Wednesday, 16 April 2014

തിരുശേഷിപ്പുകള്‍

തിരുശേഷിപ്പുകള്‍

                  നബി(സ്വ) വിശ്വാസികള്‍ക്ക്‌ ജീവനാണ്‌. അല്ല, ജീവനേക്കാള്‍ മുഖ്യം തിരുനബി (സ്വ) ആകേണ്ടതാണ്‌. തിരുനബി(സ്വ) വിശ്വാസികളുടെ മാര്‍ഗദര്‍ശിയാണ്‌. ഇസ്‌ലാമിന്റെ തനത്‌ രൂപം തിരുനബി(സ്വ)യും സ്വഹാബികളും സലഫുസ്വാലിഹുകളുമാണ്‌. അതിനെതിരെയുള്ളതെല്ലാം മൗലികപ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും പില്‍ക്കാലത്തുണ്ടാക്കിയതുമാണ്‌. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയെന്നത്‌ ഈമാനിന്റെ അവിഭാജ്യഘടകമാണ്‌. അല്ലാഹുവിന്റെ ചിഹ്നങ്ങളെ വന്ദിക്കുകയെന്നത്‌ തഖ്‌യുടെ അടയാളമാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
അമ്പിയാക്കള്‍, സ്വഹാബത്‌, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയ മഹത്തുക്കളും അവരുമായി ബന്ധപ്പെട്ട സംഗതികളും ഇസ്‌ലാം ബഹുമാനം കല്‍പ്പിക്കുന്ന ഇതരവസ്‌തുക്കളും സ്ഥലങ്ങളുമെല്ലാമാണ്‌ ഈ വസ്‌തുക്കള്‍. ഈ ഗണത്തില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നത്‌ സൃഷ്‌ടികളില്‍ ഉന്നതരായ തിരുനബി(സ്വ) തന്നെ.
തിരുനബി(സ്വ)യെ നാം വന്ദിക്കണം. തിരുനബി(സ്വ)യുടെ സന്നിധിയില്‍ ശബ്‌ദമുയര്‍ത്തി സംസാരിക്കരുതെന്ന്‌ വരെ ഖുര്‍ആന്‍ നമ്മെ ഉദ്‌ബോധിപ്പിച്ചു. ജീവിതകാലത്തെന്ന പോലെ വഫാതിന്‌ ശേഷവും തിരുനബി(സ്വ)യെയും തിരുശേഷിപ്പുകളെയും നാം ബഹുമാനിക്കണം. ആ പുണ്യമേനിയുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബറകത്തെടുക്കുന്നതും ആഗ്രഹസാഫല്യത്തിനായി അവകളെ മധ്യവര്‍ത്തിയാക്കുന്നതും ഇസ്‌ലാമില്‍ അംഗീകൃതമാണ്‌. തിരുനബി(സ്വ)യുടെ വസ്‌ത്രം, നഖം, മുടി, വുളൂഅ്‌ എടുത്തതിന്റെയും കുടിച്ചതിന്റെയും ബാക്കി വെള്ളം, തുടങ്ങി തിരുനബി (സ്വ) യുമായി ബന്ധപ്പെട്ട മുഴുവനും സ്വഹാബത്ത്‌്‌ ബര്‍കത്തിനും രോഗശാന്തിക്കും ഉപയോഗിച്ചതായി പ്രമാണങ്ങളില്‍ നിന്ന്‌ വായിക്കാം.
                        തിരുശേഷിപ്പുകളില്‍ പലതും നഷ്‌ടപ്പെടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അര്‍ഹിക്കുന്ന ആദരവോടെ ഇന്നും സൂക്ഷിച്ചുവരുന്നു. ഇത്തരം വസ്‌തുക്കള്‍ കൊണ്ട്‌ ബറകത്തെടുക്കല്‍ സ്വഹാബത്തിന്റെ ശീലമായിരുന്നു. നബി (സ) അത്‌ വിലക്കാതെ അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. അവിടുന്ന്‌ വിലക്കിയതുമില്ല. അംഗീകരിക്കുകയും ചെയ്‌തു. അതുകൊണ്ട്‌തന്നെ അതൊരു സുന്നത്തായ സല്‍ക്കര്‍മ്മമാണെന്ന്‌ തീര്‍ച്ചപ്പെടുത്താം. അതോടൊപ്പം സ്വഹാബത്തിന്റെ ഈമാനികശക്തിയും നബിയോടുള്ള അതിരറ്റ സ്‌നേഹവും പിന്തുടര്‍ച്ചയുമെല്ലാം ഇത്‌ വ്യക്തമാക്കുന്നു. അബ്‌ദുല്ലാഹിബ്‌നു ഉമര്‍ തിരുനബി (സ്വ) യുടെ ശേഷിപ്പുകളെ കൊണ്ട്‌ ബറക്കത്തെടുത്തത്‌ സംബന്ധമായി ഇമാം നാഫിഅ്‌(റ) പറയുന്നു: അബ്‌ദുല്ലാഹിബ്‌നു ഉമര്‍ തിരുനബിയുടെ ശേഷിപ്പുകളെ കൊണ്ട്‌ ബറകത്തെടുക്കുന്നത്‌ നിങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ അദ്ദേഹം ഭ്രാന്തന്‍ എന്ന്‌ വിളിക്കുമായിരുന്നു.


