Tuesday, 3 December 2013

കാലം മാറുകയാണ്‌ എട്ടുകാലി സിദ്ധാന്തത്തിലൂടെ....2
കാലം മാറുകയാണ്‌
എട്ടുകാലി സിദ്ധാന്തത്തിലൂടെ.... 2


            ലോകത്ത്‌ ഏത്‌ മുക്ക്‌ മൂലകളിലേക്ക്‌ നോക്കിയാലും എട്ടുകാലി സിദ്ധാന്തത്തിന്‌ ഇന്ന്‌ പ്രശസ്‌തിയേറുകയാണ്‌. സ്വന്തം കൂടപ്പിറപ്പിനെ കുളിക്കാനുപയോഗിക്കുന്ന സോപ്പായി ചിത്രീകരിക്കപ്പെടുന്നു. തന്റെ സുഹൃത്തും സഹോദരനും എല്ലാം തനിക്കായി തേഞ്ഞു തീരേണ്ടതാണെന്ന അബദ്ധസിദ്ധാന്തം. എന്തിനേയും നശിച്ച ലാഭഹേതു ദൃഷ്‌ടിയോടെ നോക്കിക്കാണുന്ന കച്ചവട മനസ്സ്‌.
                     ലാഭകരമല്ലാത്തതെല്ലാം അടച്ചു പൂട്ടി സീല്‍ ചെയ്യേണ്ടതാണെന്ന അബദ്ധ ബോധനം നടത്തുന്ന വൃത്തികെട്ട സിദ്ധാന്തമാണിത്‌.                                                      പ്രായാധിക്യവും, ദീനങ്ങളും, കഷ്‌ടപ്പാടുകളും, നട്ടെല്ലൊടിച്ച സ്വന്തം ഉപ്പ ഉമ്മമാര്‍ ഭവനങ്ങളില്‍ നിന്ന്‌ പുറന്തള്ളപ്പെടേണ്ട ഉപയോഗ ശൂന്യമായ വേസ്റ്റായി തീരുന്നത്‌ ഈ പ്രത്യയ ശാസ്‌ത്രത്തിലാണ്‌. ഇതിന്റെ വളര്‍ച്ചയോ!അതി ശീഘ്രവും. ഈ സാഹചര്യത്തിലാണ്‌ വിശുദ്ധകലാമിന്റെ അടിവരയിട്ട താക്കീതുകള്‍ പ്രശസ്‌തമാകുന്നത്‌. ``അവരോട്‌ `ഛേ' എന്ന്‌ പോലും പറയരുത്‌. അവരെ വിരട്ടരുത്‌. അവരോട്‌ മാന്യമായി മാത്രം സംസാരിക്കുക. താഴ്‌മയോടെ കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്ക്‌ നീ താഴ്‌ത്തി കൊടുക്കുക. ചെറുപ്രായത്തില്‍ നിന്നോടവര്‍ കരുണ കാണിച്ച പോലെ അവര്‍ക്ക്‌ നീ കരുണ ചെയ്യേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുക''. ഇത്രയധികം സുതാര്യവും ദിവ്യവുമായ കല്‌പന മറ്റൊരു മതത്തിലും ദര്‍ശിക്കാന്‍ സാധ്യമല്ല. ഇത്തരം കല്‌പനകളും ഉത്തരവുകളും പേപ്പറുകളിലും പ്രസംഗങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോഴും ഭവനഭേതം ചെയ്യപ്പെടുന്ന വയോവൃദ്ധര്‍ നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളില്‍ പോലും പെരുകുന്നു എന്നതാണ്‌ ദൈനംദിന കാഴ്‌ച. ഇതിന്റെ മകുടോദാഹരണമാണ്‌ പെട്ടിക്കടകള്‍ പോലുമില്ലാത്ത നമ്മുടെ കൊച്ചു ഗ്രാമങ്ങളില്‍ പോലും അമ്പര ചുമ്പികളായി തല ഉയര്‍ത്തി വരുന്ന വൃദ്ധ സദനങ്ങള്‍ എന്ന സത്യം നാം വിസ്‌മരിച്ചു കൂടാ കഷ്‌ടം തന്നെ ഈ ലോകത്തിന്റെ അവസ്ഥ!!.

