നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 9 December 2017

ഇമാം ഗസ്സാലി (റ)-2

ഇമാം ഗസ്സാലി (റ)-2



അല്ലാഹുവിനെ അന്വേഷിക്കുന്നവരുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന്‍റെ നിബന്ധനകളില്‍ നിന്ന് രണ്ടെണ്ണം നാം വിശദീകരിച്ചു കഴിഞ്ഞു. തുടര്‍ന്ന് മഹാനായ ഇമാം ഗസ്സാലി (റ) പറയുന്നു: 
               മൂന്ന്: ശത്രൂതയോ വിരോധമോ ഉള്ളവരുമായി അനുരജ്ഞത്തിലാവുക. അതായത് തൗബയുടെ ശര്‍ത്വില്‍ നാം വിശദീകരിച്ചത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങളില്‍ ആരോടും വെറുപ്പോ വിദ്വേഷമോ പ്രതികാരമോ വെച്ചു പുലര്‍ത്താതിരിക്കുക. ആരോടെങ്കിലും ഇത്തരം കാര്യങ്ങള്‍ തന്‍റെ മനസ്സിലുണ്ടെങ്കില്‍ അത് ഒഴിവാക്കുകയും അവരുടെ തോതനുസരിച്ച് പൊരുത്തപ്പെടുവിക്കുകയും ചെയ്യുക. അതായത് മനുഷ്യര്‍ തമ്മിലുള്ള പ്രതികാരത്തിന് ഇട നല്‍കുന്ന വല്ലതുമാണെങ്കില്‍ അവരോട് ക്ഷമ ചോദിക്കുകയും പ്രതികാര നടപടി സ്വീകരിക്കുന്നതിന് തയ്യാറാവുകയും ചെയ്യുക. മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളോടാണ് അവന്‍ അരുതായ്മകള്‍ ചെയ്തതെങ്കില്‍ അവകളോട് അനുയോജ്യമായ പ്രായശ്ചിത്തം ചെയ്യുകയും വേണം. ഇതാണ് മഹാനാവര്‍കള്‍ പറഞ്ഞത്: "എതിരാളികളായ മുഴുവന്‍ സൃഷ്ടികളോടും പൊരുത്തപ്പെടുവിക്കുക" എന്നതിന്‍റെ ഉദ്ദേശ്യം. എന്നാല്‍ ദീനിയ്യായ കാരണങ്ങളാല്‍ വിദ്വേഷം വെച്ചു പുലര്‍ത്തുന്നത് ഈയിനത്തില്‍ പെടുകയില്ല. സ്വഹീഹായ ഹദീസില്‍ ഇങ്ങനെ കാണാം: തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മൂന്ന് സ്വഹാബിമാര്‍ (കഅ്ബ്, ബിലാല്‍..) തിരുനബി (സ്വ) യുടെ സവിധത്തില്‍ വന്ന് ഞങ്ങള്‍ അകാരണമായ അലസത നിമിത്തമാണ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് എന്ന് ബോധിപ്പിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ അവരുമായി മറ്റുള്ളവര്‍ വിട്ടുനില്‍ക്കണം എന്ന ബഹിഷ്ക്കരണ തീരുമാനം പ്രഖ്യാപിക്കുകയും ആ ബഹിഷ്കരണം നാല്‍പത് ദിവസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മുസ്ലിംകള്‍ മൂന്ന് ദിവസത്തിലധികം പരസ്പരം പിണങ്ങിനില്‍ക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കെ ആയിരുന്നു ഈ നാല്‍പത് ദിവസത്തെ വിലക്ക്. അതായത് ദീനിയ്യായ കാരണങ്ങളുണ്ടാവുമ്പോള്‍ അതിന്‍റെ പേരില്‍ വിട്ടു നില്‍ക്കുന്നതും പിണങ്ങി നില്‍ക്കുന്നതും പരസ്പരം സലാം പറയാതെയും സലാം മടക്കാതെയും ഇരിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റല്ല. എന്നത് പോലെ ദീനീ കാരണങ്ങളാല്‍ ഇടഞ്ഞു നില്‍ക്കുന്നത് മതദൃഷ്ട്യാ കുറ്റകരമല്ല എന്ന് മാത്രമല്ല പലപ്പോഴും അത് അനിവാര്യവുമായി വരാം. 
              നാല്: ദീനീവിജ്ഞാനം മനുഷ്യന് കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിന് അനിവാര്യമാകുന്ന അറിവുകള്‍ നേടിയവനായിരിക്കണം അല്ലാഹുവിലേക്ക് പ്രയാണമാരംഭിക്കുന്നവന്‍. ശുദ്ധീകരണം, നിസ്കാരം തുടങ്ങി ദൈനംദിനം ജീവിതത്തിന്‍റെ ഭാഗമായി വരുന്ന ആരാധനകള്‍ സ്വീകാര്യമാകുന്നതിന് അനിവാര്യമായി വരുന്ന വിജ്ഞാനം. ഇത് അവന്‍റെ കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് വേണ്ടിയാണ്. കര്‍മ്മങ്ങളില്ലാതെ അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയില്ല. അല്ലാഹുവിന്‍റെ സാമീപ്യം കൈവരിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനയാകുന്നു ശരീഅത്തിന്‍റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജീവിതം. അതിന് ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ അറിഞ്ഞേ പറ്റൂ. ഔലിയാക്കളുടെ ത്വരീഖത്തില്‍ പ്രവേശിക്കുന്നവന്‍ സര്‍വ്വ വിജ്ഞാനവും കരഗതമാക്കിയവനാകണമെന്നില്ല. മാത്രമല്ല, അവന് അത്യാവശ്യമില്ലാത്തതും അപൂര്‍വ്വമായി മാത്രം ആവശ്യം വരുന്നതുമായ വിഷയത്തെ അപഗ്രഥിച്ച് ദീര്‍ഘപഠനം നടത്തി സമയം പാഴാക്കേണ്ടവനുമല്ല അവന്‍. 
ഇമാം ശിബ്ലി (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നത് കാണുക: ഇമാം ശിബ്ലി (റ) പറഞ്ഞു: ഞാന്‍ നാനൂറ് ഗുരുനാഥന്മാര്‍ക്ക് സേവനം ചെയ്തു. അവരില്‍ നിന്ന് നാലായിരത്തോളം ഹദീസുകള്‍ ഞാന്‍ അവര്‍ക്ക് അങ്ങോട്ട് പറഞ്ഞുകേള്‍പ്പിച്ചു കൊടുത്തു. എന്നാല്‍ ആയിരക്കണക്കായ ആ തിരുവചനങ്ങളില്‍ നിന്ന് ഒരു ഹദീസ് മാത്രം തിരഞ്ഞെടുത്ത് അതില്‍ മാത്രം ഞാന്‍ കര്‍മ്മനിരതനായി. മറ്റുള്ളതെല്ലാം ഞാന്‍ മാറ്റിവെച്ചു. കാരമം ആ ഒരു ഹദീസില്‍ ഞാന്‍ ചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷാമാര്‍ഗ്ഗവും വിജയസരണിയും അതിലാണെന്ന് എനിക്ക് ബോധ്യമായി. എന്ന് മാത്രമല്ല, വിജയികളായ കഴിഞ്ഞ കാല പ്രവാചകന്മാരും തിരുനബി (സ്വ) യുടെ സമുദായത്തിന്‍റെയും വിജ്ഞാനങ്ങള്‍ ആ വചനത്തില്‍ അന്തര്‍ലീനമായിരിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു. 
        ദുന്‍യാവില്‍ നീ എത്രകാലം വസിക്കുമോ ആ തോതനുസരിച്ച് നീ ദുന്‍യാവിന് വേണ്ടി പണിയെടുക്കുക. പരലോകത്ത് നീ എത്രകാലം അതിവസിക്കുമോ അതിനാവശ്യമാകുന്നത്ര കര്‍മ്മങ്ങളില്‍ നീ വ്യാപൃതനാവുക. അല്ലാഹുവിലേക്ക് നിനക്കുള്ള ആവശ്യമെത്രയോ അത്ര നീ കര്‍മ്മനിരതനാവുക. നരകത്തില്‍ നിനക്കെത്ര സഹിക്കാന്‍ കഴിയുമോ അത്ര നരകത്തിന് വേണ്ടി നീ പ്രവര്‍ത്തിക്കുക. 
            അല്ലാഹുവിന്‍റെ ഖുദ്റത്ത്, ഇറാദത്ത് സൃഷ്ടികളോട് ബന്ധിക്കുന്നത് മൂലമാണ് അവനില്‍ ചലന നിശ്ചലനങ്ങള്‍ സംഭവിക്കുന്നത് എന്നതിനാല്‍ സദാ അവന്‍ സ്രഷ്ടാവിലേക്ക് ആവശ്യമുള്ളവനാണെന്നും സ്രഷ്ടാവിന്‍റെ തൃപ്തി തനിക്ക് അനിവാര്യമാണെന്നും അവന്‍ തിരിച്ചറിയേണ്ടവനാണ്. അല്ലാഹുവിന്‍റെ തൃപ്തിക്കനുഗുണമായി പ്രവര്‍ത്തിക്കുമ്പോള്‍ അനശ്വരമായ പാരത്രിക ജീവിതം ഐശ്വര്യസമ്പൂര്‍ണ്ണമായിരിക്കും. പരലോകത്തെ ജീവിതത്തിന് അന്ത്യമില്ലാത്തതിനാല്‍ അനന്തമായ ജീവിതത്തിന് ആവശ്യമാകുന്ന വിഭവ സമാഹരണത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നശ്വരമായ ജീവിത സുഖ ദുഃഖങ്ങള്‍ വിസ്മരിക്കുന്നവനായിത്തീരും അവന്‍ എന്നതാണ് മേല്‍ഹദീസിന്‍റെ സംഗ്രഹം.
            മേല്‍വിവരണത്തില്‍ നിന്ന് അറിവിന്‍റെ ഭണ്ഡാരമല്ല പ്രധാനമെന്നും അറിവിനനുഗുണമായ കര്‍മ്മമാണ് മര്‍മ്മമെന്നും നമുക്ക് ഗ്രഹിക്കാമല്ലോ? അതുകൊണ്ടാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത്: ദൈനംദിന ജീവിതത്തിലാവശ്യമാകുന്നത്ര അറിവ് തേടുക. അത് മാത്രമേ മഹാത്മാക്കളുടെ വഴിതേടുന്നവന് നിര്‍ബന്ധമുള്ളൂ.  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...