നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 29 October 2017

പുണ്യനിയോഗത്തിന് മുമ്പ് അറേബ്യ





       അതിവിശാലമായ സൈകത ഭൂമിയില്‍ മൊട്ടക്കുന്നുകള്‍ നിറഞ്ഞ പ്രവിശാല ഭൂമിയായിരുന്നു അന്നത്തെ അറേബ്യ. കൂടുതലും ജനവാസമില്ലാത്ത വരണ്ടുണങ്ങിയ പ്രദേശം. ജല ലഭ്യത അനുഭവപ്പെട്ടിരുന്ന ചില പ്രദേശങ്ങള്‍ ഇടക്കിടക്ക് കാണാമായിരുന്നു. ഇത്തരം പ്രദേശങ്ങളിലായിരുന്നു ചെടികള്‍ വളര്‍ന്നിരുന്നതും ജനങ്ങള്‍ താമസിച്ചിരുന്നതും. ഇത്തരം മരുപ്പച്ചകളായിരുന്നു ജനങ്ങളുടെ ആശാകേന്ദ്രങ്ങളും. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഏഷ്യാ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അറേബ്യന്‍ ഉപദ്വീപ്. അറബികള്‍ ഇതിനെ ജസീറത്തുല്‍ അറബ് എന്നാണ് വിളിച്ചിരുന്നത്. പ്രവാചക ആഗമനത്തിന് മുമ്പ് പുറംലോകവുമായി വലിയ ബന്ധം ഇല്ലാത്തതിനാലും വിജനമായി കിടന്ന ഒരു പ്രദേശമായിരുന്നതിനാലും കാലങ്ങളോളം പുറത്ത് നിന്നുള്ള ഇടപെടലുകളോ വിദേശ ആമ്രണങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍.

          കാലങ്ങളോളം അവഗണിക്കപ്പെട്ട പ്രദേശമായിരുന്ന അറേബ്യ ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പുണ്യപ്രവാചകന്‍റെ നിയോഗത്തോടെയാണ് ലോക രാജ്യങ്ങളുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ലോക വിശ്വാസികളുടെ സിരാകേന്ദ്രമായി മാറുകയായിരുന്നു ഇവിടം. അറേബ്യ നിരവധി പ്രവാചകന്മാരുടെ ദൗത്യ നിര്‍വ്വഹണം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ്. വിശുദ്ധ ദീനുല്‍ ഇസ്ലാമിന്‍റെ പ്രബോധനത്തിനായി വിവിധ കാലങ്ങളിലായി നിരവധി പ്രവാചകന്മാര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ടതായി കാണാം. ഹൂദ് നബി (അ) ഹള്ര്‍ മൗത്തിനടുത്തുള്ള അഹ്ഖാഫിലും സ്വാലിഹ് നബി (അ) ഹിജാസിനും തബൂക്കിനുമിടയിലുള്ള ഹിജ്റിലും ഇസ്മാഈല്‍ നബി (അ) മക്കയിലും ശുഐബ് നബി (അ) മദ്യനിലും നിയോഗിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ധിക്കാരികളും തെമ്മാടികളുമായ രാജാക്കന്മാരും അവിടെ താമസിച്ചിരുന്നു. അവരുടെ അതിക്രമങ്ങള്‍ സഹിക്കവയ്യാതെ ജനങ്ങള്‍ യമന്‍, യസ്രിബ്, നജ്റാന്‍ എന്നിവടങ്ങളിലേക്ക് മാറിത്താമസിച്ചതായി കാണാം. പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഒപുപോലെ ഉണ്ടായിരുന്ന നാടാണ് അറേബ്യ. മക്ക, മദീന, സന്‍ആഅ്, അദ്ന് ഖൈബര്‍ തുടങ്ങിയവ പ്രധാന പട്ടണങ്ങളായിരുന്നു. പട്ടണ നിവാസികളെ ഹള്രികളെന്നും ഗ്രാമാന്തരീക്ഷങ്ങളില്‍ താമസിക്കുന്നവരെ ബദുക്കള്‍ എന്നും വിളിക്കപ്പെട്ടിരുന്നു. 