പ്രമാണങ്ങളിലൂടെ.....
                  ഹസ്സാനുബ്‌നു സാബിതിന്റെ സഹോദരിയായ ഉമ്മുസാബിത്‌ (റ) പറയുന്നു ഒരിക്കല്‍ നബി(സ്വ) എന്റെ വീട്ടില്‍ വരികയും ചുമരില്‍ ബന്ധിക്കപ്പെട്ട തുകല്‍ പാത്രത്തില്‍ നിന്ന്‌ വെള്ളം കുടിക്കുകയും ചെയ്‌തു. നബി(സ്വ) കുടിച്ച തോല്‍ പാത്രത്തിന്റെ ഭാഗം (ചുണ്ട്‌ സ്‌പര്‍ശിച്ച ഭാഗം) ഞാന്‍ മുറിച്ചെടുത്തു.(തുര്‍മുദി.)
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: കബ്‌ശത്‌ ബീവി (റ) ഈ ഭാഗം മുറിച്ചെടുത്തത്‌ ചുണ്ട്‌ സ്‌പര്‍ശിച്ച ഭാഗം സൂക്ഷിക്കാനും അത്‌ വഴി ബര്‍ക്കത്തെടുക്കാനും മലിനപ്പെടാതെ സൂക്ഷിക്കാനുമായിരുന്നു. നബി(സ്വ)യുടെ വായ സ്‌പര്‍ശിച്ച ഭാഗത്തിന്‌ സ്വഹാബത്ത്‌ നല്‍കിയ സ്ഥാനവും മാനവും ഈ സംഭവത്തില്‍ നിന്ന്‌ സുവ്യക്തമാണ്‌.
അനസ്‌ ബിന്‍ മാലിക്‌(റ)വില്‍ നിന്ന്‌ ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു. നബി(സ്വ) പ്രഭാത നിസ്‌കാരം കഴിഞ്ഞിരിക്കുമ്പോള്‍ ചിലര്‍ വെള്ളപ്പാത്രവുമായി വരാറുണ്ടായിരുന്നു. ആ വെള്ളപ്പാത്രത്തിലൊക്കെ അവിടുത്തെ തൃക്കരം മുക്കിക്കൊടുക്കും. കൊടും തണുപ്പുള്ള പ്രഭാതത്തില്‍ വരെ അവര്‍ ഇത്‌ ചെയ്‌തിരുന്നു. നബി(സ്വ)യുടെ കൈകള്‍ക്കും കൈ സ്‌പര്‍ശിച്ച വെള്ളത്തിനും ബര്‍ക്കത്തുണ്ടെന്ന്‌ മനസ്സിലാക്കിയാണ്‌ മദീനാ നിവാസികള്‍ അത്‌ ചെയ്‌തതെന്ന്‌ നമുക്ക്‌ ഗ്രഹിക്കാം.

