നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 16 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -2

 സ്വൂഫിയും വിലായത്തും!!... 2

    ഇമാം ശാഫിഈ ( റ ) പറഞ്ഞു . " ആത്മപ്രഭ ഹൃദയത്തിൽ അല്ലാഹു ഇട്ട് തരാൻ വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഏകാന്തതയും അൽപാഹാരവും വിഡ്ഢികളോടും നിഷ്പക്ഷതയും അദബുമില്ലാത്ത പണ്ഡിതരോടുമുള്ള സംസർഗ്ഗം ഉപേക്ഷിക്കട്ടെ.

    ഇങ്ങനെയുള്ള പണ്ഡിതർ ആരാണെന്ന് ഇമാം അബ്ദുൽഗനിയൂന്നാബുലുസി (റ) വിശദീകരിക്കുന്നു : ഔലിയാഇന്റെ മാർഗ്ഗത്തിൽ നിന്നും അവർക്ക് അറിയാത്തതിനെ നിഷേധിക്കുന്ന പണ്ഡിതരാണവർ. അവരെ ഉപേക്ഷിക്കൽ ആത്മജ്ഞാ നമുണ്ടാകാനുള്ള മാർഗ്ഗമാണ് " (അൽവുജൂദ്)

    ഗൗസുൽ അഅ്ളം അബ്ദുൽഖാദിർ ജീലാനി (റ) അവിടുന്നിന്റെ ഫത്ഹുർറബ്ബാനിയിൽ പറയുന്നു: വിജയം ഉദ്ദേശിക്കുന്നവൻ ശൈഖുമാരുടെ കാലടിക്കീഴിലെ മണ്ണാവട്ടെ..

    മുഹ്‌യിദ്ദീൻ മാലയിൽ ഖാളി മുഹമ്മദ് ( റ ) പറയുന്നത് “ ആഖിറം തന്നെ കൊതിയുള്ള ലോകരേ , അവരെ മുരീദായി കൊള്ളുവീൻ അപ്പോളെ " ആഖിറം തന്നെ കൊതിയുള്ള ലോകരേ എന്നാണ് പറഞ്ഞത്. അഥവാ കൊതി യുള്ള എല്ലാവർക്കും പണ്ഡിതരാവട്ടെ പാമരരാവട്ടെ ത്വരീഖത്ത് വേണം എന്നാണ് ഹിജ്റ 1026ൽ വഫാത്തായ മഹാനായ ഖാളി മുഹമ്മദ് (റ) പറയുന്നത്.

    അടുത്ത വരിയിൽ മഹാൻ പറയുന്നു: "ഞാങ്ങളെല്ലാരും അവരെ മുരീദാകാൻ , ഞാങ്ങൾക്കുദവി താ ഞാങ്ങളെ നായനേ" (രക്ഷിതാവേ! ശൈഖവർകളുടെ മുരീദാകാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ !).  മുഹ്‌യിദ്ദീൻ മാലക്ക് തീർത്തും കടകവിരുദ്ധമാണ് ഇന്ന് ചിലരുടെ വാക്കുകളും പ്രവൃത്തികളും. അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർക്ക് എന്ത് പറ്റി?

    അൽഗൗസ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് ( റ ) പറയുന്നു : അകലെ ഒരു നാട്ടിലുള്ള വലിയ്യിനെ കുറിച്ചും അദ്ദേഹത്തിന്റെ കറാമത്തുകളും കേൾക്കുമ്പോൾ കേൾക്കപ്പെട്ട കറാമത്തുകൾക്ക് അനുസൃതമായി ഒരു ചിത്രം ആ വലിയ്യിന് നൽകും. ചെന്ന് കാണുമ്പോൾ താൻ മനസ്സിൽ സങ്കൽപ്പിച്ച ചിത്രത്തിന് വിപരീതമായി ആ വലിയ്യിനെ കണ്ടാൽ ഇത് ആ വലിയ്യ് തന്നെയാണോ എന്ന് സംശയിക്കും. "ഫാസ് " എന്ന സ്ഥലത്തുള്ള ഒരു വലിയ്യിനെയും അദ്ദേഹത്തിന്റെ ധാരാളം കറാമത്തുകളെയും അറിഞ്ഞ ജസാഇറിലുള്ള ഒരാൾ തന്റെ മനസ്സിൽ വൃദ്ധനും ഗാംഭീര്യവുമുള്ള ആളായി രിക്കും ആ വലിയ്യെന്ന് രൂപകൽപന നൽകി.

