നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 29 October 2017

സ്വയം പൊങ്ങികള്‍


സ്വയം പൊങ്ങികള്‍


       പൊങ്ങച്ചത്തിന്‍റെ പരിണതിയാണ് സ്വയം പൊങ്ങല്‍. അറിവിലോ കര്‍മ്മത്തിലോ മറ്റോ താന്‍ പൂര്‍ണ്ണനാണെന്ന തോന്നലിനാല്‍ ഉള്ളിലുണ്ടാകുന്ന മേന്മ നാട്യമാണ് പൊങ്ങച്ചം.
                   അത്യധികം ഗുരുതരവും അങ്ങേയറ്റം മോശവുമായ സ്വഭാവമാണിത്. ഒരു വിശ്വാസിക്ക് തീരെ അനുഗുണമല്ലിത്. സ്വയം പൊങ്ങികളായി വിലസിയ വികടര്‍ക്ക് വിലപ്പെട്ടതൊക്കെ വിലക്കപ്പെട്ടത് ചരിത്രത്തില്‍ നാം വായിക്കാറുണ്ട്. ഇതേ വിഷയം പല രൂപങ്ങളിലും പല വ്യക്തികളിലുമായി ആധുനിക യുഗത്തിലും കാണാവുന്നതാണ്. 
   കണ്ടാലും കൊണ്ടാലും തിരിയാത്തവരെ എന്ത് പറയാന്‍!? എന്ത് കാര്യത്തിലും എവിടെയും ഞാനാണ് യോഗ്യനെന്ന് സ്വയം വിചാരിച്ച് പൊങ്ങച്ചം നടിക്കുന്ന പൊങ്ങന്മാര്‍ ഉണ്ടാക്കുന്ന വിനകള്‍ ചില്ലറയല്ല. അവര്‍ക്കുണ്ടാകുന്ന ദൂഷ്യം അവര്‍ സ്വയം മനസ്സിലാക്കുകയില്ലല്ലോ?
പല മേഖലകളിലും രംഗങ്ങളിലും ഈ സ്വയം പൊങ്ങികള്‍ കയറി വരാറുണ്ട്. സംഘടനാ നേതൃത്വങ്ങളില്‍ സമ്മേളന സദസ്സുകളില്‍, വിവാഹ സദസ്സുകളില്‍, പ്രാര്‍ത്ഥനാ മജ്ലിസുകളില്‍ എന്ന് വേണ്ട എല്ലായിടത്തും ഇക്കൂട്ടര്‍ ഒരു കൈ നോക്കും. ചിലപ്പോഴൊക്കെ ജയിച്ചേക്കാം. പക്ഷേ അതിനാലുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. 
    സംഘം ഏതുമാകട്ടെ അതിന്‍റെ നേതൃത്വത്തിന് എന്നേക്കാള്‍ യോഗ്യനായ ആരുമില്ലെന്ന് നിനക്കുന്നവന്‍റെ നിലയെന്താണ്? രാഷ്ട്രീയം പോലുള്ള ഭൗതിക താല്‍പര്യ സംഘടനകളാണെങ്കില്‍ അവയുടെ ഉദ്ദേശ്യം പാരത്രികമോ അല്ലാഹുവോ അല്ലാത്തത് കൊണ്ട് മനസ്സിലാകും. അതിന്‍റെയും അതിന്‍റെ ആളുകളുടെയും അവസ്ഥ. മതസംഘടനയിലുള്ള വിശ്വാസികളുടെ കാര്യമാണ് നാം ചിന്തിക്കേണ്ടത്. പുരോഗമനവും സെറ്റപ്പും കൂടുന്നതിനനുസരിച്ച് ആത്മാര്‍ത്ഥതയും വിനയവും നഷ്ടപ്പെടുന്ന നിലപാടുകളാണ് പല മതസംഘടനാ പ്രവര്‍ത്തകരിലും നേതാക്കളിലും കാണുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഏതെങ്കിലുമൊന്നിനെയോ വ്യക്തിയെയോ ടാര്‍ജറ്റ് ചെയ്ത് പറയുന്നതല്ലിത്. പൊതുവേ നിരീക്ഷിക്കുമ്പോള്‍ എത്തുന്ന നിഗമനമാണിത്. ശരിയല്ലെങ്കില്‍ പൊറുക്കുക.
    സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ മുന്‍പന്തിയിലാകണമെന്നാണ് ചില സ്വയം പൊങ്ങികള്‍ ആഗ്രഹിക്കുന്നത്. താന്‍ എന്തിനും തികഞ്ഞവനും മറ്റുള്ളവര്‍ നിസ്സാരരുമാണെന്നല്ലേ ടിയാന്‍ വിചാരിക്കുന്നത്. ഇതൊക്കെ സഹിക്കണമെന്ന് വെച്ചാലും പിന്നെ ഒരു കൂട്ടരുണ്ട്. സമൂഹത്തിന്‍റെ അനിഷ്ടമുള്ളവരായിരിക്കുമവര്‍. പക്ഷേ, അതൊന്നും അവര്‍ക്ക് ബാധകമല്ല. നികാഹ് സദസ്സില്‍ നിക്കാഹ് നടത്തിക്കൊടുക്കാനും ഖുതുബ ഓതാനും ദുആ ചെയ്യാനുമൊക്കെ അര്‍ഹന്‍ ഞാനല്ലാതെ ആരുമില്ലെന്ന് ഡംഭ് നടിക്കുന്നവര്‍. ഇക്കൂട്ടരുടെ ഡംഭ് മൂര്‍ച്ഛിക്കുന്നത് ഇതുപോലുള്ള അനുഗൃഹീത കാര്യങ്ങളിലാണ്. അതിന് വേണ്ടിയുള്ള ചരട് വലികളും കുതന്ത്രങ്ങളുമൊക്കെ അവര്‍ നടത്തും. ഇതൊക്കെ പറയലും കേള്‍ക്കലും തന്നെ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അരോചകമാണ്. 
ശരിയായ വിശ്വാസി താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്തയിലായിരിക്കും. ഇതുപോലുള്ള കാര്യങ്ങളില്‍ പിന്‍വലിയലാണ് അവന്‍റെ ആഗ്രഹം. മുന്നിടല്‍ അവന് അസഹ്യമായിരിക്കും. മഹത്തുക്കളുടെ ചരിത്രങ്ങളും നിലപാടുകളും അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അതവരുടെ വിനയത്തിന്‍റെയും താഴ്മയുടെയും അടയാളമാണ്. ഇത്തരം മഹാന്മാര്‍ നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളിലായിരിക്കും തയ്യാറാവുക. 
ദുആ ചെയ്യുന്നിടത്ത് വരെ ഈ പൊങ്ങച്ചം മനുഷ്യനെയെത്തിക്കുന്നുവെങ്കില്‍ അതിന്‍റെ അപകടാവസ്ഥ എത്രമാത്രം. ഈ പൊങ്ങച്ചം എന്തോ വലിയ കാര്യമെന്നാണ് ചിലരുടെ ധാരണ. സമൂഹത്തിലുണ്ടാകുന്ന വിലയിടിവ് ഈ പാവങ്ങള്‍ മനസ്സിലാക്കുന്നില്ല. എന്നിട്ടല്ലേ അല്ലാഹുവിന്‍റെയടുക്കലുള്ള നിലവാരത്തകര്‍ച്ച അറിയുക? ഭൗതിക ഡംഭാണല്ലോ ഇതിന്‍റെ പ്രേരകം.
    "സ്വയം പൊങ്ങി നശിച്ചവനാണ്" എന്ന തിരുവചനവും "നിങ്ങള്‍ സ്വയം പൊങ്ങരുതെന്ന" ഖുര്‍ആന്‍ വാക്യവും സ്വയം പൊങ്ങലിനെതിരെയുള്ള താക്കീതുകളാണ്. ഇബ്ലീസിന്‍റെയും ബല്‍ആമിന്‍റെയും അതുപോലുള്ളവരുടെയുമൊക്കെ സ്വയം പൊങ്ങല്‍ അവരെ എവിടെയെത്തിച്ചുവെന്ന് മനസ്സിലാക്കിയാല്‍ വളരെ നല്ലത്. രക്ഷപ്പെടാം ഇവിടെയും അവിടെയും. അല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പൊങ്ങച്ചം വഴി കുതന്ത്രമൊരുക്കുന്നവരുടെ ഇരുലോകാവസ്ഥ വളരെ ദയനീയമായിരിക്കും. 
    "നിന്നെ അല്ലാഹു സ്വീകരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ നീ ഡംഭ് കാണിക്കരുത്" എന്ന് പൊങ്ങച്ചം തള്ളുന്ന നഫ്സിനോട് പറയാനാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്. ഇബ്ലീസിന് വഴിപ്പെട്ട സ്വയം പൊങ്ങി എന്ത് കേട്ടാലും കണ്ടാലും കാര്യമില്ല. 
     ഈ അധമ സ്വഭാവം മാറാനുള്ള എളുപ്പവഴി ആന്തരിക ചികിത്സയില്‍ വിദഗ്ധനും അര്‍ഹനുമായ ആത്മീയ ഗുരുവിന്‍റെ ശിക്ഷണമാണ്. വിജയം ആഗ്രഹിക്കുന്നവര്‍ സ്വയം പൊങ്ങികളിലുണ്ടെങ്കില്‍ ഇനിയെങ്കിലും ഈ വഴിക്ക് നീങ്ങട്ടെ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...