തിരുകേശവും വിയര്‍പ്പും......
                       ഇബ്‌നു സീരീന്‍ (റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: പരിശുദ്ധ ഹജ്ജ്‌ വേളയില്‍ നബി(സ്വ) ജംറകളില്‍ എറിയുകയും ശേഷം അറവ്‌ നടത്തുകയും ചെയ്‌തപ്പോള്‍ ഒരാളോട്‌ മുടി കളയാന്‍ ആവശ്യപ്പെട്ടു. വലത്‌ ഭാഗം കളഞ്ഞപ്പോള്‍ ആ മുടി അബൂത്വല്‍ഹ (റ)വിന്‌ കൊടുത്ത്‌ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ കല്‍പിച്ചു. നബി(സ്വ)യുടെ തിരുകേശം സ്വഹാബതിന്റെ ഇടയില്‍ വിതരണം ചെയ്യാന്‍ കല്‍പ്പിച്ചത്‌ തബര്‍റുക്കിന്‌ വേണ്ടിയാണെന്ന്‌ മനസ്സിലാക്കാം. അത്‌ കൊണ്ടാണ്‌ ഒന്നോ രണ്ടോ മുടി ലഭിക്കുന്നതിന്‌ വേണ്ടി സ്വഹാബത്‌ അത്യാഗ്രഹം കാണിച്ചതും തിരക്ക്‌ കൂട്ടിയതും.
                          അനസ്‌ (റ)വില്‍ നിന്ന്‌ ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഉമ്മുസുലൈം ബീവി നബി(സ്വ)ക്ക്‌ കിടക്കാന്‍ തോല്‍ക്കഷ്‌ണം വിരിച്ച്‌ കൊടുക്കാറുണ്ടായിരുന്നു. അതില്‍ നബി(സ്വ) മദ്ധ്യാഹ്ന സമയത്ത്‌ ഉറങ്ങാറുണ്ടായിരുന്നു. നബി ഉറങ്ങിയാല്‍ അവിടുത്തെ വിയര്‍പ്പ്‌ ഉമ്മുസുലൈം ബീവി ഒരുമിച്ച്‌ കൂട്ടി കുപ്പിയിലാക്കും. പിന്നീട്‌ അത്‌ ഒരു പ്രത്യേക സുഗന്ധദ്രവ്യത്തില്‍ ചേര്‍ക്കുന്നതാണ്‌. അനസ്‌(റ) മരണാസന്നനായപ്പോള്‍ ഇത്‌ (തിരുവിയര്‍പ്പുള്ള സുഗന്ധദ്രവ്യം) തന്നെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാന്‍ വസ്വിയ്യത്ത്‌ ചെയ്‌തിരുന്നു. വസ്വിയ്യത്ത്‌ പ്രകാരം നടപ്പാക്കുകയും ചെയ്‌തു.

