Friday, 20 December 2013

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍

പൂരസമാനമായ നമ്മുടെ വിവാഹവേളകള്‍
                ഇസ്‌ലാം വിശാലവും ദൈവികവുമായ മതമാണ്‌. അത്‌ സ്‌പര്‍ശിക്കാത്ത ഒരു ജീവിത മണ്‌ഡലവും ഒരു മുസ്‌ലിമിന്റെ ജീവിതത്തിലില്ല. അത്രക്ക്‌ പരന്നതാണതിന്റെ തത്വസംഹിത. വിസര്‍ജ്ജ്യസ്ഥലത്ത്‌ പ്രവേശിക്കുമ്പോള്‍ പോലും മര്യാദകളും പ്രാര്‍ത്ഥനകളും പഠിപ്പിച്ചിതാണതിന്റെ രജതരേഖ.. ഈ ഇസ്‌ലാം വിവാഹത്തിന്‌, നികാഹിന്‌ നല്‍കിയ സ്ഥാനം മഹത്തരമാണ്‌. അത്‌ വെറും കുട്ടിക്കളിയല്ല. പ്രായപൂര്‍ത്തിയായ മക്കളെ ഉത്തമരോടൊപ്പം വിവാഹം കഴിച്ചയക്കേണ്ടത്‌ മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്‌. ഈ കര്‍ത്തവ്യ നിര്‍വ്വഹണം ദീനിന്റെ ചട്ടക്കൂടില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ മാതാപിതാക്കളാകുന്നതാണ്‌. ``ഒരുവന്‍ വിവാഹം എന്ന സുന്നത്തായ കര്‍മ്മം നിര്‍വ്വഹിച്ചാല്‍ അവന്റെ ദീനിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു'' എന്നാണ്‌ നബി (സ) തങ്ങള്‍ പഠിപ്പിച്ചിരിക്കുന്നത്‌ .
                   ഇസ്‌ലാമിക വിവാഹം വളരെ ലളിതവും ചുരുങ്ങിയതുമാണ്‌. വധുവിന്റെ പിതാവ്‌ രണ്ട്‌ സാക്ഷികളുടെ മുന്നില്‍ വെച്ച്‌ ഞാന്‍ എന്റെ മകളെ നിനക്ക്‌ വിവാഹം ചെയ്‌തു തന്നു എന്നും വരന്‍ ഞാന്‍ സ്വീകരിച്ചു എന്നും പറയുന്നതോടെ വിവാഹം സംഭവിക്കും. ചുരുക്കത്തില്‍ അഞ്ച്‌ കാര്യങ്ങളാണ്‌ ഇസ്‌ലാം പവിത്രമായ വിവാഹത്തിന്‌ നിര്‍ദ്ദേശിക്കുന്നത്‌. വധു. വരന്‍, വലിയ്യ്‌,രണ്ട്‌ സാക്ഷികള്‍, സീഗഃ (നിക്കാഹിന്റെ പദം സവ്വജത്തുക്ക, അന്‍കഹത്തുക്ക). ഇവ ഉണ്ടായാല്‍ നികാഹ്‌ ശരിയാവും. ഇസ്‌ലാം പറഞ്ഞ മറ്റൊരു ചെലവ്‌ വരന്‍ വധുവിന്‌ നല്‍കേണ്ട മഹ്‌ര്‍ മാത്രമാണ്‌. ഇതിനാണെങ്കില്‍ അധിക ചെലവുമില്ല. വിലമതിക്കാന്‍ പറ്റുന്ന ഏത്‌ വസ്‌തുവും മഹ്‌റില്‍ (വിവാഹമൂല്യം) പരിഗണിക്കും. ഇരുമ്പി നാല്‍ നിര്‍മ്മിച്ച മോതിരം നല്‌കിയാല്‍ പോലും മഹ്‌റായി സ്വീകരിക്കപ്പെടുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.
എന്നാല്‍ യാതൊരു ചെലവുമില്ലാത്ത ഇസ്‌ലാമിക വിവാഹ വേളകള്‍ ഇന്ന്‌ ദുരന്തം പാര്‍ക്കുന്ന കൊട്ടാരങ്ങളായി മാറിയിരിക്കുന്നു. പൂരപ്പറമ്പുകള്‍ക്‌ സമാനമോ അതിനും അപ്പുറത്തോ ആണ്‌ പലപ്പോഴും നമ്മുടെ വിവാഹ വേളകള്‍. ഒറ്റ രാത്രി കൊണ്ട്‌ പതിനായിരങ്ങള്‍ ധൂര്‍ത്തായി പൂരപ്പറമ്പുകളില്‍ കത്തിത്തീരുമ്പോള്‍, അനാവശ്യ ധൂര്‍ത്തായി ലക്ഷങ്ങളാണ്‌ കുടുംബനാഥന്റെ പോക്കറ്റില്‍ നിന്നും കാലിയാവുന്നത്‌.
