നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 21 October 2017

പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും


രക്തദാനം

             ഉദ്ദൃത വിശദീകരണങ്ങളില്‍ നിന്നും അനിവാര്യവേളകളില്‍ രക്തം കയറ്റി ചികിത്സിക്കാമെന്നും അതിന് സ്വന്തം രക്തവും മറ്റൊരാളുടെ രക്തവും ഉപയോഗപ്പെടുത്താമെന്നും സുതരാം വ്യക്തമാണ്. എന്നാല്‍ സ്വന്തം രക്തം മറ്റൊരാള്‍ക്ക് ചികിത്സാവശ്യം നല്‍കുന്നതിന് ചില നിയമക്കുരുക്കുകളുണ്ട്. മനുഷ്യശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടതൊക്കെയും പവിത്രമാണെന്നും അത് ഉപയോഗപ്പെടുത്തുന്നത് മനുഷ്യശരീരത്തിനെ കളങ്കപ്പെടുത്തലുമാണെന്നുമാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നിരീക്ഷിച്ചത്. അങ്ങനെയെങ്കില്‍ മറ്റൊരാളുടെ ചികിത്സാവശ്യത്തിന് എങ്ങനെ നല്‍കും? നേര്‍ക്ക് നേരെയുള്ള ആലോചനയില്‍ വകുപ്പുകളൊന്നും കാണാനൊക്കില്ല. എന്നാല്‍ സ്വന്തം ശരീരത്തിന് ഒരുവിധ കഷ്ട നഷ്ടങ്ങളൊന്നുമില്ലാത്ത, മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഒരു ജീവകാരുണ്യ പ്രവൃത്തിയെ ഭൂമിയിലേക്ക് പിറന്ന് വീണിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവനില്‍ പ്രതീക്ഷയുണ്ടെങ്കില്‍ മരിച്ചു കിടക്കുന്ന മൃതദേഹം കീറിപ്പൊളിച്ചെങ്കിലും രക്ഷിച്ചെടുക്കണമെന്ന് പറയുന്ന മതം എങ്ങനെ വിലക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാവണം അറിഞ്ഞിടത്തോളം ലോക മുസ്ലിം പണ്ഡിത സഭകളൊന്നും ഔദ്യോഗികമായി രക്തദാനത്തിനെതിരെ ശബ്ദിക്കാത്തത്. പകരം അത് സ്ഥാപിക്കാനുള്ള കുറുക്കുവഴികളാരാഞ്ഞതും. 
                    രക്തദാനം അനുവദനീയമാണെന്ന് സമര്‍ത്ഥിക്കാന്‍ സാധാരണമായി പറഞ്ഞ് പോരുന്നത്, രക്തം ഉടമസ്ഥതയില്ലാത്തതിനാലും നജസായത് കൊണ്ടും വില്‍പ്പന പാടില്ലെങ്കിലും കൈവശാവകാശം സൗജന്യമായി വിട്ടുകൊടുക്കാമെന്നും വിശദീകരിച്ച് കൊണ്ടാണ്. മലിനമായ എണ്ണ വിളക്ക് കത്തിക്കുന്നതിനും പട്ടിയെ കാവല്‍ നിര്‍ത്തുന്നതിനും വിട്ടുകൊടുക്കുന്നതിലുള്ള നിയമ സാധ്യത വിളംബരം ചെയ്യുന്ന കര്‍മ്മശാസ്ത്ര ഉദ്ധരണികളുടെ അകമ്പടിയായും ചേര്‍ക്കും. നമുക്ക് രക്തത്തിന് നമ്മുടെ ഉടമസ്ഥാവകാശമില്ലെങ്കിലും കൈവശാവകാശമുണ്ടെന്നത് ശരിയാണ്. കൈവശാവകാശം നീക്കുന്നതിന് മതപിന്തുണയുണ്ടെന്നതും നേര് തന്നെ (മുഅ്നി 2/400).
    എന്നാല്‍ കേവലം നജസെന്ന് സാമാന്യവല്‍ക്കരിച്ച് രക്തദാനം അനുവദനീയമാണെന്ന് പറയാനൊക്കുമോ? ശരീരത്തിന്‍റെ ഒരു ഭാഗമായി കര്‍മ്മശാസ്ത്രം കൃത്യമായി രേഖപ്പെടുത്തുകയും മനുഷ്യഭാഗങ്ങള്‍ ഉപയോഗിക്കാനനുവദിച്ചു കൂടെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുമ്പോള്‍ വിശേഷിച്ചും?
            നമ്മുടെ ഈ ആശങ്കയ്ക്ക് വര്‍ഷങ്ങളുടെ ഭാരമുണ്ട്. സമാധാനമന്വേഷിച്ച് ഫിഖ്ഹിന്‍റെ ആഴങ്ങള്‍ താണ്ടിയവരുടെ വാതിലുകള്‍ മുട്ടിയിട്ടുണ്ട്. എന്നാല്‍ ആശ്വാസത്തിന്‍റെ ഒരു 'ഇബാറത്തും' ഇത് വരെ തടഞ്ഞിട്ടില്ലെന്ന് വേദനയോടെ കുറിക്കട്ടെ. അറിവെന്ന അമാനത്തിനോടുള്ള കടപ്പാട് കൊണ്ടണ് വിദഗ്ധമായി മൗനം ഭജിച്ച് തടി രക്ഷപ്പെടുത്താത്തത്. 