തിരുഅവശിഷ്‌ടങ്ങള്‍....
               നബി (സ്വ)യുടെ വുളൂഇന്റെ വെള്ളത്തില്‍ അവശേഷിച്ചത്‌ കൊണ്ട്‌ സ്വഹാബത്ത്‌ ബറകത്തെടുത്തിരുന്നു. സാഇബ്‌ ബ്‌നു യസീദ്‌ ആ വെള്ളം ജനങ്ങള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുകയും അവരത്‌ കുടിക്കുകയും ചെയ്‌തിരുന്നു (ബുഖാരി.)
നബി (സ്വ) കുടിച്ചതില്‍ അവശേഷിച്ച വെള്ളം, തുപ്പിയതും കയ്യിട്ടതുമായ വെള്ളം, നബി (സ്വ) കുടിച്ച പാത്രം എന്നിവ കൊണ്ടും സ്വഹാബത്ത്‌ ബര്‍ക്കത്തെടുത്തിരുന്നു.(ബുഖാരി, മുസ്‌ലിം)
അബൂ അയ്യൂബ്‌(റ) നബി (സ്വ)യുടെ ഭക്ഷണാവശിഷ്‌ടം തിന്നുകയും നബി (സ്വ) അതിന്‌ സമ്മതം നല്‍കുകയും ചെയ്‌തു.(മുസ്‌ലിം) ഹുദൈബിയ സന്ധിയെ പറ്റി പ്രതിപാദിച്ച സ്ഥലത്ത്‌ ഇമാം ബുഖാരി ഉദ്ധരിക്കുന്നു. നബി (സ്വ) തുപ്പുകയാണെങ്കില്‍ സ്വഹാബത്ത്‌ ആ കഫം എടുക്കുകയും ശരീരത്തും മുഖത്തും പുരട്ടുകയും ചെയ്യാറുണ്ടായിരുന്നു. ഇത്‌ നബി (സ്വ) കണ്ടിട്ടുമുണ്ട്‌.(ഇഖ്‌നാഅ്‌)
                നബി (സ്വ)ക്ക്‌ കൊമ്പ്‌ വയ്‌ക്കല്‍ ചികിത്സ ചെയ്യുന്ന സാലിം (റ), അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ (റ), മാലിക്‌ ബ്‌നു സിനാന്‍(റ) തുടങ്ങിയവര്‍ നബി (സ്വ)യുടെ രക്തം കുടിച്ചിട്ടുണ്ട്‌ (സുബ്‌ലുല്‍ഹുദാ വര്‍റഷാദ്‌). 
                     ഉമ്മുഐമന്‍ (റ) പറയുന്നു. നബി(സ്വ)ക്ക്‌ മൂത്രമൊഴിക്കുന്നതിന്‌ ഒരു തളികയുണ്ടായിരുന്നു. ഞാനത്‌ ഒഴിച്ച്‌ കളയാറാണ്‌ പതിവ്‌. ഒരു രാത്രി കൂടുതല്‍ ദാഹം വന്നപ്പോള്‍ ഞാനത്‌ കുടിച്ചു. ആ വിവരം ഞാന്‍ നബി (സ്വ)യോട്‌ പറഞ്ഞു. അവിടുന്ന്‌ പറഞ്ഞു: ``ഇന്ന്‌ മുതല്‍ നിന്റെ വയറിന്‌ അസുഖമുണ്ടാകില്ല''.
                 അബൂബക്കര്‍(റ) വിന്റെ മകള്‍ അസ്‌മാഅ്‌ (റ) പറയുന്നു: ഇത്‌ ആഇശ (റ) യുടെ കൈയിലുണ്ടായിരുന്ന റസൂലുല്ലാഹി (സ്വ) ധരിച്ച ജുബ്ബയാണ്‌. ആഇശാ(റ) വഫാത്‌ ആയ ശേഷം ഞാനെടുത്തതാണ്‌. അസുഖം ഭേദമാകുമെന്ന ഉദ്ദേശ്യത്തോടെ ഇത്‌ കഴുകിയ വെള്ളം ഞങ്ങള്‍ രോഗികള്‍ക്ക്‌ കൊടുക്കാറുണ്ട്‌. (സുബുലുല്‍ഹുദാ, ഇഖ്‌നാഅ്‌)
                       അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) നബി (സ്വ) നിസ്‌കരിച്ച സ്ഥലം പരിശോധിച്ച്‌ അവിടെ നിന്ന്‌ തന്നെ നിസ്‌കരിക്കാറുണ്ടായിരുന്നു. നബി (സ്വ) ഒട്ടകത്തെ വിലങ്ങനെ കെട്ടിയ സ്ഥലത്ത്‌ അദ്ദേഹം അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഹജ്ജ്‌ ചെയ്യുമായിരുന്ന ഇബ്‌നു ഉമര്‍ (റ) അറഫയില്‍ നില്‍ക്കുമ്പോള്‍ നബി (സ്വ) നിന്ന സ്ഥലത്ത്‌ തന്നെ നില്‍ക്കലും പതിവായിരുന്നു. (അല്‍ഇസ്വാബ)
 
പുണ്യഖമീസും തലപ്പാവും.....
                  ഉമ്മുസലമ പറയുന്നു. ``നബി (സ്വ)ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട വസ്‌ത്രം ഖമീസ്‌ ആയിരുന്നു''. തുര്‍ക്കിയില്‍ നബി (സ്വ)യുടെ നാല്‌ ഖമീസുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌. നബി (സ്വ) പുറത്ത്‌ പോകുമ്പോള്‍ ധരിക്കാറുള്ള ഖമീസുകള്‍, കറുപ്പ്‌ നിറമുള്ള ഖമീസ്‌ എന്നിവ അവിടെ കാണാന്‍ കഴിയുന്നതാണ്‌. കൈറോയിലെ ഇമാം ഹുസൈന്‍ മസ്‌ജിദിലും ഇസ്‌താംബൂളിലെ മസ്‌ജിദു ജാമിഇലും ഖമീസ്‌ സൂക്ഷിച്ചിരിക്കുന്നു. പാക്കിസ്ഥാനിലെ ലാഹോറില്‍ ചെന്നാല്‍ തലപ്പാവും വടിയും പുതപ്പും കാണാവുന്നതാണ്‌.

