നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 2 December 2017

ഒരു പ്രാര്‍ത്ഥനാ ഫലം (2)

ഒരു പ്രാര്‍ത്ഥനാ ഫലം (2)


          അബുല്‍ ആസ്വിനെ നേരില്‍ കണ്ടപ്പോള്‍ ആനന്ദത്തിന്‍റെ ഒരായിരം മാലപ്പടക്കങ്ങള്‍ ഒന്നിച്ച് സൈനബിന്‍റെ മനതാരില്‍ കത്തിയെങ്കിലും താന്‍ കൊതിച്ചതിനെതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ സൈനബ് (റ) ഒന്ന് പതറി. ഭര്‍ത്താവ് ഇസ്ലാമിലേക്ക് കടന്നുവരുന്നത് സൈനബ് എത്രയോ കൊതിച്ചു. ഭാര്യയെ കണ്ടറിഞ്ഞ വത്സലനായ ഭര്‍ത്താവ് ... തന്‍റെ മക്കളുടെ പിതാവ്.... തന്‍റെ മുമ്പില്‍ വന്ന് അഭയത്തിനായി കെഞ്ചുന്നു. മറുവശത്ത് പിതാവിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മദിക്കുന്നു. ആനന്ദത്തിന്‍റെ വല്ലരിയില്‍ തത്തിക്കളിച്ച സൈനബിന്‍റെ മനസ്സ് ചിറക് തളര്‍ന്നിരുന്ന് പോയി. മനസ്സിനെ ഒന്നുകൂടി കടിഞ്ഞാണിട്ട് സൈനബ് തന്‍റെ മക്കളുടെ പിതാവിന് അഭയം നല്‍കി... സ്വാഗതമോതി. 
      തിരുനബി (സ്വ) സുബ്ഹി നിസ്കാരത്തില്‍ ഫാതിഹ പാരായണം ചെയ്യുന്നത് സൈനബി (റ) ന്‍റെ ചെവികള്‍ സാക്ഷ്യം വഹിച്ചു. പിതാവിന്‍റെ വരവും കാത്ത് നിന്ന സൈനബിന്‍റെ ഭാവം പെട്ടെന്ന് മാറി. വാതില്‍ക്കലെത്തി പലതവണ വിളിച്ചു പറഞ്ഞു. ഓ! ജനങ്ങളെ അബുല്‍ആസ്വിന് ഞാന്‍ അഭയം നല്‍കുന്നു. ശേഷം സുബ്ഹി നിസ്കരിച്ചു. പള്ളിയിലുള്ളവര്‍ മഹതിയുടെ പ്രഖ്യാപനം കേട്ടു. തിരുദൂതര്‍ (സ്വ) സ്വഹാബത്തിന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ കേട്ടത് നിങ്ങളും കേട്ടില്ലേ? എന്നെ നിയന്ത്രിക്കുന്നവനാണേ സത്യം! ഈ വിഷയം ഞാന്‍ അറിഞ്ഞിട്ടില്ല. തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുള്ളത് കൊണ്ടാണ് നബി (സ്വ) ഇപ്രകാരം പറഞ്ഞത്. 
            അല്‍പനേരത്തിന് ശേഷം പ്രവാചക പ്രഫുല്ലരും അബുല്‍ ആസ്വിന് അഭയം നല്‍കിയതായി ഉണര്‍ത്തി....
              സൈനബിന്‍റെ വീട് ലക്ഷ്യംവെച്ച് തിരുനബി (സ്വ) നടക്കുകയാണ്... വീടണഞ്ഞ പിതാവിന്‍റെ പ്രതികരണമെന്താകുമെന്ന വ്യാകുലതയില്‍ വിഹ്വലയായി മകള്‍ എഴുന്നേറ്റു. നിന്‍റെ അതിഥിയെ വേണ്ടവിധം ആദരിച്ചു കൊള്ളൂ.... പക്ഷേ, ഭാര്യ ഭര്‍തൃബന്ധം അനുവദനീയമല്ല. വാത്സല്യനിധിയായ പിതാവ് പുഞ്ചിരിയോടെ മകളെ ഒന്നു നോക്കി മടങ്ങിപ്പോയി. ലോകത്തിന്‍റെ വിളക്കായ തിരുനബി (സ്വ) മറയും വരെ ഇരുവരും നോക്കിനിന്നു.....
ഭക്ഷണം പാകം ചെയ്യാന്‍ സൈനബ് തയ്യാറെടുത്തു. പക്ഷേ, അബുല്‍ ആസ്വിന്‍റെ ഇസ്ലാമാശ്ലേഷണത്തെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ അലട്ടി... 
                    തന്‍റെ പുന്നാരമക്കളെ നേരില്‍ കണ്ടപ്പോള്‍ അബുല്‍ ആസ്വിന്‍റെ നയനങ്ങള്‍ ഈറനണിഞ്ഞു... ഇത് കണ്ട സൈനബ് ചോദിച്ചു. ഏത് വരെയാണ് ഈ കരച്ചില്‍? അല്ലാഹുവിന്‍റെ വിധി വരും വരെ... ഈ ഉത്തരം സൈനബിന്‍റെ മനസ്സിനെ ജീവസുറ്റതാക്കി. സൈനബ് ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ശേഷം അബുല്‍ ആസ്വാണ് സംസാരിച്ചത്. മുസ്ലിംകള്‍ എന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്ലാം സ്വീകരിച്ചാല്‍ എന്‍റെ കൈവശമുള്ള സ്വത്തുക്കള്‍ സ്വന്തമാക്കാമെന്നും പറഞ്ഞു. ആ സ്വത്തുക്കള്‍ ഇസ്ലാമിന്‍റെ ശത്രുക്കളുടേതായിരുന്നു. എന്നാലും എന്നെ ഏല്‍പ്പിച്ചത് തിരിച്ചു കൊടുക്കന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്‍റെ സത്യമാര്‍ഗ്ഗം സ്വീകരിക്കല്‍ വഞ്ചനയോട് കലരരുതെന്ന് ഞാന്‍ തീരുമാനിച്ചു. 
സൈനബിന്‍റെ മനസ്സില്‍ കിളിര്‍ത്തുവന്ന ആശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും ചെടികള്‍ക്ക് വെള്ളം ഒഴിച്ചത് പോലെയായി അബുല്‍ആസ്വിന്‍റെ ഈ വാക്കുകള്‍. 
                  പ്രഭാതമായപ്പോള്‍ ഗനീമത്ത് സ്വത്തുക്കള്‍ (യുദ്ധത്തില്‍ ലഭിക്കുന്ന ശത്രുക്കളുടെ സ്വത്തുക്കള്‍) ലഭിച്ച മുസ്ലിംകളിലേക്ക് തിരുനബി (സ്വ) ദൂതനെ അയച്ചു. അബുല്‍ ആസ്വിന്‍റെ വൃത്താന്തം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? അദ്ദേഹത്തില്‍ നിന്ന് വല്ലതും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കലാണ് എനിക്കിഷ്ടം. ഇല്ലെങ്കിലും വേവലാതിയോ പരാതിയോ എനിക്കില്ല. നിങ്ങളുടെ ഇഷ്ടത്തെ ഹനിക്കാന്‍ ഞാന്‍ തയ്യാറല്ല. തിരുനബി (സ്വ) യുടെ ഇഷ്ടത്തിന് മുമ്പില്‍ അവരുടെ ഇഷ്ടം കറുത്ത തിരശ്ശീലയാകാന്‍ അവരും ഇഷ്ടപ്പെട്ടില്ല. അവര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് ലഭ്യമായത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം. ഒന്നൊഴിയാതെ എല്ലാം അബുല്‍ ആസ്വിന് മടക്കിക്കൊടുത്തു. 
                   താമസംവിനാ അബുല്‍ആസ്വ് സൈനബിനോട് വിടപറഞ്ഞ് മക്കയിലേക്ക് പോയി.  അബുല്‍ ആസ്വിന്‍റെ വരവിനായി വീണ്ടും സൈനബ് കാത്തിരുന്നു. വിചാര വേലിയേറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. 
മക്കയിലെത്തിയ അബുല്‍ ആസ്വിന്‍റെ ചുറ്റും ഖുറൈശികള്‍ സംഗമിച്ചു. എല്ലാ സ്വത്തുക്കളും സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതില്‍ അവര്‍ സന്തോഷിച്ചു. മദീനയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന അവരുടെ മാറിമാറിയുള്ള ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ അബുല്‍ആസ്വ് തയ്യാറായില്ല. അവസാനം അബുല്‍ ആസ്വ് വിളിച്ചു ചോദിച്ചു. നിങ്ങള്‍ക്കിനി ഞാന്‍ എന്തെങ്കിലും നല്‍കാനുണ്ടോ? ഇല്ല.... മദീനയില്‍ നടന്ന സംഭവങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തുനിന്ന അവരുടെ കാതുകള്‍ ശഹാദത്തിന്‍റെ വചനങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്നു. 
               നിങ്ങളുടെ സ്വത്ത് ഞാന്‍ അപഹരിച്ചുവെന്ന് പറയുമോ ഞാന്‍ ഭയപ്പെട്ടത് കൊണ്ടായിരുന്നു ഇത്വരെ കലിമ ചൊല്ലാതിരുന്നത്. ഞാനിതാ മുസ്ലിമാകുന്നു. അവര്‍ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. 
അബുല്‍ആസ്വ് വീണ്ടും മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. തന്‍റെ വത്സലയായ സൈനബിന്‍റെയും പൊന്നോമനകളുടെയും ചാരത്തണയാന്‍.....
                         തന്‍റെ സ്നേഹഭാജനത്തേയും അരുമ സന്താനങ്ങളേയും മാറോട് ചേര്‍ക്കാന്‍ അബുല്‍ആസ്വ് മക്കയില്‍ നിന്നും യാത്ര തിരിച്ചു. 
ആ സന്ദര്‍ഭത്തില്‍ മദീനയില്‍ കഴിയുന്ന സൈനബിന്‍റെ ഹൃദയത്തില്‍ ആനന്ദത്തിന്‍റെ അടിയൊഴുക്കുകള്‍ തുടങ്ങി. മറ്റൊരു സമയത്തും ഉണ്ടാകാത്ത ഒരാനന്ദം. സൈനബിന് എന്താണെന്ന് മനസ്സിലായില്ല. തന്‍റെ മക്കളെ വാരിയെടുത്ത് മാറി മാറി സൈനബ് ചുംബിക്കുകയാണ്. പൊടുന്നനെ ഉണ്ടായ ഈ ആഹ്ലാദത്തിന് തന്‍റെ അനുജത്തി ഫാത്വിമക്ക് എന്തെങ്കിലും പറയാനുണ്ടാവും തീര്‍ച്ച. സൈനബ് (റ) ഫാത്വിമ (റ) ന്‍റെ അരികിലെത്തി. തനിക്ക് ആകസ്മികമായുണ്ടായ ആനന്ദത്തെ കുറിച്ച് ആരാഞ്ഞു. ഉടനെ ഫാത്വിമ (റ) യുടെ പ്രതികരണം.... അല്ല, അബുല്‍ആസ്വ് തിരിച്ചെത്തിയോ?... ഫാത്വിമ ബീവി പറഞ്ഞ് തീര്‍ന്നില്ല. അപ്പോഴേക്കും അബുല്‍ ആസ്വ് (റ) സൈനബിന്‍റെ വീട്ടിലേക്ക് നടന്നുവരുന്നതായി അവര്‍ കണ്ടു..
സൈനബ് (റ) തന്‍റെ ഭര്‍ത്താവിലേക്ക് ഒരു വേള നോക്കി. ആനന്ദത്തിന്‍റെയും അനുരാഗത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും വര്‍ണ്ണരാജികള്‍ തെളിഞ്ഞ് തന്നെ ആ മുഖത്ത് പ്രകടമായി. സൈനബ് തന്‍റെ ഭര്‍ത്താവിനരികിലേക്ക് ഓടിയെത്തി. ഹിദായത്തിന്‍റെ ഒരായിരം അരിമുല്ലപ്പൂക്കള്‍ വിടരുന്നത് കൂടുതല്‍ അടുത്ത് കാണാന്‍...
                      സൈനബിന്‍റെ ആഹ്ലാദം അബുല്‍ ആസ്വ് ഇപ്പോള്‍ തികച്ചും തിരിച്ചറിഞ്ഞു. എങ്കിലും അബുല്‍ ആസ്വിന്‍റെ മുഖം അല്‍പം കാര്‍മേഘം വന്നത് പോലെ ഇരുണ്ടു. കാരണമുണ്ടതിന്.. അബുല്‍ ആസ്വിന്‍റെ മനം പല ചോദ്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. സൈനബിന്‍റെ പിതാവ്, എന്‍റെ മഹ്ബൂബ് തിരുദൂതര്‍ (സ്വ) എന്നെ മരുമകനായി ഇനി സ്വീകരിക്കുമോ? സൈനബിനെ ഇനി തനിക്ക് ലഭിക്കുമോ? 
               ഇങ്ങനെ നിരവധി തര്‍ക്ക വിതര്‍ക്കങ്ങള്‍ ആ മനസ്സില്‍ കിടന്ന്                            മറിയുന്നുണ്ടായിരുന്നു. അബുല്‍ ആസ്വ് പള്ളിയിലേക്ക് കടന്നു. നബി (സ്വ) യെ ആലിംഗനം ചെയ്തിട്ട് ഞാന്‍ മുസ്ലിമായി എന്ന സന്തോഷവാര്‍ത്ത അറിയിച്ചു. അപ്പോഴേക്കും സ്വഹാബികളുടെ നാവിന്‍ തുമ്പില്‍ അവരറിയാതെ തക്ബീറും തഹ്ലീലും അണപൊട്ടി. അപ്പോഴും നബി (സ്വ) യുടെ പ്രതികരണമെന്താകും എന്ന ആശങ്കയിലാണ് അബുല്‍ ആസ്വ് (റ)...
കൂടുവിട്ട ഇണക്കിളി തിരിച്ചുവരുമ്പോള്‍ കൊത്തിയോടിക്കുന്നത് പോലെയാകുമോ? തന്‍റെ വിധി. മതവിധിക്കായി അബുല്‍ആസ്വും സൈനബും വളരെ കൊതിച്ചു. അതെ അബുല്‍ ആസ്വിന് ഭാര്യയാക്കി തന്‍റെ മകള്‍ സൈനബിനെ വീണ്ടും തിരുദൂതര്‍ നല്‍കി. 
                 അവര്‍ നവജീവിതം ആരംഭിച്ചു. തിരുദൂതര്‍ (സ്വ) ക്ക് തന്‍റെ പേരമക്കളോട് വളരെ വാത്സല്യമായിരുന്നു. സൈനബിന്‍റെ മകള്‍ ഉമാമയും അവരില്‍ പെടുന്നു. ഒരു വേള പ്രവാചക പ്രഫുല്ലര്‍ ഉമാമയെ ഒക്കത്ത് വെച്ച് നിസ്കരിക്കുകയുണ്ടായി. സുജൂദിലേക്ക് പോകാന്‍ നേരം നിലത്തിരുത്തും. ഉയരുമ്പോള്‍ വീണ്ടും എടുക്കും. ഇത്രത്തോളം സ്നേഹിച്ചും പരിലാളിച്ചുമാണ് ഉമാമയെ തിരുദൂതര്‍ വളര്‍ത്തിയത്. 
                    ഇസ്ലാമിക ചരിത്രത്താളുകളില്‍ വളരെയധികം സ്ഥാനമലങ്കരിക്കുന്ന യുദ്ധമാണ് ഖൈബര്‍. ആ യുദ്ധത്തില്‍ അലി (റ) യുടെ പ്രകടനങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല. ഏതാണ്ട് ഈ വേളയിലാണ് തിരുനബി (സ്വ)യുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ സൈനബ് എന്ന പൂവിന് ക്ഷീണം മൂര്‍ച്ഛിക്കുന്നത്. രോഗാധിക്യം കാണുമ്പോള്‍ ഭര്‍ത്താവിന്‍റെ ഉള്ളുരുകാന്‍ തുടങ്ങി. ഗതകാല ചിന്തകള്‍ അബുല്‍ ആസ്വിന്‍റെ മനത്തെ തൊട്ടുരുമ്മി മിന്നി മറയും. ഇസ്ലാമിക വെളിച്ചം കാണാത്ത ഇന്നലെകളെ കുറിച്ചോര്‍ത്ത് അബുല്‍ആസ്വ് വേദനിക്കും. 
                 ഈ സമയം സൈനബ് (റ) ദുന്‍യാവിനോട് വിടപറഞ്ഞ് തുടങ്ങിയിരുന്നു. പരലോകത്തേക്ക് പറക്കാന്‍ സൈനബിന്‍റെ ആത്മാവ് കൊതിച്ചു. ആഖിറത്തില്‍ പറുദീസ കാത്തിരിക്കുമ്പോള്‍ ഇഹലോകത്ത് കൂടുതല്‍ നില്‍ക്കാന്‍ ആത്മാവിന് കഴിയുമോ? സൈനബിന്‍റെ ആത്മാവ് നാഥന്‍റെ അരികിലേക്ക് പറന്നു. 
അബുല്‍ ആസ്വിന് തന്‍റെ ഭാര്യയുടെ വിയോഗം സഹിക്കാനായില്ല. സൈനബി (റ) ന്‍റെ കിടക്കയിലേക്ക് ചാരി. ബോധം നഷ്ടപ്പെട്ടു. തിരുദൂതര്‍ (സ്വ) വരുന്നത് വരെ ബോധരഹിതനായി കിടന്നുപോയി.
                         സൈനബിനെ മറ്റൊരു ലോകത്തേക്ക് പറഞ്ഞുവിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജനാസ പള്ളിയിലേക്കെത്തി. നിസ്കാരത്തിന് ഉപ്പയാണ് നേതൃത്വം നല്‍കിയത്. ശേഷം പവിത്രമായ മദീനയുടെ മണ്ണിലേക്ക് സൈനബിനെ എടുത്ത് അവര്‍ വിടവാങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ കണ്ണുനീര്‍ തോര്‍ന്നില്ല. സൈനബിന്‍റെ വിയോഗം അബല്‍ ആസ്വിനെ തളര്‍ത്തിക്കളഞ്ഞു. ഉപ്പയോടൊപ്പം ദുഃഖം പങ്ക് വെച്ച് മകന്‍ അലിയ്യും മകള്‍ ഉമാമയും കഴിഞ്ഞു. 
                  എന്നാല്‍ ഉമാമയുടെ കണ്ണുകളില്‍ സൈനബിന്‍റെ സാന്നിദ്ധ്യം വിളിച്ചോതിയത് അബുല്‍ ആസ്വിന്‍റെ ദുഃഖഭാരം അല്‍പം കുറച്ചു. കൂട്ടത്തില്‍ ഉമാമയുടെ പുഞ്ചിരിയും അബുല്‍ ആസ്വും മക്കളും ഈ രീതിയില്‍ ജീവിതം തള്ളിനീക്കി. 
                 തന്‍റെ ഇത്താത്ത സൈനബിന്‍റെ വിയോഗം അനുജത്തി ഫാത്വിമയില്‍ വിതച്ച ദുഃഖം ഒട്ടും കുറവല്ലായിരുന്നു. എങ്ങനെ ആ മഹതി ദുഃഖിക്കാതിരിക്കും. ഒരു ചെണ്ടില്‍ വിരിഞ്ഞ രണ്ട് പുഷ്പങ്ങളെ പോലെയായിരുന്നു നബിപുത്രിമാര്‍ സൈനബും ഫാത്വിമയും. സൈനബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫാത്വിമയുടെ മനസ്സില്‍ കൈകോര്‍ത്തു നിന്നു. ഫാത്വിമ ചിന്തിച്ചു: എനിക്ക് ഒരു പുത്രിയുണ്ടായപ്പോള്‍ എന്‍റെ ഉപ്പ എന്തിനാണ് സൈനബ് എന്ന് നാമകരണം ചെയ്തത്? അതെന്‍റെ ഇത്താത്തയുടെ വഫാത്തിലേക്കുള്ള സൂചനയായിരുന്നോ?
                   കാരുണ്യത്തിന്‍റെ പ്രവാചകന്‍ സയ്യിദുല്‍ വുജൂദിന്‍റെ മുത്തുമോള്‍ സൈനബിന് ശാന്തിയുടെയും സമാധാനത്തിന്‍റെയും മാല്യം ചാര്‍ത്തിയും മഹത്വത്തിന്‍റെ ഉത്തരീയമണിയിച്ചും മഹിത ചരിത്രത്തില്‍ നിന്നും പേന ഉയര്‍ത്തി. പ്രവാചക പ്രഫുല്ലരുടെ മുത്തുമോളേ നിങ്ങള്‍ക്ക് നിരന്തരം രക്ഷ ലഭിക്കട്ടെ! ഔന്നത്യത്തിന്‍റെ ഗരിമയും പെരിമയും പ്രത്യേകമേകട്ടെ! തിരുനബി (സ്വ) യുടെ മടിത്തട്ടില്‍ ശയിച്ച മഹതിയേ! ഇതെഴുതിയതിന്‍റെയും വായിച്ചതിന്‍റെയും പേരില്‍ ഉപ്പയോട് ഞങ്ങളുടെ കാര്യം ഉണര്‍ത്തണേ! നാളത്തേക്ക് കൊണ്ടുപോകാന്‍ ഞങ്ങളുടെ കൈയില്‍ ഒന്നുമില്ല. തികച്ചും ശൂന്യമാണെന്ന് ഞങ്ങള്‍ക്കറിയാം. ഉപ്പയുടെ ശഫാഅത്ത് അത് മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം. നബിയേ! അങ്ങേക്ക് ആയിരമായിരം സലാം...
                                                                                                                                        (അവസാനിച്ചു)

