നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 9 December 2017

ഇമാം ഗസ്സാലി-1 തൗബയുടെ അനിവാര്യത

ഇമാം ഗസ്സാലി-1
തൗബയുടെ അനിവാര്യത



                ഹഖിന്‍റെ (അല്ലാഹുവിന്‍റെ) വഴി തേടുന്നവര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങളില്‍ പ്രഥമമായത് തിരുദൂതര്‍ (സ്വ) യില്‍ നിന്നും സ്വഹാബത്തിലൂടെ കൈമാറിവന്ന വിശ്വാസത്തില്‍ ഒരുകലര്‍പ്പുമില്ലാതെ പരിപൂര്‍ണ്ണാവസ്ഥയില്‍ സുന്നത്തിനെ പിന്‍പറ്റുകയെന്നതാണെന്ന് കഴിഞ്ഞലക്കം നാം വായിച്ചു. 
രണ്ടാമത്തേത് നസ്വൂഹായ അഥവാ സ്വീകാര്യമായ തൗബ. "ചുറ്റുപാടുകള്‍ക്ക് അടിമപ്പെട്ട് അറിഞ്ഞും അറിയാതെയും അബദ്ധങ്ങള്‍ മനുഷ്യനില്‍ നിന്ന് സംഭവിക്കും. സല്‍കര്‍മ്മങ്ങള്‍ തിന്മകളെ മായ്ച്ചു കളയും" എന്ന ഖുര്‍ആന്‍ വചനത്തിലെ തിന്മകള്‍ കൊണ്ട് വിവക്ഷ ചെറുദോഷങ്ങളാണെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. എന്നാല്‍ വന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതിന് തൗബ തന്നെയാണ് പരിഹാരം. 
           "ഓ സത്യവിശ്വാസികളേ! നിങ്ങള്‍ വിജയികളാകാന്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക" (സൂറത്തുന്നൂര്‍) "നിങ്ങള്‍ അല്ലാഹുവിലേക്ക് പൂര്‍ണ്ണമായും പശ്ചാത്തപിച്ച് മടങ്ങുക. നിങ്ങളുടെ റബ്ബ് പാപങ്ങള്‍ പൊറുക്കുന്നവനും താഴ്വാരത്തിലൂടെ പുഴകള്‍ ഒഴുകുന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നവനുമായേക്കാം" (സൂറത്തുത്തഹ്രീം). ഈ വചനങ്ങള്‍ തൗബയുടെ അനിവാര്യതയെ തെര്യപ്പെടുത്തുന്നു. തിരുദൂതര്‍ (സ്വ) അരുള്‍ ചെയ്തു: ഒരു യാത്രികന്‍ സഹയാത്രികരൊന്നുമില്ലാത്ത വിജനമായ പ്രദേശത്ത് വിശ്രമിച്ചു കൊണ്ടിരിക്കെ തന്‍റെ അന്നപാനീയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാണ്ഡമടക്കമുള്ള സര്‍വ്വ വസ്തുക്കളും സൂക്ഷിച്ചിരുന്ന അവന്‍റെ വാഹനം അവന് വിനഷ്ടമായി. ഉറക്കമുണര്‍ന്ന അയാള്‍ പരിസരമെല്ലാം ചികഞ്ഞന്വേഷിച്ചിട്ടും തന്‍റെ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കഠിനമായ ചൂടിനാല്‍ ശക്തമായ ദാഹവും ക്ഷീണവും അനുഭവപ്പെട്ട ആ യാത്രക്കാരന്‍ താന്‍ ദാഹവും വിശപ്പും കാരണം മരണമടയുമെന്ന് ബോധ്യമായപ്പോള്‍ താന്‍ ആദ്യം വിശ്രമിച്ചിരുന്ന മരത്തണലില്‍ മരണവും പ്രതീക്ഷിച്ച് കിടന്നുറങ്ങിപ്പോയി. പെട്ടെന്ന് ഉറക്കില്‍ നിന്നുണരുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട വാഹനവും തനിക്ക് കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമടക്കം തന്‍റെ മുമ്പില്‍ കാണുമ്പോള്‍ ആ യാത്രികനുണ്ടാകുന്ന സന്തോഷം അവര്‍ണ്ണനീയമാണ്. അതുപോലെയാണ് അല്ലാഹുവിന്‍റെ ഒരു അടിമ പാപം ചെയ്ത ശേഷം തൗബ ചെയ്തു കൊണ്ട് സ്രഷ്ടാവായ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോള്‍ അല്ലാഹുവിന് അടിമയോടുണ്ടാകുന്ന ഇഷ്ടം. 