            ഈ കുറിപ്പുകാരന്‍റെ തീര്‍ത്തും വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവെക്കാം; കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുടി പോലുള്ള ജുസ്അകള്‍ (ശരീരഭാഗങ്ങള്‍) വില്‍ക്കാനോ ഉപയോഗിക്കാനോ നല്‍കരുതെന്നും അത് മറവ് ചെയ്യണമെന്നുമാണ് പറഞ്ഞിട്ടുള്ളത് (ശബ്രാമല്ലിസി 2/25). അപ്പോള്‍ പരസ്യമായി കാണപ്പെടും വിധത്തിലുള്ള ഉപയോഗപ്പെടുത്തലുകള്‍ മാത്രമായിക്കൂടെ സമ്മതിക്കരുതെന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം? പ്രത്യേകിച്ചും ദൃഷ്ടിയില്‍ നിന്ന് മറക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രക്തം കയറ്റി ചികിത്സിക്കാന്‍ നല്‍കുന്നത് ദൃഷ്ടിയില്‍ നിന്ന് മായ്ക്കാനുള്ള കൊടുക്കലിന്‍റെ വ്യാപ്തിയില്‍ പെടുത്താന്‍ കഴിയില്ലേ. വിലക്കിയ ഉപയോഗത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ ജീവന്‍ രക്ഷപ്പെടും വിധമുള്ളതോ പുറത്തു കാണാന്‍ കഴിയാത്ത വിധത്തിലോ ഉള്ളവയല്ല എന്നുള്ളത് നമ്മുടെ നിഗമനത്തിന് അനുകൂല ഘടകമാണ്. 
പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും
                പ്ലാസ്റ്റിക് സര്‍ജറി മറ്റ് ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ നിന്നും വളരെ പ്രത്യേകതയുള്ള ഒരു വിഭാഗമാണ്. പ്ലാസ്റ്റികോസ് എന്നാല്‍ 'ഏത് വിധത്തിലും മാറ്റാം' (ങീൗഹറ ചെയ്യാം) എന്നര്‍ത്ഥം. ഈ ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ചരിത്രം മനുഷ്യചരിത്രത്തില്‍ നിന്ന് തുടങ്ങുന്നു. പുരാതന ഈജിപ്തിലെ പഴയ രാജവംശകാലത്ത് (3000-2500 ബി.സി.) മുറിവുകള്‍, മുഴകള്‍, ഒടിവുകള്‍ എന്നിവയുടെ ചികിത്സാരീതികളെ പറ്റി പ്രതിപാദിച്ചു കാണുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 600 ബി.സി. യില്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന അഥര്‍വ്വ വേദത്തിലെ 'ശുശ്രുതസംഹിത' യില്‍ ശസ്ത്രക്രിയാ രീതികളെ പറ്റിയും ഉപകരണങ്ങളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
                        ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് സര്‍ ഹരോള്‍ഡ് ഗില്ലി എന്ന ഇ.എന്‍.ടി. സര്‍ജനാണ്. ഇദ്ദേഹം 1882 ല്‍ ന്യൂസിലാന്‍റില്‍ ജനിക്കുകയും തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും അവിടെ പ്ലാസ്റ്റിക് സര്‍ജറിയുടെ വ്യാപനത്തിനായി ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇന്ന് ഏകദേശം 3400 റോളം പ്ലാസ്റ്റിക് സര്‍ജډാരും ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുമുണ്ട്. (സര്‍വ്വ രോഗ വിജ്ഞാന കോശം)
                                                                                                                               അഹ്സനി 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...