ഒരു പ്രാര്‍ത്ഥനാ ഫലം -1

ഒരു പ്രാര്‍ത്ഥനാ ഫലം -1


         പ്രവാചക തിരുമേനി (സ്വ) യുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ കുസുമങ്ങള്‍ മൂന്ന് ആണും നാല് പെണ്ണുമാണ്. ഖാസിം (റ), സൈനബ് (റ), റുഖിയ്യ (റ), ഫാത്വിമ (റ), ഉമ്മുകുല്‍സൂം (റ), അബ്ദുല്ലാഹ് (റ), ഇബ്റാഹീം (റ) എന്നിവരാണ്. ആദ്യത്തെ ആറ് പേര്‍ നബി (സ്വ) യുടെ ആദ്യഭാര്യ ഖദീജ (റ) ബീവി (റ) യില്‍ നിന്നും ഇബ്റാഹീം (റ) മാരിയത്തുല്‍ ഖിബ്തിയ്യയില്‍ നിന്നുമാണ്. പ്രവാചകത്വത്തിന് ശേഷം മക്കയില്‍ വെച്ചാണ് അബ്ദുല്ല എന്ന മകനേയും ഹിജ്റക്ക് ശേഷം മദീനയില്‍ വെച്ചാണ് ഇബ്റാഹീം എന്ന പുത്രനേയും പ്രസവിക്കപ്പെട്ടത് . ബാക്കിയുള്ളവരെല്ലാം പ്രവാചകനാകുന്നതിന് മുമ്പ് മക്കയില്‍ വെച്ച് ജനിച്ചവരാണ്. ഇതില്‍ നബി (സ്വ) യുടെ രണ്ടാമത്തെ പുത്രിയായ സൈനബ് (റ) ന്‍റെ ചരിത്രം കണ്ണിനെ ഈറനണിയിച്ച് പോകുന്നു. ആശയം പണയം വെക്കാതെ പ്രിയ ഭര്‍ത്താവിനെയും വിട്ട് പിരിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത, ആരുടെയും കരളലയിക്കുന്ന ചരിത്രം!!
             പ്രവാചക പുത്രി മക്കയില്‍ വളരെ നിര്‍ണ്ണായകമായ ഒരു പ്രതിസന്ധിയിലാണ്. കാരണം തന്‍റെ ഭര്‍ത്താവ് ഇസ്ലാമിലേക്ക് വന്നിട്ടില്ല. പിതാവും ഭര്‍ത്താവും വ്യത്യസ്ത ധ്രുവങ്ങളില്‍ ബദ്റില്‍ തിരുനബി (സ്വ) ക്കെതിരില്‍ വാളുയര്‍ത്താന്‍ തന്‍റെ ഭര്‍ത്താവ് പുറപ്പെട്ടു കഴിഞ്ഞു. പക്ഷേ, അതിനേക്കാള്‍ ഏറെ താന്‍ ഇഷ്ടപ്പെട്ട പിതാവിന്‍റെ ആശയത്തില്‍ പ്രവാചക പുത്രി ഉറച്ചു നിന്നു. ഇരുവരും യുദ്ധമുഖത്ത് ഒരുമിച്ച് കൂടരുതെന്നാണ് മഹതിയുടെ ആഗ്രഹം. 
                 ബദ്ര്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായി. ശത്രുപക്ഷത്തെ പലരും പിടിക്കപ്പെട്ടു. കൂട്ടത്തില്‍ പ്രവാചക പുത്രി സൈനബിന്‍റെ പ്രിയ ഭര്‍ത്താവിനേയും. ബന്ദികളാക്കപ്പെട്ടവരെ എന്ത് വില കൊടുത്തും മോചിപ്പിക്കാന്‍ ഖുറൈശികള്‍ തയ്യാറായി. 
           തന്‍റെ ഭര്‍ത്താവിന്‍റെ മോചനത്തിനായി സൈനബ് (റ) ഭര്‍തൃസഹോദരനായ അംറിന്‍റെ കൈയില്‍ ഒരു ചെറിയ പൊതി ഏല്‍പിച്ചു. എന്താണതിലെന്ന് അംറിന് അറിഞ്ഞില്ല. അങ്ങനെ ആ പൊതിയുമായി അംറ് നബി (സ്വ) സവിധത്തില്‍ എത്തി. പൊതി നബി (സ്വ) യെ ഏല്‍പ്പിച്ചു. ഒരു യമനീ ആഭരണം. തിരുനബി (സ്വ) മുമ്പെങ്ങോ കണ്ടത് പോലെ. നബി (സ്വ) ഓര്‍ത്തുനോക്കി. അവസാനം അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലായി. ഈ മാല തന്‍റെ പ്രിയപത്നി ഖദീജയെ ഓര്‍മ്മിപ്പിച്ചു. തന്‍റെ താങ്ങും തണലുമായി തന്നോടൊപ്പം കഴിഞ്ഞിരുന്ന ബീവി ഖദീജ (റ) തന്‍റെ മകള്‍ക്ക് കല്ല്യാണ സമ്മാനമായി നല്‍കിയതായിരുന്നു ആ മാല.
    സ്വഹാബിവര്യര്‍ മാലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. നബി (സ്വ) അല്‍പസമയം കഴിഞ്ഞ് സ്വഹാബാക്കളോട് പറഞ്ഞു. നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അവളുടെ ബന്ദിയെ മോചിപ്പിക്കുകയും മാല മടക്കിക്കൊടുക്കുകയും ചെയ്യാം. അവര്‍ ഒരേ സ്വരത്തില്‍ സമ്മതമോതി. ശേഷം തന്‍റെ മരുമകനെ തന്നിലേക്കടുപ്പിച്ചു. ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. എല്ലാം സമ്മതിച്ചു കൊണ്ട് അബുല്‍ ആസ്വ് തിരുസവിധം വിട്ടു. 
          പ്രവാചക പുത്രി സൈനബ് (റ) തനിക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും വില കൂടിയ ധനം നല്‍കി കണ്ണിലെണ്ണയൊഴിച്ച് തന്‍റെ ഭര്‍ത്താവിന്‍റെ മോചനം പ്രതീക്ഷിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തന്‍റെ ഭര്‍ത്താവ് ഇസ്ലാമിലേക്ക് കടന്നുവരും എന്ന പ്രതീക്ഷയാണ് മഹതിക്കുള്ളത്. അബുല്‍ ആസ്വിന്‍റെ പ്രവര്‍ത്തനങ്ങളും വാക്കുകളും മഹതിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. കാരണം തന്‍റെ സഹോദരിമാരായ ഉമ്മുകുല്‍സുമിനേയും റുഖിയ്യയെയും ഖുറൈശികളുടെ പ്രേരണയ്ക്ക് വഴങ്ങി അവരുടെ ഭര്‍ത്താക്കന്മാര്‍ തിരുനബി (സ്വ) യിലേക്ക് അവരെ തിരിച്ചേല്‍പ്പിച്ചപ്പോഴും അബുല്‍ ആസ്വ് അതിന് തയ്യാറായില്ല. ഖുറൈശിയില്‍ പെട്ട ഏത് സ്ത്രീയേയും നിനക്ക് പകരമായി നല്‍കാമെന്ന ഖുറൈശീ വാഗ്ദാനവും അബുല്‍ ആസ്വ് ചെവികൊണ്ടില്ല. തന്‍റെ ഭാര്യക്ക് പകരം ഒരു സ്ത്രീയും ആവില്ലെന്ന നിലപാടില്‍ അബുല്‍ആസ്വ് ഉറച്ചു നിന്നു.
   തന്‍റെ ഭര്‍ത്താവ് തിരിച്ചെത്തുന്നത് കണ്ട് അതിയായി സൈനബ് (റ) സന്തോഷിച്ചു. സന്തോഷത്തിന്‍റെ ചുടുകണ്ണീരുകള്‍ താനറിയാതെ നിലം നനച്ചു. ഭര്‍ത്താവിന്‍റെ നേര്‍മാര്‍ഗ്ഗത്തിനായി മഹതി ഉള്ള് കൊണ്ട് പ്രാര്‍ത്ഥിച്ചു. അബുല്‍ ആസ്വിനെ സ്വീകരിച്ചത് സൈനബിന്‍റെ ഇരുകണ്ണുകളില്‍ നിറഞ്ഞ ചുടുകണ്ണീരുകളായിരുന്നു. തന്‍റെ ദുഃഖത്തിലും സന്തോഷത്തിലും പങ്ക് ചേര്‍ന്നിരുന്ന ആത്മഭാജനത്തിന്‍റെ മുഖത്തെ മ്ലാനത മഹതി വനിതയുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ തുറന്ന് ചോദിച്ചു: നിങ്ങള്‍ക്കെന്തു പറ്റി? ഞാന്‍ വിടപറയാന്‍ വന്നതാണ്. അബുല്‍ആസ്വിന്‍റെ മറുപടി സൈനബിന്‍റെ നെഞ്ചകം തകര്‍ത്തു. എന്താ ഖുറൈശികളുടെ വാഗ്ദാനങ്ങളില്‍ അങ്ങും പെട്ടുപോയോ? വീണ്ടും വീണ്ടുമുള്ള സൈനബിന്‍റെ ചോദ്യത്തിന്‍റെ മുമ്പില്‍ തന്നോട് തിരുനബി (സ്വ) പറഞ്ഞ രഹസ്യം തുറന്ന് പറയേണ്ടിവന്നു. 
           "എന്നോട് നിന്‍റെ പിതാവ് നിന്നെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു" തിരിച്ചേല്‍പ്പിക്കാമെന്ന് ഏറ്റുകൊണ്ടാണ് ഞാന്‍ വന്നത്. വാക്ക് പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
സൈനബ് മെല്ലെ ഇരുന്നു പോയി. തന്‍റെ ആത്മഭാജനത്തെ വേര്‍പിരിയുന്നതിലുള്ള ദുഃഖം തന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. എന്നാല്‍ പിതാവിന്‍റെ ആദര്‍ശത്തിന്‍റെ ജലകണങ്ങള്‍ മഹതിയെ ജീവസ്സുറ്റതാക്കി. പിതാവിന്‍റെ താല്‍പര്യം കണക്കിലെടുത്ത് മഹതി യാത്രയാകാന്‍ തയ്യാറായി. ഇനി എത്ര നാളുകള്‍? 
          ഇടറിയ സ്വരത്തില്‍ അബുല്‍ ആസ്വ് മറുപടി നല്‍കി: ഏതാനും ദിനരാത്രങ്ങള്‍ മാത്രം. ഞാനൊറ്റയ്ക്കാണോ പോകേണ്ടത്? അല്ല, സൈദ് ബ്നു ഹാരിസത്ത് കൂട്ടിനുണ്ട്. ഒപ്പം അന്‍സ്വാരികളില്‍ പെട്ട നിന്‍റെ പിതാവിന്‍റെ ഒരു സുഹൃത്തും. ഇവിടെ നിന്നും എട്ട് മൈല്‍ ദൂരമുള്ള 'യഅ്ജജ്' താഴ്വരയില്‍ അവര്‍ കാത്തുനില്‍ക്കും. അവരോടൊപ്പം നിന്‍റെ പിതാവിലേക്ക് നിനക്ക് എത്തിച്ചേരാം. നിന്‍റെ പിതാവിനോട് ചെയ്ത കരാര്‍ എനിക്ക് പാലിച്ചേ പറ്റൂ. നിങ്ങള്‍ മദീന വരെ എന്നോടൊപ്പം വരികയില്ലേ? വേദനയോടെ ബീവി ചോദിച്ചു. സാധിക്കുകയില്ലെന്ന് ഒരു വിധത്തില്‍ പറഞ്ഞ് അബുല്‍ ആസ്വ് വീടു വിട്ടിറങ്ങി.
             യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നു കഴിഞ്ഞു. ഇണപ്രാവ് കൂടൊഴിയാന്‍ പോകുന്നു. സൈനബിനോടൊപ്പം പതറുന്ന പാദത്തോടെ അബുല്‍ ആസ്വ് കുറച്ച് ദൂരം മാത്രം സഞ്ചരിച്ചു. ഓരോ ചുവടുകളും വേര്‍പാടിന്‍റെ വേദനകള്‍ക്ക് കടുപ്പമേറി. നെഞ്ചകം തകരുമോ എന്ന് പോലും വിചാരിച്ചു പോയി. അബുല്‍ ആസ്വിന്‍റെ ചുവടുകള്‍ ഉറയ്ക്കാത്തത് പോലെ തോന്നി. കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്ന അശ്രുകണങ്ങള്‍ മരുഭൂമിയെ നനച്ചു. വിടവാങ്ങി അബുല്‍ ആസ്വ് മടങ്ങി. സൈനബ് (റ) ന്‍റെ ഹൃദയം തകര്‍ന്നത് പോലെ തോന്നി. സൈനബ് (റ) ന്‍റെ കൂടെ ഉണ്ടായിരുന്നത് അബുല്‍ആസ്വിന്‍റെ സഹോദരന്‍ കിനാനയാണ്. 
        പ്രവാചക പുത്രിയുടെ പലായനം മണത്തറിഞ്ഞ ഖുറൈശികള്‍ പിതാവിനോടുള്ള പക മകളോട് തീര്‍ക്കാന്‍ ഒരുങ്ങി. "ഇരുമ്പുലക്ക വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിച്ചിട്ട് കാര്യമുണ്ടോ?" അങ്ങനെ "ദീത്വവാ" എന്ന സ്ഥലത്ത് വെച്ച് മഹതിയെ അവര്‍ പിടികൂടി. ഹുബാര്‍ ബ്നു അസ്വദ് എന്നയാളാണ് മഹതിയെ ആക്രമിക്കാന്‍ തിരി കൊളുത്തിയത്. രംഗം കണ്ട കിനാന തന്‍റെ ആയുധവുമായി ചീറിവന്നു. പ്രശ്നം വഷളാകുമെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ പിന്‍വാങ്ങി. അബൂസുഫ്യാന്‍റെ അനുനയ വാക്കുകള്‍ കിനാന കണക്കിലെടുത്തില്ല. പരസ്യമായി പകലില്‍ തന്നെ പുറപ്പെട്ടത് ശരിയായില്ലെന്നും ആരും കാണാതെ കൊണ്ടുപോകാമായിരുന്നുവെന്നും അബൂ സുഫ്യാന്‍ ഉണര്‍ത്തിയെങ്കിലും കിനാനയുടെ ശൗര്യം അതിന് വിലകൊടുത്തില്ല. മുന്നോട്ട് തന്നെ പോകാന്‍ തയ്യാറായി. പക്ഷേ, പൂര്‍ണ്ണ ഗര്‍ഭിണിയായ മഹതിക്ക് പ്രസവവേദന തുടങ്ങി. ചുട്ടുപൊള്ളുന്ന മണലാരണ്യം പ്രവാചകപുത്രി സൈനബിന്‍റെ പ്രസവത്തിന് സാക്ഷിയായി. തളര്‍ന്ന മഹതിയെ മക്കയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോയി. ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ കിനാന തന്നെ മഹതിയെ കൊണ്ടുപോയി സൈദ് ബ്നു ഹാരിസത്തിനെ ഏല്‍പിച്ചു. 
                ഈ യാത്രയില്‍ മഹതിക്ക് ആരെയും ഭയക്കേണ്ടി വന്നില്ല. ഹിന്ദിന്‍റെ കുറിക്ക് കൊള്ളുന്ന കവിതകള്‍ അറബി ചുണക്കുട്ടന്മാരെ അടക്കിനര്‍ത്തി. 
         പെണ്ണുങ്ങളോട് യുദ്ധം ചെയ്യാന്‍ പോകുന്നവരേ നിങ്ങളുടെ ഈ ധൈര്യം ബദ്റില്‍ കാണാത്തതെന്ത്? എന്നര്‍ത്ഥം കുറിക്കുന്ന കവിതകള്‍ ഹിന്ദ് ചൊല്ലി. തന്‍റെ രണ്ട് മക്കളുമായി (മകന്‍ അലിയ്യ്, മകള്‍ ഉമാമ. ഈ മകളെയാണ് ഫാത്വിമ ബീവി (റ) യുടെ മരണശേഷം അലി (റ) വിവാഹം ചെയ്തത്)  മദീനയില്‍ എത്തിച്ചേര്‍ന്ന സൈനബിന്‍റെ കരളലിയിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് സ്വഹാബികള്‍ ഖുറൈശികള്‍ക്കെതിരെ തിരിയാന്‍ തയ്യാറായി. സൈനബിനെ ആക്രമിച്ചവരേയും കൂട്ടരേയും കരിച്ച് കളയാന്‍ അവരോട് നബി (സ്വ) കല്‍പിച്ചു. പക്ഷേ, അവരെ കണ്ടെത്താന്‍ മുസ്ലിംകള്‍ക്ക് കഴിഞ്ഞില്ല. പ്രഭാതത്തില്‍ തന്നെ തിരുനബി (സ്വ) യുടെ സന്ദേശമെത്തി. അവരെ കരിച്ചുകളയരുത്. തീയില്‍ കരിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. 
             തന്‍റെ പ്രിയതമനെ കുറിച്ചുള്ള ചിന്തകളിലും നേര്‍മാര്‍ഗ്ഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലുമായി സൈനബ് (റ) തന്‍റെ സഹോദരി ഉമ്മുകുല്‍സുമിനോടൊപ്പം മദീനയില്‍  കഴിഞ്ഞു കൂടി. ഓരോ ദിനങ്ങളും അതിവേഗം ഉദയാസ്തമയങ്ങള്‍ തേടി. 
               ബാഷ്പബിന്ദുക്കള്‍ക്കും ഭാരമേറിയ രാവുകള്‍ക്കും ആ രാത്രി അറുതിയായി. അതെ, ഹിജ്റ ആറാം വര്‍ഷം ജമാദുല്‍ ഊലായിലെ പ്രഭാതത്തിന് വഴിമാറാന്‍ കാത്ത് നില്‍ക്കുന്ന ഒരു രാവ്. ബാലാര്‍ക്കന്‍റെ ഒളിവിനായി ആകാശം തയ്യാറായി നില്‍ക്കുന്ന സമയം. വാതിലില്‍ ആരോ മുട്ടുന്നത് സൈനബിന്‍റെ ശ്രദ്ധയില്‍ പെട്ടു. മഹതി ചോദിച്ചു; ആരാണത്? റബീഇന്‍റെ മകന്‍ അബുല്‍ ആസ്വ്. മഹതിയവര്‍കള്‍ക്ക് വിശ്വസിക്കാനായില്ല. വീണ്ടുമുള്ള പ്രതികരണം അതു തന്നെ. ഇതൊരു ദിവാ സ്വപ്നമാകരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മഹതി വാതില്‍ക്കലെത്തി. അതെ തന്‍റെ ഭര്‍ത്താവ് അബുല്‍ ആസ്വ് തന്നെ. മുഖത്ത് ക്ഷീണവും പരിഭ്രാന്തിയുമുണ്ട്. അബൂല്‍ ആസ്വിനായി തന്‍റെ നെഞ്ചകം തുറന്നുവെച്ച സൈനബ് വീടിന്‍റെ വാതില്‍ തുറന്നു. 
              അപ്പോഴേക്കും ബിലാലിന്‍റെ മധുരസ്വരം വിശ്വാസികളെ തട്ടിയുണര്‍ത്തി. രാവിന്‍റെ ഒടുക്കവും പകലിന്‍റെ തുടക്കവും വിളിച്ചോതുന്ന ബിലാലിന്‍റെ സുബ്ഹി വാങ്ക്. നബി (സ്വ) യും സ്വഹാബാക്കളും പള്ളിയെ ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു.
              അബുല്‍ആസ്വിന്‍റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കേട്ട മഹതിക്ക് അത്ഭുതം കൂറി. നിങ്ങള്‍ നേതാവായിരിക്കെ അങ്ങേയ്ക്ക് മാനസിക ശാരീരിക പീഡനമോ?
              അബൂല്‍ ആസ്വ് പറഞ്ഞു: സൈനബേ, ഞാന്‍ ഇസ്ലാം സ്വീകരിച്ചിട്ട് വന്നതല്ല. അഭയം തേടി വന്നതാണ്. ശാമിലേക്കുള്ള കച്ചവടം കഴിഞ്ഞ് വരുന്ന വഴിമദ്ധ്യേ നിന്‍റെ പിതാവിന്‍റെ അനുചരന്മാരുമായി ഞങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. എന്‍റെയും ഖുറൈശികളിലെ ചിലരുടെയും ചില സാധനങ്ങള്‍ എന്‍റെ പക്കലുണ്ടായിരുന്നു. അത് മുസ്ലിംകള്‍ പിടിച്ചെടുത്തു. ഗത്യന്തരമില്ലാതെ അവരെ ഭയന്ന് ഓടേണ്ടി വന്നു. ഈ സമയത്ത് നിന്‍റെ അഭയം തേടി വന്നതാണ്. എനിക്ക് അഭയം നല്‍കിയാലും.
(തുടരും)