                ഈ ഉപമയില്‍ നിന്ന് അടിമയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അവന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ്. അതിന് വിരുദ്ധം ചെയ്യുമ്പോള്‍ അല്ലാഹുവിന് അടിമയോട് അനിഷ്ടം തോന്നുമെന്നും അതില്‍ നിന്ന് മുക്തനായി അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുമ്പോള്‍ ആ അടിമയോട് അല്ലാഹുവിന് അടങ്ങാത്ത സ്നേഹമാണെന്നും വ്യക്തമാകുന്നു.  പാപത്തില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുവിന്‍റെ ഇഷ്ടക്കാരനാണെന്ന ഹദീസ് ഈ ആശയത്തിന് ബലമേകുന്നു. 
             മഹാനായ സഹ്ലുത്തശ്ത്തരി (റ) തങ്ങളോട് പശ്ചാത്തപിക്കുന്നവന്‍ അല്ലാഹുവിന്‍റെ ഹബീബാകുന്നത് എപ്പോള്‍ എന്ന ചോദ്യത്തിന് മഹാനവര്‍കള്‍ പറഞ്ഞ മറുപടി : "യഥാര്‍ത്ഥ തൗബ ചെയ്യുന്നവര്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിനെ ആരാധിക്കുന്നവരും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നവരും വ്രതം അനുഷ്ഠിക്കുന്നവരും നിസ്കാരം നിര്‍വ്വഹിക്കുന്നവരും നന്മ ഉപദേശിക്കുന്നവരും തിന്മ നിരോധിക്കുന്നവരും അല്ലാഹുവിന്‍റെ നിയന്ത്രണങ്ങളെ സൂക്ഷിക്കുന്നവരുമാണ്. അത്തരം സത്യവിശ്വാസിക്ക് സ്വര്‍ഗ്ഗീയ ജീവിതം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക" എന്ന തൗബ സൂറത്തിലെ 112-ാം വാക്യത്തില്‍ പറഞ്ഞ ഗുണങ്ങള്‍ സമ്മേളിച്ചവനാകുമ്പോള്‍ അവന്‍ അല്ലാഹുവിന്‍റെ ഇഷ്ടക്കാരനായിത്തീരുന്നു.
                    ഇത്തരം തൗബയുണ്ടാകണമെങ്കില്‍ പാപം എന്താണെന്നും പാപത്തിന്‍റെ ദൂഷ്യം എന്താണെന്നും വ്യക്തമായ തിരിച്ചറിവുണ്ടായിരിക്കണം. ഇമാം ഗസ്സാലി (റ) വിശദീകരിക്കുന്നത് കാണുക: "പാപങ്ങള്‍ നാശകാരിയായ വിഷമാണെന്നും അതിന്‍റെ ഭവിഷ്യത്ത് ഭയാനകമാണെന്നും അത് അവന്‍റെ സ്നേഹഭാജനമാകേണ്ട അല്ലാഹുവില്‍ നിന്ന് അവനെ അകറ്റുമെന്നും അവന്‍ അറിയണം. ഇത് മനസ്സിലാകുമ്പോള്‍ അവന്‍റെ ഇഷ്ടക്കാരന്‍ നഷ്ടമാകുന്നതിലുള്ള പ്രയാസം അവന്‍റെ ഹൃദയത്തില്‍ നാമ്പെടുക്കും. അത് സംഭവിക്കാന്‍ കാരണമായിത്തീര്‍ന്ന കര്‍മ്മത്തിന്‍റെ പേരില്‍ അവന് ദുഃഖമുണ്ടാകും. ആ ദുഃഖം കാരണം ചെയ്തുപോയ ദുഷ്കര്‍മ്മം ചെയ്യരുതായിരുന്നുവല്ലോ എന്നും ഇനി അത് ചെയ്യുകയില്ലെന്നുമുള്ള ദൃഢനിശ്ചയം ഉണ്ടായിത്തീരുന്നു. ഇങ്ങനെ അവന്‍റെ ഹൃദയത്തില്‍ നിന്നുണ്ടാകുന്ന യഥാര്‍ത്ഥ പശ്ചാത്താപത്തെ കുറിച്ചാണ് "പശ്ചാത്തപിച്ചവന്‍ ഒരു പാപവും ചെയ്യാത്തവനെ പോലെ" യെന്ന തിരുവചനം".