    അങ്ങനെ ആ വലിയ്യിനെ കണ്ട് ആത്മ ജ്ഞാനം ലഭ്യമാക്കാൻ അയാൾ പുറപ്പെട്ടു. ഫാസിൽ എത്തിയപ്പോൾ അയാൾ ശൈഖിന്റെ വീട് അന്വേഷിച്ച് കണ്ടെത്തി. ആ വലിയ്യിന്റെ വീടിന്റെ വാതിലിൽ പാറാവുകാരുണ്ടാവുമെന്നായിരുന്നു അയാൾ മനസ്സിലാക്കിയത്. വാതിലിൽ മുട്ടി. വലിയ്യ് വാതിൽ തുറന്ന് പുറത്തു വന്നു. സന്ദർശകൻ ഇത് പാറാവുകാരനാണെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞു. നിങ്ങൾ ചെന്ന് വലിയ്യിനോട് എന്റെ കാര്യം പറയണം വലിയ്യ് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ നാട്ടിൽ നിന്നും ഒരു മാസമോ അതിലധികമോ ദൂരം താണ്ടി ലക്ഷ്യം വെച്ച് വന്നയാൾ ഞാൻ തന്നെയാണ്. മറ്റാരുമല്ല സന്ദർശകൻ പറഞ്ഞു. ഞാൻ അന്യനാട്ടുകാരനാണ്. ശൈഖിനെ കാണാൻ അതിയായ ആഗ്രഹത്തോടെ വന്നതാണ്. അദ്ദേഹത്തെ എനിക്ക് അറിയിച്ചു തരൂ. അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചെയ്യട്ടെ. സന്ദർശകൻ വലിയ്യിലേക്ക് നോക്കിയപ്പോൾ വസ്ത്രാഡംബരമോ അയാൾ മനസ്സിൽ കണ്ട രൂപമോ ഇല്ലാതിരുന്നതിനാലാണ് അയാൾക്ക് ഉൾക്കൊളളാൻ സാധിക്കാതെ വന്നത്. വലിയ്യ് സന്ദർശകനോട് പറഞ്ഞു. ഓ സാധുവായ മനുഷ്യാ!താങ്കൾ ഉദ്ദേശിക്കുന്ന ആൾ ഞാനാണ്. സന്ദർശകൻ ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ? ഞാൻ ഈ നാട്ടുകാരനല്ല. അതിനാൽ ഞാൻ ആഗ്രഹിച്ചുവന്ന ശൈഖിനെ എനിക്ക് പറഞ്ഞതരൂ എന്ന്. നിങ്ങൾ എന്നെ പരിഹസിക്കരുത്. വലിയ്യ് : ഞാൻ നിങ്ങളെ പരിഹസിച്ചിട്ടുണ്ടെങ്കിൽ നമുക്കിടയിൽ അല്ലാഹുവുണ്ട്. സന്ദർശകൻ : അല്ലാഹു നിങ്ങൾക്ക് മതി എന്ന് പറഞ്ഞ് തിരിച്ചു പോയി. കാരണം ആ വലിയ്യിന്റെ കറാമത്തുകൾ കേട്ട് സന്ദർശകൻ മനസ്സിൽ രൂപകൽപന ചെയ്ത രൂപത്തിലായിരുന്നില്ല ആ വലിയ്യ്.

