നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 10 December 2013

വിശ്വമാനവിക ഐക്യം

വിശ്വമാനവിക ഐക്യം


            മത സൗഹാര്‍ദ്ദത്തെയും വിശ്വമാനവിക ഐക്യത്തെയും ജീവനേക്കാള്‍ സ്‌നേഹിക്കുന്ന സരണിയാണ്‌ കേരള മുസ്‌ലിംകള്‍ക്കുള്ളത്‌. ലോകത്ത്‌ തന്നെ ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിച്ചതും അത്തരം ഒരു കാഴ്‌ചപ്പാടാണ്‌. അക്രമത്തിന്റെ തീച്ചൂളകള്‍ തീര്‍ത്ത്‌ വിശ്വാസിയെ കണ്ടാല്‍ വകവരുത്താന്‍ കരുതിയിരുന്ന ജൂതന്റെ ശവശരീരത്തോട്‌ ആദരവ്‌ കാണിച്ച പ്രവാചക ജീവിതം അതിന്‌ മാതൃകയുമാണ്‌.
                   കേരളത്തെ സംബന്ധിച്ച്‌ മത സൗഹാര്‍ദ്ദത്തിന്‌ കോട്ടം വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ആ ഊഷര ഭൂമികളില്‍ ഓടിയെത്തി അതില്ലാതാകാന്‍ ഇവിടുത്തെ മുസ്‌ലിം നേതൃത്വം സദാ ശ്രമിച്ചിട്ടുണ്ട്‌. മുസ്‌ലിം നേതൃത്വത്തിന്റെ സക്രിയ ഇടപെടല്‍ ഒരു പ്രശ്‌നവും കത്തിപ്പടരുവാന്‍ ഇടവരുത്തിയിട്ടില്ല. 
                    വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയും, മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ബാഫഖി തങ്ങളും മാനവിക ഐക്യത്തിന്റെ മഹിത സന്ദേശങ്ങള്‍ കൈമാറി കാലം ചെയ്‌ത സാത്വികരാണ്‌. ഇവരുടെ കാല്‍പാടുകളിലൂടെയാണ്‌ ക്ഷമാശീലരായ കേരളീയ മുസ്‌ലിംകള്‍ ഇത്രയും കാലം ജീവിച്ചത്‌. 1992 ഡിസംബറിന്റെ ശൈത്യത്തില്‍ ബാബരി മസ്‌ജിദിന്റെ മിനാരങ്ങള്‍ ഒരു വിഭാഗം തച്ചുടച്ചപ്പോഴും കുതിച്ചെത്തിയ സംഘശക്തികളെ ഇസ്‌ലാമിക സരണിയുടെ മഹത്വം പറഞ്ഞ്‌ ശാന്തരാക്കിയ പാഠവും പാടവവുമാണ്‌ നമുക്കുള്ളത്‌. 
                       അടുത്ത കാലത്ത്‌ ഈ സല്‍സരണിക്ക്‌ അപവാദമായി ചിലര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവരുടെ അബദ്ധ ജഡിലമായ ഇടപെടലുകള്‍ സമൂഹത്തിന്‌ ചീത്തപ്പേരുണ്ടാക്കി. മറ്റ്‌ സമുദായങ്ങള്‍ നമ്മെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്തി. താടിയും തലപ്പാവും ധരിച്ച വിശ്വാസിയോട്‌ ഇതോടെ പുച്ഛമായി മാറി. ഒരു നാടിന്റെ തന്നെ ന്യായാധിപന്മാരായിരുന്ന പൂര്‍വ്വ സൂരികള്‍ ജാതി മത ഭേതമന്യേ ആദരണീയരായത്‌ പ്രകടനങ്ങളും യുവാക്കളെ സംഘടിപ്പിച്ച്‌ സമര സന്നാഹങ്ങളും കാഴ്‌ച വെച്ചതു കൊണ്ടായിരുന്നില്ല. മറിച്ച്‌ ആത്മീയ വ്യവഹാരങ്ങളുടെ പ്രയോഗവത്‌കരണമായിരുന്നു അവരുടെ ആയുധം. 
ഈ പൂര്‍വ്വ സൂരികളുടെ പ്രവര്‍ത്തനങ്ങളില്‍ ശങ്ക പ്രകടിപ്പിക്കാതെ സമുഹത്തില്‍ അവര്‍ ചെയ്‌ത നിഷ്‌കാമ കര്‍മ്മങ്ങളെ അയുക്തികതയുടെ നാമം ചാര്‍ത്തി പുറന്തള്ളപ്പെടാതെ അവരെ നാം മുറുകെ പിടിക്കുക. അവര്‍ കാട്ടിയ സത്സരണിയില്‍ അണിനിരക്കുക. എന്നാല്‍ ഒരു സംഘശക്തിയുടെയും ആവശ്യം നമുക്കില്ല. നമുക്കു പുറമെ നാടും നഗരവും തനിയെ വരും. നമ്മെ ഉന്നതങ്ങളില്‍ കുടിയിരുത്താന്‍...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...