              തൗബ അനിവാര്യമാണെന്നും അതിന്‍റെ പ്രാധാന്യമെന്താണെന്നും മേല്‍വിവരണങ്ങളില്‍ നിന്ന് ഗ്രഹിക്കാമല്ലോ? ഇനി തൗബ എപ്പോഴാണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കാം. തന്‍റെ കര്‍മ്മം പാപമാണെന്ന് ബോധ്യപ്പെട്ട ഉടനെ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. കാരണം പാപം പൊറുപ്പിക്കുന്നതിന് വേണ്ടിയാണ് തൗബ. മുസ്ലിമായ മനുഷ്യന്‍ പാപിയായി കൊണ്ട് അല്ലാഹുവിനെ സമീപിക്കാന്‍ ഇഷ്ടപ്പെടുകയില്ല. മരണം എപ്പോഴാണ് അവനില്‍ സംഭവിക്കുക എന്ന് അവനറിയില്ല താനും. അതുകൊണ്ട് സദാസമയവും മരണത്തിന് തയ്യാറാകേണ്ടവനാണ് മുസ്ലിം. പാപങ്ങളെ മാരക വിഷത്തോടാണ് മഹാന്മാര്‍ ഉപമിച്ചിരിക്കുന്നത്. അതായത് വിഷം അറിയാതെ കഴിച്ചാലും മരണം സംഭവിക്കും. കഴിച്ചത് വിഷമാണെന്ന് അറിയുമ്പോള്‍ എത്രയും പെട്ടെന്ന് വിഷം നിര്‍വ്വീര്യമാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് പോലെ പ്രവര്‍ത്തിച്ചത് തെറ്റാണെന്ന് ബോധ്യം വരുമ്പോള്‍ ഉടനെ തൗബ ചെയ്യേണ്ടതും അനിവാര്യമാണ്. 
               ഇങ്ങനെ തൗബ സ്വീകാര്യമാകുന്നതിന് നാല് നിബന്ധനകളുണ്ട്. 1. പാപങ്ങളില്‍ നിന്ന് മുക്തനായിരിക്കുക. ഏതൊരു പാപത്തെ തൊട്ടാണോ തൗബ ചെയ്യുന്നത് ആ പാപത്തില്‍ നിന്നും അത് പോലെയുള്ള മറ്റ് തെറ്റുകളില്‍ നിന്നും അവന്‍ മുക്തനായിരിക്കണം. പാപം ചെയ്തു കൊണ്ടിരിക്കെ അതില്‍ നിന്ന് പശ്ചാത്താപമുണ്ടാകില്ലെന്നതിനാല്‍ തൗബയുടെ പ്രഥമ ഉപാധി അവന്‍ ആ ദുഷ്ചെയ്തികളില്‍ നിന്ന് മുക്തനാവുക എന്നതാണ്. 
        2. സംഭവിച്ചു പോയ പാപങ്ങളില്‍ നിന്നുള്ള ഖേദമാണ്. അരുതാത്തതാണ് തന്നില്‍ നിന്ന് സംഭവിച്ചതെന്ന കുറ്റബോധം അവന്‍റെ മനസ്സില്‍ നിന്നുണ്ടാകണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "തെറ്റ് ചെയ്തവതോ തന്‍റെ ശരീരങ്ങളോട് അതിക്രമം പ്രവര്‍ത്തിച്ചവതോ അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുകയും അവനോട് മാപ്പപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹുവല്ലാതെ മാപ്പ് ചെയ്യുന്നവനാരാണ്? അവര്‍ അറിഞ്ഞുകൊണ്ട് തിന്മയുടെ മേല്‍ സ്ഥിരമായിട്ടില്ല. അത്തരക്കാരുടെ പ്രതിഫലം ദോഷം പൊറുക്കലും താഴ്വാരങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗവുമാണ്. അതില്‍ അവര്‍ സ്ഥിരതാമസക്കാരാണ്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര മഹത്തരം" (ആലുഇംറാന്‍ 135-136).
