നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 8 April 2014

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.)

മാണിക്യപൂരിന്‍ നിറദീപം
              ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു. 
ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍
         ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു. 
           ഒ രിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു. 
           ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു. 
മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. 
ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍
ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു.
ബാല്യകാലം
          ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌.
വിദ്യഭ്യാസം
      ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു. 
          ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു. 
       ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി. നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു
         ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു. 
മരിച്ചവരെ ജീവിപ്പിക്കുന്നു
            ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു.
 
ശൈഖിന്‌ വിഷം കൊടുക്കുന്നു
            ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി. 
വഫാത്ത്‌
              ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌.
                                       സയ്യിദ്‌ അഹ്‌മദ്‌ കബീര്‍ ഇര്‍ഫാനി അഹ്‌സനി, ആന്ത്രോത്ത്‌

6 comments:

  1. ഇതിന് ഉദ്ധരണിയൊന്നും കൊടുത്തിട്ടില്ലങ്കിൽ ജനങ്ങളെ എങ്ങനെ വിശ്വസിക്കും

    ReplyDelete
  2. എന്റെ അറിവിൽ ജനനം റബീഉൽ അവ്വൽ 10 നാണ്

    ReplyDelete
    Replies
    1. ഹുസൈൻ യമാനി
      husainpc23@gmail.com

      Delete
  3. കൂടുതൽ വിവരങ്ങൾ നൽകുമോ
    ഞങൾ ഇ പുണ്യ സ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നു
    കോട്ടയത്ത്‌ നിന്നും ആണ് വരുന്നതേ 25 പേര് ഉണ്ടാകും വേളാങ്കണ്ണി പോയിട്ടാണ് വരുന്നതേ

    ജോയ്



    നന്ദി

    ReplyDelete

Related Posts Plugin for WordPress, Blogger...