ശൈഖ് ജീലാനിയുടെ അത്ഭുതബാല്യം

ശൈഖ് ജീലാനിയുടെ അത്ഭുതബാല്യം


                          "താങ്കളെ ഇതിന് വേണ്ടിയല്ലല്ലോ സൃഷ്ടിക്കപ്പെട്ടത്?" ചോദ്യം കേട്ട ആ ബാലന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി. ഇല്ല, പരിസരത്ത് താന്‍ മേയ്ക്കുന്ന കാളയല്ലാതെ മറ്റാരെയും കാണാനില്ല!!. തന്‍റെ നേരെ മുഖം തിരിച്ച് നില്‍ക്കുന്ന കാള തന്നെയാണ് ഈ ചോദ്യമുന്നയിച്ചതെന്ന് ആ ബാലന് മനസ്സിലായി!!!.  അന്നൊരു അറഫാ ദിനമായിരുന്നു... ബാല്യത്തിന്‍റെ കുസൃതികളുടെ ഭാഗമെന്നോണം വയലിലേക്ക് കാളയെയും തെളിച്ച് നടന്നു പോകുന്ന ആ കുട്ടി കാളയുടെ ചോദ്യത്തിനു മുമ്പില്‍ ആദ്യമൊന്ന് പകച്ചു... പിന്നെ ഭീതിയോടെ വീട്ടിലേക്ക് പാഞ്ഞു... വീട്ടിലെത്തി മട്ടുപ്പാവില്‍ കയറി നോക്കുമ്പോള്‍ കാതങ്ങളകലെ അറഫ മൈതാനിയില്‍ അല്ലാഹുവിന്‍റെ അതിഥികളുടെ മഹാസംഗമം കണ്ണുകൊണ്ട് കാണുന്നു...!!  സ്രഷ്ടാവിന്‍റെ സവിധത്തിലേക്കുള്ള പ്രയാണത്തിന് ഈ അത്ഭുതങ്ങള്‍ ആ ബാലന്‍റെ ഹൃദയത്തില്‍ പ്രേരണയായി.. ഉടനെ മാതൃ സന്നിധിയിലെത്തി ഉമ്മയോട് ആത്മീയ പരിശീലന കളരിയിലെ ഗുരുക്കളുടെ സവിധത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി തേടി. പക്ഷേ പുത്രവിയോഗം താങ്ങാന്‍ ശേഷിയില്ലാത്ത മാതൃ ചിത്തം അതിനനുവദിച്ചില്ല. മകന്‍റെ നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രിയ മാതാവ് തന്‍റെ പുത്രനെ പിരിയാന്‍ നിര്‍ബന്ധിതയായി.....
                ഇത് ഖുത്വുബുല്‍ അഖ്താബ് ഗൗസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനി (ഖ.സി)യുടെ  അധ്യാത്മിക വഴിയിലേക്കുള്ള പ്രയാണത്തിന് നിമിത്തമായ സംഭവങ്ങളുടെ തുടക്കം. ഹിജ്റ 470 റമളാന്‍ 1 ന് ഇറാനിലെ ജീലാന്‍ പ്രവിശ്യയിലെ നീഫ് എന്ന ഗ്രാമത്തിലാണ് ശൈഖ് ജീലാനി (ഖ.സി)യുടെ ജനനം.  പിതാവ് ശൈഖ് അബൂ സ്വാലിഹ് മൂസാ ജന്‍കിദോസ്ത് (റ). മുത്ത് നബിയുടെ പേരക്കുട്ടി ഹസന്‍ (റ)ന്‍റെ കുടുംബ പരമ്പരയിലെ പ്രമുഖ കണ്ണി. മാതാവാകട്ടെ ഹുസൈന്‍ (റ)ന്‍റെ പരമ്പരയിലെ വിശ്രുതനും അധ്യാത്മിക ലോകത്ത് പ്രോജ്വലിച്ചു നിന്നിരുന്ന ആരിഫുമായ ശൈഖ് അബ്ദുല്ലാഹി സ്സൗമഈ (റ)ന്‍റെ പുത്രി ഉമ്മുല്‍ ഖൈര്‍ ഫാത്വിമ (റ)യും.  ശൈഖ് ജീലാനി (ഖ.സി)യുടെ ജനനം ലോകത്തെ അത്യുത്തമ വംശപരമ്പരയിലാണെന്നത് പ്രപഞ്ചനാഥന്‍റെ  പ്രീ പ്ലാനിംഗിന്‍റെ മികച്ച ഉദാഹരണമായി അനുവാചകന് അനുഭവേദ്യമായേക്കാം. ന്യൂനതകളുടെ സര്‍വ്വ പഴുതുകളും അടച്ചുള്ള മികച്ച സൃഷ്ടി കല്‍പ്പനയാണ് അല്ലാഹു അവന്‍റെ ഇഷ്ടദാസന്മാരുടെ കാര്യത്തില്‍ സാധാരണ നിര്‍വ്വഹിക്കുന്നത്.  അതുതന്നെയാണ് ശൈഖ് ജീലാനിയുടെ ചരിത്രത്തിലും കാണപ്പെടുന്നത്. ഔലിയാഇന്‍റെ ലോകത്തെ സുല്‍ത്വാനെ ഔലിയാക്കളുടെ തന്നെ പരമ്പരയിലൂടെ അല്ലാഹു ജന്മം നല്‍കി!! മുത്തുനബി (സ)യില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ജീനൂകള്‍ വിശുദ്ധരിലൂടെ മാത്രം കൈമാറി അബൂസ്വാലിഹ് മൂസാ (റ)യിലൂടെ ഉമ്മുല്‍ ഖൈര്‍ (റ) ന്‍റെ ഉദരത്തില്‍ വെച്ച് രൂപകല്‍പന നടത്തി പിന്നീട് ലോകത്തിന് കൈമാറി.
               തികഞ്ഞ മതഭക്തയും ഇലാഹി ചിന്തയില്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മഹതിയായിരുന്നു ശൈഖ് ജീലാനിയുടെ മാതാവ് ഉമ്മുല്‍ ഖൈര്‍ ഫാത്വിമ (റ). ജീവിതത്തിന്‍റെ സായംസന്ധിയിലായിരുന്നു അവര്‍ ശൈഖിനെ പ്രസവിച്ചത്. ശൈഖ് ജീലാനിയുടെ ജനനത്തിന്‍റെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് പിതാവ് ഇഹലോക വാസം വെടിഞ്ഞു. പിതാവിന്‍റെ വിയോഗാനന്തരം  അബ്ദുല്ലാഹി സ്സ്വൗമഈ (റ) കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തു. ശൈഖ് അബ്ദുല്ലാഹി സ്സ്വൗമഈ (റ) പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന മഹാന്മാരില്‍പ്പെട്ട വ്യക്തിയും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്നു. സമര്‍ഖന്തിലൂടെ കടന്നുപോയ ഒരു കച്ചവടസംഘത്തിന്‍റെ മുമ്പിലേക്ക് ചാടിവീണ കുതിരകളില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ അബ്ദുല്ലാഹി സ്സ്വൗമഇയെ വിളിച്ചതും ഉടന്‍തന്നെ അദ്ദേഹം പ്രത്യക്ഷപ്പെട്ട് അവയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം അവ ഓടിമറഞ്ഞതും ഇമാം ഖസ്വീനി രേഖപ്പെടുത്തുന്നു. 
                          ഒരിക്കല്‍ നാട്ടില്‍ കഠിനമായ വരള്‍ച്ച. ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടി.  അല്ലാഹുവിന്‍റെ മുന്നില്‍ നിസ്കാരം സമര്‍പ്പിച്ചു... പ്രാര്‍ത്ഥിച്ചു.... പക്ഷേ, ആകാശം തെളിഞ്ഞു തന്നെ നിന്നു... അവസാനം അവര്‍ ശൈഖ് ജീലാനിയുടെ പിതൃസഹോദരി ആഇശ (റ)യോട് ആവലാതി ബോധിപ്പിച്ചു. ഇലാഹി ചിന്തയില്‍ ജീവിതം സ്ഫുടം ചെയ്തെടുത്ത മഹതി ജനങ്ങളുടെ ആവശ്യം പരിഗണിച്ചു.  ചൂലെടുത്ത് മുറ്റം അടിച്ചു വാരി. ശേഷം തന്‍റെ നാഥനോട് ഇപ്രകാരം പറഞ്ഞു. "നാഥാ.. ഞാന്‍ നിന്‍റെ ഭൂമി അടിച്ചു വൃത്തിയാക്കിയിരിക്കുന്നു. നീ അവിടെ വെള്ളം നല്‍കണം." തന്‍റെ പ്രേമഭാജനം ആവശ്യം ഉന്നയിക്കേണ്ട താമസം അല്ലാഹു ശക്തമായ മഴ വര്‍ഷിപ്പിച്ചു. വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലൂടെ നടന്നു വന്നവര്‍ കവിഞ്ഞൊഴുകുന്ന മഴവെള്ളത്തിലൂടെ നീന്തിയാണ് തിരിച്ചുപോയത്. ശൈഖ് ജീലാനിയുടെ കുടുംബത്തിലെ ഓരോ അംഗവും ആത്മീയ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണെന്ന് ചുരുക്കം. ആത്മീയത നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷം അബ്ദുല്‍ ഖാദിര്‍ എന്ന ബാലനില്‍ അധ്യാത്മികതയുടെ സൗരഭ്യം പരത്തി. ബാല്യകാലത്ത് തന്നെ ശൈഖ് ജീലാനിയിലൂടെ ലോകം കറാമത്തുകള്‍ ദര്‍ശിച്ചു. 
                    ആകാശ ലോകത്തെ മാലാഖമാര്‍ ശൈഖവര്‍കള്‍ക്ക് ചെറുപ്പത്തില്‍ തന്നെ സംരക്ഷണം നല്‍കി. ശൈഖ് ജീലാനി മദ്റസയില്‍ പഠിക്കാന്‍  പോകുകയാണ്... അന്ന് പ്രായം പത്തു വയസ്സ്. ക്ലാസ്സ് മുറിയിലേക്ക് കടന്നുവരുമ്പോള്‍ സഹപാഠികള്‍ കേള്‍ക്കുന്നത് ഒരശരീരി...!! "അല്ലാഹുവിന്‍റെ വലിയ്യിന് ഇരിക്കാന്‍ സൗകര്യമൊരുക്കൂ....!!!"
                       ശൈഖ് (റ) തന്നെ പറയട്ടെ.... "കുട്ടിക്കാലത്ത് ഞാന്‍ കളിക്കാന്‍ പോകുകയാണ്... കൂടെ എന്‍റെ കൂട്ടുകാരനുമുണ്ട്. പെട്ടെന്നൊരു ശബ്ദം!  "ഓ പുണ്യാത്മാവേ, താങ്കള്‍ എവിടേക്കാണ് പോകുന്നത്.?" ഞാന്‍ ഭയന്നോടി ഉമ്മയുടെ മടിത്തട്ടില്‍ തലവെച്ചു കിടന്നു.
          ബഗ്ദാദിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പിന്‍റെ സമയത്താണ് മുതഅല്ലിമുകള്‍ക്ക് 'കൈമടക്ക്' ലഭിച്ചിരുന്നത്. പരാധീനതകളുടെ കൈപ്പുനീരില്‍ വിദ്യാര്‍ത്ഥി  ജീവിതം നയിക്കുന്ന അവര്‍ക്ക്  അതൊരു അനുഗ്രഹമായിരുന്നു. ഒരു വിളവെടുപ്പ് കാലത്തെ സംഭവം ശൈഖ് ജീലാനി (ഖ.സി) വിവരിക്കുന്നു... "ഒരിക്കല്‍ വിളവെടുപ്പ് കാലത്ത് ധനികരുടെ സമീപത്തേക്ക് പുറപ്പെടുമ്പോള്‍ സഹപാഠികള്‍ എന്നെയും വിളിച്ചു. ഞാന്‍ വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് പാദമൂന്നുന്ന സമയമായിരുന്നു അത്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാനും പുറപ്പെട്ടു. 'യഅ്ഖൂബ' എന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ 'ശരീഫുല്‍ യഅ്ഖൂബി' എന്ന് പേരുള്ള ഒരു വലിയ്യുണ്ടായിരുന്നു. ആ നാട്ടിലെത്തിയ സ്ഥിതിക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാമെന്ന് കരുതി ഞാന്‍ ചെന്നു. എന്നെ കണ്ടപാടെ അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു. " ഹഖ് ഉദ്ദേശിക്കുന്നവരും സജ്ജനങ്ങളും  ജനങ്ങളോട് ഒന്നും ചോദിച്ച് വാങ്ങില്ല". പിന്നീട് എനിക്ക് ഉപദേശങ്ങള്‍ നല്‍കി യാത്രയാക്കി. ശേഷം ഞാന്‍ അത്തരം സ്ഥലങ്ങളിലേക്ക് പോയിട്ടില്ല. "  
                ചെറുപ്രായത്തില്‍ തന്നെ ആരിഫീങ്ങളെ സന്ദര്‍ശിക്കലും അവരോടുള്ള സഹവാസവും ശൈഖവര്‍കള്‍ക്ക് ഹരമായിരുന്നു. കാരണം അവരോടുള്ള സഹവാസമാണല്ലോ അവരുടെ സരണിയിലേക്ക് പ്രവേശിക്കാനുള്ള കവാടം. അത്തരം സന്ദര്‍ശനങ്ങളില്‍ പ്രശസ്തമാണ് ഇബ്നുസ്സഖയുടെയും ശൈഖ് അബൂ അബ്ദുല്ലാ മുഹമ്മദ് അത്തമീമി (ഖ.സി)യുടെയും കൂടെ ഒരു ഗൗസിനെ കാണാന്‍ പോയ സംഭവം. 
       അന്ന് ബഗ്ദാദില്‍ അല്ലാഹുവിന്‍റെ ഗൗസ് ആയി അറിയപ്പെടുന്ന ഒരു മഹാന്‍ ജീവിച്ചിരുന്നു. നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ജനങ്ങളുടെ അത്താണിയായിരുന്നു. ആ മഹാനെ സന്ദര്‍ശിക്കാന്‍ ബഗ്ദാദിലെ മദ്റസത്തുന്നിളാമിയ്യയിലെ വിദ്യാര്‍ത്ഥികളായിരുന്ന മുഹമ്മദ് അത്തമീമിയും ഇബ്നു സ്സഖയും പുറപ്പെട്ടു. അവരോടൊപ്പം ശൈഖ് ജീലാനിയും കൂടി. യാത്രയില്‍ ഓരോരുത്തരും തങ്ങളുടെ സന്ദര്‍ശനോദ്ദേശ്യം പരസ്പരം കൈമാറി. ഇബ്നുസ്സഖ പറഞ്ഞു: "അദ്ദേഹത്തിന് ഒരിക്കലും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം ചോദിച്ച് ഞാന്‍ അദ്ദേഹത്തെ കുഴപ്പിക്കും". മുഹമ്മദ് തമീമി പറഞ്ഞു. " അതിനു ഞാനില്ല, എങ്കിലും മറുപടി അറിയാനായി ഞാന്‍ ഒരു ചോദ്യം ചോദിക്കും അത്രമാത്രം. " അപ്പോള്‍ ശൈഖ് ജീലാനി (റ) പറഞ്ഞു. "ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനല്ല പോകുന്നത,് ആ മഹാനെ സന്ദര്‍ശിച്ച് എനിക്ക് ബറക്കത്തെടുക്കണം. അത് മാത്രമാണ് എന്‍റെ ലക്ഷ്യം". 
             അങ്ങനെ മൂവര്‍ സംഘം ആ മഹാന്‍റെ സന്നിധിയിലെത്തി. പക്ഷേ, അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹം സദസ്സിലേക്ക് എത്തി. വന്നയുടനെ രോഷത്തോടെ ഇബ്നുസ്സഖയോട് പറഞ്ഞു. "ഓ ഇബ്നുസ്സഖാ... നിനക്ക് നാശം... എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിട്ടാണല്ലേ നീ വന്നത്... എങ്കില്‍ അറിഞ്ഞോളൂ... നിന്‍റെ ചോദ്യമിതാ... അതിന്‍റെ ഉത്തരവുമിതാ...." അന്ധാളിച്ചു നില്‍ക്കുന്ന ഇബ്നുസ്സഖയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു.."കുഫ്റിന്‍റെ തീ ജ്വാലകള്‍ നിന്നില്‍ കത്തി നില്‍ക്കുന്നത് ഞാന്‍ കാണുന്നു."
               ശേഷം തമീമിയുടെ നേരെ തിരിഞ്ഞു. എന്‍റെ മറുപടി അറിയാനായി നീ ഉദ്ദേശിച്ച ചോദ്യമിതാ.. അതിന്‍റെ ഉത്തരവുമിതാ.. നിന്‍റെ സ്വഭാവദൂഷ്യം നിമിത്തം നിന്നെ ദുനിയാവ് പൊതിയും. 
പിന്നീട് വാത്സല്യവും ആദരവും കലര്‍ന്ന മുഖഭാവത്തോടെ ശൈഖ് ജീലാനി (റ)യെ തന്‍റെയടുത്തേക്ക് വിളിച്ച് പറഞ്ഞു. "അബ്ദുല്‍ ഖാദിര്‍,  താങ്കളുടെ വിശിഷ്ട സ്വഭാവം മൂലം താങ്കളെ അല്ലാഹുവും റസൂലും തൃപ്തപ്പെട്ടിരിക്കുന്നു. ബഗ്ദാദിലെ വലിയ സമ്മേളനത്തില്‍ താങ്കള്‍ പ്രസംഗിക്കുന്നതും എല്ലാ ഔലിയാക്കളുടെയും പിരടിക്കു മീതെയാണ് എന്‍റെ കാല്‍പാദമെന്ന് താങ്കള്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍വ്വ ഔലിയാക്കളും താങ്കള്‍ക്ക് ശിരസ്സ് താഴ്ത്തുന്നതും ഞാനിതാ ദര്‍ശിക്കുന്നു." അതോടെ അദ്ദേഹം അപ്രത്യക്ഷനായി..
             ഔലിയാക്കളോടുള്ള സഹവാസത്തിന്‍റെ ഭാഗമായി  താജുല്‍ ആരിഫീന്‍ അബുല്‍ വഫ (റ)നെ കാണാന്‍ ചെല്ലുമ്പോഴെല്ലാം ശൈഖ് ജീലാനിയെന്ന ബാലനെ അദ്ദേഹം എഴുന്നേറ്റു നിന്ന് ബഹുമാനിക്കുകയും തന്‍റെ സദസ്യരോട് ആല്ലാഹുവിന്‍റെ വലിയ്യിനെ ആദരിച്ച് എല്ലാവരും എഴുന്നേല്‍ക്കൂ എന്ന് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ആ കുട്ടിയോടുള്ള അമിതാദരവ് കണ്ട ശിഷ്യര്‍ അദ്ഭുതത്തോടെ അബുല്‍ വഫാ (റ)യോട് ഈ ആദരവിന്‍റെ രഹസ്യം അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഈ കുട്ടിക്ക് മഹത്തായ ഭാവിയുണ്ട്. അദ്ദേഹത്തെ ഔലിയാക്കളും അല്ലാത്തവരും ആശ്രയിക്കും. തന്‍റെ കാല്‍പാദം എല്ലാ വലിയ്യിന്‍റെയും പിരടിക്ക് മീതെയാണെന്ന് അദ്ദേഹം ബഗ്ദാദില്‍ വെച്ച് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ ഔലിയാക്കളും തലതാഴ്ത്തി അതംഗീകരിക്കും. അദ്ദേഹം ഔലിയാക്കളുടെ ഖുത്വുബാണ്".
             ശൈഖ് ജീലാനി (റ)ന്‍റെ ക്രോഡീകൃതമായ ബാല്യകാല കറാമത്തുകള്‍ തന്നെ അനവധി. തന്‍റെ ജനനത്തിന് മുമ്പ് തന്നെ മുത്ത് നബി (സ്വ)യും മറ്റനവധി മഹാന്മാരും പിതാവായ അബൂ സ്വാലിഹ് (റ) നെ സ്വപ്നത്തില്‍ സന്ദര്‍ശിച്ച് ശൈഖവര്‍കളുടെ ആഗമനത്തെക്കുറിച്ച് സന്തോഷവാര്‍ത്തയറിയിച്ചിരുന്നു. അബൂ സ്വാലിഹ് (റ) ഒരിക്കല്‍ നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. മുത്തു നബിയോടൊപ്പം സ്വഹാബികളും മറ്റു മഹാന്മാരുമുണ്ട്. അദ്ദേഹത്തോട് മുത്ത് നബി (സ്വ) പറഞ്ഞു. "താങ്കള്‍ക്ക് അല്ലാഹു മഹാനായ ഒരു കുഞ്ഞിനെ തന്നിരിക്കുന്നു. എന്‍റെ മകനും പ്രിയപ്പെട്ടവനും അല്ലാഹുവിന്‍റെ ഇഷ്ടക്കാരനുമാണവര്‍.  പ്രവാചകര്‍ക്കിടയിലെ എന്‍റെ സ്ഥാനം പോലെ അഖ്ത്വാബുകള്‍ക്കിടയില്‍ ഉന്നത സ്ഥാനത്തായിരിക്കുമവര്‍." 
              നവജാത ശിശുവായിരിക്കെ തന്നെ കറാമത്ത് പ്രകടിപ്പിച്ച് ജനങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ശൈഖവര്‍കള്‍. റമളാനിലാണല്ലോ ശൈഖവര്‍കളുടെ ജനനം? പ്രിയമാതാവ് ഫാത്വിമ (റ) പറയട്ടെ... "ഞാന്‍ എന്‍റെ മകനെ പ്രസവിച്ചപ്പോള്‍ റമളാനിന്‍റെ പകലില്‍ മുലപ്പാല്‍ കുടിച്ചിരുന്നില്ല... ഒരിക്കല്‍ റമളാനിന്‍റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വം.. അവര്‍ എന്‍റെയടുക്കല്‍ വന്ന് കുട്ടി മുലപ്പാല്‍ കുടിച്ചോ എന്നന്വേഷിച്ചു.  "ഇല്ല, ഇന്ന് കുടിച്ചില്ല" ഞാന്‍ പ്രതിവചിച്ചു. അന്ന് റമളാനില്‍പ്പെട്ടതായിരുന്നുവെന്ന് പിന്നീട് വ്യക്തമായി".
             ശൈഖവര്‍കളുടെ വംശപരമ്പരയിലെ വിശുദ്ധി, അനാഥത്വം, ബാല്യകാലത്തെ അത്ഭുതങ്ങള്‍, ജീവിത വിശുദ്ധി, ആത്മീയതയോടുള്ള അഭിനിവേശം, സല്‍സ്വഭാവം, സത്യസന്ധത, ക്ഷമ, സഹനം, ലാളിത്യം, വിനയം, ആദരവ്, സൂക്ഷ്മത തുടങ്ങി  ശൈഖവര്‍കളുടെ ജീവിതകാലത്തെ ഓരോ പോയിന്‍റും മുത്തു നബി (സ)യുടെ അവസ്ഥകളോട് താദാത്മ്യം പ്രാപിക്കുന്ന കാഴ്ച സൂക്ഷ്മ വിശകലനത്തില്‍ അനുഭവപ്പെടുന്നു. ആധ്യാത്മിക ലോകത്തിന്‍റെ നായകത്വം ഏറ്റെടുക്കാന്‍ അല്ലാഹു നിശ്ചയിച്ച ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി)യുടെ ചരിത്രം അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!!. 
            തുടക്കത്തിലെ കഥയുടെ ക്ലൈമാക്സ് ശൈഖ് ജീലാനി (റ)ന്‍റെ അമൂല്യ സ്വഭാവ വൈശിഷ്ട്യത്തിന്‍റെയും അസാമാന്യ ധീരതയുടെയും ഉത്തമോദാഹരണമായി കാണാം. ആത്മീയ ജ്ഞാനങ്ങള്‍ നേടാനും അതുവഴി ഹൃദയം ശൂദ്ധീകരിച്ച് അത്യുന്നത സ്ഥാനങ്ങളിലെത്താനുമുള്ള ആഗ്രഹം മൂലം അന്നത്തെ വിജ്ഞാന കേന്ദ്രമായിരുന്ന ബഗ്ദാദിലേക്ക് പോകാന്‍ അനുമതി ലഭിച്ച ആ കുട്ടിയുടെ ഹൃദയം സന്തോഷാധിക്യത്താല്‍ തുടുത്തു. അങ്ങനെ യാത്ര പോകാനുള്ള ദിവസം വന്നു. പക്ഷേ ഒറ്റക്ക് യാത്രചെയ്യാന്‍ സ്നേഹനിധിയായ മാതാവ് അനുവദിച്ചില്ല. കാരണം ജീലാനില്‍ നിന്ന് ബഗാദാദിലേക്കുള്ള വഴി ദുര്‍ഘടമായിരുന്നു. തനിച്ചുള്ള യാത്ര അപകടകരമാണ്. അതുകൊണ്ട് ബഗ്ദാദിലേക്ക് പോകുന്ന വ്യാപാര സംഘങ്ങള്‍ക്കൊപ്പമായിരുന്നു യാത്രക്ക് ഒരുക്കം നടത്തിയത്. 
                പിതാവിന്‍റെ അനന്തരമായി കിട്ടിയ 80 ദീനാര്‍ മകന്‍റെ ചെലവിലേക്കായി ഉമ്മ നല്‍കിയെങ്കിലും തന്‍റെ സഹോദരന് കൂടി അവകാശപ്പെട്ട പണത്തിന്‍റെ പകുതി മാത്രമാണ് ശൈഖവര്‍കള്‍ സ്വീകരിച്ചത്. അതാവട്ടെ തന്‍റെ കുപ്പായത്തിന്‍റെ കക്ഷത്തിന് താഴെ ആരുടെയും ദൃഷ്ടിയില്‍പ്പെടാത്തവിധം ഒളിപ്പിച്ചു വെക്കുകയും ചെയ്തു. കണ്ണീരില്‍ കുതിര്‍ന്ന ഒരു പിടിവാക്കുകള്‍ പുത്രന്‍റെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കി ആ ഉമ്മ പ്രിയ പുത്രനെ യാത്രയാക്കി. "കുഞ്ഞുമോനെ.... നീ ഒരിക്കലും കളവു പറയരുത്...യഥാര്‍ത്ഥ സത്യവിശ്വാസി കളവ് പറയില്ല...." ലോകത്തെ ഏതൊരുമ്മക്കും മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഉപദേശം....ആ  വാക്കുകള്‍ കുട്ടിയുടെ കര്‍ണ്ണപുടങ്ങളിലല്ല, മറിച്ച് ഹൃദയ ഭിത്തികളിലാണ് തറച്ചതെന്ന് യാത്രയിലെ അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നു. 
                     ജീലാന്‍ മുതല്‍ ഹമദാന്‍ വരെയുള്ള യാത്ര സുഖകരമായിരുന്നു. പക്ഷേ, ഹമദാന്‍ കടന്നതോടെ വലിയൊരു കൊള്ള സംഘം കച്ചവടസംഘത്തിന്‍റെ മുമ്പിലേക്ക് ചാടി.... എല്ലാവരും പകച്ചു നിന്നു... കൊള്ളക്കാര്‍ ഓരോരുത്തരെയായി കവര്‍ച്ച ചെയ്യാന്‍ തുടങ്ങി.... കയ്യിലുള്ള സര്‍വ്വ വസ്തുക്കളും അവര്‍ പിടിച്ചെടുത്തു. അടുത്തത് ശൈഖ് ജീലാനി (റ)യുടെ ഊഴമാണ്... ശൈഖിനെ കണ്ടപ്പോള്‍ത്തന്നെ കൊള്ളക്കാരന് കണ്ണില്‍ പിടിച്ചില്ല!. ദാരിദ്ര്യം നിഴലിക്കുന്ന വേഷവിധാനം.... പോരെങ്കില്‍ ഇളംപ്രായവും..!! ശൈഖിനെ അവഗണിച്ച് കവര്‍ച്ചക്കാരന്‍ മുന്നോട്ട് പോയെങ്കിലും ഫോര്‍മാലിറ്റിക്ക് വേണ്ടി വെറുതെ ഒരു ചോദ്യം തൊടുത്തുവിട്ടു. "എന്തേലുമുണ്ടോടാ... നിന്‍റെ കയ്യില്‍" സത്യത്തില്‍ മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യമായിരുന്നില്ല അത്. പക്ഷേ,, കവര്‍ച്ചക്കാരനെ അത്ഭുതപ്പെടുത്തി ശൈഖവകര്‍കളുടെ മറുപടി പെട്ടെന്നായിരുന്നു. "അതെ, നാല്‍പത് ദീനാറുണ്ട്...!!!" അവിശ്വസനീയതയോടെ അയാള്‍ ചോദ്യം ആവര്‍ത്തിച്ചു... മറുപടി തഥൈവ!. എങ്കിലൊന്നു കാണട്ടെയെന്നായി ആയാള്‍..  ശൈഖവര്‍കള്‍ കക്ഷം ഉയര്‍ത്തി കാണിച്ചുകൊടുത്തു...!!
              അത്ഭുതം ശതഗുണീഭവിച്ച അയാള്‍ കുട്ടിയെയുമായി നേതാവിന്‍റെയടുത്തേക്ക് പോയി സംഭവം വിവരിച്ചു.. അയാളും പഴയ ചോദ്യം ആവര്‍ത്തിച്ചു...  ശൈഖ് മറുപടിയും പറഞ്ഞു.. അയാള്‍ അതെടുക്കാന്‍ ആവശ്യപ്പെട്ടു. അല്‍പം പോലും കൂസാതെ നാല്‍പത് ദീനാറെടുത്ത് കവര്‍ച്ചക്കാരന്‍റെ കയ്യില്‍ വെച്ചു കൊടുത്തു.! ആയാള്‍ക്ക് ആശ്ചര്യമടക്കാനായില്ല. ഞങ്ങളുടെ കണ്ണില്‍പ്പെടില്ലെന്ന് ഉറപ്പായിട്ടും മോനെന്തിനാണ് അത് വെളിപ്പെടുത്തിയത് ആയാള്‍ ചോദിച്ചു.  അതിന്‍റെ മറുപടി കേട്ട് കവര്‍ച്ചക്കാര്‍ മാത്രമല്ല ആകാശവും ഭൂമിയും കോരിത്തരിച്ചിട്ടുണ്ടാവണം..!! "എന്‍റെ ഉമ്മ എന്നോട് കളവു പറയരുതെന്നും അത് സത്യവിശ്വാസിയുടെ സ്വഭാവമല്ലെന്നും വസ്വിയ്യത്ത് ചെയ്താണ് യാത്രയാക്കിയത്..." ഈ വാക്കുകള്‍ കവര്‍ച്ചക്കാരുടെ ഹൃദയത്തില്‍ പരിവര്‍ത്തനത്തിന്‍റെ വന്‍സ്ഫോടനങ്ങള്‍ സൃഷ്ടിച്ചു. ശൈഖവര്‍കളുടെ മുന്നില്‍ നമ്രശിരസ്കരായി ആല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി ശൈഖിന്‍റെ കൈപിടിച്ച് സജ്ജനപാതയിലേക്ക് നടന്നടുത്തു....
                                                                                                   അബുല്‍ബിശ്ര്‍