          പ്രവാചകാഗമനത്തിന് മുമ്പ് അറേബ്യയിലെ സാമൂഹികരംഗം അത്ര മനോഹരമായിരുന്നില്ല. അറബികള്‍ പല ഗോത്രങ്ങളായിട്ടായിരുന്നു താമസിച്ചിരുന്നത്. ഈ ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരം കലഹങ്ങളിലേര്‍പ്പെട്ടിരുന്നു. അക്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും സര്‍വ്വ സാധാരണമായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യല്‍ പോലും ഭയന്നിരുന്നു. പലപ്പോഴും ഈയൊരു കാരണം കൊണ്ട് സംഘങ്ങളായിട്ടാണ് അവര്‍ യാത്ര ചെയ്തിരുന്നത്. മതപരവും മൂല്യാധിഷ്ഠിതവുമായ ഇടപെടലുകള്‍ നടക്കാത്തതിനാലും നേതൃത്വം ചൂഷണത്തിന്‍റെയും മുതലെടുപ്പിന്‍റെയും അപ്പോസ്തലന്മാരും അന്ധവിശ്വാസങ്ങളുടെ പ്രചാരകരുമായി മാറിയതിനാലും അവരുടെ സാമൂഹിക സാംസ്കാരിക രംഗം ജീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. ഒരു ഏകീകൃത ഭരണമോ നിയമസംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. കൈയ്യൂക്കുള്ളവരും പ്രമാണിമാരുമായിരുന്നു കാര്യനിര്‍വ്വാഹകര്‍. സാധാരണക്കാരും ദുര്‍ബ്ബലരും പലപ്പോഴും പീഡനങ്ങള്‍ക്കും താഢനങ്ങള്‍ക്കും വിധേയരായിരുന്നു. മനുഷ്യരെ യാതൊരു നെറിവുമില്ലാതെ അടിമകളായി ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും നല്‍കിയിരുന്നില്ല. പെണ്‍കുഞ്ഞിന്‍റെ ജനനം പോലും ദുഃശ്ശകുനമായി കണക്കാക്കപ്പെട്ടു. പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ചു മൂടുന്ന സമ്പ്രദായം ചില ഗോത്രങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നു. ഒരു പുരുഷന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. ബഹുഭര്‍തൃത്വം സര്‍വ്വസാധാരണം. വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും തെറ്റായി പരിഗണിച്ചിരുന്നില്ല. ഇവയെല്ലാം സര്‍വ്വസാധാരണമായിരുന്നു.
            സാധാരണ ജനങ്ങള്‍ക്കിടയില്‍ എഴുത്തും വായനയും പ്രചരിച്ചിരുന്നില്ല. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. എങ്കിലും അവര്‍ക്കിടയില്‍ അറബി ഭാഷ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അവരുടെ സാഹിത്യം ഓരോരുത്തരുടെയും മനസ്സിലും ചുണ്ടിലും നിറഞ്ഞിരുന്നു. അക്കാലത്ത് പ്രചരിച്ച അറബി സാഹിത്യ കവിതകള്‍ മഹത്തായ സാഹിത്യ സൃഷ്ടികളായി ഇന്നും പ്രസിദ്ധമാണ്. ഗഹനമായ ആശയ സമ്പുഷ്ടതയെ ഉള്‍ക്കൊള്ളാനും അതുമൂലം മനുഷ്യഹൃദയങ്ങളില്‍ വന്‍ ചലനങ്ങള്‍ ഉളവാകും വിധം അവതരിപ്പിക്കാനും അറബിയുടെ അത്രയും വിശാലമായ ഭാഷ വേറെയില്ലെന്നതാണ് അതിന്‍റെ വസ്തുത. 
