നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 28 December 2017

ഓഖി നല്‍കുന്ന പാഠം

ഓഖി നല്‍കുന്ന പാഠം


മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടയിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം" (സൂറുത്തു റൂം).
           വിശ്വാസികളെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനം വര്‍ത്തമാന യുഗത്തില്‍ വളരെ ചിന്തനീയമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഓഖിയെ നാം അവിടേക്ക് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. നൂറുകണക്കിന് ജീവനെടുത്ത് കേരളത്തെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റിന്‍റെ സംഹാര താണ്ഡവം നാം മറന്നിട്ടില്ല. എന്നാല്‍ എന്തുകൊണ്ട് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ എന്ന് പൂര്‍വ്വ ചരിത്രം നാം പഠിക്കാന്‍ തയ്യാറാകുമ്പോള്‍ സ്രഷ്ടാവിനോട് നന്ദികേട് പ്രവര്‍ത്തിച്ച ഒരു സമുദായത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ നേര്‍വഴിക്ക് നടത്താനാണ് സ്രഷ്ടാവ് ഇത്തരം പരീക്ഷണങ്ങള്‍ നല്‍കുന്നതെന്ന് കാണാന്‍ കഴിയും. മഹാനായ നൂഹ് നബി (അ) യുടെ കാലത്തെ വന്‍ പ്രളയവും ശുഐബ് നബി (അ) യുടെ സമൂഹമായ മദ്യന്‍കാരോട് ചെയ്തതും ഇതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്.
           ഒരു തലയ്ക്കല്‍ കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ പരിണിത ഫലങ്ങളുമാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മനുഷ്യന്‍റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മറുപടിയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് കണ്ടെത്താനാകും. കാലാവസ്ഥ വ്യതിയാനത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രകൃതിസ്നേഹികളും ശാസ്ത്രജ്ഞരും  പറയുന്നത്. ഒന്നാമതായി ഭൂമിയില്‍ നടക്കുന്ന ചില പ്രതിഭാസങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ്. അഗ്നി പര്‍വ്വതം, സമുദ്രജല പ്രവാഹം, സുനാമി, ഭൂചലനം തുടങ്ങിയവ ഈ ഗണത്തില്‍ വരും. രണ്ടാമതായി മനുഷ്യന്‍റെ പ്രവൃത്തിയുടെ ഫലമായി ഉണ്ടാകുന്നവയാണ്. ഹരിത ഗൃഹവാതങ്ങളുടെ അമിത പ്രവാഹം, പരിസ്ഥിതി മലിനീകരണം, എക്കോ സിസ്റ്റത്തെ നശിപ്പിക്കല്‍, ജൈവ അധിനിവേശം, ജനിതകമാറ്റം വരുത്തിയ ചെടിയിനങ്ങള്‍ എന്നിവ.
            മനുഷ്യന്‍റെ ജീവിത പരിസരവും വ്യവഹാര രീതികളും പരിപക്വവും വ്യക്തവുമായി അവതരിപ്പിച്ചത് വിശുദ്ധ ഇസ്ലാമായിരുന്നു. പ്രവാചകന്‍ (സ്വ) അതിനെ പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒരു ലക്ഷ്യമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍വ്വ ലോകര്‍ക്കും അനുഗുണമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല എന്ന ഖുര്‍ആന്‍ സൂക്തം ആ യാഥാര്‍ത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. മനുഷ്യനെ മറ്റ് സര്‍വ്വ  സൃഷ്ടി ചരാചരങ്ങളേക്കാള്‍ പവിത്രമാക്കിയെന്നും സവിശേഷമായ ആദരവ് നല്‍കിയെന്നും മനുഷ്യന്‍റെ ഉപകാരത്തിനും ഉപയോഗത്തിനുമായി സൃഷ്ടിക്കപ്പെട്ടവയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. 
