Saturday, 12 December 2015

മാതൃക


മാതൃക

              നാം ജീവിതത്തില്‍ പലരെയും പലതിനെയും മാതൃകയാക്കാറുണ്ട്‌. കൊള്ളാമെന്ന്‌ തോന്നുന്ന, മനസ്സിനിഷ്‌ടപ്പെടുന്ന വ്യക്തികളെയും മറ്റും മാതൃകയാക്കി അനുകരിക്കുന്നു. പക്ഷെ മാതൃകയാക്കുന്നതിനുള്ള മാനദണ്‌ഡത്തില്‍ പലര്‍ക്കും പിഴവ്‌ സംഭവിക്കുന്നുവെന്നതാണ്‌ നേര്‌. മാതൃകാ യോഗ്യരായ ഉത്തമ ജനങ്ങളെ മാതൃകയാക്കുന്നവര്‍ ആധുനിക സാഹചര്യത്തില്‍ നന്നേ കുറവാണെന്ന്‌ പറയേണ്ടതില്ലല്ലോ? കാരണം ആധുനികരിലധികവും സത്യവും ധര്‍മ്മവും കാണാത്തവരും ഉള്‍ക്കൊള്ളാത്തവരുമാണ്‌. അതുകൊണ്ട്‌ തന്നെ ആധുനികരുടെ മാതൃകകള്‍ അധികവും അധര്‍മ്മത്തിന്റെ ആള്‍രൂപങ്ങളാണ്‌. 
               അത്യന്താധുനിക യുഗത്തിലും ഇതില്‍ വിഭിന്നമാകണം മുസ്‌ലിം. അവന്‍ സത്യധര്‍മ്മ നീതികള്‍ക്ക്‌ വില കല്‍പിക്കുന്നവനാകണം. തന്നെയുമല്ല, അവന്‌ മാതൃകയാക്കാനും അനുകരിക്കാനും ലോക രക്‌ഷിതാവ്‌ നിയോഗിച്ച അത്യുത്തമ മാതൃക അവനുണ്ട്‌. അഥവാ ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ഥഫാ (സ). അവിടുന്ന്‌ സര്‍വ്വമനുഷ്യനും മാതൃകയാണ്‌. അവിടുത്തെ ജീവിത മാതൃകയാക്കി ജീവിതം സംശുദ്ധമാക്കാനാണ്‌ രക്ഷിതാവിന്റെ കല്‍പന. അല്ലാഹു പറയുന്നു:``നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്‌'' അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്‌ തിരുനബിയെ പിന്‍പറ്റല്‍ അവന്‍ നിബന്ധനയാക്കിയതാണ്‌. 
                    തിരുനബി (സ) യെ മാതൃകയാക്കി അനുധാവനം ചെയ്യണമെന്ന്‌ അല്ലാഹുവും റസൂലും നിരവധി വചനങ്ങളിലൂടെ മാനവകുലത്തെ ഉത്‌ബോധിപ്പിച്ചു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിമിന്‌ ഈ വചനങ്ങള്‍ തള്ളാന്‍ കഴിയില്ല. അങ്ങനെ തള്ളിക്കളയല്‍ മഹാകുറ്റമാണ്‌. അതുകൊണ്ട്‌ എല്ലാ കാര്യങ്ങളിലും മുസ്‌ലിമിന്റെ മാതൃക തിരുനബി (സ) ആകണം. സര്‍വ്വവിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. വ്യക്തിഗതമായ, കുടുംബപരമായ, സാമൂഹ്യപരമായ, രാഷ്‌ട്രീയമായ എന്ന്‌ വേണ്ട എല്ലാറ്റിലുമുണ്ട്‌ ഉദാത്ത മാതൃക. നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം, നടത്തം, ഇരുത്തം, കിടത്തം, വേഷവിധാനം തുടങ്ങി ജീവിതത്തിലെ സകല കാര്യങ്ങളും അവിടുന്നിന്റെ മാതൃക പിന്‍പറ്റിയായിരിക്കണം. 
        ``നിശ്ചയം തങ്ങള്‍ അതിമഹത്തായ സ്വഭാവത്തിലാണ്‌''. എന്ന ഖുര്‍ആന്‍ വചനവും ``ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്‌ എന്നെ നിയോഗിക്കപ്പെട്ടത്‌'' എന്ന തിരുഹദീസും മുസ്‌ലിം നെഞ്ചേറ്റണ്ടതാണ്‌. മറിച്ച്‌ ഈ മാതൃകാപുരുഷനായ, അത്യുത്തമ നേതാവായ തിരുറസൂലിനെ വിട്ട്‌ മറ്റുള്ളവരെയും അവരുടെ ആഭാസങ്ങളെയും മാതൃകയാക്കല്‍ മുസ്‌ലിമിന്‌ ഒട്ടും യോജ്യമല്ല. മാത്രമല്ല, മഹാ അബദ്ധമാണ്‌. 