    അൽ ഗൗസ് അബ്ദുൽ അസീസുദ്ദബ്ബാഗ് (റ) തുടരുന്നു : എത്രയെത്ര ആളുകളാണ് ഈ കാരണം കൊണ്ട് വീണ് പോയത്. അവർ ഔലിയാഇന്റെ കറാമത്തുകളിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ വായിച്ച് ആ ഗ്രന്ഥങ്ങളിൽ നിന്ന് വലിയ്യിനെ മനസ്സിൽ രൂപകൽപന നടത്തും എന്നിട്ട് തന്റെ കാലഘട്ടത്തിലുള്ള ഔലിയാഇനെ ആ ചിത്രവുമായി സാമ്യപ്പെടുത്തി നോക്കി അവരെല്ലാവരിലും സംശയിക്കും. ഗ്രന്ഥങ്ങളിൽ രേഖപ്പെടാത്ത വിശേഷണങ്ങൾ സമകാലികരിൽ കണ്ടതാണ് കാരണം. അവരെങ്ങാനും കറാമത്തുകൾ രേഖപ്പെടുത്തപ്പെട്ട ഔലിയാഇനെ അവ രേഖപ്പെടുത്തുന്നതിന് മുമ്പ് കണ്ടിരുന്നെങ്കിൽ തന്റെ സമകാലികരായ ഔലിയാഇൽ മോശമായി കണ്ട വിശേഷണങ്ങൾ അവരിലും കാണുമായിരുന്നു.

    അജ്ഞത ചിലരെ സമകാലികരായ മുഴുവൻ ഔലിയാക്കളുടെയും വിലായത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം വിലായത്ത് അവർ മനസ്സിലാക്കിയ ചില വ്യവസ്ഥകളിൽ നിക്ഷിപ്തമാണെന്നാണ് അവരുടെ ബുദ്ധിയിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നത്. അത് വെച്ച് സമകാലികരായ ഓരോരുത്തരെയും അളന്ന് നോക്കുമ്പോൾ ആ വ്യവസ്ഥ അയാളോട് ഒക്കാത്തതായി കാണും. അങ്ങനെ ഓരോരുത്തരുടെയും വിലാ യത്ത് അളന്ന് നിഷേധിച്ച് കൊണ്ടേയിരിക്കും.

    ചുരുക്കത്തിൽ ഇക്കൂട്ടർ ബാഹ്യലോകത്ത് ഉണ്മയില്ലാത്ത ഒരു പൊതുവായ വലിയ്യിൽ വിശ്വസിക്കുന്നേടത്ത് എത്തിച്ചേരും (വലിയ്യ് ഉണ്ടോ ? ഉണ്ട്. ഇന്നയാൾ വലിയ്യാണോ ? അല്ല എന്ന നയം)

    ഇവരുണ്ടോ അറിയുന്നു വിലായത്ത് എന്നാൽ അല്ലാഹു തന്റെ ദാസനെ തന്റെ സാമീപ്യത്തിന് വേണ്ടി തിരഞ്ഞെടുക്കൽ മാത്രമാണെന്ന്. ആ വിലാത്തിന് വ്യവസ്ഥ വെക്കാൻ ഒരു സ്യഷ്ടിക്കും അവകാശമില്ല (അൽ ഇബ്രീസ്)

    ഈ പറഞ്ഞത് തീർത്തും ഔലിയാഇന് തങ്ങളുടെ അരികിലുള്ള അളവു കോൽ കൊണ്ട് അളന്ന് നീളം കുറവോ കൂടുതലോ ആണ ങ്കിൽ വലിയല്ല എന്ന് പ്രഖ്യാപിക്കുന്ന ചില നവബിദഇകൾക്കിട്ട് കൊട്ടിയതാണെന്ന് വ്യക്തം. ഞങ്ങളോട് ചോദിക്കാതെ ഞങ്ങളാകുന്ന സെൻസർബോർഡ് തീരുമാനിക്കാതെ ഒരാളും വലിയ്യാകരുത്. വലിയ്യാക്കാൻ അല്ലാഹുവിന് അവകാശമില്ല എന്ന് സാരം.