Wednesday, 15 November 2017

വിയോഗശേഷം

വിയോഗശേഷം

                             അനുഗ്രഹങ്ങളുടെ ആകെത്തുകയും നാരായ വേരുമായ പുണ്യറസൂലിനെ സ്നേഹിക്കുന്നതില്‍ നിന്നല്ലാതെ അഭിവൃദ്ധിയൊന്നും സിദ്ധിക്കുകയില്ല. അനര്‍ഘമായ സ്നേഹം നശ്വര വസ്തുക്കളെയെല്ലാം വിസ്മരിച്ച് സമസ്തവും പരിത്യജിച്ച് സ്വാര്‍ത്ഥതയില്‍ നിന്നും സമ്പൂര്‍ണ്ണ മോചനം നല്‍കി ഇലാഹിലേക്ക് അടുപ്പിക്കും. പുണ്യറസൂലിന്‍റെ വിയോഗശേഷവും സ്വഹാബത്തിന്‍റെ അന്തരംഗത്ത് പുണ്യറസൂലിനോടുള്ള സ്നേഹം ഒരിക്കലും ക്ഷയിക്കാതെ അനസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു. ജ്വലിച്ച് നിന്ന അവിടുന്നിനോടുള്ള രാഗവായ്പ് അടങ്ങാത്ത ആവേശമായി അവരില്‍ അലതല്ലി. ശാലീന സ്നേഹം നിമിത്തം സ്വന്തം അഭിരുചികളും ആഗ്രഹങ്ങളും അവര്‍ മാറ്റിവെച്ചു. അതീവഗഹനമായ അവിടുന്നിന്‍റെ മഹിമകളുടെ മഹോന്നത തലം വരെ ചെന്നെത്താന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ലെങ്കിലും സ്വഹാബത്ത് അത് ഒരളവോളം തൊട്ടറിഞ്ഞവരാണ്. അങ്ങനെ അവര്‍ ആ സ്നേഹത്തില്‍ അവിരാമം ആവേശം കൊണ്ടു. ഇഹപരവസ്തുക്കളുടെ വിശേഷണം പുണ്യറസൂലിന്‍റെ വിശേഷണങ്ങളോട് അനുരൂപമില്ലാത്തതിനാല്‍ അവയുടെ മാധ്യമം മൂലം പുണ്യറസൂലിന്‍റെ വിശേഷണങ്ങള്‍ വിശദീകരിക്കല്‍ വിഷമമാണ്. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: "പുണ്യറസൂല്‍ (സ്വ) അവിടുന്നിന്‍റെ വിശേഷണങ്ങളില്‍ പങ്കുകാരനെ തൊട്ട് പരിശുദ്ധനാണ്". അഥവാ അവിടുന്നിന്‍റെ വിശേഷണങ്ങള്‍ അതേ അര്‍ത്ഥത്തില്‍ മറ്റൊരു സൃഷ്ടിയിലും കാണുകയില്ല. എന്തെല്ലാം ആലോചിച്ചാലും എത്രമാത്രം വ്യക്തമായി ഗ്രഹിച്ചാലും പുണ്യറസുലിന്‍റെ വിശേഷണങ്ങളില്‍ നിന്നും തുലോം അകലത്തിലും വ്യത്യസ്തതയിലുമായിരിക്കും അവ. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: അവിടുന്നിന്‍റെ വിശേഷണങ്ങള്‍ വിഭജിക്കപ്പെടാത്തതാണ്. മറ്റു വസ്തുക്കളിലെ വിശേഷണങ്ങള്‍ വിഭജന വിധേയമാണ്. ഭൗതിക പാരത്രിക വസ്തുക്കളേക്കാളും സ്വര്‍ഗ്ഗം അതിലെ അനുഗ്രഹങ്ങളേക്കാളും പ്രിയങ്കരം പുണ്യറസൂലും അല്ലാഹുവുമായിരിക്കലാണ് വിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനുള്ള മാര്‍ഗ്ഗമെന്ന് പുണ്യറസൂല്‍ (സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചത് ഇമാം ബുഖാരി (റ) നമുക്ക് ഉദ്ധരിച്ചു നല്‍കുന്നു. പുണ്യറസൂലിനെ (സ്വ) സ്നേഹിക്കാതെ അതല്ലെങ്കില്‍ പുണ്യറസൂലി (സ്വ) ലുപരി സ്വര്‍ഗ്ഗത്തെ കൊതിക്കുന്നവര്‍ വിശ്വാസത്തിന്‍റെ രുചി അറിയാത്തവരാണെന്ന് സാരം. എന്ത് ചെയ്യാം? വിശപ്പും രുചിയുമില്ലാത്തവന് ഭക്ഷണം കഴിപ്പിക്കുന്നതിലും പ്രയാസമാണ് പുണ്യറസൂലി (സ്വ) നോടുള്ള സ്നേഹവും അതിന്‍റെ രുചിയുമില്ലാത്തവര്‍ക്ക് അവിടുന്നിനോടുള്ള സ്നേഹം ഊട്ടാന്‍ ശ്രമിക്കുന്നത്. 
സ്വഹാബത്തിന്‍റെ അന്തരംഗത്തെ ഹര്‍ശപുളകിതമാക്കത്തക്കവണ്ണം ഉത്കര്‍ഷം പ്രാപിച്ചതായിരുന്നു അവരുടെ സ്നേഹം. അതാണ് വിശ്വാസത്തിന്‍റെ ലഹരി നുകരാനുള്ള മാര്‍ഗ്ഗമെന്ന് അവര്‍ക്ക് ബോധ്യവുമായിരുന്നു.
                       പുണ്യറസൂല്‍ (സ്വ) വിടപറയുമെന്ന് സ്വഹാബത്തിന് അറിയാമായിരുന്നു. എന്നാലും പുണ്യറസൂലി (സ്വ) ന്‍റെ വിയോഗം അവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനെ കുറിച്ചാണ് അല്ലാഹു പറഞ്ഞത് : "മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രമാണ്" (). അഥവാ വിയോഗമില്ലാത്തവരല്ല പ്രവാചകന്‍ മാത്രമാണ്. സ്വഹാബത്ത് വിയോഗത്തെ നിഷേധിച്ചിട്ടില്ല. എങ്കിലും അവരുടെ മനസ്സുകള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗമറിഞ്ഞ ഉമര്‍ (റ) കുതിച്ചെത്തി തിരുമുഖത്ത് നിന്നും വസ്ത്രം മാറ്റി ഒരു നോക്ക് ദര്‍ശിച്ച് വിയോഗം ഉമര്‍ (റ) വിശ്വസിച്ചില്ല. പുണ്യറസൂല്‍ (സ്വ) തിരിച്ചുവരുമെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. ഇലാഹീ സന്നിധി പുല്‍കിയിരിക്കുന്നു എന്ന ദുഃഖസത്യം ഉമര്‍ (റ)നെ ബോധ്യപ്പെടുത്താന്‍ മുഗീറ (റ) നടത്തിയ ശ്രമം വിഫലമായി. പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഉമര്‍ (റ) പള്ളിയിലെത്തി ആക്രോശിച്ചു. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് ചില കപടന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അല്ലാഹുവാണേ സത്യം! അവിടുന്ന് മരിച്ചിട്ടില്ലെന്ന് തീര്‍ച്ച. മൂസാ നബി (അ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയത് പോലെ പുണ്യറസൂലും (സ്വ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയതാണ്. അല്ലാഹുവാണേ സത്യം! മൂസാ നബി (അ) മടങ്ങിവന്നത് പോലെ തിരുനബി (സ്വ) യും മടങ്ങിവരിക തന്നെ ചെയ്യും. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് പ്രചരിപ്പിച്ചവരുടെ കൈകാലുകള്‍ പ്രവാചകന്‍ മടങ്ങിവന്നാല്‍ ഛേദിക്കുന്നതാണ്. ധീരരില്‍ ധീരനായ ഉമര്‍ (റ) ന്‍റെ ശബ്ദം പളളിയെ പ്രകമ്പനം കൊളളിച്ചു. ഉമറി (റ) ന്‍റെ ചുറ്റും കൂടിയ സ്വഹാബത്തിലും പുണ്യറസൂലി (സ്വ) ന്‍റെ പ്രത്യാഗമനത്തെ കുറിച്ചുള്ള ഉമറി (റ) ന്‍റെ വാക്കുകള്‍ പ്രതീക്ഷകളുണര്‍ത്താന്‍ തുടങ്ങി. അവരതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അബൂബക്കര്‍ (റ) കടന്നുവരുമ്പോഴും ഉമര്‍ (റ) പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അബൂബക്കര്‍ (റ) വന്ന് വിശുദ്ധ ഖുര്‍ആനിലെ മുഹമ്മദ് (സ്വ) ഒരു പ്രവാചകന്‍ മാത്രമാണെന്ന് ഓതിക്കൊടുത്തു. അഥവാ മരണമില്ലാത്ത അവസ്ഥ പുണ്യറസൂലി(സ്വ)ലില്ല. തിരുനബി (സ്വ) ക്ക് മുമ്പും പ്രവാചകന്മാര്‍ വന്ന് പോയിട്ടുണ്ട് എന്നും ബോധ്യപ്പെടുത്തി കൊടുത്തപ്പോഴാണ് ഉമറി (റ) നും സ്വഹാബത്തിനും ബോധം തിരിച്ചുവരുന്നത്. 
                   ചുരുക്കത്തില്‍ സ്വഹാബത്ത് തിരുനബി (സ്വ) യുടെ വിയോഗം പോലും ചിന്തിക്കാന്‍ മടിച്ചവരായിരുന്നു. തിരുനബി (സ്വ) മുആദ് ബ്നു ജബലി (റ) നെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ പറഞ്ഞു: ഓ മുആദ്! ഒരു പക്ഷേ ഈ വര്‍ഷത്തിന് ശേഷം നിങ്ങളെന്നെ കണ്ടില്ലെന്ന് വരാം. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ മുആദ് (റ) വാവിട്ട് കരഞ്ഞു. (അഹ്മദ്)
                    ഇവിടെ തന്നെ തുടരാനും അല്ലെങ്കില്‍ അല്ലാഹുവിലേക്ക് പോകാനും ഒരു ദാസന് അല്ലാഹു അനുമതി നല്‍കി എന്ന് പുണ്യറസൂല്‍ (സ്വ) പറഞ്ഞപ്പോള്‍ അത് അവിടുന്നിന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ അബൂബക്കര്‍ (റ) പൊട്ടിക്കരഞ്ഞു( ബുഖാരി).
അബ്ദുല്ലാഹി ബ്നു ഉമറി (റ) ല്‍ നിന്നും നിവേദനം: അബൂബക്കറി (റ) ന്‍റെ മരണകാരണം തന്നെ പുണ്യറസൂലി(സ്വ) ന്‍റെ വേര്‍പാടായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടോട് കൂടി അബൂബക്കറി (റ) ന്‍റെ ശരീരം മെലിയാന്‍ തുടങ്ങി (മുസ്നദു അബീബക്കര്‍). 
                   അബൂജഅ്ഫറി (റ) ല്‍ നിന്നും നിവേദനം: പുണ്യറസൂലി(സ്വ) ന്‍റെ വിയോഗശേഷം അവടുന്നിന്‍റെ പുന്നാരമകള്‍ ഫാത്വിമ (റ) ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല (അല്‍വഫാ -ഇബ്നുല്‍ ജൗസി).പുണ്യറസൂലി (സ്വ) നെ മറവ് ചെയ്തവരില്‍ പെട്ട അനസ് (റ) നോട് ഫാത്വിമ ബീവി (റ) ചോദിച്ചു: ഓ! അനസ്! പുണ്യറസൂലി (സ്വ) നെ മണ്ണില്‍ മറവ് ചെയ്ത് നിങ്ങള്‍ക്കെങ്ങനെ തിരിച്ചുവരാന്‍ സാധിച്ചു. ഹമ്മാദ് (റ) പറയുന്നു: ഈ സംഭവം ഉദ്ധരിച്ച് അനസി (റ) ന്‍റെ ശിഷ്യനും പ്രഗത്ഭ താബിഉമായ സാബിത്തുല്‍ ബുനാനി (റ) തന്‍റെ വാരിയെല്ലുകള്‍ കോര്‍ക്കുന്ന രൂപത്തില്‍ ഏങ്ങിക്കരഞ്ഞു (അല്‍വഫാ-ഇബ്നുല്‍ജൗസി).
                             അലി (റ) യില്‍ നിന്നും നിവേദനം: ഫാത്വിമ ബീവി (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റില്‍ നിന്നും ഒരുപിടി മണ്ണെടുത്ത് മഹതിയുടെ കണ്ണോട് ചേര്‍ത്ത് വെച്ച് കരഞ്ഞു കൊണ്ട് പറയുമായിരുന്നു: അങ്ങയുടെ ഖബറിന്‍റെ മണ്ണ് വാസനിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഇനി വേറെ സുഗന്ധത്തിലേക്ക് ആവശ്യമില്ല (അല്‍ വഫാ - ഇബ്നുല്‍ ജൗസി, സുബ്ലുല്‍ ഹുദാ).
                       പുണ്യറസൂലി (സ്വ) ന്‍റെ വിയോഗശേഷം ഹബീബില്ലാത്ത മദീനയില്‍ നില്‍ക്കാനാവാതെ ബിലാല്‍ (റ) മദീന വിടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ അബൂബക്കര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ പള്ളിയില്‍ വാങ്ക് കൊടുത്തു കൊണ്ട് തന്നെ ബിലാല്‍ (റ) തുടരണമെന്ന ആഗ്രഹത്തോടെ അബൂബക്കര്‍ (റ) ബിലാലി (റ) നെ മദീന വിട്ട് പോകുന്നതിനെ വിലക്കിയപ്പോള്‍ ബിലാല്‍ (റ) അബൂബക്കറി (റ) നോട് പറഞ്ഞു: പുണ്യറസൂലി(സ്വ)ല്ലാത്ത മദീനയില്‍ നില്‍ക്കാന്‍ എനിക്ക് സാധ്യമല്ല. പുണ്യറസൂല്‍ (സ്വ) നിന്നിരുന്ന സ്ഥലം അവിടുന്നില്ലാതെ കാണാന്‍ എനിക്ക് ശക്തിയില്ല (കര്‍മാനി). ബിലാലി (റ) ന്‍റെ മറുപടി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ: ഓ! അബൂബക്കര്‍! താങ്കള്‍ വില കൊടുത്ത് വാങ്ങി എന്നെ മോചിപ്പിച്ചത് താങ്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്നെ മദീന വിട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞുകൊള്ളുക. അല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചാണ് എന്നെ മോചിപ്പിച്ചതെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. (ബുഖാരി). പുണ്യറസൂല്‍ (സ്വ) നിന്ന മിമ്പറും മിഹ്റാബും അവിടുന്നിന്‍റെ ഭവനവും മറ്റു സ്ഥലങ്ങളും അവിടുന്നില്ലാതെ കാണാന്‍ എനിക്ക് സാധിക്കില്ലായെന്ന് പറഞ്ഞത് ബിലാലാ (റ) ണ്. 
                       കനലായി മാറുന്ന മണലില്‍ മക്കയിലെ മുശ്രിക്കുകള്‍ ബിലാലിനെ വിവസ്ത്രനായി കിടത്തി വെയിലിന്‍റെ താപമേറ്റ് ചുട്ടുപഴുത്ത പാറക്കല്ല് ചുമന്ന് കൊണ്ടുവന്ന് മാറില്‍ വെച്ച് താഴെയും മേലെയും ഒരുപോലെ ചുട്ടുപൊള്ളുന്ന സമയത്ത് ലാത്തയേയും ഉസ്സയെയും വിളിക്കൂ എന്ന് ആക്രോശിക്കുമ്പോഴും "അഹദ്.. അഹദ്" എന്ന് മാത്രം മന്ത്രിച്ച അധരങ്ങളുടെ ഉടമയായ അതിധീരനായ ബിലാലി (റ) ന് പ്രത്യക്ഷത്തില്‍ പുണ്യറസൂലില്ലാത്ത മദീനയില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അവിടുന്ന് നില്‍ക്കുകയും ഇരിക്കുകയും ചെയ്ത സ്ഥലങ്ങളിലേക്ക് അവിടുന്നില്ലാതെ നോക്കാന്‍ അശക്തനായിരുന്നു ധീരനായ ബിലാല്‍ (റ). 
                      അമ്മാറ് ബ്നു യാസിര്‍ (റ) പറയുന്നു: മക്കാ മുശ്രിക്കുകള്‍ പറയാന്‍ ആഗ്രഹിച്ചത് ശക്തമായ പീഡനങ്ങള്‍ ഏറ്റപ്പോള്‍ ബിലാല്‍ (റ) ഒഴികെയുള്ള എല്ലാവരും പറഞ്ഞു: ഈ ശക്തമായ പീഡനത്തില്‍ നിന്നും ബിലാലി (റ) നെ വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കിയത് അബൂബക്കര്‍ (റ) ആണ്. അദ്ദേഹത്തോടാണ് ബിലാല്‍ (റ) പറഞ്ഞത്: നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് വാങ്ങിയതെങ്കില്‍ എന്നെ തടഞ്ഞുകൊള്ളുക. അതല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചിട്ടാണെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. അങ്ങനെ ബിലാല്‍ (റ) മദീന വിട്ട് ശാമിലെ ഹലബ് എന്ന പ്രദേശത്ത് താമസിക്കുമ്പോള്‍ പുണ്യറസൂല്‍ (സ്വ) സ്വപ്നത്തില്‍ വന്ന് ചോദിച്ചു: എന്ത് പറ്റി ബിലാലേ? താങ്കള്‍ക്ക് എന്നെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? പേടിച്ച് വിഷമിച്ച് സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ബിലാല്‍ (റ) ഒട്ടകപ്പുറത്ത് കയറി  "ലബ്ബൈക്ക യാ റസൂലല്ലാഹ്" (ഞാനിതാ വീണ്ടും വീണ്ടും അവിടുന്നിന്‍റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്ന് പറഞ്ഞ് മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മദീനയിലെത്തി ആദ്യം ചെന്നത് പുണ്യറസൂലി (സ്വ) ന്‍റെ റൗളാ ശരീഫിലായിരുന്നു. ബിലാല്‍ (റ) തന്‍റെ മുഖം പുണ്യറസൂലി (സ്വ) ന്‍റെ ഖബറിനോട് ചേര്‍ത്ത് വെച്ച് കരയാന്‍ തുടങ്ങി. അവിടേക്ക് പുണ്യറസൂലി (സ്വ) ന്‍റെ പേരക്കിടാങ്ങളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ കടന്നുവന്നു. ബിലാല്‍ (റ) അവരെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. അവരിരുവരും ബിലാലി (റ) നോട് പറഞ്ഞു: താങ്കള്‍ താങ്കളുടെ വാങ്ക് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് കൊതിയാവന്നു. പുണ്യറസുലിന്‍റെ മക്കളല്ലേ അവരുടെ ആഗ്രഹം ബിലാലിന് തള്ളിക്കളയാന്‍ പറ്റുമോ? ബിലാല്‍ (റ) പള്ളിയുടെ മച്ചില്‍ കയറി സാധാരണ വാങ്ക് കൊടുക്കാന്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് വാങ്ക് കൊടുക്കാന്‍ തുടങ്ങി. അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍.. എന്ന ബിലാലി (റ) ന്‍റെ ശബ്ദം മദീനയെ പ്രകമ്പനം കൊള്ളിച്ചു. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്.. എന്ന് കൂടി പറഞ്ഞപ്പോള്‍ പ്രകമ്പനം കൂടുതലായി. അശ്ഹദു അന്ന മുഹമ്മദന്‍ എന്ന് കേള്‍ക്കേണ്ട താമസം സ്ത്രീകളും കുട്ടികളും വൃദ്ധകളും വീട് വിട്ട് പുറത്തിറങ്ങി പറയാന്‍ തുടങ്ങി: പുണ്യറസൂലി (സ്വ) നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗത്തിന് ശേഷം ആ ദിവസത്തേക്കാളും ഒരാളും കരഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല (ഇബ്നു അസാകിര്‍). 
                   സൈദ് (റ) തന്‍റെ പിതാവായ അസ്ലമി (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഉമര്‍ ബ്നു ഖത്താബ് (റ) മസ്ജിദുന്നബവിയിലേക്ക് ചെന്നപ്പോള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ മുആദ് ബ്നു ജബല്‍ (റ) ഇരുന്ന് കരയുകയായിരുന്നു. (ത്വബ്റാനി, ഇബ്നുമാജ, ഹാകിം). മുഹമ്മദ് ബ്നുല്‍ മുന്‍കദിറില്‍ നിന്നും നിവേദനം: "പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ജാബിര്‍ (റ) ഇരുന്ന് കരയുന്നതായി ഞാന്‍ കണ്ടു. ജാബിര്‍ (റ) പറയുന്നുണ്ടായിരുന്നു: ഈ സന്നിധിയിലാണ് കണ്ണുനീര്‍ വാര്‍ക്കേണ്ടത് (ബൈഹഖി). 
                           ഇബ്നുല്‍ മുബാറക് (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ആഇശ ബീവി (റ) യുടെ അരികില്‍ വന്ന് പറഞ്ഞു: എനിക്ക് പുണ്യറസൂലി (സ്വ) ന്‍റെ ഖബ്ര്‍ ഒന്ന് കാണിച്ചു തരണം. ആഇശ ബീവി (റ) ആ സ്ത്രീക്ക് ഖബ്ര്‍ കാണിച്ചു കൊടുത്തു. ആ സ്ത്രീ കരഞ്ഞ് കരഞ്ഞ് മരിച്ചു (അഹ്മദ്, ശിഫാ).
അബ്ദുല്ലാഹി ബ്നു ദീനാറി (റ) ല്‍ നിന്നും അബ്ദുല്ലാഹി ബ്നു ഉമര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ നിന്ന് പുണ്യറസൂലി (സ്വ) ന്‍റെയും അബൂബക്കര്‍ (റ), ഉമര്‍ (റ) ന്‍റെയും മേലില്‍ സ്വലാത്ത് ചൊല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മുവത്വ). ദാവൂദ് ബ്നു അബീസ്വാലിഹി (റ) ല്‍ നിന്നും നിവേദനം: "മസ്ജിദുന്നബിയിലെത്തിയ മര്‍വാന്‍ (റ) ഒരാള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മേല്‍ മുഖം വെച്ചിരിക്കുന്നത് കണ്ട് മര്‍വാന്‍ (റ) ചോദിച്ചു: നിങ്ങള്‍ എന്താ കാണിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? അയാള്‍ തല ഉയര്‍ത്തിയപ്പോള്‍ അത് പുണ്യറസൂലി (സ്വ) ന്‍റെ പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബില്‍ അന്‍സ്വാരി (റ) ആയിരുന്നു. തല ഉയര്‍ത്തിയ അബൂ അയ്യൂബ് (റ) മറുപടി പറഞ്ഞു: അറിയാം. ഞാന്‍ വന്നത് പൂണ്യറസൂലി (സ്വ) ന്‍റെ സമക്ഷത്തിലാണ്. അല്ലാതെ ഏതെങ്കിലും കല്ലിന്‍റെ അരികിലില്ല. (അഹ്മദ്, ഹാകിം, ത്വബ്റാനി). അബ്ദുല്ല തന്‍റെ പിതാവായ മുനീബില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ചെന്ന് അനസ് ബ്നു മാലിക് (റ) കൈ ഉയര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (ബൈഹഖി). നാഫിഇല്‍ നിന്നും നിവേദനം: നിശ്ചയം ഇബ്നു ഉമര്‍ (റ) യാത്ര കഴിഞ്ഞു വന്നാല്‍ രണ്ട് റക്അത്ത് നിസ്കരിക്കുകയും നിസ്കരിച്ചതിന് ശേഷം പുണ്യറസൂലി (സ്വ) നെ സന്ദര്‍ശിക്കും. അദ്ദേഹത്തിന്‍റെ വലത് കരം പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മുകളില്‍ വെച്ച് ഖിബ്ലയിലേക്ക് പിന്നിട്ട് പുണ്യറസൂലി (സ്വ) ന് സലാം ചൊല്ലും. പിന്നെ അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലും (ശിഫാ).
                       ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ) ബുഖാരിയുടെ വിശദീകരണമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: പുണ്യറസൂലിന്‍റെ മിമ്പറും ഖബ്റും ചുംബിക്കുന്നതില്‍ വിരോധമില്ലെന്ന് അഹ്മദ് ബ്നു ഹമ്പലി (റ) ല്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മഹാനായ അബ്ദുല്ലാഹി ബ്നു സൈദ് (റ) തന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പുണ്യറസൂലി (സ്വ) ന്‍റെ വിയോഗവിവരം അറിയുന്നത്. ഉടനെ മഹാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: നാഥാ! എന്‍റെ കണ്ണിന്‍റെ കാഴ്ച നീ എടുത്തു കളയണേ! എന്‍റെ ഹബീബില്ലാത്ത ലോകത്ത് എനിക്ക് ഇനി ഒരാളെയും കാണണ്ട (മവാഹിബ്). ഖാസിം ഇബ്നു മുഹമ്മദില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ നിന്നും ഒരു സ്വഹാബിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹത്തെ സന്ദര്‍ശിച്ച ചിലര്‍ കണ്ണിന്‍റെ കാഴ്ച തിരിച്ചു കിട്ടട്ടെ എന്ന് പറഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: ഞാന്‍ രണ്ട് കണ്ണിന്‍റെയും കാഴ്ച ആഗ്രഹിച്ചത് എന്‍റെ ഹബീബിനെ കാണാനായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗ ശേഷം അല്ലാഹുവാണേ സത്യം എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചാലും ഞാന്‍ സന്തോഷിക്കുകയില്ല (അല്‍ അദബുല്‍ മുഫ്റദ്).
                      പുണ്യറസൂല്‍ (സ്വ) ചേര്‍ന്ന് നിന്ന് ഖുത്വുബ ഓതിയിരുന്ന ഈത്തപ്പനത്തടി അവിടുന്ന് മറ്റൊന്നിലേക്ക് മാറിയതിന്‍റെ പേരില്‍ ഏങ്ങിയേങ്ങി കരഞ്ഞെങ്കില്‍ നാമല്ലേ അവിടുന്നിന്‍റെ വേര്‍പാടിന് വേണ്ടി കരയാന്‍ ഏറ്റവും അര്‍ഹര്‍. അവിടുന്നിന്‍റെ ബഹുമാനത്തിന്‍റെ ഭാഗമായാണ് പുണ്യറസൂലിനുള്ള വണക്കം അല്ലാഹുവിനുള്ള വണക്കം തന്നെയാണെന്ന് അല്ലാഹു പറഞ്ഞത്. "വല്ലവനും പുണ്യറസൂലി (സ്വ) നെ വഴിപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനെ തന്നെയാണ് വഴിപ്പെടുന്നത്". 
                                                                                                              - ബാഖവി -

