്‌തമയം വരെ അകാരണമായി പിന്തിക്കല്‍ കറാഹത്തും അസ്‌തമയത്തിന്‌ ശേഷം കാരണമില്ലാതെ പിന്തിക്കല്‍ ഹറാമുമാണ്‌. ശവ്വാലിന്റെ പിറവിയോട്‌ കൂടെയാണ്‌ ഫിത്വ്‌റ്‌ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ തുടക്കം മുതലേ കൊടുക്കാവുന്നതാണ്‌. എന്നാല്‍ കൊടുത്തവനും വാങ്ങിയവനും ശവ്വാലിന്റെ തുടക്കത്തില്‍ കൊടുക്കാനും വാങ്ങാനും അര്‍ഹരായിരിക്കേണ്ടതാണ്‌. പെരുന്നാള്‍ ദിവസം ഫിത്വ്‌റ്‌ സകാത്ത്‌ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്രയും പെട്ടെന്ന്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധമാണ്‌. ``പെരുന്നാള്‍ കഴിഞ്ഞല്ലോ? ഇനി അടുത്ത വര്‍ഷമാകാം'' എന്ന്‌ ചിന്തിക്കുന്നത്‌ കുറ്റകരമാണ്‌. 
അവകാശികള്‍

         അയല്‍വാസിക്കാണ്‌ ഫിത്വ്‌്‌റ്‌ സകാത്ത്‌ നല്‍കേണ്ടതെന്ന തെറ്റിദ്ധാരണ ഇന്ന്‌ സാധാരണക്കാരില്‍ നിലനില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച എട്ട്‌ വിഭാഗത്തിന്‌ തന്നെയാണ്‌ ഫിത്വ്‌റ്‌ സകാത്ത്‌ നല്‍കേണ്ടത്‌. അയല്‍വാസി എട്ട്‌ വിഭാഗത്തില്‍ പെടുന്നില്ലെങ്കില്‍ ഫിത്വ്‌റ്‌ സകാത്ത്‌ നല്‍കാന്‍ പാടില്ല. അനര്‍ഹര്‍ക്ക്‌ നല്‍കിയാല്‍ അത്‌ സകാത്തായി പരിഗണിക്കപ്പെടുകയില്ല. സകാത്തിന്റെ അവകാശികള്‍ ഇവരാണ്‌. 
1. ഫഖീര്‍ (പരമദരിദ്രന്‍) 
അവകാശികളില്‍ പ്രഥമ സ്ഥാനം പരമദരിദ്രനാണ്‌. തനിക്കും തന്റെ ആശ്രിതര്‍ക്കും കഴിഞ്ഞു പോകാന്‍ വിധത്തിലുള്ള ഹലാലായ സ്വത്തോ ഹലാലായതും യോജിച്ചതുമായ ജോലിയോ ഇല്ലാത്തവന്‍ ഇതാണ്‌ ഫഖീര്‍ കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. അപ്പോള്‍ ഹറാമായ ധനത്തിന്റെ കൂമ്പാരമുള്ളവനും ഹറാമായ ജോലിയുള്ളവനും ഇസ്‌ലാമിക വീക്ഷണത്തില്‍ ഫഖീര്‍ തന്നെയാണ്‌. ആവശ്യമായ വീട്‌
, വസ്‌ത്രം, രണ്ട്‌ മര്‍ഹലക്കപ്പുറത്തുള്ള സമ്പത്ത്‌ (ഏകദേശം 132 കി.മീ), ഉപയോഗിക്കാന്‍ തടസ്സം നേരിടുന്ന സമ്പാദ്യം, അവധി നിര്‍ണ്ണിത കടം, സ്‌ത്രീക്ക്‌ ആവശ്യമായ ആഭരണം ഇവയൊന്നും തന്നെ ഒരാളെ ഫഖീറിന്റെ ഗണത്തില്‍ നിന്നും ഒഴിവാക്കുകയില്ല. 
2. മിസ്‌കീന്‍ (അഗതി)
സ്വന്തമായ തൊഴിലോ ധനമോ ഉണ്ടെങ്കിലും അവ തന്റെയും തന്റെ ആശ്രിതരുടെയും ആവശ്യത്തിന്‌ മതിയാകാത്തവനാണ്‌ മിസ്‌കീന്‍. ഉദാഹരണം നൂറ്‌ രൂപ ദിന ചെലവ്‌ വരുന്ന ഒരാള്‍ക്ക്‌ അമ്പതോ എഴുപതോ രൂപ ലഭിക്കുന്നുവെങ്കില്‍ അവന്‍ മിസ്‌കീനാണ്‌. ഫഖീര്‍ 50 ല്‍ താഴെ ലഭിക്കുന്നവനുമാണ്‌. 
3. സകാത്ത്‌ ജീവനക്കാരന്‍
ഇസ്‌ലാമിക ഭരണത്തിന്‌ കീഴില്‍ സകാത്ത്‌ ശേഖരിക്കാനും കണക്കെടുപ്പിനും വിതരണം ചെയ്യാനും നിശ്ചയിക്കുന്ന ഉദ്യോഗസ്ഥര്‍. നമ്മുടെ നാടുകളില്‍ ഇങ്ങനെയൊരു ഭരണകൂടം നിലവിലില്ലാത്ത കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഈ കാര്യം ഗൗരവമായി കണക്കിലെടുത്ത്‌ നമ്മുടെ സകാത്തുകള്‍ അവകാശികള്‍ക്കല്ലാതെ സകാത്ത്‌ കമ്മിറ്റികള്‍ക്ക്‌ നല്‍കിയാല്‍ സാധുവാകുകയില്ല. വഞ്ചകന്മാരായ സകാത്ത്‌ തട്ടിയെടുക്കുന്നവരെ സൂക്ഷിക്കുക. നമ്മുടെ സകാത്ത്‌ അന്യാധീനപ്പെട്ട്‌ പോകരുത്‌. ഇത്‌ നിയമങ്ങള്‍ക്കും മുന്‍ഗാമികളുടെ ചര്യക്കും എതിരാണ്‌. 
4. പുതുവിശ്വാസികള്‍