    ഇബ്രീസിൽ തുടരുന്നു : മേൽ പറഞ്ഞത് പോലുള്ള ഒരു സംഭവം എന്റെ സമകാലികരായ ചില കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് അനുഭവമുണ്ടായി. ഒരു കർമ്മശാസ്ത്ര പണ്ഡിതൻ വിലായത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും മുറബ്ബിയായ വലിയ്യ് ഏത് രൂപത്തിലാകണം എന്നെല്ലാം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവുമായി എന്നെ സമീപിച്ച് പറഞ്ഞു: "ഈ ഗ്രന്ഥത്തിൽ വിലായത്തിനെ കുറിച്ചും വലിയിനെ കുറിച്ചും പരാമർശിച്ചത് നിങ്ങൾ ഒന്ന് കേൾക്കണേ"

    വലിയ്യാണെന്ന് പറയപ്പെടുന്ന ചിലരെ എതിർക്കലാണ് അയാളുടെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ അയാൾ ആ ഗ്രന്ഥത്തിലുള്ളത് എനിക്ക് വായിച്ചു തരാൻ ഉദ്ദേശിച്ചു. അത് ഞാൻ അംഗികരിച്ചാൽ അയാളുടെ ഉള്ളിലുള്ള ഔലിയാഇനോടുള്ള നിഷേധവും ആരോപണങ്ങളും കൊണ്ട് എന്നെ കുടുക്കലാണെന്ന് മസ്സിലാക്കിയ ഞാൻ അയാളോട് പറഞ്ഞു: എന്റെ ഒരു ചോദ്യത്തിന് മറുപടി പറയാതെ നീ ആ ഗ്രന്ഥത്തിലുളളത് വായിക്കരുത്. എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.

    പറയാമോ ? ഈ ഗ്രന്ഥകാരൻ അല്ലാഹുവിന്റെ ഖജനാവുകളേയും അവന്റെ ധർമ്മങ്ങളേയും അവന്റെ വിശാലമായ അധികാരത്തെ യുമെല്ലാം പൂർണ്ണമായി അറിഞ്ഞിട്ടുണ്ടോ ? അതല്ല , അയാൾ മൂസാ നബി (അ) യോട് ഖിള്ർ (അ) പറഞ്ഞത് പോലെ എന്റെയും താങ്കളുടെയും അറിവ് അല്ലാഹുവിന്റെ അറിവിലേക്ക് നോക്കുമ്പോൾ ഈ കൊച്ചു കിളി സമുദ്രത്തിൽ നിന്നും കൊത്തിയപ്പോൾ അതിന്റെ കൊക്കിൽ കുരുങ്ങിയ വെള്ളത്തിനോളമേ ഉള്ളൂ എന്ന ഗണത്തിലാണോ ?

    അല്ലാഹുവിന്റെ അധികാരവും അവന്റെ ഖജനാവും പൂർണ്ണമായും ഈ ഗ്രന്ഥകർത്താവ് അറിയുമെന്ന ധാരണയുണ്ടങ്കിൽ വായിച്ചു കൊളളുക.ഞാൻ കേൾക്കാം.

    അപ്പോൾ കർമ്മശാസ്ത്ര പണ്ഡിതൻ പറഞ്ഞു. അങ്ങനെ ഞാൻ പറയുന്നതിൽ നിന്നും അല്ലാഹുവിൽ അഭയം (ഞാൻ അങ്ങനെ പറയില്ല).