         പ്രകൃതിവിഭവങ്ങളെ മാന്യമായി കൈകാര്യം ചെയ്യണമെന്നും അവയുടെ അനുഗുണമായ ഉപയോഗക്രമങ്ങള്‍ക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അവയുടെ ഉല്‍ഭവം, നിലനില്‍പ്പ് എന്നിവയെ കുറിച്ചൊക്കെ ചിന്താനിമഗ്നനനാവുക തുടങ്ങിയവയൊക്കെ പ്രവാചക അദ്ധ്യാപനത്തിലെ സുപ്രധാന ഭാഗങ്ങളാണ്. പ്രകൃതി (ഋി്ശൃീിാലിേ), പരിസ്ഥിതി ബോധവല്‍ക്കരണം (ഋി്ശൃീിാലിമേഹ അംമൃലിലൈ), നിലനില്‍പ്പ് (ടൗമെേശിമയശഹശ്യേ), പരിസ്ഥിതി ശാസ്ത്രം (ഋരീഹീഴ്യ) എന്നിവയും മറ്റ് പ്രകൃതിയോട് അനുബന്ധമായ വിഷയങ്ങളും അടുത്തിടെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പ്രകൃതി സമ്പത്തുക്കളുടെ അമിതമായ ചൂഷണവും ഉപയോഗവും അവയുടെ ലഭ്യതക്കുറവും അഭാവവും മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ അപകടകരമായ നിലയില്‍ ബാധിച്ചിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തേടുമ്പോഴാണ് കാല്‍നൂറ്റാണ്ട് മുമ്പുള്ള അദ്ധ്യാപനങ്ങളുടെ മഹത്വം മനസ്സിലാകുന്നത്. ഇവിടെയാണ് പ്രവാചകന്‍ (സ്വ) ന്‍റെ മുന്നില്‍ അഭിനവ പ്രകൃതിവാദികള്‍ സ്രാഷ്ടാംഗം നമിക്കുന്നത്.
           നബി (സ്വ) പറഞ്ഞു: ഏതൊരു വിശ്വാസിയും ഒരു തൈ നടുകയോ വിത്ത് പാകുകയോ അതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ അതിനവന് പുണ്യദാനത്തിന്‍റെ പ്രതിഫലം ലഭിക്കാതിരിക്കില്ല (ബുഖാരി). ഹരിത കേരള മിഷന്‍ വിഭാവനം ചെയ്യുന്നതിന് മുന്നേ വനവല്‍ക്കരണത്തിന്‍റെ മഹത്വം ദാനധര്‍മ്മ മഹത്വത്തിലേക്ക് ലയിപ്പിച്ച പ്രവാചകന്‍ (സ്വ) എക്കാലത്തും മാതൃകായോഗ്യമാണ്.
           പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവസരം നല്‍കുന്നതോടൊപ്പം തന്നെ അവയെ ചൂഷണം ചെയ്യുന്നതും അവയ്ക്ക് മേല്‍ കൈ കടത്തുന്നതും പ്രവാചകന്‍ നിരുപാധികം നിരുത്സാഹപ്പെടുത്തി. മനുഷ്യനും പ്രകൃതിയും അല്ലാഹുവിന്‍റെ സൃഷ്ടികളാണെന്നും രണ്ടിനും സ്വന്തമായ അസ്ഥിത്വവും അവകാശങ്ങളുണ്ടെന്നും മനുഷ്യന് ഭൂമിയുടെ മേല്‍ കടന്നു കയറാനുള്ള അതി സ്വാതന്ത്ര്യം സ്രഷ്ടാവ് അനുവദിക്കുന്നില്ലെന്നും നബി (സ്വ) നമ്മെ പഠിപ്പിച്ചു. സംരക്ഷണം, വിഭവ നിര്‍വ്വഹണം തുടങ്ങി പ്രകൃതി സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും പ്രവാചക അദ്ധ്യാപനങ്ങള്‍ കടന്നുപോയതായി കാണാം. 
            ഈ പ്രവാചക വചസ്സുകളെയും അദ്ധ്യാപനങ്ങളെയും ധിക്കരിച്ചും നിരാകരിച്ചും മാനവകുലം മുന്നോട്ട് ഗമിക്കുമ്പോള്‍ നമ്മെ തേടിയെത്തുന്ന ഓഖിയേയും മറ്റ് ഭീകര ചുഴലിക്കാറ്റുകളേയും സുനാമികളേയും കണ്ട് ഭയന്നിട്ട് കാര്യമില്ല. സ്രഷ്ടാവായ ഏക ഇലാഹിന്‍റെ ഔന്നിത്യത്തേയും വളര്‍ച്ചയേയും മനസ്സിലാക്കി അവനെ വഴിപ്പെടുന്ന അടിയാറുകളായി അവനിലേക്ക് അടുക്കാന്‍ തയ്യാറാകണം. 
ഖുര്‍ആന്‍ പറഞ്ഞത് പോലെ "അവര്‍ ഒരു വേള മടങ്ങിയേക്കാം" എന്ന പ്രഖ്യാപനത്തെ നാം ഉള്‍ക്കൊള്ളണം. തെറ്റുകളും കുറ്റങ്ങളും ഏറ്റ് പറഞ്ഞ് അവന്‍റെ സവിധത്തിലേക്ക് മടങ്ങുക എന്നത് മാത്രമാണ് ഏകമാര്‍ഗ്ഗം. മനുഷ്യരാശി തിന്മകളില്‍ നിന്നകന്ന് ജീവിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും അതിന് പ്രേരിപ്പിക്കുകയും പ്രചോദനം നല്‍കുകയുമാണ് വേണ്ടത്. മനുഷ്യന്‍റെ പ്രകൃതിയോടും സ്രഷ്ടാവിനോടുമുള്ള ദുഷ്ചെയ്തികള്‍ മൂലം പ്രകൃതി ദുരന്തങ്ങള്‍ തീ കാറ്റായും തീ മഴയായും സുനാമിയായും വെള്ളപ്പൊക്കമായും വര്‍ഷിക്കുന്നു. 
           മനുഷ്യ സൃഷ്ടിപ്പിന്‍റെ ഔന്നിത്യത്തേയും ലക്ഷ്യത്തേയും തിരിച്ചറിഞ്ഞ് നാം മുന്നോട്ട് പോകണം. ഓഖി ജീവന്‍ കവര്‍ന്ന നൂറ് കണക്കിന് ആളുകളുടെ ഉറ്റവരുടേയും ഉടയവരുടേയും വിലാപങ്ങളും കണ്ണുനീരും നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഒരു നുള്ള് വേദന നല്‍കിയിട്ടുണ്ടെങ്കില്‍ ആ വേദനയാണ് മടക്കത്തിലേക്കുള്ള സ്രഷ്ടാവിന്‍റെ വിളി എന്ന് നാം മനസ്സിലാക്കണം. ആ വേദന നമ്മുടെ മനതലങ്ങളില്‍ രൂപപ്പെട്ടിട്ടില്ലെങ്കില്‍ കഠിനമായ നമ്മുടെ ഹൃദയാന്തരങ്ങളിലേക്ക് സ്രഷ്ടാവിന്‍റെ കാരുണ്യം പെയ്തിറങ്ങിയിട്ടില്ലെന്ന് വേണം കരുതാന്‍, നാഥന്‍  തുണക്കട്ടെ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...