ഇവര്‍ പലവിധക്കാരാണ്‌. ഒന്ന്‌: ഇസ്‌ലാമിലേക്ക്‌ കടന്നുവന്നെങ്കിലും വിശ്വാസം ദൃഢമാകാത്തവര്‍. രണ്ട്‌: തന്റെ ജനതക്കിടയില്‍ മാന്യനായ വ്യക്തി. ഇവന്‌ സകാത്തും മറ്റും നല്‍കുന്നത്‌ കണ്ട്‌ മറ്റുള്ളവര്‍ പ്രചോദിതരാകും. മറ്റുള്ളരുടെ ഇസ്‌ലാം ആശ്ലേഷണത്തിന്‌ ഒരു പ്രോത്സാഹനവും ഇവരുടെ സാമ്പത്തിക ഭദ്രതയ്‌ക്ക്‌ അടിത്തറ പാകുവാനുമാണ്‌ ഇവരെ അവകാശികളില്‍ പെടുത്തിയത്‌. 
5. മോചനപത്രം എഴുതപ്പെട്ട അടിമ
നിശ്ചിത തുക നല്‍കിയാല്‍ നിന്നെ സ്വതന്ത്രനാക്കാമെന്ന്‌ യജമാനന്‍ പറഞ്ഞ അടിമ. ഈ വിഭാഗവും ഇന്ന്‌ നിലവിലില്ല. 
6. കടം കൊണ്ട്‌ വലഞ്ഞവന്‍
ഇവര്‍ പലതരക്കാരാണ്‌. ഒന്ന്‌: വ്യക്തിള്‍ക്കിടയിലുള്ള വഴക്ക്‌ തീര്‍ക്കുന്നതിന്‌ വേണ്ടി കടം വാങ്ങിയവന്‍. രണ്ട്‌: പള്ളി നിര്‍മ്മാണം, ജയില്‍ മോചനം തുടങ്ങി സാമൂഹിക നന്മ ഉദ്ദേശിച്ച്‌ കടം വാങ്ങിയവന്‍. മൂന്ന്‌: തനിക്കും തന്റെ ആശ്രിതര്‍ക്കും വേണ്ടി കടം വാങ്ങിയവന്‍. നാല്‌ ധനപരമായി ജാമ്യം നിന്ന വ്യക്തി. 
7. ഇസ്‌ലാമിക യോദ്ധാവ്‌
ഇസ്‌ലാമിന്റെ മുദ്രാവാക്യം മുഴങ്ങിക്കേള്‍ക്കുന്നതിന്‌ വേണ്ടി മുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ പ്രതിഫലം വാങ്ങാതെ ശത്രുക്കളോട്‌ പട പൊരുതുന്നവര്‍. ഇവന്‍ ധനാഢ്യനാണെങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇവനും സകാത്ത്‌ നല്‍കാം. 
8. യാത്രക്കാരന്‍
ഇസ്‌ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി സകാത്ത്‌ നല്‍കുന്ന വ്യക്തിയുടെ നാട്ടിലൂടെ കടന്നു പോകുന്നവനാണെങ്കിലും നല്‍കുന്നവന്റെ നാട്ടില്‍ നിന്ന്‌ യാത്ര ആരംഭിക്കുന്നവനാണെങ്കിലും സകാത്തിന്റെ അവകാശിയാണ്‌. ഹലാലായ യാത്രയാവുകയും ചെലവ്‌ കഴിച്ച്‌ വീട്ടിലെത്താന്‍ ആവശ്യമാവാതെ വരികയും ചെയ്‌താല്‍ മാത്രമാണ്‌ ഇവന്‍ സകാത്തിന്റെ അവകാശിയാവുകയുള്ളൂ. 
വിതരണം
സകാത്ത്‌ വിതരണത്തില്‍ ഇസ്‌ലാം മൂന്ന്‌ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഒന്ന്‌: സകാത്ത്‌ വിഹിതം സ്വന്തമായി എത്തിച്ചു കൊടുക്കല്‍. രണ്ട്‌: അവകാശികളില്‍ എത്തിക്കാന്‍ വിശ്വസ്‌തനായ ഒരു വ്യക്തിയെ വക്കാലത്ത്‌ ഏല്‍പ്പിക്കല്‍. മൂന്ന്‌: ഇസ്‌ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏല്‍പ്പിക്കല്‍. ഈ രൂപം നമ്മുടെ നാട്ടില്‍ സാധ്യമല്ല. ആദ്യത്തെ രൂപമാണ്‌ അഭികാമ്യം. രണ്ടാമത്തെ രൂപത്തില്‍ ഉടമസ്ഥന്‍ നിയ്യത്ത്‌ ചെയ്യുകയോ നിയ്യത്ത്‌ വെക്കാന്‍ വക്കീലിനെ ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്‌. വക്കീല്‍ വഞ്ചന നടത്തിയാല്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. 

1 comment:

  1. ഫിത്വ്‌ര്‍ സകാത്തിന്റെ കര്‍മ്മശാസ്ത്രം ഹിജ്‌റ രണ്ടാംവര്‍ഷമാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്വ്‌ര്‍ സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെട്ടത്താണ്‌ ഈ സകാത്തെന്നു ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌. (തുഹ്‌ഫ : 3/305)
    മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
    ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌. നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171).
    നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ.

    ReplyDelete

Related Posts Plugin for WordPress, Blogger...