    ഇനി നിങ്ങൾ  പറയുകയാണ് ഈ ഗ്രന്ഥകാരൻ ഖിളർ (അ) മൂസാ നബി (അ) യോട് പറഞ്ഞത് പോലെയാണെങ്കി അദ്ദേഹത്തിന് മൗനിയാകലല്ലേ നല്ലത്. ഒരു ഉറുമ്പിന്റെ ഉപമയാണ് അയാളുടേത് അതിന് അഭയം പ്രാപിക്കാനും താമസിക്കാനും ഒരു കൊച്ചുമാളമുണ്ട്. ഒരിക്കൽ അത് പുറത്തു വന്നപ്പോൾ ഒരു ഗോതമ്പ് മണി കിട്ടി (പുറത്ത് തനിക്ക് കിട്ടിയത് മാത്രമേയുള്ളൂ എന്ന് ധരിച്ച് ) അത് ചുമന്ന് തന്റെ മാളത്തിലെത്തിച്ച് സന്തോഷം കൊണ്ട് വിളിച്ചു പറയാൻ തുടങ്ങി. ഓ മുഴുവൻ ഉറുമ്പ് സമൂഹമേ ! നിങ്ങൾക്ക് എന്റെ അരികിലല്ലാതെ അഭയമില്ല. തന്റെ നിലയല്ലാത്ത ഒരു നന്മയുമില്ല. എന്നിട്ട് ഞാൻ ഫഖീഹിനോട് പറഞ്ഞു. ആ ഉറുമ്പ് അതിന്റെ തൊണ്ടയെ പ്രയാസപ്പെടുത്തലും അനാവശ്യമായി     തലവേദനയുണ്ടാക്കലുമല്ലാതെ ഒരു ഗുണവും അതിനില്ല (അതിനപ്പുറത്തുള്ള ഗോതമ്പ് ശേഖരം അത് കണ്ടിട്ടില്ല) കാരണം, സമുദ്രത്തിൽ നിന്നും ഒരു കൊച്ചുകിളിയുടെ കൊക്കിൽ പറ്റിയ വെളളത്തിനോളം മാത്രം അല്ലാഹുവിന്റെ ഇൽമിൽ നിന്നും ലഭിച്ചവൻ എങ്ങനെയാണ് ഔദാര്യവാനായ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യില്ല. ഇയാളെ വലിയ്യാക്കില്ല. ഇയാൾ ഔലിയാഇൽ പെട്ടയാളല്ല, വിലായത്തിന്റെ നിയമങ്ങൾ ഇയാളിലില്ല. ആ നിയമങ്ങൾ ഇയാളോട് സമരസപ്പെടില്ല എന്നെല്ലാം തീർത്ത് പറയുക ?

    കാഫിറായ ഒരുവന് ഈമാൻ നൽകി ഉടനെ തന്നെ അവനെ വലിയ്യാക്കി അല്ലാഹു അനുഗ്രഹിക്കുമെങ്കിൽ പിന്നെ എന്ത് നിയമമാണ് വിലായത്തിന് നാം വ്യവസ്ഥ ചെയ്യുന്നത് ? ( ഇബ്രീസ് ).

ഇത് തന്നെയാണ് മുഹയിദ്ദീൻ മാലയിൽ പറഞ്ഞത്.

"അപ്പൾ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ

അബ്ദാലൻമാരാക്കി കൽപിച്ച് വെച്ചോ വർ "

(ഇസ്‌ലാം സ്വീകരിച്ച ക്രിസ്ത്യാനിയെ ഉടനെത്തന്നെ ശൈഖവർകൾ അബ്ദാലൻമാരായ ഔലിയാഇൽ നിയോഗിച്ചു )

    ഇബ്രീസിൽ തുടരുന്നു... അല്ലാഹുവിന്റെ സൃഷ്ടിയും അശക്തനുമായ ഒരു രാജാവ് തന്റെ ഒരു അടിമക്ക് എല്ലാം നൽകി സമ്പന്നനാക്കി മറ്റൊരു സ്വതന്ത്രനായവന് എല്ലാം തടഞ്ഞു. ഒരു ജൂതന് ഇന്നതെല്ലാം നൽകിയെന്ന് പറഞ്ഞാൽ നിശ്ചയം നീ അതിനെ വിദൂരത്തായ കാര്യമായി പരിഗണിക്കില്ല. കാരണം നിനക്കറിയാം, അയാളുടെ അധികാരത്തിൽ എതിരാളിയില്ല എന്ന്.