                              കിട്ടാനുള്ള അവകാശങ്ങള്‍ കൂട്‌ കൂട്ടി മലീസമായ മനസ്സില്‍ മൂല്യബോധങ്ങള്‍ക്കോ ധാര്‍മ്മിക ചിന്താഗതികള്‍ക്കോ സ്ഥാനമില്ല. തിന്മയുടെ മാതാവായ മദ്യം മാന്യതയുടെ സിംബലായിരിക്കുന്നു. മയക്കുമരുന്നും ലോട്ടറിയും സിനിമയും താന്തോന്നിത്തരങ്ങളും മുസ്‌ലിം യുവാക്കളുടെ ദൈനം ദിന ജീവിതത്തിന്റെ സായം സന്ധ്യകളില്‍ ചടുല നൃത്തമാടുകയാണ്‌. മായാലോകത്തെ അയഥാര്‍ത്ഥ്യ സ്വപ്‌നങ്ങളില്‍ മനുഷ്യ മനസ്സുകളെ തളച്ചിടുന്ന കേബിള്‍ ടിവി യിലെ ഫാഷന്‍ ചാനലുകള്‍ സത്യത്തില്‍ മനുഷ്യ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ പല്ലിളിച്ച്‌ കാണിക്കുന്ന മാസ്‌മരിക ശക്തിയുള്ള വ്യഭിചാര സംസ്‌ക്കാരത്തിന്‌ ഊര്‍ജ്ജം പകരുകയാണ്‌. നീതിക്കും ധര്‍മ്മത്തിനും ഈ നവയുഗ എട്ടുകാലി സിദ്ധാത്തത്തില്‍ ചരമഗീതം കുറിക്കപ്പെട്ടു. പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി അവനെ കാര്‍ന്നു തിന്നുന്നു.
                         മുലക്കണ്ണുകളില്‍ നിന്ന്‌ കുഞ്ഞുകുട്ടികളെ പറിച്ചെടുത്ത്‌ `ഡേ കെയര്‍' സെന്ററുകളില്‍ കെട്ടിയിട്ട്‌ അക്ഷരം തീറ്റിക്കുന്ന രക്ഷിതാക്കള്‍. ഉമ്മയുടെയും ഉപ്പയുടെയും താങ്ങിലും തണലിലും സ്‌നേഹ വായ്‌പുകളിലും ഉപചാര ആചാര മര്യാദകള്‍ കണ്ട്‌ ശീലിച്ച്‌ പഠിക്കേണ്ട കുട്ടികളെ ഇതൊന്നും ശീലിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേല്‍പ്പിച്ച്‌ ശല്യം തീര്‍ക്കുന്നവരാകും   നമ്മുടെ മക്കള്‍...! തീര്‍ച്ച !

