Monday, 9 December 2013

അഭിനയം


അഭിനയം
                അഭിനയം എന്നു കേള്‍ക്കുമ്പോള്‍ സിനിമകളും നാടകങ്ങളുമൊക്കെയായിരിക്കും ആധുനികന്‌ പൊടുന്നനെ ഓര്‍മ്മ വരിക. അഭിനയങ്ങളില്‍ കാണുന്ന അയഥാര്‍ത്ഥ കാര്യങ്ങള്‍ അനുകരിച്ച്‌ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവരുള്ള ഈ യുഗത്തില്‍ പ്രത്യേകിച്ച്‌. ഭവനങ്ങള്‍ ടി.വി.കളിലൂടെയും മറ്റും തീയേറ്ററുകളായി മാറിയപ്പോള്‍ പറയേണ്ടതില്ല. സിനിമകളും സീരിയലുകളും യുവ സമൂഹത്തെ കുറച്ചൊന്നുമല്ല ദുഷിപ്പിക്കുന്നത്‌ എന്നത്‌ നിരവധി സമകാലിക സംഭവങ്ങള്‍ നമുക്ക്‌ പറഞ്ഞു തരുന്നു. എന്തൊക്കെയായാലും അധിക പേരും അഭിനയങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. അതിലുള്ള അപകടങ്ങളില്‍ ചാടിയാലും ബോധവാന്മാരാകുന്നവര്‍ വിരളം. ബാഹ്യാഭിനയത്തിന്റെ ദൂഷ്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌. അഭിനയങ്ങളിലെ ഒരിനം മാത്രമാണിത്‌. 
                   ഇഹലോകജീവിതമെന്ന അഭിനയമാണ്‌ ചിന്തിക്കാനുള്ളത്‌. ജീവിതമാകുന്ന അഭിനയം ഭൂരിഭാഗത്തിനും അജ്ഞാതമാണ്‌. കാരണം അതിന്റെ യഥാര്‍ത്ഥ വശം അറിഞ്ഞിരുന്നുവെങ്കില്‍ ഈ അഭിനയത്തില്‍ മറ്റൊരു അഭിനയത്തിന്‌ മനുഷ്യന്‍ മുതിരുമായിരുന്നില്ല. പക്ഷെ, ആധുനികന്റെ ജീവിതം അങ്ങനെയല്ലല്ലോ!. അവന്‍ അഭിനയത്തില്‍ വീണ്ടും അഭിനയിക്കുകയാണ്‌. സമ്പന്നന്‍ ദരിദ്രനായി അഭിനയിക്കുന്നു. ദരിദ്രന്‍ ധനികനായി ചമയുന്നു. വിവരമില്ലാത്തവന്‍ വലിയ വിവരസ്ഥനായി അഭിനയിക്കുന്നു. ഇങ്ങനെ ധാരാളം അഭിനയങ്ങള്‍ ദര്‍ശിക്കപ്പെടുന്നതാണ്‌ ആധുനിക ജീവിതം. ആവശ്യമില്ലാത്ത ഈ അഭിനയങ്ങളിലൂടെ ചില താല്‌പര്യങ്ങള്‍ നേടിയേക്കാമെങ്കിലും അത്‌ വെറും താല്‍ക്കാലികവും ശേഷം വരുന്നത്‌ മഹാദുരന്തവുമായിരിക്കും. പക്ഷേ, എന്തു ചെയ്യാം ചിന്തിക്കുന്നില്ല. അനുഭവങ്ങളില്‍ നിന്ന്‌ പഠിക്കുന്നില്ല. 
                മിക്ക പെരുമാറ്റങ്ങളിലും ഇന്ന്‌ അഭിനയം ധാരാളമായി കാണപ്പെടുന്നു. കാര്യലാഭങ്ങള്‍ക്കു വേണ്ടി സ്‌നേഹം പ്രകടിപ്പിച്ച്‌ കൂടുകയും കാര്യം കഴിയുമ്പോള്‍ കറിവേപ്പില കളയുമ്പോലെ തള്ളുകയും ചെയ്യുന്ന പ്രവണത ഗുരുതരമാണ്‌. അണപ്പല്ല്‌ കടിച്ചു പിടിച്ച്‌ പുഞ്ചിരി അഭിനയിക്കലും വിരളമല്ല. സ്‌നേഹം അഭിനയിച്ച്‌ വിവാഹവാഗ്‌ദാനം ചെയ്‌ത്‌ കാര്യം സാധിച്ച ശേഷം വഴിയിലുപേക്ഷിക്കപ്പെടുന്നതും ക്രൂരമായി കൊല ചെയ്യപ്പെടുന്നതും അഭിനയത്തിലൊളിഞ്ഞ ചതി മനസ്സിലാക്കാത്തതിന്റെ ഫലമാണ്‌. ഇതെല്ലാം ആധുനികതയുടെ വശീകരണങ്ങളില്‍ കുടുങ്ങിയതിനാലുള്ള അഭിനയങ്ങളും ദുരന്തങ്ങളുമാണ്‌. 