    ഇതാണ് അല്ലാഹുവിന്റെ സൃഷ്ടിയായ ഒരു രാജാവിനെ കുറിച്ച് നിന്റെ വിശ്വാസമെങ്കിൽ ഖദീമും (അനാദ്യൻ) പരിശുദ്ധനും രാജാധിരാജനുമായ അല്ലാഹുവിനെ എങ്ങനെയാ നിന്റെ നിയമങ്ങളും വ്യവസ്ഥകളും വെച്ച് വിലായത്ത് നല്കുന്നതിൽ നിന്നും നി തടയുക. അല്ലാഹുവിനെ കുറിച്ചുള്ള നിന്റെ വിശ്വാസം "അവൻ ഉദ്ദേശിച്ചതിനെ പ്രവർത്തിക്കുന്നവനാണെന്നും അവൻ അവന്റെ കാര്യത്തെ ജയിച്ചടക്കുന്നവനുമാണെന്നാണ്". ഇത് കേട്ട് കർമ്മശാസ്ത്ര പണ്ഡിതൻ നിങ്ങൾ പറഞ്ഞത് ശരിയാണ് അല്ലാഹുവാണേ സത്യം ഇതാണ് സത്യമെന്ന് പറഞ്ഞ് കിതാബ് പൂട്ടിവെച്ച് പറഞ്ഞു. ഗ്രന്ഥരചന നടത്തിയവരെല്ലാം അല്ലാഹുവിന്റെ മുഴുവൻ വിജ്ഞാനവും അറിഞ്ഞവരാണെന്ന് നാം പറഞ്ഞാൽ അത് വളരെ മോശം. ഇനി അവർ അല്ലാഹുവിന്റെ അറിവിൽ നിന്നും കുറച്ച് മാത്രമേ അറിഞ്ഞിട്ടുളളു എന്ന് പറഞ്ഞാൽ അവരെഴുതിയ നിയമങ്ങൾ വെച്ച് കൊണ്ട് അല്ലാഹുവിനെ തടയാൻ നമുക്കൊട്ട് പറ്റുകയുമില്ല. 

        അവർ (ഗ്രന്ഥകാരന്മാർ) ഒന്നും എഴുതാതിരുന്നെങ്കിൽ അതായിരുന്നു അവർക്ക് നല്ലത്. യഥാർത്ഥ സന്മാർഗ്ഗി അല്ലാഹു മാർഗ്ഗദർശനം നൽകിയവനാണ് ഈ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകുന്നതിന് മുമ്പ് ആത്മജ്ഞാനത്തിലേക്ക് മാർഗ്ഗദർശനം നൽകപ്പെട്ട എത്രയെത്ര ആളുകളാണുള്ളത്. ( ഇബ്രീസ് )

    ഇങ്ങനെയാണ് നിസ്വാർത്ഥരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ സത്യം കണ്ടാൽ മടങ്ങും.അല്ലാതെ നാല് മദ്ഹബുകളും അവകാശപ്പെടുന്ന ഇന്നത്തെ ചില ആളുകളെ പോലെയല്ല. തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചെടുത്ത പരസ്യങ്ങളിൽ മാത്രം ജീവിക്കുകയും താനറിയാതെ ഒരാൾക്കും വിലായത്ത് കൊടുക്കാൻ അല്ലാഹുവിന് അവകാശമില്ലെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവരാണിവർ.

    യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....9

ആമീൻ...

【തുടരും....】

                                                                                 അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...