പാദുകങ്ങള്‍.....
              ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും ബുഖാരി മുസ്‌ലിം ഉദ്ധരിക്കുന്നു: നബി (സ്വ) സിബ്‌തിയ്യ (രോമം നീക്കി ഊറക്കിട്ട) ചെരിപ്പ്‌ ധരിക്കാറുണ്ടായിരുന്നു.
                   സിദ്ദീഖ്‌ (റ) പറയുന്നു: ഗുഹയില്‍ വച്ച്‌ നബി (സ്വ)യുടെ പാദത്തിലേക്ക്‌ നോക്കിയപ്പോള്‍ അതില്‍ നിന്നും രക്തം ഉറ്റി വീഴുന്നു. ഞാന്‍ കരഞ്ഞ്‌ പോയി. ഇതില്‍ നിന്നും നബി (സ്വ) ചെരിപ്പില്ലാതെ നടക്കാറില്ല എന്നെനിക്ക്‌ ബോധ്യമായി. (താരിഖുല്‍ ഖമീസ്‌)
                    മുന്തിയ ചെരിപ്പ്‌ ധരിച്ചാല്‍ തന്നെ വര്‍ഷത്തില്‍ നമുക്ക്‌ രണ്ട്‌ ജോഡി വേണ്ടി വരും. അപ്പോള്‍ തിരുനബിയുടെ നുബുവ്വത്ത്‌ മുതല്‍ വഫാത്ത്‌ വരെ ചെരിപ്പ്‌ ധരിച്ചിട്ടുണ്ടെന്ന്‌ നാം സങ്കല്‍പ്പിക്കുക. അപ്പോള്‍ ഇരുപത്തിമൂന്ന്‌ വര്‍ഷം ചെരിപ്പ്‌ ധരിച്ചിരിക്കും. ഓരോ വര്‍ഷവും ഈരണ്ട്‌ ജോഡി ചെരിപ്പ്‌ ആവശ്യമായിരുന്നെങ്കില്‍ നാല്‍പ്പത്തിയാറ്‌ ചെരിപ്പ്‌ വേണ്ടി വരും. സാധാരണയില്‍ നാല്‌ അഞ്ച്‌ വയസ്സ്‌ മുതല്‍ കുട്ടികള്‍ ചെരിപ്പ്‌ ധരിക്കും. ഇത്രയും എണ്ണം ചെരിപ്പുകള്‍ ഒരേ രൂപത്തിലാണെങ്കിലും നിര്‍മ്മാണത്തില്‍ അല്‍പ്പാല്‍പ്പം മാറ്റമുണ്ടായേക്കാം. അത്‌ കൊണ്ടാണ്‌ ചെരിപ്പിന്റെ രൂപം മഹാന്മാരായ പണ്‌ഡിതന്മാര്‍ പറഞ്ഞപ്പോള്‍ ചിലതില്‍ അല്‍പാല്‍പം മാറ്റങ്ങളുണ്ടായത്‌. 
                      ധാരാളം കവികള്‍ നബി(സ്വ)യുടെ ചെരിപ്പിനെ പരാമര്‍ശിച്ച്‌ കവിതകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. മഹാനായ യഹ്‌യല്‍ മുഖ്‌രി(റ) 600 ല്‍ അധികം പേജുള്ള ഫത്‌ഹുല്‍ മുതആല്‍ ഫീ മദ്‌ഹിന്നിആല്‍ എന്ന നബി(സ്വ)യുടെ തിരുപാദുകത്തെ കുറിച്ച്‌ മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധമാണ്‌.
ചുരുക്കത്തില്‍ തിരുശേഷിപ്പുകള്‍ സംരക്ഷിക്കല്‍ ദീനിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കിയ പണ്‌ഡിതന്‍മാര്‍ അത്‌ ഇന്നും സൂക്ഷിച്ച്‌ വരുന്നു. യൂസുഫുന്നബ്‌ഹാനി പറയുന്നു. ഇബ്‌നുമസ്‌ഊദ്‌(റ) തിരുനബിയുടെ തിരുപാദകം കൊണ്ട്‌ വിജയിച്ചു. എനിക്കും വിജയം ലഭിക്കാന്‍ അവിടുത്തെ ചെരിപ്പിന്റെ രൂപത്തിന്‌ സേവനം ചെയ്യുകയാണ്‌. ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തിലും ഇന്ത്യയിലെ ഡല്‍ഹി ജുമാമസ്‌ജിദിലും തിരുപാദുകങ്ങള്‍ ആദരവോടെ സംരക്ഷിക്കുന്നതായി കാണാം.

