Wednesday, 23 July 2014

തൊടുപുഴ ഹസ്‌റത്ത്‌


തൊടുപുഴ ഹസ്‌റത്ത്‌                                      മലബാര്‍ പ്രദേശം കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ആരിഫീങ്ങളാല്‍ ദീനീ വളര്‍ച്ച നേടിയ പ്രദേശമാണ്‌ തൊടുപുഴ. തൊടുപുഴയിലും പരിസരത്തുമായി മാത്രം ഏകദേശം ഡസനിലധികം മഹത്തുക്കളുടെ മഖാമുകള്‍ കാണാന്‍ സാധിക്കും. അവരില്‍ പ്രധാനി ആയിരുന്നു കാരിക്കോട്‌ നൈനാര്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹുമാനപ്പെട്ട ശൈഖുനാ ശൈഖ്‌ മുഹമ്മദ്‌ സ്വൂഫിയ്യുല്‍ ഖൂത്വാരി (റ). ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഉസ്‌താദായ മഹാനവര്‍കള്‍ അറിയപ്പെട്ടത്‌ പല പേരുകളിലായിരുന്നു. തൊടുപുഴയിലെ സാധാരണക്കാര്‍ക്കിടയില്‍ സായിപ്പുപ്പാപ്പ, ഹസ്‌റത്തുപ്പാപ്പ എന്നീ പേരുകളിലറിയപ്പെട്ട അദ്ദേഹം അക്കാലത്ത്‌ ജീവിച്ച പണ്ഡിതന്മാര്‍ക്കും സ്വൂഫീവര്യന്മാര്‍ക്കും ഇടയില്‍ അറിയപ്പെട്ടത്‌ തൊടുപുഴ ഹസ്‌റത്ത്‌ എന്ന പേരിലാണ്‌. 
ജനനവും വളര്‍ച്ചയും
ഹിജ്‌റ വര്‍ഷം 1317 ദുല്‍ഖഅ്‌ദ മാസം 26 ന്‌ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ പട്ടണത്തിലെ കോട്ടാര്‍ എന്ന സ്ഥലത്താണ്‌ മഹാനവര്‍കള്‍ ജനിച്ചത്‌. മൂന്നാം വയസ്സില്‍ മാതാവിനെ നഷ്‌ടപ്പെട്ട അദ്ദേഹം ചെറുപ്പകാലത്ത്‌ തന്നെ വലിയ വലിയ പണ്ഡിതരുമായും സ്വൂഫീവര്യന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്നെല്ലാം പരിശുദ്ധ ഇസ്‌ലാമിന്റെ ആത്മീയവശങ്ങളെ കുറിച്ച്‌ ഗഹനമായി തന്നെ മനസ്സിലാക്കിയ മഹാനവര്‍കള്‍ പിന്നീടുള്ള തന്റെ ജീവിതം ഏകദേശം 20 കൊല്ലത്തോളം വിജ്ഞാന സമ്പാദനത്തിന്‌ വേണ്ടി മാത്രമായി മാറ്റിവെച്ചു. 
പ്രഗത്ഭനായ വിദ്യാര്‍ത്ഥി
ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന്‌ ഇന്നത്തെ പോലെ സൗകര്യമില്ലാതിരുന്ന അക്കാലത്ത്‌ മഹാനവര്‍കള്‍ തന്റെ ഏഴാം വയസ്സിലാണ്‌ ഖുര്‍ആന്‍ മനഃപാഠമാക്കിയത്‌. തുടര്‍ന്ന്‌ മേലേപാളയത്തിലുള്ള സയ്യിദ്‌ മുഹമ്മദ്‌ ഹസന്‍ (റ) ന്റെ അടുക്കല്‍ ചെന്ന്‌ ദീനിയ്യായ വിജ്ഞാനം നുകരുകയും അക്കാലത്ത്‌ തന്നെ അറബി, ഫാരിസി, ഉറുദു തുടങ്ങിയ ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്‌തു. ശേഷം ആരിഫീങ്ങളില്‍ പ്രമുഖനായ അബ്‌ദുല്‍കരീം ഹസ്‌റത്ത്‌ നേതൃത്വം നല്‍കുന്ന പുതക്കുടി മദ്‌റസ അന്നൂറുല്‍ മുഹമ്മദിയ്യ അറബിക്കോളേജില്‍ എത്തുകയും തസ്വവ്വുഫിന്റെ വിഷയങ്ങളില്‍ അവഗാഹം നേടിയതോടൊപ്പം അബ്‌ദുല്‍ കരീം ഹസ്‌റത്തിന്റെ തിരുനോട്ടത്തിന്‌ പാത്രീഭൂതരാവുകയും ചെയ്‌തു. 