അടിമകള്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായിരുന്നു. മൃഗസമാനമായിരുന്നു അവരുടെ ജീവിത രീതികളും അവരോടുള്ള യജമാനന്മാരുടെ പെരുമാറ്റങ്ങളും. പകല്‍ മുഴുവന്‍ കഴുതകളെ പോലെ പണിയെടുപ്പിക്കുകയും അര്‍ഹിക്കുന്ന വേതനം നല്‍കാതിരിക്കുകയും ചെയ്തിരുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഇത്രമാത്രം സാമൂഹികപരമായും സാംസ്കാരികമായും മതരപരമായും അധഃപതിച്ച ഒരു ജനതയായിരുന്നു പ്രവാചക ദൗത്യത്തിന് മുമ്പ് അറേബ്യയിലുണ്ടായിരുന്നത്. ഇവരെ സമുദ്ധരിച്ചും സംസ്കരിച്ചും പവാചകന്‍ ലോകത്തിന്‍റെ നായകന്മാരാക്കി മാറ്റുകയായിരുന്നു. 
           സാമ്പത്തിക രംഗങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്ര മോശമായിരുന്നില്ല. ജനങ്ങളില്‍ നല്ലൊരു വിഭാഗം നാട്ടിന്‍പുറങ്ങളില്‍ അലിഞ്ഞു നടന്ന് ജീവിക്കുന്നവരായിരുന്നു. അവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം ഒട്ടകങ്ങളെയും കന്നുകാലികളെയും വളര്‍ത്തലായിരുന്നു. മരുപ്പച്ചകളില്‍ ഈന്തപ്പന, മുന്തിരി തുടങ്ങിയ കൃഷികളും അവര്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ മദീനയാണ് കൃഷിക്കാരുടെ നഗരം എന്ന് അന്ന് അറിയപ്പെട്ടിരുന്നത്. നഗരങ്ങളില്‍ മുഖ്യതൊഴില്‍ കച്ചവടമായിരുന്നു. മക്കയിലൂടെ കടന്ന് പോകുന്ന കച്ചവട സംഘങ്ങളില്‍ നിന്നും നികുതികള്‍ ഈടാക്കിയിരുന്നു. മക്കയും ത്വാഇഫും അന്നത്തെ പ്രധാന വ്യാപാര സിരാകേന്ദ്രങ്ങളായി അറിയപ്പെട്ടു. പലിശ വ്യാപാരവും ഊഹക്കച്ചവടവും മറ്റ് വ്യവസായങ്ങളും അറേബ്യയില്‍ ഉണ്ടായിരുന്നു. അറേബ്യയുടെ തെക്കേ അറ്റത്തുള്ള യമന്‍, വടക്കു ഭാഗത്തുള്ള സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കച്ചവടയാത്രകള്‍ നടത്തല്‍ പതിവായിരുന്നു. ഇന്ത്യാ യൂറോപ്പ് വ്യാപാര ബന്ധത്തെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അറേബ്യ.
        അറബികളുടെ മതരംഗം പരിശോധിക്കുമ്പോള്‍ അത്യധികം ഗുരുതരമായിരുന്ന അവസ്ഥയാണ് കാണാനാവുക. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു അറബികള്‍. ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ അനവധി വിഗ്രഹങ്ങളെ അറബികള്‍ ആരാധിച്ചിരുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം കുലദൈവങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ കഅ്ബയില്‍ പോലും മുന്നൂറിലധികം വിഗ്രഹങ്ങളെ വെച്ച് ആരാധിച്ചിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. വിഗ്രഹങ്ങളെ കൂടാതെ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ മറ്റ് പ്രകൃതി ശക്തികള്‍ തുടങ്ങിയവയെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികള്‍ ആയിരുന്നു. പൊതുവെ അറേബ്യയുടെ മതരംഗം ഇതായിരുന്നെങ്കിലും ഇബ്രാഹീമീ മില്ലത്ത് പിന്‍പറ്റി പോന്ന യഥാര്‍ത്ഥ ഏകദൈവ വിശ്വാസികളേയും അംഗുലീ പരിമിതമായി കാണാന്‍ കഴിയുമായിരുന്നു. ഇവരെ ഹനീഫിയ്യ എന്നാണ് അറിയപ്പെട്ടിരുന്നത്. 