                        ഇനി ജീവിതാഭിനയത്തിന്റെ മറ്റൊരു വശം ചിന്തിക്കുക. ഈ ലോകത്തിനും അതിലുള്ള ഒരു വസ്‌തുവിനും സ്വയം ഉണ്മയോ നിലനില്‍പോ ഇല്ല. സ്രഷ്‌ടാവിന്റെ ഔദാര്യം മാത്രമാണ്‌ എല്ലാറ്റിനുമുള്ളത്‌. ജീവന്‍, അറിവ്‌, കഴിവ്‌, ഉദ്ദേശ്യം, കേള്‍വി, കാഴ്‌ച, സംസാരം എല്ലാം അല്ലാഹു മനുഷ്യന്‌ ഉപയോഗത്തിനായി നല്‍കിയെന്ന്‌ മാത്രം. ഒന്നിലും അവന്‍ ഉടമയല്ല. യഥാര്‍ത്ഥ ഉടമ സ്രഷ്‌ടാവാണ്‌. എന്നാല്‍ എല്ലാം തന്റേതായി ഗണിച്ചു കൊണ്ടാണ്‌ മനുഷ്യന്റെ ജീവിതം. അല്ലാഹു നല്‍കിയവ കൊണ്ടുള്ള കേവല അഭിനയമാണ്‌ തന്റേതെന്ന്‌ അവന്‍ തിരിച്ചറിയുന്നില്ല. അതിന്‌ കാരണം സ്വാര്‍ത്ഥതയും അഹംഭാവവുമാണ്‌. ഇവിടെ നിന്നാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. 
ആരോഗ്യം, അറിവ്‌, സമ്പത്ത്‌ തുടങ്ങി തനിക്കും മറ്റുള്ളവര്‍ക്കുമുള്ള സര്‍വ്വതിന്റെയും ഉടമ അല്ലാഹുവാണെന്ന്‌ ബോധ്യപ്പെട്ടാല്‍ അഹംഭാവം, അസൂയ, പക തുടങ്ങിയ ദുഃസ്വഭാവങ്ങള്‍ ഉണ്ടാവുകയില്ല. അല്ലാഹു നല്‍കിയ കാര്യങ്ങള്‍ തന്റേതാക്കി അഭിനയിക്കുന്നവരുടെ അഭിനയത്തില്‍ ഹൃദയം തറച്ചാല്‍ യഥാര്‍ത്ഥ ഉടമയെയും അവന്റെ കഴിവുകളെയും ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. മാത്രമല്ല,
ജീവിതവും അതിലെ സകലമാന കാര്യങ്ങളും ഒരു നിലക്ക്‌ അവന്റെ അഭിനയമാണെന്ന്‌ മനസ്സിലാക്കിയില്ലെങ്കില്‍ ഭീകരമായ അപകടക്കുഴികളിലായിരിക്കും പതിക്കുക. മറിച്ച്‌ എല്ലാറ്റിനും പിന്നില്‍ അവനാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിച്ചാല്‍ ജീവിതവും അഭിനയവും വിജയം കാണും. 

3 comments:

  1. അഭിനയം ഒന്നും ഫലിക്കാതെ വരുന്ന ഒരു അവസ്ഥയിലെത്തുമല്ലോ എല്ലാ മനുഷ്യരും ഒരിയ്ക്കല്‍!

    ReplyDelete
  2. എല്ലാറ്റിനും പിന്നില്‍ അവനാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിച്ചാല്‍ ജീവിതവും അഭിനയവും വിജയം കാണും.

    ReplyDelete