ഇമാം ഗസ്സാലി (റ) -3
ശത്രുത പാടില്ല

മൂന്ന് : വിദ്വേഷമോ ശത്രുതയോ ഉള്ളവരോട് പൊരുത്തപ്പെടുവീക്കുക.
സമൂഹജീവിയായ മനുഷ്യന്‍ ഇതരരുമായുള്ള സര്‍ഗ്ഗത്തിനിടയില്‍ സഹചമായി അനിഷ്ടങ്ങള്‍ സംഭവിക്കാം. അതിനാല്‍ മറ്റുള്ളവരോട് നമ്മുടെ മനസ്സില്‍ ചീത്ത വിചാരങ്ങളും പ്രതികാര വാജ്ഞയും ഉണ്ടായിത്തീരാന്‍ സാധ്യത ഏറെയാണ്. റബ്ബിന്‍റെ ദര്‍ശന സ്ഥാനമായ ഹൃദയത്തില്‍ ഇത്തരം മൃഗീയ ഗുണങ്ങള്‍ക്ക് ഇടം നല്‍കിയാല്‍ ഹഖിന്‍റെ വഴിയിലേക്കുള്ള പ്രവേശനം സാധ്യമാവുക പ്രയാസകരമാകും. തിരുനബി (സ്വ) പറഞ്ഞു: "പട്ടിയോ ജനാബത്തുകാരനോ പ്രതിമകളോ ഉള്ള ഭവനത്തില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല". ഭവനം എന്നാല്‍ ഹൃദയവും പട്ടി കൊണ്ട് മൃഗീയ സ്വഭാവങ്ങളും ജനാബത്ത് മ്ലേച്ഛതകളും സൂറത്ത് ഹഖ് അല്ലാത്തതിനോടുള്ള പ്രേമവും മലാഇക്കത്ത് നൂറ് തജല്ലിയുമാണ് എന്ന് പല മഹാത്മാക്കളും വിശദീകരിച്ചതനുസരിച്ച് ദുര്‍ഗുണ നിബിഡമായ ഹൃദയത്തില്‍ നൂറുത്തജല്ലി ഉണ്ടാവില്ലെന്ന് സംഗ്രഹിക്കാം. അതുകൊണ്ടാണ് ഇമാം അവര്‍കള്‍ വിരോധമോ വിദ്വേഷമോ ഉള്ള തന്‍റെ ഖല്‍ബിനെ അതില്‍ നിന്ന് മോചിപ്പിച്ചിരിക്കണം എന്ന നിബന്ധന. ഇത് മനുഷ്യരോട് മാത്രമല്ല, അല്ലാഹുവിന്‍റെ സൃഷ്ടികളോട് മുഴുവന്‍ അനുഷ്ഠിക്കേണ്ട കടമയാണ്. വളര്‍ത്തു മൃഗങ്ങളോട് ക്രൂരത കാണിക്കാന്‍ പാടില്ലാത്തത് പോലെ ഇതരജീവികളോടും അക്രമമോ അനീതിയോ ചെയ്യാവതല്ല. വെള്ളം കൊടുക്കാതെ വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ചവരോട് അതിനെ മോചിപ്പിക്കാനും മുലയൂട്ടുന്ന മാനിനെ പിടിച്ചു കൊണ്ടുവന്നവരോട് അതിന്‍റെ കുഞ്ഞിനെ മുലയൂട്ടാന്‍ പറഞ്ഞുവിടാന്‍ നിര്‍ദ്ദേശിച്ചതുമായ തിരുദൂതര്‍ (സ്വ) യുടെ ഹദീസ് പാഠങ്ങള്‍ ഇവിടെ സ്മരണീയമാണ്. ഒരു നായയോട് 'എടാ! നായേ' എന്ന് വിളിക്കാമെന്നല്ലാതെ എടാ നായിന്‍റെ മോനേ എന്ന് വിളിക്കാന്‍ പാടില്ലെന്ന നിയമം മൃഗങ്ങളോട് നമുക്കുണ്ടാകേണ്ട സമീപനത്തിന്‍റെ ചൂണ്ടുപലകയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ അതൊരു മൃഗമല്ലേ എന്ന ലാഘവ ചിന്ത ആത്മീയത തേടുന്നവര്‍ക്ക് ഭൂഷണമല്ല.