          3. ഇനിയൊരിക്കലും ഒരു കുറ്റവും ആവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയം ചെയ്യുക. 
             4. മനുഷ്യര്‍ തമ്മിലുള്ള എല്ലാ വിധ ബാദ്ധ്യതകളില്‍ നിന്നും മുക്തനാവുക. പരസ്പരമുള്ള ബാദ്ധ്യത രണ്ട് വിധമാണ്. ഒന്ന് ശാരീരികം. അഥവാ ഒരാള്‍ തന്‍റെ നാവ് കൊണ്ടോ മറ്റ് അവയവങ്ങള്‍ കൊണ്ടോ അപരനെ കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുകയോ ദുരാരോപണം ഉന്നയിക്കുകയോ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അത് പൊരുത്തപ്പെടുവിക്കണം. അല്ലാതെ അവന്‍റെ തൗബ സ്വീകാര്യമാവുകയില്ല. 
രണ്ടാമത്തേത് സാമ്പത്തിക ഇടപാടുകള്‍. കൊടുത്തു തീര്‍ക്കേണ്ടത് അങ്ങനെയും പറഞ്ഞുതീര്‍ക്കേണ്ടത് അങ്ങനെയും നിര്‍വ്വഹിക്കുക. ഈ നിബന്ധനകളെല്ലാം ഒത്തുകൂടിയാല്‍ അവന്‍റെ തൗബ സ്വീകാര്യമാകും. എന്ന് മാത്രമല്ല, മുസ്ലിമായ മനുഷ്യന്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിരാശനാകാതെ വലിയ പ്രതീക്ഷയോടെയാണ് തൗബ ചെയ്യേണ്ടത്. ശുദ്ധപ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട ശേഷം മനുഷ്യന് വന്നു ചേരുന്ന അഴുക്കുകളാണ് പാപങ്ങള്‍. തൗബ അഴുക്കുകളെ കഴുകിക്കളയുന്നു. പാപങ്ങള്‍ മനുഷ്യ ഖല്‍ബിലെ തുരുമ്പുകളാണ്. തുരുമ്പ് കളയാനുള്ള ഉലയാണ് തൗബ. സോപ്പ് വസ്ത്രത്തില്‍ നിന്ന് അഴുക്ക് കളയും പോലെയും തീ തുരുമ്പ് കളയും പോലെയും തൗബ ഖല്‍ബിന്‍റെ പാപങ്ങളെ നീക്കി ശുദ്ധിയാക്കും. 
            സ്വീകാര്യമായ തൗബയാണ് നാം ചെയ്യുന്നതെങ്കില്‍ നമ്മുടെ ജീവിതത്തില്‍ അതിന്‍റെ മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയും. കഴിയണം. എന്തെന്നാല്‍ തന്നില്‍ നിന്ന് സംഭവിച്ചു പോയ പാപത്തിന്‍റെ ഗൗരവവും അതിനാല്‍ ഉണ്ടായിത്തീരുന്ന ഭീകരാവസ്ഥയുമാണല്ലോ അവനെ തൗബയിലേക്ക് പ്രേരിപ്പിച്ചത്. എങ്കില്‍ അവനില്‍ നിന്ന് വീണ്ടും അത്തരം ദുഷ്കര്‍മ്മങ്ങള്‍ മനഃപൂര്‍വ്വം സംഭവിക്കുകയില്ല തന്നെ. അബദ്ധവശാല്‍ സംഭവിക്കുന്നതില്‍ കുറ്റമില്ലെന്ന് ഹദീസ് വ്യക്തമാക്കുന്നു. മേലുദ്ധരിച്ച സൂറത്ത് ആലുഇംറാനിലെ 135,136 ഖുര്‍ആന്‍ വചനങ്ങളിലൂടെ ആത്മാര്‍ത്ഥ തൗബ ചെയ്യുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലവും പാരത്രിക ലോകത്തെ അനശ്വര അനുഗ്രഹങ്ങളുമാണ്. അത്തരം അനുഗ്രഹങ്ങള്‍ക്ക് പാത്രീഭവിക്കുന്ന തവ്വാബീങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ. ആമീന്‍. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...