                      വളര്‍ന്നു വരുന്ന ഈ നൂതന എട്ടുകാലി സിദ്ധാന്തത്തില്‍ കോടതി വരാന്തകളില്‍ വിധിയും കാത്ത്‌, യൗവ്വനം തുലക്കുന്ന, സ്വന്തം ജീവിതത്തെ പഴിച്ച്‌ കഴിയുന്ന നവദമ്പതികള്‍ ഏറുകയാണ്‌. മാനുഷിക സംഘടനകള്‍ അമ്മ തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ തിരക്ക്‌ കൂട്ടുമ്പോഴും ആരും കാണാതെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ പെരുകുകയാണ്‌. ഭ്രൂണ ഹത്യയാകട്ടെ ഒരു രാക്ഷസിനിയായി സംഹാരതാണ്‌ഡവമാടുന്നു. ഇരുപത്തിമൂന്ന്‌ ലക്ഷം കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭ്രൂണഹത്യക്ക്‌ വിധേയരായെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ കണക്കില്‍ പെടാത്തത്‌ ഇതിലും ഇരട്ടിയാണെന്ന്‌ നാം ഓര്‍ക്കണം. പടിഞ്ഞാറിന്റെ വൃത്തികേടുകളിലേക്ക്‌ കണ്ണടക്കാതെയും അതിന്റെ വൃത്തികെട്ട നാറ്റത്തിലേക്ക്‌ മൂക്ക്‌ പൊത്താതെയും നടക്കാന്‍ നാം ശീലിച്ചു കഴിഞ്ഞു എന്നര്‍ത്ഥം.
പടിഞ്ഞാറ്‌ നിന്ന്‌ അടിച്ചു വീശുന്ന ദുര്‍ഗന്ധം നമ്മുടെ സ്‌നേഹം കുടിയേറിപാര്‍ത്ത ഗേഹങ്ങളുടെ മേല്‍ക്കൂര തകര്‍ത്ത്‌ സംഹാരതാണ്‌ഡവമാടുകയാണ്‌. അതോടെ നമ്മുടെ സ്വര്‍ഗ്ഗ സമാനമായ ഗേഹങ്ങള്‍ ദുരന്തം പാര്‍ക്കുന്ന സങ്കേതങ്ങളായി മാറി. സര്‍വ്വ നന്മകളോടും അങ്കം വെട്ടി തിന്മകള്‍ കുടിയേറി പാര്‍ത്തു. പാവനമായ വിവാഹത്തോടും,സദാചാരങ്ങളോടും, ബന്ധങ്ങളോടും വിട. വിവാഹം രജിസ്‌ട്രേഷന്‍ മാത്രമായി മാറി. തോന്നുമ്പോള്‍ ഉപേക്ഷിക്കപ്പെട്ടു. തോന്നുമ്പോള്‍ വീണ്ടും ചേര്‍ക്കപ്പെട്ടു. പുതിയ തലമുറ വിവാഹം തന്നെ ഇഷ്‌ടപ്പെടുന്നില്ല. വികാര ശമനത്തിന്‌ മറ്റെന്തെല്ലാം വഴികള്‍, മകള്‍ ബാധ്യതയാകും തടവറയാകും. അതിനാല്‍ വിവാഹം വേണ്ട സഹവാസം മതി. മടുക്കുമ്പോള്‍ പിരിയാം. എല്ലാം ഒരു പ്രഹസനം മാത്രം. നമ്മുടെ കുളം തോണ്ടപ്പെട്ട കുടുംബങ്ങള്‍ ഈ നശിച്ച സിദ്ധാന്തത്തിന്റെ പരിണിത ഫലമാണെന്ന്‌ നാം ഓര്‍ക്കണം.
                            ഈ ഹീന സിദ്ധാന്തത്തിലൂടെ മനുഷ്യമനസ്സ്‌ വ്യാമോഹങ്ങള്‍ കൊണ്ട്‌, ആര്‍ത്തിയും സ്വാര്‍ത്ഥതയും കൊണ്ട്‌, ഒറ്റയാള്‍ ദ്വീപായി രൂപാന്തരപ്പെടുകയാണ്‌. കലപില കൂട്ടുന്ന കുട്ടികളും, അയല്‍ വാസികളും, ബന്ധങ്ങളും, അന്യരായി. നമുക്കെങ്ങനെയാണ്‌   ജീവിതത്തിന്റെ സ്‌നേഹ സാഗരത്തില്‍ ഒറ്റയാള്‍ ദ്വീപായി പരിണമിക്കാനാകുക!!? സര്‍വ്വ ഭൂവിനേയും സൃഷ്‌ടിക്കാന്‍ കാരണ ഭൂതരായ പ്രചാചകന്‍ (സ) യുടെ ജീവിതചര്യ മനസ്സിലാക്കുമ്പോള്‍ ഹസന്‍ , ഹുസൈന്‍ (റ) ക്ക്‌ കളിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനാ വേളയിലെ സുജൂദില്‍ നിന്ന്‌ പോലും ദീര്‍ഘനേരം എഴുന്നേല്‍ക്കാതിരുന്നതായി കാണാന്‍ കഴിയും. ഇത്രയധികം കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച പ്രവാചകര്‍ (സ) യുടെ സത്‌-സരണി ഉപേക്ഷിച്ച്‌ നാമെന്തിന്‌ ഈ പിഴച്ച പടിഞ്ഞാറിന്റെ ദുര്‍ഗന്ധം വമിക്കുന്ന എട്ടുകാലി സിദ്ധാന്തത്തിന്‌ പുറകെ പോകണം. ഈ സിദ്ധാന്തത്തിലൂടെ സഞ്ചരിച്ച പടിഞ്ഞാറ്‌ ജാരസന്തതികളെ കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുകയാണ്‌. മൂന്നില്‍ ഒന്ന്‌ കുട്ടികള്‍ക്കവിടെ മേല്‍വിലാസമില്ല. മേല്‍വിലാസമുള്ളവര്‍ക്ക്‌ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനുളള ഭാഗ്യമില്ല.
                         മടങ്ങാം.... നമുക്ക്‌ കുടുംബത്തിലൂടെ.... കാരണം മാതാവിന്റെ കാല്‍ചുവട്ടിലാണ്‌ സ്വര്‍ഗ്ഗം. കവിഭാവനയോ, ആപ്‌ത വാക്യമോ അല്ലിത്‌. പിന്നെ പ്രവാചകന്റെ ശബ്‌ദമാണ്‌. ഒരാള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്‌ തന്റെ മാതാവിനോടാണ്‌. രണ്ടാമതും മൂന്നാമതും മാതാവിനോടാണ്‌. ആദ്യത്തെ മൂന്ന്‌ സ്ഥാനങ്ങള്‍ പ്രവാചകന്‍ (സ) തങ്ങള്‍ നല്‍കിയത്‌ മാതാവിനാണ്‌. അതിനാല്‍ കുടുംബത്തിന്റെ പരിശുദ്ധതയില്‍ മാതാവിന്റെ കാല്‍ചുവട്ടിലൂടെ സ്രഷ്‌ടാവിനെ കണ്ടെത്താന്‍ ശ്രമിക്കാം..... അതിനാകട്ടെ ഇനി നമ്മുടെ പ്രയാണം..... നാഥന്‍ തുണക്കട്ടെ... ആമീന്‍
 ആദ്യ ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ click ചെയ്യുക 

2 comments:

  1. എട്ടുകാലിമനുഷ്യരുടെ ഭൂമി

    ReplyDelete
  2. മടങ്ങാം.... നമുക്ക്‌ കുടുംബത്തിലൂടെ.... കാരണം മാതാവിന്റെ കാല്‍ചുവട്ടിലാണ്‌ സ്വര്‍ഗ്ഗം.

    ReplyDelete

Related Posts Plugin for WordPress, Blogger...