പ്രതിസന്ധിഘട്ടത്തിലെ സഹായി

പ്രതിസന്ധിഘട്ടത്തിലെ സഹായി


                മുത്തായ തങ്ങള്‍ (സ്വ) യെ സര്‍വ്വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു അയച്ചത്. പരിശുദ്ധ ഖുര്‍ആന്‍ അത് സാക്ഷീകരിക്കുന്നു: അപ്പോള്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തിരുദൂതര്‍ (സ്വ) നമുക്ക് അനുഗ്രഹമാകണം. അതാണ് അവിടുത്തെ മഹത്തായ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടത്രെ യുദ്ധത്തില്‍ കണ്ണും മറ്റും നഷ്ടപ്പെട്ട സ്വഹാബികള്‍ തിരുസവിധത്തിലെത്തി പരാതി ബോധിപ്പിച്ചതും തിരുനബി (സ്വ) അത് ശരിയായ രൂപത്തിലാക്കിയതും. അത്തരം സംഭവങ്ങള്‍ നിരവധിയുണ്ട്. അതുപോലെ ഏതാനും പേര്‍ക്ക് മാത്രം തയ്യാറാക്കപ്പെട്ട പത്തിരിയും ഇറച്ചിയും തിരുനബി (സ്വ) യടെ മുഅ്ജിസത്ത് (അമാനുഷിക ശക്തി) കൊണ്ട് അവിടെയുണ്ടായിരുന്ന എല്ലാ സ്വഹാബികളും ഭക്ഷിച്ച സംഭവവും വളരെ പ്രസിദ്ധമാണ്.
                       വെള്ളത്തിനായി ആവശ്യം വന്ന സ്വഹാബത്ത് നബി (സ്വ) യുടെ മുമ്പില്‍ പരാതി ബോധിപ്പിച്ചപ്പോള്‍ അവിടുത്തെ വിരലില്‍ നിന്നും വെള്ളം പുറപ്പെടുവിച്ച് സ്വഹാബത്തിന് കൊടുത്ത് അവരുടെ ആവശ്യങ്ങള്‍ അവര്‍ നിര്‍വ്വഹിച്ച സംഭവവും പ്രസിദ്ധം തന്നെ.
ഇതുപോലെ വഫാത്തിന് ശേഷം ഈ ഉമ്മത്തിന് സഹായമായി അനുഗ്രഹമായി മുത്തായ തങ്ങള്‍ (സ്വ) നമ്മോടൊപ്പമുണ്ടെന്ന് ഹദീസുകളും ചരിത്രങ്ങളും വിളിച്ചോതുന്നു.
                      "ഖിയാമം നാള്‍ വരെ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടാവലിനെ അല്ലാഹുവിനോട് തീര്‍ച്ചയായും ഞാന്‍ ചോദിച്ചിട്ടുണ്ട്" എന്ന് തിരുദൂതര്‍ (സ്വ) പ്രസ്താവിക്കുന്നു (തുഹ്ഫത്തുസ്സുവ്വാര്‍ 29).
                    "നിങ്ങള്‍ മനസ്സിലാക്കി കൊടുക്കുക: തീര്‍ച്ചയായും നിങ്ങളില്‍ റസൂലുല്ലാഹി ഉണ്ട്" എന്ന് ഖുര്‍ആനും സാക്ഷീകരിക്കുന്നു. വഫാത്തിന് ശേഷം തിരുനബി (സ്വ) സഹായം ചെയ്ത ഏതാനും സംഭവങ്ങള്‍ കുറിക്കാം. മുഹമ്മദ് ബ്നുല്‍ മുന്‍കദിര്‍ തന്‍റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: പിതാവ് പറഞ്ഞു: ജിഹാദ് ഉദ്ദേശിച്ച ഒരു മനുഷ്യന്‍ എന്‍റെ പിതാവിന്‍റെ കൈയില്‍ 80 ദീനാര്‍ സൂക്ഷിക്കാന്‍ വേണ്ടി കൊടുത്തിട്ട് പറഞ്ഞു: ആവശ്യമുണ്ടെങ്കില്‍ ഇത് ചെലവഴിച്ചു കൊള്ളുക. ഞാന്‍ വരുമ്പോള്‍ തന്നാല്‍ മതി. അങ്ങനെ ആ മനുഷ്യന്‍ യുദ്ധത്തിനായി പുറപ്പെട്ടു. മദീനയില്‍ ഉണ്ടായ ഒരു ക്ഷാമം കാരണത്താല്‍ ആ പണം എന്‍റെ പിതാവിന് ചെലവഴിക്കേണ്ടിവന്നു. അധികം താമസിയാതെ ആ മനുഷ്യന്‍ തിരിച്ചെത്തി പണം ആവശ്യപ്പെട്ടു. പിതാവ് പറഞ്ഞു: നിങ്ങള്‍ നാളെ വരിക. അന്നേദിവസം രാത്രി നബി (സ്വ) യുടെ ഖബ്റ് കൊള്ളെയും മിമ്പര്‍ കൊള്ളെയും തവസ്സുലാക്കി പിതാവ് മദീനത്തെ പള്ളിയില്‍ രാപാര്‍ത്തു. നേരം വെളുക്കാറായപ്പോള്‍ ഒരു വ്യക്തി 80 ദീനാര്‍ അടങ്ങുന്ന ഒരു പണ സഞ്ചി കൊടുക്കുകയും അത് ആ മനുഷ്യന് കൊടുത്ത് വീടുകയും ചെയ്തു (തുഹ്ഫത്തുസ്സുവ്വാര്‍ 58).
                               അബുല്‍ ഖൈര്‍ അല്‍ അഖ്ത്വഇയ്യ് (റ) പറയുന്നു: ഞാന്‍ മദീനയില്‍ കടന്നു ചെന്നു. എന്‍റെ കൈയില്‍ ഒന്നും തന്നെ ഇല്ല. അഞ്ച് ദിവസം ഞാന്‍ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. അവസാനം തിരുദൂതരുടെ ഖബ്റ് ശരീഫിലെത്തി തിരുനബി (സ്വ) ക്കും അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലി ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! ഞാന്‍ അങ്ങയുടെ അതിഥിയാണ്. അത് പറഞ്ഞ് അല്‍പം മാറി ഞാന്‍ ഇരുന്നുറങ്ങി. നബി (സ്വ) യെ ഞാന്‍ സ്വപ്നം കണ്ടു. അബൂബക്കര്‍ (റ) തിരുനബി (സ്വ) യുടെ വലത് ഭാഗത്തും ഉമര്‍ (റ) ഇടത് ഭാഗത്തും. അലി (റ) തിരുദൂതരുടെ മുന്നിലുമുണ്ട്. എന്നെ അലി (റ) എന്നെ അനക്കിക്കൊണ്ട് പറഞ്ഞു: എണീക്കുക, നബി (സ്വ) വന്നിരിക്കുന്നു. ഉടന്‍ ഞാന്‍ ചെന്ന് നബി (സ്വ) യെ ചുംബിച്ചു. അപ്പോള്‍ നബി (സ്വ) എനിക്ക് ഒരു പത്തിരി തന്നു. അതിന്‍റെ പകുതി വരെ ഞാന്‍ തിന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ തിന്ന പത്തിരിയുടെ പകുതി ഭാഗം എന്‍റെ കൈയില്‍. ഇത് പോലൊരു സംഭവം ഇബ്നുല്‍ ജലാഅ് (റ) നെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 
                         ഇബ്നു അസാകിര്‍ (റ) തന്‍റെ താരീഖില്‍ ഒരു ബാഗ്ദാദ്കാരനെ തൊട്ട് ഉദ്ധരിക്കുന്നു. ഒരു മനുഷ്യന്‍ തിരുനബിയുടെ ഖബ്റിനരികിലെത്തി സുബ്ഹിയുടെ വാങ്ക് കൊടുത്തു. ഇത് കേട്ട് പള്ളിയുടെ ഒരു പരിപാലകന്‍ വന്ന് ആ മനുഷ്യനെ അടിച്ചു. അപ്പോള്‍ മനുഷ്യന്‍ കരഞ്ഞു കൊണ്ട് തിരുനബി (സ്വ) യുടെ മുമ്പില്‍ പരാതി പറഞ്ഞു. നബിയേ! അങ്ങയുടെ ഹള്റത്തില്‍ വെച്ചാണ് ഈ മനുഷ്യന്‍ എന്നെ പ്രഹരിച്ചത്. ഉടനെ ആ പരിപാലകന് തളര്‍ച്ച ബാധിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസമായപ്പോള്‍ മരണപ്പെടുകയും ചെയ്തു. അക്രമിക്കപ്പെട്ടയാളുടെ അപേക്ഷ സ്വീകരിച്ചതല്ലേ തിരുനബി (സ്വ) തങ്ങള്‍ ചെയ്തത്.
                                 ഒരുനാട്ടില്‍ ഒരാള്‍ക്ക് ഒരു രോഗം ബാധിച്ചു. വൈദ്യന്മാര്‍ക്ക് അത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞില്ല. അവര്‍ നിരാശരായി. അങ്ങനെ മുഹമ്മദ് അബൂ അബ്ദില്ലാഹ് എന്നവര്‍ തിരുഹള്റത്തിലേക്ക് ആ രോഗത്തിന് ശമനം ചോദിച്ച് കൊണ്ട് ഒരു കത്ത് എഴുതി. അതില്‍ ഏതാനും വരി പദ്യങ്ങളും കുറിച്ചിട്ടുണ്ടായിരുന്നു. അത് ഒരു യാത്രാ സംഘത്തെ ഏല്‍പ്പിച്ചു. ആ സംഘം തിരുഹള്റത്തിലെത്തി അത് വായിച്ചു. ഉടന്‍ തന്നെ ആ മനുഷ്യന്‍റെ രോഗം ശിഫയായി (തുഹ്ഫത്തുസ്സുവ്വാല്‍ 64)
                           മിസ്ബാഹുള്ളലാം (പേജ് 182) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ സംഭവം കാണുക: ബഗ്ദാദില്‍ ഒരു അത്തര്‍ കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം വളരെ വിശ്വസ്തനായിരുന്നു. വലിയ ഒരു കടബാധ്യത അദ്ദേഹത്തിന് ഉണ്ടായി. അങ്ങനെ അദ്ദേഹം നിസ്കാരം, ദുആ എന്നിവയില്‍ മാത്രം വ്യാപൃതനായി വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടി. ഒരു ജുമുഅയുടെ രാവില്‍ പതിവ് ചര്യകള്‍ ചെയ്ത് ഉറങ്ങിയ അദ്ദേഹം തിരുനബി (സ്വ) യെ സ്വപ്നം കണ്ടു. നബി (സ്വ) സ്വപ്നത്തില്‍ ഇദ്ദേഹത്തോട് പറഞ്ഞു: "നീ അലിയ്യ് ബ്നു ഈസയെ സമീപിക്കണം. നിനക്ക് 400 ദീനാര്‍ നല്‍കാന്‍ അദ്ദേഹത്തോട് ഞാന്‍ കല്‍പിച്ചിട്ടുണ്ട്". അത്തര്‍ കച്ചവടക്കാരന് കടമുണ്ടായിരുന്നത് 600 ദീനാറായിരുന്നു. അങ്ങനെ ഭരണാധിപനായ അലിയ്യ് ബ്നു ഈസയെ കാണാന്‍ അദ്ദേഹം ചെന്നെങ്കിലും ഭരണാധിപന്‍റെ അടുക്കലേക്ക് കടത്തിവിട്ടില്ല. ഭരണാധിപന്‍റെ കൂട്ടുകാരന്‍ അബൂബക്കര്‍ മുഹമ്മദ് എന്നയാള്‍ ഇദ്ദേഹത്തെ കണ്ടു. ചെറിയ രീതിയില്‍ പരിചയമുണ്ടായിരുന്നത് കൊണ്ട് പ്രസ്തുത വിവരം ആ കൂട്ടുകാരനെ ധരിപ്പിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: പാതിരാത്രി കഴിഞ്ഞത് മുതല്‍ ഭരണാധിപന്‍ താങ്കളെ അന്വേഷിക്കുന്നുണ്ടായിരുന്നു. നീ ഇവിടെത്തന്നെ നില്‍ക്കുക. ഞാന്‍ ചെന്ന് കാര്യം ബോധിപ്പിക്കാം. അധികം താമസിച്ചില്ല; കൂട്ടുകാരന്‍ മടങ്ങിവന്ന് അലിയ്യ് ബ്നു ഈസയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അലിയ്യ് ബ്നു ഈസ പേരും മറ്റും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ആ മനുഷ്യന്‍ കൊടുത്തു. അലിയ്യ് ബ്നു ഈസ പറഞ്ഞു: തിരുദൂതര്‍ (സ്വ) എന്‍റെയടുക്കല്‍ സ്വപ്നത്തില്‍ വന്ന് അത്തര്‍ കച്ചവടക്കാരനായ താങ്കള്‍ക്ക് 400 ദീനാര്‍ നല്‍കാന്‍ എന്നോട് കല്‍പിക്കുകയുണ്ടായി. അപ്പോള്‍ ആ ചെന്ന മനുഷ്യനും താന്‍ കണ്ട സ്വപ്നം വിവരിച്ചു. കേട്ട് നിന്ന അലിയ്യ് ബ്നു ഈസയുടെ കണ്ണ് നിറഞ്ഞു. 1000 ദീനാര്‍ അലിയ്യ് ബ്നു ഈസ ഇദ്ദേഹത്തിന് നല്‍കിയിട്ട് പറഞ്ഞു: നബി (സ്വ) തങ്ങള്‍ എന്നോട് പറഞ്ഞ 400 ദീനാറും എന്‍റെ വക 600 ദീനാറും! താങ്കള്‍ ഇത് സ്വീകരിച്ചാലും! ആ മനുഷ്യന്‍ പ്രതികരിച്ചു: നബി (സ്വ) എനിക്ക് നല്‍കാന്‍ പറഞ്ഞ 400 ദീനാറിനേക്കാള്‍ കൂടുതലായി എനിക്ക് യാതൊന്നും വേണ്ട. ഞാന്‍ അതില്‍ ബറക്കത്ത് പ്രതീക്ഷിക്കുന്നു. ഇത് കേട്ടപ്പോള്‍ ഭരണാധിപന്‍ കരഞ്ഞുപോയി. 400 ദീനാര്‍ വാങ്ങി മടങ്ങിയ അദ്ദേഹം അതില്‍ നിന്നും കുറേയൊക്കെ കടം വീട്ടുകയും കുറച്ച് കൊണ്ട് വീണ്ടും തന്‍റെ കട തുറന്നു. കൊല്ലം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ 1000 ദീനാര്‍!! ശേഷിച്ച കടങ്ങളെല്ലാം അദ്ദേഹം വീട്ടുകയും ശിഷ്ട കാലം സുഖമായി കഴിയുകയും ചെയ്തു. ഇത് തിരുദൂതര്‍ (സ്വ) യുടെ സ്വപ്നത്തിലൂടെയുള്ള സഹായമല്ലേ?! നബി (സ്വ) യുടെ രൂപത്തില്‍ പിശാച് സ്വപ്നത്തില്‍ വരികയില്ലെന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഒന്നുകൂടി വ്യക്തമാകും. തിരുദൂതരുടെ സഹായം പ്രതീക്ഷിക്കുന്നവരിലും ലഭിക്കുന്നവരിലും നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.. ആമീന്‍.

തിരുവചനങ്ങളിലെ ആത്മീയത

തിരുവചനങ്ങളിലെ ആത്മീയത


                       തിരുവചനങ്ങള്‍ കൊണ്ടുദ്ദേശ്യം നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ (സ്വ) യുടെ വചനങ്ങളാണ്. ആത്മീയത അല്‍പം വിശദീകരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പൊതുവെ ഭൗതികം, ആത്മീയം എന്ന് രണ്ട് തരമായി പിരിയുന്നിടത്ത് മതപരമായതൊക്കെ ആത്മീയമെന്നും അല്ലാത്തത് ഭൗതികമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മതവിദ്യ, ഭൗതികവിദ്യ എന്ന വേര്‍തിരിവ് ഉദാഹരണം. മതപരമായത് എന്ന അര്‍ത്ഥത്തില്‍ ആത്മീയതയെ നാം വിലയിരുത്തുമ്പോള്‍ തന്നെ അത് ബാഹ്യമായത്, ആന്തരികമായത് എന്നീ രണ്ട് തരമാണ് എന്ന് അറിയാന്‍ കഴിയും.  ബാഹ്യമായതിന് ശരീഅത്തെന്നും ആന്തരികമായതിന് ത്വരീഖത്തെന്നും പറയപ്പെടുന്നു. ഈ വിവക്ഷ പ്രകാരം ആത്മീയത കൊണ്ടുദ്ദേശ്യം ആന്തരികമായതാണ്. ബാഹ്യമായ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടത് ആദ്യം പറഞ്ഞ അര്‍ത്ഥത്തില്‍ ആത്മീയമാണെങ്കിലും രണ്ടാം വിവക്ഷയനുസരിച്ചുള്ള ആത്മീയമല്ല. കാരണം രണ്ടാമത്തെ വിവക്ഷ പ്രകാരം ആന്തരിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ് ആത്മീയം. അതായത് രണ്ടാം വിവക്ഷയനുസരിച്ച് ആത്മീയത്തെ ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടായി മനസ്സിലാക്കാം.
ഭൗതികം, ആത്മീയം എന്ന പൊതുവായ ആദ്യത്തെ വിവക്ഷയില്‍ മാത്രം കുടങ്ങിപ്പോയവര്‍ക്ക് ചിന്തിക്കാം, തിരുവചനങ്ങള്‍ മുഴുവനും ആത്മീയമല്ലേ? പിന്നെന്താണ് ഈ വിഷയ (തിരുവചനങ്ങളിലെ ആത്മീയത) ത്തിന്‍റെ പ്രസക്തിയെന്ന്. അതുകൊണ്ടാണ് ആത്മീയതയുടെ രണ്ട് തരം വിവക്ഷകള്‍ ആദ്യത്തില്‍ കുറിച്ചത്. അതായത് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതുവായ ആത്മീയതയല്ല. അത് പൊതുവായത് കൊണ്ട് തന്നെ ചര്‍ച്ചക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ രണ്ടാം വിവക്ഷ പ്രകാരമുള്ള ആത്മീയത (ആന്തരികമായത്) അധികം പേരും ശ്രദ്ധിക്കാത്തതും മനസ്സിലാക്കാനും അറിയാനും തയ്യാറാകാത്തതുമായതിനാല്‍ (അതുകൊണ്ടുള്ള ദൂഷ്യം വലുതാണ്) ആ ഭാഗത്തേക്ക് ശ്രദ്ധ ക്ഷണിക്കലാണ് ഈ ചര്‍ച്ച കൊണ്ടുദ്ദേശ്യം.