പാദമുദ്രകള്‍....
                     കല്ലില്‍ പതിഞ്ഞ തിരുനബി (സ്വ) യുടെ വിശുദ്ധപാദമുദ്രകള്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു. തീര്‍ച്ചയായും ഇവിടെ ഒരു സംശയം വന്നേക്കാം. എങ്ങനെയാണ്‌ കല്ലില്‍ തിരുനബിയുടെ പാദമുദ്രകള്‍ ഉണ്ടാകുക.? ഇമാം അബൂനുഐം പറയുന്നു. ദാവുദ്‌ (അ)ന്‌ ഇരുമ്പിനെ മൃദുവാക്കിക്കൊടുത്തത്‌ പോലെ നമ്മുടെ നബിക്ക്‌ അല്ലാഹു കല്ലുകളെ മാര്‍ദ്ദവമുള്ളതാക്കി കൊടുത്തു. പില്‍ക്കാല പണ്‌ഡിതര്‍ തിരുനബിയുടെ കാല്‍പാടുകളുള്ള കല്ലുകളെ മലിനപ്പെടാതിരിക്കാന്‍ വെട്ടിയെടുത്ത്‌ സംരക്ഷിച്ച്‌ പോന്നു. ഫലസ്‌തീനിലെ ഹിബ്രൂണിലും തുര്‍ക്കിയിലും ഡല്‍ഹിജുമാമസ്‌ജിദിലും അബൂദാബിയിലെ ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ ഖസ്‌റജിയുടെ വസതിയിലും തിരുകാലടയാളമുള്ള കല്ല്‌ ഇന്നും കാണാന്‍ കഴിയും.

തിരുകേശങ്ങള്‍...............
                             ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്നും അര്‍ഹമായ അംഗീകാരത്തോടെ തിരുകേശങ്ങള്‍ സംരക്ഷിച്ച്‌ പോരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ മസ്‌ജിദ്‌, ധാക്ക, ഖാലിദ്‌(റ) തന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ച തിരുകേശം, പാക്കിസ്ഥാനിലെ ലാഹോര്‍, കൈറോ, അബൂദാബിയിലെ ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ ഖസ്‌റജിയുടെ വസതിയിലും ഇംഗ്ലണ്ടിലെ ലോസെല്‍ഡ്‌ സെന്‍ട്രല്‍ മസ്‌ജിദ്‌ ബിര്‍മിംഗാം, തറാബല്‍സ്‌, ലബനാന്‍, ത്വാഹിരിയ്യ ഖാദിരിയ്യ ഗൗസിയ്യ ഇംഗ്ലണ്ട്‌, ഹസ്‌റത്ത്‌ ബാല്‍ മസ്‌ജിദ്‌ കാശ്‌മീര്‍ , അതിന്‌ പുറമേ ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തില്‍ തിരുശേഷിപ്പുകള്‍ക്കായി ഒരു റൂം തന്നെ തയ്യാറാക്കിയിട്ടുണ്ട്‌. അതില്‍ മുത്ത്‌ നബിയുടെ തിരുകേശവും താടിരോമവും ഉഹദ്‌ യുദ്ധത്തില്‍ പൊട്ടിവീണ തിരുദന്തവും കാണാം.

