നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 16 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -3

  സ്വൂഫിയും വിലായത്തും   -3


ഇബ് രീസിൽ മഹാനവർകൾ പറയുന്നു: മഹത്തുക്കൾക്ക് സേവനം ചെയ്യുന്ന ചിലരും ഞാനും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഞാനും അയാളും ഒരു വലിയ്യിനെ സന്ദർശിക്കാൻ കൂടുതലായി പോകാറുണ്ടായിരുന്നു. ആ വലിയ്യ് മരിച്ചപ്പോൾ ഞാൻ വേറെ ഒരു വലിയ്യിനെ സന്ദർശിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാരൻ ആദ്യത്തെ ആളുടെ സ്ഥലത്ത് തന്നെ ഇരുന്നു. ഒരിക്കൽ എന്നെ കണ്ട അയാൾ പറഞ്ഞു. ഞാൻ നിങ്ങളെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നു. ഞാൻ പറഞ്ഞു. നല്ലത്, എനിക്ക് അയാളുടെ ഉദ്ദേശം മനസ്സിലായിരുന്നു. അയാൾ പറഞ്ഞു. മുമ്പ് നിങ്ങൾ ഇന്ന വലിയ്യിന്റെ കൂടെയായിരുന്നു. അദ്ദേഹം വലിയ്യാണന്നതിൽ തർക്കമില്ലാത്തയാളാണ്. ഇപ്പോൾ താങ്കൾ മറ്റൊരാളുടെ കൂടെയാണ്. താങ്കൾ മാണിക്യവും രത്നവും ഉപേക്ഷിച്ച് പകരം കല്ലുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു. താങ്കൾ ഈ പറയുന്നത് ഉൾക്കാഴ്ച കൊണ്ടാണോ അല്ല, അതില്ലാതെയാക്കാൻ താങ്കൾ ഉൾക്കാഴ്ച്ച കൊണ്ടാണ് പറയുന്നതെങ്കിൽ അതെനിക്ക് പറഞ്ഞുതരിക. ഞാൻ എന്റെയടുത്തുള്ളത് താങ്കൾക്കും പറഞ്ഞു തരാം. ഇനി താങ്കൾ ഉൾക്കാഴ്ചയില്ലാതെയാണ് ഇത് പറയുന്നതെങ്കിൽ അതിന്റെ പ്രമാണം പറയുക. അപ്പോൾ അയാൾ പറഞ്ഞു: അത് സൂര്യനെ പോലെ വ്യക്തമാണ്. ഞാൻ പറഞ്ഞു. താങ്കളുടെ ഈ വാക്ക് അല്ലാഹുവിൽ നിന്നും താങ്കളെ അകറ്റുന്നതും പിശാചിലേക്ക് താങ്കളെ അടുപ്പിക്കുന്നതുമാണെന്ന് ഒരാൾ പറഞ്ഞാൽ താങ്കൾ ചോദിക്കും : അതിന്റെ പ്രമാണമെന്ത് ? അപ്പോൾ അയാൾ പറയും , അത് സൂര്യനെ പോലെ വ്യക്തമാണെന്ന് , അപ്പോൾ താങ്കളുടെ മറുപടി എന്തായിരിക്കും?. എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ നിശ്ശബ്ദനായി. എന്നിട്ട് ഞാൻ അയാളോട് പറഞ്ഞു. താങ്കളുടെ പ്രമാണങ്ങൾ ഞാൻ ചിന്തിച്ചു. അതിനെ വിചിന്തനം നടത്തിയപ്പോൾ ആകെ താങ്കൾക്ക് ഉള്ളത് ഒരു പ്രമാണം മാത്രമാണ്. അയാൾ ചോദിച്ചു. അതെന്താണ് ? ഞാൻ പറഞ്ഞു: താങ്കൾ വാദിക്കുന്നത് താങ്കൾ അല്ലാഹുവിന്റെ അധികാരത്തിൽ പങ്കാളിയാണെന്നാണ്. ഒരാൾക്ക് അല്ലാഹു താങ്കളുടെ സമ്മതമില്ലാതെ ഒന്നും കൊടുക്കുകയില്ല. ആത്മജ്ഞാനത്തിന്റെ കവാടം തുറക്കുകയില്ല. താങ്കൾ നിഷേധിക്കുന്ന വലിയ്യിന് താങ്കൾ അറിഞ്ഞു കൊണ്ട് അല്ലാഹു വിലായത്ത് നൽകിയിട്ടില്ല. താങ്കൾ അറിയാതെ അല്ലാഹുവിന് കൊടുക്കാനും കഴിയില്ല. ഇതിനാലാണ് താങ്കൾക്ക് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ നിഷേധിക്കാൻ സാധിച്ചത്. അല്ലാഹുവിന്റെ അധികാരത്തിൽ അവന് പങ്കുകാരില്ലെന്നും അവൻ കൊടുക്കുന്നതിനെ തടയുന്നവനില്ലെന്നും താങ്കളെങ്ങാനും വിശ്വസിച്ചിരുന്നെങ്കിൽ മഹത്തുക്കളായ അല്ലാഹുവിന്റെ ദാസന്മാർക്ക് അല്ലാഹു നൽകിയ നന്മകൾ താങ്കൾ അംഗീകരിക്കുമായിരുന്നു.