ആരാണ് തിരുനബി (സ്വ)?
                           തിരുവചനങ്ങളും അവയിലെ ആത്മീയതയും മനസ്സിലാക്കാന്‍ തിരുനബി (സ്വ) യെ അറിയല്‍ അനിവാര്യമാണ്. അല്ലാഹു അവന്‍റെ ഹബീബായ തിരുനബി (സ്വ) യെ പരിചയപ്പെടുത്തിയ ചില വചനങ്ങള്‍ കാണുക. "തിരുനബി (സ്വ) സ്വയേഷ്ട പ്രകാരം സംസാരിക്കുന്നില്ല. അത് അല്ലാഹുവിന്‍റെ ദിവ്യബോധനമാണ്" "നിശ്ചയം തങ്ങള്‍ ഉത്തമ സ്വഭാവത്തിലാണ്", "തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ട്", "യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹു ഏകനാണെന്ന് ദിവ്യസന്ദേശം നല്‍കപ്പെട്ട നിങ്ങളെ പോലെ സാധാരണ മനുഷ്യനാണ് ഞാന്‍ എന്ന് പറയുക നബിയേ!!", "തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ പറഞ്ഞ് തരികയും നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു". തിരുനബി (സ്വ) ആരാണെന്ന് ഈ വിശുദ്ധ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു തിരുമൊഴി കൂടി ചേര്‍ത്ത് വായിക്കാം: അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ നൂറില്‍ നിന്നാണ്. മറ്റെല്ലാം എന്‍റെ നൂറില്‍ നിന്നും" അല്ലാഹുവിനെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും പരിചയപ്പെടുത്തി സംസ്ക്കരിക്കുകയാണ് തിരുനബി (സ്വ) ചെയ്തത്. തിരുനബി (സ്വ) യുടെ ദൗത്യനിര്‍വ്വഹണം മുഴുവനായും അല്ലാഹു പറഞ്ഞത് പോലെ തന്നെയാണ്. സംസ്കരണം പുറത്ത് മാത്രമല്ല അകത്ത് കൂടിയുണ്ടെന്ന് അറിയുമ്പോഴാണ് വിഷയത്തിന്‍റെ ഗൗരവവും വ്യാപ്തിയും തിരിയുക. ബാഹ്യ സംസ്കരണവും ആന്തരിക സംസ്കരണവും തിരുദൂതര്‍ (സ്വ) ചെയ്തതാണ്. 
സംസ്കരണം
                                     മാനവകുലത്തെ അടിമുടി സംസ്കരിച്ച് ഇലാഹീ സവിധത്തിലെത്തിക്കാന്‍ തിരുനബി (സ്വ) യിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ച മതമാണല്ലോ വിശുദ്ധ ഇസ്ലാം. ആ പരിശുദ്ധ മതം  ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മേളിച്ചതാണെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇസ്ലാമിന്‍റെയും അതുവഴിയുള്ള സംസ്കരണത്തിന്‍റെയും പൂര്‍ണ്ണത ഈ മൂന്ന് ഘടകങ്ങളും ചേരുമ്പോഴാണ് നേടാനാകുക. ജിബ്രീല്‍ (അ) വന്ന് ചോദിക്കുകയും തിരുനബി (സ്വ) യുടെ മറുപടി കേട്ട് അംഗീകരിക്കുകയും ചെയ്തതായി പ്രശസ്ത ഹദീസ് പണ്ഡിതരായ ഇമാം ബുഖാരി (റ) യും ഇമാം മുസ്ലിം (റ) യും നിവേദനം ചെയ്ത മഹത്തായ ഈ ഹദീസ് മാത്രം മതി തിരുവചനങ്ങളിലെ ആത്മീയതയും അതിന്‍റെ വ്യാപ്തിയും മനസ്സിലാക്കാന്‍. കാരണം ബാഹ്യവും ആന്തരികവുമായ സംസ്കരണവും ആനന്ദമേറിയ ആത്മീയതയും ഈ തിരുവചനം പ്രതിനിധാനം ചെയ്യുന്നുവെന്ന് പണ്ഡിത പ്രഭുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ബാഹ്യം
               പ്രസ്തുത ഹദീസിലെ ഇസ്ലാം ബാഹ്യ സംസ്കരണമാണ്. ഇസ്ലാം യഥാവിധി ഉള്‍ക്കൊള്ളുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ബാഹ്യസംസ്കരണം ലഭിച്ചവനാകും. അവന്‍റെ ആദര്‍ശവും അനുഷ്ഠാനങ്ങളും ബാഹ്യമായ അഴുക്കുകളില്‍ നിന്ന് മുക്തമായതായിരിക്കും. അങ്ങനെയാകുമ്പോള്‍ അവന് ബാഹ്യശുദ്ധിയുള്ളവന്‍ എന്ന് പറയപ്പെടും. 
ഇങ്ങനെ ബാഹ്യനടപടികളോട് ബന്ധപ്പെട്ടവയെ കുറ്റവിമുക്തമാക്കാന്‍ നിശ്ചയിക്കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നറിയപ്പെടുന്നത്. (മതം എന്ന പൊതുവായ അര്‍ത്ഥത്തിലുള്ള ശരീഅത്തല്ല ഇവിടെ ഉദ്ദേശ്യം). ഹദീസില്‍ പറഞ്ഞ ഇസ്ലാം കാര്യങ്ങള്‍ അതിനുദാഹരണമാണ്. ബാഹ്യമായി അംഗീകരിക്കേണ്ട കാര്യങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ ബാഹ്യമായ ആത്മീയത യാഥാര്‍ത്ഥ്യമാകും. എന്നാല്‍ ഇതുപോലും വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നവരും പ്രവര്‍ത്തിക്കുന്നവരും ഇന്ന് വളരെ കുറവാണല്ലോ?
ആന്തരികം
              ഹൃദയവുമായി (ആത്മാവുമായി) ബന്ധപ്പെട്ടതാണ് ആന്തരികം. ഈ സംസ്കരണം പൂര്‍ണ്ണമാകുന്നത് ത്വരീഖത്തിലൂടെയാണ്. ഈ ആന്തരിക സംസ്കരണമാണ് ഏറ്റവും മുഖ്യവും പ്രഥമവും. ബാഹ്യനന്മകള്‍ക്ക് പ്രേരണയും പ്രചോദനവും അടിസ്ഥാനവുമൊക്കെ ആന്തരിക സംസ്കരണമാണ്. തിരുവചനത്തില്‍ ഇങ്ങനെ വായിക്കാം: അവിടുന്ന് പറഞ്ഞു: "അറിയണം, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം, അത് ഹൃദയമാണ്". അര്‍ത്ഥവത്തായ മഹത്വചനം!! എത്ര ക്രത്യവും സ്പഷ്ടവുമാണിത്. അല്ലാഹു പറയുന്നു:ڈ"നിശ്ചയം ആത്മാവ് സംസ്കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയമടഞ്ഞു". ആത്മസംസ്കരണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ആയത്തുകളും തിരുവചനങ്ങളും ധാരാളം നമുക്ക് കാണാവുന്നതാണ്.
                        ബാഹ്യസംസ്കരണത്തിന്‍റെയെന്നല്ല പൂര്‍ണ്ണമായ വിജയത്തിന്‍റെ അടിസ്ഥാനം തന്നെ ആത്മീയ ശുദ്ധീകരണമെന്നാണ് ഇസ്ലാമികാദ്ധ്യാപനം.
സര്‍വ്വ കറകളില്‍ നിന്നും ആന്തരിക രോഗങ്ങളില്‍ നിന്നും മുക്തമായ ഹൃദയമുള്ളവന് അല്ലാഹുവിന്‍റെയും തിരുദൂതരുടെയും ആജ്ഞകളും നിരോധനങ്ങളും യഥാവിധി ഉള്‍ക്കൊള്ളാന്‍ യാതൊരു മടിയുമുണ്ടാവില്ല. തന്‍റെ ഗോത്രവും കുടുംബവും പെരുമയും മഹിമയും ഒന്നും വിഘാതമാകില്ല. അതേസമയം കറകളുടെ കൂമ്പാരവും രോഗങ്ങളുടെ ഭണ്ഡാരവുമായ ഹൃദയമുള്ളവന് ചെറിയ കല്‍പന പോലും അംഗീകരിക്കാനോ അനുസരിക്കാനോ സാധിക്കുകയില്ല. 
                    അതുകൊണ്ടാണല്ലോ തിരുദൂതര്‍ (സ്വ) ആദ്യം സംസ്കരണ പ്രക്രിയ നടത്തി ശുദ്ധീകരണം നടത്തിയത്. ശേഷം കല്‍പനകളും നിരോധനങ്ങളും അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യം കൂടാതെ ജനതഅംഗീകരിക്കുകയും ചെയ്തത്. കാട്ടാള ജീവിതം നയിച്ചിരുന്ന ആ സമൂഹത്തിന് മുമ്പില്‍ ആദ്യമേ തന്നെ നിയമങ്ങളുടെ കൊട്ട തുറക്കുകയല്ല നബി (സ്വ) ചെയ്തത്. മറിച്ച് സംസ്കരണത്തിലൂടെ അല്ലാഹുവിലേക്ക് വഴി നടത്തി അവനെ പരിചയപ്പെടുത്തി കൊടുത്ത ശേഷമാണ് ഇലാഹീ നിയമങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെച്ചത്. അതുകൊണ്ട് തന്നെ വളരെയെളുപ്പത്തില്‍ അവ നടപ്പിലായി. അതാണല്ലോ മദ്യപ്പുഴ ഒഴുകിയതും ഒന്നിന് പിറകെ മറ്റൊന്നായി ഒന്നുമില്ലാതെ നിരവധി സമരമുഖങ്ങളില്‍ അവര്‍ അണിനിരന്നതും. അതാണ് തിരുനബി (സ്വ) യുടെ സംസ്കരണം. ഖുര്‍ആന്‍ പറഞ്ഞ സംസ്കരണം. അതിലൂടെ ഇസ്ലാമും ഈമാനും യഥാവിധി ഉള്‍ക്കൊള്ളാന്‍ സ്വഹാബത്തിന് ക്ഷിപ്രസാധ്യമായി. 
തിരുഹദീസിലെ ഇഹ്സാന്‍ വ്യക്തമാക്കുന്നത് ഈ സംസ്കരണവും ആത്മീയതയുമാണ്. തിരുനബി (സ്വ) പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുത് പോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. ഇതാണ് ഇഹ്സാന്‍". ഈയൊരവസ്ഥ കൈവരിച്ചവന് സംശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വല്ല വിഷമവുമുണ്ടാകുമോ? തസ്വവ്വുഫിന് (ആത്മസംസ്കരണം) നിദാനമായി പണ്ഡിതര്‍ ഉദ്ധരിക്കുന്ന ഈ തിരുവചനത്തിന്‍റെ ആശയതലം വളരെ വലുതാണ്. "നീ ഇല്ലാതായാല്‍ നീ അവനെ കാണുന്നതാണ്" എന്ന അര്‍ത്ഥം ഈ വചനത്തിന് പണ്ഡിത കേസരികള്‍ നല്‍കിയിട്ടുണ്ട്. ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്. മുറാഖബയും മുശാഹദയും വഴി പ്രാപിക്കേണ്ടതാണ്. ഈ അര്‍ത്ഥം ശരിയല്ലെന്ന് പണ്ഡിതവചനങ്ങള്‍ വായിച്ചറിഞ്ഞ ആരും പറയുകയില്ല. ചുരുങ്ങിയ പക്ഷം മിര്‍ഖാത്തെങ്കിലും നോക്കിയാല്‍ മതിയായിരുന്നു. നഹ്വിന്‍റെ നിയമം പറഞ്ഞ് വിഡ്ഡിത്തരം ഒന്ന് കൂടി പുറത്ത് ചാടിക്കാന്‍ നില്‍ക്കുകയില്ലായിരുന്നു. പക്ഷേ തഖ്വീമുല്ലിസാന്‍ വരെ മാത്രം കണ്ട കുബുദ്ധികള്‍ പറഞ്ഞേക്കാം നഹ്വി നിയമമനുസരിച്ച് മേല്‍ അര്‍ത്ഥം ശരിയല്ലെന്ന്. അറബീ ഗ്രാമറില്‍ അത് കഴിഞ്ഞും കിതാബുകളോതി പഠിക്കാനുണ്ടെന്നറിയുകയും അവ ഓതിപ്പഠിക്കുകയും ചെയ്തവര്‍ ഈ അര്‍ത്ഥം ശരിവെക്കുകയാണുണ്ടായത്. ചെമ്മീന്‍ തുള്ളിയാല്‍ എത്ര തുള്ളും!!! ഓന്തോടിയാല്‍ വേലി വരെ!!!
                   ആന്തരിക സംസ്കരണമാണ് തസ്വവ്വുഫും ത്വരീഖത്തും ചെയ്യുന്നത്. അതിനുള്ള അടിസ്ഥാനമാണ് ഇഹ്സാനിന്‍റെ ഹദീസ്. അസൂയ, അഹങ്കാരം, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത അറിയിക്കുന്നതും ആന്തരികമായ കാര്യങ്ങള്‍ വ്യക്തമാക്കുന്നതുമായ ഹദീസുകള്‍ നിരവധിയുണ്ട്. കൂടുതല്‍ പറയുന്നില്ല. അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ്. എല്ലാ സുഖങ്ങളും നീങ്ങുന്നതാണ്" എന്ന ലബീദ് (റ) ന്‍റെ വാക്കുകളെ സംബന്ധിച്ച് തിരുനബി (സ്വ) പറഞ്ഞു: "ഏറ്റവും സത്യസന്ധമായ വചനമാണ് ലബീദിന്‍റെ വചനം" വഹ്ദത്തുല്‍ വുജൂദാണ് ഇതിന്‍റെ ആശയം. ആഴമേറിയ ആത്മീയത. ആന്തരിക ശുദ്ധിയില്‍ ലഭിക്കുന്നതാണിത്. ഇത് തിരിയാത്തവര്‍ അദ്വൈതമെന്നോ മറ്റെന്തെങ്കിലോ പറഞ്ഞ് ആക്ഷേപിക്കും. സാരമില്ല, വിവരമില്ല അതു കൊണ്ടല്ലേ? ഇനി വിവരമുണ്ടെന്ന് നടിച്ചാണെങ്കില്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കല്‍ ഖുര്‍ആന്‍ വചനങ്ങളെയും തിരുഹദീസിനെയും മഹത്തുക്കളെയും നിഷേധിക്കലാണ്. നിരവധി ആയത്തുകളും ഹദീസുകളും വഹ്ദത്തുല്‍ വുജൂദിന് രേഖകളായി മഹാന്മാരായ പണ്ഡിതര്‍ നിരത്തിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. രണ്ടാം ദാഇറയില്‍ കടക്കാത്തവന്‍ വഹ്ദത്തുല്‍ വുജൂദ് സംബന്ധമായി സംസാരിക്കാനര്‍ഹരല്ലെന്നും അങ്ങനെ സംസാരിക്കുന്നവന്‍റെ ദുന്‍യാവും ആഖിറവും നഷ്ടപ്പെടുമെന്നും മഹാനായ നഖ്ശബന്ദീ (റ) യെ പോലുള്ള മഹത്തുക്കള്‍ താക്കീത് ചെയ്യുന്നു. ദാഇറ പോലും അറിയാത്തവരാണ് വഹ്ദത്തുല്‍ വുജൂദ് നിരൂപിക്കുന്നത്. ഗ്രന്ഥ വായന കൊണ്ട് തിരിയുന്നതല്ല ഇതെന്ന് പോലും മനസ്സിലാക്കുന്നില്ല. ആത്മാവ് സംസ്കരിക്കേണ്ട ക്രമത്തില്‍ സംസ്കരിച്ച് മഅ്രിഫത്ത് ലഭിക്കാന്‍ പാകമാക്കാതെ നിവൃത്തിയില്ല. ഇമാം ഗസ്സാലി (റ), ഇമാം ശഅ്റാനി (റ), സക്കരിയ്യല്‍ അന്‍സ്വാരി (റ), ഇബ്നു ഹജര്‍ (റ) മുതലായ മഹാന്മാരുടെ ചരിത്രം നല്ലത് പോലെ മനസ്സിലാക്കിയാല്‍ അത് മനസ്സിലാകും. 
ശൈഖ് ജീലാനി (റ) ഉദ്ധരിച്ച ഒരു ഹദീസ് കൂടി 'തിരുവചനങ്ങളിലെ ആത്മീയത' ക്ക് വേണ്ടി കുറിച്ച് കൊണ്ട് നിര്‍ത്താം: തിരുദൂതര്‍ (സ്വ) പറഞ്ഞിരിക്കുന്നു: ശരീഅത്ത് വൃക്ഷവും ത്വരീഖത്ത് അതിന്‍റെ ശിഖരങ്ങളും മഅ്രിഫത്ത് അതിന്‍റെ ഇലകളും ഹഖീഖത്ത് അതിന്‍റെ ഫലങ്ങളുമാണ്".
                       ഇസ്ലാമികാത്മീയതയും ത്വരീഖത്തും ദീനിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ സുന്നികള്‍ക്ക് ഈ തിരുവചനങ്ങള്‍ യഥേഷ്ടമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നവരും കഥയറിയാതെ ആട്ടം കാണുന്നവരും നാളെ വിരല്‍ കടിച്ച് ഖേദിക്കുക തന്നെ ചെയ്യും. തീര്‍ച്ച.