നിര്‍ജ്ജീവികളായി നാം കാണുന്ന സസ്യലദാതികളോടും ഇതെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടിയാണെന്നും അതിനോടെല്ലാം നമുക്ക് ബന്ധവും ബാധ്യതയുമുണ്ടെന്ന ബോധവും അനിവാര്യമാണ്. വൃക്ഷത്തൈ നട്ട് പിടിപ്പിച്ചാല്‍ വെള്ളമൊഴിക്കണമെന്നും അതിന് സാധിക്കാത്തവന്‍ തൈ നടരുതെന്നുമുള്ള തിരുവചനം ചിന്തനീയമാണ്. ഇവകളെ പോലെ താനും സൃഷ്ടി മാത്രമാണെന്ന എളിമ ഹൃദയത്തില്‍ വേരോട്ടം നടത്തുമ്പോള്‍ മാത്രമാണ് ആത്മീയതയിലേക്ക് പാതമൂന്നുന്നത്.
വിരോധികളോട് മാപ്പപേക്ഷിക്കുക, പൊരുത്തപ്പെടുവിക്കൂക എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നുവരുന്ന അനുബന്ധ വിഷയമാണ് 'ദീനീവിഷയങ്ങളില്‍ ഉണ്ടായിത്തീര്‍ന്നവ" എന്ത് ചെയ്യണം എന്നത്. ബിദ്അത്തിന്‍റെയും ഫിസ്ഖിന്‍റെയും വക്താക്കളോട് ഒരുവിധ മമതയും പാടില്ലെന്ന് ഇമാം ഗസ്സാലി (റ), ശൈഖ് മുഹ്യിദ്ദീന്‍ (റ) തുടങ്ങിയ മഹത്തുക്കള്‍ വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാ ഗൗസുല്‍ അഅ്ളം അവിടുത്തെ ഗുന്‍യത്തില്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം: എന്നാല്‍ അല്ലാഹുവിന് വേണ്ടി ശത്രുതയിലും അകല്‍ച്ചയിലുമായിരിക്കണം (ഗുന്‍യത്ത് 80). ശൈഖുനാ ബാനീ നൂറുല്‍ ഇര്‍ഫാന്‍ (ഖു.സി.) അവിടുത്തെ തൗഹീദ് മാലയില്‍ തല്‍സംബന്ധമായി ഇങ്ങനെ എഴുതുന്നു:
ഉലകിന്ന് ഗുണം കെട്ടേ ജനത്തോട് കൂടി
ഒരുമിച്ചാടിടും പോത് ഇക്കുണക്കേട്
നിലക്കുവാന്‍ വഴി ഇല്ലെന്ന് ഉറപ്പാനെ അതിനെ
നിതം ഉന്‍കള്‍ മനതില്‍ ഓര്‍ത്തീടുവീന്‍ (തൗഹീദ് 4)
സൃഷ്ടികളോട് ഒരുവിധ വെറുപ്പും ഇല്ലാത്ത വിധം പൊരുത്തപ്പെടീക്കലുകള്‍ ഉണ്ടാവണമെന്ന് സ്വൂഫിയാക്കള്‍ പറഞ്ഞതിന്‍റെ താല്‍പര്യം മേല്‍വിവരണങ്ങളില്‍ നിന്ന് സുവ്യക്തമാണ്.
നാല് : വിരോധാജ്ഞ കൈവെടിയാനും കല്‍പ്പനകള്‍ പ്രാവര്‍ത്തികമാക്കാനും ഉതകുന്ന ദീനീ അറിവ് ഉണ്ടായിരിക്കുക. നിത്യജീവിതത്തിന് അനിവാര്യമായി വരുന്ന ആരാധനകള്‍ സ്വീകാര്യമാകാന്‍ തല്‍സംബന്ധമായ അറിവ് കൂടിയേ തീരൂ. അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്‍റെ പ്രഥമപടി തെറ്റുകളില്‍ നിന്നുള്ള മോചനമാണ്. അതിന് തെറ്റും ശരിയും അറിയേണ്ടതുണ്ട്. എന്നാല്‍ പലരും ധരിച്ച് വെച്ചത് പോലെ സര്‍വ്വ വിജ്ഞാന കോശമാകേണ്ട കാര്യമില്ലെന്ന് മാത്രമല്ല അത്യാവശ്യമില്ലാത്ത ജ്ഞാന സമ്പാദനത്തില്‍ വ്യാപൃതനായി സമയം പാഴാക്കേണ്ടവനല്ല ത്വരീഖത്തില്‍ പ്രവേശിക്കുന്നവന്‍. ഇമാം ശിബ്ലി (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നത് കാണുക: "ഞാന്‍ നാനൂറ് ഗുരുനാഥന്മാര്‍ക്ക് സേവനം ചെയ്തു. നാലായിരത്തോളം ഹദീസുകള്‍ ചര്‍ച്ച ചെയ്തു. ഞാന്‍ ആയിരക്കണക്കായ ഹദീസുകളില്‍ നിന്ന് ഒരു ഹദീസ് മാത്രം തിരഞ്ഞെടുത്ത് അതില്‍ മാത്രം ഞാന്‍ കര്‍മ്മനിരതനായി. മറ്റുള്ളതെല്ലാം ഞാന്‍ മാറ്റിവെച്ചു. കാരണം ആ ഒരു ഹദീസില്‍ ഞാന്‍ ചിന്തിച്ചപ്പോള്‍ എന്‍റെ രക്ഷാമാര്‍ഗ്ഗവും വിജയസരണിയും അതിലാണെന്ന് എനിക്ക് ബോധ്യമായി. എന്ന് മാത്രമല്ല, വിജയികളായ കഴിഞ്ഞ കാല പ്രവാചകന്മാരുടെയും തിരുനബി (സ്വ) യുടെ സമുദായത്തിന്‍റെയും വിജ്ഞാനങ്ങള്‍ ആ വചനത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ ഹദീസ് ഇതാ.
'ദുന്‍യാവില്‍ നീ എത്രകാലം വസിക്കുമോ ആ തോതനുസരിച്ച് നീ ദുന്‍യാവിന് വേണ്ടി പണിയെടുക്കുക. പരലോകത്ത് നീ എത്രകാലം അവശേഷിക്കുമോ അതിനാവശ്യമാകുന്നത്ര കര്‍മ്മങ്ങളില്‍ നീ വ്യാപൃതനാവുക. അല്ലാഹുവിലേക്ക് നിനക്കുള്ള ആവശ്യമെത്രയോ അത്രയും നീ കര്‍മ്മനിരതനാവുക. നരകത്തില്‍ നിനക്കെത്ര സഹിക്കാന്‍ കഴിയുമോ അത്ര നരകത്തിന് വേണ്ടി നീ പ്രവര്‍ത്തിക്കുക.'
മേല്‍വിവരണത്തില്‍ നിന്ന് അറിവിന്‍റെ ഭണ്ഡാരമല്ല പ്രധാനമെന്നും അറിവിനനുഗുണമായ കര്‍മ്മമാണ് മര്‍മ്മമെന്നും നമുക്ക് ഗ്രഹിക്കാമല്ലോ? അതുകൊണ്ടാണ് ഇമാം ഗസ്സാലി (റ) പറഞ്ഞത്: "ദൈനംദിന ജീവിതത്തിലാവശ്യമാകുന്നത്ര അറിവ് തേടുക. അത് മാത്രമേ മഹാത്മാക്കളുടെ വഴിതേടുന്നവന് നിര്‍ബന്ധമുള്ളൂ".
No comments:
Post a Comment