      തിരുനബി (സ) യെ മാതൃകയാക്കി ജീവിക്കാത്തതിന്റെ പോരായ്‌ക ആധുനിക മുസ്‌ലിം ലോകം അനുഭവിക്കുന്നുണ്ട്‌. അനുഭവങ്ങളും പാഠങ്ങളും എത്ര കിട്ടിയാലും ഈ പവിത്ര മാതൃക അനുധാവനം ചെയ്യുന്നവര്‍ വിരളം തന്നെ. തിരുനബി (സ) യെ മാതൃകയാക്കണമെന്ന്‌ സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്നവരില്‍ തന്നെ തിരുമാതൃക പിന്‍പറ്റാന്‍ വിമുഖതയുള്ളവരുണ്ടെന്നാണ്‌ ഖേദകരമായ സത്യം. ദുഷിച്ച്‌ നാറുന്ന മാതൃകകള്‍ക്ക്‌ പിന്നാലെ പോകാതെ സകല കാര്യങ്ങളിലും തിരുനബി (സ) യെ മുസ്‌ലിം സമൂഹം മാതൃകയാക്കുകയാണെങ്കില്‍ സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും തീരുമെന്നതില്‍ സന്ദേഹം വേണ്ട. അത്രയേറെ മഹത്തരവും സംശുദ്ധവുമായ ജീവിതമാണ്‌ തിരുനബി (സ) കാഴ്‌ച വെച്ചതും പഠിപ്പിച്ചതും.
      ഈ ഉത്തമ മാതൃക പിന്തുടരുന്നവര്‍ കുറഞ്ഞുവെന്ന്‌ മാത്രമല്ല, ആ മാതൃക അനുധാവനം ചെയ്യുന്നവരെ ആക്ഷേപിക്കുകയും ആരോപിക്കുകയും ചെയ്യല്‍ സമൂഹത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണ്‌. ആ ഉത്തമ മാതൃക പൂര്‍ണ്ണമായും അനുധാവനം ചെയ്‌തു മുന്നോട്ട്‌ പോകുന്നവനാണ്‌ യഥാര്‍ത്ഥ അനുയായി. വെല്ലുവിളികളും എതിര്‍പ്പുകളും അവന്‍ കാര്യമാക്കുകയില്ല. തോന്നുന്നതൊക്കെ പറഞ്ഞും ചെയ്‌തും ഞാനും തിരുനബിയുടെ അനുയായിയാണെന്ന്‌ വീമ്പിളക്കലല്ല കാര്യം. മറിച്ച്‌ മറ്റെല്ലാറ്റിനേക്കാളും അവിടുന്നിനെ സ്‌നേഹിച്ച്‌ അവിടുന്നിനെ മാതൃകയാക്കി ജീവിതം ചിട്ടപ്പെടുത്തലാണ്‌ ശരിയായ അനുയായികള്‍ ചെയ്യേണ്ടത്‌. 
        ബാഹ്യകാര്യങ്ങളിലെന്ന പോലെ ആന്തരിക വിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. ബാഹ്യവും ആന്തരികവും സമന്വയിപ്പിച്ച സമ്പൂര്‍ണ്ണ ജീവിതമാണ്‌ അവിടുന്ന്‌ ലോകത്തിന്‌ സമര്‍പ്പിച്ചത്‌. ഭാഗികമായ ബാഹ്യനടപടികള്‍ മാത്രമോ അല്ലെങ്കില്‍ ആന്തരിക പ്രക്രിയകള്‍ മാത്രമോ ആയി അല്ല അവിടുന്ന്‌ പഠിപ്പിച്ചത്‌. പുറവും ഉള്ളും ഉള്ളിന്റ ഉള്ളും ഇവ ഓരോന്നും അതാതിന്റെ ക്രമത്തില്‍ കൊണ്ടു പോകുമ്പോഴാണ്‌ പൂര്‍ണ്ണത കൈവരുന്നതും ഇസ്‌തിഖാമത്ത്‌ (ശരിയായ നില) പ്രാപിക്കുന്നതും. ഇവു മൂന്നും തിരുനബി (സ) പഠിപ്പിച്ചതും അവിടുത്തെ ജീവിതത്തില്‍ നിവര്‍ത്തിച്ചതും പ്രബോധനം ചെയ്‌തതുമാണ്‌. പൂര്‍ണ്ണമായി തിരുനബി (സ) യെ മാതൃകയാക്കുന്നവന്‌ ഇവ മൂന്നിലൊന്നും ഒഴിവാക്കാന്‍ നിര്‍വ്വാഹമില്ല. ഒന്നെടുത്ത്‌ ഒന്നൊഴിവാക്കിയാല്‍ അല്ലെങ്കില്‍ രണ്ടും ഉപേക്ഷിച്ചാല്‍ പൂര്‍ണ്ണ പിന്തുടരല്‍ ആവുകയില്ലല്ലോ? അഥവാ ശരിഅത്ത്‌, ത്വരീഖത്ത്‌, ഹഖീഖത്ത്‌ ഇവു മൂന്നും അവിടുത്തെ പ്രബോധനമാണ്‌, മാതൃകയാണ്‌. ഈ പൂര്‍ണ്ണ മാതൃക സ്വീകരിക്കലാണ്‌ മുസ്‌ലിം ചെയ്യേണ്ടത്‌ 


No comments:

Post a Comment

Related Posts Plugin for WordPress, Blogger...