Saturday, 11 November 2017

തിരുദൂതരുടെ പ്രത്യേകതകള്‍

തിരുദൂതരുടെ പ്രത്യേകതകള്‍


                           മുഹമ്മദ് നബി (സ്വ) തങ്ങളോട് കൂടെ . കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂമിയിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ നിയോഗിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കാകുന്ന പ്രവാചകന്മാര്‍ക്ക് വീണ്ടും ഒരു തുടര്‍ക്കഥ വേണ്ടാത്ത വിധം മുഹമ്മദ് നബി (സ്വ) യില്‍ പ്രവാചകത്വം അവസാനിക്കുന്നത് തിരുനബി (സ്വ) യുടെ മഹത്വത്തെ വ്യക്തമാക്കുന്നു. "എനിക്ക് ശേഷം ഒരു നബിയില്ല" എന്ന തിരുവചനം ഇനി ഒരു പ്രവാചകനെ പ്രസവിക്കാന്‍ ഈ ഭൂമിക്ക് കഴിയില്ലേ? എന്ന ചോദ്യത്തെ പോലും അസ്തമിപ്പിക്കുന്നു. ലോകാരംഭം മുതല്‍ക്കുള്ള ലക്ഷക്കണക്കിന് പ്രവാചകരുടെ മാര്‍ഗ്ഗദര്‍ശനം മുഴുവനും ഉള്‍ക്കൊണ്ട ഒടുവിലെ പ്രവാചകന്‍ (സ്വ) മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും മഹനീയ സ്ഥാനത്തിലാണെന്നത് അവിതര്‍ക്കിതമാണ്. പഴയ നൂറ്റാണ്ടുകളിലെ പ്രവാചകന്മാരുടെ ഗുണങ്ങളും പുതുനൂറ്റാണ്ടിലെ തലമുറയുടെ മാതൃകയും പൂര്‍ണ്ണമായും മേളിക്കുന്ന പൂര്‍ണ്ണതയുടെ പ്രത്യക്ഷ രൂപമാണ് മുഹമ്മദ് നബി (സ്വ) തങ്ങള്‍.അഥവാ മള്ഹുല്‍ അത്തമ്മ്.
                      തിരുദൂതര്‍ മുസ്ഥഫാ (സ്വ) തങ്ങളുടെ പ്രത്യേകതകളും സവിശേഷതകളും എഴുതിത്തീര്‍ക്കുവാന്‍ ഒരു മനുഷ്യനെ  കൊണ്ട് സാധ്യമല്ല. കാരണം തിരുദൂതര്‍ (സ്വ) അല്ലാഹുവിന്‍റെ റഹ്മത്തിന്‍റെ തനിപ്പകര്‍പ്പാണ്. അതുകൊണ്ട് നബി (സ്വ) യുടെ സവിശേഷതകള്‍ എണ്ണിയാലൊടുങ്ങുകയില്ല. 
ഉടമ്പടി ആദ്യമായി സ്വീകരിച്ചു
                        "നബിമാരില്‍ നിന്നും ഉടമ്പടി നാം സ്വീകരിച്ച സമയം" എന്ന അഹ്സാബിലെ ഏഴാമത്തെ ആയത്ത് വിശദീകരിച്ചു കൊണ്ട് നബി (സ്വ) പറയുകയുണ്ടായി: സൃഷ്ടിപ്പില്‍ നബിമാരില്‍ വെച്ച് ആദ്യത്തെയാളാണ് ഞാന്‍. സഹ്ല് ബ്നു സ്വാലിഹുല്‍ ഹമദാനി (റ) പറയുന്നു: ഞാന്‍ അബൂജഅ്ഫറിനോട് ചോദിച്ചു: അവസാനം നിയോഗിക്കപ്പെട്ടവരാണല്ലോ തിരുദൂതര്‍ (സ്വ). പിന്നെങ്ങനെയാണ് മറ്റുള്ള അമ്പിയാക്കളേക്കാളും റസൂലുല്ലാഹി (സ്വ) സൃഷ്ടിപ്പില്‍ മുന്തുന്നത്? അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: മനുഷ്യരുടെ ആത്മാക്കളോട് അല്ലാഹു "ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ" എന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് നബി (സ്വ) യാണ് ആദ്യമായി അതെ എന്ന് മറുപടി പറഞ്ഞത്.
ആദരണീയ നാമം
                       ലോക സൃഷ്ടികളില്‍ നബി (സ്വ) യുടെ സ്ഥാനം ആദരീണയവും അതുല്യവുമാണ്. അതുപോലെ തന്നെ യാണ് തിരുനബി (സ്വ) യുടെ നാമത്തേയും അല്ലാഹു ആദരിച്ചത്. അര്‍ശില്‍ തിരുദൂതരുടെ 'മുഹമ്മദ്' എന്ന ശറഫാക്കപ്പെട്ട നാമം എഴുതി വെച്ചത് ആദം നബി (അ) കണ്ടതായി ഹാകിം, ബൈഹഖി, ത്വബ്റാനി മുതലായവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. അല്ലാഹുവിന്‍റെ നാമത്തോടൊപ്പമാണ് ആ നാമം കുറിക്കപ്പെട്ടിരുന്നത്. അതിനാല്‍ സൃഷ്ടികളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടം തിരുനബി (സ്വ) യോടാണെന്ന് നമ്മുടെ പിതാവ് മനസ്സിലാക്കി എന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുണ്ട്. 
                          ഇബ്നു അസാക്കിര്‍ ഉദ്ധരിക്കുന്നു: ആദം നബി (അ) എല്ലാ ആകാശങ്ങളിലൂടെയും കറങ്ങി. എല്ലായിടത്തും മുഹമ്മദ് നബി (സ്വ) യുടെ നാമം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്വര്‍ഗ്ഗലോകത്തിലെ ഏത് മാളികകളിലും സ്വര്‍ഗ്ഗീയ സ്ത്രീകളുടെ നെഞ്ചിലും സ്വര്‍ഗ്ഗീയ വൃക്ഷങ്ങളുടെ ഇലകളിലും സ്വിദ്റത്തുല്‍ മുന്‍തഹായുടെ ഇലകളിലും മലക്കുകളുടെ കണ്ണുകള്‍ക്കിടയിലും തിരുദൂതര്‍ (സ്വ) യുടെ നാമം എഴുതപ്പെട്ടതായി ആദം നബി (അ) കണ്ടിട്ടുണ്ട്. 
                    എല്ലാ ആകാശങ്ങളിലും നബി (സ്വ) യുടെ നാമം എഴുതപ്പെട്ടതായി തിരുനബി (സ്വ) യും ഇസ്റാഇന്‍റെ രാത്രിയില്‍ കണ്ടിട്ടുണ്ട്. (അബൂയഅ്ല, ത്വബ്റാനി, ബസ്സാര്‍).
                  സ്വര്‍ഗ്ഗീയ വാതിലില്‍ നബി (സ്വ) യുടെ നാമം കുറിക്കപ്പെട്ടിട്ടുണ്ട് (ദാറുഖുത്നി, ഇബ്നു അസാകിര്‍).
ആദം നബി (അ) യുടെ തോളുകള്‍ക്കിടയില്‍ മുഹമ്മദുറസൂലുല്ലാഹ് ഖാതമുന്നബിയ്യീന്‍ (മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനും നബിമാരില്‍ അവസാനത്തെയാളുമാണ്) എന്ന് എഴുതപ്പെട്ടിരുന്നു. (ഇബ്നുഅസാകിര്‍)
നബി (സ്വ) പറഞ്ഞു: സുലൈമാന്‍ നബി (അ) യുടെ മോതിരത്തില്‍ 'അനല്ലാഹ്, ലാ ഇലാഹ ഇല്ലാ അന മുഹമ്മദുന്‍ അബ്ദീ വ റസൂലീ" (ഞാന്‍ അല്ലാഹുവാണ്, ഞാനല്ലാതെ ഇലാഹില്ല. മുഹമ്മദ് എന്‍റെ അടിമയും റസൂലുമാണ്) എന്ന് എഴുതപ്പെട്ടിട്ടുണ്ട് (ത്വബ്റാനി).
ചന്ദ്രനോടുള്ള സംസാരം
                          ഇമാം ബൈഹഖി (റ) ഖത്വീബ് (റ) ഇബ്നു അസാകിര്‍ (റ) എന്നിവര്‍ അബ്ബാസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നു: അദ്ദേഹം തിരുനബി (സ്വ) യോട് പറഞ്ഞു: അങ്ങ് തൊട്ടിലില്‍ കിടന്ന് ചന്ദ്രനുമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങ് ഏത് ഭാഗത്തേക്കാണോ കൈ ചൂണ്ടുന്നത് ആ ഭാഗത്തേക്ക് ചന്ദ്രന്‍ മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇതാണ് എന്നെ ദീനിലേക്ക് ക്ഷണിച്ചത്. തിരുനബി (സ്വ) പ്രതിവചിച്ചു: തീര്‍ച്ചയായും ഞാന്‍ ചന്ദ്രനോട് സംസാരിക്കുമായിരുന്നു. എന്നോട് ചന്ദ്രനും സംസാരിക്കും. ഞാന്‍ കരയുന്നതിനെ തൊട്ട് ചന്ദ്രന്‍ എന്‍റെ ശ്രദ്ധ തിരിച്ച് കളയുകയും ചെയ്യും. അര്‍ശിന്‍റെ താഴ്ഭാഗത്ത് ചെന്ന് ചന്ദ്രന്‍ സുജൂദ് ചെയ്യുന്ന ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു (ഖസ്വാഇസ്വുല്‍ കുബ്റ 1/91).
മലക്കുകള്‍ തൊട്ടിലാട്ടുന്നു
                      തൊട്ടില്‍ കിടന്ന് തിരുനബി (സ്വ) സംസാരിക്കുമായിരുന്നുവെന്നും തൊട്ടിലില്‍ കിടക്കുന്ന തിരുദൂതരെ മലക്കുകള്‍ ആട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നെന്നും ഇമാം സുയൂഥി (റ) തന്‍റെ ഖസ്വാഇസ്വുല്‍ കുബ്റായില്‍ (1/91) പറയുന്നതായി കാണാം.
മുലകുടിയിലെ നീതി
                     റസൂലുല്ലാഹി (സ്വ) ക്ക് മുലയൂട്ടിയത് മഹിത വനിത ഹലീമാ ബീവി  (റ) യായിരുന്നുവല്ലോ? തിരുനബി (സ്വ) ക്ക് പാലൂട്ടുന്ന കാലഘട്ടങ്ങളിലും മറ്റും നബി (സ്വ) യിലൂടെ നടന്ന പല അത്ഭുതങ്ങള്‍ക്കും മഹതിയവര്‍കള്‍ ദൃക്സാക്ഷിയായിട്ടുണ്ട്. മുലയൂട്ടുന്ന കാലയളവിലെ മഹാ അത്ഭുതങ്ങളില്‍ ഒന്ന് മഹതിയവര്‍കള്‍ അയവിറക്കുന്നത് കാണുക:
എന്‍റെ വലത് മുലയില്‍ നിന്ന് മാത്രമേ നബി (സ്വ) പാല്‍ നുകിര്‍ന്നിരുന്നുള്ളൂ.ഇടത് മുലയില്‍ നിന്നും പാല്‍ കുടിച്ചിരുന്നില്ല. ഇടത് വശത്ത് നിന്നും പാല്‍ നല്‍കാനായി ശ്രമിക്കുമ്പോള്‍ നബി (സ്വ) കുടിക്കുമായിരുന്നില്ല. ഇത് സംബന്ധമായി ചില പണ്ഡിത മഹത്തുക്കള്‍ പറഞ്ഞു: ഹലീമാ ബീവിയുടെ പാല് കുടിക്കുന്ന കുട്ടിക്ക് വേണ്ടിയായിരുന്നു ഇടത് ഭാഗത്ത് നിന്നും പാല്‍ കുടിക്കാതിരുന്നത്. ഇത് നബി (സ്വ) യുടെ നീതിയായിരുന്നു.
ഉമനീരിന്‍റെ ബറക്കത്ത്
                മുത്ത് നബി (സ്വ)യുടെ ശറഫാക്കപ്പെട്ട ഉമിനീരിന്‍റെ ബറക്കത്തുകള്‍ എണ്ണിയാലൊടുങ്ങുകയില്ല. പല അത്ഭുതങ്ങളും തിരുദൂതരുടെ ശറഫാക്കപ്പെട്ട ഉമിനീരിനാല്‍ സംഭവിച്ചിട്ടുണ്ട് ഖസ്വാഇസുല്‍ കുബ്റാ, അബൂ നുഐമിന്‍റെ മഅ്രിഫത്തുസ്സ്വഹാബ, സുബ്ലുല്‍ ഹുദാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറഞ്ഞ ഒരു കാര്യം കാണുക: സാബിത് ബ്നു ഖൈസ് (റ) തന്‍റെ ഭാര്യയുമായി വേര്‍പിരിയുമ്പോള്‍ തന്‍റെ മകനായ മുഹമ്മദ് അന്ന് ഗര്‍ഭസ്ഥ ശിശുവായിരുന്നു. പ്രസവിച്ചപ്പോള്‍ ഭാര്യ കുട്ടിക്ക് മുല കൊടുക്കുകയില്ലെന്ന് ശപഥം ചെയ്തു. അങ്ങനെ കുട്ടിയെ ഒരു തുണിയില്‍ പൊതിഞ്ഞ് തിരുനബി (സ്വ) യുടെ അടുക്കല്‍ കൊണ്ട് ചെന്ന് വിവരം ധരിപ്പിച്ചു. മുസ്ഥഫായ തങ്ങള്‍ (സ്വ) കുട്ടിയുടെ വായില്‍ തുപ്പിക്കൊടുക്കുകയും കാരക്ക ചവച്ച് കൊടുക്കുകയും മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: കുട്ടിയെ കൊണ്ടുപോയിക്കൊള്ളുക. കുട്ടിയുടെ ഭക്ഷണം അല്ലാഹു നല്‍കുന്നതാണ്. മൂന്ന് ദിനങ്ങളില്‍ സാബിത് (റ) കുട്ടിയുമായി നബി (സ്വ) അരികിലേക്ക് പോയി. മൂന്നാം ദിവസം സാബിത് ബ്നു ഖൈസ് (റ) ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു അറബിപ്പെണ്ണിനെ അദ്ദേഹം കാണാനിടയായി. സാബിത് (റ) ആ സ്ത്രീയോട് ആരാഞ്ഞു: എന്താണ് കാര്യം? സാബിത്തിന്‍റെ മുഹമ്മദ് എന്ന് പേരുള്ള കുട്ടിക്ക് പാല് കൊടുക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. ഇത് കേട്ടപ്പോള്‍ സാബിത് (റ) പറഞ്ഞു: ഞാനാണ് നിങ്ങള്‍ അന്വേഷിക്കുന്ന സാബിത്. ഇതാണ് എന്‍റെ പുത്രന്‍ മുഹമ്മദ്. നോക്കൂ തിരുനബി (സ്വ) യുടെ ഉമിനീരിന്‍റെ ബറക്കത്തും സത്യമായി പുലര്‍ന്ന പ്രവചനവും!!!
നിഴലില്ലാത്ത നബി
         മുത്തായ തങ്ങളുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് തിരുനബി (സ്വ) ക്ക് നിഴലുണ്ടായിരുന്നില്ല എന്നത്. ദക്വാന്‍ എന്നവരെ തൊട്ട് ഹകീമുത്തുര്‍മുദി നവാദിറില്‍ ഉദ്ധരിക്കുന്നു: സൂര്യചന്ദ്രന്‍റെ കീഴില്‍ തിരുനബി (സ്വ) ക്ക് നിഴല്‍ കാണപ്പെട്ടില്ല. ഇബ്നു സബഅ് തന്‍റെ ഖസ്വാഇസിലും ഈ അഭിപ്രായം പ്രകടിപ്പിച്ചതായി കാണാം. സ്വീറത്തുല്‍ ഹലബി തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇത് വ്യക്തമായി പറയുന്നു. തിരുനബി (സ്വ)ക്ക് നിഴലില്ലാത്തതിന്‍റെ കാരണം വളരെ വ്യക്തമാണ്. തിരുദൂതര്‍ (സ്വ) പ്രകാശമാണ്. പ്രകാശത്തിന് നിഴലില്ലായെന്നത് ഏതൊരാള്‍ക്കും വ്യക്തമാണ്. 
നബി (സ്വ) തങ്ങളുടെ പ്രാര്‍ത്ഥന തന്നെ ശ്രദ്ധിക്കൂ! അല്ലാഹുവേ! എന്നെ നീ പ്രകാശമാക്കേണമേ! തിരുനബി (സ്വ) യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കുമോ? ഇമാം ഖാളി ഇയാള്വ് (റ) തന്‍റെ ശിഫായിലും മുല്ലാ അലിയ്യുല്‍ ഖാരി ശര്‍ഹുശ്ശിഫയിലും ശിഹാബുദ്ദീനില്‍ ഖഫാജി നസീമുര്‍രിയാള് 3/282 ലും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഇത് നബി (സ്വ) യുടെ മുഅ്ജിസത്തിന്‍റെ അടയാളമായിരുന്നു എന്നാണ് ഖഫാജി കുറിച്ചത്. തിരുനബി (സ്വ) യോടൊപ്പമുണ്ടായിരുന്ന സ്വഹാബി വര്യര്‍ ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: "നബി (സ്വ) ക്ക് നിഴല്‍ ഉണ്ടായിട്ടേ ഇല്ല. സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ തിരുനബി (സ്വ) യുടെ പ്രകാശം സൂര്യന്‍റെ പ്രകാശത്തെ അതിജയിക്കും. വിളക്കിന്‍റെ വെട്ടത്തില്‍ നിന്നാലും തിരുനബി (സ്വ) യുടെ പ്രകാശം ആ പ്രകാശത്തേയും കീഴടക്കും". ഖാളി ഇയാള് (റ) ഉം മറ്റും പറഞ്ഞത് പ്ലത ത്സ ര്‍ٷര (നിഴലേ ഇല്ല) എന്നാണ്. നബി (സ്വ) ക്ക് ഒരിക്കലും നിഴലുണ്ടാവില്ലെന്ന് ഈ വാചകം അറിയിക്കുന്നു. കാരണം പ്ലത ത്സ  എന്നതിലെ ത്സ  ജിന്‍സിനെ (വര്‍ഗ്ഗത്തെ) നിഷേധിക്കാനുള്ളതാണ്. അതിനാല്‍ വിഭാഗങ്ങളെ നിഷേധിക്കലും വരുന്നു.
തിരുകേശം
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ല എന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ ശരീരം തൊട്ട ഒരു സാധനം അവിടുത്തെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ മുന്‍സംഭവം കുറിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. 