              ഇതുകൂടാതെ യമന്‍റെ ചില പ്രദേശങ്ങളില്‍ ക്രിസ്തുമത വിശ്വാസികളും മദീന, ഖൈബറ് തുടങ്ങിയ സ്ഥലങ്ങളില്‍ ചില ഗോത്രക്കാരും സ്ഥിരതാമസമാക്കിയിരുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പ്രപഞ്ചത്തെ നയിക്കുന്ന ഒരു പരാശക്തിയില്‍ അവര്‍ വിശ്വസിച്ചിരുന്നു. ദൈവാനുഗ്രഹവും കോപവും മരണാനന്തര ജീവിതവും മലക്കുകളും അവര്‍ വിശ്വസിച്ചിരുന്നു. ദൈവാനുഗ്രഹവും കോപവും മരണാനന്തര ജീവിതവും മലക്കുകളും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ അറിവുകളും ധാരണകളും ബഹുദൈവ വിശ്വസത്താല്‍ വികൃതമായതായിരുന്നു. ലോകത്തിന്‍റെ തന്നെ സ്ഥിതിഗതികള്‍ ഈ രീതിക്കായിരുന്നു. ലോക ജനത മുഴുവന്‍ അന്ധകാരത്തിലേക്ക് അണ്ടുപോയിക്കൊണ്ടിരുന്ന കാലത്ത് ഒരു പ്രവാചകന്‍റെ വരവിനായി കൊതിച്ചിരുന്നപ്പോഴാണ് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ആഗനം.
           ഇങ്ങനെ സാമ്പത്തികമായും മതപരമായും സാമൂഹികമായും സാംസ്കാരികമായും അധഃപതിച്ച ഒരു വ്യവസ്ഥിതിയുടെ സമുദ്ധാരണത്തിനാണ് പ്രവാചകന്‍റെ നിയോഗം എന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്. എന്നാല്‍ അറബികളെ സംബന്ധിച്ച് മനുഷ്യത്വപരമായ അനവധി ഉത്തമ സ്വഭാവങ്ങള്‍ പുലര്‍ത്തിയിരുന്നവരാണ്. ഔദാര്യം, ആതിഥ്യം, കരാര്‍ പാലനം, ആത്മാഭിമാനബോധം, തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള കഴിവ് തുടങ്ങിയവ അതില്‍ ചിലതായിരുന്നു. സത്യസന്ധത, വിശ്വസ്തത തുടങ്ങിയ ഉത്തമഗുണങ്ങള്‍ അവരില്‍ കാണമായിരുന്നു. സത്യമെന്ന തെറ്റിദ്ധാരണയിലായിരുന്നു അറബികള്‍ ഓരോ യുദ്ധവും നടത്തിയിരുന്നത്. സത്യം ബോധ്യമായാല്‍ തിരുത്താനും അവര്‍ തയ്യാറായിരുന്നു. ഇതുവരെ കഠിന ശത്രുവായിരുന്നവരെ അടുത്ത നിമിഷം മുതല്‍ മിത്രമായി കാണാനും അവര്‍ തയ്യാറായിരുന്നു. ഈ സ്വഭാവ വിശേഷണങ്ങളാണ് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അതിവിസ്മയകരമായ ഒരു പരിവര്‍ത്തനത്തിന് അവരെ തെരെഞ്ഞെടുക്കാനും സാക്ഷികളാകാനുമുള്ള അടിസ്ഥാന കാരണം. പ്രവാചകന്‍ (സ്വ) കടന്ന് വന്നതോടു കൂടി അവര്‍ ലോകചരിത്രത്തിലെ അവിസ്മരണീയ നായകരായി മാറുകയായിരുന്നു. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...