കത്തുകള്‍......
              വിശുദ്ധദീനിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ട്‌ വിവിധരാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക്‌ തിരുനബി(സ്വ) കത്തയച്ചിട്ടുണ്ട്‌. അതില്‍ അധികവും ഇന്ന്‌ സംരക്ഷിച്ച്‌ പോരുന്നു. മുന്‍ദിര്‍, നജ്ജാശ്ശി, മുഖൗഖിസ്‌ തുടങ്ങിയ രാജ-ചക്രവര്‍ത്തിമാര്‍ക്ക്‌ എഴുതിയ കത്തുകള്‍ ഇന്നും സൂക്ഷിച്ചുവരുന്നു. മുഖൗഖിസ്‌ രാജാവിന്‌ എഴുതിയ കത്ത്‌ സ്വര്‍ണ്ണത്തിന്റെ പെട്ടിയില്‍ സൂക്ഷിക്കുന്നുണ്ട്‌. ഇമാം കുര്‍ദി(റ) പറയുന്നു: ഈജിപ്‌തിലെ മുഖൗഖിസ്‌ രാജാവിന്‌ എഴുതിയ കത്ത്‌ `ആസ്ഥാന' ~എന്ന പ്രദേശത്ത്‌ നിന്ന്‌ കിട്ടിയിട്ടുണ്ട്‌. ഇത്തീനിയ ഭാഷയില്‍ തുര്‍ക്കിയില്‍ പ്രിന്റ്‌ ചെയ്‌ത ഏതാനും ചെറു കിതാബുകള്‍ എനിക്ക്‌ കാണാന്‍ ഇടയായി. അതില്‍ `ആസ്ഥാന' എന്ന പ്രദേശത്തെ പ്രത്യേക മാളികമുറിയില്‍ സൂക്ഷിക്കപ്പെട്ട തിരുനബി(സ്വ)യുടെ എല്ലാ തിരു അവശിഷ്‌ടങ്ങളെ പറ്റിയും പരാമര്‍ശമുണ്ട്‌. ആസ്ഥാനയില്‍ ഇപ്പോഴുള്ള പത്ത്‌ തിരു അവശിഷ്‌ടങ്ങളുടെയും ഫോട്ടോ ഉണ്ട്‌. അവിടുത്തെ പ്രചാരണവകുപ്പ്‌ മന്ത്രാലയമാണ്‌ അത്‌ അച്ചടിച്ചത്‌. 

വാളുകളും വില്ലുകളും............
                    തിരുനബിയുടെ വിശുദ്ധവാളുകളും വില്ലുകളും ഇന്നും സൂക്ഷിച്ച്‌ പോരുന്നു. ഇസ്‌താംബൂളിലെ ടോപ്‌കോപ്പി മ്യൂസിയത്തില്‍ വാളും വാളിന്റെ പിടിയും കാണാവുന്നതാണ്‌. അള്‌ദ്‌ എന്ന്‌ പേരുള്ള തിരുനബിയുടെ വാളും മറ്റൊരു വാളും ഹുസൈന്‍ മസ്‌ജിദ്‌ കൈറോവില്‍ സംരക്ഷിക്കുന്നു. 118 സെ.മീ നീളമുള്ള ഖൈസറാന്‍ മരം കൊണ്ട്‌ നിര്‍മ്മിച്ച വില്ലും കാണാവുന്നതാണ്‌.
ഈ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച്‌ പോരുന്ന അധിക സ്ഥലങ്ങളിലും റബീഉല്‍ അവ്വല്‍ 12, റജബ്‌ 27-ാം രാവ്‌, ശഅ്‌ബാന്‍ 15, റമളാന്‍ 27 എന്നീ പുണ്യദിനങ്ങളില്‍ ഇത്‌ ജനങ്ങള്‍ക്ക്‌ കാണിച്ച്‌ കൊടുക്കാറുണ്ട്‌.
                    യുക്തിയുടെ അളവുകോലുകള്‍ കൊണ്ട്‌ മതത്തെ അളക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഇത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന്‌ വരില്ല. സ്വഹാബത്തില്‍ പ്രമുഖനായ ഉബൈദത്‌ (റ) പറഞ്ഞത്‌ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ്വ)യുടെ ഒരു മുടി എന്റെ പക്കല്‍ ഉണ്ടാവല്‍ ഈ ലോകവും സര്‍വ്വവും എനിക്ക്‌ ലഭിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നതാണ്‌. ഇതാണ്‌ പ്രവാചകാനുചരന്‍മാരുടെ മാതൃക. നബി(സ്വ) ധരിപ്പിച്ച്‌ കൊടുത്ത വസ്‌ത്രം മുആവിയ (റ) ബറക്കത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വച്ചു. നബി(സ്വ)യുടെ ഏതാനും മുടികളും നഖങ്ങളും അപ്രകാരം കരുതിവച്ച്‌ അതെല്ലാം മരണശേഷം കഫന്‍പുടവയോട്‌ ചേര്‍ത്ത്‌ വേണം തന്നെ ഖബറടക്കേണ്ടതെന്ന്‌ മകനായ യസീദിനോട്‌ വസ്വിയ്യത്ത്‌ ചെയ്യുകയും ചെയ്‌തു.(ഇഖ്‌നാഅ്‌)
ചുരുക്കത്തില്‍, മഹാന്‍മാരായ സ്വഹാബത്തും താബിഉകളായ ഇമാമുമാരും നബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട്‌ ബറകത്തെടുത്ത കാര്യം നാം വിശദീകരിച്ചു. അതില്‍ അവര്‍ പ്രകടിപ്പിച്ച ആവേശവും നാം കണ്ടു. തിരുശേഷിപ്പുകളെ ആദരിക്കുന്നതും അവക്ക്‌ പുണ്യം കല്‍പ്പിക്കുന്നതും അപരിഷ്‌കൃതവും യാഥാസ്ഥികത്വവുമായി വീക്ഷിക്കുന്നവര്‍ വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും സ്വഹാബത്തിന്റെ ചര്യയുടെയും ബാലപാഠം പോലും ഗ്രഹിക്കാത്തവരാണെന്ന്‌ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