  ഇത് കേട്ട് അയാൾ ഞാൻ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ച് പറഞ്ഞു. താങ്കൾ പറഞ്ഞതാണ് ശരി അല്ലാഹുവാണേ സത്യം. നമ്മൾ വെറും വാക്ക് പറയുന്നവരും അസത്യം കൊണ്ട് സത്യത്തെ എതിർക്കുന്നവരും മാത്രമാണ് (അൽ ഇബ്രീസ് )

 വലിയ്യാണെന്നറിയപ്പെടുന്ന ഒരാളെ എങ്ങനെയെല്ലാം എതിർക്കാൻ സാധിക്കുമെന്നുള്ളതിന് ഉദ്ധരണികൾ പരതി മഹത്തുക്കളെ നിഷേധിക്കുന്നവർ വരുമ്പോൾ മഹത്തുക്കൾ കൂടുതൽ അവർക്ക് എതിർക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും പ്രവർത്തിക്കുക. കാരണം അല്ലാഹു അവരെ പരാജയപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണത്.

 അൽ ഗൗസ് അബ്ദുൽ അസീസ് അദ്ദബാഗ് ( റ ) പറയുന്നു. പൂർണ്ണനായ വലിയ്യ് അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നവരുടെ മനസ്സിനും ലക്ഷ്യത്തിനും അനുസൃതമായി നിറം മാറും. നല്ല ഉദ്ദേശ്യമാണെങ്കിൽ അദ്ദേഹത്തെ പൂർണ്ണനായി കാണാം. അദ്ദേഹത്തിൽ നിന്നും അത്ഭുതങ്ങളും താൻ സന്തോഷിക്കുന്ന കാര്യങ്ങളും പ്രകടമാകും. ലക്ഷ്യം മോശമായാൽ മേൽപറഞ്ഞതിന് വിപരീതമായും കാണാം. യഥാർത്ഥത്തിൽ ഓരോരുത്തർക്കും അവരവരുടെ മനസ്സിലുള്ളതാണ് പ്രകടമാകുന്നത്.

 വലിയ്യ് കണ്ണാടി പോലെയാണ്. അതിൽ അതിന്റെ മുന്നിലെത്തുന്ന നല്ലതും മോശമായതുമായ രൂപങ്ങൾ തെളിയും. അപ്പോൾ വലിയ്യിൽ നിന്നും ഒരാൾക്ക് പൂർണ്ണതയും അല്ലാഹുവിന്റെ മേൽ അറിയിക്കലും പ്രകടമായാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ ! ഇതിന് വിപരീതമാണ് പ്രകടമായതെങ്കിൽ അവൻ തന്റെ മോശത്തെ ഓർക്കട്ടെ.

  മഹാൻ തുടരുന്നു; അല്ലാഹു ഒരു ജനതയുടെ പരാജയം ഉദ്ദേശിച്ചാൽ അവരെ വൃത്തികേടിന്റെയും ശരീഅത്ത് വിരുദ്ധ നിലപാടിന്റെയും അവസ്ഥയിൽ ആക്കും. അപ്പോൾ അവർ ആ വലിയ്യും തങ്ങളെ പോലെയാ ണെന്ന് തെറ്റിദ്ധരിക്കും. യഥാർത്ഥത്തിൽ അങ്ങനെയല്ല , വിലായി ത്തിന്റെ സ്റ്റേജിൽ ഒരു വലിയ്യ് കള്ള് കുടിയന്മാരുടെ കൂടെയിരുന്ന് കള്ള് കുടിക്കുന്നതായി രൂപപ്പെടാം, അവർ ആ വലിയ്യ് കള്ള് കുടിക്കുന്നവനാണെന്ന് തെറ്റിദ്ധരിക്കും. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ആത്മാവ് രൂപങ്ങളിൽ നിന്നും ഒരു രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ രൂപം ചില കാര്യങ്ങൾ വെളിവാക്കുകയും ചെയ്യുകയാണ് അതല്ലാതെ മറ്റൊന്നുമല്ല. വലിയ്യിന്റെ നിഴൽ അവർ ചെയ്യുന്ന പ്രവൃത്തി പോലെ ചലിച്ചതാണ്. കണ്ണാടിയിൽ തെളിയുന്ന രൂപം പോലെ.

 നീ സംസാരിക്കുമ്പോൾ അതും സംസാരിക്കും. നീ ഭക്ഷണം കഴിക്കുമ്പോൾ അതും കഴിക്കും. നീ കുടിക്കുമ്പോൾ അതും കുടിക്കും. നീ ചിരിക്കുമ്പോൾ അതും ചിരിക്കും. നീ ചലിക്കുമ്പോൾ അതും ചലിക്കും. നിന്നിൽ നിന്നും ഉണ്ടാകുന്ന ഏത് പ്രവൃത്തിയോടും അനുകരിക്കും. യഥാർത്ഥത്തിൽ അതിൽ നിന്നും തീറ്റയോ മറ്റോ ഒന്നും ഉണ്ടാകുന്നില്ല. കാരണം അത് നിന്റെ നിഴൽ മാത്രമാണ് യാഥാർത്ഥ്യമല്ല. അപ്പോൾ ഒരു വിഭാഗത്തിന്റെ പരാജയം അല്ലാഹു ഉദ്ദേശിച്ചാൽ അവരോടൊപ്പം വലിയ്യ് തന്റെ നിഴൽ കൊണ്ട് പ്രത്യക്ഷപ്പെടും. അവർ ചെയ്യുന്ന തിന്മകൾ അതും ചെയ്യും (അൽ ഇബ് രീസ് )
   【 തുടരും....】

                                                                                ഹസൻ ഇർഫാനി എടക്കുളം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...