                     വിവാഹാലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ മാടു കച്ചവടമാണ്‌ അരങ്ങേറുക. പെണ്ണിന്റെ ദീനും, സൗന്ദര്യവും, കുടുംബവും എല്ലാം മെച്ചവും തൃപ്‌തവുമാണ്‌. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല സ്വഭാവവും അച്ചടക്കവുമുള്ള കുട്ടി. പക്ഷെ പത്ത്‌ ലക്ഷവും നൂറു പവനും കിട്ടണം എങ്കിലേ കല്യാണം നടക്കൂ. ഇങ്ങനെ മാടുകച്ചവടമായി തീരുന്നു വിവാഹാലോചനകള്‍. സ്‌ത്രീധനം വാരിക്കോരി ചോദിക്കുന്നതിനുമുണ്ട്‌ കാരണങ്ങള്‍. വിവാഹ മാമൂലുകള്‍ ഇന്ന്‌ അഭിമാനപ്രശ്‌നമാകുന്നു. വിവാഹം അടിച്ചു പൊളിയല്ലെങ്കില്‍ സമൂഹം കളിയാക്കും. പണ്ടത്തേത്‌ പോലല്ല ഇന്ന്‌. കല്ല്യാണ രാത്രിയില്‍ നടത്തേണ്ട ഗാനമേളയ്‌ക്കും മറ്റും ഭീമമായ റൈറ്റാണ്‌. മൂവിക്കാരനും നല്ല പൈസ കൊടുക്കേണ്ടി വരും. മൈലാഞ്ചിക്കല്ല്യാണം എന്ന ആഭാസത്തിന്‌ ബ്രേക്ക്‌ ഡാന്‍സും ഗാനമേളയും വേറെ വേണം. ഹോട്ടലില്‍ വേണം കല്ല്യാണം നടത്താന്‍. അതും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍. നാട്ടില്‍ കിട്ടുന്ന എല്ലാ തരം ബിരിയാണിയും വേണം. പുറമെ പഴങ്ങള്‍, എല്ലാതരം ഐസ്‌ക്രീമും. കല്ല്യാണക്കുറി ഒന്നിന്‌ നൂറു രൂപയെങ്കിലും വിലവരും. തുറക്കുമ്പോള്‍ വധുവിന്റെയും വരന്റെയും പേര്‌ പറയണം. വസ്‌ത്രമെടുക്കാന്‍ വണ്ടി വിളിച്ച്‌ ബ്യൂട്ടീഷനേയും കൂട്ടി പട്ടണത്തിലെ വലിയ വെഡ്ഡിംഗ്‌ സെന്ററില്‍ തന്നെ പോകണം. ഇതിനെല്ലാം പണം വേണ്ടേ. അപ്പോള്‍ വാരിക്കോരി പിഴിഞ്ഞെടുത്താലേ ഈ രൂപത്തില്‍ കല്ല്യാണം നടക്കുകയുള്ളൂ. സ്വന്തം കാശ്‌ കൊണ്ടാണെന്ന്‌ ഹുങ്ക്‌ നടിക്കുന്നവരേ ചിന്തിക്കുക. നിങ്ങളുടെ വിവാഹ മാമാങ്കങ്ങള്‍ക്ക്‌ നിങ്ങള്‍ ചെലവാക്കുന്ന പണത്തിന്റെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ നിങ്ങളുടെ ചുറ്റുഭാഗങ്ങളില്‍ സ്‌ത്രീധനത്തിന്റെ പേരില്‍ പുര നിറഞ്ഞു നില്‍ക്കുന്ന എത്ര പെണ്‍കുട്ടികളുണ്ടാവും. അവര്‍ക്കും ഒരു ജീവിതം നിങ്ങള്‍ക്ക്‌ ഇവിടെ നല്‍കാന്‍ കഴിഞ്ഞാല്‍ അവരുടെ ദുആ കൊണ്ട്‌ നാളെ ഒരു നല്ല ജീവിതം നിങ്ങള്‍ക്കും നാഥന്‍ നല്‍കും തീര്‍ച്ചയാണ്‌. പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉപ്പമാര്‍ ചോരനീരാക്കിയ അവരുടെ ചോര പുരണ്ട പണം കൊണ്ട്‌ തന്നെ വേണോ ഇത്തരം ആഭാസങ്ങള്‍.
കല്യാണത്തിന്റെ വ്യാജലേബലില്‍ ധാരാളം പേക്കൂത്തുകളും മാമൂലുകളും ഇന്ന്‌ ആചാരമായി മാറിയിരിക്കുകയാണ്‌. അതിന്‌ മുടന്തന്‍ ന്യായങ്ങളും. വിവാഹ വേളകളുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ്‌ നില്‍ക്കുന്ന വ്യാജ ആചാരങ്ങള്‍ നിര്‍ദ്ധന കുടുംബങ്ങളുടെ നട്ടെല്ലാണ്‌ ഒടിക്കുന്നത്‌. ഇത്തരം കുടുംബങ്ങളില്‍ നിന്നാണ്‌ അന്യപുരുഷനോടൊപ്പം ഒളിച്ചോടുന്ന മുസ്‌ലിം യുവതികളില്‍ 90 ശതമാനവും രൂപപ്പെടുന്നത്‌. ഈ മാമൂലുകള്‍ക്ക്‌ മുടക്കം വന്നതിന്റെ പേരില്‍ മാനസികമായി പീഡിക്കപ്പെട്ട യുവതികള്‍ നിരവധിയാണ്‌. ശാരീരികമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളാണ്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന വടക്കന്‍ ജില്ലകളില്‍ നിന്ന്‌ പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. സമൂഹം സംസ്‌കരിക്കേണ്ടവര്‍ കൂടി കണ്ണടച്ച്‌ ഇത്തരം ആഭാസങ്ങള്‍ക്ക്‌ മൗനസമ്മതം മൂളുമ്പോള്‍, തോണിക്കാരന്‍ തന്നെ ഘാതകനാകുമ്പോള്‍ നമ്മുടെ സമൂഹം അവരറിയാതെ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുകയാണ്‌.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...