Thursday, 10 December 2015

വിശ്വവിമോചകന്‍


വിശ്വവിമോചകന്‍........

                  വിശ്വവിമോചകന്‍, കാരുണ്യവാന്‍, ലോക റഹ്‌മത്ത്‌... എന്നിങ്ങനെ പ്രവാചക വ്യക്തിത്വത്തിന്‌ വിശേഷണങ്ങള്‍ നിരവധിയാണ്‌. എന്നാല്‍ പ്രവാചക പഠനം അദ്വീതിയമായ കണ്ടെത്തലുകളുടെ സംഗമ ഭൂമികയാണ്‌. ആ പുണ്യവാന്റെ ഒളിവിനാലാണ്‌ ലോകത്തിന്റെ സൃഷ്‌ടിപ്പ്‌ തന്നെ. 
          തികച്ചും തമസ്സിന്റെ അന്തകനായി ഒളിവായ പ്രവാചകന്‍ തെളിമയുടെ തെളിച്ചത്തിലേക്ക്‌ വന്നത്‌ ഒരു വസന്ത മാസത്തില്‍ 12 ന്റെ പ്രഭാത കിരണങ്ങളെ അതിശയിപ്പിച്ചായിരുന്നു. ഗര്‍ഭധാരണം മുതല്‍ വഫാത്ത്‌ വരേയുമുള്ള ഓരോ നിമിഷങ്ങളിലും പ്രവാചകന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി വളരുകയായിരുന്നു.. ഹിറാ ഗുഹയില്‍ 40 ാമത്തെ വയസ്സില്‍ ഏകദൈവ വിശ്വാസത്തിന്റെ ആദ്യ അവതരണമുണ്ടായി.
            ആ വചസ്സിന്റെ മാസ്‌മരിക ശക്തി പതുക്കെ പതുക്കെ അനുവാചകര്‍ക്ക്‌ അനുഭവപ്പെടുമ്പോള്‍ പ്രാകൃത ജനതയില്‍ നിന്ന്‌ ഇലാഹീജ്ഞാനം ഉള്‍ക്കൊണ്ട പ്രതിഭകളെ കരുപിടിപ്പിക്കാന്‍ പ്രവാചകനായെങ്കിലും ശത്രുസംഹാരം സഹിക്കവയ്യാതെ പിന്നീട്‌ മദീനയിലേക്ക്‌.. അവിടുന്നങ്ങോട്ട്‌ പൂര്‍ണ്ണ മനുഷ്യനെ രൂപപ്പെടുത്തുക എന്ന ഉദാത്തോജ്ജ്വലമായ വിശിഷ്‌ട ലക്ഷ്യത്തിന്റെ സംസ്ഥാപനമായിരുന്നു. കാരുണ്യത്തിന്റെ ദീപശിഖയുമേന്തി അറേബ്യന്‍ മണല്‍ തരികളിലൂടെ സഞ്ചരിച്ചപ്പോള്‍ ശത്രുക്കളും മൃഗങ്ങളും സര്‍വ്വചരാചരങ്ങളും അവിടത്തേക്ക്‌ മുന്നില്‍ കൃതാര്‍ത്ഥരായി. 
               അസാധാരണമായ ധൈര്യവും പക്വതയും സ്‌നേഹം തുളുമ്പുന്ന കുടുംബവും തിരുനബി (സ്വ)ക്ക്‌ സാന്ത്വനമായിരുന്നു. കയ്‌പ്പും ചവര്‍പ്പും എരിവും മധുരവുമെല്ലാം ചേര്‍ന്ന സമൂഹ മദ്ധ്യത്തില്‍ തന്നെ ജീവിച്ചു. മണിമാളികകള്‍ തേടി പോയതേയില്ല. ഘോരമായ സാഹചര്യങ്ങളിലും ക്രൂര പീഡനങ്ങളിലും ഉറപ്പോടെ നില കൊണ്ടു. അറേബ്യയുടെ സര്‍വ്വ സാരഥ്യം വഹിച്ചു. നായകനായി... ജേതാവായി.... വാക്കും പ്രവര്‍ത്തിയും പൂരകങ്ങളാക്കി. അല്‍ അമീനായി പ്രഭ ചൊരിഞ്ഞു. ചരിത്രത്തിലിന്നോളം തുല്യതയില്ലാത്ത പരിവര്‍ത്തനത്തിന്റെ പതാക വാഹകനെന്ന്‌ എതിരാളികള്‍ പോലും പ്രശംസിച്ച ഔന്നത്യത്തിലേക്ക്‌ ഉയര്‍ന്നു. 
        വിശുദ്ധ ദീനിന്റെ പൂര്‍ത്തീകരണ ശേഷം അറഫാ മൈതാനിയില്‍ ആവേശോജ്ജ്വലമായ പ്രസംഗം... അത്‌ ധര്‍മ്മസ്ഥാപനത്തിന്റെ പൂര്‍ത്തീകരണമായിരുന്നെന്ന്‌ പ്രവാചക ലഭ്യതയുടെ ഇരുപത്തിമൂന്നാം വര്‍ഷം ആ ശോക നിമിഷം സംഭവിച്ചപ്പോഴാണ്‌ പലരും തിരിച്ചറിഞ്ഞത്‌. ശിഷ്യ ഗണങ്ങളെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ പ്രവാചകന്റെ വഫാത്ത്‌്‌ അംസഭവ്യമാണെന്ന്‌ പോലും ശിഷ്യരില്‍ ചിലര്‍ വാദിച്ചു. അവിടെയും പ്രവാചക ജീവിതം മാതൃകയാക്കിയ ഉത്തമ സ്വഹാബികള്‍ ലക്ഷ്യവും മാര്‍ഗ്ഗവും തിരിച്ചറിഞ്ഞു. 
           സര്‍വ്വസൃഷ്‌ടിക്കും അത്താണിയായ പ്രവാചകന്‍ വഫാത്ത്‌ സമയത്തും ചിന്തിച്ചത്‌ തന്റെ ഉമ്മത്തിനെയായിരുന്നു. വിധി നാളുകളില്‍ തന്റെ ജനത കണ്ണീര്‍ കടലിലാകുമ്പോള്‍ ശിപാര്‍ശയുമായി അല്ലാഹുവിന്റെ സവിധത്തില്‍ കടന്നുചെല്ലും. സാന്ത്വനത്തിന്റെ സര്‍വ്വ ഗോദകളും വെട്ടിത്തെളിച്ച്‌ തന്റെ ജനതയ്‌ക്ക്‌ ആശ്വാസത്തിന്റെ തെളിനീര്‌ പകരാന്‍.
           1400 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും വിമര്‍ശനങ്ങളെ അതിജയിച്ച്‌, കപട നിന്ദകള്‍ക്ക്‌ അക്കമിട്ട്‌ മറുപടി പറഞ്ഞ്‌ ഇന്നും ജീവിക്കുകയാണ്‌ പ്രവാചക ആത്മനിര്‍വൃതിയുടെ രാജവീഥികള്‍ വെട്ടിത്തെളിച്ച്‌, വിശ്വാസി ഹൃദയങ്ങളിലൂടെ... ഏവര്‍ക്കും നൂറുല്‍ ഇര്‍ഫാന്റെ നബിദിനാശംസകള്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...