തികഞ്ഞ പരിത്യാഗി
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ തനിക്ക്‌ കിട്ടുന്ന ഭക്ഷണം ഓരോ മാസവും ഓരോ പിടിയായി കുറച്ച്‌ ബാക്കി മിസ്‌കീന്‍മാര്‍ക്ക്‌ ദാനം ചെയ്‌തിരുന്നു. പകലില്‍ ഉസ്‌താദ്‌ പഠിപ്പിച്ച പാഠങ്ങള്‍ രാത്രിയില്‍ നോക്കിപ്പഠിച്ച ശേഷം പുറത്ത്‌ കാടുകളില്‍ പോയി ഇബാദത്തിലായി കഴിഞ്ഞുകൂടുക എന്നത്‌ മഹാനവര്‍കളുടെ പതിവായിരുന്നു. പഠനം കഴിഞ്ഞ്‌ ജോലി ചെയ്‌ത കാലത്തും പള്ളിയില്‍ നിന്ന്‌ ശമ്പളം ലഭിക്കാതെ വരുമ്പോള്‍ അത്‌ ചോദിക്കാതെ സ്വന്തമായി ചെയ്യുന്ന സോപ്പ്‌ നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം എന്നിവയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ട്‌ ലളിതജീവിതം നയിക്കും. ഈരാറ്റുപേട്ടയില്‍ മുദര്‍രിസായിരുന്ന കാലത്ത്‌ രാത്രി ദര്‍സിന്‌ ശേഷം ഈരാറ്റുപേട്ടയാറിന്റെ തീരത്തുള്ള ശൈഖ്‌ ഫരീദുദ്ദീനുല്‍ ഔലിയായുടെ മഖാമില്‍ സുബ്‌ഹി വരെ കഴിഞ്ഞു കൂടുമായിരുന്നു. 
അദ്ധ്യാപന പാതയിലൂടെ
പഠനത്തിന്‌ ശേഷം ഈരാറ്റുപേട്ടയിലും തൊടുപുഴയിലും മുദര്‍രിസ്സായി സേവനമനുഷ്‌ഠിച്ചു. അതില്‍ പ്രശസ്‌തമായത്‌ തൊടുപുഴയിലെ ദര്‍സാണ്‌. 800 വര്‍ഷത്തെ ഇസ്‌ ലാമിക പാരമ്പര്യം ഉണ്ടായിട്ടും ഒരു പള്ളി ദറസിന്റെ അഭാവം നിഴലിച്ച്‌ നിന്ന തൊടുപുഴയില്‍ കേരളീയ ശില്‍പചാതുര്യത്തിന്റെ മഹിതമായ പ്രൗഢിയില്‍ തലയുയര്‍ത്തി നിന്ന കാരിക്കോട്‌ നൈനാരു പള്ളിയില്‍ ദര്‍സ്‌ നടത്താനാരംഭിച്ച മഹാനവര്‍കളുടെ പാഠശാലയുടെ പേരും പ്രശസ്‌തിയും ക്ഷണനാളുകള്‍ കൊണ്ട്‌ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപിച്ചു. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ ആ സവിധത്തിലേക്കൊഴുകി അന്ന്‌ വരെ അനുഭവിക്കാത്ത ഒരു ദീനീ സൗരഭ്യം തൊടുപുഴയില്‍ അടിച്ച്‌ വീശി. 40 കൊല്ലത്തോളം നീണ്ട്‌ നിന്ന തൊടുപുഴ ഹസ്‌റത്തിന്റെ പ്രശസ്‌തമായ പള്ളി ദര്‍സിന്റെ സൗരഭ്യം ഇന്നും ലോകത്ത്‌ നിലനില്‍ക്കുന്നു. 
ഉജ്ജ്വലവാഗ്മി
തറാവീഹിന്‌ ശേഷമുള്ള തൊടുപുഴ നൈനാരു പള്ളിയിലെ മഹാനവര്‍കളുടെ മൂന്ന്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗം കേള്‍ക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന്‌ പോലും ആളുകള്‍ ചൂട്ടും കത്തിച്ച്‌ സംഘം സംഘമായി പ്രത്യേകം ബൈത്തുകള്‍ ചൊല്ലി ആളുകള്‍ വരാറുണ്ടായിരുന്നു. ജാതി മത ഭേദമേന്യ ആളുകള്‍ അതിനായി തടിച്ചു കൂടിയിരുന്നു.