6 comments:

 1. അരൂപിയും ഏകനുമായ ഒരു ദൈവത്തെ മുന്നോട്ടു വെക്കുന്ന മതമായിട്ടുള്ള മതമായിട്ടാണ് ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്. ആ ദൈവത്തെ വിട്ടുള്ള ആരാധനകൾ കർശനമായി വിലക്കിയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ മനുഷ്യ ശേഷിപ്പിക്കുകളെ ആരാധിക്കുക എന്നത്, അതാരുടെ തന്നെയായാലും ആ ആശയത്തിനു വിരുദ്ധമായി തോന്നുന്നു.

  ReplyDelete
 2. ഇതു ആരാധന അല്ലല്ലോ .
  ആരാധന എന്താണെന്നു മനസിലാക്കിയതിലെ പിശകാണ് താങ്കളെ ഇങ്ങനെ ചിന്തിപ്പിച്ചത്.

  ReplyDelete
 3. മുടിയും , തലപ്പാവും ഒക്കെ നമുക്ക് കച്ചവടമാക്കാം , എന്നിട്ട് അതിന്റെ പേരില്‍ നമുക്ക് കോടികളുടെ പളളി പണിയാം , എന്തായാലും വേണ്ടിയില്ല ,നമുക്ക് ആഡംഭാരമായി ജീവിക്കണം ,അതിനു നബിഎങ്കില്‍ നബി !! പണം തന്നെ എല്ലാത്തിനും പ്രധാനം. പിന്നെ എന്തു പറഞ്ഞാലും കുറെ പാവങ്ങള്‍ എല്ലാം വിശ്വസിക്കും ,അത് തന്നെയാണ് ഈ കച്ചവടക്കാരുടെ പിന്‍ബലവും ,, അബൂക്കര്‍ അറിയാതെ അള്ള ഒന്നും ചെയ്യില്ല എന്ന് പറയുന്നതിനും കാണും ഹദീസുകള്‍. :(

  ReplyDelete
  Replies
  1. ഇതു കച്ചവട താത്പര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല .
   തിരുശേഷിപ്പുകളെ അവഗണിക്കാന്‍ വിശ്വാസിക്ക് സാദ്യമല്ല. എന്തു പറഞ്ഞാലും വിശ്വസിക്കുന്നത് മൂടത്തരമാണ്. സ്വഹീഹായ ഹദീസുകളും. പൂര്‍വ്വ സൂരികളായ പണ്ഡിതന്മാരുടെ കിത്താബുകളും നമുക്ക് പഠിക്കാന്‍ മുന്പിലുണ്ടല്ലോ.

   Delete
  2. ഇസ്ലാം ആഡംബര ജീവിതത്തെ എതിര്‍ത്ത മതമാണ്‌

   Delete
 4. ചുരുക്കത്തില്‍, മഹാന്‍മാരായ സ്വഹാബത്തും താബിഉകളായ ഇമാമുമാരും നബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട്‌ ബറകത്തെടുത്ത കാര്യം നാം വിശദീകരിച്ചു. അതില്‍ അവര്‍ പ്രകടിപ്പിച്ച ആവേശവും നാം കണ്ടു. തിരുശേഷിപ്പുകളെ ആദരിക്കുന്നതും അവക്ക്‌ പുണ്യം കല്‍പ്പിക്കുന്നതും അപരിഷ്‌കൃതവും യാഥാസ്ഥികത്വവുമായി വീക്ഷിക്കുന്നവര്‍ വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും സ്വഹാബത്തിന്റെ ചര്യയുടെയും ബാലപാഠം പോലും ഗ്രഹിക്കാത്തവരാണെന്ന്‌ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

  ReplyDelete

Related Posts Plugin for WordPress, Blogger...