മുത്ത് നബി (സ്വ) യുടെ ധീരത

മുത്ത് നബി (സ്വ) യുടെ ധീരത



                        മുഹമ്മദ് നബി (സ്വ) തങ്ങള്‍ അത്ഭുതപ്പെടുത്തുന്ന ധീരനായിരുന്നു എന്നതില്‍ രണ്ടഭിപ്രായമില്ല. സ്വഹാബികളായ യോദ്ധാക്കളുടെ ധീരമായ മുന്നേറ്റവും വിജയവും നബി (സ്വ)യുടെ സ്ഥൈര്യത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. വാള് കൊണ്ടായിരുന്നു ഇസ്ലാമിന്‍റെ പ്രചരണം എന്ന മിഥ്യാ ധാരണ പടര്‍ന്ന് പന്തലിച്ചതും നബി (സ്വ) യുടെ ധീരതയിലുള്ള ശത്രുക്കളുടെ ആശങ്കയായിരുന്നു. 313 പട്ടിണിപ്പാവങ്ങളായ സ്വഹാബാക്കള്‍ ആയിരത്തോളം (അ)യോദ്ധാക്കളോട് ഏറ്റുമുട്ടി അതുല്യവിജയം വരിച്ചതിലും ഈ ധീരത സുവ്യക്തമാണ്. 
                    ആധുനിക ധൈഷണിക യുഗം കാംക്ഷിക്കേണ്ട ഈ ധീരതയുടെ ആഴവും അര്‍ത്ഥവും പരതുമ്പോള്‍ മനുഷ്യനെ മൃഗീയതയില്‍ നിന്നും സ്ഫുടം ചെയ്ത് മനുഷ്യനാക്കി നിര്‍ത്തലാണ് ധീരത എന്ന് വ്യക്തമാകും. വിശുദ്ധ ഇസ്ലാം ഈ ധീരതയിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നത്. അതിന്‍റെ ഉത്തമമാതൃകയും ഉറവിടവും അനുധാവനം ചെയ്യപ്പെടേണ്ടവരുമായി അവതരിപ്പിക്കപ്പെടുന്ന വ്യക്തിത്വം പൂര്‍ണ്ണനായ ഒരു മനുഷ്യന്‍റെ വ്യക്തിത്വമാണ്. ആ വ്യക്തിയെയാണ് അറബിയില്‍ 'ഇന്‍സാന്‍ കാമില്‍'(പൂര്‍ണ്ണ മനുഷ്യന്‍) എന്ന് പറയപ്പെടുന്നത്. അത്ഭുതവും ചിന്തോദ്ദീപകവുമായ അനുകരണീയ മാതൃകയുടെ ഉറവിടവും പൂര്‍ണ്ണ മനുഷ്യനും മുഹമ്മദ് നബി (സ്വ) തങ്ങളാണ് എന്നത് സംസ്കാരവും മനസ്സാക്ഷിയുമുള്ള ചിന്തകന്മാരുടെ തലമുറ തലമുറ മാറി മാറി രേഖപ്പെടുത്തിയ ഒരു യാഥാര്‍ത്ഥ്യമാണ്. 
                    ധീരന്‍, യോദ്ധാവ് എന്നിവ ഒരു ഉന്നത മാനുഷിക ഗുണമാണ്. മനുഷ്യന്‍റെ സ്വഭാവ സംസ്കരണം പോലെ ധീരതയും പ്രയത്നത്തിലൂടെ നേടിയെടുക്കേണ്ട ഒരു ഉത്തമ ഗുണമാണ്. ഇതിന്‍റെ ഉറവിടവും മാതൃകയും നബി (സ്വ) തങ്ങളിലുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ നബി (സ്വ) തങ്ങളിലെ ഈ ഗുണത്തേയും പിന്‍പറ്റണമെന്ന് താഴെയുള്ള വിശുദ്ധ ഖുര്‍ആന്‍ വാക്യത്തിന്‍റെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. "നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുവിന്‍" (വി.ഖു.). നബി (സ്വ) യുടെ ധീരതയെ വ്യക്തമാക്കുന്നതാണ് സൂറത്ത് മാഇദയിലെ ഈ പ്രയോഗം: "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക".ധീരനായ ഒരു നേതാവ് മാതൃകയായിട്ടുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ ധീരത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും പഠിപ്പിക്കപ്പെടുന്നു. വിശ്വാസികള്‍ ധീരതയുള്ളവരാകുക എന്ന കല്‍പനയാണ് ഈ ആയത്തിലുള്ളത്. മുകളില്‍ പറയപ്പെടുന്ന വിശ്വാസത്തിന്‍റെ ഭാഗമായ ധീരത, സ്ഥൈര്യം ഇവ എന്താണെന്ന ചര്‍ച്ച ധീരതയെ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ആവശ്യമാണ്. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ദേഷ്യം വന്നാല്‍ ശരീരത്തെ ഒതുക്കി നിര്‍ത്തുന്നവനാണ് ഏറ്റവും വലിയ ശക്തന്‍ എന്ന നബിവചനം ശ്രദ്ധേയമാണ്. ഈ വചനത്തില്‍ മസില്‍ പവറും ആരോഗ്യവുമുള്ള ശരീരത്തിന്‍റെ പ്രത്യേകതയല്ല ധീരത. അത് മാനസികമാണ്. മനസ്സിന്‍റെ ബലഹീനതയാണ് ധീരതയുടെ വിപരീതം. ബ്ലഡ് പ്രഷറും ഹാര്‍ട്ട് അറ്റാക്കും ഒക്കെ മനസ്സിന്‍റെ ബലഹീനതയില്‍ നിന്നും രൂപപ്പെടുന്നതാണ്. ശാരീരികാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല. പ്രത്യേകിച്ച് ഖബ്റിലും ഒരു പ്രയോജനമില്ല. ആരോഗ്യമുള്ള മനസ്സിന്‍റെ പതര്‍ച്ചയ്ക്ക് മുന്നില്‍  മസില്‍ പവറുള്ള ശരീരവും അടി തെറ്റി വീഴും. ദേഷ്യം വരുമ്പോള്‍ മനസ്സിന്‍റെ ബലഹീനതയാണ് പ്രകടമാകുന്നത്. ദേഷ്യം വരുന്ന വ്യക്തിയുടെ പ്രത്യക്ഷത്തില്‍ സംഭവിക്കുന്നത് പോലെ ആന്തരികമായും ഒരുപാട് കേടുകള്‍ സംഭവിക്കുന്നതാണ്. ദേഷ്യം വരുന്ന സമയത്ത് 'അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം' എന്ന് ചൊല്ലുകയോ നില്‍ക്കുന്ന സമയത്താണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുകയോ വുളൂ ചെയ്യുകയോ ചെയ്യണമെന്നൊക്കെ നബി (സ്വ) ഉപദേശിക്കുന്നത് മാനസിക നിലയ്ക്ക് വ്യത്യാസം വരുത്തുന്നതിനാണ്. ഇതിലൂടെ ദേഷ്യം സ്ഥൈര്യത്തിന് വഴിമാറുമ്പോള്‍ ശരീരവും അതിലേറെ മനസ്സും സമ്പുഷ്ടവും സന്തോഷവും നിറഞ്ഞതാകുന്നു.
           നബി (സ്വ) തങ്ങളുടെ ധീരത ചരിത്രത്തില്‍ അതുല്യമാണ്. നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാവരും എതിര്‍ത്തപ്പോഴും കല്ലേറും കൂക്കിവിളികളുമായി അനുഗമിച്ചപ്പോഴും പതറാതിരുന്ന ഒരു സ്ഥൈര്യം നബി (സ്വ) തങ്ങളുടെ മാത്രം പ്രത്യേകതയാണ്. ധിക്കാരിയും അക്രമിയുമായിരുന്ന ഉമര്‍ (റ) എന്നവര്‍ നബി (സ്വ) യുടെ തലയെടുക്കാന്‍ അതേ ശൂരില്‍ നബി ചാരത്തേക്ക് നടന്നടുക്കുമ്പോള്‍ നബി (സ്വ) യുടെ ധൈര്യപ്രകടനം ഒരത്ഭുതമായി ചരിത്രം വിവരിക്കുന്നു. കൊല ചെയ്യാന്‍ വേണ്ടി വീട് വളഞ്ഞ ശത്രുക്കള്‍ക്കിടയിലൂടെ നടന്നു പോകാന്‍ തയ്യാറായ ധീരതയും അക്രമികളുടെ കാല്‍ പെരുമാറ്റങ്ങള്‍ ഗുഹാമുഖത്ത് കാണുമ്പോഴും ഭയപ്പെടേണ്ട അബൂബക്കറേ! എന്ന് ഉപദേശിച്ച് കൂട്ടുകാരന് ധൈര്യം പകര്‍ന്നതും അത്ഭുതം തന്നെ.
         ശാരീരിക അവയവങ്ങളുടെ ബലക്ഷയം മനസ്സിനെ  അസ്വസ്ഥമാക്കിക്കളയലാണ് സാധാ മാനുഷിക പ്രകൃതം. പ്രത്യാഘാതങ്ങളിലൂടെയും അപകടങ്ങളിലൂടെയും വന്ന് ചേര്‍ന്നേക്കാവുന്ന അവയവ നാശവും ഭയവും അപകടങ്ങളെ നേരിടാനോ തടുക്കാനോ തയ്യാറാകാന്‍ ഒരു മനസ്സിനും ധൈര്യം നല്‍കുന്നതല്ല. ഇതാണ് സാധാ അനുഭവ വേദ്യമായ മാനുഷിക പ്രകൃതം. എന്നാല്‍ നബി (സ്വ) തങ്ങളുടെ കൂടെ യുദ്ധം ചെയ്യാന്‍ കൂടിയ 313 സ്വഹാബാക്കളുടെ കഥ ഈ പ്രകൃതത്തിന് മാറ്റമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബദര്‍ യുദ്ധത്തില്‍ നോമ്പുകാരും പട്ടിണിപ്പാവങ്ങളുമായ സ്വഹാബാക്കള്‍ക്ക് എതിരെ വന്ന ശത്രുപക്ഷം സര്‍വ്വായുധരും ശാരീരികാരോഗ്യവുമുള്ള ബലവാന്മാരുമായിരുന്നു. ബിലാല്‍ (റ) എന്ന സ്വഹാബിയുടെ കഥ പ്രസിദ്ധമാണ്. ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ വലിച്ചിഴക്കപ്പെട്ടു, ചാട്ടവാറുകളെ കൊണ്ട് അടിക്കപ്പെട്ടു, മാനുഷിക പ്രകൃതം ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗസമാനമായ ജീവിതത്തെ പോലും വേണ്ടെന്ന് വെച്ചു. സമാനമായ ഒരുപാട് അക്രമങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സ്വഹാബത്തിന്‍റെ കാലത്തുണ്ടായതും ചരിത്രത്തിലുണ്ട്. ഒട്ടിയ വയറിന്മേല്‍ കല്ല് കെട്ടിവെച്ച് ഖന്‍ദഖ് എന്ന വലിയ കിടങ്ങ് കുഴിച്ചതും ചരിത്രപ്രസിദ്ധമാണ്.
                   മര്‍ദ്ധനങ്ങള്‍ ഏറ്റുവാങ്ങുകയും അവസാനം അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ഇബ്റാഹീം നബി (അ) യുടെയും ഗുഹ്യഭാഗത്തേക്ക് ചുട്ടുപഴുത്ത കമ്പികള്‍ കൊണ്ട് അക്രമിക്കപ്പെട്ട ആസിയ ബീവി (റ) യുടെയും മത്സ്യ വയറ്റില്‍ ദിവസങ്ങളോളം കഴിച്ചു കൂട്ടേണ്ടി വന്ന യൂനുസ് നബി (അ) യുടെയും സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഈ ചരിത്രങ്ങളിലുടനീളം മാനുഷിക ബുദ്ധിയേയും ശാരീരിക പ്രകൃതിയേയും പരാജയപ്പെടുത്തുന്നതായ മനസ്സിന്‍റെ അത്ഭുതമാണ് ചരിത്രം പഠിപ്പിക്കുന്നത്. ഈ അത്ഭുതഗുണം എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമോ? ശ്രമിച്ചാല്‍ ഉണ്ടാകുമെന്നാണ് അല്ലാഹുവും നബി (സ്വ) തങ്ങളും പഠിപ്പിക്കുന്നത്. "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക" (വിശുദ്ധ ഖുര്‍ആന്‍ സൂറത്തു മാഇദ 5/8).
                ഇക്കൂട്ടര്‍ എക്കാലത്തും ഉണ്ടെന്നുള്ളതാണ് നബി (സ്വ) തങ്ങളുടെ ഹദീസുകള്‍ പഠിപ്പിക്കുന്നത്. അബ്ദാലുകളെയും അഖ്താബുകളെയും മറ്റും സംബന്ധിച്ചുള്ള ഹദീസുകള്‍ നിരവധിയാണ്. 
                  വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഹദീസുകളില്‍ കാണാം. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും പേടിയില്‍ മറ്റൊരാളേയും പങ്ക് ചേര്‍ക്കാതിരിക്കുകയും മാനുഷിക പ്രകൃതിയോട് മത്സരിച്ച് ശാരീരിക ഇച്ഛകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചാല്‍ സാധാരണ മനുഷ്യര്‍ക്ക് താങ്ങാന്‍ കഴിയാത്ത പരീക്ഷണങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കുന്നതാണ്. "ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് അമ്പിയാക്കളെയും അവരോട് തുല്യമായവരെയുമാണ്" (നബിവചനം). എല്ലാവരുടെയും ശരീരത്തില്‍ ശൈത്വാനുണ്ട് എന്ന് നബി (സ്വ) പറഞ്ഞപ്പോള്‍ നബിയേ! തങ്ങള്‍ക്കുമില്ലേ ആ ശൈത്വാന്‍ എന്നതിന് മറുപടിയായി നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആ ശൈത്വാന്‍ മുസ്ലിമായി.
                     നിസ്കരിക്കാന്‍ മടി തോന്നിപ്പിക്കാത്ത അവസ്ഥ, നന്മകള്‍ ചെയ്യാന്‍ എതിര് നില്‍ക്കാത്ത അവസ്ഥ, തിന്മകള്‍ കൂടുതല്‍ ചെയ്യാന്‍ തോന്നുന്ന ശാരീരിക പ്രകൃതത്തോട് മത്സരിക്കുന്ന അവസ്ഥ, വിശപ്പുകള്‍ക്കോ ബുദ്ധിമുട്ടിക്കലുകള്‍ക്കോ അഗ്നിക്കോ മത്സ്യത്തിനോ കൊടുങ്കാറ്റിനോ ഒന്നിനും തകര്‍ക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ഇത് വിശ്വാസികളുടെ ഒരു അമൂല്യ ഗുണമാണ്. നബി (സ്വ) തങ്ങള്‍ ഈ ഗുണത്തിന്‍റെ അത്ഭുത മാതൃകയും ഉടമയുമായിരുന്നു. ദുര്‍നടപ്പുകളുടെയും വൃത്തികേടുകളുടെയും വിളനിലമായിരുന്ന അറേബ്യന്‍ സമൂഹത്തിനോട് യോജിക്കാതെ പ്രതികരണത്തിന്‍റെ കരുത്തുമായി ഒറ്റയ്ക്ക് പൊരുതി സംസ്കാരത്തിന്‍റെ ഉദാത്ത മാതൃക അനുകരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാക്കി അറബികളെ സംസ്കരിച്ച നബി (സ്വ) തങ്ങള്‍ രണ്ട് ഭാര്യമാരുള്ളവര്‍ തുല്യമായി രണ്ടാളുകള്‍ക്കിടയിലും നീതി പുലര്‍ത്തണമെന്ന് പഠിപ്പിക്കുകയും പതിനൊന്നോളം ഭാര്യമാര്‍ക്കിടയില്‍ ഏറ്റവ്യത്യാസമില്ലാതെ നിലകൊള്ളുകയും ചെയ്യണമെങ്കില്‍ നബി (സ്വ) തങ്ങളുടെ സ്ഥൈര്യം ശാരീരികാരോഗ്യത്തിന്‍റേതല്ല. മറിച്ച് മാനസിക വിശ്വാസത്തിന്‍റെ കരുത്താണെന്നാണെന്നത് സംസ്കാരവും നന്മയും സല്‍സ്വഭാവവും ലേശമെങ്കിലും പടച്ചവന്‍ കനിഞ്ഞ് നല്‍കിയവര്‍ക്ക് മനസ്സിലാവുന്ന വസ്തുതയാണ്. കാലില്‍ നീര് കെട്ടിയത് അറിയാതെയുള്ള നിസ്കാരത്തിനെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് നിര്‍വ്വഹിച്ചതും അവിടുന്നിന്‍റെ മനസ്സിനെ കീഴടക്കാന്‍ ശാരീരികതക്ക് കഴിയില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും സൃഷ്ടികളെ ഒന്നിനേയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥ മുഅ്മിന്‍ തന്നെയാണ്. അല്ലാഹുവിനെയും പിന്നെ സൃഷ്ടികളെയും പേടിക്കുന്നവര്‍ക്ക് എന്തോ ഭീമമായ അബദ്ധം സംഭവിക്കാനിടയുണ്ട്. അതുകൊണ്ട് അല്ലാഹുവിന് വേണ്ടി ധൈര്യമുള്ളവരായി മാറുക. ധീരരായ മുത്ത്നബി (സ്വ) യുടെ സ്ഥൈര്യത്തെ മുറുകെ പിടിക്കുക. നാഥന്‍ തുണക്കട്ടെ. ആമീന്‍.
Related Posts Plugin for WordPress, Blogger...