ആത്മീയാചാര്യന്‍
തന്റെ ആത്മീയ വഴികാട്ടിയും ഉസ്‌താദുമായിരുന്ന അബ്‌ദുല്‍കരീം ഹസ്‌റത്തിന്റെ നിര്‍ദ്ദേശപ്രകാരം, മുര്‍ഷിദായിരുന്ന അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ സ്വൂഫി (റ) യുമായി ബൈഅത്ത്‌ ചെയ്യുകയും ഗുരുവിനോടുള്ള നിഷ്‌ക്കളങ്കമായ മഹബ്ബത്തില്‍ ചാലിച്ച സഹവാസം കൊണ്ട്‌ ക്ഷണനാളുകള്‍ കൊണ്ട്‌ ലക്ഷ്യപ്രാപ്‌തിയിലെത്തുകയും അവിടുന്നിന്റെ പ്രധാന ഖലീഫയായി നിയമിക്കുകയും ചെയ്‌തു. നാല്‌ പതിറ്റാണ്ട്‌ കാലം തൊടുപുഴ നൈനാര്‌ പള്ളി കേന്ദ്രമാക്കി ആത്മീയോത്‌കര്‍ഷത്തിന്റെ സുവര്‍ണാധ്യായം രചിച്ച മഹാനവര്‍കള്‍ മുഖേന നൂറ്‌ കണക്കിനാളുകള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ പറന്നു കയറി. തൊടുപുഴയിലെ സാധാരണക്കാര്‍ക്ക്‌ താങ്ങും തണലുമായി നിന്ന മഹാനവര്‍കള്‍ അശരണരുടെ ആശാകേന്ദ്രവും ആലംബഹീനരുടെ അത്താണിയുമായിരുന്നു. അത്യാസന്നമായ പല ശാരീരിക ബുദ്ധിമുട്ടുകളും അവിടുന്ന്‌ സുഖപ്പെടുത്തി. തന്റെ ഓരോ നിമിഷങ്ങളെയും പരിശുദ്ധ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക്‌ വിനിയോഗിച്ചു. ഹൈന്ദവരും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഇടതിങ്ങിത്താമസിക്കുന്ന തൊടുപുഴയില്‍ മത സൗഹാര്‍ദ്ദ രംഗത്ത്‌ മഹാനവര്‍കള്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. മതപണ്ഡിതന്‍, ഉജ്ജ്വലവാഗ്മി, മതാദ്ധ്യാപകന്‍ എന്നീ നിലകളിലൊക്കെ ശോഭിച്ചു. മഹാനവര്‍കള്‍ എല്ലാ മതക്കാരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. നിറയെ വിദ്യാര്‍ത്ഥികളും പണ്ഡിതരും നിറഞ്ഞു തുളമ്പുന്ന വൈജ്ഞാനിക മേഖലയായി തൊടുപുഴയെ മഹാനവര്‍കള്‍ മാറ്റി എന്നത്‌ ഒരു ചരിത്രസത്യമാണ്‌. 
കറാമത്ത്‌
ഒരുപാട്‌ കറാമത്തുകള്‍ക്ക്‌ ഉടമയാണ്‌ മഹാനവര്‍കള്‍. എന്നിരുന്നാലും ബറക്കത്തിന്‌ വേണ്ടി മാത്രം ഒന്ന്‌ ഇവിടെ കുറിക്കാം. ശൈഖുനാക്ക്‌ തൊടുപുഴയില്‍ കിട്ടിയ സ്ഥാനത്തിന്‌ ധാരാളം അസൂയാലുക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ശൈഖുനാ വെള്ളിയാഴ്‌ച ജുമുഅക്ക്‌ ഖുത്തുബ ഓതാന്‍ വേണ്ടി മിമ്പറില്‍ കയറാന്‍ പോവുമ്പോള്‍ ഖുത്തുബ കിതാബ്‌ അവിടെ കാണുന്നില്ല. പെട്ടെന്ന്‌ തന്നെ ശൈഖുനാ അവര്‍കള്‍ മിമ്പറില്‍ കയറി രണ്ട്‌ ഖുതുബകളും കാണാതെ ഓതി നിസ്‌കരിച്ച ശേഷം അവിടെ കൂടിയിരുന്നവരോട്‌ പറഞ്ഞു: എന്നെ പരിഭ്രാന്തിയിലാക്കാന്‍ ചിലര്‍ ഖുതുബ കിതാബ്‌ ഒളിച്ചുവെച്ചു. ആ കിതാബ്‌ പള്ളിക്കാട്ടിലെ ഇന്നാലിന്ന പൊട്ട ഖബ്‌റില്‍ ഉണ്ട്‌. അത്‌ ഇങ്ങോട്ട്‌ എടുത്തു കൊണ്ടുവരാന്‍ പറഞ്ഞു. പോയി നോക്കുമ്പോള്‍ കിതാബ്‌ അവിടെത്തന്നെയുണ്ടായിരുന്നു. 
വഫാത്ത്‌
അല്ലാഹുവിന്റെ തൃപ്‌തിയിലായി ജീവിച്ച മഹാനവര്‍കള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും പ്രശസ്‌തിക്കും വേണ്ടി കോലം കെട്ടുന്ന ആധുനിക പണ്ഡിതര്‍ക്ക്‌ മാതൃകയാണ്‌. മഹാനവര്‍കളുടെ സരണി ഇന്നും അണയാതെ തളരാതെ മുന്നോട്ട്‌ പോവുന്നു. ശൈഖുനാ അവര്‍കള്‍ ഹിജ്‌റ 09/10/1373 വെള്ളിയാഴ്‌ച 11.55 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. മഹാനവര്‍കളുടെ മഖാം ഉറൂസ്‌ ശവ്വാല്‍ 1 മുതല്‍ 10 വരെ കാരിക്കോട്‌ മഹ്‌ളറത്തുല്‍ ഖാദിരിയ്യ അങ്കണത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...